ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.

അതിജീവനത്തിന്റെ വഴികൾ

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം 29

വിളവെടുപ്പ് തീരുമ്പോഴേക്കും പത്തായപ്പുരയില്‍ സ്ഥലമില്ലാതാവും. ഇപ്രാവശ്യവും കുറച്ചു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചെടികളില്‍ തന്നെ നിര്‍ത്തിയിട്ടാണു പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പറിച്ചത്. “ഇതൊക്കെ ഇവര്‍ക്കും അവകാശപ്പെട്ടതാണ്. അവരും ഈ വിളവുണ്ടാവാന്‍ നമ്മളെ സഹായിക്കുന്നുണ്ട്. കീടങ്ങളെ കൊത്തി തിന്നും മണ്ണ് മറിച്ചും വിത്ത് മുളപ്പിച്ചും.” താത്തപ്പന്‍ ചേരനോട് പറഞ്ഞു. എല്ലാവര്‍ഷത്തെയും പോലെ ഇപ്രാവശ്യവും ആവശ്യത്തിനുള്ളത് എടുത്തു കഴിഞ്ഞാല്‍ ബാക്കി ഗ്രാമത്തിലുള്ളവര്‍ക്ക് വീതിച്ചു കൊടുക്കാനാണ് തീരുമാനം. വിളവെടുപ്പ് കഴിഞ്ഞാല്‍ താത്തപ്പന്‍ ഗ്രാമത്തിനറ്റത്ത്, കാര്‍മേഘത്തിന്റെ കല്ലിനടുത്തു വലിയ കുട്ടകളില്‍ എല്ലാം കൊണ്ട് വയ്ക്കും. അവിടെ മണ്ട്രത്തലവന്മാര്‍ ഓരോ കുടുംബത്തിനുമായി അത് വീതംവയ്ക്കും. താത്തപ്പന്‍ വളര്‍ത്തുന്ന പഴങ്ങള്‍ക്ക് വലിയ പ്രിയമാണ്. 

ചേരനെ ഇപ്പോള്‍ കൃഷി ചെയ്യുന്നതിന് ആരും കളിയാക്കാറില്ല. അവന്റെ അപ്പന്‍ അവനെ വഴക്ക് പറയാറില്ല. വേട്ട കുറയുന്നതും  പതുക്കെ അത് തങ്ങളുടെ കുലത്തൊഴില്‍ അല്ലതാവുന്നതും അയാള്‍ അറിയുന്നുണ്ടായിരുന്നു. അതിജീവിച്ചു പോകണമെങ്കില്‍ തല്ക്കാലത്തെക്കെങ്കിലും തൊഴില്‍ മാറേണ്ട സമയമായിരിക്കുന്നു എന്ന് അയാള്‍ക്കും തോന്നി തുടങ്ങിയിരുന്നു. അത് പുറത്തു പറഞ്ഞില്ലെങ്കില്‍ കൂടി. മരുന്നുകള്‍ പറിക്കാന്‍ കാട്ടില്‍ പോകുന്നതിനെ കുറിച്ച് താമ പറയുന്നുണ്ട്. പക്ഷെ, അത് ഇരകള്‍ വരുന്ന വരെ, ചേരന്‍ കൃഷി ചെയ്യുന്ന പോലെയല്ല. ഗ്രാമത്തിന്റെ ജീവിത ക്രമത്തെ തന്നെ മാറ്റുന്ന ഒന്നാണ്. പെണ്ണുങ്ങള്‍ കാട്ടില്‍ കടക്കുന്നത്‌ നല്ലതല്ലെന്നാണ് വിശ്വാസം. ഇപ്പോഴേ ആത്മാക്കള്‍ കോപിച്ചിരിക്കുകയാണ്. ഇനി അവള്‍ കയറിയാല്‍ മരിച്ചവരുടെ ലോകത്ത് നിന്നും കൂടുതല്‍ പേര്‍ വന്നാലോ? അതുകൊണ്ട് അത് മണ്ട്രത്തിനു വിടാനാണ് തീരുമാനം. അവിടെ ശരിയായ രീതിയില്‍ അവര്‍ക്ക്  അവളെ പറഞ്ഞു മനസ്സിലാക്കാനാവും. 

താമയുടെ മുത്തശ്ശി അവള്‍ വൈദ്യം പഠിക്കുന്നതിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷെ കുടുംബത്തിലെ ആളായതുകൊണ്ട് മണ്ട്രത്തില്‍ അവര്‍ പറയുന്നത് വിലക്കെടുക്കുമോ എന്ന് സംശയമാണ്. വൈത്തിയരും അതിനെ പിന്‍താങ്ങും. പക്ഷെ മുക്കിയനും നെടുമാനും എതിരാണ്. ബാക്കിയുള്ള മൂന്നുപേര്‍ എങ്ങിനെ തീരുമാനിക്കുമെന്നതിനെ അനുസരിച്ചായിരിക്കും അവളുടെ ഭാവി. ഇപ്പോള്‍ തന്നെ അഴകി ഗ്രാമത്തിലെ മറ്റു പെണ്‍കുട്ടികളെ പോലെ അവളെയും കല്യാണം കഴിപ്പിക്കണം എന്ന് പറയുന്നു. പക്ഷെ അവള്‍ കുറച്ചു കൂടി വളരട്ടെ എന്നാഗ്രഹമുണ്ട്. വലിയ ചാക്കുകള്‍ തലയിലേന്തി താമയും ചേരനും പടി കയറി വരുന്നത് കണ്ടു അയാളുടെ ചിന്തകള്‍ മുറിഞ്ഞു. തോളില്‍ കിടന്ന മുണ്ടെടുത്ത് തലയില്‍ ചുറ്റി, ഒരു ചെറു ചിരിയോടെ മക്കളെ സഹായിക്കാന്‍ അയാള്‍ ഇറങ്ങി ചെന്നു.

കൂട്ടത്തില്‍ പതിവിലും മൃഗങ്ങള്‍ ഉണ്ടായിരുന്നു. പുഴയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ളവര്‍  പാതി വഴിയിലുള്ള ഒരിടത്ത് പുതിയ കാട്ടുകൂട്ടം കൂടാന്‍ തീരുമാനിക്കുകയായിരുന്നു. വലിയവര്‍ വന്നിരുനെങ്കിലും മാറി നിന്നു. പുഴയുടെ അപ്പുറത്തുള്ളവര്‍ തങ്ങളേക്കാള്‍ വലുപ്പമുള്ളവരാണ്. വേട്ടക്കാരല്ലെങ്കില്‍ കൂടി. വലിയവര്‍ കുറച്ചു അയഞ്ഞു തുടങ്ങിയിരുന്നു. കാട്ടിലെ പോരാട്ടം തങ്ങളുടെ ആയുസ്സ് നീട്ടി തന്നിരിക്കുന്നു. നിറം മാറുന്നവര്‍ ഇപ്പോഴും വരാറുണ്ടെങ്കിലും അവർ ഭയന്നിട്ടുണ്ടെന്ന് കാട്ടില്‍ നിന്നുമറിയാനാകുന്നുണ്ട്. അവര്‍ക്കിപ്പോള്‍ കൈയ്യില്‍ വടിയുണ്ടായിട്ടു പോലും ധൈര്യമില്ല. കാടിന്‍റെ രണ്ടു ഭാഗങ്ങളും ഒരുമിച്ചായതോടുകൂടി കാവല്‍ ശക്തിപ്പെട്ടിട്ടുണ്ട്. തങ്ങള്‍ മറന്നു പോയ കാലത്തിനു മുന്‍പുണ്ടായിരുന്ന പോലെ, ഇപ്പോള്‍ വേട്ടക്കാരും ഇരകളും കാട്ടുനീതിക്കനുസരിച്ചു വേട്ടയാടുന്നു, തീറ്റ തേടുന്നു, ഭയമില്ലാതെ കാടിനെ വിശ്വസിച്ചു ജീവിക്കുന്നു. 

പുഴക്കരകളില്‍ അവര്‍ വച്ച് പോകുന്ന പല്ലുകളില്‍ ഇപ്പൊൾ ചില  വെപ്രാളക്കാരായ  പക്ഷികളൊഴികെ ഒന്നും പെടാറില്ല. അവര്‍ക്ക് പക്ഷെ, അവിടെ അധികം നരകിച്ചു കിടക്കേണ്ടി വരാറില്ല. വേട്ട കുറവായതോട് കൂടി നിറം മാറുന്നവര്‍ പല്ലുകളില്‍ പെടുന്നവരെ പെട്ടന്ന് തന്നെ കൊന്ന് അവരുടെ ദുരിതം അവസാനിപ്പിക്കുന്നുണ്ട്. 

നിറം മാറുന്നവര്‍ ഏറെ ഭയന്നിട്ടുണ്ട്. കാട്ടിലെ ചെടികളെ പോലും അവര്‍ ആവശ്യമില്ലാതെ വേദനിപ്പിക്കുന്നത്  കുറഞ്ഞിട്ടുണ്ട്.  അവരില്‍ ഭൂരി പക്ഷവും ഇപ്പോള്‍ ഭയന്നിരിക്കുകയാനെങ്കിലും വേട്ടയില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവരുമുണ്ട്. കാട്ടിലെ വേട്ടക്കാരുടെ അതേ സ്വഭാവമുള്ളവര്‍. അവര്‍ പറ്റിയ അവസരത്തിന് വേണ്ടി കാത്തു നില്‍ക്കുകയാണ്. കാട്ടു നിയമങ്ങളില്‍ വേട്ടക്കാരനും ഇരയും എന്ന ബന്ധമാണ് ഏറ്റവും പഴയത്.  നിയമങ്ങള്‍ക്കനുസരിച്ചുള്ള വേട്ട കാടിന്‍റെ തന്നെ നിലനില്‍പ്പിനാവശ്യമാണ്. അതുകൊണ്ട് തന്നെ വിശപ്പകറ്റാന്‍ വേണ്ടി വേട്ടയാടുന്നവര്‍ക്ക് ഭക്ഷണമാവേണ്ടത് ഇരയുടെ കടമയാണ്. എന്നാല്‍ നിറം മാറുന്നവരുടെ വേട്ട കാടിനെ നശിപ്പിച്ചിരുന്നു. തങ്ങളുടെ ഭയം കാടിനെ പതുക്കെ കൊല്ലുകയായിരുന്നു’ അവരുടെ ഭയം കാടിന് പുതിയ ജീവന്‍ നല്‍കുന്നു. ആ ഭയം അങ്ങിനെ തന്നെയിരുന്നാലെ കാടിന് നിലനില്‍പ്പുണ്ടാകൂ.

നിറം മാറുന്നവര്‍ ഭയന്നിരിക്കുന്നു എന്നത് ശരിയാണെങ്കിലും കാട്ടിലേക്കുള്ള അവരുടെ വരവുകള്‍ കൂടിയിട്ടുണ്ട്. ഒരേയൊരു വ്യത്യാസം അവര്‍ എങ്ങോട്ടാണ് വരുന്നത് എന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയുന്നു എന്നത് മാത്രമാണ്. ഇപ്പോള്‍  തങ്ങള്‍ക്കു രക്ഷപ്പെടാന്‍ കഴിയുന്നതിന്റെ കാരണം. മിക്കവാറും എല്ലാവരും അവര്‍ വരുമ്പോള്‍ ഒളിച്ചിരിക്കുന്നത് കടുവയുടെ ഗുഹക്കടുത്തുള്ള പാറമടകളിലാണ്. നിറം മാറുന്നവര്‍ക്ക് അവിടെയെത്തിപ്പെടുവാന്‍ ബുദ്ധിമുട്ടാണ്. ചെറിയവര്‍ ബുച്ചിയും കടുവയും ചുരുളനും നിര്‍മ്മിച്ചിരിക്കുന്ന മാളങ്ങളുടെയുള്ളില്‍ ഒളിച്ചു. അവ തുടങ്ങുന്നത് എവിടെയെന്നു നിറം മാറുന്നവര്‍ക്കറിയില്ല. അവര്‍ മൃഗങ്ങളെ പുറത്തു ചാടിക്കാന്‍  മരപ്പൊത്തുകള്‍ക്കും ചെറിയ മാളങ്ങള്‍ക്കും മുന്‍പില്‍ കരിയിലകള്‍ കൂട്ടി തീയിട്ടപ്പോള്‍ ആരെയും കിട്ടാതിരിക്കുന്നത് ആ മാളങ്ങളില്‍ ഒരു മൃഗവും ആ സമയത്തില്ലാത്തതുകൊണ്ടാണ്.

 എന്നാലും ചിലപ്പോഴൊക്കെ ചില മൃഗങ്ങള്‍ അവരുടെ കൈയ്യിലകപ്പെടാറുണ്ട്. കാട്ടു നീതിക്കനുസരിച്ചു വേട്ടക്കാരന് വിശപ്പടക്കാനുള്ള ഇരയെ കിട്ടണം. കാട്ടിലുള്ള വേട്ടക്കാരും നിറം മാറുന്നവര്‍ക്ക് ഇരകളാണ്. പക്ഷെ ഇപ്പോള്‍ കാട്ടിലുള്ള വേട്ടക്കാരെപ്പോലെ തന്നെ അവരുടെ വിശപ്പ്‌ മാറ്റാനുള്ള ഇരകളെ മാത്രമേ നിറം മാറുന്നവരുക്കും കിട്ടാറുള്ളൂ. അവര്‍ ആഗ്രഹിച്ചില്ലെങ്കിലും കാട്ടുനീതി അവര്‍ക്കും ബാധകമായി തുടങ്ങിയിട്ടുണ്ട്.

കാട്ടില്‍ മരങ്ങളില്‍ നിന്നും ഇലകള്‍ പൊഴിഞ്ഞു തുടങ്ങി. മഴക്കാലത്തെക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. സികപ്പനും കൂട്ടരും പഴങ്ങളും വിത്തുകളും പെറുക്കി പലയിടങ്ങളില്‍  ഒളിപ്പിച്ചു തുടങ്ങി. മഴക്കാലത്തെ ഉറക്കം വിട്ടെണീക്കുമ്പോഴേക്കുള്ള  തീറ്റ. ബുച്ചിയുടെ മാളത്തിലും അവര്‍ കുറച്ചു വിത്തുകളും കിഴങ്ങുകളും സൂക്ഷിച്ചു. വിശക്കുന്ന ചെറു ജീവികള്‍ക്ക് ജീവന്‍ കൊടുക്കാന്‍ കെല്‍പ്പുള്ളതാണ് അവ. മഴക്കാലം കാട്ടില്‍ പഞ്ഞക്കാലമാണ്. നിര്‍ത്താതെ പെയ്യുന്ന മഴയിലിറങ്ങാന്‍ ആരും ഇഷ്ടപ്പെടുന്നില്ല.  അതുകൊണ്ട് വേട്ടക്കാര്‍ക്ക് പട്ടിണിക്കാലമാണ്.മഴക്കാലത്ത് ഇരകള്‍ കുറവാണ്. 

മുന്‍പ് നിറം മാറുന്നവര്‍ മഴ വരുമ്പോള്‍ കാട്ടിലേക്ക് വരാറില്ലായിരുന്നു. പക്ഷെ ആര്‍ത്തി കൂടിയതോട് കൂടി .കുറച്ചു മഴക്കാലങ്ങളായി ചെറു കൂട്ടങ്ങള്‍ വേട്ടയ്ക്കെത്താറുണ്ട്. ഇപ്രാവശ്യം ശ്രദ്ധിക്കണം എന്നാണു കതിര്‍ പറഞ്ഞിരിക്കുന്നത്. അവരെ ഇപ്പോഴും സൂക്ഷിക്കണം. വേട്ട കുറവായതുകൊണ്ട് ഭ്രാന്തു പിടിച്ച പോലെയായിട്ടുണ്ട് ചിലര്‍. വേട്ടക്കാര്‍ക്ക് വേണ്ട നിശ്ശബ്ദത അവര്‍ക്കില്ല. കുറ്റിക്കാടുകളും മാളങ്ങളും തപ്പി നോക്കുകയും നീണ്ട വടികളിട്ടു ഇളക്കുകയും ചെയ്യുന്നുണ്ടെന്നാണ് കാവലുള്ളവര്‍ പറയുന്നത്. അവര്‍ വരുമ്പോള്‍ സുരക്ഷിതമായ ഇടങ്ങളില്‍ ഒളിച്ചിരിക്കുന്നതുകൊണ്ടാണ് രക്ഷ. കാലങ്ങള്‍ ഒന്ന് രണ്ടു പ്രാവശ്യം കൂടി മാറി വരുമ്പോഴേക്കും നിറം മാരുറുന്നവര്‍ പതുക്കെ കാട്ടിലേക്ക് വരുന്നത് മറ്റു വേട്ടക്കാരെ പോലെ ഭക്ഷണത്തിനു വേണ്ടി മാത്രമാവുമെന്നും കാടിനെ നശിപ്പിക്കാന്‍  ശ്രമിക്കാന്‍ പോലും  അവര്‍ മടിക്കുമെന്നുമാണ് കതിര്‍ പറയുന്നത്. അതിനുള്ള കാര്യങ്ങള്‍ അവര്‍ അവരുടെ താവളങ്ങള്‍ ഉള്ളിടത് ചെയ്യുന്നുണ്ട്. ഇടയ്ക്ക് തുരങ്കങ്ങള്‍ വഴി ചെറു മൃഗങ്ങള്‍ അവരെ സഹായിക്കാന്‍ പോവാറുണ്ട്.

ആമക്കിളവന്റെ കഥകളില്‍ പണ്ട് കാടിന്‍റെ  നടുവിലൂടെയോടുന്ന പുഴയുടെ രണ്ടു കരകളിലുള്ള മൃഗങ്ങളും ഒരുമയോടെ കഴിഞ്ഞിരുന്നു. അന്ന് കാട്ടില്‍ രോമമില്ലാത്തവര്‍ ആ ഒരുമ ഉറപ്പു വരുത്തിയിരുന്നു. അവര്‍ പോയതോടെയാണ് കാട്ടിലാരാണ് വലിയവര്‍ എന്ന തര്‍ക്കമുണ്ടാവുന്നതും, അക്കരെയുള്ള മൃഗങ്ങള്‍ ഇവിടേയ്ക്ക് വരാതാവുന്നതും. ഒരു പക്ഷെ, ഇപ്പോള്‍ രണ്ടു കരകളും ഒരുമിച്ചായതിന്റെ ഫലമായി നിറം മാറുന്നവരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാലോ? ഒരു പക്ഷെ, കാലങ്ങളായി കാടിന് മൃഗങ്ങളാലേറ്റ മുറിവുകളായിരിക്കും അവളെ ക്ഷീണിതയാക്കിയത്. അവര്‍ ഓരോന്നായി കൂടി ചേരുമ്പോള്‍ കാടിന് പുതിയ ജീവനുണ്ടാകും. നിറം മാറുന്നവരോട് തിരിച്ചടിക്കാനും അവരെ തോല്‍പ്പിക്കാനും അന്ന് കാടിന് ശക്തിയുണ്ടാവും.

കാട്ടതിരിനു ചുറ്റും കതിര്‍ നട്ട വിത്തുകളുടെ മേല്‍ ആദ്യത്തെ മഴത്തുള്ളി വീഴുമ്പോള്‍ ഗ്രാമത്തിലെ ചിന്ന വൈത്തിയത്തിയായ താമക്ക് കാട് കയറാനുള്ള തീരുമാനം മണ്ട്രത്തിലിരിക്കുന്ന എല്ലാവരും കേള്‍ക്കെ മുക്കിയന്‍ വിളിച്ചു പറഞ്ഞു.

അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 30 :  കാട് പൂക്കുംകാലം 


Login | Register

To post comments for this article