സൂര്യവംശം, ഭൂമിയെയും മരണത്തേയും കുറിച്ച്, പെൻഗ്വിൻ, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, കഥകളുടെയും കവിതകളിടേയും സമാഹാരം എന്നിങ്ങനെ നിരവധി പുസ്തകങ്ങളും ജന്തുസ്വഭാവ ശാസ്ത്ര സംബന്ധിയായ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തസറാക് ന് വേണ്ടിയെഴുതുന്ന പംക്തി: പതിനൊന്നാം മണിക്കൂറില്‍

ഏഴു പാപങ്ങളില്‍ ഒന്ന്


ഓര്‍മ്മകളുടെ പ്രകൃതവും രഹസ്യവും എന്തെന്നും, ഓര്‍മ്മകള്‍ എപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അറിയാവുന്നൊരു മന:ശാസ്ത്ര വിദഗ്‌ദ്ധന്‍ മറ്റൊരു വ്യക്തിയുടെ ഓര്‍മ്മയിലെ തകരാറു കാരണം ഒരു കോടതിയിലെ പ്രതിക്കൂട്ടില്‍ എത്തിപ്പെടുമായിരുന്ന അവസ്ഥ സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുക. ഒരു സംഭവ്യതയെ പൊട്ടാവുന്നിടത്തോളം വലിച്ചു നീട്ടലാകും അങ്ങനെയൊരു ശ്രമം. പക്ഷേ, അതാണ്‌ ഓര്‍ക്കാപ്പുറത്തൊരിക്കല്‍ ഡോക്ടർ ഡൊണാൾഡ് റ്റോംസന്‍റെ ജീവിതത്തില്‍ സംഭവിച്ചത്.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ ഒരു ദിവസം റ്റോംസണ്‍ ഒരു തല്‍സമയ ടെലിവിഷന്‍ അഭിമുഖ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുറത്തെവിടെയോ ആകസ്മികത ഇര തേടുകയായിരുന്നുവെന്ന് വിഭ്രാത്മക ശൈലിയില്‍ പറയാം. റ്റോംസണ്‍ അന്ന് പറഞ്ഞ കാര്യങ്ങളുടെ സ്ഥിതീകരണം പില്‍ക്കാലത്തെ പല ഗവേഷണങ്ങളിലും നിര്‍ണയങ്ങളിലും പ്രത്യക്ഷപ്പെടാന്‍ പോകുന്നു. ടെലിവിഷന്‍ പരിപാടിയ്ക്കു ശേഷം ഏറെ വിളംബമില്ലാതെ റ്റോംസന്‍ ഒരു അസംബന്ധ പരാതിയിലെ പ്രതിയായി. കാരണം, ആ കാലയളവിനുള്ളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടൊരു സ്ത്രീ റ്റോംസനാണ് തന്നെ പീഡിപ്പിച്ചതെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു!

ബൈബിള്‍ ഏഴു മാരക പാപങ്ങളെക്കുറിച്ച് പറഞ്ഞു. ജന്തുസ്വഭാവ ശാസ്ത്രത്തിന്‍റെ പ്രാരംഭകരില്‍ ഒരാളായ കോൺറാഡ്‌ ലോറന്‍സ് നാഗരികതയുടെ ഏഴു മാരക പാപങ്ങളെക്കുറിച്ച് പറഞ്ഞു. മസ്തിഷ്കം എങ്ങനെ ഓര്‍മ്മിക്കുവെന്നും മറക്കുന്നുവെന്നും അന്വേഷിച്ച ഡാനിയല്‍ ഷാക്റ്റര്‍ പറഞ്ഞത് ഓര്‍മ്മയുടെ ഏഴു പാപങ്ങളെക്കുറിച്ചാണ്. ശ്രദ്ധിക്കുക, "മാരകം" എന്ന വിശേഷണം ഷാക്റ്റര്‍ ബോധപൂര്‍വ്വം തഴഞ്ഞിരിക്കുന്നു. കാരണം, ബൈബിള്‍ പരാമര്‍ശിക്കുന്ന പാപങ്ങളില്‍ ചിലവയെങ്കിലും അതിരു കടന്ന് അനാവശ്യമായി മാറിയ മാനുഷിക ആവശ്യങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.  

ഷാക്റ്റലറുടെ പട്ടികയിലെ ഏതു പാപമാണ്  റ്റോംസനെ തിരിച്ചറിഞ്ഞ(?) സ്ത്രീ ചെയ്തത്?

ഉത്തരം:  മിസ്‌ആട്രിബ്യൂഷൻ.

ഒരു ഓര്‍മ്മയെ മറ്റൊന്നിന്‍റെ ഉറവിടവുമായി ബന്ധിപ്പിക്കലായിരുന്നു, അഥവാ ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയിലേക്ക് ഉടലോടെ മാറ്റലായിരുന്നു അവള്‍ തന്റെ ആരോപണത്തിലൂടെ ചെയ്തത്. തമ്മില്‍ത്തമ്മില്‍ ഇടഞ്ഞും ഇണങ്ങിയും പ്രതികരിക്കുന്ന മൂന്നു വസ്തുതകള്‍ ഒന്നിക്കുന്നതായിരുന്നു റ്റോംസന്‍റെ അവസ്ഥയെന്ന് ഗ്രഹിക്കാം. 

ഒന്ന്: കുറ്റാരോപണം നടത്തിയത് തന്‍റെ നിര്‍ദോഷിത്വത്തിന്‍റെ ഒരു ദൃക്‌സാക്ഷി ആകേണ്ടിയിരുന്നൊരു വ്യക്തി; അതായത്, കുറ്റം ചുമത്തപ്പെട്ടവന്‍ കൃത്യം നടന്ന നേരത്ത് മറ്റൊരിടത്തായിരുന്നു എന്ന വാദം മുന്നോട്ട് വെക്കേണ്ട വ്യക്തി. അസാധാരണമായൊരു ബാദ്ധ്യതാ നിരാകരണം, പക്ഷേ, അസാധാരണമായൊരു സ്മൃതിഭ്രംശത്തിലെ പ്രതികരണം.

രണ്ട്: ടെലിവിഷന് നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ റ്റോംസന്‍റെ മുഖ്യ വിഷയം കോടതിയില്‍ ദൃക്‌സാക്ഷികള്‍ നല്‍കുന്ന മൊഴിയുടെ അവിശ്വാസ്യതയായിരുന്നു.  ആ നിലയ്ക്ക് അതൊരു അറം പോലെയായിരുന്നു! -- തിരിച്ചു വരാത്ത ഇനത്തില്‍പ്പെട്ടൊരു ബൂമറാങ് അതെറിഞ്ഞ ആളുടെ നേര്‍ക്ക്‌ തിരിച്ചുവന്നത് പോലെ. (എല്ലാ ബൂമറാങ്ങുകളും തിരിച്ചു വരാറില്ല.)

മൂന്ന്‌: റ്റോംസന് നേരിടേണ്ടിവന്ന ആരോപണം അദ്ദേഹം ടെലിവിഷനില്‍ അവതരിപ്പിച്ച വാദത്തിന് അനുകൂലമായൊരു തെളിവുമായിരുന്നു.

ചലച്ചിത്രങ്ങളില്‍ മാത്രം പ്രതീക്ഷിക്കാവുന്ന ഇത്തരമൊരു സാംഗത്യം വിശകലനം ചെയ്യാന്‍ എനിക്കൊരു ചലച്ചിത്ര സങ്കേതത്തെത്തന്നെ അവലംബിക്കേണ്ടി വരുന്നു -- പലരും ഐസൻസ്റ്റീനുമായി ബന്ധിപ്പിക്കുന്ന സംയുക്ത ബിംബം (montage). അതിന്‍റെ ഒരു ഭാഷ്യമനുസരിച്ച്, ഏതെങ്കിലും ദൃശ്യ പരമ്പരയിലെ ഒരു ദൃശ്യം  പ്രേക്ഷകരില്‍ ഉണ്ടാക്കാവുന്ന പ്രതികരണം, അല്ലെങ്കില്‍ മാനസികാവസ്ഥ, അതിനു തൊട്ടു മുന്നിലും പിന്നിലുമുള്ള ദൃശ്യങ്ങളാല്‍ സ്വാധീനിക്കപ്പെടാം. 

ഓര്‍മ്മകള്‍ ചിലപ്പോള്‍ ഒരു സംയുക്ത ബിംബം പോലെ പ്രവര്‍ത്തിക്കാമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരോര്‍മ്മ സമയരേഖയില്‍ അതിന്‍റെ തൊട്ടു മുന്നിലും പിന്നിലുമുള്ള സംഭവങ്ങളുടെ സ്വാധീനത്തിലാവാം. ചിലപ്പോള്‍ ഒരു ദൃശ്യം തൊട്ടു മുന്നിലും പിന്നിലുമുള്ള ദൃശ്യങ്ങളുടെ തുല്യ സമ്മര്‍ദ്ദത്തില്‍ ഒരു മറവിയാകാം എന്നിടത്തോളം ഞാന്‍ സങ്കല്‍പ്പിച്ചിട്ടുണ്ട്. ഈ നിരീക്ഷണത്തിന്‍റെ ഭാഗികമായ ദൃഢീകരണമാണ് റ്റോംസന്‍ നേരിട്ട ദുരവസ്ഥ. വിഷയത്തിന്‍റെ സങ്കീര്‍ണതയും അത് വ്യക്തമാക്കുന്നു. 

റ്റോംസന്‍റെ ബിംബം എങ്ങനെയാണൊരു അപരിചിതയുടെ മനസ്സില്‍ കയറിക്കൂടിയത്?

തന്നെ ലൈംഗികമായി കയ്യേറിയ ഒരാളെ രക്ഷിക്കാന്‍ വേണ്ടി ഏതു പെണ്ണും ഏതെങ്കിലും അപരിചിതനെതിരായി പരാതി ബോധിപ്പിക്കാന്‍ ഇടയില്ല. അതൊരു ദുരൂഹമായ അസംബന്ധമാകും. ദുരൂഹം, ക്രൂരം, അപഹാസ്യം. പരാതി എന്ന നടപടി തന്നെ ഉപേക്ഷിക്കലാവും കുടുതല്‍ ഉചിതം, സ്വാഭാവികം. പക്ഷേ, അവള്‍ തനിക്കുണ്ടായ ദുരനുഭവത്തിന് ദൃക്‌സാക്ഷിയാകാന്‍ തയ്യാറായിരുന്നു. അപ്പോള്‍, എന്തടിസ്ഥാനത്തിലാണ് അവള്‍ റ്റോംസനെ തിരഞ്ഞെടുത്തത്? ശരിക്കും ആ സ്ത്രീക്ക് എന്താണ് സംഭവിച്ചത്? 

ബലാല്‍സംഗം നടന്നതിനു തൊട്ടു മുന്‍പ് അവള്‍ റ്റോംസന്‍റെ ടെലിവിഷന്‍ പരിപാടി കാണുകയായിരുന്നു! അങ്ങനെ റ്റോംസന്‍റെ മുഖം വിശദാംശ സഹിതം അവള്‍ക്കു പരിചിതം. പിന്നെ കുറ്റാന്വേഷകര്‍ വിവരം തിരക്കുമ്പോള്‍, ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍, ഒരു തിരിഞ്ഞുനോട്ടത്തില്‍ അവളുടെ മുന്നിലുള്ളത് ദൃശ്യങ്ങളുടെ ഒരു അടുക്കാണ്. ആപേക്ഷികമായി കൂടുതല്‍ ശ്രദ്ധയോടെയും മന:സാന്നിധ്യത്തോടെയും താന്‍ ടെലിവിഷനിലാണെങ്കിലും അവസാനമായി കണ്ട വ്യക്തിയുടെ മുഖം, റ്റോംസന്‍റെ മുഖം, കൂട്ടത്തില്‍ എടുത്തു പിടിച്ച നില്‍ക്കുന്നു. അവളുടെ ഓര്‍മ്മ പറയുന്നു, "അത് അയാളായിരുന്നു,  ഡൊണാൾഡ് റ്റോംസന്‍". 

എല്ലാം പറഞ്ഞു കഴിയുമ്പോള്‍ നാമോര്‍ക്കുക ഒരു പക്ഷേ പ്രജ്ഞാബദ്ധമായ നര്‍മ്മത്തിന്‍റെ ആശാനായിരുന്ന മാര്‍ക്ക്‌ ട്വയിൻ നടത്തിയൊരു ഏറ്റുപറച്ചിലായിരിക്കും: "എന്‍റെ ചെറുപ്പത്തില്‍ എന്തും എനിക്ക് ഓര്‍മിക്കാന്‍ കഴിയുമായിരുന്നു, അത് ശരിക്കും സംഭവിച്ചതായാലും അല്ലെങ്കിലും. പക്ഷേ എന്‍റെ കഴിവുകള്‍ ക്ഷയിക്കുകയാണ്. സംഭവിച്ചിട്ടില്ലാത്തതൊഴികെ മറ്റൊന്നും ഓര്‍മിക്കാന്‍ കഴിയാത്തൊരു അവസ്ഥയില്‍ വേഗം ഞാന്‍ എത്തും."

അപ്ഡേറ്റ്

മിക്കവാറും എല്ലാ ജീവിത സന്ദര്‍ഭങ്ങളിലും എവിടെ പ്രവൃത്തിയുണ്ടോ അവിടെയൊരു മൃതരേഖ (deadline) കാലഘടനയിലുണ്ട്. പണി മുഴുമിക്കാന്‍ ധാരാളം ഇളവുള്ള ഘട്ടങ്ങളിലെ ആലസ്യത്തില്‍ പലപ്പോഴും നമ്മെ ഞെട്ടിച്ചുണര്‍ത്തി ശാരീരിക വ്യവസ്ഥയെ ജാഗ്രത്താക്കുന്ന മൃതരേഖയുടെ അഡ്രിനാലിൻ സ്പര്‍ശം എനിക്കിഷ്ടമാണ്. പതിനൊന്നിനെ ചൂണ്ടുന്ന സൂചിയുടെ മുന ആ സ്പര്‍ശത്തിന്‍റെ ബിന്ദുവാണ്. വൈകിയ വേളയാണ് "പതിനൊന്നാം മണിക്കൂര്‍." എങ്കിലും അതില്‍ ചില ആനുകൂല്യങ്ങളുണ്ട്. ഉദാഹരണത്തിന്, അപ്ഡേറ്റിംഗ് -- ഈ കുറിപ്പ് പോലെ.        

രണ്ടു ദൃശ്യങ്ങളുടെ തുല്യ സമ്മര്‍ദ്ദത്തില്‍, ഇടയിലുള്ളൊരു ദൃശ്യം ഒരു മറവിയായി മാറാമെന്നു മുകളില്‍ പറയുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞ ചില ബിംബങ്ങളും വിചാരങ്ങളും എന്‍റെ എഴുത്തിനെ മുറിച്ച് കടക്കുകയായിരുന്നു. തൊട്ടു മുന്നിലുള്ള സന്ദര്‍ഭത്തില്‍ നിന്ന് തെന്നി  മാറി അതൊരു സ്വതന്ത്ര ധാരയായി. നോട്ട്പാഡിന്‍റെ മറ്റൊരു ചതുരത്തില്‍ അതിനെ പിന്തുടരാന്‍ ശ്രമിച്ചപ്പോള്‍ ആകൃതിയെടുത്തു വന്നത് "രണ്ട് ആടുകള്‍ക്കിടയില്‍" എന്ന തലക്കെട്ടുള്ളൊരു കവിതയായിരുന്നു. അടുത്തൊരു ദിവസം എവിടെയെങ്കിലും പ്രത്യക്ഷപ്പെടാവുന്ന ഈ ആടുകളിലൂടെ ഞാന്‍ യദൃച്ഛയാ ഓര്‍മ്മകളുടെ സഞ്ചാരത്തിന്‍റെ മറ്റൊരു താര കണ്ടെത്തുകയായിരുന്നു; ഒപ്പം കള്ളത്തെളിവ് ലക്ഷ്യമല്ലാത്തൊരു ദൃക്‌സാക്ഷിയുടെ ഓര്‍മ്മയില്‍ നിര്‍ണായക ദൃശ്യങ്ങളുടെ ശോചനീയമായ ചിന്നിച്ചിതറലും. 

സത്യത്തില്‍, ഡൊണാൾഡ് റ്റോംസന്‍ തന്നെ താല്‍ക്കാലികമായെങ്കിലും അന്ധാളിപ്പിലും മാനഹാനിയിലും എത്തിച്ച സ്ത്രീയുടെ ശോചനീയത ആഴത്തില്‍ അറിഞ്ഞിരിക്കുന്നു. അദ്ദേഹം 2010കളില്‍ ഏറെ വ്യഗ്രമായി പിന്തുടര്‍ന്ന വിഷയങ്ങളിലൊന്ന് സത്യസന്ധരായ ദൃക്‌സാക്ഷികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളായിരുന്നു. നിയമം അവര്‍ക്ക് സ്വച്ഛന്ദമായ വിവരണത്തിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് റ്റോംസന്‍ വാദിച്ചു. കാരണം, വിചാരണ ശഠിക്കുന്ന വിശദാംശങ്ങളും ഒരു ദൃക്‌സാക്ഷിയുടെ ഓര്‍മ്മയിലുള്ള വിശദാംശങ്ങളും തീര്‍ത്തും വിഭിന്നമാകാം. കോടതിച്ചിട്ടയില്‍ അടുക്കി വെക്കാന്‍ പാകത്തിലല്ല മസ്തിഷ്കത്തില്‍ ഓര്‍മ്മകള്‍ നിറയുന്നത്. ഇത് കൃത്യമായി ഗ്രഹിക്കാന്‍ നിയമപാലകര്‍ക്ക് ഓര്‍മ്മയുടെ ഉത്‌പത്തി തൊട്ട് അന്വേഷണം തുടങ്ങേണ്ടി വരും.

ഓര്‍മ്മ എന്ത്, എന്തിന്? അതിന്‍റെ ജീവശാസ്ത്രപരമായ ധര്‍മ്മം എന്ത്? നാം പാതയിലൂടെ നടക്കുമ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയാല്‍ കയ്യിലുള്ള കുട നിവര്‍ത്താം, കുടയില്ലെങ്കില്‍ ഏറ്റവും അടുത്തുള്ള മേല്‍ക്കൂരയുടെ ചുവട്ടിലേക്ക് പായാം. ഇത്രയും പറഞ്ഞു തരാന്‍ നമ്മുടെ മസ്‌തിഷ്‌കത്തിന് എന്നത്തെയെങ്കിലും മഴകൊള്ളലിനെക്കുറിച്ചുള്ള ഓര്‍മ്മയുടെ സമഗ്ര വിശദാംശങ്ങള്‍ ആവശ്യമില്ല; ഒരു ഏകദേശരൂപം ധാരാളം മതിയാകും. അതിനു പുറമേ, ചിലപ്പോള്‍, മഴയത്ത് നടന്നൊരു കത്തിക്കുത്തിന്‍റെ ദൃക്‌സാക്ഷിത്വത്തിന് മേല്‍ ദുര്‍വിചാരണ ഒരു കുട അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍, ഓര്‍മ്മകള്‍ സ്വയമറിയാതെ സൗകര്യപൂര്‍വ്വം അതിനു കീഴില്‍ കയറിക്കൂടും. 

സംഭവസ്ഥലത്ത് ഇല്ലായിരുന്ന ആ കുടയാണ് ഡാനിയല്‍ ഷാക്റ്റര്‍ രേഖപ്പെടുത്തിയ ഓര്‍മ്മയുടെ പാപങ്ങളില്‍ മറ്റൊന്നായ സജെസ്റ്റിബിലിറ്റി -- ബാഹ്യമായ അവാസ്തവിക സൂചനകള്‍ സ്വീകരിച്ച് വിടവുകള്‍ പൂരിപ്പിക്കല്‍. നാം വീണ്ടും മാര്‍ക്ക്‌ ട്വയിനിന്‍റെ സമര്‍ത്ഥ വചനത്തില്‍ എത്തുന്നു!


Login | Register

To post comments for this article