ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.

കാട് പൂക്കുംകാലം

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം 30

വേട്ടക്കാലം തീരാറായി. ഇപ്പോള്‍ വേട്ട സംഘങ്ങളില്‍ തന്നെ വലിയ ഉത്സാഹമില്ല. ഇപ്രാവശ്യം വേട്ടയില്ലാത്തത് മാത്രമല്ല പ്രശ്നം; വേനല്‍ ചൂടും കൂടിയായിരുന്നു. കിണര്‍ ഏകദേശം വറ്റിയിരിക്കുന്നു. കുടിക്കാന്‍ പോലും കളിമണ്ണ് കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നത്. ആത്മാക്കളെ സന്തോഷിപ്പിക്കാനുള്ള പൂജകള്‍ മുറക്ക് നടന്നു. പക്ഷെ ഒന്നും ഫലം കാണുന്നില്ല. പെരിയോരെ ആരും ഇപ്പോള്‍ പൈത്തിയര്‍ വൈത്തിയര്‍ എന്ന് കളിയാക്കി വിളിക്കാറില്ല; അയാള്‍ പറഞ്ഞിരുന്ന പോലെ തന്നെ സംഭവിക്കുന്നു. ആത്മാക്കളല്ല, കാട് തന്നെയാണ് കോപിച്ചിരിക്കുന്നതെന്ന പോലെ. സഹിക്കാവുന്നതില്‍ കൂടുതലുള്ള ഉപദ്രവമായപ്പോള്‍ തിരിച്ചടിച്ചു തുടങ്ങിയ പോലെ. തനിക്കുള്ളില്‍ മൃഗങ്ങളെ ഒളിപ്പിക്കുന്നത് പോലെ. വേട്ടക്കു പോകുമ്പോഴും വിശപ്പിനുള്ള മൃഗങ്ങളെ മാത്രമാണ് കിട്ടുന്നത്. പട്ടിണി കൂടാതെ കിടക്കാമെങ്കിലും വരുമാനം ഇപ്പോള്‍ കുറവാണ്. എന്നാല്‍ പോലും കാര്യങ്ങള്‍ മാറുമെന്നും പഴയപോലെ കറുംകൂന്തലിയുടെ കോപമടങ്ങിയാല്‍ കാട് കനിഞ്ഞു തുടങ്ങുമെന്നും അവര്‍ പ്രത്യാശിച്ചു.

പക്ഷെ, അത് വരെയുള്ള ജീവിതം തള്ളി നീക്കാന്‍ തന്നെ പ്രയാസമായിരുന്നു. പെണ്ണുങ്ങളുടെ കൃഷിയുള്ളതുകൊണ്ട് ഭക്ഷണത്തിനു പഞ്ഞമില്ല. ആദ്യത്തെപ്പോലെ സുഭിക്ഷമല്ലെങ്കിലും. പക്ഷെ, മറ്റാവശ്യങ്ങളും ചിലവുകളും എങ്ങനെ കണ്ടെത്തും? വേട്ടക്കുള്ള ആയുധങ്ങള്‍ മുതല്‍ ഉടുക്കുന്ന വസ്ത്രങ്ങള്‍ വരെ മറ്റു ഗ്രാമങ്ങളില്‍ നിന്നാണ് വാങ്ങുന്നത്.വേട്ടയില്ലെങ്കില്‍ ആ ചിലവുകള്‍ എങ്ങിനെ നടക്കും? 

ഒന്ന് രണ്ടു വർഷം മുന്‍പ് വരെ ചുറ്റുമുള്ള ഗ്രാമങ്ങളെക്കാള്‍ ധനികരായിരുന്നു ഇവിടുള്ളവര്‍. കാടുണ്ടെങ്കില്‍  ഒരു കാലത്തും പട്ടിണിയനുഭവിക്കേണ്ടി വരില്ല എന്ന് തന്നെ അവര്‍ വിശ്വസിച്ചു. മറ്റു ഗ്രാമങ്ങളിലുള്ളവര്‍ പല തൊഴിലുകള്‍ തേടിപ്പോയപ്പോള്‍, അവരുണ്ടാക്കുന്നത് വാങ്ങാന്‍ ഈ ഗ്രാമത്തിലുള്ളവര്‍ക്ക് കഴിഞ്ഞിരുന്നു. പെട്ടന്നാണ് വേട്ടയില്ലാതായത്.  ഈ ക്ഷാമക്കാലം കഴിഞ്ഞാല്‍ ദേശാടനം പോയ മൃഗങ്ങളൊക്കെ ഈ കാട്ടിലേക്ക് തിരിച്ചു വരും എന്ന് തന്നെ ഇവിടുള്ളവര്‍ വിശ്വസിക്കുന്നു. അന്ന് വീണ്ടും ഈ ഗ്രാമം വിട്ടുപോയ സമൃദ്ധി തിരിച്ചെത്തും.

അത് വരെ ജീവിക്കാന്‍ വേണ്ടി മറ്റെന്തെങ്കിലും ചെയ്തെ മതിയാവൂ. പലരും തരിശായി കിടന്ന കൃഷിയിടങ്ങളിലേക്ക് തിരിഞ്ഞു. പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്‌താല്‍ വീട്ടിലെക്കുള്ളത് കൂടാതെ ആഴ്ച ചന്തയില്‍ വില്‍ക്കാനുള്ളതും ഉണ്ടാവും. തല്‍ക്കാലത്തേക്കുള്ള ആവശ്യങ്ങള്‍ നിറവേറ്റാം. ചിലര്‍ മഴക്കാലം തീരുന്ന വരെ മറ്റിടങ്ങളിലേക്ക് തൊഴിലന്വേഷിച്ച്‌ പോകുന്നതിനെക്കുറിച്ച്‌ രണ്ടു മനസ്സായി നില്‍ക്കുന്നു. വേട്ടയുള്ളിടത്തോളം ഈ കാടുള്ളിടത്തോളം ഈ ഗതി വരില്ലെന്ന് തന്നെയായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. ഈ വർഷം മഴയും നേരത്തെ പെയ്തു തുടങ്ങി. കാലം തെറ്റിയുള്ള മഴയുടെ വരവ് വേട്ടക്കാരെ കൂടുതല്‍ പ്രശ്നങ്ങളിലേക്കാഴ്ത്തി. 

നെടുമാന്‍ തോക്ക് തുടച്ചു വൃത്തിയാക്കി. കഴിഞ്ഞ വേട്ടയില്‍ നിന്നും കിട്ടിയ കുറച്ചു ഉണങ്ങിയ ഇറച്ചി കഴിഞ്ഞ ചന്തയില്‍ വിറ്റിരുന്നു. കിട്ടിയ കാശില്‍ നിന്നും പകുതിയെടുത്ത് കുറച്ചു കെണികള്‍ വാങ്ങിയിരുന്നു. ഒന്ന് രണ്ടു പേര്‍ അയാളുടെ കൂടെ കാട് കയറാമെന്ന് സമ്മതിച്ചിട്ടുണ്ട്. ചോരയില്‍ വേട്ടയുള്ളവര്‍ എന്നവര്‍ സ്വയം അഭിമാനിക്കുന്നു. വേട്ടസംഘങ്ങള്‍ കുറവായതുകൊണ്ട് അലഞ്ഞു തിരിയുന്ന ഏതെങ്കിലും മൃഗത്തെ കിട്ടും. ഒരു പന്നിയെയോ കാട്ടുപോത്തിനെയോ പിടിക്കാനായാല്‍ രക്ഷപ്പെട്ടു.

പട്ടികളെ കൂട്ടെണ്ടെന്ന തീരുമാനം നെടുമാന്റെതായിരുന്നു. മഴയില്‍ അവയ്ക്ക് എന്തെങ്കിലും രോഗം വരികയോ, ചാവുകയോ ചെയ്‌താല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ചികിത്സ കുറച്ചു ബുദ്ധിമുട്ടാണ്. അവയെ അഗിലന്റെ വീട്ടിലാക്കി. അയാള്‍ക്കുള്ള കൂലിയായി കുറച്ചു ഉണങ്ങിയ ഇറച്ചി കൊടുത്തു. ഇനി വേട്ടയില്‍ നല്ലത് വല്ലതും കിട്ടിയാലേ തന്റെ കുടുംബത്തിനും പഞ്ഞക്കാലത്ത് മാറ്റി വയ്ക്കാന്‍ ഭക്ഷണമുണ്ടാവൂ.

അല്ലിക്കിപ്പോഴും പൂര്‍ണ്ണമായും സുഖമായിട്ടില്ല. ചില നേരങ്ങളില്‍ ഒരു കുഴപ്പവുമില്ലാതെ പെരുമാറുമെങ്കിലും കറുംകൂന്തലിയമ്മ കയറിയാല്‍ പിന്നെ ആകെയൊരു മാറ്റമാണ്. വീട്ടിലിരിക്കില്ല. നേരെ അമ്മയുടെ കുടിലിലേക്ക്  ഓടും. അയാളൊന്നു നെടുവീര്‍പ്പിട്ടു. ഇത്രയും ചീത്ത സമയം ഒരിക്കലും ഉണ്ടായിട്ടില്ല. വേട്ടയില്ലായ്മയും, ആത്മാക്കളുടെ കോപവുമോക്കെയായി ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരിക്കുന്നു.

കാടുകയറ്റത്തിനു വലിയ ചടങ്ങുകള്‍ ഒന്നുമുണ്ടായിരുന്നില്ല. കൂട്ടുകാര്‍ വന്നപ്പോള്‍ അവര്‍ കാട്ടിലേക്ക് നടന്നു. നല്ല വേട്ട കിട്ടാന്‍ വേണ്ടി കാര്‍മേഘത്തിനുള്ള സദ്യ ഒരു പൊതിയില്‍ കരുതിയിരുന്നു. ഇറച്ചിയില്ലാതതുകൊണ്ട് പകരമായി പുഴയില്‍ നിന്നും കുറച്ചു മീന്‍ പിടിച്ചു പൊരിച്ചതാണ് പൊതിയില്‍. ആത്മാക്കള്‍ക്ക് എല്ലാം അറിയാമല്ലോ. ഇറച്ചി പൊതിയില്‍ കണ്ടില്ലെങ്കില്‍ തന്നെ തങ്ങളുടെ കഷ്ടപ്പാട് അവര്‍ക്കറിയാന്‍ കഴിഞ്ഞെങ്കിലോ?

അവര്‍ കാടിലേക്ക് കയറുമ്പോള്‍ മഴ ചന്നം പിന്നം പെയ്തു തുടങ്ങിയിരുന്നു. നനഞ്ഞു കിടന്നിരുന്ന കരിയിലകള്‍ക്കിടയില്‍ നിന്നും അട്ടകള്‍ ഉയര്‍ന്നു വന്നു. ആദ്യമാദ്യം കാലില്‍ തൂങ്ങിയതിനെ ഉപ്പിട്ട് കളഞ്ഞു.പിന്നെ ശ്രദ്ധിക്കാതായി. അട്ടകളുള്ളതുകൊണ്ട് ഏറുമാടം കെട്ടിയെ തീരൂ. പതിവ് പോലെ കൂടാരമുണ്ടാക്കി നിലത്തു കിടക്കാനാവില്ല. ഉച്ചയായപ്പോഴേക്കും പുഴക്കരയിലെത്തി. കാര്മെഘത്തിനുള്ളത് അയാളുടെ പുളിമരത്തിനു താഴെ വച്ചു. കുറച്ചകലെയുള്ള വലിയൊരു മരത്തില്‍ അടുത്തു കണ്ട മുളം കാട്ടില്‍ നിന്നും കുറച്ചു കമ്പുകളും ഇലകളും വെട്ടിയെടുത്തു തല്‍ക്കാലത്തേക്ക് ഒരു ഏറുമാടമുണ്ടാക്കി. മരത്തിനു താഴെ തീ കൂട്ടാന്‍ ഒരു ചെറിയ കൂടാരമുണ്ടാക്കി. അധികം ദിവസം കാട്ടില്‍ താങ്ങാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്നും അത്യാവശ്യം ഭക്ഷണം പൊതിഞ്ഞെടുത്തിരുന്നു.

സന്ധ്യക്ക്‌ നോക്കിയപ്പോള്‍  പുഴക്കരയില്‍ വച്ചിരുന്ന കെണികളില്‍ നിന്നും രണ്ടു കുളക്കോഴികളെയും ഒരു മുയലിനെയും കിട്ടി. മൂന്നും മഴ നനഞ്ഞ് ക്ഷീണിച്ചിരുന്നു. അന്നത്തെ അത്താഴത്തിനു കോഴികളിളോന്നിനെ പൊരിച്ചു. കൂടാരത്തിനുള്ളില്‍ തീ കൂട്ടിയത്തിനു മുകളിലായി മുയലിനെ കൊന്ന് തൊലിയുരിച്ചു ചെറിയ കഷണങ്ങളാക്കി ഉണക്കാന്‍ തൂക്കിയിട്ടിരുന്നു. വിലപ്പെട്ട മാംസം നഷ്ടപ്പെടാതിരിക്കുവാന്‍ വേണ്ടി ഊഴം വച്ചവര്‍ കൂടാരത്തില്‍ കാവലിരുന്നു. പിറ്റേന്ന് കിട്ടിയതും വാരിയെടുത്തു അവര്‍ വേട്ടക്കിറങ്ങി. മഴ തോര്‍ന്ന സമയത്ത് പുറത്തിറങ്ങി പുല്ലു തിന്നു കൊണ്ടിരുന്ന ഒരു ചെറിയ മ്ലാവിനെയും കിട്ടി. മൂന്നു പേരുടെയും കുടുംബങ്ങളിലെക്കുള്ള ഇറച്ചിയായി. തോല്‍ വിറ്റാല്‍ കിട്ടുന്ന ലാഭം അവര്‍ മൂവരും പങ്കിട്ടെടുക്കും. കാര്‍മേഘത്തിന്റെ കോപം കുറച്ചു ശമിച്ചിരിക്കുന്നു എന്നവര്‍ക്ക് തോന്നി. നന്ദിപൂര്‍വ്വം, കിട്ടിയ വേട്ടമുതലുമെടുത്തുകൊണ്ട് അവര്‍ ഗ്രാമത്തിലേക്ക് യാത്രയായി.


അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 31 :  പോരാട്ടം ഇനിയും ബാക്കി


Login | Register

To post comments for this article