ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.

കാട്ടുകറുവത്തോലും തേനടയും

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം -15

കതിര്‍ അവസാനത്തെ കെണിയും തയ്യാറാക്കി മരത്തില്‍ നിന്നിറങ്ങി. ബുച്ചിയും കടുവയും സികപ്പനും അവനോടൊപ്പം തന്നെയുണ്ടായിരുന്നു. കാട്ടില്‍ പലയിടത്തു ഒളിഞ്ഞിരുന്നു തന്നെ ശ്രദ്ധിക്കുന്ന മൃഗങ്ങളുണ്ടെന്നു അവനറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ സമയത്ത് കെണികളുണ്ടാക്കാന്‍ താത്തപ്പന്‍ തന്നോട് പറഞ്ഞത്. ബുച്ചിയുടെ കൂടെയുള്ള കുറച്ചു മൃഗങ്ങള്‍ മാത്രമേ തങ്ങേളെ വിശ്വസിച്ചു കൂടെ നില്‍ക്കുന്നുള്ളൂ എന്നവനറിയാം. മഴ തുടങ്ങിയതു കൊണ്ട് മനുഷ്യര്‍ കാട് കയറുന്നത് കുറവാണ്. അതുകൊണ്ട് തന്നെയാവണം, പെയ്യാത്ത സമയങ്ങളില്‍ മൃഗങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. വേട്ടക്കാരിറങ്ങുന്ന സമയങ്ങളില്‍ ഇവയെല്ലാം ഒളിച്ചിരിക്കാറാണ് പതിവ്.

കുറച്ചു ദിവസങ്ങളായി കാട്ടില്‍ തന്നെയാണ് താമസം. ബുച്ചിയും കൂട്ടരുമുണ്ടാക്കിയ മാളത്തിലാണ് ഉറങ്ങുന്നത്. പകല്‍ മുഴുവന്‍ കെണികളുടെ പണിയുണ്ടായിരുന്നു. ഇന്ന് വീട്ടിലേക്കു തിരിച്ചു പോകാം. പിന്നെ കുറച്ചു ദിവസം വിശ്രമമാണ്. അത് കഴിഞ്ഞാല്‍ വേട്ടക്കിറങ്ങുകയാണ്. മാസങ്ങള്‍ നീണ്ടു നിന്ന പരിശീലനം കൊണ്ട് തന്‍റെ കഴിവുകളും കുറവുകളുമെല്ലാം അറിയാന്‍ കഴിഞ്ഞു. ഇരയുടെ ദൌര്‍ബല്ല്യത്തിനെക്കുറിച്ചുള്ള ബോധ്യത്തെക്കാള്‍ പ്രാധാന്യമേറിയതാണ്‌ അത്. സ്വയമറിയാമെങ്കില്‍ ശത്രുവിനെ പേടിക്കേണ്ടതില്ല എന്നാണു താത്തപ്പന്‍ പറയാറ്. ഇതുവരെയുള്ള ജീവിതത്തിന്റെ ഭൂരിഭാഗവും വെറുത്ത ഒരു ജനതയുടെ ഭാഗമായിക്കഴിഞ്ഞു. ഇരയും വേട്ടക്കാര്‍ തന്നെ എന്നോര്‍ത്തപ്പോള്‍ കതിരിന്‍റെ മുഖത്തു ഒരു ചെറിയ ചിരി വന്നു.

കെണി വയ്ക്കാന്‍ പോയപ്പോള്‍ കാടിന് നടുവിലുള്ള വലിയ മരത്തില്‍ വലിയൊരു തേനീച്ചക്കൂട് കണ്ടിരുന്നു. അതില്‍ നിന്നും ഒരു കഷ്ണം പൊട്ടിച്ചെടുത്ത് തുണിയില്‍ പൊതിഞ്ഞെടുത്തിട്ടുണ്ട്. സാധാരണ വേട്ടക്കാര്‍ അത്രയ്ക്ക് ഉയരത്തില്‍ കയറാറില്ല. അത്രയും വലിയ കൂട്ടില്‍ നിന്നും തെനെടുക്കാന്‍ ധൈര്യവും ഉണ്ടാകില്ല. കുറച്ചു തേനിനു വേണ്ടി കുത്ത് കൊണ്ട് മരിക്കാന്‍ ആരും തയ്യാറാവില്ലല്ലോ.സഹായിക്കാന്‍ കുറെ കുരങ്ങന്മാര്‍ കൂടിയിരുന്നു. അവരാണ് തേന്‍കൂടിന്റെ കഷ്ണം പറിച്ചു തന്നത്. കുറേ പഴങ്ങളും പച്ചമരുന്നുകളും ശേഖരിച്ചിട്ടുണ്ട്. ഇന്ന് കാടിറങ്ങാം. അടുത്ത ഇറക്കം എങ്ങിനെയാവുമെന്നു അറിയില്ലല്ലോ.

കാട്ടിലൂടെ നടക്കുമ്പോള്‍ വഴി മറന്നു പോവാതിരിക്കാന്‍ വേട്ടക്കാര്‍ മരങ്ങളില്‍ കോറിയിട്ട പാടുകളിന്മേല്‍ പായല്‍ കയറി മറഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ അവനു ആ അടയാളങ്ങള്‍ ആവശ്യമുണ്ടായിരുന്നില്ല. കാട്ടിലൂടെയുള്ള വഴികള്‍ ഇപ്പോള്‍ മനപാഠം ആയിരിക്കുന്നു. വഴി തെറ്റിയാലും കുഴപ്പമില്ല. രണ്ടു മണിക്കൂറോളം നടന്നാല്‍ പുഴയെത്താം. ആ വഴിയെ പോയാല്‍ ഗ്രാമത്തിന്റെ അങ്ങേയറ്റത്തെത്താം.

താത്തപ്പനും താനുമല്ലാതെ ആയുധമില്ലാതെ ആരും ഗ്രാമത്തില്‍ നിന്നും കാട് കയറാറില്ല. ആയുധമുണ്ടെങ്കിലും വേട്ടക്കാര്‍ കൂട്ടമായാണ് കാറ്റില്‍ വരുക. കൂട്ടത്തില്‍ നിന്നും പിരിഞ്ഞ് ഒറ്റയ്ക്ക് വേട്ടയാടുന്നവര് അധികം ദൂരേക്ക്‌ പോവാറില്ല. മറ്റു ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ കാടിന്റെ ഈ ഭാഗത്തേക്ക് വരാറില്ല. മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്നതുകൊണ്ട് ഇവിടെ പകല്‍ പോലും ഇരുട്ടാണ്‌. പുഴയില്‍ ഒരുപാട് മീനുണ്ടെങ്കിലും ഇവിടെ വന്നു വലയിടാന്‍ ഗ്രാമത്തിലുള്ളവര്‍ക്ക് മടിയാണ്. പണ്ട് കാര്‍മേഘം ഇവിടെയാണ്‌ തമ്പടിചിരുന്നതത്രേ! കാർമേഘത്തിന്റെ ആത്മാവ് ഇപ്പോഴും ഇവിടെയൊക്കെ കറങ്ങി നടക്കാറുണ്ടത്രേ!


കാട്ടില്‍ വന്നാല്‍ താത്തപ്പന്‍ ഇപ്പോഴും ഇവിടെ തന്നെയാണ് താമസം. പുഴയില്‍ നിന്നും മീന്‍ പിടിച്ചും ചെറിയ ഏതെങ്കിലും മൃഗങ്ങളെ വേട്ടയാടിയുമാണ് ഭക്ഷണം കണ്ടെത്തുക. വേട്ടയാടാനുള്ള ശക്തിയില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ക്ഷീണം ഇപ്പോഴാണ് അറിയുന്നത്. കടവില്‍ ഭാണ്ഡം വച്ചു അവന്‍ പുഴയിലേക്കിറങ്ങി അനങ്ങാതെ നിന്നു. അങ്ങോട്ടുമിങ്ങോട്ടും ശാന്തമായി ഒഴുകുന്ന മീനുകളുടെ നിഴലുകള്‍. ഒന്ന് മുങ്ങി നിവര്‍ന്നപ്പോള്‍ ഒരുണര്‍വ്വ് തോന്നി. കരയിലേക്ക് കയറി ചുറ്റും ഒന്ന് കണ്ണോടിച്ചു. അരയിലുള്ള കത്തികൊണ്ട് അടുത്തുള്ള ഇല്ലിക്കാട്ടില്‍ നിന്നും  കുറച്ചു മുള്ള് മുറിച്ചെടുത്ത് സഞ്ചിയിലുള്ള പ്ലാശുനാരെടുത്തു കെട്ടി. കടവില്‍ നിന്നും  ഒരു മുഴുത്ത മണ്ണിരയെ കുഴിച്ചെടുത്തു മുള്ളില്‍ കോര്‍ത്തു വെള്ളത്തിലേക്കിട്ടു മറ്റേയറ്റം ഒരു വലിയ കല്ലില്‍ കെട്ടിയിട്ടു. ഒതുപോലുള്ള നാല് ചൂണ്ട കൂടിയുണ്ടാക്കി വെള്ളത്തിലേക്കിട്ടു.

മീന്‍ കൊത്ത്മ്പോഴേക്കും കതിര്‍ കടവില്‍ നിന്നും കുറേ വലിയ കല്ലുകളെടുത്തുവച്ച് ഒരു വട്ടമുണ്ടാക്കി അതിനുള്ളിലേക്ക് കുറേ കരിയിലകളും മരക്കൊമ്പുകളും കൂട്ടി വച്ചു. ഉണങ്ങാത്ത മൂന്നു  പുളിങ്കമ്പ് മുറിച്ചുകൊണ്ട് വന്നു അറ്റം കൂര്‍പ്പിച്ചു. പുഴയിലേക്ക് ഇറക്കിയിട്ടിരുന്ന ചൂണ്ടകള്‍ പോയി നോക്കി. മൂന്നെണ്ണത്തില്‍ മീന്‍ കുടുങ്ങിയിട്ടുണ്ട്. അവന്‍ ചൂണ്ടകള്‍ വെള്ളത്തില്‍ നിന്നും വലിച്ചെടുത്തു. ഗ്രാമത്തില്‍ നിന്നും കിട്ടുന്ന ഇരുമ്പ് കൊണ്ടുള്ള ചൂണ്ട പോലെയല്ല. ഇതില്‍ മീന്‍ കൊത്തിയാല്‍ അതിന്‍റെ വയറ്റില്‍ കുരുങ്ങിക്കിടക്കും. രക്ഷപ്പെടാന്‍ കഴിയില്ല. മീനുകളുടെ വയറു കീറി വൃത്തിയാക്കി പുറത്തെടുത്ത ഭാഗങ്ങള്‍ ഒരു ഇലയിലാക്കി കുറച്ചകലെ കൊണ്ട് വച്ചു. ഇരുളില്‍ കാത്തു നില്‍ക്കുന്ന കീരികള്‍ അതെടുക്കുമെന്നു അവനറിയാം. ഓരോന്നായി മീനുകളെ കൂര്‍പ്പിച്ച കമ്പുകളില്‍ കോര്‍ത്തു വച്ചതിനു ശേഷം കൂട്ടി വച്ച കരിയിലകള്‍ കത്തിച്ചു. ആളിക്കാത്തുന്ന തീയ്ക്ക് അടുത്തായി കമ്പുകള്‍ കുത്തി വച്ചു. ഇനി ചൂട് പറ്റി അത് വേവുന്നത്‌ വരെ കാത്തിരിക്കണം. അവനൊരു മരത്തില്‍ ചാരിയിരുന്നു. മഴയ്ക്ക്‌ സാധ്യതയില്ല. രാത്രി പുളിമരത്തില്‍ കയറിയിരുന്നുറങ്ങാം.

കരിയിലകള്‍ ഞെരിയുന്ന ശബ്ദം! മരങ്ങള്‍ക്കിടയില്‍ ആരോ തന്നെ നോക്കുന്നുണ്ട്. കതിര്‍ അനങ്ങാതെയിരുന്നു. മരങ്ങള്‍ക്കിടയില്‍ നിന്നും ഒരു രൂപം പതുക്കെ പുറത്തേക്ക് വന്നു. താമയുടെ സഹോദരന്‍ ചേരനാണ്. ഇവനെന്താണ് ഈ സമയത്തു കാട്ടില്‍? അതും ഒറ്റയ്ക്ക് ആയുധങ്ങളോന്നുമില്ലാതെ? കാര്‍മേഘത്തിന്‍റെ ആത്മാവ് ജീവിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് അയാളെ കാണാന്‍ പുതിയ വേട്ടക്കാര്‍ ഇവിടെ വരാറുണ്ട്. പക്ഷെ, അവര്‍ കൂട്ടം കൂടിയാണ് വരാറ്. മഴക്കാലത്ത് വെട്ടയില്ലാത്ത സമയങ്ങളില്‍ വേട്ടക്കാരാരും കാട് കയറാറില്ല. ചേരന്‍ ഒറ്റയ്ക്കാണ്. താമ പറഞ്ഞു അവനെ കതിരിനരിയാം. ഒരു മരത്തിന്റെ മറവില്‍ സംശയിച്ചു നില്‍ക്കുകയാണ് അവന്‍. തിരിഞ്ഞു നോക്കാതെ കതിര്‍ പറഞ്ഞു,

“നല്ല മീനുണ്ട്. ഇതിനെ മുഴുവനും ഒറ്റയ്ക്ക് തിന്നാനാവില്ല. കൂടുന്നോ?”


രണ്ടാമതൊരു ക്ഷണത്തിനു കാക്കാതെ ചേരന്‍ കതിരിനടുത്തെത്തി.


അവന്‍ മീന്റെ വേവ് നോക്കി കമ്പുകള്‍ പുറത്തെടുത്തു. അത്രയും നല്ല മണം ചുട്ട മീനുണ്ടാവുമെന്നു ചേരനറിയില്ലായിരുന്നു. മൂന്ന് വട്ടയിലകളിലെക്ക് കതിര്‍ ഓരോ  മീന്‍ വീതം വീതിച്ചിട്ടു. ഒരില ചേരന് മുന്‍പില്‍ വച്ചു .പരസ്പരം ഒന്നും മിണ്ടാതെ അവര്‍ അത് കഴിച്ചു. മൂന്നാമാത്തെയിലയില്‍ ബാക്കി വന്ന മീനും മുള്ളുകളും കതിര്‍ കുറച്ചകലെ ഒരു മരച്ചുവട്ടില്‍ കൊണ്ട് ചെന്ന് വയ്ക്കുന്നത് ചേരന്‍ കൗതുകത്തോടെ നോക്കിയിരുന്നു.


“നീ കാട്ടിലെന്താണ് വന്നത്? വേട്ടയ്ക്കല്ല എന്നറിയാം. മഴ തുടങ്ങിയാല്‍ ആരും വേട്ടയ്ക്ക്  കാട് കയറാറില്ല. പ്രത്യേകിച്ചും ഒറ്റയ്ക്ക്.“


“നീയെന്തിനാ കാര്‍മേഘത്തിന്റെ സ്ഥലത്ത് രാത്രി ചിലവിടുന്നത്‌? ഇവിടെ അദ്ദേഹത്തിന്റെ ആത്മാവ് ചുറ്റിക്കറങ്ങുന്നുണ്ട്. വേട്ടക്കാര്‍ പോലുമിങ്ങോട്ടു ഒറ്റയ്ക്ക് വരാറില്ല.” കതിരിന്റെ ചോദ്യത്തെ ചേരന്‍ മറ്റൊരു ചോദ്യംകൊണ്ട് നേരിട്ടു.


“എനിക്കീ ആത്മാക്കളിലൊന്നും വിശ്വാസമില്ല. കാട്ടില്‍ വരുമ്പോള്‍ ഞാനിവിടെയാണ്  താവളമടിക്കാറുള്ളത്. ആവശ്യത്തിനു മീന്‍, രാത്രി ചിലവഴിക്കാന്‍ വലിയ മരങ്ങള്‍, കാട്ടിൽ ഏറ്റവും ശാന്തമായ ഇടമാണ് ഇത്. ഇവിടെ വരുന്നത് എനിക്കിഷ്ടമാണ്.” ഉള്ളില്‍ ചിരിച്ചുകൊണ്ട് ഗൗരവത്തില്‍ കതിര്‍ പറഞ്ഞു.


“അപ്പോള്‍ ഇവിടെ എപ്പോഴും വരാറുണ്ടോ?”


“തന്‍റെ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാനാണ് ചേരന്‍ വിഷയം മാറ്റുന്നതെന്ന് കതിരിന് മനസ്സിലായി. ഒരു മൂളലില്‍ അവന്‍ ഉത്തരം ഒതുക്കി.” നീയെന്താണിവിടെ? അതും ഒറ്റയ്ക്ക്, ആയുധങ്ങളൊന്നുമില്ലാതെ?” അവന്‍ ശബ്ദം താഴ്ത്തി- വേട്ടക്കാരെ വെറുക്കുന്ന കാടാണിതെന്നു അറിയില്ലേ?”


കാല്‍മുട്ടുകള്‍ നെഞ്ചോടടുപ്പിച്ച് ചേരന്‍ പുഴയിലേക്ക് നോക്കിയിരുന്നു- “കുറച്ചു നേരമെങ്കിലും വേട്ടക്കാരനാവാതിരിക്കാനാണ് ഞാനീ കാട്ടില്‍ വന്നത്. ഇരുട്ടാവുമ്പോഴേക്കും തിരിച്ചു പോകാം എന്ന് കരുതിയതായിരുന്നു. വഴി തെറ്റി. പുഴയുടെ വഴിയെ ഗ്രാമത്തിലെത്താം എന്ന് കരുതി നടന്നതാണ്. ഇവിടെയെത്തിയപ്പോള്‍ ചെറിയ ഭയമൊക്കെയുണ്ടായിരുന്നു. മുത്തശ്ശിക്കഥകളിലുള്ള പോലെ കാര്‍മേഘം വന്നെന്നാണ്‌ ഞാന്‍ കരുതിയത്‌. ഇരുട്ടായതുകൊണ്ട് കാണാനും പറ്റിയില്ല. കുറച്ചു ധൈര്യം സംഭരിച്ചു എന്‍റെ സംശയങ്ങള്‍ അദ്ദേഹത്തോട് ചോദിക്കാം എന്ന് കരുതി മറഞ്ഞു നില്‍ക്കുമ്പോഴാണ് നീ എന്നെ വിളിച്ചത്.”

കതിരിന് അത് കേട്ട് അതിശയമായി. താമ പറഞ്ഞ ചേരന്റെ കഥകളില്‍ അവന്‍ വീരശൂരപരാക്രമിയായ വേട്ടക്കാരനാണ്. ഗ്രാമത്തിലെ ഓരോ അമ്മയും തന്റെതായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന മകന്‍. ചെറുപ്പം മുതലേ വേട്ടയായിരുന്നു എല്ലാം. കാടുകയറ്റത്തിനു ഒരു ചെന്നായ ആയിരുന്നു അവന്‍റെ ആദ്യത്തെ ഇര. കാര്‍മേഘം താവളമുണ്ടാക്കിയിരുന്ന ഇടം വേട്ടക്കാരുടെ ഒരു തീര്‍ഥാടന സ്ഥലം പോലെയാണ്. പലപ്പോഴും അവര്‍ കാണിക്കയായി വച്ച വേട്ട മുതലുകള്‍ ഇവിടെ കാണാറുണ്ട്‌. പക്ഷെ ചേരന്റെയത്രയും പ്രായം കുറഞ്ഞവരെ കാട്ടിലേക്ക് ഒറ്റയ്ക്ക് വിടാറില്ല. കാര്‍മേഘത്തിന്റെ ആത്മാവ് ഗ്രാമത്തിലെ കഥകളില്‍ ഏറ്റവും ശക്തിയേറിയതാണ്. മുതിരന്നവര്‍ക്ക് പോലും അതിനെ നേരിടാനുള്ള കരുത്തില്ല എന്നാണു ഗ്രാമത്തിലെ വിശ്വാസം.

അവന്‍റെ സംശയങ്ങളെന്തായിരിക്കും? കതിര്‍ തല തിരിച്ച് അവനെ നോക്കി. നിലത്തു ചരിഞ്ഞു കിടന്നു ശാന്തമായി ഉറങ്ങുന്നു. അതിരാവിലെ യാത്ര തുടരേണ്ടതാണ്. കുറച്ചുകൂടി കമ്പുകള്‍ തീയിലെക്കിട്ടു. ചുറ്റുമുള്ള കല്ലുകള്‍ അതിനെ പടരുന്നതില്‍ നിന്നും രക്ഷിക്കും. തീയുള്ളതുകൊണ്ട് മൃഗങ്ങള്‍ അടുക്കുകയുമില്ല. ഇന്ന് നിലത്തു കിടക്കാം. പതുക്കെ അവന്‍റെ കണ്ണുകളടഞ്ഞു.

കാട് ശാന്തമായിരുന്നു. അതിരാവിലെതന്നെ അവര്‍ ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. ഒരു സംശയവുമില്ലാതെ കതിര്‍ മുന്നില്‍ നടന്നു. ഇനിയും അര ദിവസത്തെ യാത്രയുണ്ട്. പോകുന്ന വഴി മരുന്ന് ചെടികള്‍ പറിക്കണം. താന്‍ കാട്ടില്‍ എന്തിനാണ് വന്നതെന്നുള്ളതിന്റെ സംശയം ചേരനുണ്ടാവരുത്.

ആത്മവിശ്വാസത്തോടെയുള്ള കതിരിന്റെ നടത്തം കണ്ടു ചേരന് സങ്കടം വന്നു. ഒരു പക്ഷെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടാവാം. അവനു ഒന്നിനെക്കുറിച്ചും ചിന്തിച്ചു തല പുകക്കേണ്ട. ആരെയും സന്തോഷിപ്പിക്കേണ്ട. അവന്‍ നടക്കുന്നത് എത്ര ഉറപ്പോടെയാണ്. തനിക്കു തിരിച്ചു വീട്ടില്‍ പോകാന്‍ പോലും മടിയാണ്.

അവര്‍ പരസ്പരം ഒന്നും മിണ്ടാതെ നടന്നു. പോകുന്ന വഴികളില്‍ നിന്ന് പല തരം ചെടികളും പഴങ്ങളും വീണു കിടക്കുന്ന വിത്തുകളും സഞ്ചിയിലേക്കിടുന്നുണ്ടായിരുന്നു. വേട്ടക്കൂട്ടങ്ങളിലെപ്പോലെ ബഹളങ്ങളില്ല. കാട്ടിലൂടെ ഇങ്ങനെ നടക്കുമ്പോള്‍ നെഞ്ചിനുള്ളിലുണ്ടായിരുന്ന വലിയ കല്ല്‌ നേര്‍ത്ത് ഇല്ലാതാവുന്ന പോലെ ചേരന് തോന്നി.. എന്തെന്നില്ലാത്ത ശാന്തത.

കതിര്‍ അധികം മിണ്ടാത്ത പ്രകൃതമാണേന്നു താമ പറയാറുണ്ട്. പക്ഷെ ഇത്ര കുറച്ചു മാത്രമേ മിണ്ടൂ എന്നറിയില്ലായിരുന്നു. “നമ്മള്‍ നടക്കുന്ന വഴികള്‍ ഗ്രാമത്തിലേക്കുള്ളത് തന്നെയാണോ?”


കതിര്‍ ഒന്ന് ചിരിച്ചു. ചെറുപ്പം മുതല്‍ താത്തപ്പന്‍ നട്ട മരങ്ങള്‍ക്കിടയിലാണ് താന്‍. മറ്റു വേട്ടക്കാര്‍ തന്‍റെ വേട്ട വഴികള്‍ അറിയാതിരിക്കാന്‍ കാര്‍മേഘം ഉണ്ടാക്കിയ വഴികളാണവ. കൃത്യമായ അകലങ്ങളില്‍ നില്‍ക്കുന്ന ഒരേ രീതിയില്‍ വളവുള്ള മരങ്ങള്‍ക്ക് വേറെ പ്രത്യേകതകള്‍ ഒന്നുമില്ല. താത്തപ്പന്‍ കാട്ടി തന്നില്ലായിരുന്നില്ലെങ്കില്‍ താനും ഈ വഴിയെപ്പറ്റി അറിയില്ലായിരുന്നു. ചെറുമരങ്ങളായിരുന്നപ്പോള്‍ അവയെ വളച്ചു നിലത്തെക്കക്കടുപ്പിച്ച് വലിയൊരു മരക്കഷണം അവയുടെ മുകളില്‍ വച്ചു കാലങ്ങളോളം കാത്തിരുന്നു മരക്കഷ്ണത്തിനു മുകളിലുള്ള ഭാഗങ്ങളില്‍ നിന്നും പുതിയ കൊമ്പുകള്‍ മുളച്ചു വരുമ്പോള്‍ വളച്ചു വച്ചത്‌ മുറിച്ചു കളയും. കൊമ്പ് വളയുന്നിടത്തു കൈമുട്ടിന്‍റെ ആകൃതിയില്‍ മുറിവിന്‍റെ പാടുണ്ടാവും. ഗ്രാമാതിര്‍ത്തി വരെ ഇങ്ങനെയുള്ള മരങ്ങളുണ്ട്. ചേരന്റെ ചോദ്യത്തിനുത്തരമായി അവന്‍ പറഞ്ഞു. ”ഇല്ല. കാര്‍മേഘം നമ്മുടെ കൂടെയുണ്ട്”

തന്നെ ആശ്വസിപ്പിക്കാനാണ് കതിര്‍ അങ്ങിനെ പറഞ്ഞതെന്ന് അവനു തോന്നി. വേട്ടക്കാരനല്ലാത്ത അവനെന്തിനാണ്‌ കാര്‍മേഘത്തില്‍ വിശ്വസിക്കുന്നത്? വഴിയില്‍ കണ്ട കാട്ട്കറുവയുടെ മരത്തില്‍ നിന്നും തോല്‍ ഉരിഞ്ഞെടുക്കുകയായിരുന്നു കതിര്‍. മരത്തിനു ആപത്തു വരാത്ത രീതിയില്‍ ചെറിയ കഷണങ്ങള്‍ ചെത്തിയെടുത്ത് സഞ്ചിയിലേക്കിടുന്നു. കത്തികൊണ്ട് ഒരു കഷണം മുറിച്ചെടുത്ത് അവനു നേരെ നീട്ടി. വേറൊന്നും പറയാതെ ഒരു കഷ്ണം വായിലിട്ടു ചവച്ചു. സംശയിച്ചുകൊണ്ട്‌ ചേരന്‍ തന്‍റെ കൈയ്യിലിരുന്ന ലവംഗത്തിന്‍റെ കഷ്ണം ചവച്ചു. മധുരവും ചവര്‍പ്പും ചെറിയ എരിവും നിറഞ്ഞ നീര് വായില്‍ നിറഞ്ഞു. കാട്ടുകറുവ കന്നുകാലികള്‍ക്ക് മാത്രമുള്ളതാനെന്നാണ് ഗ്രാമത്തില്‍ എല്ലാവരും പറയാറ്. കതിര്‍ വീണ്ടും ഒരു കാട്ടുപാഠം കൂടി പഠിപ്പിച്ചിരിക്കുന്നു.


“ഇപ്പോഴും ഈ വഴിയാണോ വരാറ്?” വെറുതെ എന്തെങ്കിലും മിണ്ടാനായി ചേരന്‍ ചോദിച്ചു.


“ചിലപ്പോള്‍. വേറെയും വഴികളുമുണ്ടല്ലോ.” കതിരിന്റെ ചുരുങ്ങിയ വാക്കുകള്‍ തന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം ഉള്ള ഉത്തരമാണെന്ന് അവനു തോന്നി. വേറെയും വഴികളുണ്ട്. എത്ര കടുത്തതായാലും അതിലൂടെ പോകാനുള്ള ധൈര്യമുണ്ടായാല്‍ മതി.

ഉച്ചയായപ്പോള്‍ അവര്‍ ഒരു മരത്തിനു ചുവട്ടില്‍ വിശ്രമിച്ചു. ചേരന് വിശക്കുന്നുണ്ടായിരുന്നു .ഒരു പാട് തവണ കാട്ടില്‍ വന്നിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് ഇതാദ്യമായാണ്. കൂട്ടമായി വരുമ്പോള്‍ ആവശ്യമുള്ള അരിയും ഉണങ്ങിയ ഇറച്ചിയും മറ്റു ഭക്ഷണ സാധനങ്ങളും കൊണ്ട് വരാറുണ്ട്. എല്ലാവരും കൂടി അത് പാകം ചെയ്തു കഴിക്കാറാണ് പതിവ്. ഇന്നലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കാട്ടില്‍ കുറച്ചു നേരം ആരുടേയും കണ്ണില്‍ പെടാതെ സ്വസ്ഥമായി ഇരിക്കാം എന്ന് മാത്രമേ കരുതിയുള്ളൂ. വഴി തെറ്റി ആറ്റിങ്കരയിലെത്തുമെന്നോ വിചിത്ര സ്വഭാവമുള്ള പെരിയോറുടെ ചെക്കനെ കണ്ടു മുട്ടുമെന്നോ അറിയില്ലായിരുന്നു.

സഞ്ചി നിലത്തു വച്ചു കതിര്‍ അടുത്ത് കണ്ട ചെറിയ ഒരു മരത്തില്‍ കയറി. ഇളം ചുവപ്പും പച്ചയും കലര്‍ന്ന പഴുത്ത കൊടുക്കാപ്പുളികളാണ് അതില്‍ നിറയെ. അവന്‍ കുറെയെണ്ണം പറിച്ചു നിലത്തിട്ടു. മരത്തില്‍ നിന്നിറങ്ങി സഞ്ചിയില്‍ നിന്നും കുറച്ചു നെല്ലിക്കയും തേനടയുടെ ഒരു കഷ്ണവുമെടുത്തു. “ഇത് കഴിക്കാം . ഗ്രാമത്തിലെക്കെത്താന്‍ ഇനിയും രണ്ടു മണിക്കൂറുണ്ട്.”

കതിര്‍ നെല്ലിക്ക ഒരെണ്ണം കടിച്ചു. കയ്പ്പും ചവര്‍പ്പും നിറഞ്ഞ നീര് വായില്‍ നിറഞ്ഞു. കതിര്‍ ഭാവവ്യത്യാസമോന്നുമില്ലാതെ അത് ചവയ്ക്കുന്നുണ്ട്. നീരിനു കുറച്ചു ചവര്‍പ്പുണ്ട്. പക്ഷെ തൊണ്ട നനഞ്ഞില്ലെങ്കില്‍ തളര്‍ച്ച തോന്നി തുടങ്ങും. കയ്പ്പ് പോകാന്‍ ഒരു കൊടുക്കാപ്പുളി തിന്നാല്‍ മതി.” അവന്‍ പറഞ്ഞു.

പഴങ്ങലെല്ലാം തിന്നു കഴിഞ്ഞപ്പോള്‍ അവന്‍ ചേരന് നേരെ തേനടയുടെ കഷണം നീട്ടി.” ഇതിനു നല്ല രുചിയുണ്ട്.” തേനിന്റെ മധുരം ആസ്വദിച്ചുകൊണ്ട് ചേരന്‍ പറഞ്ഞു. ”മോഷ്ടിച്ചെടുത്തതല്ല. ഇതെടുത്തപ്പോള്‍ തേനീച്ചക്കൂട്ടത്തിനു ഒന്നും പറ്റിയിട്ടില്ല. അതാണിത്ര രുചി.”


“ശരിയായിരിക്കും. വേട്ടയില്‍ നിന്നും കൊണ്ട് വരുന്ന തേനിനു ഇത്രയും മധുരമില്ല.”


അവന്‍റെ അപ്രതീക്ഷിതമായ മറുപടി കേട്ട് കതിര്‍ ഒന്ന് തിരിഞ്ഞു നോക്കി. കൂടുതലൊന്നും ചോദിക്കാതെ നടത്തം തുടര്‍ന്നു. സന്ധ്യയാവാറായി. കാട്ടില്‍ ഇരുട്ട് പടര്‍ന്നു തുടങ്ങിയപ്പോഴേക്കും അവര്‍ ഗ്രാമാതിര്‍ത്തിയിലെത്തി. കാലിച്ചെറുക്കന്മാര്‍ അവരെ കണ്ടപ്പോള്‍ നീട്ടി കൂവി. ചേരന്‍ അവരുടെ നേര്‍ക്ക്‌ നടന്നു. എതിര്‍ ദിശയില്‍ താത്തപ്പന്റെ വീടിനു  നേര്‍ക്ക്‌ കതിരും.


 

അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 16 : 

വേപ്പുമരത്തിനു ചുവട്ടിലെ മണ്ട്രം


Login | Register

To post comments for this article