ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.

ബുച്ചി പറഞ്ഞ കഥ

ബുച്ചിബൂബൂ   നോവൽ - അദ്ധ്യായം 8

കതിരും താമയും ബുച്ചിയുടുടെ കഥ കേട്ടു അനങ്ങാനാവാതെ ഇരുന്നു. രാവിലെ തന്നെ എലിക്കുഞ്ഞ് ഉണർന്നോ എന്നറിയാന്‍ ഓടിവന്നതായിരുന്നു താമ . രണ്ടുപേരും ഇരുന്നു കഴിഞ്ഞാണ് പെരിയോര്‍ കഥ പറഞ്ഞത്. ഈ ഗ്രാമത്തിലെ മനുഷ്യര്‍ കാട് നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലാഭത്തിനു വേണ്ടി എന്തും ചെയ്യുന്ന അവര്‍ ഒരിക്കലും അത് തങ്ങളുടെ നാശത്തിലേക്കുള്ള വഴിയാണെന്ന് കാണുന്നില്ല. കാടിനെ നശിപ്പിക്കെരുതെന്നു പറയുന്നവര്‍ അവരുടെ നോട്ടത്തിൽ ഭ്രാന്തന്മാരാണ്.

“അവരുടെ വഴി തെറ്റാണെന്നു അവരെ മനസിലാക്കി കൊടുക്കാം എന്ന് കരുതിയാണ് ഞാനീ ഗ്രാമത്തിലേക്ക് തിരിച്ചു വന്നത്. പക്ഷെ അവര്‍  കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് നമ്മള്‍ പറയുന്നത്. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ എന്തെങ്കിലും വഴി കണ്ടു പിടിക്കണം.” പെരിയോര്‍ ആലോചനയില്‍ തന്റെ താടി തടവി.

കതിരും താമയും തമ്മില്‍ തമ്മില്‍ നോക്കി. ഇനി എന്താണ് പെരിയോര്‍ പറയാന്‍ പോകുന്നതെന്ന് നോക്കിയിരുന്നു. പക്ഷെ അദ്ദേഹം അടുത്തതായി പറഞ്ഞത് കേട്ടു അവര്‍ ഞെട്ടി.

“കതിര്‍, നീ ബുച്ചിയെ അവന്റെ മാളത്തില്‍ കൊണ്ട് വിടണം. അവന്‍ എവിടെയാണ് ജീവിക്കുന്നതെന്നറിയുക. എന്നിട്ട് നീ തിരിച്ചു പോന്നോളൂ, നമുക്കിപ്പോള്‍ കൂടുതലായി ഒന്നും ചെയ്യാന്‍ കഴിയില്ല.”

“പക്ഷെ, താത്തപ്പാ...” കതിര്‍ പറയാനാഞ്ഞു.

താമയുടെ കണ്ണ് നിറഞ്ഞു വന്നിരുന്നു. പക്ഷെ താത്തപ്പ പറയുന്നത് ശരിയാണെന്നു അവള്‍ക്കറിയാം. ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ചെയ്യുകയാണെങ്കില്‍ പെട്ടന്നു ചെയ്യണം. ഒരു വയസ്സനും രണ്ടു പിള്ളാരും എന്ത് ചെയ്യാനാണ്? ഈ ഗ്രാമത്തില്‍ ഒരു കുഞ്ഞു പോലും തങ്ങൾക്ക് കൂട്ടില്ലെന്ന്  അവള്‍ക്കറിയാം.

കതിര്‍ തന്റെ സഞ്ചിയും വടിയും എടുത്തു. കാട്ടില്‍ നിന്നും കുറച്ചു മരുന്നുകളും പറിക്കാം. രാത്രി മഴയുണ്ടായിരുന്നതു കൊണ്ട് ചിലപ്പോള്‍ കൂണും കിട്ടും. താത്തപ്പന്‍ എന്തെങ്കിലും വഴി കാണാതിരിക്കില്ല എന്നാണു അവന്റെ വിശ്വാസം. ചിലപ്പോള്‍ ഇതായിരിക്കും താത്തപ്പന്‍ പറഞ്ഞ അവസരം. കാട്ടിലെ കുറച്ചു മൃഗങ്ങളുടെ സഹായം ഉണ്ടെങ്കില്‍ കൂടെയുള്ളവരുടെ എണ്ണം കൂടുമല്ലോ. അപ്പോള്‍ ഒരു വയസ്സനും രണ്ടു കുട്ടികളും മാത്രമല്ല കാട് നശിക്കരുതെന്ന് ആഗ്രഹമുള്ളവര്‍.    

അവര്‍ ബുച്ചിയുടെ മാളത്തിനു മുമ്പിൽ എത്തിയിരുന്നു. കതിര്‍ അവനെ പതിയെ നിലത്തു വച്ചു. 

“താത്തപ്പന്‍ എന്തെങ്കിലും വഴി കാണാതിരിക്കില്ല.” അവന്‍  തിരിഞ്ഞു നടന്നു.

അവന്‍ പറഞ്ഞതെന്നെന്നു ബുച്ചിക്ക് മനസ്സിലായില്ലെങ്കിലും അവന്റെ ശബ്ദത്തിലെ പ്രതീക്ഷ അവന് അനുഭവപ്പെട്ടു

അവന്‍ പതുക്കെ മാളത്തിലേക്ക് കയറി. ബൂബുവും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. അവന്റെ മുഖത്തെ നിരാശ കണ്ടപ്പോള്‍ തന്നെ അവര്‍ക്ക്  കാര്യങ്ങള്‍ മനസ്സിലായി. പക്ഷെ അവന്‍ ജീവനോടെ തിരിച്ചു വന്നതിന്റെ ആശ്വാസമായിരുന്നു എല്ലാവര്ക്കും. പ്രതീക്ഷ നിരാശയിലെക്കുള്ള വഴിയാണെന്ന് അവര്‍ പണ്ടേ പഠിച്ച പാഠമായിരുന്നു. 

രണ്ടു ദിവസം കഴിഞ്ഞു നിറഞ്ഞ ഭാണ്ഡവുമായി കതിര്‍ കാടിറങ്ങി. വീടിലെത്തി മരുന്ന് ചെടികള്‍ ഉണങ്ങാന്‍ തൂക്കിയിട്ടു. രണ്ടു ദിവസത്തെ പണികളുണ്ട്‌. താമ വരുന്നത് കൊണ്ട്  താത്തപ്പന്‍ ഒറ്റക്കായിരുന്നില്ല എന്ന ആശ്വാസമുണ്ട്. 

അവന്‍ ഓരോ പണികളെടുത്തു നടക്കുന്നത് കുറെ നേരം പെരിയോര്‍ നോക്കിയിരുന്നു. അവന്റെ ചിന്തകള്‍ ഒന്നടങ്ങി എന്ന് തോന്നിയപ്പോള്‍ അവനെ അടുത്തു വിളിച്ച, "സമയം കുറവാണ്. ഒരു ആയുഷ്കാലം കൊണ്ട് പഠിക്കേണ്ടത് നീ ദിവസങ്ങള്‍ കൊണ്ട് പഠിക്കണം. നീയിനി  വേട്ടക്കാരനാവാന്‍ പോവുകയാണ്.”

താത്തപ്പന്റെ മനസ്സിലെന്താനെന്നു അറിയില്ലെങ്കിലും, ഇത് വരെ താനറിഞ്ഞ ജീവിതം മാറാന്‍ പോവുകയാണെന്ന് അവനു മനസ്സിലായി.

താന്‍ കാട്ടിലായിരുന്നപ്പോള്‍ താത്തപ്പന്‍ താമയുമൊത്തു എന്തോ ഒരു പദ്ധതി ഉണ്ടാക്കിയിട്ടുണ്ടെന്നു കാതിരിന് മനസ്സിലായിരുന്നു. രണ്ടു പേരും എന്തൊക്കെയോ രഹസ്യം പറയുന്നുണ്ട്. താത്തപ്പന്‍ താമയോട് സംസാരിക്കുന്ന പോലെ ഒരിക്കലും തന്നോട് മിണ്ടിയിട്ടില്ല എന്ന് അവന്‍  ഓർത്തു. അവനതില്‍ അസൂയ തോന്നിയില്ല. പൊതുവേ  അധികം സംസാരിക്കാത്ത തന്റെ കൂടെ ജീവിക്കുന്നത് കൊണ്ടാണ് താത്തപ്പന്‍ എപ്പോഴും മൃഗങ്ങളോട് സംസാരിക്കുന്നത് എന്ന് അവന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് വായാടിയായ താമ വന്നപ്പോള്‍ അവനു ആശ്വാസമാണ്. മിണ്ടുന്നില്ല എന്ന പരാതി കേൾക്കേണ്ടല്ലോ.

താനെന്താണ്‌ ചെയ്യേണ്ടതെന്ന് ഇത് വരെ പറഞ്ഞിട്ടില്ല. ആകെ ഇത്ര മാത്രമേ പറഞ്ഞിട്ടുള്ളൂ. കാട്ടുമരത്തിന്റെ കാട്ടില്‍ ഇല്ലാതിരുന്ന ഒന്ന് നമുക്കുണ്ട്; വേട്ടയുമായുള്ള ബന്ധം. പക്ഷെ അതെങ്ങിനെയാണ് കാടിനെ വേട്ടക്കാരില്‍ നിന്നും രക്ഷിക്കുന്നതിതില്‍ ഉപകരിക്കുക എന്ന് കതിരിന് ഇത് വരെ മനസ്സിലായിട്ടില്ല. എല്ലാം വഴിയെ മനസ്സിലാവും എന്നാണു താത്തപ്പന്‍ പറയുന്നത്. താന്‍ കൂടുതലും കാട്ടിലായിരിക്കും എന്നും പറഞ്ഞിട്ടുണ്ട്. തയ്യാറെടുക്കാന്‍ കുറച്ച ആഴ്ചകളുടെ സമയമേ ഉള്ളൂ എന്നും.

കാട്ടില്‍ നിന്നും  പ്ലാശു മരത്തിന്റെ  തൊലി  പറിച്ചു കൊണ്ട് വരാന്‍ പറഞ്ഞത് കൊണ്ട് വന്നപ്പോള്‍ തന്നെ കുളത്തിളിട്ടിരുന്നു. കുതിർന്ന തൊലി അടിച്ചു നാരാക്കുകയാണ് താത്തപ്പനും താമയും. തനിക്ക് ഇന്നു ഭക്ഷണമുണ്ടാക്കുന്ന പണി മാത്രമേ തന്നിട്ടുള്ളൂ. വേട്ടക്കാര്‍ കഴിയുന്നതും വിശ്രമിക്കണമത്രേ. കാട്ടില്‍ എത്ര ദിവസം ഭക്ഷണവും ഉറക്കവുമില്ലാതെ അലയേണ്ടി വരികയെന്നറിയില്ലല്ലോ.

“അവന്‍ ഒരാഴ്ച വിശ്രമിക്കട്ടെ. പരിശീലനം തുടങ്ങുമ്പോള്‍ ഈ ഒരാഴ്ച സ്വപ്നം കണ്ടതാണെന്ന് അവനു തോന്നി തുടങ്ങും.” പെരിയോര്‍ ചിരിച്ചു. യുദ്ധം തുടങ്ങിക്കഴിഞ്ഞെന്ന ധ്വനി ആ ചിരിയിലുണ്ടായിരുന്നു.

ബുച്ചിബൂബുവിന്റെ മാളത്തില്‍ എല്ലാവരും തിരക്കിട്ട പണിയിലാണ്. നിറം മാറുന്നവരുടെ താവളങ്ങളിലെക്കുള്ള വഴി വലുതാക്കുകയാണ്. മുഖത്തു നിറയെ രോമമുള്ള നിറം മാറുന്നയാളുടെ പേര്‍ മേഘം എന്നാണ്. അയാള്‍ ആകെ ബുച്ചിയോടു പറഞ്ഞിരിക്കുന്നത് കാട്ടില്‍ നിന്ന് അയാളുടെ കൂട്ടിലേക്ക് ഒരു വലിയ തുരംഗമുണ്ടാക്കി കാത്തിരിക്കാനാണ്. ചെറിയ നിറംമാറുന്നയാളുടെ പേര് കതിര്‍ എന്നാണു. അയാള്‍ കാട്ടിലേക്ക് വരും. ആ സമയത്തേക്ക് എല്ലാവരും തയ്യാറായിരിക്കണം. പക്ഷെ എന്തിനാണ് തയ്യാറാവുന്നത് എന്ന് മാത്രമറിയില്ല.

മറ്റുള്ളവര്‍ ബുച്ചിയോടു ഒന്നും ചോദിച്ചില്ല. എന്നെങ്കിലും വേറുതെ വേട്ടയാടുന്നവരുടെ ശല്യം ഒഴിയുമെന്ന പ്രതീക്ഷ നശിച്ചു പോയാല്‍ പിന്നെ ബുച്ചിയില്ലെന്ന് അവര്‍ക്കറിയാം. ബൂബുവിനു വേണ്ടിയാണ് അവന്‍ ഇതിലെക്കിറങ്ങി തിരിച്ചതെങ്കിലും അവള്‍ മാത്രമല്ല അവന്റെ ചിന്തയില്‍ എന്ന് എല്ലാവര്‍ക്കും അറിയാം. കാടിനെ രക്ഷിക്കാനുള്ള പ്രയത്നത്തില്‍ ചാവാനും അവന്‍ തയ്യാറാണ്. പക്ഷേ അവന്റെ കൂടെയാരാണ് ഉള്ളത്?  


(അടുത്ത വ്യാഴാഴ്ച അദ്ധ്യായം 9 : കാട്ടുകൂട്ടത്തില്‍ ചേരിതിരിവ്)


Login | Register

To post comments for this article