'ഏഴു പാപങ്ങളില്‍ ഒന്ന്' എന്ന ലേഖനത്തെ തുടർന്ന് പത്രപ്രവർത്തക കവിത.എസ് എഴുതുന്നു

കാതുകുത്തിന്റെ ഓർമ്മശാസ്ത്രം

അമ്മ ഒരു പാരീസ് ​മിട്ടായി രണ്ടായി മുറിച്ചു ഒരു പകുതി വായിലിട്ടു തന്നു. മറ്റേ പകുതി കുഞ്ഞി കൈയിൽ പിടിപ്പിച്ചു​. മധുരം നുണഞ്ഞ് ഇറക്കുന്നതിന് ​ഇടയിൽ ഒരു വയസ് മാത്രം പ്രായമുള്ള എന്റെ കാതിന്റെ കമ്മൽ തടത്തിൽ എവിടെ നിന്ന് അറിയാത്ത ഒരു വേദന. ഞാൻ ഒറ്റക്കരച്ചിൽ.

നീറിനീറി പുകയുന്ന​ ​ഉമി മണമുള്ള ഒരു ഒറ്റമുറിയാണ് ​​ഗോപാലൻ മേശിരിയുടെ തട്ടാക്കട. ചുണ്ണാമ്പ് കൊണ്ട് ഒന്ന്, രണ്ടു, മൂന്ന് എന്ന് ക്രമം രേഖപ്പെടുത്തിയ നിരപ്പലകൾ പുറത്തു ചാരി വച്ചിട്ടുണ്ട്. കാലങ്ങളായി ഉമിപ്പുക ഏറ്റ് നിറം മങ്ങിയ വെള്ള മുണ്ടും തിളങ്ങുന്ന കല്ലുകടുക്കനുമാണ് മേശിരിയുടെ അടയാളങ്ങൾ. അമ്മയുടെ മടിയിലിക്കുന്ന എന്റെ കാതിൽ നാരക മുള്ള് കുത്തിയിറക്കി ചോരവരുത്തി നോവിച്ച ​അയാൾക്ക് കുനിഞ്ഞിരുന്ന് കണ്ണുയർത്തി നോക്കുന്ന കൂസലില്ലായ്മയുടെ മുഖ ഭാവമായിരുന്നു. തീക്കനലൂതുന്ന കുഴൽ പിടിക്കുന്ന തഴമ്പുള്ള വിരൽ കൊണ്ട് കുഞ്ഞി കാതിന്റെ മാർദവത്തെ വലിച്ചൊന്ന് നീട്ടും. ചവണ പിടിക്കുന്ന കൈകൊണ്ട് മുള്ള് കുത്തിയിറക്കും, ഒട്ടും കർണയില്ലാതെ. ചെവിൽ തൊട്ട ഇക്കിളിയിൽ ചിരിക്കുന്ന കുഞ്ഞിന്റെ ഓമനത്വത്തിലേക്ക് അയാൾ നോക്കില്ല. കളിക്കൊഞ്ചലിൽ കൈ പതറാതിരിക്കാനാണത്.

ഒരു വയസു മാത്രമുള്ളപ്പോൾ നടന്ന ആ കാതുകുത്ത് രംഗം കൃത്യമായ വിശദശാംശങ്ങളോടെ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. അതായത് മുപ്പത്തിയെട്ടു വർഷങ്ങൾക്ക് മുൻപുള്ള ഒരു കാ​ര്യം പോലും ഓർമ്മയുടെ ചുറ്റുവട്ടത്തെങ്ങും എത്തിനോക്കുക പോലും ചെയ്യാത്ത ഒരു കാലത്തിൽ നിന്ന് ഒരു ദൃശ്യം മാത്രം ഒളിമങ്ങാതെ നിൽക്കുന്നതെന്തു കൊണ്ട് ?

ഒരു പെണ്ണിന്റെ ലോല ചർമ്മം മുറിച്ച് ആദ്യം ചോര പൊടിഞ്ഞ നിമിഷം എന്ന പ്രാധാന്യമാകും ആ ഓർമ്മയ്ക്ക്‌ ഉള്ളത് എന്ന ​​​പൊട്ടത്ത​ര​ത്തെ പൊളിച്ചെഴുതിയത് മേതിലാണ്. അദ്ദേഹത്തിന്റെ 'ഏഴ് പാപങ്ങളിൽ ഒന്ന്' വായിച്ചപ്പോൾ ഞാൻ എന്റെ ഓർമ്മയുടെ നിഗൂഢതയെ ലഘൂകരിക്കുകയായിരുന്നു. ഒരു ഓർമ്മയെ മറ്റൊന്നിന്റെ ഉറവിടവുമായി ബന്ധിപ്പിക്കുകയായിരുന്നു. ​​ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയിലേക്ക് ഉടലോടെ മാറ്റുകയായിരുന്നു എന്ന് അദ്ദേഹം എഴുതിയത് എനിക്ക് വേണ്ടിയാ​ണെന്ന് ഉറപ്പിക്കുകയായിരുന്നു. തലച്ചോറിന്റെ ​രീതി​ശാസ്ത്രം വശമുള്ള മേതിൽ പറഞ്ഞ മിസ്ആട്രിബ്യൂഷൻ​. ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയിലേക്ക് ഉടലോടെ മാറ്റുകയായിരുന്നു എന്നതിനെ എന്റെ കാര്യത്തിൽ പല വ്യക്തികളിലേക്ക് മാറ്റുകയായിരുന്നു എന്നൊരു ഒരു ചെറിയ ഭേദഗതിയുണ്ടെന്ന് മാത്രം. ശാസ്ത്രം ഭേദഗതി അംഗീകരിക്കുന്നുണ്ട് എന്ന് മേതിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

​അതിങ്ങനെയാണ്, ഗ്രാമ കവലയിൽ ഒരു ചെറിയ റോഡിന്റെ ഇരുപുറവും അഭിമുഖമായിട്ടായിരുന്നു  ​ഗോപാലൻ മേശിരിയുടെ തട്ടാക്കടയും ഞങ്ങളുടെ വീടും. ​അന്ന് കാതു കുത്തി ഒരു കുഞ്ഞു സ്വർണ്ണ കുമിളക്കമ്മൽ അണിഞ്ഞ ഞാൻ പിന്നങ്ങോട്ടുള്ള നാല് വർഷം പലപ്പോഴായി കണ്ടതും കേട്ടതും പരശതം കാതുകുത്തും കരച്ചിലുകളുമാണ്. അമ്മയുടെ മടിയിൽ എന്നെപ്പോലെ ഒന്നുമറിയാതെ ഇരുന്നുകൊടുത്ത പുള്ളിപ്പാവാടക്കാരികളിലേക്ക് (പല വ്യക്തികളിലേക്ക്) ഞാൻ എന്നെ ഉറപ്പിച്ചത് എങ്ങനെയെന്ന് മേതിൽ മനോഹരമായി പറഞ്ഞു തന്നിരിക്കുന്നു.

'ഓര്‍മ്മകള്‍ ചിലപ്പോള്‍ ഒരു സംയുക്ത ബിംബം പോലെ പ്രവര്‍ത്തിക്കാമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരോര്‍മ്മ സമയരേഖയില്‍ അതിന്‍റെ തൊട്ടു മുന്നിലും പിന്നിലുമുള്ള സംഭവങ്ങളുടെ സ്വാധീനത്തിലാവാം. ചിലപ്പോള്‍ ഒരു ദൃശ്യം തൊട്ടു മുന്നിലും പിന്നിലുമുള്ള ദൃശ്യങ്ങളുടെ തുല്യ സമ്മര്‍ദ്ദത്തില്‍ ഒരു മറവിയാകാം എന്നിടത്തോളം ഞാന്‍ സങ്കല്‍പ്പിച്ചിട്ടുണ്ട്.' മേതിലിന്റെ ഈ നിരീക്ഷണമാണ് എന്റെ കാതുകുത്ത് ഓർമ്മയുടെ അടിസ്ഥാനം. 

ഈ ഓർമ്മക്കഥയിൽ അലിഞ്ഞു തീരാതെ ബാക്കി നിൽക്കുന്നൊരു പാരീസ് മിട്ടായി മധുരമുണ്ട്. കാതുകുത്തിയ അതേ വർഷം പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ പൂർണ്ണിമ ജയറാം പെറുക്കികൂട്ടി വയ്ക്കുന്നത് പാരീസ് മിട്ടായിത്തൊലികളാണ്. അത് എൻെറ ജീവിതത്തിലെ ഒരു മൊണ്ടാഷ്. 

അജ്ഞാതയായ എന്റെ ഓർമ്മകൾക്ക് പോലും വിശദീകരണം എഴുതാനുള്ള അപാരജ്ഞാനത്തിന് നന്ദി, മേതിൽ. 


Login | Register

To post comments for this article