ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.

ഗ്രാമം കാക്കുന്ന ആത്മാക്കള്‍ ചതിക്കുന്നുവോ

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം 27

വേപ്പ് മരത്തിന്റെ ചുവട്ടില്‍ മുക്കിയനും പെരിയവരും നെടുമാനും താമയുടെ മുത്തശ്ശിയുമിരുന്നു. ഇന്നത്തെ മണ്ട്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്നയാളുടെ  അഭിപ്രായങ്ങള്‍ക്ക് വിലയുണ്ട്. അവിടെ എല്ലാ ഗ്രാമവാസികളും കൂടിയിട്ടുണ്ട്. ഏറ്റവും മുന്നില്‍ മുക്കിയന്റെ കുടുംബാംഗങ്ങളും അഗിലനും ഇരിക്കുന്നു. മാണിക്കത്തിന്റെ പനി മാറിയെങ്കിലും അവന്‍ ക്ഷീണിച്ചും വിളറിയുമിരുന്നു. താമ അവളുടെ അമ്മക്കൊപ്പം അവരുടെ പിന്നിലിരുന്നു. മാണിക്കത്തിന്റെ അടുത്ത് ശക്തിയും ചേരനും അമുദനും ഇരിക്കുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിലെവിടെയോ കതിര്‍ ഇരിക്കുന്നുണ്ടെന്ന് താമക്കറിയാം.

മണ്ട്രം ആദ്യം ചര്‍ച്ച ചെയ്തത് കൃഷിയിടങ്ങളിലെ വെള്ളം ശേഖരിച്ചു വയ്ക്കേണ്ട ആവശ്യത്തെ കുറിച്ചായിരുന്നു. ഇപ്രാവശ്യം വേനലിന് കൂടുതല്‍ ശക്തിയേറിക്കൊണ്ടിരിക്കുകയാണ്. വെള്ളം ശേഖരിച്ചില്ലെങ്കില്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങും. സാധാരണയായി മണ്ട്രങ്ങളില്‍ കൃഷിയെപ്പറ്റി ച ര്‍ച്ചയുണ്ടാവാറില്ല. കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ കൊല്ലുന്നതിനെക്കുറിച്ചൊഴികെ. എല്ലാവരുടെയും ചിന്തകളെ കാര്‍ന്നു തിന്നുന്ന വിഷയങ്ങള്‍ മനപ്പൂര്‍വം മാറ്റി വയ്ക്കുകയാണെന്നു കതിരന് മനസ്സിലായി. 

“ഇപ്രാവശ്യത്തെ വേട്ടയിലും ഒന്നും കിട്ടിയില്ല. കാലങ്ങള്‍ക്ക് ശേഷമാണ് ഇത്രയും നിരാശയുണ്ടാക്കിയ വേട്ട ഉണ്ടായിരിക്കുന്നത്.  കാടിലുണ്ടായിരുന്നപ്പോള്‍ തങ്ങള്‍ നിരീക്ഷിക്കപ്പെട്ടിരുന്നെന്ന് എല്ലാവർക്കും തോന്നിയിരുന്നു. പക്ഷെ പകല്‍ പോലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളും ആള്‍ക്കാര്‍ക്കുണ്ടാവുന്ന തോന്നലുകളും സ്വപ്നങ്ങളും എന്തോ കാരണങ്ങള്‍ കൊണ്ട് വേട്ടക്കാരുടെ ആത്മാക്കള്‍ കോപിച്ചത് കാരണമാണേന്നാണ് തോന്നുന്നത്.

ഗ്രാമത്തിലെ ചെറിയ ചില പ്രശ്നങ്ങള്‍ക്കും തീര്‍പ്പുണ്ടാക്കിയത്തിനു ശേഷമാണ് മാണിക്കത്തെ വേപ്പുതറയിലേക്ക് വിളിച്ചത്. അവന്‍ പതുക്കെ തറയ്ക്കടുത്തു വന്നു നിന്നു. മണ്ട്രത്തിലാകെ ആകാംക്ഷ നിറഞ്ഞ നിശ്ശബ്ദത പടര്‍ന്നു. ചുവന്ന വാലുള്ള അണ്ണാനെ കാണുന്നത് മുതല്‍ അഗിലന്റെ വീടിനു മുന്‍പില്‍ എത്തിപ്പെട്ടത് വരെയുള്ള കഥ അവന്‍ പറഞ്ഞു തീരുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല. അവന്‍ നിര്‍ത്തിയപ്പോള്‍  കൂടിയിരുന്നവര്‍ ഒരേ സമയത്ത് പലതും മിണ്ടാന്‍ തുടങ്ങി. ആരോ ആള്‍ക്കൂട്ടത്തില്‍ നിന്ന് വിളിച്ചു പറഞ്ഞു, “കഴിഞ്ഞ വേട്ടക്കാലം കഴിഞ്ഞത് മുതല്‍ ആള്‍ക്കാരെ കാണാതാവുന്നു, ഭക്ഷണമില്ലാതാവുന്നു. കൃഷിയിടങ്ങളില്‍  മൃഗങ്ങള്‍ കയറി നാശമുണ്ടാക്കുന്നു. ആദ്യത്തെ വേട്ടയില്‍ ഭക്ഷണമല്ലാത്ത ജന്തുവിനെ കിട്ടുന്നു.. വേട്ടക്കാരെ കാണാതാവുന്നു... എത്ര തവണയാണ് കറുംകൂന്തലിക്കും കാർമേഘത്തിനും വിഴാവുകള്‍ ആഘോഷിച്ചത്? ഭയത്തില്‍ ഈ ഗ്രാമത്തില്‍ ജീവിക്കണോ അതോ വേറെയെവിടെയെങ്കിലും പോയി പുതിയ ജീവിതം തുടങ്ങണോ എന്ന് തീരുമാനിക്കേണ്ട സമയമായി.”

ഗ്രാമം കാക്കുന്ന ആത്മാക്കള്‍ തങ്ങളെ ചതിച്ചതുപോലെ ആണ് ഭൂരിപക്ഷത്തിനും തോന്നുന്നുണ്ടായിരുന്നത്. ആകെ അറിയാവുന്ന ഒരു തൊഴില്‍ വേട്ടയാണ്. അതില്ലെങ്കില്‍ തങ്ങളെങ്ങനെ മുന്നോട്ടു പോകും. ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ വലിയ തോതില്‍ അധികമാരും ഒന്നും ചെയ്യുന്നില്ല. ചേരനും മറ്റു ചിലരും വേട്ടയില്ലാതപ്പോള്‍ കൃഷി ചെയ്യാറുണ്ട്. പക്ഷെ അത് വേട്ടക്കാര്‍ക്കുള്ള പണിയല്ല. അടുത്ത ഗ്രാമങ്ങളില്‍ പലരും നഗരത്തിലും മറ്റും തോഴിലന്വേഷിച്ച് പോയിത്തുടങ്ങിയെങ്കിലും ഇരകള്‍ കുറവായിട്ടു കൂടി അഭിമാനം വേട്ടയില്‍ നിന്നും താണ ഉപജീവനത്തിന് സമ്മതിക്കുന്നുണ്ടായിരുന്നില്ല.  കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മഴക്കാലത്തും വേട്ടസംഘങ്ങള്‍ കാട്ടില്‍ പോവാന്‍ ശ്രമം തുടങ്ങിയിരുന്നു. അട്ടകളും ഇടയ്ക്കിടെ പെയ്യുന്ന മഴയും വഴുക്കുന്ന നിലവും വകവയ്ക്കാതെ പോയിട്ട് പോലും രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുകയായിരുന്നു. അതിനിടയിലാണ് ആത്മാക്കള്‍ കോപിച്ചിരിക്കുന്നത്‌. സ്വന്തം വീട്ടിലെ അടുപ്പ് പുകയാനെങ്കിലും തൊഴില്‍  എങ്ങിനെയെങ്കിലും നിലനിര്‍ത്തണമെന്നായിരുന്നു എല്ലാവരുടെയും ചിന്ത.

ബഹളം അല്‍പ്പമൊന്നടങ്ങിയപ്പോള്‍ മുക്കിയന്‍ സംസാരിച്ചു തുടങ്ങി,"മറ്റൊരു തൊഴിലന്വേഷിച്ച് ഈ ഗ്രാമത്തിനു പുറത്തു പോയവര്‍ ചുരുക്കമാണ്. വേട്ടയാണ് നമ്മുടെ ജീവന്‍. വേട്ടയാണ് നമ്മുടെ അഭിമാനം. ഈ കാടും കാട്ടിലുള്ളതെല്ലാതും കറുംകൂന്തലിയമ്മ നമുക്ക് തന്നതാണ്. പക്ഷെ, ഇപ്പോഴത്തെ അവസ്ഥയില്‍ ഞാനാരെയും നിര്‍ബന്ധിക്കില്ല. നമ്മുടെ രീതികള്‍ തുടരണമെന്നുള്ളവര്‍ക്ക് വേട്ടസംഘങ്ങളുണ്ട്.  ആത്മാക്കളെ സന്തോഷിപ്പിക്കുകയും സ്വന്തം വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്‌താല്‍ എതൊരു ഇരയും നമ്മുടെതെന്നാണ് അനുഭവം. അല്ലാത്തവര്‍ക്ക്  അവര്‍ക്കിഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുക്കാം.”

മുക്കിയന്റെ തീരുമാനം  ഭൂരിഭാഗവും ആരവത്തോടെ എതിരേറ്റു. വേട്ട ഉപേക്ഷിക്കുന്ന ആദ്യത്തെ കുടുംബമായി സ്വന്തം അഭിമാനം പണയം വയ്ക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞ് ആത്മാക്കള്‍ക്ക് ബലിയും അടുത്ത കാടുകയറലിനും ദിവസം നിശ്ചയിച്ചു മണ്ട്രം പിരിഞ്ഞു.

ഇനിയധികം  അധ്വാനമില്ല. അടുത്ത പടിയിലേക്ക് കടക്കാനുള്ള സമയമായി. കാട്ടുപൂച്ചയെ വേട്ടക്കാര്‍ കൊണ്ട് പോകുമ്പോള്‍  കടുവ ചൊല്ലിയത് കതിര്‍ പതിഞ്ഞ ശബ്ദത്തില്‍ പിറുപിറുത്തു

“കാടു തന്നതും കാട്ടിലേക്ക്

കാട്ടില്‍ നിന്നെടുത്തതും കാട്ടിലേക്ക്.....” 

സന്ധ്യയാവാറായിരുന്നു. ബാക്കിയെല്ലാവരും മണ്ട്രത്തിലാണ്. നാളത്തെ ചന്തയിലേക്ക് വിളഞ്ഞു നില്‍ക്കുന്ന മത്തനും കുമ്പളവും മാമ്പഴങ്ങളും നിറച്ച കൊട്ടയുമെടുത്തു അല്ലി  പോകാനൊരുങ്ങി. നെടുമാന്റെ മകളാണ് അല്ലി. അവളെയിനി ഗ്രാമത്തിന്റെ മകളായി ആരും കാണില്ല. രണ്ടു മാസത്തില്‍  അകലെയുള്ള ഏതോ വേട്ട ഗ്രാമത്തിലേക്ക് അവള്‍ പോവുകയാണ്. 

സൂര്യന്‍ അസ്തമിച്ചു തുടങ്ങി. അവള്‍  അവിടെയുള്ള പാറയില്‍ ഇരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ദൂരെ രണ്ടു കൃഷിയിടങ്ങൾക്കുമപ്പുറമുള്ള കറുംകൂന്തലിയുടെ ബലിക്കുടില്‍ അവള്‍ക്കു കാണാം. അവിടെ ആരോ ഇരിക്കുന്നുണ്ട്. അവരുടെ കൂടെ തിരിച്ചു നടക്കാം. അവള്‍ ഒച്ചയിട്ടവരെ വിളിച്ചു ”ഓയ്!

കുടിലില്‍ നിന്നും മറുപടിക്കൂവല്‍ വന്നു. അവര്‍ അവിടെ ഇരിക്കുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള ചേലയായതുകൊണ്ട് ഇരുട്ടി തുടങ്ങിയെങ്കിലും അവരെ കാണാം.

പെട്ടന്ന് അവള്‍ പൊന്തകളില്‍ ഒരനക്കം കേട്ട് ഞെട്ടിത്തിരിഞ്ഞു. കുറച്ചു മുയലുകള്‍ അവളെക്കണ്ടപ്പോള്‍ മാളത്തിലേയ്ക്കോടി. അവള്‍ കുടിലിനു നേര്‍ക്ക്‌ തിരിഞ്ഞപ്പോഴേക്കും അവിടെ ആ പെണ്ണ് ഉണ്ടായിരുന്നില്ല. അവിടെ കാട്ടുപൂക്കളുടെ ഒരു മാല കിടന്നിരുന്നു. കാറ്റിനു കാട്ടു പൂക്കളുടെ മണം! അല്ലി കുട്ട നിലത്തിട്ടു സകല ശക്തിയുമുപയോഗിച്ച് വീട്ടിലേക്കോടി.


അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 28 : കാറ്റിനും കാട്ടുപൂക്കൾക്കുമിടയിൽ 


Login | Register

To post comments for this article