പത്രപ്രവര്‍ത്തനത്തില്‍ ബിരുദം. സംവിധായകനും തിരക്കഥാകൃത്തും. സദാചാരക്കവിതകള്‍, ടണല്‍ 33 എന്നിവ കവിതാസമാഹാരങ്ങളും എലി എലി ലാമ സബക്താനി കഥാസമാഹാരവുമാണ്‌. നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച 'ഏക' എന്ന ബഹുഭാഷാചലച്ചിത്രം സംവിധാനം ചെയ്തു. സുഷമ തോപ്പിലിനെ അമ്മയായി സ്വീകരിച്ചിട്ടുണ്ട്. കൂട്ടുകാരി അനുപമ. മകള്‍ നിള. പൂന്താനം അവാര്‍ഡും തോപ്പില്‍ രവി ഫൗണ്ടേഷന്‍ പ്രത്യേകജൂറി പുരസ്കാരവും ലഭിച്ചു.

ജോര്‍ജ്ജ് എന്ന മീന്‍ 2 : ഒരു ജന്തുവിന്റെ കടൽയാത്ര

"നിന്‍റെ മോളെ എനിക്കൊന്നു കളിക്കാന്‍ തരുമോ" ?

ദുഷ്യന്ത് ശര്‍മ്മ പ്രത്യേകിച്ചൊരു ഭാവമാറ്റവും ഇല്ലാതെ ചോദിക്കുമ്പോള്‍ ശങ്കറിന് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹപാഠി പെന്‍സില്‍ ചോദിക്കുന്ന ലാഘവം പോലും അയാളില്‍ കാണാന്‍ കഴിഞ്ഞില്ല. ശങ്കര്‍ തുറിച്ചു നോക്കിക്കൊണ്ട് തന്നെയിരുന്നു.

"നീയെന്താ കണ്ണു മിഴിക്കുന്നത്, ഞാന്‍ നിന്‍റെ അമ്മയുടെ കൂടെ കിടന്നിട്ടില്ലേ, ഭാര്യയേയും അനിയത്തിയേയും കളിച്ചിട്ടില്ലേ? പിന്നെന്താ" ?

നേവല്‍ ക്വര്‍ട്ടേഴ്സില്‍ ആമയിറച്ചി കൊടുക്കാന്‍ വന്നപ്പോള്‍ ശങ്കര്‍ ഇങ്ങനെ ഒരു ചോദ്യം ദുഷ്യന്ത് ശര്‍മ്മയില്‍ നിന്നും കേട്ടിട്ടുണ്ടാവില്ല.

'സാറേ, അവള്‍ക്കു പത്തു വയസ്സായിട്ടേ ഉള്ളൂ ' 

ശങ്കര്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു, പക്ഷെ അത് ബോണ്‍സായ് ചെയ്യപ്പെട്ട ഒരു നിലവിളി തന്നെയായിരുന്നു.

'കള്ളം പറയരുത് ശങ്കര്‍, അവള്‍ക്കിപ്പോള്‍ പതിനൊന്നു വയസായി, നരിക്കുറവകോളനിയിലെ ഓരോ പെണ്ണും എപ്പോള്‍ ജനിക്കുന്നു, എപ്പോള്‍ തിരണ്ടുന്നു എപ്പോള്‍ വരളുന്നു എന്നൊക്കെ ഞാന്‍ ഡയറിയില്‍ എഴുതിക്കിയിട്ടുണ്ട്, നീ ഓര്‍ക്കുന്നുണ്ടോ നിന്‍റെ ഭാര്യ ചത്തപ്പോള്‍ ഇന്‍സ്പെക്സ്റ്റര്‍ അവളുടെ ജനനത്തീയതി എന്നെ വിളിച്ചാണ് ചോദിച്ചത്,  നരിക്കുറവകൂത്തിച്ചികളുടെ നാള്‍വഴി ആണെടാ എന്‍റെ കളിഡയറി'

ദുഷ്യന്ത് ശര്‍മ്മ ഇരുനൂറു രൂപയുടെ ഒരു പുതിയ നോട്ട് ശങ്കറിന് നീട്ടി. കൂടെ മുഷിഞ്ഞ ഒരു അമ്പതു രൂപയും.

'അമ്പതു രൂപയ്ക്കു നീ നല്ല സോപ്പും ഷാമ്പൂവും വാങ്ങി അവളെ കുളിപ്പിക്കണം, എന്നിട്ടു കൊണ്ടു വന്നാല്‍ മതി'

ശങ്കര്‍ നേവല്‍ ക്വര്‍ട്ടേഴ്സില്‍ നിന്നും തിരികെ നടക്കുമ്പോള്‍ അയാളുടെ കാലുകളില്‍ രണ്ട് ആട്ടുകല്ലുകള്‍ കെട്ടിയിട്ടത് പോലെ തോന്നിച്ചു. അയാള്‍ക്ക് അപ്പോള്‍ നടക്കുന്നത് ഏത് തെരുവിലൂടെയാണെന്ന് ഓര്‍ത്തെടുക്കാനായില്ല.

സിയേറാ ലിയോണിലോ പാപ്പൂവേ ന്യൂ ഗിനിയയിലോ ബുറുണ്ടിയിലോ കൊമോറോസിലോ എന്നുവേണ്ട ലോകത്തില്‍ എവിടെയാണെങ്കിലും അയാളുടെ തെരുവുകള്‍ ഈനിമിഷം അയാള്‍ക്ക് തിരിച്ചറിയുവാന്‍ കഴിയുമായിരുന്നില്ല.

ശങ്കര്‍ ഒരു നരിക്കുറവന്‍ ആയിരുന്നു. ജനിച്ചു വീഴുമ്പോള്‍ തന്നെ രാജ്യം കുറ്റവാളി എന്ന് മുദ്രകുത്തുന്ന വംശജന്‍. ക്രിമിനല്‍ ട്രൈബ് . ജക്കാള്‍ പീപ്പിള്‍. കഴുത്തിലും ഒരു വലിയ അരകല്ല് തൂങ്ങുന്നുണ്ടായിരുന്നു.

ശങ്കര്‍ കനിയെ കുളിപ്പിച്ചൊരുക്കി ദുഷ്യന്ത് ശര്‍മ്മയുടെ നേവല്‍ ക്വര്‍ട്ടേഴ്സില്‍ വിടുമ്പോള്‍ കനി അച്ഛനോട് പറഞ്ഞു.

'അപ്പാ, ഇന്ന് ജോര്‍ജിന് ആര് തീറ്റ കൊടുക്കും'

'ആരാ ജോര്‍ജ്? ശര്‍മ്മ ചോദിച്ചു 

'അതേ, ജോര്‍ജ്ജ് ഒരു മീന്‍ ആണ്. എന്‍റെ കൂട്ടുകാരനാ..'

വൈകിട്ട് ചൂണ്ടയില്‍ കോഴിക്കുടല്‍ കഷണങ്ങള്‍ കോര്‍ത്തിറക്കി അയാള്‍ കൂവം നദിയിലെ ചെളിക്കുണ്ടിനു മുന്നില്‍ കുത്തിയിരുന്നു. ചൂണ്ടയില്‍ കൊത്തി കരയ്ക്കെത്തിയ ജോര്‍ജ്ജിനോട് അയാള്‍ സംസാരിക്കാന്‍ ആരംഭിച്ചു. ഒരുപക്ഷെ ജീവിതത്തില്‍ ആദ്യമായാണ് നരിക്കുറവന്‍ അല്ലാത്ത മറ്റൊരു ജന്തുവുമായി അയാള്‍ തുല്യതയോടെ സംസാരിക്കാന്‍ തുടങ്ങുന്നത്.

ഇതേ സമയം സ്കൂളില്‍ പോകുന്നുണ്ടെന്നും എണ്ണാന്‍ അറിയാമെന്നും പറഞ്ഞ കനിയേക്കൊണ്ട് ദുഷ്യന്ത് ശര്‍മ്മ നെഞ്ചിലെ നരയും കറുപ്പും ഇടകലര്‍ന്ന രോമങ്ങള്‍ എണ്ണിക്കുകയായിരുന്നു.

പത്തക്കങ്ങള്‍ തെറ്റാതെ എണ്ണുമ്പോള്‍ അവള്‍ക്കു ഒരു ദ്രാക്ഷി തിന്നാന്‍ കിട്ടിയിരുന്നു . എണ്ണം തെറ്റിക്കുമ്പോള്‍ ഒക്കെ അവള്‍ക്കു ഉടലില്‍ നിന്നും കമ്മല്‍, മൂക്കുത്തി, മുടിപ്പിന്ന്, മേലുടുപ്പ് എന്നിങ്ങനെ  ഓരോന്ന് നഷ്ടമായിരുന്നു. കളി വാശിയോടെ പുരോഗമിച്ചു കൊണ്ടേയിരുന്നു.

ജോര്‍ജ്ജിന് വല്ലാത്ത അത്ഭുതം തോന്നി. 

മനുഷ്യരുടെ ഇടയിലും വേറെ വേറെ വര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നത് സത്യമാണത്രേ.! ബര്‍ത്തലോമിയോ പണ്ടത് പറയുമ്പോള്‍ വെറുതെ പുളുവടിക്കുന്നതാണെന്നാണ് തോന്നിയത്.

'ഞങ്ങള്‍ കൂരികള്‍ വെള്ളത്തിലെ ഏറ്റവും താണ വിഭാഗം മീനുകളായാണ് കരുതപ്പെടുന്നത്, എമ്പറര്‍ ഫിഷ്, റെഡ് സ്നാപ്പര്‍, റേ, ബാരാക്കുഡ തുടങ്ങിയ മീനുകള്‍ ആണ് വലിയ വിഭാഗക്കാര്‍ എന്നാല്‍ ഞങ്ങളെ വച്ച് നോക്കുമ്പോള്‍ അവര്‍ എണ്ണത്തില്‍ കുറവാണ്. ജോര്‍ജ്ജ് മീന്‍ ഭാഷയില്‍ പറഞ്ഞു.

'മീനുകളുടെ ഇടയിലും ഉണ്ടോ ഇങ്ങനെ...!, അതെന്താണ് കൂരികള്‍ താണ വിഭാഗക്കാര്‍ ആവുന്നത്' ? ശങ്കര്‍ ചോദിച്ചു.

'ഒന്ന് ഞങ്ങള്‍ ഏത് വെള്ളത്തിലും ജീവിക്കും, മലിനജലത്തിലും ജീവിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രയാസവും ഇല്ല. പിന്നെ എനിക്ക് തോന്നുന്നത് ഞങ്ങള്‍ എല്ലാം കഴിക്കുന്ന വിഭാഗക്കാരാണ്. ഉയര്‍ന്നവരായി കണക്കാക്കപ്പെടുന്നവര്‍ എല്ലാം കഴിക്കാറില്ല. എമ്പററും റെഡ് സ്നാപ്പറും ഒക്കെ ജീവനുള്ള ചെറിയ മീനുകളെ മാത്രമേ കഴിക്കാറുള്ളൂ, ഞങ്ങള്‍ ചീഞ്ഞവയെയും കഴിക്കും. പിന്നെ സ്വന്തമായി താവളം ഒന്നുമില്ല, അങ്ങനെ സഞ്ചരിക്കും'

ജോര്‍ജ്ജ് ഇത് പറഞ്ഞപ്പോള്‍ ശങ്കറിന് സന്തോഷമായി.

'ഞങ്ങള്‍ നരിക്കുറവരും കൂരികളെ പോലെയാണ്, സ്വന്തമായി താവളം എന്നൊന്നുമില്ല ഇങ്ങനെ സഞ്ചരിക്കും. പക്ഷെ ഒരു കാര്യം അറിയുമോ ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് പേടിയുള്ള കാര്യങ്ങള്‍ ചെയ്യുന്നവര്‍ ആയിരുന്നു . രാജാക്കന്മാര്‍ കാട് വെട്ടിത്തെളിച്ച് പുതിയ കൊട്ടാരം പണിയുമ്പോള്‍ അവിടെ വരുന്ന നരികളെയും മറ്റു മൃഗങ്ങളെയും വേട്ടയാടുന്ന ആളുകള്‍ ആയിരുന്നു ഞങ്ങള്‍ . കൊട്ടാരം പണി കഴിയുന്നത് വരെ ഞങ്ങള്‍ അവിടെ താമസിക്കും അത് കഴിഞ്ഞാല്‍ അവിടെ നിന്നും സഞ്ചരിക്കും'

അയാള്‍ ഗോത്രചരിത്രം മുഴുവനും ജോര്‍ജ്ജിനോട് പറഞ്ഞു.

'ഞങ്ങനെ കുറ്റവാളികളുടെ ഗോത്രം എന്നാണു മറ്റുള്ളവര്‍ വിളിച്ചിരുന്നത്, പ്രധാനമായും ആരോപിച്ചിരുന്ന കുറ്റം മോഷണം ആയിരുന്നു. എന്നാല്‍ മോഷണം എന്നാല്‍ എന്തെന്ന് കൂടി ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു' .

ഞങ്ങള്‍ ഓരോ സ്ഥലങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഓരോരോ ജീവികളെ മനുഷ്യന്‍ കെട്ടിയിട്ടിരിക്കുന്ന കണ്ടു. അവയുടെ കുട്ടികളെ കൊന്നു കളയുകയോ വില്‍ക്കുകയോ വേറൊരു സ്ഥലത്തു കെട്ടിയിടുകയോ ചെയ്യും. എന്നാല്‍ കെട്ടിയിടുന്നവര്‍ അവയെ കൊല്ലുകയോ തിന്നുകയോ ഉണ്ടായില്ല. അവയുടെ കുട്ടികള്‍ കുടിക്കേണ്ട പാല്‍ പിഴിഞ്ഞെടുക്കുന്നതും കണ്ടു .

ഒരു മൃഗത്തിന് മേല്‍ അല്ലെങ്കില്‍ ഒരു തുണ്ടു ഭൂമിയുടെ മേല്‍ ഉള്ള അധികാരം ഒരാളുടെയോ ഒരുകൂട്ടം ആളുകളുടെയോ അല്ല എന്നാണ് ഗോത്രങ്ങള്‍ പറയുന്നത്. അതിനാല്‍ ഞങ്ങള്‍ അവയെ തുറന്നു വിട്ടു. ആവശ്യമുള്ളവയെ വിശന്നപ്പോള്‍ മാത്രം കൊന്നു തിന്നു. അത് കഴിയുമ്പോള്‍ ആണ് ആളുകള്‍ വന്നു പറയുന്നത് അവര്‍ ആ ജന്തുക്കളുടെ  ഉടമകള്‍ ആയിരുന്നു എന്ന് ..! എത്ര വലിയ മണ്ടത്തരം, ഒരു ജന്തു എങ്ങനെയാണ് വേറൊരു ജന്തുവിന്‍റെ ഉടമസ്ഥന്‍ ആവുക ?'

ശങ്കര്‍ സങ്കടത്തോടെ പറഞ്ഞു നിര്‍ത്തി.

'ഞാന്‍ ഇതുവരെ വലിയ മനുഷ്യരെ കണ്ടിട്ടില്ല, അച്ഛനും ബര്‍ത്തലോമിയോയും പറഞ്ഞിട്ടുണ്ട് പലതരം മനുഷ്യരെ കുറിച്ച്. അച്ഛനും അമ്മയും ബര്‍ത്തലോമിയോയും ഒക്കെ കടലില്‍ താമസിക്കുന്ന സമയത്തു മറീനാ ബീച്ചില്‍ വരുന്ന പലതരം മനുഷ്യര്‍. വലിയ മനുഷ്യര്‍ കടലില്‍ കുളിക്കാനും ഉല്ലസിക്കാനും വരുന്നു ., ചെറിയവര്‍ വലിയവര്‍ക്കു തിന്നാനുള്ള ഭക്ഷണവും കുടിക്കാനുള്ള വെള്ളവും സന്തോഷം തരുന്ന പല സാധനങ്ങളും നടന്നു വില്‍ക്കുന്നു.

ചെറിയ മനുഷ്യരെ എല്ലാ ദിവസവും കാണാന്‍ സാധിക്കുന്നു. സന്തോഷം നല്‍കുന്ന സാധനങ്ങള്‍ വില്‍ക്കുമ്പോഴും അവര്‍ സന്തോഷവാന്മാരായി കാണാറില്ല'

ജോര്‍ജ്ജ് ബര്‍ത്തലോമിയോ പറഞ്ഞ വിവരങ്ങള്‍ ശങ്കറിനോട് പറഞ്ഞു.

'വലിയവരായി കണക്കാക്കപ്പെടണമെങ്കില്‍ നമ്മള്‍ എല്ലാം തിന്നരുത്, എല്ലാ സാഹചര്യങ്ങളിലും ജീവിക്കരുത്, എല്ലാ അപകടങ്ങളെയും പൊരുതി തോല്‍പ്പിക്കാമെന്നു കരുതരുത്, ദേഹം കറുത്തോ തഴമ്പിച്ചോ മുഷിഞ്ഞോ പോവുന്ന ഒരു കാര്യവും ചെയ്യരുതെന്നാണ് ബര്‍ത്തലോമിയോ കണ്ടുപിടുത്തം'.

'കനിയുടെ അപ്പായ്ക്ക് അറിയുമോ. കൂരികള്‍ തമ്മില്‍ അടിക്കാതിരുന്നെങ്കില്‍ സ്രാവുകളെ കാണുമ്പോള്‍ ചിതറി ഓടേണ്ടിവരുമായിരുന്നില്ല. കൂരികള്‍ക്കുള്ളിലും ഉണ്ട് വലിയവരും ചെറിയവരും വെള്ളക്കൂരി,കറുത്തകൂരി,മഞ്ഞക്കൂരി,ഏട്ടക്കൂരി എന്നിങ്ങനെ ഒരിക്കലും ഒന്നിക്കാതെ, പരസ്പരം കലഹിച്ചും പിണങ്ങിയും ഒറ്റപ്പെട്ടും കഴിയുന്ന പലപല കൂരികള്‍ ഒന്നിച്ചിരുന്നെങ്കില്‍ സ്രാവുകള്‍ക്കു പേടിയായേനെ എന്നാണു ബര്‍ത്തലോമിയോ പറയുന്നത്.

ജോര്‍ജ്ജ് പറഞ്ഞപ്പോള്‍ ശങ്കര്‍ കുറേനേരം ആലോചിച്ചിരുന്നു.

ആരാണ് ഈ ബർത്തലോമിയോ ? അയാളെ കാണാനായി എന്താണ് മാർഗം ?

ഒരുപക്ഷെ ഒരു നരിക്കുറവനായത്തിന്റെ എല്ലാ ദുരിതങ്ങളും പേറി ജീവിച്ച ശങ്കറിന്, പത്തുവയസുള്ള മകളെപ്പോലും ഒരു ശർമ്മയുടെ അധികാരത്തിനു മുന്നിൽ കാഴ്ചവയ്ക്കേണ്ടി വന്ന ഒരു നിസ്സഹായന് 

ബർത്തലോമിയോയിൽ നിന്നും അനേകം കാര്യങ്ങൾ പഠിക്കാൻ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. 

ശങ്കർ ജോർജ്ജോനോട് പറഞ്ഞു 

'എനിക്ക് ഒരുവട്ടം ഈ ബർത്തലോമിയോയോട് സംസാരിക്കാൻ കഴിയുമോ ?' 

'ബർത്തലോമിയോ സത്യത്തിൽ ഈ ചെളിക്കുണ്ടിൽ അല്ല താമസിക്കുന്നത്, കടലും പുഴയും ചേരുന്ന മേപ്പിയർ പാലത്തിന്റെ അടിയിലാണ്. അതും നിങ്ങള്ക്ക് അവിടെ ഏതാണ് കഴിയില്ല മനുഷ്യർ വെള്ളം കുറയുമ്പോൾ അതിലൂടെ നടന്നു പോകാറുണ്ട്. നിങ്ങൾക്ക് അങ്ങനെ സഞ്ചരിക്കാൻ പറ്റുമോ ?'

'നരിക്കുറവൻ   മനുഷ്യനല്ലല്ലോ, ജനിച്ചു വീഴുന്ന അന്ന് മുതൽ ആരും ഞങ്ങളെ മനുഷ്യർ എന്ന് വിളിച്ചിട്ടില്ല. ജോർജ്ജ്, ഒരിക്കൽ ആ ശർമ്മ എന്റെ മുഖത്ത് തുപ്പിക്കൊണ്ട് ചോദിച്ചതാണ് എന്തിനാണ് ഞങ്ങളുടെ പെണ്ണുങ്ങളെ മറ്റുള്ളവർ ചോദിക്കുമ്പോൾ ഞങ്ങൾ കൊടുക്കുന്നതെന്ന്. സത്യത്തിൽ അത് പണത്തിനും എന്തെങ്കിലും ലാഭത്തിനും വേണ്ടിയല്ല അറിയാമോ ? എന്റെ അമ്മയും അങ്ങനെ പോകുമായിരുന്നു ഭാര്യയും അങ്ങനെ പോകുമായിരുന്നു ഇപ്പോൾ എനിക്ക് മകളെയും കൊടുക്കേണ്ടി വന്നു. പക്ഷെ ഒരു കാര്യം അറിയാമോ ? ഞങ്ങളുടെ പെണ്ണുങ്ങളെ അവർ കൂടെ കിടക്കാൻ കൊണ്ട് പോകുമ്പോൾ ഞങ്ങൾ ആശ്വസിക്കും, അങ്ങനെ എങ്കിലും അവർ ഞങ്ങളെ മനുഷ്യരായി കാണുന്നുണ്ടല്ലോ എന്ന്.' 

ജോർജ്ജ് സങ്കടത്തോടെ കേട്ടിരുന്നു 

'പക്ഷെ അയാൾ ഉണ്ടല്ലോ ശർമ്മ, അയാൾ പറയുകയാണ് മനുഷ്യസ്ത്രീയായല്ല നരിക്കുരവപ്പെണ്ണുങ്ങളെ അവർ കൊണ്ട് പോകുന്നതെന്ന്. കുതിരസവാരക്കാരനായ ഒരാൾ കമ്പം തീർക്കാനായി കുതിരയെ വിലയ്ക്ക് വാങ്ങുന്നത് പോലെ മാത്രമാണ് അവർ ഞങ്ങളുടെ പെണ്ണുങ്ങളെ കൊണ്ടുപോകുന്നത്. ഒരു വിനോദമൃഗം മാത്രമാണ് നരിക്കുറവപെണ്ണുങ്ങൾ' 

ശങ്കർ ആകെ കിതയ്ക്കുന്നുണ്ടായിരുന്നു. ആഞ്ഞു ചുമച്ചു അയാളുടെ നെഞ്ചിന്കൂടിനുള്ളിൽ നിന്നും ചോരമയമുള്ള കഫം പറിഞ്ഞു വലിഞ്ഞു വെള്ളത്തിൽ വീണു. 

ജോർജ്ജ് ശങ്കറിന്റെ കണ്ണുകളിലേയ്ക്ക് നോക്കി 

അയാളിൽ പ്രതീക്ഷയുടെ ഒരു ചുട്ടുപഴുത്ത ഗോളം ഞരമ്പുകളിലൂടെ സഞ്ചരിച്ചു തുടങ്ങിയിരുന്നു. 

നോക്കിയിരിക്കെ മനുഷ്യനോ മൃഗമോ മൽസ്യമോ കൃമിയോ എന്ന് നിർവചനം ചെയ്യാൻ കഴിയാത്ത ഒരു ജന്മമായ ആ  ജീവപിണ്ഡം ജോർജ്ജ് എന്ന കുഞ്ഞു മീനുമൊത്തു മേപ്പിയർ പാലത്തിനടിയിലേയ്ക്ക് പാഞ്ഞു . പലപ്പോഴും ശങ്കറിന്റെ വാലും  ചിറകുകളും വെട്ടിച്ചുള്ള പായ്‌ച്ചിലിനൊപ്പം എത്താൻ കഴിയാതെ ജോർജ്ജ് കിതച്ചു. 

മാത്രമല്ല തികച്ചും അപകടകരമായ വേഗതയിലുള്ള പാച്ചിലിൽ കല്ലിലും മറ്റു പ്രതിബന്ധങ്ങളിലും മുട്ടിയും ഉരഞ്ഞും ശങ്കറിന്റെ ചെതുമ്പലുകൾ പോകുന്നുണ്ടായിരുന്നു. വേഗത്തിനൊത്തു ശ്വാസമെടുക്കാനുള്ള പ്രയാസത്തിൽ അയാളുടെ ചെകിളപ്പൂവുകൾക്കിടയിലൂടെ കറുത്ത കൂവം നദി വഴങ്ങിയൊഴുകി.  

ഈ സമയം കനിയും ദുഷ്യന്ത് ശര്‍മ്മയും തമ്മിലുള്ള കളിയില്‍ കനി പൂര്‍ണ്ണമായും തോറ്റിരുന്നു. ഉടലില്‍ ഒരു വസ്ത്രവും ഇല്ലാത്ത അവളെ ചേര്‍ത്തു പിടിച്ച് ശര്‍മ്മ പുതിയ ഒരു കളിക്ക് തുടക്കമിട്ടു . ഒരു പതിനൊന്നു വയസുകാരിയും നാല്‍പ്പതു വയസുകാരനും തമ്മിലുള്ള കളി എന്നതിനപ്പുറം വാശിയേറിയതായിരുന്നു മത്സരം.

ശര്‍മ്മ അവളുടെ കുഞ്ഞു കയ്യിലെ രേഖകള്‍ എണ്ണിത്തുടങ്ങി. ഓരോ പത്തു രേഖകളും കൃത്യമായി എണ്ണുമ്പോള്‍ ശര്‍മ്മ ജയിക്കുകയും കനി ശര്‍മ്മയ്ക്ക് ഒരു മുത്തം കൊടുക്കുകയും ചെയ്യണമായിരുന്നു.

ഓരോ തവണയും എണ്ണം തെറ്റുമ്പോള്‍ ശര്‍മ്മ തോല്‍ക്കുകയും അയാള്‍ക്ക് ഓരോന്നായി നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു. വാച്ച്, കണ്ണട, മോതിരം, മാല, പൂണൂല്‍, ഷര്‍ട്ട്, പാന്‍റ്  എന്നിങ്ങനെ വാശിയോടെ കളിച്ച കനി അയാളുടെ നഷ്ടപ്പെടലുകളുടെ വേഗം കൂട്ടി. ഒരുവേള അയാള്‍ അറിഞ്ഞു കൊണ്ട് തോല്‍ക്കുന്നതാണോ എന്ന് പോലും അവള്‍ക്കു സംശയം തോന്നി.

മേപ്പിയർ പാലത്തിനും കടലിടുക്കിനുമിടയിൽ എവിടെയും ശങ്കർ എന്ന വിചിത്രജന്തുവിനും ജോർജ്ജ് എന്ന മീനിനും ബർത്തലോമിയോയെ കണ്ടെത്താൻ കഴിഞ്ഞില്ല . അവർ ചോദിക്കാവുന്ന ചെവികളിലും വിളികേൾക്കാവുന്ന ദിക്കുകളിലുമെല്ലാം അന്വേഷിച്ചു. എന്നാൽ ബർത്തലോമിയോ എവിടെയായിരുന്നു എന്നറിയുന്നവർ ആരുമുണ്ടായിരുന്നില്ല. ചോദിക്കുന്ന മനുഷ്യരുടെയെല്ലാം മുഖത്തൊരു ചോദ്യചിഹ്നം മാത്രമായി ബർത്തലോമിയോയുടെ തിരോധാനം തികട്ടി നിന്നു.

ഇതേ സമയം ബർത്തലോമിയോ എന്ന സഞ്ചാരിയായ കൂറ്റൻ ഏട്ട മൽസ്യം കടലും താണ്ടി നാഴികകളോളം സഞ്ചരിക്കുകയായിരുന്നു. തികച്ചും ഒറ്റയ്ക്കുള്ള യാത്ര. ഒരു മീനും ഇങ്ങനെ അല്ലെങ്കിൽ ഇങ്ങനെ ഒരുദ്ദേശത്തോടെ സഞ്ചരിച്ചിട്ടുണ്ടാവില്ല. ബർത്തലോമിയോയുടെ   ശരീരം തളർന്നില്ല. വേഗത കൂടുന്തോറും അവൻ്റെ കണ്ണുകൾ ചുവന്നു വന്നു. 

ഇരുപത്തിയെട്ടു രാവും പകലുമായി അവൻ നീന്തുകയാണ്. ബർത്തലോമിയോ എന്ന അന്വേഷിയും പ്രഭാഷകനും. അയാളുടെ അജ്ഞാതമായ ലക്‌ഷ്യം അയാളെ ഒട്ടും തന്നെ തളർത്തിയിട്ടില്ല എന്നുറപ്പാണ്. 

ഒടുക്കം ബർത്തലോമിയോ അവിടെ എത്തിച്ചേർന്നു. ചീഞ്ഞഴുകിയ ഒരു മനുഷ്യശരീരം വെള്ളത്തിൽ പൊന്തി കരയിലെ ഏതോ മരക്കുറ്റിയിൽ ഉടക്കി നിൽക്കുന്നു. 

ബർത്തലോമിയോ ആ മനുഷ്യൻ്റെ  തുടയിൽ നിന്നും  കടിച്ചെടുത്തു തിന്നാൻ ആരംഭിച്ചു. ചീഞ്ഞ മനുഷ്യൻ്റെ ശവശരീരത്തിനു ചുറ്റും മറ്റനേകം ശവങ്ങളും ബർത്തലോമിയോയുടെ ശ്രദ്ധയിൽ പെട്ടു. വൃദ്ധനും വൃദ്ധയും മധ്യവയസ്കനും യുവാവും എല്ലാം അവിടെ ചീർത്തടിഞ്ഞിരുന്നു. 

അതിലൊരു ശരീരമാണ് കാതങ്ങൾ സഞ്ചരിച്ചു വന്ന ജോർജ്ജ് ഒരല്പമായി ഭക്ഷിക്കാനാരംഭിച്ചത്. ഒടുക്കം അവൻ കാത്തിരുന്നയാളെ അവൻ കണ്ടു. അവൻ   തിന്നുകൊണ്ടിരുന്ന മനുഷ്യശവത്തിൻ്റെ മറുവശം കഴിച്ചു കൊണ്ടിരിക്കുന്ന അയാൾ. അസാധ്യമായ ശാന്തതയും  തേജസും നിറഞ്ഞ ഒരു മനുഷ്യൻ. അതീവം സൂക്ഷ്മതയോടെ ആസ്വദിച്ചുകൊണ്ട് അയാൾ ബർത്തലോമിയോയെ നോക്കി വാത്സല്യത്തോടെ വശ്യമായി പുഞ്ചിരിച്ചു. 

ആസകലം ചാരത്തിൽ മുങ്ങിയ നരഭോജിയായ ഒരു വന്യമനുഷ്യൻ.  

                                                                                                                                                                                     (തുടരും ....)


Login | Register

To post comments for this article