പത്രപ്രവര്‍ത്തനത്തില്‍ ബിരുദം. സംവിധായകനും തിരക്കഥാകൃത്തും. സദാചാരക്കവിതകള്‍, ടണല്‍ 33 എന്നിവ കവിതാസമാഹാരങ്ങളും എലി എലി ലാമ സബക്താനി കഥാസമാഹാരവുമാണ്‌. നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച 'ഏക' എന്ന ബഹുഭാഷാചലച്ചിത്രം സംവിധാനം ചെയ്തു. സുഷമ തോപ്പിലിനെ അമ്മയായി സ്വീകരിച്ചിട്ടുണ്ട്. കൂട്ടുകാരി അനുപമ. മകള്‍ നിള. പൂന്താനം അവാര്‍ഡും തോപ്പില്‍ രവി ഫൗണ്ടേഷന്‍ പ്രത്യേകജൂറി പുരസ്കാരവും ലഭിച്ചു.

ജോര്‍ജ്ജ് എന്ന മീന്‍ 1 : കൂവം നദിയിലെ കറുത്ത വെള്ളം

ബര്‍ത്തലോമിയോയുടെ ആകാശയാത്രകള്‍ കുട്ടികളായ കൂരികളുടെ ഇടയിലെ ആവേശം നിറഞ്ഞ വീരകഥകള്‍ ആണ്. ചൂണ്ടയുടെ വളവില്‍ കടിക്കുന്ന ബര്‍ത്തലോമിയോയെ മീന്‍ കൊത്തി എന്ന വിശ്വാസത്തില്‍ കുട്ടികള്‍ ആഞ്ഞു വലിക്കുന്നു. വലിയുടെ ബലത്തില്‍ വെള്ളത്തിന് മുകളിലേയ്ക്കു ഉയരുന്ന ബര്‍ത്തലോമിയോ ആ ലാക്കിനു കണ്ണു മിഴിച്ചു വിശാലമായ ചെന്നൈ നഗരം കാണുന്നു. വിദഗ്ധമായി ചൂണ്ടയില്‍ നിന്നും കടിവിടുന്ന ബെര്‍ത്തലോമിയോ കുറേക്കൂടി ഉയര്‍ന്നു പറന്നതിനു ശേഷം തിരികെ വെള്ളത്തില്‍ വീഴുന്നു.  


ചവറ്റുകുട്ട കമിഴ്ത്തിയത് പോലെ ചിതറിക്കിടക്കുന്ന, മറ്റാര്‍ക്കും ഒരു കൗതുകവും തോന്നാത്ത കുമിഞ്ഞു കൂടിയ കുറെ വീടുകള്‍. അതിനു നടുവിലൂടെ ഊറി ഊറി ഒഴുകുന്ന അഴുക്കുചാലാണ് കൂവം നദി. അതിനെ നദി എന്ന് വിളിക്കുന്നവരെ കണ്ടാല്‍ തീര്‍ച്ചയായും ബഹുമാനിക്കണം. കാരണം അങ്ങേയറ്റം ഹൃദയവിശാലതയും ശുദ്ധതയും ഉള്ളവരാണവര്‍. നഗരത്തില്‍ക്കൂടി കടന്നുപോകുന്ന ഒട്ടുമിക്കവരും മൂക്ക് പൊത്തിക്കൊണ്ടും നെറ്റിചുളിച്ചുകൊണ്ടും ഒരു തികഞ്ഞ അഴുക്കുചാലായാണ് അതിനെ കാണുന്നത്. കറുത്ത് കൊഴുത്ത നുരയും കുമിളയും തടിമാടന്മാരായ രോഗാണുക്കളും ഉള്ള കൂവം നദി.


കൂവം നദിയുടെ അരികുകളില്‍ വെള്ളം വറ്റുന്ന വേനലുകളില്‍ ഉണ്ടാവുന്ന അനേകം കുഴികള്‍ ഉണ്ട് . അഴുക്കുവെള്ളം നിറഞ്ഞ ഇത്തരം കുഴികളില്‍ ഒന്നിലാണ് ജോര്‍ജ് എന്ന കുഞ്ഞു കൂരി മീന്‍ താമസിക്കുന്നത്.


ചേരിയിലെ പിള്ളേരും അച്ഛനും അമ്മയും ആമപിടിക്കാന്‍ വരുമ്പോള്‍ കൂടെയുള്ള നരിക്കുറവ പിള്ളേരും ചൂണ്ടയിടാന്‍ വരുന്നത് ഇത്തരം കുഴികളുടെ മുന്നിലാണ്. വേറെ ആരും ഈ നദിയിലെ മീനുകളെ തിന്നില്ല.


ജോര്‍ജിന്‍റെ ബന്ധുവായ വലിയ കൂരിയാണ് ബര്‍ത്തലോമിയോ. ചൂണ്ടയിടാന്‍ വരുന്ന കുട്ടികളെ കബളിപ്പിക്കുകയാണ് ചുവന്ന കണ്ണുകള്‍ ഉള്ള ബര്‍ത്തലോമിയോയുടെ ഇഷ്ടവിനോദം.


കൂവം നദിയില്‍ ഇത്രയധികം ആകാശയാത്രകള്‍ നടത്തിയ മറ്റൊരു മീനില്ല എന്ന് തന്നെ പറയാം. ഓരോ മീനച്ഛനും മീനമ്മയും കുട്ടികളെ ഉപദേശിക്കുക ബര്‍ത്തലോമിയയെ പോലാവരുത് എന്നാണ്. അതീവ സാഹസികനായ ബര്‍ത്തലോമിയയുടെ ആകാശയാത്രകള്‍ എല്ലാ മീനുകളെയും ഒരേ സമയം ത്രസിപ്പിക്കുകയും അതേസമയം ഭീതിയിലാഴ്ത്തുകയും ചെയ്യും .


ചേരിപ്പിള്ളേരും നരിക്കുറവപ്പിള്ളേരും അവരുടെ ചൂണ്ട പൊട്ടിക്കുന്ന ബര്‍ത്തലോമിയോ എന്ന കൂറ്റന്‍ എട്ടക്കൂരിയെ അടുത്ത മഴക്കാലത്തിനുമുന്‍പ് പിടിക്കും എന്ന് ശപഥം ചെയ്യുന്നത് വളരെ ഭയത്തോടെയാണ് മറ്റു മീനുകള്‍ കേള്‍ക്കുന്നത്.


ബര്‍ത്തലോമിയോയുടെ ആകാശയാത്രകള്‍ കുട്ടികളായ കൂരികളുടെ ഇടയിലെ ആവേശം നിറഞ്ഞ വീരകഥകള്‍ ആണ്. ചൂണ്ടയുടെ വളവില്‍ കടിക്കുന്ന ബര്‍ത്തലോമിയോയെ മീന്‍ കൊത്തി എന്ന വിശ്വാസത്തില്‍ കുട്ടികള്‍ ആഞ്ഞു വലിക്കുന്നു. വലിയുടെ ബലത്തില്‍ വെള്ളത്തിന് മുകളിലേയ്ക്കു ഉയരുന്ന ബര്‍ത്തലോമിയോ ആ ലാക്കിനു കണ്ണു മിഴിച്ചു വിശാലമായ ചെന്നൈ നഗരം കാണുന്നു. വിദഗ്ധമായി ചൂണ്ടയില്‍ നിന്നും കടിവിടുന്ന ബെര്‍ത്തലോമിയോ കുറേക്കൂടി ഉയര്‍ന്നു പറന്നതിനു ശേഷം തിരികെ വെള്ളത്തില്‍ വീഴുന്നു.


ഈ വീഴ്ചയ്ക്കിടയില്‍ ബര്‍ത്തലോമിയോ കണ്ണുമിഴിച്ചു കാണുന്ന കാഴ്ചകളുടെ വിവരണത്തില്‍ കൂടിയേ മറ്റു മീനുകള്‍ക്ക് ഒച്ചയുണ്ടാക്കി ചീറിപ്പായുന്ന സബര്‍ബന്‍ തീവണ്ടിയെ കുറിച്ചും വില്ലുപുരം-ട്രിച്ചി-കന്യാകുമാരി റോഡിന്‍റെ തിരക്കിനെ കുറിച്ചും അറിയുകയുള്ളൂ. നിരവധി ഹോട്ടല്‍ മാലിന്യങ്ങള്‍ കൂവം നദിയില്‍ എത്താറുണ്ടെങ്കിലും ജീവനോടെ ഒരു ഹോട്ടല്‍ കണ്ട മീനായി ബര്‍ത്തലോമിയോ മാത്രമേ ഉള്ളൂ. റോയല്‍ റീജന്‍സിയും ഹോട്ടല്‍ എവറസ്റ്റും ഒക്കെ ആ വിവരണങ്ങളില്‍ നിറയുന്നു. ഗാന്ധി ഇര്‍വിന്‍ പാര്‍ക്കും വരസിദ്ധിവിനായക ക്ഷേത്രവും എന്നിങ്ങനെ എന്നിങ്ങനെ അനേകം കാഴ്ചകളാണ് ബര്‍ത്തലോമിയോ കണ്ടിട്ടുള്ളത്. നിഗൂഢമായ ആശ ഉള്ള ചില കൂരിമീനുകള്‍ ചൂണ്ടയില്‍ കടിക്കാന്‍ ധൈര്യം ഇല്ലാതെ എന്നാല്‍ ആകാശയാത്ര നടത്താന്‍ ആഗ്രഹം മൂത്ത് വെള്ളത്തിന് മുകളിലേയ്ക്കു എടുത്തു ചാടാറുണ്ട്. അവര്‍ മിക്കവാറും കാണുന്നത് വെളിക്കിരിക്കുന്ന മനുഷ്യരുടെ ചന്തികളും എസ് കെ എം ചര്‍ച്ചും ഒക്കെയുള്ള നദിയുടെ ഇക്കരെയാണ്. അവരെ ബര്‍ത്തലോമിയോ വല്ലാതെ കളിയാക്കും.


അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ജോര്‍ജിന്‍റെ മുന്നില്‍ ഒരു കുഞ്ഞു ചൂണ്ട വന്നുവീഴുന്നത് . ബര്‍ത്തലോമിയോ കൊത്തുന്നത് പോലെ ഒരു വലിയ പത്താം നമ്പര്‍ ഏട്ടച്ചൂണ്ട അല്ല ഒരു കുഞ്ഞു ചൂണ്ട. അവന്‍ കുറച്ചു നേരം ആലോചിച്ചു നിന്നു, ഒരു ആകാശയാത്ര നടത്തിയാലോ ? അമ്മ അടുത്തില്ല ആരും ശ്രദ്ധിക്കുന്നുമില്ല.


സെന്‍ട്രല്‍ സ്റ്റേഷന്‍റെ കമാനവും ഫുട്ബോള്‍ സ്റ്റേഡിയത്തിന്‍റെ വിളക്കുകളും അവനും കാണണം എന്ന് തോന്നി.


ജോര്‍ജിന് പക്ഷെ പിഴച്ചു 


അവന്‍ കടിച്ചത് ചൂണ്ടയുടെ കൊളുത്തില്‍ തന്നെയായിരുന്നു. ചുണ്ടിലൂടെ അത് തുളഞ്ഞു കയറി. ഉടനെ അതില്‍ കെട്ടിയിരുന്ന നൂല്‍ വലിയുന്നതായി അവനു മനസിലായി. വെള്ളത്തിന് മുകളില്‍ എത്തിയപ്പോള്‍ അവന്‍ കുറച്ച് ആകാശവും പെട്ടികള്‍ പോലെ അടുക്കിയ കെട്ടിടങ്ങളും കണ്ടു. പെട്ടന്നൊരു ഒച്ചയാണ് അവന്‍റെ ശ്രദ്ധ തിരിച്ചത്. ആറോ ഏഴോ വയസുള്ള ചുരുണ്ട മുടിയുള്ള ഒരു സുന്ദരിയായ കറുത്ത പെണ്‍കുട്ടി.അവള്‍ സന്തോഷത്തോടെ തുള്ളിച്ചാടി 


'അപ്പാ , മീന്‍ കെടച്ചാച്ച്, മീന് മീന് പെരിയ മീന്.


അവളുടെ അച്ഛന്‍ ഓടി വന്നു നോക്കി. ആദ്യമായി മകള്‍ ഒരു മീന്‍ പിടിച്ചിരിക്കുകയാണ്. അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു.


അവളുടെ അച്ഛന്‍ ജോര്‍ജിന് മുന്നില്‍ വന്നു നോക്കി. 

'കെയുത്തി മീന്‍ ആണമ്മാ, മീന്‍ തുടുപ്പ്  ഉണ്ടാവും, തൊടണ്ട.


ജോര്‍ജ്ജിന് താന്‍ ഒരു കൂരി ആണെന്നതിലും തനിക്കു മൂര്‍ച്ചയുള്ള കൊമ്പ് ഉണ്ടെന്നതിലും വലിയ അഭിമാനം തോന്നി, മനുഷ്യര്‍ എത്രമാത്രം ഭീരുക്കള്‍ ആണെന്നും. 


പെണ്‍കുട്ടിയുടെ അച്ഛന്‍ ചൂണ്ട ചുണ്ടില്‍ നിന്നും ഊരി എടുത്തു ജോര്‍ജ്ജിനെ നിലത്തിട്ടു.


'പാവം, അവന്‍റെ ചുണ്ടു വേദനിക്കില്ലേ?. 

 പെണ്‍കുട്ടിയുടെ മുഖം വാടി


'ഇല്ലമ്മാ മീനിന് വേദനയൊന്നും എടുക്കില്ല, മനുഷ്യരെപ്പോലെയല്ല.


അയാള്‍ ജോര്‍ജ്ജിനെ തിരികെ വെള്ളത്തില്‍ ഇടാനാണ് പറയുന്നത്. ചെറിയ മീനാണ് വിട്ടേക്കൂ എന്ന്. ആ പെണ്‍കുട്ടി ഒരു ചെറിയ ഇല പറിച്ചെടുത്തു അതും കൂട്ടി അവന്‍റെ തലയില്‍ പിടിച്ചെടുത്തു. ജോര്‍ജ് തന്‍റെ കൊമ്പ് അവളുടെ കയ്യില്‍ സ്പര്‍ശിച്ചു മുറിവേല്‍ക്കാത്ത രീതിയില്‍ ഒതുക്കി വച്ചു. അവളവനെ പതിയെ അഴുക്കുവെള്ളത്തിലേയ്ക്ക് തിരികെ വിട്ടു.


തിരികെ വെള്ളത്തില്‍ എത്തിയപ്പോള്‍ തന്നെ ആരെങ്കിലും കണ്ടോ എന്ന് ജോര്‍ജ്ജ് നോക്കി. അതായത് കുറച്ചു നേരം താന്‍ വെള്ളത്തില്‍ നിന്നും പോയിട്ടും ആര്‍ക്കും മനസിലായിട്ടില്ല. ജോര്‍ജ്ജിന് സന്തോഷം തോന്നി. ബെര്‍ത്തലോമിയോ കണ്ടത് പോലെ അത്രയും വിശാലമായി കണ്ടില്ലെങ്കിലും താനും കുറച്ചു നേരം പുറം ലോകം കണ്ടു. മാത്രമല്ല ഒരു മനുഷ്യക്കുട്ടി തന്നെ തൊടുകയും ചെയ്തു.


ജോര്‍ജ്ജ് അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പൊക്കം കുറഞ്ഞ ചുരുണ്ട മുടിയും ഗോലി പോലെയുള്ള കണ്ണുകളും ഉള്ള പെണ്‍കുട്ടി. പാര്‍ക്ക് സ്റ്റേഷന്‍റെ അവിടെ ഹോട്ടല്‍ മാലിന്യം ഇടുന്ന സ്ഥലത്തു അവന്‍ പലവട്ടം കണ്ടിട്ടുള്ള കരിമ്പച്ച നിറമുള്ള ഗോലികള്‍ അവനു ഓര്‍മ്മ വന്നു.


അങ്ങനെ ആകാശ സഞ്ചാരം ഓര്‍ത്തു ഇരുന്നപ്പോള്‍ ആണ് ആ ചൂണ്ട വീണ്ടും അവന്‍റെ മുന്നില്‍ വന്നു വീണത്. ഗോലിക്കണ്ണുള്ള ആ പെണ്‍കുട്ടി തന്നെ ആവണം. ഇത്തവണയും അവന്‍ ചൂണ്ടയില്‍ കൊത്തി.


'നീയിതുവരെ പോയില്ലേ?.

ജോര്‍ജ്ജ് അവളെ നോക്കി ഇല്ല എന്ന് തലയാട്ടി 

'അപ്പാ അതേ മീന്‍ തന്നെ പിന്നേം കൊത്തി'.


'ഓ നിന്നോട് കൂട്ട് കൂടാന്‍ വന്നതാവും, വിട്ടുകള കനീ കുഞ്ഞു മീനിനെ ഒന്നും കൊല്ലണ്ട'


പെണ്‍കുട്ടി ജോര്‍ജ്ജിനോട് ചോദിച്ചു 

'നീ കൂട്ട് കൂടാന്‍ വന്നതാ'.?


ജോര്‍ജ്ജ് അതിനും തലയാട്ടി


പിന്നീട് അതൊരു സ്ഥിരം ശീലമായി മാറി. കനി എന്ന പെണ്‍കുട്ടി ഇരപോലും കോര്‍ക്കാതെ ചൂണ്ടയിടുമ്പോള്‍ ജോര്‍ജ്ജ് അതില്‍ പോയി കൊത്തും. അവള്‍ മെല്ലെ അവനെ കരയില്‍ എടുക്കും. ആദ്യമൊന്നും ഈ അപൂര്‍വ്വ ചങ്ങാത്തം ആരും വിശ്വസിച്ചില്ല. എങ്കിലും പതിയെ ചേരിയിലെ മറ്റു കുട്ടികളും കനിയുടെ കൂടെ കൂടി ജോര്‍ജ്ജിനെ സ്വന്തം സംഘത്തില്‍ ചേര്‍ത്തു.


കനിയുടെ അച്ഛന്‍ ശങ്കര്‍ ഒരു നരിക്കുറവനായ മീന്‍ പിടുത്തക്കാരന്‍ ആയിരുന്നു. ആമകളെ ചെളിയില്‍ അന്വേഷിക്കുന്ന സമയത്താണ് കനി പുഴക്കരയില്‍ ഇരുന്നു ചൂണ്ടയിടുന്നത്. കനിയുടെ അമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയതാണ്. വളരെ സങ്കടത്തോടെയാണ് കനി ആ കഥ പറഞ്ഞത്. അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.


'സങ്കടപ്പെടുന്നതെന്തിനാ എന്‍റെ അമ്മയും മരിച്ചു പോയതാ ' 


ജോര്‍ജ്ജ് അവളെ ആശ്വസിപ്പിക്കാനായി ജോര്‍ജ്ജിന്‍റെ അമ്മ തബീഥ പ്രേതവലയില്‍ പെട്ട് ഇഞ്ചിഞ്ചായി മരിച്ച കഥ പറഞ്ഞു. ആ മരണത്തിനു ശേഷം അവനെയും കൂടെ ചേര്‍ത്തു മേപ്പിയര്‍ പാലത്തിനടിയിലൂടെ അവന്‍റെ അച്ഛന്‍ കറുത്തനദിയിലേക്കു പലായനം ചെയ്ത കഥ.


ജോര്‍ജ്ജും അച്ഛന്‍ ശമുവേലും അമ്മ തബീഥയും അക്കാലത്തു കടലില്‍ ആയിരുന്നു ജീവിച്ചത്. സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു കൂരിക്കുടുംബം. അവരുടെ സന്തോഷത്തിന്‍റെ തീരത്തിലേയ്ക്ക് പ്രേതവലകള്‍ വന്നടിഞ്ഞത് അക്കാലത്താണ്. മനുഷ്യര്‍ മീന്‍പിടിത്തത്തിനു ഉപയോഗിക്കുന്ന വലകള്‍ നന്നാക്കാനാവാത്തവിധം കേടാവുമ്പോള്‍ കേടായവലയെല്ലാം വലിയ ഗോളങ്ങളാക്കി കടലില്‍ ഉപേക്ഷിക്കും. ദ്രവിച്ചു പോവാത്ത ഈ വലകള്‍ വെള്ളത്തിന്‍റെ അടിത്തട്ടില്‍ അങ്ങനെ കാലാകാലങ്ങളോളം കിടക്കും ചിലതിന്‍റെ കെട്ടഴിയും അതൊക്കെ അടിത്തട്ടില്‍ അങ്ങനെ പാറി നടക്കും. പ്രേതവലകള്‍ ഏതൊരു മീന്‍ കൂട്ടത്തിന്‍റെയും പേടിയാണ്.


അത്തരം ഒരു പ്രേതവലയിലേക്കാണ് ജോര്‍ജ്ജിന്‍റെ അമ്മ അറിയാതെ ഓടിക്കയറിയത്. കൂരികളുടെ മുതുകിലെ മുള്ളു വളരെ ബലമേറിയതാണെങ്കിലും അരം ഉള്ളതിനാല്‍ കുടുങ്ങിയാല്‍ ഊരിയെടുക്കാന്‍ കഴിയില്ല. അമ്മയുടെ രണ്ടു മുള്ളുകള്‍ വലയില്‍ കുടുങ്ങി കുരുങ്ങിപ്പിണഞ്ഞു. ബര്‍ത്തലോമിയോ ആണ് ജോര്‍ജ്ജിന്‍റെ അമ്മയെ സഹായിക്കാന്‍ ആദ്യത്തെ എത്തിയത്. അവന്‍ അന്ന് രാവിലെ ശമുവേലിനോട് കലഹിച്ചിരുന്നു. എങ്കിലും ഒരു പിണക്കവും കൂടാതെ അവന്‍ അപകടസ്ഥലത്തു പാഞ്ഞെത്തി. പ്രേതവല കുടുങ്ങിയ തബീഥയുടെ ദേഹം വളയാതിരിക്കാന്‍ അവന്‍ പരമാവധി നോക്കി. കൂരികളുടെ ദേഹം വളഞ്ഞാല്‍ കശേരുക്കള്‍ പെട്ടന്ന് പോറ്റാന്‍ സാധ്യതയുണ്ട്.


തബീഥയുടെ നട്ടെല്ല് പൊട്ടാതെ മൂന്നു ദിവസം ബലം പിടിച്ചു നില്‍ക്കാന്‍ ബര്‍ത്തലോമിയോയ്ക്കു കഴിഞ്ഞു എങ്കിലും വലയില്‍ നിന്നും അവളെ രക്ഷപെടുത്താന്‍ കഴിഞ്ഞില്ല. ഈ സമയമത്രയും ശമുവേലും കൂട്ടുകാരും 

വല കടിച്ചു മുറിക്കാന്‍ പാട് പെടുകയായിരുന്നു. ഒരുപക്ഷെ അവര്‍ വിജയിക്കുകയും ചെയ്തേനെ .പക്ഷെ പ്രേതവലകള്‍ കൂടുതലായി വന്നു കൊണ്ടേയിരുന്നു. മനുഷ്യര്‍ കൂട്ടമായി പ്രേതവലകള്‍ വെള്ളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.


തബീഥയെ രക്ഷിക്കാന്‍ നിന്നാല്‍ മറ്റുമീനുകളും അപകടത്തില്‍ ആവുമായിരുന്നു. ഇതിനിടെ ബര്‍ത്തലോമിയോയുടെ അരികിലെ കൊമ്പ് വലയില്‍ ഉടക്കി. ബര്‍ത്തലോമിയോ മുള്ളു വിടുവിക്കാന്‍ നോക്കിയ സമയത്തു തബീഥയുടെ നട്ടെല്ല് ഒടിഞ്ഞു പോയി.


ജോര്‍ജ് അന്ന് നീന്താന്‍ തുടങ്ങിയതേ ഉള്ളായിരുന്നൂ. അവനെയും കൊണ്ട് ശമുവേല്‍ കൂവം നദിയിലെ കൊഴുത്ത വെള്ളത്തിലേക്ക് ഓടിപ്പോന്നു. ഇടക്കിടെ ശമുവേല്‍ പ്രേതവലയുടെ അരികെ പോയി നോക്കുമായിരുന്നു. തബീഥയുടെ അസ്ഥികൂടം അവിടെ കുരുങ്ങിക്കിടന്നിരുന്നു കുറേക്കാലം. പിന്നീട് അതും ദ്രവിച്ചു പോയി.


ജോര്‍ജ്ജിന്‍റെ അമ്മയുടെ കഥ കേട്ടപ്പോള്‍ എല്ലാവര്‍ക്കും സങ്കടമായി 

കനി കരയുകയായിരുന്നു. അന്ന് ജോര്‍ജ്ജിനെ വെള്ളത്തിലേക്ക് തിരികെ വിട്ടത് മറ്റൊരു ആണ്‍കുട്ടി ആയിരുന്നു. വെള്ളത്തില്‍ വിടുന്നതിനു മുന്‍പ് അവന്‍ ജോര്‍ജിനോട് രഹസ്യം പറഞ്ഞു.


"അതേയ് ... കനിയുടെ അമ്മയെ കൊന്നതാ"


(തുടരും ...)


Login | Register

To post comments for this article