ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.

അഗിലന്റെ മുന്നിൽ

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം 2​3  

മാണിക്കത്തെ കാണാതായതിന്റെ ഒന്‍പതാം നാളായിരുന്നു. കാട്ടതിരില്‍ വിളക്കുകള്‍ നാട്ടിയിരുന്നിടത്ത് പന്തല്‍ കെട്ടിയിട്ടുണ്ട്. അവന്റെ ആത്മാവുകളെ സമാധാനിപ്പിക്കാനും അവന്‍ കാട്ടിലേക്ക് പോകുന്നവരെ ഭയപ്പെടുത്താതിരിക്കാനുമുള്ള പൂജകള്‍ നാളെയാണ്. വിളക്കുകള്‍ എടുത്തു കാവല്‍ നില്‍ക്കുന്നവര്‍ ഗ്രാമത്തിലേക്ക് കടന്നു കഴിഞ്ഞാല്‍ അവനു വേണ്ടിയുള്ള ദുഖാചരണം അവസാനിക്കും. പിന്നെ അവന്റെ കുടുംബമടക്കം എല്ലാവരും സാധാരണ ജീവിതത്തിലേക്ക് മടങ്ങും. വളരെക്കാലങ്ങള്‍ക്കു ശേഷമാണ് ഒരാളെ കാട്ടില്‍ കാണാതാവുന്നതെങ്കിലും ഈ ചടങ്ങുകള്‍ പണ്ടേ ഉള്ളതാണ്- വേട്ടക്കാര്‍ ഒറ്റയ്ക്ക് കാട്ടില്‍ കയറിയിരുന്നപ്പോള്‍ തൊട്ടുള്ളത്. വേട്ടക്കിടയില്‍ മരിച്ചവന് പിന്നീട് ഗ്രാമത്തില്‍ കാവലാളുടെ സ്ഥാനമാണ്. പിന്നീട് കാട്ടില്‍ പോകുന്ന വേട്ടക്കാരെ സംരക്ഷിക്കുന്ന അനേകം ആത്മാക്കളില്‍ ഒരാളാണ് .

സാധാരണയായി ഗ്രാമമുഖ്യനാണ് ഇത്തരം ചടങ്ങുകളില്‍ കർമ്മിയാവേണ്ടത്. പക്ഷെ മരിച്ചത് അയാളുടെ തന്നെ മകനായതു കൊണ്ട് ഗ്രാമത്തിലെ ഏറ്റവും മുതിർന്നയാളെക്കൊണ്ട് ചടങ്ങുകള്‍ ചെയ്യിക്കാന്‍ മണ്ട്രത്തില്‍ തീരുമാനമായിരുന്നു. ഇന്ന് മാണിക്കം ഗ്രാമത്തിലെക്കെത്തെണ്ടതാണ്. തയ്യാറാവുന്നതിനിടയില്‍ താത്തപ്പന്‍ കണക്കു കൂട്ടി. ഇന്ന് വൈകുന്നേരം പിറ്റേന്നത്തെ പൂജക്കുള്ള സാധനങ്ങളുമായി മാണിക്കതിൻറെ കുടുംബത്തിലെ പെണ്ണുങ്ങള്‍ അവിടെയെത്തും. അതേറ്റു വാങ്ങി കാട്ടതിരില്‍ വയ്ക്കേണ്ടത് താനാണ്. ജീവിച്ചിരിക്കുന്ന ഒരാളുടെ ആത്മാക്കളെ സ്വതന്ത്രരാക്കാന്‍ പാടില്ല. പെരിയോര്‍ തന്‍റെ ചുവന്ന പുതപ്പു തോളിലിട്ടു പുറത്തേക്കിറങ്ങി. 

ഇന്ന് പത്താം ദിവസമാണ്. കാവലുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം തന്നെ അവിടുള്ളവര്‍ക്ക് ഭക്ഷണവുമായി കതിര്‍ പോയിരുന്നു. അവന്റെ കുറ്റബോധത്തെ സമാധാനിപ്പിക്കാന്‍ കുറെയൊക്കെ ആ പ്രവൃത്തിക്ക് കഴിഞ്ഞു. ആദ്യത്തെ ദിവസം താത്തപ്പന്റെ നിര്‍ബന്ധത്തിനാണ് അവന്‍ പോയതെങ്കിലും പിന്നീടു ആരുടെയും നിര്‍ബന്ധമില്ലാതെ തന്നെ  അവിടെ ചെന്നു. കാര്‍മേഘത്തെ കാട്ടില്‍ കാണാതായത്തിനു ശേഷമാണ് അവിടുള്ളവര്‍ ഒറ്റക്കുള്ള വേട്ട നിര്‍ത്തിയത്. കൂട്ടമായി പോയി തുടങ്ങിയപ്പോഴാണ് കാട് നശിക്കാന്‍ തുടങ്ങിയത്. പനിക്കിടക്കയില്‍ ചേരന്‍ കാര്‍മേഘത്തെ കണ്ടു എന്ന് പുലമ്പിയപ്പോള്‍ തന്നെ ഇവിടുള്ളവര്‍ ഭയന്നിട്ടുണ്ട്. മാണിക്കം പുഴക്കരെ എത്തിയിട്ടുണ്ടെന്നാണ് തലേന്ന് കണ്ടപ്പോള്‍ താമ പറഞ്ഞത്. അപ്പോള്‍, ഇന്ന് സന്ധ്യയാവുമ്പോഴേക്കും അവന്‍ ഗ്രാമത്തിലെത്തേണ്ടതാണ്. കുറച്ചപ്പുറത്തു താമ കളമൊരുക്കുന്നവരുടെ കൂടെയിരിക്കുന്നത് കണ്ടു. കറുംകൂന്തലിയുടെ പട്ടു ചേലയും പൂക്കളുമില്ലാതെ അവള്‍ ഗ്രാമത്തിലെ മറ്റേതൊരു പെണ്‍കുട്ടിയെയും പോലെ തോന്നിച്ചു.

ഒരുക്കങ്ങള്‍ കഴിഞ്ഞു. പന്തലിനു നടുക്ക് കളം വരച്ചിരുന്നു. അതിനും നടുവില്‍ ഒരു കുഴി. അതിനകത്ത് കനലുകളാണ്. അവയ്ക്ക് മുകളില്‍ വലിയ കല്ലുകള്‍ ചൂടായി ചുവന്നു കിടന്നു. മാണിക്കത്തിന്റെ അമ്മയും രണ്ടു സഹോദരിമാരും കല്ലിച്ച മുഖവുമായി കളത്തിനു പുറത്ത് നിന്നു. അടുത്ത ലോകത്തിലേക്ക് അവനെ യാത്ര അയക്കാന്‍ വേണ്ടി അവര്‍ പുതു വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു. കരഞ്ഞു വീര്‍ത്ത അവരുടെ മുഖങ്ങള്‍ കരുവാളിച്ചിരുന്നു. 

ചെറിയ കുട്ടികളായിരുന്നപ്പോള്‍ തങ്ങളെല്ലാവരും കളിക്കൂട്ടുകാരായിരുന്നെന്ന്  അവന്‍ ഓര്‍ത്ത്‌. തിരിച്ചറിവായപ്പോള്‍ താന്‍ പെരിയോറുടെ വട്ടന്‍ ചെക്കനായി. കൂട്ടുകാരുടെ കളിയാക്കല്‍ അവസാനിക്കാതായപ്പോഴാണ് കൃഷിയിലേക്കും വൈദ്യത്തിലെക്കും ശ്രദ്ധ തിരിച്ചു വിട്ടത്. പിന്നീടവരെ കാണുന്നത് മണ്ട്രങ്ങളിലും ആഘോഷങ്ങളിലും, വല്ലപ്പോഴും വേപ്പ്മരത്തിനു ചുവട്ടിലും മാത്രമായി. മുതിര്‍ന്നവരെ കാണുമ്പോള്‍ പരിചയത്തില്‍ കുശലം ചോദിക്കുമെങ്കിലും സമപ്രായക്കാരുടെ കളിയാക്കലുകളെ  അവഗണിക്കാന്‍ ശ്രമിച്ചു. ഒരു പക്ഷെ, അതായിരിക്കും മാണിക്കത്തിന്‍റെ ഭയം കുറച്ചെങ്കിലും താന്‍ ആസ്വദിച്ചത്. 

ഓരോന്നലോചിച്ച് നില്‍ക്കുന്നതിനിടയില്‍ താമ അടുത്തെത്തിയത് അവന്‍ അറിഞ്ഞില്ല. അവളുടെ കൈയ്യിലെ താലത്തിനുള്ളില്‍ കുറേ ചെറിയ പാത്രങ്ങളില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്നത് അവന്‍ കണ്ടു. “അവന്‍ ചടങ്ങുകള്‍ തീരുന്നതിനു മുന്‍പ് എത്തില്ലേ?” അവള്‍ ഒരു പാത്രം അവന്റെ കൈയ്യില്‍ വച്ചു കൊടുക്കുന്നതിനിടയില്‍ ചോദിച്ചു. അവനെന്തെങ്കിലും മറുപടി പറയാനാവുന്നതിനു മുന്‍പ് അവള്‍ നീങ്ങി കഴിഞ്ഞിരുന്നു. 

മാണിക്കത്തിന്റെ കുടുംബത്തിലെ മുതിര്‍ന്ന ആണുങ്ങളും ഗ്രാമത്തിലെ മുതിര്‍ന്നവരും ചേര്‍ന്ന സംഘം പന്തലിനു നേര്‍ക്ക്‌ നടന്നു. അവന്റെ ചില വസ്തുക്കള്‍ ഒരു കിഴിയില്‍ കെട്ടി മുഖ്യന്‍ കൈയ്യിലെടുത്തിരുന്നു. ആത്മാവിനു ഉപയോഗിക്കാന്‍ ഭക്ഷണ സാധനങ്ങളും അയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ചടങ്ങിനു ശേഷം കുഴിച്ചിടും. 

അവിടെയുണ്ടായിരുന്നവരെല്ലാം കൈയ്യിലുള്ള പാത്രത്തിലെ വെള്ളം കുഴിയിലേക്കൊഴിച്ചു. പഴുത്തു കിടന്ന കല്ലില്‍ തട്ടി അത് വെളുത്ത പുകയായി ഉയര്‍ന്നു. മുഖ്യയനും പെരിയോരും നെടുമാനും ആ പുകയിലൂടെ മൂന്നു വട്ടം നടന്നു ശുദ്ധി വരുത്തിയതിനു ശേഷം പന്തലിനുള്ളില്‍ ഇരുന്നു. അവര്‍ക്ക് ചുറ്റും മറ്റുള്ളവരും. 

പെണ്ണുങ്ങള്‍ എഴുന്നേറ്റു പന്തലിനപ്പുറം കെട്ടിയിട്ടുള്ള ചെറിയ പുരയില്‍ നിന്നും ഭക്ഷണം കൊണ്ടു വന്നു. വേറൊരു ലോകത്തേക്ക് പോകുന്നതിനു മുന്‍പ് വീട്ടിലുണ്ടാക്കിയ ഭക്ഷണം അവസാനമായി കഴിക്കാനുള്ള അവസരം. 

കുഴിയില്‍ നിന്നും പുക ഉയര്‍ന്നുകൊണ്ടിരുന്നു. അതിനു സമീപം ആദ്യത്തെ ഇലയില്‍ ചോറും കറികളും പായസവും പപ്പടവും മാണിക്കത്തിന്റെ അമ്മ വിളമ്പി. അവന്‍ ഉണ്ണുമ്പോള്‍ എന്നും ചെയ്യുന്ന പോലെ അവര്‍ ആ ഇലയ്ക്കടുത്തിരുന്നു. അവസാനമായി തന്‍റെ അടുത്തു നിന്നും ചോറ് വാങ്ങി കഴിക്കുന്നത്‌ കാട്ടില്‍ പോയതിന്റെ തലേന്നാണ്. ചേലയുടെ തലപ്പുകൊണ്ട് വിതുമ്പലടക്കി അവര്‍ ചോറുരുട്ടി ഉരുളകളാക്കി ഇലയില്‍ വച്ചു. അരികെ ഒരു വിശറിയും വച്ചു. ചുണ്ടുകള്‍ കടിച്ചു കരച്ചിലടക്കി, അവര്‍ മറ്റു കുടുംബാംഗങ്ങളുടെ അടുത്തു ചെന്നിരുന്നു. കരയാന്‍ പാടില്ല. കണ്ണുനീര് ആത്മാവിനെ അശാന്തമാക്കും!

അവര്‍ ഓരോരുത്തരും മാണിക്കത്തെ കുറിച്ചുള്ള അവരുടെ ഓര്‍മ്മകള്‍ പറഞ്ഞു തുടങ്ങി. ആത്മാവിനു സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു യാത്രയയപ്പ് ആ കഥകളിലൂടെ നടക്കും. അവന്‍ ജീവിച്ചിരുന്നത്രയും കാലം മറ്റുള്ളവര്‍ക്ക് അവന്‍ എന്തായിരുന്നു എന്നോര്‍മ്മപ്പെടുത്തെണ്ടതും അത്യാവശ്യമാണ്. ആത്മാവിനെ ഒരിക്കലും ദുഖത്തോടെ പറഞ്ഞയക്കരുത്. അവര്‍ സ്നേഹിക്കപ്പെട്ടിരുന്നെന്നു അവരറിയണം. 

കഥകളും ഓര്‍മ്മകളുമായി സന്ധ്യയാവാറായി. നീട്ടാവുന്നതിന്റെ പരമാവധി നീട്ടിക്കഴിഞ്ഞു. നേരമായെന്ന്  നെടുമാന്‍ പെരിയോറുടെ ചെവിയില്‍ മന്ത്രിച്ചു. പെരിയോര്‍ കതിരിനെ നോക്കി. കതിര്‍ പതുക്കെ തലയാട്ടി. അദ്ദേഹം എഴുന്നേറ്റു. കൂടെ മറ്റുള്ളവരും. കാറ്റ് വീശി തുടങ്ങിയിരുന്നു. “മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതിനു മുന്‍പേ ചടങ്ങുകള്‍ തീര്‍ക്കാം.” മുഖ്യന്‍ മാനമിരുണ്ടു വരുന്നത് നോക്കി പറഞ്ഞു. ഇനി കാക്കാന്‍ പറ്റില്ല. സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പ്, ഇരുട്ട് വീഴുന്നതിനു മുന്‍പേ വിളക്കുകള്‍ എടുക്കണം.  

അവര്‍ അവന്റെ ഉടുപ്പുകള്‍ കുഴിയിലേക്കിട്ടു. അവ ചൂട് കല്ലുകളില്‍ വീണ് പുകഞ്ഞു. അവന്റെ ആയുധങ്ങള്‍ പന്തലിനു പുറത്തുള്ള കുഴിയിലിട്ടു മൂടി. അവന്റെയമ്മ കുഴഞ്ഞു വീണു. ചടങ്ങുകള്‍ തീരാരായപ്പോഴേക്കും സന്ധ്യയായിരുന്നു. മാണിക്കത്തിനു വേണ്ടി അത്രയും ദിവസം കത്തിച്ചു വച്ചിരുന്ന വിളക്കുകളും  എടുത്ത് അവര്‍ ഗ്രാമത്തിനു നേര്‍ക്ക്‌ നടന്നു.  

അവന്‍ കാടിന് വെളിയിലെത്തുമ്പോള്‍ രാത്രിയായിട്ടുണ്ടായിരുന്നു. പുഴയിലെ വെള്ളം കൃഷിയാവശ്യങ്ങല്‍ക്കായി കെട്ടി നിര്‍ത്തിയിരിക്കുന്ന ചെറിയ ചിറയിലെക്ക് വെള്ളം വീഴുന്ന ശബ്ദം. എവിടെയൊക്കെയോ വേട്ടപ്പട്ടികള്‍ കുറയ്ക്കുന്ന ശബ്ദം, കൃഷിയിടങ്ങളില്‍ കാറ്റില്‍ ഇലകള്‍ ഉലയുന്ന ശബ്ദം.....

കാലുകള്‍ കല്ലിലും മുള്ളിലും തട്ടി പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. കാട്ടു പഴങ്ങളല്ലാതെ അവന്‍ ഒന്നും കഴിച്ചിരുന്നില്ല. കൃഷിയിടത്തിലെക്കുള്ള ചാലില്‍ നിന്നും അവന്‍ കുറച്ചു വെള്ളം കുടിച്ചു. മുഖം കഴുകി. അടുത്തുള്ള വള്ളിയില്‍ വിളഞ്ഞു നില്‍ക്കുന്ന വെള്ളരി പറിച്ചെടുത്ത് ആര്‍ത്തിയോടെ തിന്നു. അവന്‍ പട്ടികളുടെ ശബ്ദങ്ങള്‍ക്ക്‌ നേര്‍ക്ക്‌ നടന്നു. ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയവരെ ഒന്ന് കാണാന്‍ വേദന വകവയ്ക്കാതെ  നടന്നു. വെളിച്ചം കണ്ട ആദ്യത്തെ വീടിന്‍റെ ഉമ്മറത്തേക്ക് കയറിയപ്പോഴേക്കും  കുഴഞ്ഞു വീണു.

കാറ്റിനു ശക്തി കൂടിയിരിക്കുന്നു. വേട്ടപ്പട്ടികള്‍ ആകെ പേടിച്ചിരിക്കുകയാണ്. അഗിലന്‍ വേട്ടക്കാരനല്ല. ചെറുപ്പത്തിലെ കളിക്കിടയില്‍ ആരുടെയോ അമ്പു കണ്ണില്‍ കുത്തിക്കയറി അയാളുടെ കാഴ്ച പോയതാണ്. ഇപ്പോള്‍ ഗ്രാമത്തിലെ വേട്ടക്കാര്‍ക്ക് വേണ്ടി നല്ലയിനത്തിലുള്ള പട്ടികളെ വളര്‍ത്തുന്നു. ഗ്രാമത്തിനറ്റത്ത്‌ പഴയൊരു വീട്ടിലാണ് അയാളും പട്ടികളും താമസിക്കുന്നത്. 

മഴയുടെ ലക്ഷണവുമുണ്ട്. വേട്ട തുടങ്ങിയിട്ടില്ലാത്തതുകൊണ്ട്‌ ഇപ്പോള്‍ ഉണങ്ങിയ ഇറച്ചികൊണ്ട് തൃപ്തിപ്പെടണം. അഗിലന്‍ മഞ്ഞളിട്ട് പുഴുങ്ങിയ ഇറച്ചി വലിയൊരു പാത്രത്തിലെടുത്തു വാതില്‍ തുറന്നു. നായ്ക്കളുടെ കുരച്ചില്‍ കൂടുതല്‍ ഉച്ചത്തിലായി.”കുരക്കാതെടാ. നിനക്ക് തന്നെയാ.” അയാള്‍ പതുക്കെ ഓരോ കൂടും തുറന്നു അവക്കുള്ള ഭക്ഷണം കൊടുത്തു. കുറച്ചു നേരം നായ്ക്കളോട് സംസാരിച്ചിരുന്നിട്ടയാള്‍ വീട്ടിലേക്കു തിരിച്ചു നടന്നു. എന്തിലോ തട്ടി അയാള്‍ക്ക്‌ അടി തെറ്റി. അയാള്‍ തന്‍റെ വടികൊണ്ട് അതിനെ ഒന്ന് തട്ടി നോക്കി. അതൊന്നു ഞരങ്ങി. മനുഷ്യന്‍! മൃതപ്രായനാണ്. അയാള്‍ പാത്രം നിലത്തു വച്ച് അയാളെ വലിച്ചകത്തേക്ക് കയറ്റി.

അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 24 : രണ്ടാം ജന്മം  


re

<

renjith

അദ്ധ്യായം 24 ഇന്ന് കണ്ടില്ലല്ലോ ? എന്തു പറ്റി?
Posted on : 04/02/18 01:11 pm

Login | Register

To post comments for this article