ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.

വേപ്പുമരത്തിനു ചുവട്ടിലെ മണ്ട്രം

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം -16

വീട്ടില്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നു. രണ്ടു ദിവസമായി മാറി നിന്ന മഴവീണ്ടും പെയ്തു തുടങ്ങിയിട്ടുണ്ട്. കതിര്‍ വീടിനകത്ത് കയറി നനഞ്ഞ വസ്ത്രങ്ങളെല്ലാം മാറ്റി. അടുക്കളയില്‍ ആവി പാറുന്ന ചോറും കറികളും. താത്തപ്പന്‍ എവിടെ പോയി എന്ന് ആലോചിക്കുമ്പോഴേക്കും മഴ നനഞ്ഞു അദ്ദേഹം അകത്തേക്ക് ഓടിക്കയറി.

“ഇന്ന് മണ്ട്രമുണ്ടായിരുന്നു. താമയുടെ സഹോദരനെ രണ്ടു ദിവസമായി കാണാനില്ലെന്ന്. കാട്ടിലേക്ക് കയറിപ്പോവുന്നത് കണ്ടവരുണ്ട്. നാളെ തിരയാന്‍ ഒരു കൂട്ടം ആളുകള്‍ കാട് കയറുകയാണ്.” ഗ്രാമത്തിനു നടുവിലെ വലിയ വേപ്പു മരത്തിനു ചുവട്ടില്‍ എല്ലാവരും കൂടുന്നതിനെയാണ് മണ്ട്രം എന്ന് പറയുന്നത്. ഗ്രാമത്തിലെ  പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം അവിടെയാണ് എടുക്കാറ്. ഇവിടുത്തെ ഏറ്റവും പ്രായം കൂടിയ ആളെന്ന നിലയില്‍ താത്തപ്പനെ പ്രത്യേകം വിളിച്ചു കൊണ്ട് പോകാറുണ്ട്. വേട്ടയുടെ വിഷയത്തില്‍ എതിര്‍പ്പുണ്ടെങ്കിലും നീതിക്ക് നിരക്കാത്തതായി പെരിയോര്‍ വൈത്തിയന്‍ ഒന്നും ചെയ്യില്ലെന്ന് ഇവിടുള്ളവര്‍ക്ക് വിശ്വാസമാണ്.

രണ്ടു പാത്രങ്ങളില്‍ ഭക്ഷണം പകരുന്നതിനിടയില്‍ കതിര്‍ പറഞ്ഞു. ”ഇനിയതിന്റെ ആവശ്യമുണ്ടാവില്ല. ചേരന്‍ ഇപ്പോള്‍ വീടെത്തിയിട്ടുണ്ടാകും. എന്‍റെ കൂടെയാണ് കാടിറങ്ങിയത്.”

ചേരനെ രാത്രി പുഴവക്കില്‍ വച്ചു കണ്ടത് മുതലുള്ള എല്ലാ കഥയും അവന്‍ അത്താഴത്തിനിടയില്‍ താത്തപ്പനോട് പറഞ്ഞു. “അവനെക്കാണാഞ്ഞ് താമയ്ക്ക് പക്ഷെ, ആദ്യത്തെ ദിവസം ആധിയൊന്നും  ഉണ്ടായിരുന്നില്ല. അവന്‍ ഓടിപ്പോയതാവും എന്നാണു പറഞ്ഞത്. വേട്ടക്കാരനാവാനുള്ള തീരുമാനത്തില്‍ അവനു വീണ്ടുവിചാരമുണ്ടത്രേ.“ 

താത്തപ്പന്‍ അവന്‍റെ സഞ്ചിയില്‍ നിന്നും ഓരോന്നായി എടുത്തു നോക്കുന്നതിനിടയില്‍ പറഞ്ഞു.

“അവന്‍ കാര്‍മേഘത്തിനോട് ചോദിക്കാന്‍ കുറേ സംശയങ്ങളുമായി വന്നതാ. നമ്മള്‍ താവളമുണ്ടാക്കുന്ന സ്ഥലത്ത് വെളിച്ചം കണ്ടപ്പോള്‍ കാര്‍മേഘത്തിന്റെ ആത്മാവായിരിക്കും എന്നവന്‍ കരുതി. ഗ്രാമത്തിലുള്ളവരെപ്പോലെ പെരുമാറാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ചിലപ്പോഴൊക്കെ അവനല്ലാതെ ജീവിക്കേണ്ടി വരുന്നത് അവനു അലോസരമാവുന്നുണ്ട്. പ്രത്യേകിച്ചും ഒപ്പം പിറന്നവള്‍ വെട്ടിയ പാതയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ധൈര്യം കാണിക്കുമ്പോള്‍.

"താമ ഇന്നും വന്നിരുന്നോ?” പാത്രങ്ങള്‍ കഴുകി വയ്ക്കുന്നതിനിടയില്‍ അവന്‍ ചോദിച്ചു.

“മിക്കവാറും വരാറുണ്ട്. വൈദ്യം പഠിക്കാന്‍ എന്നാണു അവള്‍ വീട്ടില്‍ പറയുന്ന ന്യായം. കാട് കയറ്റത്തിനിടെ അന്ന് അവള്‍ ഓടി പോയത് അപമാനമായാണ് അവളുടെ അപ്പന്‍ എടുത്തിട്ടുള്ളത്. കൗശലക്കാരായ വേട്ടക്കാരുടെ പരമ്പരയില്‍ നിന്നും വന്ന പെണ്‍കുട്ടിക്ക് രക്തം കാണുമ്പോള്‍ തല ചുറ്റുന്നത്‌ സ്വാഭാവികമല്ല എന്നാണു ഗ്രാമത്തില്‍ ഭൂരിഭാഗവും പറയുന്നത്. കുറച്ചു ദിവസം മുന്‍പ് അവളുടെ പേടി മാറാന്‍ അവളുടെ അമ്മയുടെ ഗ്രാമത്തിലെ കാളീ ക്ഷേത്രത്തില്‍ കൊണ്ട് പോയിരുന്നു. ഒരു കോഴിയെ അവിടെ ബലി കൊടുത്തു. രോഗം മാറിയില്ലെങ്കില്‍ വൈദ്യമെങ്കിലും പഠിക്കട്ടെ എന്ന് അവളുടെ മുത്തശ്ശിയാണ് പറഞ്ഞത്. അവരുടെ വാക്കിനപ്പുറം ആ വീട്ടില്‍ ആരുമൊന്നും ചെയ്യില്ല.

കാട്ടില്‍ എന്തൊക്കെയാണ് ഇനി ചെയ്യാനുള്ളത്?” പെരിയോര്‍ കതിര്‍ കൊണ്ട് വന്ന മരുന്നുകള്‍ തരം തിരിച്ചു തുടങ്ങി.

അവന്‍ തിണ്ണയില്‍ കിടന്നു.”ഇനി വേട്ടക്കാലത്തിന് കാത്തിരിക്കണം. മഴ കഴിഞ്ഞാല്‍ കാടുകയറ്റമാണ്. അതിനിടയില്‍ അടച്ചിട്ടിരിക്കുന്ന മാളങ്ങള്‍ തുറക്കണം. ഇപ്പോള്‍ കാട്ടില്‍ നിറയെ അട്ടകളാണ്. ഇപ്പോള്‍ പരിശീലനത്തിന് പറ്റിയ സമയമാണ്. താമ തയ്യാറാണോ?”

പെരിയോര്‍  പതിയെ ചിരിച്ചു,” നീ ഓടിയ പോലെ ഒരു അട്ടയ്ടെ കടി കൊണ്ടൊന്നും അവള്‍ പേടിക്കില്ല. അവളുടെ വീട്ടുകാര്‍ കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. അവളാണ് അവരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കേണ്ടിയിരുന്നവൾ. ആവശ്യമില്ലാതെ മൃഗങ്ങളെ കൊല്ലുന്നതിനെ അനുകൂലിക്കുന്നില്ലെങ്കിലും അവരുടെ പാരമ്പര്യത്തിന്റെ അവകാശി. അവള്‍ പെട്ടന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കും, കുറച്ചു മാസങ്ങള്‍ കൂടി മാത്രമേ ഇനി ബാക്കിയുള്ളൂ.”

അവന്‍റെ കണ്ണുകള്‍ അടയുന്നത് കണ്ടു താത്തപ്പന്‍ എഴുന്നേറ്റു. “നിനക്ക് നല്ല ക്ഷീണമുണ്ട് . കാട്ടില്‍ കുറേ ദിവസം കഴിഞ്ഞതല്ലേ? ഉറങ്ങിക്കൊള്ളൂ.’

അവന്‍ നീണ്ട ഒരു കോട്ടുവായിട്ടു.” ഇവിടെ നല്ല കാറ്റുണ്ട്. ഇന്നിവിടെ കിടക്കാം.”

കാര്‍മേഘമായിരുന്നപ്പോള്‍ താനും ഇങ്ങനെയായിരുന്നുവെന്ന് പെരിയോര്‍ ഓര്‍ത്ത്‌. കാട്ടിലെ തുറസ്സായ ജീവിതത്തിനു ശേഷം കുറച്ചു ദിവസത്തേക്കെങ്കിലും നാല് ചുവരുകള്‍ക്കിടയില്‍ കിടക്കുന്നത് ബുദ്ധിമുട്ടാണ്. ശ്വാസം മുട്ടുന്നതു പോലെ തോന്നും. കാടിന്റെ അത്രയ്ക്ക് സുഖമില്ലെങ്കിലും തിണ്ണയില്‍ കിടക്കുമ്പോള്‍  കെട്ടി വരിഞ്ഞതുപോലെ തോന്നുകയില്ല. കുറച്ചു നേരം അവന്‍ ഉറങ്ങിക്കിടക്കുന്നത് നോക്കി നിന്നു. ഇളങ്കോ ഇല്ലാത്തതിന്റെ ദുഃഖം കുറെയൊക്കെ മറന്നത് ഇവനെ കിട്ടിയതിനു ശേഷമാണ്.

കാട്ടില്‍ നിന്നും തിരിച്ചു ഈ ഗ്രാമത്തിലേക്കുള്ള യാത്രയില്‍ ഏതോ ഒരു നാട്ടില്‍ ഒരു വലിയ ആല്‍ത്തറയില്‍ വിശ്രമിക്കാനിരുന്നതാണ്. അവിടെ കുറേ നാടോടികളെ കണ്ടു മുട്ടി. കുറച്ചു നാള്‍ അവരുടെ കൂടെയായിരുന്നു യാത്ര. വലിയ ഉത്സവങ്ങളില്‍ മൺപാത്രങ്ങളും കളിസാമാനങ്ങളും വിറ്റിട്ടാണ് അവര്‍ ജീവിച്ചിരുന്നത്. അവര്‍ ഈ ഗ്രാമത്തിന്റെയടുത്ത് നടക്കുന്ന തിരുവിഴാവില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു. ഉത്സവപ്പറമ്പെത്തിയപ്പോള്‍ അവര്‍ ഓരോ ഇടങ്ങളിലേക്ക് ചിതറി. അവരില്‍ ഒരു പെണ്‍കുട്ടി ആറു മാസത്തോളം പ്രായമുള്ള ഒരു കുഞ്ഞിനെ തന്‍റെ കൈയ്യില്‍ ഏല്‍പ്പിച്ചു .അവളുടെ ചേച്ചിയുടെ മകനാണ്. പേര് കതിര്‍. ചേച്ചി കതിര്‍ ജനിച്ചപ്പോഴേ മരിച്ചിരുന്നു. അവന്‍റെ അച്ഛന്‍ വേറെ കല്യാണം കഴിച്ചപ്പോള്‍ അവനെ ഉപേക്ഷിച്ചു. അവന്‍റെ അമ്മായിക്ക് ഇത്രയും ചെറിയ കുഞ്ഞു ഒരു ഭാരമാണ്. തിരുവിഴാ കഴിയുന്ന വരെ അവനെ നോക്കാംഎന്നേറ്റു. അതിനു ശേഷം  ഗ്രാമത്തിലേക്ക് തിരിച്ചെത്തണം. ഗ്രാമത്തിലേക്കുള്ള തിരിച്ചു വരവ് കഴിയുന്നതും നീട്ടി വയ്ക്കാന്‍  ശ്രമിക്കുകയായിരുന്നു. കാര്‍മേഘം ആയി ഇനിയവിടെ ജീവിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു.

അവസാന ദിവസം ഭയങ്കര തിരക്കായിരുന്നു. കുഞ്ഞിനെയുമെടുത്ത്  അവിടെയെല്ലാം കറങ്ങി. ഏതോ ഒരു ആലിന്റെ ചുവട്ടില്‍ കിടന്നുറങ്ങി. ഉണരുമ്പോള്‍ നാടോടികള്‍ പോയ്ട്ടുണ്ടായിരുന്നു. രണ്ടു ദിവസങ്ങളോളം അവര്‍ കുഞ്ഞിനെ തിരിച്ചെടുക്കാന്‍ വരും എന്ന് കരുതി അവിടെ കാത്തു. പക്ഷെ അവര്‍ വന്നില്ല. വൈകിയാണെങ്കിലും, കുഞ്ഞിനെ അവര്‍ ഉപേക്ഷിച്ചതാണെന്നു തിരിച്ചറിഞ്ഞു. ഗ്രാമത്തിലേക്ക് തിരിച്ചു വന്നു പഴയ വീട്ടില്‍ താമസമാക്കി. അറിയാവുന്നതെല്ലാം അവനു പറഞ്ഞു കൊടുത്തു. ഇപ്പോള്‍ അവന്‍ വലുതായിരിക്കുന്നു. കാര്‍മേഘത്തിന്റെ അവകാശി!

ഓരോന്നോര്‍ത്തു അവന്റെയടുത്ത് പെരിയോര്‍ കിടന്നു. വൈകാതെ അദ്ദേഹവും ഉറക്കമായി.

കതിര്‍ കണ്ണു തുറക്കുമ്പോള്‍ നേരം വെളുത്തു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. തത്തപ്പന്‍ ഇപ്പോഴും ഉറക്കമാണ്. അവന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു പുറത്തേക്ക് നടന്നു. തൊഴുത്തില്‍ നിന്നും ഒരു പാത്രമെടുത്തു പശുക്കളുടെയടുത്തു ചെന്നു. വാലില്‍ കറുത്ത പുള്ളിയുള്ള, താത്തപ്പന്‍ പൂമിഴി എന്ന് വിളിക്കുന്ന പശുവിനു കന്നുണ്ടായിട്ടുണ്ട്. അത് പാല്‍ കുടിച്ചു തീരും വരെ അവന്‍ കാത്തു. അകിട് കഴുകി മൂന്നു പേര്‍ക്കുള്ള പാല്‍ കറന്നെടുത്തു. പൂമിഴിയോടും പാൽ മിഴിയോടും കറപ്പനോടും കട്ടബൊമ്മനോടുമൊക്കെ വിശേഷങ്ങള്‍ പറഞ്ഞു തീരുമ്പോഴേക്കും കോഴി കൂവി.

താത്തപ്പന്‍ എഴുന്നേറ്റു വരുമ്പോഴേക്കും പാല്‍ തിളച്ചിട്ടുണ്ടായിരുന്നു. താമയ്ക്കുള്ളത് മാറി വച്ചതിനു ശേഷം അവന്‍ ബാക്കിയുള്ളത് രണ്ടു പാത്രങ്ങളിലേക്ക് പകര്‍ന്നു. അരിപ്പൊടി കുഴച്ചു പരത്തി ചുട്ടു ചൂട് പാലിലേക്കിട്ടു. ഉണങ്ങിയ തുളസിയും ഇഞ്ചിയുമിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുറച്ചു തേനും ചേര്‍ത്ത് ചായയുണ്ടാക്കി. താത്തപ്പന്‍ മുഖം കഴുകി വന്നപ്പോഴേക്കും പ്രാതല്‍ തയ്യാറായിരുന്നു. അദ്ദേഹത്തിന് വീണ്ടും ഇളങ്കോയെ ഓര്‍മ്മ വന്നു .ഓരോ കാട് കയറ്റത്തിന് ശേഷവും അവനും ഇങ്ങനെയായിരുന്നു. പക്ഷെ, പതിവ് പോലെ മകനെയോര്‍ത്തു അദ്ദേഹം സങ്കടപ്പെട്ടില്ല. ഇളങ്കോ ഇപ്പോഴും തന്നോടൊപ്പമുണ്ട്.

അവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വെളിയില്‍ നിന്നും വിളി വന്നത്.” അകത്തേക്ക് വരാം.” പെരിയോര്‍ വിളിച്ചു പറഞ്ഞു.

ഗ്രാമമുഖ്യനും, താമയുടെ അപ്പനും വേറെ ഒന്ന് രണ്ടു പേരും കയറി വന്നു. “ ചെക്കന്‍ ഇന്നലെ വന്നു അല്ലേ?”

“രാത്രി കാലിച്ചെക്കന്മാരുടെ കൂടെയാണ് എത്തിയത്. കാട്ടില്‍ ഒറ്റക്കലയേണ്ടി വന്നപ്പോള്‍ പേടിച്ചെന്നു തോന്നുന്നു. നല്ല പനിയുണ്ട്.  കാര്‍മേഘമാണ് വഴി കാണിച്ചതെന്നൊക്കെ പിച്ചും പേയും പറയുന്നുണ്ട്. ഇവിടുത്തെ ചെക്കനാണ് കാട്ടില്‍ നിന്നും കൊണ്ട് വന്നതെന്ന് കാലിച്ചെക്കന്മാര്‍ പറഞ്ഞു.”

താത്തപ്പന്‍ കതിരിനെ ഒന്ന് നോക്കി, “അവന്‍ രണ്ടു ദിവസം മുന്‍പ് മരുന്ന് പറിക്കാന്‍ പോയതാണ്. അവനെന്തിനാണ്‌ കാട്ടില്‍ പോയതെന്ന് പറഞ്ഞോ? “

“ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. വന്നപ്പോള്‍ ഒന്നും മിണ്ടാതെ അകത്തു പോയി കിടന്നതാണ്. അപ്പോള്‍ തുടങ്ങിയ പനിയാനെന്നാണ് താമ പറയുന്നത്. അവള്‍ കുറച്ചു പൊടി മരുന്ന് കൊടുത്തിട്ടാണ് ഒന്നുറങ്ങിയത്. ഏറെ ഇരുട്ടിയതുകൊണ്ട്‌ വൈത്തിയരെ വിളിക്കെണ്ടെന്നും അവളാണ് പറഞ്ഞത്.” തന്‍റെ മകളെക്കുറിച്ച് താമയുടെ അപ്പന് കുറച്ചു അഭിമാനം തോന്നി.

പെരിയോരും കതിരും അപ്പോള്‍ തന്നെയിറങ്ങി. കതിരിന് ചേരനെയൊന്നു കാണണമെന്ന് ഉണ്ടായിരുന്നു. അവര്‍ ചെല്ലുമ്പോള്‍ വീടിനു പുറത്തു ഒരു ചെറിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. ആളുകളെ വകഞ്ഞു മാറ്റി ചേരന്‍റെ അപ്പന്‍ വൈത്തിയര്‍ക്ക് വഴിയുണ്ടാക്കി. ചേരന്റെ പനി കൂടിയിരുന്നു. താമ അവനെ ഒരു നനഞ്ഞ തുണികൊണ്ട് തുടച്ചുകൊണ്ടിരുന്നു.കതിരിനെക്കണ്ടപ്പോള്‍ അവള്‍ തല ചെറുതായൊന്നനക്കി. താത്തപ്പന്‍ കൈയ്യിലുണ്ടായിരുന്ന കിഴിയില്‍ നിന്നും കുറച്ചു കാട്ടു കുറിഞ്ഞിയെടുത്തു ഞെരടി അവനെ മണപ്പിച്ചു. പച്ചമരുന്നു കഷായം വച്ചു കൊടുക്കേണ്ട രീതി താമയെ പറഞ്ഞു മനസ്സിലാക്കി.  അവനെ ഒരു ദിവസത്തേക്ക് ശല്യപ്പെടുത്തരുതെന്ന് മറ്റുള്ളവരോട് പറഞ്ഞു താത്തപ്പന്‍ തരികെ നടന്നു.


താമയോട് കാട്ടിലെ വിശേഷങ്ങള്‍ പറയാന്‍ ഇനിയും ദിവസങ്ങളാവുമെന്നു അവനറിയാമായിരുന്നു. പക്ഷെ അവളുടെ കുറ്റപ്പെടുത്തുന്ന നോട്ടത്തില്‍ നിന്നും അവളുടെ സഹോദരന്റെ ഇപ്പോഴത്തെ അവസ്ഥക്ക് തന്നെ അവള്‍ ഉത്തരവാദിയായി കാണുന്നുവെന്ന് അവനു മനസ്സിലായി. കാട്ടില്‍ പെട്ടത് അവളായിരുന്നുവെങ്കില്‍ അവളതിനെ അതിജീവിച്ചേനെ. ചേരന്‍ പുലമ്പുന്ന പോലെയല്ല, അവളെ കാട്ടുപാഠങ്ങ.ള്‍ പഠിപ്പിച്ചത് കാര്‍മേഘമാണ്. ഗ്രാമത്തിലെ വേട്ടയുടെ പ്രതീക്ഷ ഇങ്ങനെയാണെങ്കില്‍ തങ്ങള്‍ക്കു അധികം അധ്വാനമുണ്ടാവില്ലെന്നു അവനോര്‍ത്തു.

താമയ്ക്ക് കതിരിനോട് ദേഷ്യമുണ്ടായിരുന്നു. ചേരന്‍ പനിയില്‍ പിറുപിറുക്കുന്നത്‌ കാട്ടില്‍ വച്ചു കതിര്‍ പറഞ്ഞ കാര്യങ്ങളാണെന്ന് അവള്‍ക്കറിയാം. മറ്റുള്ളവരുടെ തലയ്ക്കുള്ളില്‍ കയറിയിരിക്കാനുള്ള ശേഷി കതിരിന്റെ പ്രവൃത്തികള്‍ക്കുണ്ട്. അവനറിയാതെ അവന്‍ പറയുന്ന കാര്യങ്ങള്‍ അവരുടെ ഉള്ളില്‍ കിടക്കും. പിന്നീടെപ്പോഴെങ്കിലുമൊക്കെയാവും അത് പുറത്തു വരിക. ചേരന്‍ കാര്‍മേഘത്തെ കാണാന്‍ കാട്ടില്‍ പോകണമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗ്രാമത്തിലുള്ള വിശ്വാസങ്ങളെ വെള്ളം തൊടാതെ വിശ്വസിച്ചിരിക്കുകയാണ്. വേട്ടയ്ക്ക് പോയി തുടങ്ങുന്നതിനു മുന്‍പും കാട്ടിലേക്ക് ഒറ്റയ്ക്ക് പോയിരുന്നു. പക്ഷെ അധികം ദൂരം പോകാറില്ല. കാടുകയറ്റത്തിനു ശേഷം അസ്വസ്ഥനായിരുന്നു. കൂട്ടുകാരുടെയൊപ്പം പോകാറില്ല. തന്നോട് പോലും അധികം മിണ്ടാറില്ല. അവനു ആവശ്യമുള്ള സമയത്ത് കൂടെയുണ്ടാവാതിരുന്നതില്‍ അവള്‍ക്കു കുറ്റബോധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കതിരിന്റെ വിശേഷങ്ങളറിയാന്‍ ജിജ്ഞാസയുണ്ടെങ്കിലും ചേരന്റെ പനി മാറുന്നത് വരെ അവനു കൂട്ടിരിക്കാന്‍ തീരുമാനിച്ചതും.

താമയുടെ പരിചരണത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ അവന്‍റെ പനി കുറഞ്ഞു. കുറച്ചു സംസാരിക്കാം എന്നായപ്പോള്‍ അവന്‍ കാട്ടില്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു. അവന്‍റെ  വര്‍ത്തമാനത്തില്‍ നിന്നും കാര്‍മേഘത്തിനെപ്പറ്റി അവന്‍ പനിയില്‍ പറഞ്ഞിരുന്നത് കതിര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയെന്നു അവള്‍ക്കു മനസ്സിലായി. കതിരുമായുള്ള തന്‍റെ കൂട്ടിനെ കളിയാക്കിയിരുന്ന അതേ ചേരനാണ് ഇപ്പോള്‍ അവനെക്കുറിച്ച് ഇത്രയും ആരാധനയോടെ പറയുന്നത്. മറ്റുള്ളവരെപ്പോലെ രഹസ്യമായി വട്ടന്‍ വൈത്തിയരെയും ചെക്കനേയും കളിയാക്കിയിരുന്നതു അവളോര്‍ത്തു. ആള്‍ക്കാരെ അടുത്തറിയുമ്പോള്‍  എത്ര പെട്ടന്നാണ് നമ്മുടെ അഭിപ്രായങ്ങള്‍ മാറുന്നത്!

ചേരന്റെ പനി മാറി പുറത്തു പോയി തുടങ്ങിയപ്പോഴാണ് താമ വീട്ടില്‍ നിന്നുമിറങ്ങാന്‍ ധൈര്യപ്പെട്ടത്. പണികളെല്ലാം ഒതുക്കി അവള്‍ പെരിയോറുടെ വീട്ടിലേക്ക് ഓടി. പതിവ് പോലെ വീട് തുറന്നു കിടപ്പുണ്ട്. പക്ഷെ താത്തപ്പനും കതിരും അവിടില്ല. കുറച്ചു നേരം അവിടെയൊക്കെ ചുറ്റിക്കറങ്ങി അവള്‍ വീട്ടിലേക്കു തിരിച്ചു നടന്നു. കറുംകൂന്തലിയുടെ വേപ്പിന് താഴെ മണ്ട്രം നടക്കുകയാണ്. ആര്‍ക്കു വേണമെങ്കിലും അവിടെ ചെല്ലാമെങ്കിലും ഗ്രാമത്തിലെ ചില മുത്തശ്ശിമാരോഴികെ സ്ത്രീകള്‍ സാധാരണയായി മണ്ട്രങ്ങളില്‍ പങ്കെടുക്കാറില്ല. അഥവാ പങ്കെടുത്താല്‍ തന്നെ അഭിപ്രായങ്ങള്‍ പറയാറില്ല.

ചേരന്റെ പേര് പറയുന്നത് കേട്ടിട്ടാണ് അവള്‍ അങ്ങോട്ട്‌ ചെന്നത്. ഗ്രാമ മുഖ്യനാണ് സംസാരിക്കുന്നത്. വേപ്പിന്‍ തറയില്‍ താത്തപ്പനും, വേറെ ഒന്ന് രണ്ടു മുതിര്‍ന്നവരും ഉണ്ട്. “കാര്‍മേഘത്തിന് ശേഷം ഈ ഗ്രാമത്തില്‍ നിന്നും ആരും കാട്ടിലേക്ക് ഒറ്റയ്ക്ക് പോയിട്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ആ പതിവ് തെറ്റിച്ചത് പെരിയോര്‍ വൈത്തിയരും ചെക്കനുമാണ്. പക്ഷെ അവര്‍ വേട്ടക്കാരല്ലാത്തതുകൊണ്ടാവും കാര്‍മേഘത്തിന്റെ ആത്മാവ് അവരെ ശല്യം ചെയ്യില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ്‌ വേട്ടക്കാരനായ ഒരാള്‍ ആ കാട്ടിലേക്ക് ഒറ്റയ്ക്ക് പോവുന്നത്. തിരിച്ചെത്തിയത്‌ തന്നെ ഭാഗ്യം! അവനു ഭ്രാന്താവാഞ്ഞത് വൈത്തിയരുടെ മരുന്നിന്റെ ഗുണം തന്നെയെന്നു വേണം കരുതാന്‍. ഒറ്റയ്ക്ക് കാട്ടില്‍ കയറി പോകുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്. കഴിവതും കാര്‍മേഘത്തെപ്പോലെ ശക്തിയേറിയ ആത്മാവിനെ കോപപ്പെടുത്താതിരിക്കുന്നതാണ് നല്ലത്.”

മുത്തശ്ശിമാര്‍ ഇരിക്കുന്നതിന്റെ ഇടയില്‍ താമ ഇരുപ്പുറപ്പിച്ചു. ഒന്നാം നിരയില്‍ കുറ്റവാളിയെപ്പോലെ ചേരന്‍ ഇരിക്കുന്നത് അവള്‍ കണ്ടു. ആള്‍കൂട്ടത്തിനിടയില്‍ കതിര്‍ ഇരിപ്പുണ്ട്. അവളെ കണ്ടപ്പോള്‍ അവന്‍ തല ചെറുതായൊന്നനക്കി. തന്നെപ്പോലെ തന്നെ ഗ്രാമത്തിലുള്ളവര്‍ കാര്‍മേഘത്തെക്കുറിച്ച് പറയുമ്പോള്‍ ചിരിയടക്കാന്‍ അവനും പാടുപെടുന്നുണ്ട്. മറ്റുള്ളവരും കാര്‍മേഘത്തിന്റെ ആത്മാവിനെ തൃപ്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. ഇപ്രാവശ്യത്തെ തിരുവിഴാവിന്  കറുംകൂന്തലിക്കൊപ്പം കാർമേഘത്തിനും ഗ്രാമത്തിലെ ഏറ്റവും മുഴുത്ത കാളയെ ബലി കഴിക്കാന്‍ തീരുമാനമായി. സാക്ഷാല്‍ കാര്‍മേഘം സാധാരണക്കാരനായ ഒരു താടിക്കാരന്‍ വയസ്സനായി തങ്ങളുടെയിടയില്‍  ഇരുന്നു സ്വന്തം പേരില്‍ കഴിക്കപ്പെട്ട ബലിയുണ്ണുന്നത് അവരറിയുന്നില്ലല്ലോ!

ഏറ്റവും അവസാനം പെരിയോര്‍ എഴുന്നേറ്റു. “വേട്ടയെ ഒരു തൊഴിലായി കാണുന്നില്ലെങ്കിലും ഞാനും ഒരു വേട്ടക്കാരന്‍ തന്നെയാണ്. വിശപ്പിനു വേണ്ടി മാത്രം വേട്ടയാടുന്നു എന്നു മാത്രം. നിങ്ങളില്‍ ഭൂരിഭാഗത്തെയും പോലെ വേട്ടയില്‍ നിന്നും സമ്പത്തുണ്ടാക്കാനുള്ള ശ്രമത്തില്‍ കാടിന്റെ പ്രതികാരത്തെ വിളിച്ചു വരുത്തുന്നില്ല എന്ന് കരുതി കാര്‍മേഘം എന്‍റെ ജീവിതത്തിന്റെ ഭാഗമാവാതിരിക്കുന്നില്ല. ഒരു പക്ഷെ, നിങ്ങള്‍ കരുതുന്നതിലുമധികം കാര്‍മേഘം എന്നെ സഹായിച്ചിട്ടുമുണ്ട്. കാട്ടില്‍ ഒറ്റയ്ക്ക് പോയതുകൊണ്ട് അയാള്‍ കോപിക്കുമെന്നു എനിക്ക് തോന്നുന്നില്ല. അയാള്‍ എന്‍റെ കുലത്തില്‍ ജനിച്ച ഒരാളാണ്. ഈ ഗ്രാമത്തിലുള്ളവര്‍ ദൈവമായി കരുതുന്നയാള്‍. അറിയുന്നിടത്തോളം കാട് അയാളുടെ രണ്ടാം വീടായിരുന്നു. സ്വന്തം വീട് നശിക്കുന്നത് കാണാന്‍ ആരും ആഗ്രഹിക്കില്ലല്ലോ. കാടിനെ നശിപ്പിക്കുന്നവരെ മാത്രമേ കാടിനെ കാക്കുന്നവര്‍ ഉപദ്രവിക്കൂ. ഈ ഗ്രാമത്തിലുള്ളവര്‍ ഇനിയും കാടിന്റെ മുന്നറിയിപ്പുകളെ വക വച്ചിലെങ്കില്‍ കാട് പകരം ചോദിക്കും.”

പെരിയോരുടെ മൊഴികള്‍ കേട്ട മണ്ട്രം ഒന്നാകെ സംസാരിച്ചു തുടങ്ങി. വലിയൊരു കടന്നല്‍ കൂടിനുള്ളിലാണ് താന്‍ എന്ന് താമയ്ക്ക് തോന്നി. പലയിടത്തു നിന്നും ഉയര്‍ന്നു വന്ന പുച്ഛ സ്വരങ്ങളിലും കളിയാക്കലുകളിലും ഒളിഞ്ഞിരുന്ന ഭയത്തെ അവള്‍ തിരിച്ചറിഞ്ഞു. ഒരിക്കല്‍ പോലും മണ്ട്രങ്ങളില്‍ പോവാത്ത കതിര്‍ എന്തുകൊണ്ടാണിവിടെ വന്നിരിക്കുന്നത് എന്ന സംശയത്തിന്റെ മറുപടിയും താമയ്ക്ക് കിട്ടി: യുദ്ധം തുടങ്ങിയിരിക്കുന്നു!


അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 17 : 

തിരുവിഴാവ്   


Login | Register

To post comments for this article