സൂര്യവംശം, ഭൂമിയെയും മരണത്തേയും കുറിച്ച്, പെൻഗ്വിൻ, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, കഥകളുടെയും കവിതകളിടേയും സമാഹാരം എന്നിങ്ങനെ നിരവധി പുസ്തകങ്ങളും ജന്തുസ്വഭാവ ശാസ്ത്ര സംബന്ധിയായ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തസറാക് ന് വേണ്ടിയെഴുതുന്ന പംക്തി: പതിനൊന്നാം മണിക്കൂറില്‍

ഒരു മിനുറ്റ് ക്ഷമിക്കുക! സാധ്യമോ?

എന്തെങ്കിലും പറയാനോ പ്രവര്‍ത്തിക്കാനോ തിടുക്കപ്പെടുന്നവരോടും തിടുക്കപ്പെടുത്തുന്നവരോടും നാം ചിലപ്പോള്‍ പറയും, "ഒരു മിനുറ്റ് ക്ഷമിക്കുക."
നമ്മുടെ വാക്കുകള്‍ അവര്‍ക്ക് സ്വീകാര്യമാകുമോ? സ്വീകാര്യമായാല്‍പ്പോലും അറുപതു നിമിഷങ്ങളോളം ക്ഷമാപൂര്‍വം പിടിച്ചു നില്‍ക്കുകയെന്നത് അവരുടെ നിയന്ത്രണത്തിലുള്ളൊരു പെരുമാറ്റ സാധ്യതയാണോ? വളരെ വ്യത്യസ്തമായ ചില സന്ദര്‍ഭങ്ങളിലെ ഉദാഹരണങ്ങളും നിരീക്ഷണങ്ങളും എതിര്‍ത്തെളിവുകളായി എന്‍റെ മുന്നിലുണ്ട്. ശരീരം ഒരു പ്രതികരണ യന്ത്രമാകുമ്പോള്‍ അര നിമിഷം പോലും മസ്തിഷ്കത്തിന് വലിയൊരു കാലവിളംബമാകാം. ഇതിലെ നിഷ്കര്‍ഷ നാം നമ്മുടെ യന്ത്രങ്ങളുടെ പോലും ശാഠ്യമാക്കിയിരിക്കുന്നു. 

ട്രോട്സ്കി ഒരിക്കല്‍ സ്റ്റാലിന്‍റെ ഭരണതന്ത്രത്തെക്കുറിച്ച് പറഞ്ഞതിന്‍റെ സംക്ഷിപ്തം ഇതായിരുന്നു: വിചിന്തനം ഇല്ലാത്ത അനൈച്ഛിക ചേഷ്‌ട! ഈ പ്രസ്താവന ശരിയോ തെറ്റോ എന്നതല്ല എന്‍റെ വിഷയം. ഇതൊരു രാഷ്ട്രീയക്കുറിപ്പല്ല. ഞാന്‍ പരിഗണിക്കുന്നത് ട്രോട്സ്കിയുടെ പ്രയോഗത്തിന്‍റെ ഉള്ളടക്കമല്ല, ആ പ്രയോഗം തന്നെയാണ് -- കൃത്യമായും അതിലെ വിപരീത ദ്വയം. കൗമാരത്തില്‍ എനിക്കതൊരു കിടിലമായിരുന്നു. എടുത്തുചാട്ടങ്ങള്‍, സ്വയം ഉടന്തടികളാകാവുന്ന ചാട്ടങ്ങള്‍. ഹോര്‍മോണുകളുടെ ഉല്‍ക്കടമായൊരു കലാപമാണ്‌ കൗമാരം. കലാപങ്ങള്‍ ഉള്ളേടത്തെല്ലാം അമിതത്വങ്ങള്‍ ഉണ്ടാകുമെന്നാണ് ട്രോട്സ്കി മറ്റൊരിടത്ത് അഭിപ്രായപ്പെട്ടത്. സ്ടാലിന്‍റെ ഭയത്തിനു നേര്‍ക്കാണ് ട്രോട്സ്കി വിരല്‍ ചൂണ്ടിയതെന്നു സ്പഷ്ടമായിരുന്നു. പക്ഷേ, കാണെക്കാണെ, ആ വിരല്‍ എന്‍റെ നേര്‍ക്ക് തിരിഞ്ഞു! എനിക്ക് കിട്ടിയ ആദ്യത്തെ താക്കീതായിരുന്നു ട്രോട്സ്കിയുടെ വിപരീത ദ്വയം. 

റീഫ്ലെക്സ് (അനൈച്ഛിക ചേഷ്‌ട).

റിഫ്ലെക്ഷന്‍ (വിചിന്തനം).

ഏതെങ്കിലും ആംഗല നിഘണ്ടുവില്‍ അയല്‍ക്കാരാകാവുന്ന ഈ രണ്ട് വാക്കുകള്‍ക്കിടയിലെ അകലം സ്വയം വിശദീകരിക്കുന്നു. പക്ഷേ, ഈ നിര്‍ണ്ണായകമായ അകലം ഇല്ലാതാക്കാനെന്നല്ല, അതേക്കുറിച്ചുള്ള ഉണര്‍വില്‍ പിടിച്ചു നില്‍ക്കാന്‍ പോലും പലപ്പോഴും നമ്മുടെ ശാരീരിക-മാനസിക വ്യവസ്ഥകള്‍ക്കോ, ചില സാമ്പത്തിക വ്യവസ്ഥകള്‍ക്കോ, ഭരണ വ്യവസ്ഥകള്‍ക്കോ കഴിഞ്ഞെന്നു വരില്ല. 

മസ്തിഷ്കത്തിലൂടെ പാഞ്ഞു പോകുന്നൊരു ചിന്തയെ അതിസൂക്ഷ്മമായ രേഖീകരണ ഉപാധികളിലൂടെ പിന്തുടര്‍ന്നൊരു വിദഗ്ദ്ധയാണ്‌ ഔവ്ഗുസ്റ്റ ഷെസ്ട്യൂക്. ഉത്തേജനത്തിനും പ്രതികരണത്തിനും ഇടയില്‍ അവര്‍ തുറന്നു തന്ന "ചെറിയ സമയ ജാലകം"  നമുക്കൊരു ആശ്ചര്യക്കാഴ്ച അനുവദിക്കുന്നു. 

 പ്രതികരണം ആവശ്യമുള്ളൊരു കര്‍മ്മത്തില്‍ ഏര്‍പ്പെടുമ്പോള്‍, നമ്മുടെ തലക്കുള്ളിലെ ഒരു പ്രാമാണിക ഭാഗം (പ്രീഫ്രോണ്ടൽ കോർടക്സ്)  മസ്തിഷ്കത്തിന്‍റെ മുഴുവന്‍ വ്യാപ്തിയെയും സംബോധന ചെയ്യുന്നു; എല്ലാ പ്രസക്ത ഭാഗങ്ങളുടെയും ശ്രദ്ധയ്ക്ക് ഉത്തേജനം വിശദീകരിക്കുന്നു, ദൗത്യങ്ങള്‍ വിതരണം ചെയ്യുന്നു, നിമിഷങ്ങളോളം വേണ്ടി വരുന്ന ഈ തയ്യാറെടുപ്പ് പൂര്‍ത്തിയായതിനു ശേഷം മാത്രമാണ് "പ്രതികരിക്കുക!" എന്ന ആജ്ഞ പ്രതികരണ വകുപ്പായ മോട്ടോര്‍ കോർടക്സിന് ലഭിക്കുന്നത്. വിചിന്തനത്തിന് സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ഇതാണ് പ്രതികരണത്തിന്‍റെ രീതി. പക്ഷേ, ചിലപ്പോള്‍, ആദ്യത്തെ ഉത്തേജന വിശദീകരണത്തിന്നിടയില്‍ മസ്തിഷ്കം വളരെ നേരത്തെത്തന്നെ മോട്ടോര്‍ ഭാഗങ്ങളെ സന്നദ്ധമാക്കുന്നു. അര്‍ത്ഥം: പ്രതികരണം എന്തെന്ന് തിരിച്ചറിയും മുന്‍പേ നാം പ്രതികരിക്കാന്‍ തയ്യാറാവുന്നു. ഔവ്ഗുസ്റ്റ പറഞ്ഞു, ഒരു പക്ഷേ, ചിലപ്പോള്‍ ചിലര്‍ ചിന്തിക്കാന്‍ തുടങ്ങും മുന്‍പേ സംസാരിക്കാന്‍ തുടങ്ങുന്നതിനു കാരണം ഇതാവാം.

വിചിന്തനം ഇല്ലാത്ത അനൈച്ഛിക ചേഷ്‌ടകള്‍ ഏതു ശരീരത്തില്‍ നിന്നും പ്രതീക്ഷിക്കാം. രോഗാണുക്കളുടെ ഒരാക്രമണത്തെ അതിജീവിച്ച ശരീരത്തിന്‍റെ പ്രതികരണ ശൈലിയാകട്ടെ തികച്ചും വ്യത്യസ്തമാണ്, എത്രയോ കൂടുതല്‍ ആപല്‍ക്കരവും ഭയാനകവുമാണ്. രോഗബാധയെക്കുറിച്ചുള്ള ഓര്‍മ്മ ഒരാളുടെ പ്രതിരോധ വ്യവസ്ഥയില്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍, സദാ ജാഗ്രത്തായി തുടരുന്നു. ആവര്‍ത്തന ഭീതിയാണ് ഈ ഓര്‍മ്മയുടെ മുന. ശാസ്‌ത്രജ്ഞര്‍ക്കിടയില്‍  "നൈസര്‍ഗ്ഗിക പ്രതിരോധ പരിശീലനം" എന്നറിയപ്പെടുന്ന ഈ തയ്യാറെടുപ്പില്‍ ശരീരം ശരിക്കും ഒരുമ്പെട്ടൊരു പ്രതികരണ യന്ത്രമാണ്. സംശയാസ്പദമായ ആപല്‍ സൂചനകളോടു പോലും അത് പ്രതികരിക്കും -- ഉടനടി, അനാവശ്യ ശക്തിയോടെ. ചുരുക്കത്തില്‍, പ്രതിരോധ വ്യവസ്ഥ അക്രമാസക്തമാവും. 

കൂട്ടത്തില്‍ ഒരു ഞെട്ടല്‍: രോഗാണുക്കളുടെ സാന്നിധ്യം ഇല്ലാതെത്തന്നെ, എലികള്‍ ഉള്‍പ്പെടെയുള്ള ജീവികളുടെ പ്രതിരോധ വ്യവസ്ഥയെ അമിത പ്രതികരണത്തില്‍ തളച്ചിടാന്‍ ഫാസ്റ്റ് ഫൂഡിന് കഴിയുമെന്ന് ബോണ്‍ സര്‍വകലാശാലയിലെ ഡോക്റ്റര്‍ ഐക്ക് ലാറ്റ്സ് അറിയിക്കുന്നു.

അപ്ഡേറ്റ്

പ്രതികരണത്തിന്‍റെ നിര്‍ണായക പ്രശ്നം പലപ്പോളും സമയ ദൗര്‍ലഭ്യമാണ്. പക്ഷേ സമയ സമൃദ്ധിയില്‍ വിചിന്തനം ഒരു അനിവാര്യതയാകുമോ? ആയാല്‍ത്തന്നെ ശരിയായ നിശ്ചയങ്ങളിലെത്താന്‍ വിചിന്തനത്തിന് സ്വയം കഴിയുമോ? അധികം കിട്ടുന്ന സമയം ദീര്‍ഘദൃഷ്‌ടിയുടെ അഭാവത്തില്‍ വെറുമൊരു പാഴ്ച്ചെലവായിരിക്കും. ദീര്‍ഘദൃഷ്‌ടി തുടക്കം തൊട്ടു തുടങ്ങണം.

 ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂ യോര്‍ക്കിലെ ഇതാക്കയില്‍ ഒരു റെയില്‍വേ സംവിധാനമുണ്ടായിരുന്നു -- ഭൂമിശാസ്ത്രപരമായി പറഞ്ഞാല്‍, വരവുപോക്കുകള്‍ക്ക് വിശ്വാസയോഗ്യമായ ഒരേയൊരു മാര്‍ഗം. വെയിലിലും മഴയിലും മഞ്ഞിലും എല്ലാ ഋതുഭേദങ്ങളിലും ഒരു വ്യത്യാസവുമില്ലാതെ തീവണ്ടികള്‍ ഓടി. ചെലവ് അധികമാവുന്ന നഷ്ട മാസങ്ങളില്‍, പ്രാദേശിക ബസുകളും വിമാനങ്ങളും സേവന പരിഗണനയോ, സേവനം തന്നെയോ വെട്ടിച്ചുരുക്കുമ്പോള്‍, യാത്രികരുടെ ഭാരം തീവണ്ടിയില്‍ കനക്കും, അത് സേവനത്തിന്‍റെ മേന്മ ചുരുക്കും. യാത്രകള്‍ മറ്റു വാഹനങ്ങളിലേക്ക് വ്യാപിക്കുന്ന സീസണുകളില്‍ തീവണ്ടിയുടെ ബോഗികള്‍ കാലിയാകും. ഇത്രയും വ്യത്യസ്‌തമായ സാഹചര്യങ്ങള്‍ സഞ്ചാരീഭാവങ്ങളായി അലട്ടുമ്പോളും ഇതാക്കയിലെ റെയില്‍വേ ഒരേ സ്ഥായിയില്‍ തുടര്‍ന്നു. പക്ഷേ, ക്രമേണ അതിന്‍റെ ചക്രങ്ങള്‍ നിലച്ചു, പാളങ്ങള്‍ നിശ്ശബ്ദമായി. 

 റേ ബ്രാഡ്ബറിയുടെ ഒരു കഥ, പേര് മറവിയിലായൊരു കഥ, ഒരു സ്പര്‍ശരേഖ പോലെ കടന്നു വന്ന് ഈ പാളങ്ങളില്‍ ഇരമ്പുന്നു. അച്ഛനും അമ്മയും മകനും അടങ്ങുന്നൊരു കുടുംബം. ഒരു പ്രഭാതത്തില്‍ അവര്‍ ഉണരുമ്പോള്‍ ഭൂമിയില്‍ അവരൊഴികെ എല്ലാ മനുഷ്യരും തിരോഭവിച്ചിരിക്കുന്നു! അവരുടെ നടുക്കം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. കഥാ പരിസരത്തില്‍ തീവണ്ടിക്കുള്ള ഇരുമ്പു പാളങ്ങള്‍. എന്‍റെ മനസ്സിലെ സ്പര്‍ശിത രംഗത്തില്‍, മകന്‍, ഒരു കൊച്ചു കുട്ടി, മനുഷ്യ സാന്നിധ്യത്തിനായുള്ള ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം, തന്‍റെ ചെവി ഒരു പാളത്തോട് ചേര്‍ത്തു വെച്ച് കിടക്കുകയാണ് -- ആശയറ്റ പ്രത്യാശ. 

ഇതാക്കയിലേക്ക് തിരിച്ചു പോവുക. അവിടത്തെ ആളുകള്‍ക്ക് ഒരു റെയില്‍വേ ഇല്ലാതായി. കാരണം? വളരെ വ്യക്തം: കമ്പോളത്തകര്‍ച്ച. ഒഴിച്ചു കൂടാനാവാത്തൊരു ശരാശരിയിലൂടെയെങ്കിലും ആദായം ചരിച്ചില്ലെങ്കില്‍ ഒരു സ്ഥാപനത്തിന്‍റെ തുടര്‍ച്ച അസാധ്യം.

ധനതത്ത്വശാസ്ത്ര വിദഗ്‌ദ്ധനായ ആല്‍ഫ്രെഡ് കാഹ്ന്‍ ഇതാക്കയിലേക്ക് ശ്രദ്ധ തിരിച്ചത് കമ്പോളത്തകര്‍ച്ചയെക്കുറിച്ചുള്ള തന്‍റെ സിദ്ധാന്തം പരീക്ഷിക്കാന്‍ പാകമായൊരു യഥാര്‍ത്ഥലോക മാതൃക തേടുന്നതിന്നിടയിലായിരുന്നു. "ചെറിയ തീരുമാനങ്ങളുടെ ദുഷ്പ്രഭുത്വം" എന്ന തലക്കെട്ടിലൂടെ ഇതിവൃത്തത്തിന്‍റെ കൃത്യത കുറിച്ചുകൊണ്ട് കാഹ്ന്‍ 1966ല്‍ എഴുതിയ ലേഖനത്തിന്‍റെ പൊരുള്‍  ഇന്ന് ഏതു സാമൂഹിക ഇതിവൃത്തത്തിലൂടെയും കടന്നു പോകുന്നു; ഒരിക്കലും ഇരമ്പാത്ത തീവണ്ടിപ്പാളങ്ങളിലൂടെയും കടന്നു പോകുന്നു. വ്യക്തികള്‍ ഒറ്റയ്‌ക്കൊറ്റക്കെടുക്കുന്ന ചില ചെറിയ ചെറിയ തീരുമാനങ്ങള്‍, പ്രത്യക്ഷത്തില്‍ ആരെ സംബന്ധിച്ചും നിര്‍ദ്ദോഷമായ തീരുമാനങ്ങള്‍, ചിലപ്പോള്‍ നീണ്ടൊരു കാലയളവിലൂടെ എല്ലാവരെയും തുല്യനിലയില്‍ പ്രതിസന്ധികളിലും ഒരു പ്രതിക്കൂട്ടിലും പിടിച്ചു നിര്‍ത്തും വിധം ബൃഹത്തായി കുമിഞ്ഞു കൂടാം. 

ഇതാക്കയില്‍ അക്കാലത്ത് ജീവിച്ചിരുന്നവര്‍ നാളത്തെ യാത്ര കാറിലാകട്ടെ എന്നോ, വിമാനത്തിലാകട്ടെ എന്നോ തീരുമാനിച്ചത് അവരുടെ സൗകര്യം മാത്രം പരിഗണിച്ചായിരുന്നു. ഒരിക്കലുമത് റെയില്‍വേയോടുള്ള പ്രതിഷേധമായിരുന്നില്ല. പക്ഷേ, സാധ്യമായ യാത്രകളുടെ കണക്കെടുപ്പില്‍, ഓരോ പൗരനും ഒരു വര്‍ഷത്തോളമോ മറ്റോ നീണ്ടൊരു കാലയളവ്‌ പരിഗണിച്ച് തീവണ്ടിയാത്രക്ക് വേണ്ട പ്രീപേഡ് ടിക്കെറ്റുകള്‍ എടുത്തിരുന്നെങ്കില്‍, അതനുസരിച്ചുള്ളൊരു ക്രമീകരണത്തിലൂടെ സേവനം തുടരാന്‍ റെയില്‍വേക്ക് കഴിയുമായിരുന്നു. 

ആലിസിന്‍റെ ആശ്ചര്യലോകത്തിലെ വെള്ള മുയല്‍ ചോദിക്കുന്നു: "അങ്ങുന്നേ, ഞാന്‍ എവിടം തൊട്ടാണ് തുടങ്ങേണ്ടത്?" രാജാവ് ഗൗരവഭാവത്തില്‍ പറയുന്നു, "തുടക്കം തൊട്ടു തുടങ്ങുക, ഒടുക്കം എത്തും വരെ തുടരുക, പിന്നെ നിര്‍ത്തുക". തുടക്കം തൊട്ടു തുടങ്ങിയൊരു ചിന്തകനാണ് കാഹ്ന്‍. അതുകൊണ്ടാണ്, ഇതാക്കയുടെ ഭൂതത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയില്ലെങ്കിലും, 1978ല്‍ അമേരിക്കയിലെ വിമാന വ്യവസായത്തില്‍ ഭരണകൂടത്തിന്‍റെ നിയന്ത്രണം തകര്‍ത്ത് (ദി യു.എസ്. എയര്‍ലൈന്‍ ഡീറെഗുലേഷൻ ആക്റ്റിലൂടെ) , ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് അവരുടെ സൗകര്യവും സാമ്പത്തിക ശേഷിയുമനുസരിച്ചു പല തരം വിമാനങ്ങളില്‍ പറക്കാനാവുന്നൊരു ആകാശം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. അതേക്കുറിച്ച് പറയുമ്പോള്‍... 

 താനൊരു വിമാന വ്യവസായ നിപുണനാണെന്ന് കാഹ്ന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പ്രാന്തച്ചെലവ് (മാര്‍ജിനല്‍ കോസ്റ്റ്) മതമായിരുന്ന കാഹ്ന്‍ ഒരിക്കല്‍ പറഞ്ഞു: "ഒരു വിമാനത്തില്‍നിന്ന് മറ്റൊന്നിനെ തിരിച്ചറിയാന്‍ എനിക്ക് കഴിയില്ല. അവയെല്ലാം എനിക്ക് നിര്‍മ്മാണച്ചെലവ്‌ ചുരുക്കുമായ ചിറകുകള്‍ മാത്രം."


Login | Register

To post comments for this article