.

തുർക്കിക്കോഴികളുടെ താരയിൽ

തുർക്കിക്കോഴി ഒരു നേരത്തെ ആഹാരമല്ല. കശാപ്പുകടയിലെ വെട്ടുകത്തിയെടുത്ത് ചരിത്രം കൈകാര്യം ചെയ്യാനുള്ള വ്യഗ്രതയോടെ കാരൻ ഡേവിസ് എഴുതിയ പുസ്തകം ('More Than a Meal') മിത്തുകളിലും അനുഷ്ഠാനങ്ങളിലും യഥാര്‍ത്ഥ ലോകത്തിലും തുർക്കിക്കോഴി എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് വിശകലനം ചെയ്യുന്നു. അതിന്നിടയിൽ, ശരാശരി മനസ്സുകളെ അടുത്ത നൂറ്റാണ്ടിൽപ്പോലും പ്രകോപിപ്പിച്ചേക്കാവുന്ന ജന്തു വിമോചന ചിന്തകൾക്കിടയിൽ, കാരൻ ഒരു ലഘു വസ്തുത കൂട്ടിച്ചേർക്കുന്നു: പക്ഷിപ്പേരുകളുടെ ചരിത്രത്തിൽ "ടർക്കി ആശയക്കുഴപ്പത്തിൻറെ ഒരു ഭാരം ചുമന്നിട്ടുണ്ട്." എനിക്കിതു മനസ്സിലാക്കാം.

അമേരിക്കയിൽ എത്തിയപ്പോൾ താൻ എത്തിയത്  ഇന്ത്യയിലാണെന്ന പ്രതീതിയുണ്ടായ കൊളംബസിൻറെ അബദ്ധ ധാരണയുടെ വ്യാപ്തി എത്രത്തോളം? ഇന്നും ചില യൂറോപ്പിയൻ ഭാഷകളിലെങ്കിലും തുർക്കിക്കോഴിയെ കുറിക്കുന്ന വാക്ക് ഈ പക്ഷിക്കൊരു "ഇന്ത്യൻ" ഉത്പത്തി കല്പിക്കുന്നു. കാരൻ സൂചിപ്പിച്ച "ആശയക്കുഴപ്പം" ഇതാവാനേ സാധ്യതയുള്ളൂ.

ചില പഴയ രേഖകളിലൂടെ കൊളംബസിനെ പിൻതുടർന്നാൽ നാം ഇന്ത്യയിൽ എത്തും. അതേ കാരണത്താൽ, തുർക്കിക്കോഴികളെ പിൻതുടർന്നാലും നാം ഇന്ത്യയിൽ എത്തും. സത്യത്തിൽ, അമേരിക്കകളിൽ നിന്ന് യൂറോപ്പിൽ എത്തിയതിനു ശേഷം ഏതാണ്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് ഈ കോഴികൾ ഇന്ത്യയിൽ എത്തിയതെന്ന് ഒരു യഹൂദ ചരിത്ര രേഖ പറയുന്നു. ഈ താരകളൊന്നും എനിക്കുള്ളതല്ല.

ബ്രിട്ടനിലെ ഒരു ഭൂവുടമയും കച്ചവടക്കാരനും നാവികനും (പിൽക്കാലത്ത് പാർലമെന്റിലെ അംഗവും!) ആയിരുന്ന വില്യം സ്‌ട്രിക്‌ലാൻഡാണ് 1524ൽ, അല്ലെങ്കിൽ 1526ൽ, തുർക്കിക്കോഴികളെ തൻറെ നാട്ടിലെത്തിച്ചത്.  സ്വർണ്ണം കണ്ടെത്താനാണ് സ്‌ട്രിക്‌ലാൻഡ് അമേരിക്ക സന്ദർശിച്ചത്; കണ്ടെത്തിയില്ല. പക്ഷേ, തുർക്കിക്കോഴികളെ കണ്ടെത്തി. അമേരിക്കയിലെ തദ്ദേശീയരിൽ നിന്ന് വാങ്ങിയ ആറ് തുർക്കിക്കോഴികളോടൊപ്പം സ്‌ട്രിക്‌ലാൻഡ് നാട്ടിൽ തിരിച്ചെത്തിയത് ചരിത്ര രേഖകളിലുണ്ട്. ഞാൻ പിന്തുടരുന്നത് ഈ താരയാണ്. 

താരയുടെ തുടർച്ചയിൽ ഇപ്പോൾ ഞാൻ ബ്രിട്ടനിൽ, എക്സെറ്ററിൽ, പോൾ സ്ട്രീറ്റിൽ. ഇവിടെ 1983ൽ ചില ഉദ്ഖനനങ്ങൾ നടക്കുന്നതിന്നിടയിലാണ് ഗവേഷകർ തുർക്കിക്കോഴികളുടെ എല്ലുകൾ കണ്ടെത്തിയത്. വളരെ പഴക്കമുള്ള എല്ലുകൾ. അവയുടെ നിർണയിക്കപ്പെട്ട തീയ്യതികൾ (1520-1550) ബ്രിട്ടനിൽ ആദ്യമായി തുർക്കിക്കോഴികൾ എത്തിയ കാലവുമായി സംവദിക്കുന്നു. എക്സെറ്റ് സർവ്വകലാശാലയിലെ പുരാജൈവവസ്തു നിരീക്ഷകനായ അലൻ ഔട്രം പറഞ്ഞു, "ബ്രിറ്റനിലെ ഒരു തുർക്കിക്കോഴിയത്താഴത്തിൻറെ ഏറ്റവും പഴക്കമുള്ള ഭൗതികത്തെളിവാകാം ഈ അവശിഷ്ടങ്ങൾ."

എല്ലുകൾ സൂക്ഷ്മമായി പരിശോധിച്ച മലീന ലോറിറ്റ്സൺ കശാപ്പിൻറെ അടയാളങ്ങൾ കണ്ടു. എല്ലുകളോടൊപ്പം, ഒരേ കാലരേഖ സൂചിപ്പിച്ചുകൊണ്ട്, ഒരൊറ്റ ആഘോഷ വിരുന്നിൻറെ ഭാഗമായി വെളിപ്പെട്ട പുരാദ്രവ്യങ്ങളുടെ കൂട്ടത്തിൽ ചില പാത്രങ്ങളും കിണ്ണങ്ങളും ഉണ്ടായിരുന്നു; ഒരു കന്നുകുട്ടിയുടെയും, പല നാടൻ കോഴികളുടെയും, പിന്നെ ഏറ്റവും ചുരുങ്ങിയത് ഒരു താറാവിൻറെയും ആടിൻറെയും എല്ലുകളും ഉണ്ടായിരുന്നു. അടുക്കള സാമഗ്രികളെ ആധാരമാക്കി അത്താഴത്തിൻറെ കാലം ഗണിക്കാം. 

അലൻ ഔട്രമിൻറെ കാലഗണനയും മലീന ലോറിറ്റ്സിൻറെ കാലഗണനയും ഒന്നിക്കുന്നു. അന്നത്തെ തുർക്കിക്കോഴികളുടെ കനത്ത വില കൂടി പരിഗണിച്ച്, സാഹചര്യ ഗ്രഹണത്തിൽ മലീന പറഞ്ഞു: പ്രതാപികളായ അതിഥികൾ പങ്കെടുത്തൊരു വിരുന്നിൻറെ ഉച്ഛിഷ്‌ടമാണിത്. നാം എല്ലുകൾ വിതരണം ചെയ്യുന്ന രീതിയും ഇടങ്ങളും മനുഷ്യവർഗത്തെക്കുറിച്ച് ഏതാണ്ടെല്ലാം പറയുന്നു; ഈ എല്ലുകളോടെ ഒരിക്കൽ ജീവിച്ചിരുന്ന ജന്തുക്കളുടെ ജീവ ചരിത്രത്തിലേക്ക് നമ്മെയത് നയിക്കുന്നു. 

തലനാരിഴ കീറിയാൽ ഒരു വ്യക്തിയുടെയോ, മുഴുവൻ സമൂഹത്തിൻറെയോ, ആയുഷ്‌കാല ആഹാര രീതി കൃത്യമായി തിരിച്ചറിയാവുന്ന ഈ ദിവസങ്ങളിൽ, തുർക്കിക്കോഴികളെയും പഴയ അമേരിക്കയിലെ തദ്ദേശീയരെയും ഒരു പോഷകാഹാര താരതമ്യത്തിൽ ഉൾപ്പെടുത്തൽ രസാവഹമായിരിക്കും. മനുഷ്യർ പരിണമിപ്പിച്ചെടുത്ത തുർക്കിക്കോഴികളുടെ ശരീരത്തിൽ പ്രോട്ടീൻ സമൃദ്ധം, 

അമിനൊ അമ്ലങ്ങൾ സമൃദ്ധം. ഏതു നിലയ്ക്കും തീൻമേശപ്പുറത്തൊരു കൂറ്റൻ   'ഐക്കോണിക്' സാന്നിധ്യമാണ് തുർക്കിക്കോഴി. അമേരിക്കയിലെ തദ്ദേശീയർ ഈ  തീൻമേശക്കു ചുറ്റും മിക്കവാറും ഒരു അസാന്നിധ്യമാണ്.

ചില നരവംശ ശാസ്ത്ര പരിശോധനകളനുസരിച്ച് എ.ഡി 400 വരെയെങ്കിലു പ്രാചീന പ്യൂബ്ലോ സമൂഹങ്ങളുടെ  ആഹാരത്തിലെ എൺപതു ശതമാനം കലോറികളുടെയും  പ്രോട്ടീൻറെയും ഉറവിടം ചോളമായിരുന്നു. നാരങ്ങാനീരിൽ വേവിച്ചെടുത്ത ചോളം അവശ്യ അമിനൊ അമ്ലങ്ങൾ നൽകി. മാനിൻറെയും, മലയാടിൻറെയും മുയലിൻറെയും മാംസം ഭക്ഷിച്ചിരുന്ന സമൂഹങ്ങളാണ് അസ്ഥി പരിശോധനയിൽ 

വെളിപ്പെടുന്നത്. അപ്പോൾ തുർക്കിക്കോഴി? ഇല്ല, ഈ ജീവി കേന്ദ്രീയമായത് ദൃശ്യ വിനിമയത്തിനും ശരീര സംരക്ഷണത്തിനും ഉതകുന്നൊരു വികസ്വര സാങ്കേതിക വിദ്യയിലായിരുന്നു.

ടർക്കി പെൻ റൂയ്ൻ എന്നറിയപ്പെടുന്ന പ്രദേശത്തിലെ തദ്ദേശീയർ, ആ പേര് സൂചിപ്പിക്കുന്നതു പോലെ, തീർച്ചയായും തുർക്കിക്കോഴികളെ വളർത്തിയിരുന്നു. ഏറെ വിരളമായേ തൂവലുകൾക്കടിയിലെ മാംസം അവരെ ആകർഷിച്ചിരുന്നുള്ളൂ. അവരുടെ ആകർഷണം ആത്യന്തികമായി ആ തൂവലുകൾ തന്നെയായിരുന്നു. പുറമേ, പെട്ടെന്നിണങ്ങുന്ന സ്വഭാവത്തിലൂടെ തുർക്കിക്കോഴികൾ വളർത്തു മൃഗങ്ങളുടെ പദവിയിൽ എത്തുന്നത് സ്വാഭാവികം. 

ടർക്കി പെൻ റൂയ്നിൽ ഒരൊറ്റ കോഴിയും ആഹാരാർത്ഥം കൊല്ലപ്പെട്ടിട്ടില്ലെന്നു തെളിയിക്കാൻ, കൃത്യമായ സമയരേഖകളനുസരിച്ചു്, അവിടത്തെ പഴയ  കോഴിയെല്ലുകളിലെ അടയാളങ്ങൾ ഒരു സൂക്ഷ്മാന്വേഷണത്തിനു വിധേയമാക്കേണ്ടി വരും. ആ വഴിക്കൊരു പരിശോധന ഉണ്ടാകാൻ ഞാൻ കാത്തിരിക്കുന്നു. അതിന്നിടയിൽ, ഒരു ചരിത്ര സമാന്തരം ഞാൻ സംശയിക്കുന്നു. സ്‌ട്രിക്‌ലാൻഡിനെ ധനികനാക്കിയ കച്ചവടത്തിൻറെ ആദ്യ ഘട്ടങ്ങളിൽ തുർക്കിക്കോഴികൾ ഉപരിവർഗത്തിൻറെ  വിശേഷാവകാശമായിരുന്നു. ഐശ്വര്യപ്രാപ്തിയുടെ സുഖാനുഭവം. ടർക്കി പെൻ റൂയ്നിൽ, ചുറ്റും വിടരുന്ന തൂവലുകളുടെ സമൃദ്ധിയിൽ, ഒരു പക്ഷേ, തദ്ദേശീയർക്ക്  അനുഭവപ്പെട്ടത്‌ തുല്യ നിലയിലുള്ളൊരു ഉത്കര്‍ഷ ബോധമായിരിക്കാം. 

ചുവപ്പിന്ത്യക്കാരെന്ന് രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും തെറ്റായി വിളിക്കപ്പെടുന്നവരുടെ ശിരസ്സിൽ അലങ്കാരമായും, അധികാര ചിഹ്നമായും പ്രത്യക്ഷപ്പെട്ട തൂവലുകളെക്കുറിച്ച് നമുക്കറിയാം. വളരെ വിസ്തൃതമായൊരു  സംജ്ഞാ സംഘാതം ഇവിടം തൊട്ട് നമ്മുടെ മനസ്സിൽ തുടങ്ങുന്നു. മിത്തുകളിലൂടെയും നാടോടിക്കഥകളിലൂടെയും അർത്ഥങ്ങളായും സങ്കല്പങ്ങളായും പ്രതീകങ്ങളിലേക്കും ആചാരങ്ങളിലേക്കും അത് പടരുന്നു. തൂവലുകൾ ശരങ്ങളുമാണ്. വിശദാംശങ്ങള്‍ എത്രയോ വെബ്സൈറ്റുകളിൽ കാണാം. കൂട്ടത്തിൽ, ഭൗതിക ഉപയോഗ്യതയിൽ ഏറ്റവും ശ്രദ്ധ അർഹിക്കുന്നതും, എന്നാൽ  ഏറ്റവും ചുരുക്കം അറിയപ്പെടുന്നതും ഒരു കൈത്തൊഴിലാണ്.  

അമേരിക്കയിലെ തദ്ദേശീയർ തുർക്കിക്കോഴികളെ വളർത്താൻ തുടങ്ങിയതോടെ സ്ഥലത്തെ മുയലുകളുടെ മരണനിരക്ക് ചൂരുങ്ങിയിരിക്കണമെന്ന് ഞാൻ ഊഹിക്കുന്നു. ചരടിൽ മുയൽത്തുകലുകൽ കോർത്തുണ്ടാക്കിയ പുതപ്പുകൾക്കു പകരമാകാൻ തുടങ്ങിയൊരു നിർമ്മിതിയെപ്പറ്റി നരവംശ ശാസ്ത്രജ്ഞനായ വില്യം ലൈപ്പ് ഒരിടത്തു പറയുന്നുണ്ട്: യക്കാച്ചെടിയുടെ നാരുകളുടെ സഹായത്തോടെ തൂവലുകളാൽ തീർക്കപ്പെട്ട ഊഷ്മളമായ കമ്പിളികൾ. തൂവൽപൊഴിക്കൽ (moulting) എന്ന ചര്യ തുർക്കിക്കോഴികളിൽ സുലഭമാകയാൽ ഈ പുതിയ പുതപ്പുകളിൽ ചോരയുടെ ഗന്ധം അനിവാര്യമായിരുന്നില്ല.

പല തുർക്കിക്കോഴികളും മറവു ചെയ്യപ്പെട്ടത് മനുഷ്യരെപ്പോലെയാണ്. എന്തിനോടോ ഒരു ആദരവ്, ഒരു ഭയം, അതുമല്ലെങ്കിൽ പ്രാകൃതമായൊരു നൈതികബോധം ഇവിടെയുണ്ട്. ആ ദിവസങ്ങളിൽ ആരും ഒരു തുർക്കിക്കോഴിയെ കൊന്നു തിന്നിട്ടെല്ലെന്ന് ഉറപ്പിക്കാൻ  കഴിയില്ലെങ്കിലും, ഒരു പിൻതാരയിലൂടെ ടർക്കി പെൻ റൂയ്ൻ  പോലൊരു സ്ഥലത്തെത്തുമ്പോൾ ആപേക്ഷികമായെങ്കിലും എൻറെ മനസ്സിൽ ശാന്തിയുണ്ട്. എന്തെന്നാൽ, ഇവിടെ കൊല്ലപ്പെട്ട കോഴികൾ ഒരിക്കലും ഇന്നത്തെ അമേരിക്കയിൽ നന്ദിദാന (Thanksgiving) ദിനത്തിനു മുൻപ് രാഷ്ട്രപതികളുടെ  "മാപ്പരുളൽ" (Pardon) എന്ന ചടങ്ങിലൂടെ അപഹസിക്കപ്പെട്ടിട്ടില്ല.

അപ്ഡേറ്റ്:
ബ്രൂസ്  ലീയുടെ കയ്യിലെ നൻചാക്കു 

അമേരിക്കക്കാർക്ക് തുർക്കിക്കോഴികളോടുള്ള സമീപനം സ്നേഹ-വൈരാഗ്യ ഉഭയതയാണെന്ന് കാരൻ ഡേവിസ് പറയുന്നു. "വെറുക്കപ്പെട്ട ഈ പക്ഷിയെ നാമെന്തിന് ആഘോഷിക്കുന്നു?" "ആഘോഷിക്കപ്പെട്ട ഈ പക്ഷിയെ നാമെന്തിന് വെറുക്കുന്നു?" ബ്രൂസ്  ലീയുടെ കയ്യിലെ നൻചാക്കു (nunchaku) പോലൊരു ഘടനയാണ് ഈ ഇരട്ടച്ചോദ്യത്തിനുള്ളത്: രണ്ടു വടികൾക്കിടയിൽ ഒരു ചങ്ങല അയയുന്നു, മുറുകുന്നു, കറങ്ങുന്നു.

അബ്രഹാം ലിങ്കൺ അനൗദ്യോഗികമായി ഒരു തുർക്കിക്കോഴിയെ കൊല്ലാതെ വിട്ടയച്ചത് മകൻറെ അരുതെന്ന അപേക്ഷയിൽ ആർദ്രമായ മനസ്സോടെയാണ്. പിന്നത്തെ അമേരിക്കയുടെ പല രാഷ്ട്രപതികൾ പല രീതികളിലാണ് "മാപ്പരുളൽ" ആഘോഷം ഉപസംഹരിച്ചത്. പക്ഷേ, ചടങ്ങിൻറെ ഇതിവൃത്തവും, അതിൻറെ പരകോടിയുടെ അപഹാസ്യതയും സ്ഥായിയായിക്കഴിഞ്ഞു. വൈറ്റ്ഹൗസിൽ, നന്ദിദാനദിനം പ്രമാണിച്ച് രാഷ്ട്രപതി ഒരു  തുർക്കിക്കോഴി സമ്മാനമായി സ്വീകരിക്കുന്നു. പിന്നെ, പല മാധ്യമ പരീതനായ രാഷ്ട്രപതി "മാപ്പരുളൽ" (pardon) എന്ന കർമ്മത്തിലൂടെ തുർക്കിക്കോഴിയെ വധശിക്ഷയിൽ നിന്ന് മുക്തമാക്കുന്നു! ഇതിനെ ഞാൻ നിന്ദാദാനമെന്ന് വിളിക്കട്ടെ.

വൈറ്റ്ഹൗസിലെ പ്രദർശനത്തിൽ തുർക്കിക്കോഴി വെറും തുർക്കിക്കോഴിയായി പ്രത്യക്ഷപ്പെട്ടാൽ പോരാ. അഭ്യാസം അത്യാവശ്യം, കുഞ്ഞുനാൾ മുതൽ. ചടങ്ങിനാവശ്യമായ പക്ഷികളെ എത്തിക്കുന്ന നാഷണൽ ടർക്കി ഫെഡറേഷൻറെ മുൻ ചെയർമാനായിരുന്ന കാൾ വിറ്റൻബർഗിനെ ഉദ്ധരിച്ചാൽ, "ഷോമാൻഷിപ്പ്" നിർണ്ണായകം. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷിയിൽ ഉചിത പെരുമാറ്റം, വ്യക്തിത്വം, ഭാവനാട്യം, നടപ്പ്‌, എടുത്തുപിടി, തൂവൽ വിടർത്തൽ  എന്നിവയെല്ലാം ഒത്തു ചേരണം! ആകയാൽ, പരിശീലന ഭാഗമായി തുർക്കിക്കോഴികൾ പല തരം  വെളിച്ചങ്ങളിലൂടെ (ഫ്ലാഷ്! ഫ്ലാഷ്! ഫ്ലാഷ്!) കടന്നു പോകുന്നു, പല തരം ഒച്ചകളിലൂടെയും (ക്ലാസിക് റോക്ക് തൊട്ട് ഇങ്ങേയറ്റം വരെ) കടന്നു പോകുന്നു. ആദ്യത്തേത് മാധ്യമങ്ങളെ നേരിടാൻ; രണ്ടാമത്തേത് ആളുകളെ നേരിടാൻ. ഇത്രയൊക്കെയായിട്ടും ഒരിക്കൽ, നിക്സൻറെ ഭരണ കാലത്ത്, കാലുകൾ ആണികളാൽ ഒരു മേശയോട് ചേർത്തടിക്കപ്പെട്ട അവസ്ഥയിലായിരുന്നു  തുർക്കിക്കോഴിയുടെ  രംഗപ്രവേശം. കാരണം, മാധ്യമങ്ങളെ നേരിടുന്ന കാര്യത്തിൽ തുടക്കത്തിലേ അത് പരാജയപ്പെട്ടിരുന്നു!

അമേരിക്കക്കാർക്ക് തുർക്കിക്കോഴി ഒരു വിഡ്‌ഢിപ്പക്ഷിയാണ്. "എങ്കിലും, വൗ, ഇറച്ചിക്ക് എന്തൊരു സ്വാദ്!" വന്‍കിട മാംസപിണ്‌ഡങ്ങൾ സൃഷ്ടിക്കാൻ മനുഷ്യർ പടച്ച യന്ത്രങ്ങളാണ് സമകാലിക തുർക്കിക്കോഴികൾ. രാഷ്ട്രത്തലവൻ തെറ്റു  ക്ഷമിച്ച് അനുഗ്രഹിച്ചാലും അവ അധിക കാലം ജീവിക്കാൻ പോകുന്നില്ല. ശരീരഘടനയെ അതിശയിച്ചു നിൽക്കുന്ന തടിയിൽ, തൂക്കത്തിൽ, അവ അവയെക്കാളേറെ വളരുന്നു. ജാത്യാ വേഗത്തിൽ ഓടാനും, ഉയരത്തിലെ വൃക്ഷപ്പടർപ്പിലേക്ക് പറക്കാനും, കൊമ്പിലും നിലത്തും ഒരേ പോലെ ഭംഗിയായി നൃത്തം ചെയ്യാനും, കൂട്ടത്തിലെ മറ്റു പക്ഷികളെയും മനുഷ്യരെയും സ്നേഹിക്കാനും കഴിവുള്ളൊരു ജീവിയെ മനുഷ്യർ എന്താണാക്കിത്തീർത്തത്!

മന്ദബുദ്ധിയെ സൂചിപ്പിക്കുന്നൊരു പ്രയോഗമാണ് "പക്ഷിമസ്തിഷ്കം" (birdbrain). ഈ വിവക്ഷയിൽ, ഒരു തിരിച്ചടിയിൽ, പക്ഷികളിൽ വളരെ വിരളവും മനുഷ്യരിൽ ധാരാളവുമായൊരു പ്രതിഭാസമാണ് "പക്ഷിമസ്തിഷ്കം". പല പക്ഷികളും സവിശേഷ ബുദ്ധിയുള്ള ആശ്ചര്യങ്ങളാണ്. (കാക്കയെ നമുക്കറിയാം, പ്രത്യേകിച്ചും വൈലോപ്പിള്ളി പരിചയപ്പെടുത്തിയ കാക്കയെ. ഇവിടെ ഏഴാം ക്ലാസിലെ ഒരോർമ്മയുണ്ട്. 'കാക്ക' പാഠ്യപദ്ധതിയിലുണ്ടായിരുന്നു. "കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും / കാക്കണം സ്വാതന്ത്ര്യമെന്നറിവോൾ." എന്റെ പുസ്തകത്തിൽ ഈ വരികളിൽ ഞാൻ പേന കൊണ്ട് ഒരക്ഷരവും ഒരു ചില്ലും കൂട്ടിച്ചേർത്തപ്പോൾ രണ്ടാമത്തെ വരി ഇങ്ങനെയായി: "കാക്കണം സ്വാതന്ത്ര്യമെന്ന റിവോൾവർ". എനിക്കത് വളരെ വളരെ ഇഷ്ടപ്പെട്ടു. പക്ഷികളെ രക്ഷിക്കാനുള്ളൊരു തോക്ക് മനസ്സിൽ കാത്തുകൊണ്ടാണ് ഞാൻ മനുഷ്യവംശത്തിന് മാപ്പരുളുന്നത്.)

വളരെ പ്രജ്ഞയും ആത്മബോധവുമുള്ളൊരു ജീവിയാണ് തുർക്കിക്കോഴി. സാഹചര്യങ്ങളെക്കുറിച്ചുള്ള തികഞ്ഞ ഉണർവോടെ, വളരെ സങ്കീർണമായൊരു സാമൂഹിക ജീവിതം നയിക്കുന്നു ഈ പക്ഷി. ശ്രവ്യമായും ദൃശ്യമായും വളരെ വിസ്തൃതമായ വിനിമയം ഈ പക്ഷിക്ക് സാധ്യമാണ്. അല്പം മരണാവബോധം കൂടി ഈ പക്ഷിയുടെ സിരാഘടനയിലുണ്ട്. ഒരു തുർക്കിപ്പക്ഷി മരിച്ചാൽ കൂട്ടത്തിലെ മറ്റു പക്ഷികളത് തിരിച്ചറിയും. ഇത്രയും സിദ്ധികൾ ഒരു ജീവിയ്ക്ക് വകവെച്ചു കൊടുക്കാൻ മനുഷ്യർക്കെങ്ങനെ കഴിയും! 

തുർക്കിക്കോഴിയിൽ അമേരിക്കക്കാരുടെ ആവശ്യം ശരിക്കും എന്ത്? കാരൻ ഡേവിസ് പറഞ്ഞു: കുലചിഹ്നമായൊരു ജന്തു (totem animal), വൈകൃതത്തോടെ വിഭാവനം ചെയ്യപ്പെട്ടൊരു തന്ത്രത്തിൽ. എന്തിന് ? "വെറുക്കപ്പെട്ട ഈ പക്ഷിയെ നാമെന്തിന് ആഘോഷിക്കുന്നു?" വിരൽ നക്കിക്കുന്ന മാംസത്തോട് ഒരു രാഷ്ട്രത്തിനുള്ള ആർത്തി വർഗസ്മൃതിയിൽ നിന്ന് മറച്ചുപിടിക്കാൻ. 

നൻചാക്കുവിൻറെ ചങ്ങല കറങ്ങുന്നു.


Login | Register

To post comments for this article