.

അതിർത്തികളുടെ ഇരുവശ മിടിപ്പുകൾ

The fence is the very definition of habitat fragmentation, the very definition of what inhibits free movement of wildlife within its natural habitat. 

                     - Laura Huffman (Director of the Nature Conservancy, Texas)

ഞാൻ അതിർത്തികളെക്കുറിച്ചു ചിന്തിക്കുന്നു. സംഘർഷമില്ലെങ്കിലും ഏതതിർത്തിയിലും ഒരു സിരാകമ്പമുണ്ട്‌, പ്രാകൃതമായൊരു സംഭ്രമമുണ്ട്. ചിലപ്പോൾ ഒരതിർത്തി രണ്ടു സംഘർഷങ്ങൾക്കിടയിലെ (ഏതു രണ്ട് വിപരീതങ്ങൾക്കിടയിലെയും) നിസ്സംഗമായൊരു വരയാകാം.

ജൈവ സാകല്യ ചിന്തയിൽ, സ്ഥലത്തിനും ജലത്തിനും ഇടയിൽ  അതിർത്തിയൊരു ഉഭയ മേഖലയാവാം. ഇവിടെ ഉഭയജീവികൾ ഉളവാക്കുന്നു. ചിലപ്പോൾ ഇവിടെ ഭൂമിയിലെ ജൈവ വൈവിധ്യത്തിൻ്റെ അലകളായി ജലജീവികൾ സ്ഥലജീവികളായി പരിണമിക്കാം. അതിർത്തികളുടെ അന്യോന്യ വിരുദ്ധമായ രണ്ടു സാധ്യതകളോർത്ത് നമുക്ക് അമ്പരക്കാം.

ഞാൻ അതിർത്തികളെക്കുറിച്ചു ചിന്തിക്കുന്നു. എൻറെ മുന്നിലുള്ള ദൃശ്യം ഒരു ചിത്രശലഭമാണ്. ചിറകുകളിൽ വരയൻകുതിരയുടേതു പോലുള്ള ആലേഖനമുള്ളതിനാൽ അതനുസരിച്ചൊരു പേര് കിട്ടിയ സീബ്രപ്പൂമ്പാറ്റ. ഇതിന്റെ ഉടലൊരു അതിർത്തിയാണെങ്കിൽ ഓരോ വശത്തും രണ്ട് ചിറകുകളുണ്ട്. പക്ഷേ, ഈ രണ്ടും രണ്ടും ചിറകുകൾക്കിടയിലെ ഉടൽ ഒരതിർത്തിയാകുമോ?

അലഹാൻഡ്രോ സാൻറ്റിലാന കാചത്തിലാക്കിയ ചിത്രശലഭം എന്നെ ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങളിൽ ചൈനയുടെ വൻമതിലുണ്ട്, ബെർലിൻ മതിലുണ്ട്, പിന്നെ, ഡോണൾഡ് ട്രംപ് ഇപ്പോൾ അമേരിക്കൻ ഐക്യനാടുകൾക്കും മെക്സിക്കോയ്ക്കും ഇടയിൽ ദൃഢനിശ്ചയത്തോടെ കെട്ടിപ്പടുക്കുന്ന അതിർത്തിയുണ്ട്. കാരണം, അലഹാൻഡ്രോയുടെ ചിത്രശലഭം വിശ്രമിക്കുന്നത് ഒരു മരക്കൊമ്പിലാണ്, ആ മരം നിൽക്കുന്നത് ട്രംപിൻറെ ശാസന പ്രകാരം ടെക്സസിൻറെ ജൈവാകാരത്തിൽ ഒരു ഛേദമാകാൻ പോകുന്ന ആ അതിർത്തിയിലാണ്. ട്രംപിൻറെ വിവേകശൂന്യമായ തീരുമാനം എന്നെ പ്രേരിപ്പിക്കുന്നത് ഒരു മുൻ രാഷ്ട്രപതിയെ, റോണൾഡ് റീഗനെ, ആ അതിർത്തിയിലേക്ക് ആവാഹിക്കാനാണ്.

അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളിൽ ഒരു തൂത്തുവാരൽ നടത്തിക്കൊണ്ട്, റീഗൻ 1986ൽ അതിർത്തിയിലെ സുരക്ഷിതത്വം വളരെ ശക്തമാക്കി; വേണ്ടത്ര രേഖകളില്ലാത്ത വിദേശീയർക്ക് ജോലി നൽകുന്ന അമേരിക്കക്കാർക്കുള്ള ശിക്ഷ കൂടുതൽ കടുത്തതാക്കി. പക്ഷേ, അതോടൊപ്പം, 1982 വരെ നിയമവിരുദ്ധമായി  അമേരിക്കയിൽ കടന്നു കൂടിയവർക്ക്‌, ഏകദേശം മൂന്നു ദശലക്ഷം പരദേശികൾക്ക്, റീഗൻ സാധുത നൽകി.

അമേരിക്കൻ ഐക്യനാടുകൾക്കും മെക്സിക്കോയ്ക്കും ഇടയിലെ  അതിർത്തി "ഒരു തുറന്ന അതിർത്തി" (ഇങ്ങോട്ടും അങ്ങോട്ടും, പക്ഷേ, നിയമാനുസൃതം) ആയിരിക്കണമെന്ന് 1980ൽ റീഗൻ പ്രഖ്യാപിച്ചിരുന്നു. എന്നു  വെച്ചാൽ, ബെർലിൻ മതിൽ തകർക്കണമെന്ന്  ഗോർബച്ചോവിനോട് ആവശ്യപ്പെടാനുള്ള അർഹത ഒരു ദേശീയ ക്രിയയിലൂടെ അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു.

ഇറാഖിൽ യുദ്ധം നടക്കുമ്പോൾ, ഓരോ വർഷവും ഒരു പ്രത്യേക ഋതുവിൽ അവിടെയെത്തേണ്ട ആവശ്യമുള്ള ദേശാടനപ്പക്ഷികളുടെ ദുരവസ്ഥയെപ്പറ്റി എഴുതിയ എനിക്ക്, സ്വാഭാവികമായും, ട്രംപിനെ അലട്ടുന്ന കുടിയേറ്റങ്ങളുടെയോ കള്ളക്കടത്തിൻറെയോ പ്രശ്നമല്ല അദ്ദേഹം ശഠിക്കുന്ന അതിർത്തി. ഒരിക്കൽ അതൊരു ചിത്രശലഭത്തിൻറെ ഉടലായിരുന്നു.  

ഭൂപടത്തിലെ രേഖകളുടെ ഭംഗി ഓരോ ദ്വീപും രാജ്യവും അതിൻറെ വടിവ് (contour) മാത്രമാകുന്ന പ്രതിനിധാനത്തിൽ മാത്രം. അതിർ രേഖകൾ സ്വാഭാവികം. പക്ഷേ, ഈ രേഖകൾ, ഹൈവേകളെപ്പോലെ, ജീവജാലങ്ങളുടെ സ്വാഭാവിക വാസസ്ഥാനങ്ങളെ പിളർന്നു പ്രവർത്തിച്ചാൽ, ഏറ്റവും പ്രസക്തമായ പ്രമേയം അനിവാര്യമായും ജന്തു സംരക്ഷണമാകും. ടെക്സസിൽ നിലവിലുള്ള അതിർത്തി പരിശോധിച്ചാൽ തെളിയുന്ന ഭാവി പ്രവചനീയമാണ് (ചില ജീവികളെ സംബന്ധിച്ചു് ഈ ഭാവി ഭൂതമായിക്കഴിഞ്ഞു). ലോറ ഹഫ്മൻ  മുകളിൽ ഒരൊറ്റ വാചകത്തിലത് സംക്ഷേപിച്ചിരിക്കുന്നു.

ട്രംപിനു വേണ്ടത്‌ ചൈനയിലെ വൻമതിൽ പോലെ അതിരടയ്‌ക്കുന്നൊരു ദൃഢ നിർമ്മിതിയാണ്. തീർച്ചയായും അതൊരു ഒറ്റക്കല്‍ശ്ശില്പമാകില്ലെന്ന് ഭൂമിശാസ്ത്രം ഉറപ്പ് നൽകുന്നു. ഏകവചനത്തിൽ അറിയപ്പെടുന്നെങ്കിലും ചൈനയിലെ വൻമതിൽ പോലും ഒരൊറ്റ ഘടനയല്ലല്ലോ! പതിനൊന്നു രാജവംശങ്ങളുടെ വാഴ്ച്ചയിലൂടെ തുടർന്ന ഈ നിർമ്മിതിയിൽ ഏഴ് വിഭാഗങ്ങളുണ്ട്, പല വിടവുകളുണ്ട്. ഈ വിടവുകൾ കെട്ടുകഥകളാലും ഐതിഹ്യങ്ങളാലും പൂരിതം. പക്ഷേ, വൻമതിലിനെക്കുറിച്ച് കൃത്യമായ ഭൗതിക വിവരണം നൽകുന്നതും, മുപ്പതു വർഷം മാത്രം പഴക്കമുള്ളതുമായൊരു രേഖയുണ്ട്.

ബ്രിട്ടനിലെ കായികാഭ്യാസികളായ എഡ്‌വേഡ്‌ ലെ-വിൽ‌സൺ, ഡേവിഡ് വൈറ്റ്മാൻ എന്നിവർ 1988ൽ ഏതോ കാരുണ്യ പ്രവർത്തനത്തിൻറെ ഭാഗമായി വൻമതിലിനു മേൽ 1180 നാഴികയിലധികം ഓടി. ലെ-വിൽ‌സൺ ഇതേക്കുറിച്ചെഴുതിയ ലേഖനത്തിൽ മതിലിൻറെ മൂന്ന് അവസ്ഥകളുടെ വിരണമുണ്ട്. മതിൽ കൃത്യമായി തിരിച്ചറിയാനാവുന്നതും, മിതമായ കേടുപാടുകളുള്ളതുമായ ഭാഗം: 22%; പൊതുവേ  തിരിച്ചറിയാനാവുന്നതും അവിടവിടെ കേടുപാടുകളുള്ളതുമായ ഭാഗം: 41%; കഷ്ടിച്ച്  തിരിച്ചറിയാവുന്നതും, ഭൂപടത്തിന്റെ സഹായമില്ലാതെ ഓടാനാവാത്തത്രയും ദ്രവിച്ചു പോയതുമായ ഭാഗം: 37%.

ചൈനയിലെ വൻമതിൽ  ഡോണൾഡ് ട്രംപിന്  പഠിപ്പിക്കേണ്ട പാഠം വെളിപ്പെട്ടത് പീക്കിങ്ങുകാരായ ചില ശാസ്ത്രജ്ഞന്മാർ ജൈവപ്രകൃതിയിൽ ഒരു നിർമ്മിതിയുടെ വരവോടെയുണ്ടായ പകുക്കൽ പഠിച്ചപ്പോളാണ്. അപ്പുറത്തും ഇപ്പുറത്തുമുള്ള സസ്യവർഗങ്ങൾ രണ്ട് വ്യത്യസ്ത പരിതോവസ്ഥകളിലെന്നതു പോലെ വ്യതിരിക്തം. ഇത് ജൈവ വൈവിധ്യമെന്ന് തെറ്റിദ്ധരിക്കാതിരിക്കുക. ഇതൊരു നൈര്യന്തത്തിലെ മാരകമായ വിള്ളലാണ്. പീക്കിങ്ങിലെ സംഘം പറഞ്ഞു: "ജീനുകളുടെ പ്രവാഹത്തിന്നൊരു ഭൗതിക പ്രതിബന്ധം".

ഞാൻ ഷഡ്‌പദങ്ങളെ ഓർക്കുന്നു, പരാഗണം എന്ന ശുദ്ധ ആശ്ചര്യത്തെ ഓർക്കുന്നു. വൻമതിലിൽ ഏറ്റവും ഉയർന്ന ഇടം (ഹൈത പർവതം) സമുദ്രനിരപ്പിൽ നിന്ന് 5000 അടിക്കു മുകളിലാണ്, പക്ഷേ മിക്ക ഇടങ്ങളിലും അതിൻറെ ഉയരം 25 അടി മാത്രം. ജന്തുശാസ്ത്രജ്ഞനായ മൈക്കേൽ ഡില്ലൻറെ കണക്കനുസരിച്ച്, ചാഴികൾക്ക് ഏതാണ്ട്  15,000 അടി ഉയരത്തോളം പറക്കാൻ കഴിയും; ചില ചിത്രശലഭങ്ങൾക്ക് ഏതാണ്ട് 20,000 അടി ഉയരത്തോളംപറക്കാൻ കഴിയും. കാറ്റിൻറെ ശക്തിയും താപനിലയും ഈ വിവരവ്യവസ്ഥയെ തകിടം മറിക്കാം.

എങ്കിലും… ഷഡ്‌പദങ്ങൾക്ക് വൻമതിൽ എങ്ങനെയൊരു കടമ്പയായി? ഞാൻ സംശയിക്കുന്നു: ദൃശ്യ-ഗന്ധ സംജ്ഞകളുടെ അഭാവം, അപര്യാപ്‌തത? ഒരു പക്ഷേ, അതിർത്തി (സങ്കല്പത്തിലോ പ്രയോഗത്തിലോ) ജന്തുമനസ്സിലും മനുഷ്യമനസ്സിലും ഒന്നല്ലെന്ന വസ്തുതയിൽ ഇതിനുത്തരമുണ്ടാവണം. ഏതായാലും ട്രംപിനെപ്പോലുള്ള രാഷ്ട്രത്തലവന്മാർ മനസ്സിൻറെ ആഴത്തിലെ അസ്ഥിവാരത്തിനു മേൽ കെട്ടിപ്പടുക്കന്ന പ്രതിബന്ധങ്ങളിൽ സൂക്ഷ്മ ശാസ്ത്രീയ നിരീക്ഷണങ്ങൾക്കു പോലും പിടിച്ചെടുക്കാനാവാത്ത മരണ നിമിത്തങ്ങൾ ജീവിവർഗ്ഗങ്ങളെ  കാത്തിരിക്കുന്നു (അപ്പുറത്തും ഇപ്പുറത്തും ഒരേ പോലെ).

അതിർത്തികെട്ടൽ, കോട്ടയുറപ്പിക്കല്‍, മനുഷ്യചര്യകളിൽ ഒരേ ധർമ്മം നിർവഹിക്കുന്നു: ശത്രുക്കളെ, അന്യരെ, അവരുടെ താരയിൽ തളച്ചിടൽ.  പക്ഷേ, മുൻപൊരിടത്ത് ഞാൻ എഴുതിയതു പോലെ, ഓരോ മതിലിനും ഒരു മറുവശമുണ്ട്. ചില മതിലുകളുടെ ഉദ്ദേശ്യം അകത്തുള്ളവരെ പുറത്തു വിടാതിരിക്കുക എന്നതാണ്. കാരാഗൃഹ ഭിത്തികൾ തൊട്ട് ബെർലിൻ മതിൽ വരെ ഉദാഹരണങ്ങൾ. ചൈനയിലെ വൻമതിലും ബെർലിൻ മതിലും തമ്മിലുള്ള അന്തരത്തിൽ അതിർത്തിയെ സംബന്ധിച്ച എന്തെല്ലാമോ രഹസ്യങ്ങൾ, തത്ത്വങ്ങൾ, മറഞ്ഞു കിടക്കുന്നു.

അതിർത്തികൾക്കു പകരം ഉഭയസ്ഥലങ്ങളാണ് ജീവികൾക്കും മനുഷ്യ സമൂഹങ്ങൾക്കും ആവശ്യം, അല്ലേ? കടൽക്കരയിൽ ഞണ്ടുകളെ നിരീക്ഷിക്കുമ്പോൾ എനിക്കൊരു പ്രത്യാശയുണ്ട്. ഒരു തിരമാലയിൽ അവ കരയടിയുന്നു; ജലവേഗത്തിൽ പിൻവാങ്ങാനാവാതെ ഉടനെത്തന്നെ മണൽ കുഴിച്ച് നിഗൂഹനം സാധിക്കുന്നു. പിന്നെ, അടുത്ത തിരമാല പിൻവാങ്ങുമ്പോൾ അതോടൊപ്പം കടലിലേക്ക് തിരിച്ചുപോകുന്നു. ഒരു പക്ഷേ, ഈ ഞണ്ടുകൾ നമ്മെ ഒന്നും പഠിപ്പിക്കുന്നില്ലായിരിക്കാം. എങ്കിലും ഇതിൽ എവിടെയോ പ്രഭാമയമായൊരു സാധ്യതയുടെ തിരനോട്ടമുണ്ട്.  

അപ്ഡേറ്റ്:
മൂന്നാം ഭൂദൃശ്യം, സ്കീയിങ്ങിനു ശേഷം

ഗിലസ് ക്ലെമന്റ് പറഞ്ഞ "മൂന്നാം ഭൂദൃശ്യം" (Third Landscapes)  ആയിരിക്കാം ഒരു പക്ഷേ എന്റെ വിവക്ഷയിലെ ഉഭയസ്ഥലങ്ങൾ. പ്രകൃതിയിൽ ഉപേക്ഷിക്കപ്പെട്ട പ്രാന്തീയ ഇടങ്ങൾ, അവ്യക്ത പ്രദേശങ്ങൾ. ജൈവ വൈവിധ്യത്തിൽ ഭൂമിയുടെ ജനിതക പത്തായങ്ങൾ. ഇതൊരു നിർമ്മിത ഭൂദൃശ്യമല്ല. ഇതിനു പിന്നിൽ പദ്ധതികളില്ല, സജ്ജീകരണമില്ല. നിരന്തരമായി വീണ്ടും വീണ്ടും സ്വയം കണ്ടെത്താനുള്ള കഴിവിൽ ഇവിടം ജീവശാസ്ത്രപരമായ ബുദ്ധിയുടെ പ്രത്യേക അവകാശമാകുന്നു. ജൈവമായി പല അടരുകളുള്ളൊരു അതിർത്തിയെന്ന നിലയ്ക്ക് അപ്പുറത്തും ഇപ്പുറത്തും ഉള്ളവയേക്കാൾ സമ്പന്നമാണിത്. എന്നാൽ, പ്രകൃതിക്ക് മാത്രമായി വിട്ടുകൊടുക്കപ്പെടുകയാൽ ഇവിടെ 'പ്രാകൃതിക തിരഞ്ഞെടുപ്പ്' എന്ന ഡാർവിനിയൻ പ്രക്രിയ തുടങ്ങുന്നു.

വളരെ അമൂർത്തമാണ് ഈ പറഞ്ഞതെല്ലാമെന്നു തോന്നാം. പക്ഷേ, വളരെ മൂർത്തമായൊരിടത്ത് വെച്ചാണ് ഇറ്റലിയിലെ ചിത്രഗ്രാഹകനും സാമ്പത്തിക ശാസ്ത്രനുമായ ജിസപ്പെ മോച്ച ഏതാണ്ട് എനിക്കു സമാന്തരമായി ചിന്തിച്ചത് -- ആൽപ്സ് പർവ്വതനിരകളിൽ വെച്ച്. എട്ട് ആൽപിയൻ രാജ്യങ്ങളിലൂടെ തുടരുന്നതിനാൽ ഇവിടെ ജൈവ വൈവിധ്യവും സാംസ്കാരിക വൈവിധ്യവുമുണ്ട്. പുറമേ, എട്ടു പ്രദേശങ്ങളും ഒരു സാമ്പത്തിക ഉറവിടം പങ്കിടുന്നു -- സ്‌കീയിങ്, പിന്നെ സഞ്ചാരികൾ. മാനുഷിക സംവിധാനങ്ങളുള്ള ഭൂദൃശ്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൻറെ ഭാഗമായാണ് മോച്ച സ്ഥലത്തെത്തുന്നത്.

ഇറ്റലിയിലെ ആൽപ്സിൽ കാലാവസ്ഥ ഐശ്വര്യമായി പടരുന്ന വർഷങ്ങൾ  (1960കൾ-1970കൾ). ആംഗലത്തിൽ 'ബ്ളൂ ലാൻഡ്സ്ലൈഡ്' എന്നറിപ്പെടുന്ന ഒരു സംഘം കായികാഭ്യാസികൾ സ്‌കീയിങിന്  ചുറ്റുമായൊരു സമ്പദ്‌വ്യവസ്ഥയുടെ മാതൃക രൂപപ്പെടുത്തുന്നു. ഇതൊരു സുസ്ഥിര വികസനം സാധ്യമാക്കില്ലെന്ന് ഇപ്പോൾ വ്യക്തം. പിന്നത്തെ ശ്രദ്ധ സ്‌കീയിങിനെത്തുന്ന വിദേശീയരിലായി. പല കേന്ദ്രങ്ങളിലൂടെയും സ്ഥാപങ്ങളിലൂടെയും സമ്പദ്‌വ്യവസ്ഥ ഭദ്രമായപ്പോളാണ് കാലാവസ്ഥ എന്ന ഐശ്വര്യം പിൻവാങ്ങുന്നത്. അതിതാപത്തെക്കാൾ സമഗ്രമായി സ്‌കീയിങ്‌ പ്രതലങ്ങളെ തകർക്കാൻ മറ്റെന്തിനു കഴിയും! ഒരു ഘട്ടത്തിൽ ഒ.ഇ.സി.ഡി എന്ന ആധികാരിക കേന്ദ്രം അറിയിച്ചു: പത്തു വർഷത്തിനകം 45 ശതമാനത്തോളം വടക്കുകിഴക്കൻ ചരിവുകളിലെ ഹിമം മുഴുവൻ ഉരുകിത്തത്തീരും. പ്രാവര്‍ത്തികമായ ഒരൊറ്റ പരിഹാരമേ വായുവിൽ ഉണ്ടായിരുന്നുള്ളൂ: കയ്യൊഴിയുക!

ഒരു പേരും മൂർത്തതയുമുള്ള ഈ പ്രശ്നസ്ഥലിയിൽ നിന്നാണ് ജിസപ്പെ മോച്ച, വിചാരങ്ങളുടെ ഒരു തിരിവിൽ, ഗിലസ് ക്ലെമന്റിനെ ഓർക്കുന്നത്. ക്ലെമന്റിൻറെ മാനിഫെസ്റ്റോയിലെ നിർവചനമനുസരിച്ച്, പ്രകൃതി സ്വന്തം മൂര്‍ദ്ധന്യത്തിൽ (ക്ളൈമാക്‌സിൽ) എത്തിയിട്ടില്ലാത്ത ഇടമാണ് മൂന്നാം ഭൂദൃശ്യം. ഉദ്ദിഷ്ട  ധർമ്മം നഷ്ടപ്പെട്ട് പ്രകൃതിയുടെ ക്രമരഹിതമല്ലാത്തൊരു ഒഴുക്കിൽ പെട്ടുപോകയാൽ, ആർക്കും മുൻകൂട്ടി കാണാനാവാത്തൊരു ചാക്രികതയെയല്ലേ ഈ ഇടം തുണയ്ക്കുന്നത്? മോച്ച സ്വയം ചോദിച്ചു: "ഉപേക്ഷിക്കപ്പെട്ട ഈ സ്‌കീയിങ് സൗകര്യങ്ങൾ മൂന്നാം ഭൂദൃശ്യമല്ലേ?"


Login | Register

To post comments for this article