പത്രപ്രവര്‍ത്തനത്തില്‍ ബിരുദം. സംവിധായകനും തിരക്കഥാകൃത്തും. സദാചാരക്കവിതകള്‍, ടണല്‍ 33 എന്നിവ കവിതാസമാഹാരങ്ങളും എലി എലി ലാമ സബക്താനി കഥാസമാഹാരവുമാണ്‌. നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച 'ഏക' എന്ന ബഹുഭാഷാചലച്ചിത്രം സംവിധാനം ചെയ്തു. സുഷമ തോപ്പിലിനെ അമ്മയായി സ്വീകരിച്ചിട്ടുണ്ട്. കൂട്ടുകാരി അനുപമ. മകള്‍ നിള. പൂന്താനം അവാര്‍ഡും തോപ്പില്‍ രവി ഫൗണ്ടേഷന്‍ പ്രത്യേകജൂറി പുരസ്കാരവും ലഭിച്ചു.

ജോര്‍ജ്ജ് എന്ന മീന്‍ -3 : ഒഴുകി നടക്കുന്ന ജീവിതക്കഷണങ്ങൾ

കുടൽ കറിയും പച്ചരി ചോറുമായിരുന്നു ശങ്കറിനെ പോലെതന്നെ അയാൾ മുഖത്ത് നോക്കി സംസാരിച്ചിരുന്ന അപൂർവ്വം ആളുകളുടെയും ഭക്ഷണം. മുഖത്ത് നോക്കി സംസാരിക്കുക എന്നതിന് പ്രത്യേകതയുണ്ട്. എടുത്തു പറയാൻ കാരണം അതാണ്. ഒരു നരിക്കുറവനു എല്ലാവരുടെയും മുഖത്ത് നോക്കി സംസാരിക്കുക എന്നത് അസാധ്യമായിരുന്നു. ഭവ്യതയോടെ നിലത്തു നോക്കിയോ തലതാഴ്ത്തിയോ മാത്രമേ അയാൾക്ക് ആരോടെങ്കിലും സംസാരിക്കാൻ സാധ്യമായിരുന്നുള്ളൂ. 

പെരിയമേട്ടിലെ ഡെന്റൽ കോളേജിന് സമീപമുള്ള ചെറിയ ചേരിയിൽ തകരപ്പാട്ടകളും കാലാകാലങ്ങളായി മേൽക്കുമേൽ ഒട്ടിച്ച സിനിമാ പോസ്റ്ററുകളുടെ പേപ്പറും പശയും ഉണങ്ങിയ വലിയ പാളിയും ഒക്കെ കൊണ്ട് മറച്ചുണ്ടാക്കിയ ചായ്പ്പിൽ, ഉപ്പിട്ട് വേവിച്ച പച്ചരി ചോറും കുടൽ കറിയും അതിന്റെ കൊഴുത്ത ദ്രാവകവും കുഴച്ചു കഴിക്കുമ്പോൾ ആണ് ശങ്കർ ദ്രൗപദിയെ കണ്ടത്. 

പാർക്ക് സ്റ്റേഷനിലും പരിസരത്തുമായി കറങ്ങി നടക്കുന്ന ഒരു ഇരുണ്ട വേശ്യ. കറുത്ത ബലിഷ്ഠമായ ശരീരവും  വെടിച്ച ചുണ്ടുകളും ഉള്ള നഗരവധു. ശങ്കറിനോട് വലിയ വാത്സല്യമായിരുന്നു ദ്രൗപദിക്ക്. മിക്കവാറും കനിക്കു വേണ്ടി പല സമ്മാനങ്ങളും വാങ്ങി നൽകാറുണ്ട്. 

ഉറക്കച്ചടവോടെ ഇരുന്നു ചോറ് വെട്ടി വിഴുങ്ങുകയാണ് ദ്രൗപദി 

'എന്നാ അക്കാ പകലെങ്കിലും കിടന്നുറങ്ങിക്കൂടെ'

ശങ്കർ ചോദിച്ചു 

'നിന്റെ ഒക്കെ തേവിടിച്ചികളെപ്പോലെ ഞങ്ങളുടെ ഒന്നും അടുത്ത് ആരും തേടി വരില്ലെടാ , അങ്ങോട്ട് പോയി തന്നെ ഓരോരുത്തനേം നിര്ബന്ധിക്കണം, വേല പേശണം '

ദ്രൗപദി ഉച്ചത്തിൽ പറഞ്ഞു 

'കോളനീൽ വരുന്ന ഓരോരുത്തനും പെണ്ണുങ്ങളെ പൂശാൻ ആണ് വരുന്നതെന്ന് അറിയാം,  റെയിൽവേ സ്റ്റേഷനിലോ  മേൽപ്പാലത്തിൽ കൂടിയോ പോകുന്നവരെല്ലാം അങ്ങനല്ലല്ലോ, കയ്യിൽ ഭക്ഷണം കഴിക്കാൻ പോലും കാശില്ലാത്തവനോടാവും ചെലപ്പോ നമ്മള്  കെടക്കാൻ  വരുന്നോ എന്ന് ചോദിക്കുന്നത് .... ആമാശയം കത്തുമ്പോ ഏതെങ്കിലും അവനു കെടക്കാൻ  തോന്നുവോ ?'

ദ്രൗപദി പതിയെ ഒച്ച താഴ്ത്തി അവളുടെ മനസിലൂടെ ഏതൊക്കെയോ മുഖങ്ങൾ ഓർമ്മയിൽ പായുന്നുണ്ടെന്നു തോന്നി. ഒരുപക്ഷെ തലേദിവസം ആടിത്തീർത്ത നാടകത്തിന്റെ ഓർമ്മയുടെ ശകലങ്ങൾ  ഛർദിൽ പോലെ,  വെറുപ്പോലെ തുടച്ചു മാറ്റുന്ന പോലെ, ഉള്ളിൽ നിന്നും വന്നതാണെങ്കിലും അത് കാണുമ്പോൾ വീണ്ടും അറപ്പും ഛർദിലും തോന്നും. 

കടയിലെ കുപ്പമ്മാൾ ഇത് കേട്ട് തലയുയർത്തി 

'അത് വലിയ കഷ്ടമാണല്ലോ ദ്രൗപദിയെ, അങ്ങനൊക്കെ ഉണ്ടോ ?"

'ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട് , ഇന്നലെ രാത്രി അങ്ങനാരുന്നു , മഴ കാരണം രാത്രി തെരുവിൽ ആളുകൾ ഒന്നും ഇല്ലായിരുന്നു. അപ്പോഴാണ് ഒരു ചെക്കൻ അവിടെ നിൽക്കുന്നത് കണ്ടത്. എനിക്കാണെങ്കിൽ അന്ന് വലിയ കോളൊന്നും  ഒത്തില്ല.... കിടക്കുന്നതു കിട്ടട്ടെ എന്ന് പറഞ്ഞു ഞാൻ അവനെ കേറി പിടിച്ചു , പേശാനോനും നിന്നില്ല.' 

എന്നിട്ട് ?

ശങ്കറിനും ആകാംക്ഷയായി 

ദ്രൗപദി 

ഞാൻ മൊല രണ്ടും അവന്റെ മുഖത്തോട്ടു തള്ളി. ദുരിതം ഓർക്കണേ എങ്കിക്കു ഭയങ്കര ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. ഒരു തുകപോലും പറയാതെയാണ് ചെയ്യുന്നത് എന്നോർക്കണം.'

ദ്രൗപദി അൽപ്പനേരം നിർത്തിയിട്ടു കുറച്ചു വെള്ളം കുടിച്ചു. ഒരുപക്ഷെ അവൾക്കു കിതയ്ക്കുന്നുണ്ടായിരുന്നു. 

'ചെറുക്കൻ നാല് മാസം പ്രായമുള്ള കുട്ടികളെപ്പോലെ വലിച്ചു കുടിക്കാൻ തുടങ്ങി, ഞാൻ അവൻ്റെ  കടി വിടുവിച്ചിട്ടു ചെകിടത്തു ഒന്ന് കൊടുത്തു, ഉടനെ അവൻ പറയുവാ, വിശന്നിട്ടാ ചേച്ചീ .... എന്ന്

'ഞാൻ ആ ചെറുക്കനെ അപ്പോഴാണ് ശരിക്കും ഒന്ന് ശ്രദ്ധിച്ചത്. പതിനേഴോ പതിനെട്ടു വയസു പ്രായം കഷ്ടിച്ച് കാണും. മെലിഞ്ഞ മുഷിഞ്ഞ ഒരു പയ്യൻ. എനിക്കാകെ സങ്കടം തോന്നി. എന്റെ കയ്യിൽ ആണെങ്കിൽ കാശ് ഒന്നുമില്ല.'

'പിന്നെന്തു ചെയ്തു' 

ശങ്കർ ചോദിച്ചു 

'ഞാൻ ആ ചെറുക്കനെയും കൊണ്ട് കോർപ്പറേഷന്റെ കെട്ടിടത്തിന്റെ മതിൽ ചാടി. അവിടെ പിന്നാമ്പുറത്തു പച്ചക്കറി കൃഷിയുണ്ടല്ലോ ഞാനും ആ ചെറുക്കനും കൂടി കുറെ പഴുത്ത തക്കാളി പറിച്ചു തിന്നു...ചെടി നനയ്ക്കുന്ന പൈപ്പിൽ നിന്നും വെള്ളവും കുടിച്ചു. എന്നിട്ടു പുറത്തു ചാടി.' 

കുപ്പമ്മാൾ കുറച്ചു കൂടി ചോറ് ദ്രൗപദിക്ക് വിളമ്പി. അപ്പോഴേയ്ക്കും കടയിൽ വന്നിരുന്ന രണ്ടുമൂന്നു പേരും കഥയിൽ മുഴുകി ഇരിക്കുകയായിരുന്നു. 

'പിന്നെ ഞാൻ വീണ്ടും പാർക് സ്റ്റേഷനിൽ വന്നിരുന്നു ചുറ്റി തിരിയുമ്പോൾ ആണ് ആ സ്റ്റേഷൻ മാസ്റ്റർ വിളിക്കുന്നത്. അയാളുടെ കൂടെ ആ മറയിൽ കുറച്ചു നേരം കിടന്നു. പെട്ടന്ന് കാര്യം കഴിക്കുന്ന ആളാണല്ലോ അയാൾ..... എല്ലാം കഴിഞ്ഞു നോക്കുമ്പോൾ സ്റ്റേഷൻമാസ്റ്ററുടെ യൂണിഫോമിൽ തക്കാളിച്ചാറും തക്കാളി അരിയും.. കുറെ തെറി വിളിച്ചിട്ടാണെകിലും മുന്നൂറു രൂപ തന്നു.' 

'ഹോ രക്ഷപെട്ടു അല്ലെ '

ശങ്കറിന് ആശ്വാസമായി 

'അപ്പോഴല്ലേ ആ ചെറുക്കൻ ഈ സംഭവം  എല്ലാം നോക്കി അവിടെ  നിൽക്കുന്നുണ്ടായിരുന്നു.. അവൻ എന്റെ പിന്നാലെ തന്നെ നടക്കുന്നുണ്ടായിരുന്നു. ഞാൻ അവനെ വിളിച്ചു ഇരുനൂറു രൂപ കൊടുത്തു പൊക്കോളാൻ പറഞ്ഞു. പാവം ആ മഴയത്തു നടന്നു  പോകുന്നത് കണ്ടു. മലയാളിചെക്കൻ ആണ്.   

'ശോ ... വല്യ കഷ്ടപ്പാടായിപ്പോയി' 

ശങ്കറിന് നല്ല സങ്കടം വരുന്നുണ്ടായിരുന്നു 

'അതാ ഞാൻ പറഞ്ഞത് കോളനിക്കാർക് സുഖം ആണെന്ന്, അവിടെ വരുന്നവരൊക്കെ വലിയ ആൾക്കാർ അല്ലെ'

ദ്രൗപദി പരിഭവം പറഞ്ഞു 

'വല്യ ആൾക്കാർ ആണെങ്കിലും ഭയങ്കര ദ്രോഹം ചെയ്യും ദ്രൗപദീ 

പോകാൻ ഇഷ്ടമല്ലാത്ത പെണ്ണുങ്ങളേം അവർ പിടിക്കും , പിന്നെ കൊച്ചു കുഞ്ഞുങ്ങളേം, ആണുങ്ങളെ കേസിൽ പെടുത്തും ഉപദ്രവിക്കും' 

'എന്നാലും അങ്ങോട്ട് വരുന്നില്ലെടാ, നിനക്കറിയുമോ ഈ ഒന്നുമറിയാത്ത ആളുകളെ കയ്യാട്ടിയും മെയ്യിളക്കിയും വിളിക്കാൻ ഉള്ള പാട്... ജോലി അന്വേഷിച്ചു വരുന്നവരും ഭാര്യ മരിച്ചത് കൊണ്ട് നാട്ടിൽ പോകുന്നവരും ഒക്കെയാവും ... ഒരു ഇരുണ്ട വെളിച്ചത്തിന്റെ മറവിലാണ് നാവു നീട്ടിയും മുല പുറത്തിട്ടും സാരി ഉയർത്തി തുട കാണിച്ചും അയാളെ കുറച്ചു നേരത്തേയ്ക്ക് അയാളുടെ സങ്കടത്തിൽ നിന്നും പുറത്തു കടത്താൻ ....എന്നിട്ടു ജോലി കിട്ടുന്നത് വരെ വയറു നിറയ്ക്കാനോ ചത്ത ഭാര്യയ്ക്ക് കച്ച വാങ്ങാനോ വച്ച കാശിൽ നിന്നും അൽപ്പം നമ്മൾ പേശി വാങ്ങണം.'

'ഭാര്യ മരിച്ചവരൊക്കെ വരുമോ ...ഭാര്യ മരിച്ച അന്ന് തന്നെ ?'

' എനിക്കറിയില്ലായിരുന്നു .... ഒരുദിവസം അയാൾ വന്നു 

ഒരു ഒറീസക്കാരൻ ആയിരുന്നു ...ചതഞ്ഞ ചെമ്പു കമ്പിയുടെ രുചിയുള്ള ഒരു മനുഷ്യൻ ...അയാൾ വെറുതെ എന്റെ മേത്തൂടെ  കുതിച്ചു കൊണ്ടിരുന്നു, ഈ കഴുത്തറുത്ത കോഴിയുടെ പരാക്രമം പോലെ തോന്നി. റെയിൽ വേ സ്റ്റേഷന്റെ പിന്നിലെ ഞാവൽ മരത്തിന്റെ ചുവട്ടിൽ ആയിരുന്നു. എന്റെ കാലുകളിൽ ചരല് തുളച്ചു കയറുന്നുണ്ടായിരുന്നു എന്നിട്ടും ഞാൻ  കിടന്നു.... കുറച്ചു കഴിഞ്ഞപ്പോൾ അയാൾ 'കമലീ... കമലീ എന്ന് വിളിച്ചു കരയാൻ തുടങ്ങി' 

'കമലി ആരാ '

'അയാളുടെ ചത്ത് പോയ ഭാര്യ' 

ഇതേസമയം ചായ്പ്പിനു മുന്നിലെ ഓടയിലൂടെ പകുതിവേർപെട്ട ഒരു മലക്കഷണം ഒഴുകി വന്നു. ചോറും കുടൽ കറിയും കഴിച്ചു കൊണ്ടിരുന്ന നാലുപേരും എതിർവശത്തേയ്ക്കു തിരിഞ്ഞിരുന്നു കൊണ്ട് ചോറ് തിന്നുന്നത് തുടർന്നു. 

ജീവിതം അങ്ങനെ അപ്രതീക്ഷിതമായ പല ഒഴുക്കുകളിലൂടെയും ചാഞ്ചാടി നടന്ന ഒരു അറ്റം പൊട്ടിപ്പോയ മലക്കഷണമായിരുന്നു. എല്ലാവരും അവരവരുടേതായ ഓടകളിൽ കൂടി പാഞ്ഞു കൊണ്ടേയിരുന്നു.  ഒഴുകി നടക്കുന്ന ജീവിതക്കഷണങ്ങൾ .


Login | Register

To post comments for this article