ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.

താമ തന്ന വെളിച്ചം

ബുച്ചിബൂബൂ   നോവൽ - അദ്ധ്യായം 7  നേരം വെളുത്തു വരുന്നതേയുള്ളൂ. അഴകി പുകപ്പുരയിലേക്ക് നടക്കുന്നതിനിടയില്‍ താമയെ വിളിച്ചു,”പെണ്ണെ, ആ കുട്ടയുമെടുത്തു പോന്നോ. ഇന്ന് ചന്തയിലേക്ക് പോകേണ്ടതാ.”

താമ ഉറക്ക ചടവോടെ കുട്ടയുമെടുത്തു അമ്മയുടെ പിന്നാലെ നടന്നു. ഇഷ്ടമുണ്ടായിട്ടല്ല. പിന്നീട് പെരിയോറുടെ വീട്ടിലേക്കു വിടണമെങ്കില്‍ ഈ പണിയെല്ലാം ചെയ്തേ തീരൂ. പുകപ്പുരയില്‍ നിന്നും ഒരലര്‍ച്ച  കേട്ടു അവള്‍ അങ്ങോട്ടോടി. അമ്മ അവിടെ എലിക്കെണിയും പിടിച്ചു നിൽപ്പാണ്. അതില്‍ വലിയൊരു എലി പെട്ടിട്ടുണ്ട്. അവളുടെ മുഖം വാടി. അതിനെ കൊല്ലാനാണ് തീരുമാനമെന്ന് അമ്മയുടെ നിൽപ്പ് കണ്ടാലറിയാം.

അഴകി കെണിയും കൊണ്ട് വീടിനു നേരെ നടന്നു. 

'എനിക്കറിയാമായിരുന്നു എലിയുണ്ടെന്ന്. എല്ലാവരും എന്തായിരുന്നു കളിയാക്കല്‍? ഇപ്പൊ മനസ്സിലായില്ലേ? എന്തെങ്കിലും അസുഖങ്ങള്‍ വരുന്നതിനു മുൻപ് തന്നെ പിടിച്ചത് നന്നായി. പണ്ടിവിടെ എലിശല്യം കൂടി കുറെയാളുകള്‍ പനി വന്നു മരിച്ച കഥ അറിയില്ലേ?' അമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു പക്ഷേ താമയുടെ ശ്രദ്ധ ആ എലിയിലായിരുന്നു. കാട്ടെലിയാണ്. ഇത്രയും വലിയോരെണ്ണത്തിനെ ഇതുവരെ കണ്ടിട്ടില്ല. എങ്ങിനെയെങ്കിലും രക്ഷിക്കാന്‍ കഴിയുകയായിരുന്നെങ്കില്‍ കതിരിന്റെ കൈയ്യില്‍ കൊടുക്കാമായിരുന്നു. അവന്‍ അതിനെ കാട്ടില്‍ കൊണ്ട് ചെന്ന് വിട്ടേനെ. 

അമ്മ വലിയൊരു തൊട്ടിയില്‍ വെള്ളം നിറയ്ക്കുകയാണ്. കെണിയില്‍ ഒരു വലിയ കല്ല്‌ കെട്ടി വെള്ളത്തിലേക്കിടും. എലി ചാവാന്‍ കുറെ നേരമെടുക്കും. അത് കഴിഞ്ഞാല്‍ ശവം പുറത്തേക്കിടും. വല്ല പൂച്ചയോ പരുന്തോ കൊണ്ട് പോകും.

ഇനി നടക്കാന്‍ പോകുന്നത് കാണാനുള്ള ധൈര്യമില്ലാതെ താമ പുകപ്പുരയിലേക്ക് നടന്നു. ഉണങ്ങിയ ഇറച്ചി കുട്ടയിലാക്കി കൊണ്ട് വന്നപ്പോഴും കെണി അവിടെ തന്നെയുണ്ട്‌. ചന്തയിലേക്ക് പോകാന്‍ വേഷം മാറി അഴകി കുട്ടയുമെടുത്തു പുറത്തേക്കിറങ്ങി. ഇന്ന് വേട്ട മുതലുകള്‍ വാങ്ങാന്‍ അടുത്ത ഗ്രാമങ്ങളില്‍ നിന്നും ആള്‍ വരും. തിരിഞ്ഞു നിന്ന് അവളോട്‌ പറഞ്ഞു, 'പെണ്ണേ ഞാന്‍ തിരിച്ചു വരുമ്പോഴേക്കും ആ എലി മുങ്ങിച്ചത്തിരിക്കണം. കൊല്ലാനുള്ള നിന്റെ പേടിയൊക്കെ അങ്ങ് മാറട്ടെ. അവള്‍ടൊരു ബോധംകെടല്‍!”

അമ്മ തിരിഞ്ഞു നടന്നു പോകുന്നതും നോക്കി എന്ത് ചെയ്യണം എന്നറിയാതെ താമ നിന്നു. അവള്‍ക്ക് ആയ എലിയെ രക്ഷിക്കണം എന്നുണ്ടായിരുന്നു. കൊന്നാല്‍ ആ കുറ്റബോധം എന്നും ഉണ്ടാവും. കൊന്നില്ലെങ്കില്‍ തന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെടും. എന്തെങ്കിലും കാര്യത്തിന് പെരിയോരെ കുറ്റം പറഞ്ഞു തന്റെ അങ്ങോട്ടുള്ള  പോക്ക് നിര്‍ത്താനുള്ള തക്കം പാര്‍ത്തിരിക്കുകയാണ് തന്റെ വീട്ടുകാരെന്നു അവള്‍ക്കറിയാം. താന്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കി അനിയത്തിയും മുത്തശ്ശിയും ഇരിക്കുന്നുണ്ട്‌. അവരുടെ കണ്ണ് വെട്ടിച്ചു ഒന്നും ചെയ്യാന്‍ പറ്റില്ല. മനസ്സില്ലാ മനസ്സോടെ കണ്ണിറുക്കിയടച്ച് അവള്‍ കെണിപ്പെട്ടിയെടുത്തു വെള്ളത്തില്‍ മുക്കി പിടിച്ചു.

മൂക്കിലും വായിലും വെള്ളം കുതിച്ചു കയറി. തന്റെ നെഞ്ച് പറിഞ്ഞു പോകുന്ന പോലെ ബുച്ചിക്ക് തോന്നി. ഒരു വലിയ ഇരുണ്ട മാളത്തിലേക്കാണ് താന്‍ ഒഴുകുന്നത്‌. ഇതാണ് തനിക്കിവരില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു വഴി. ബുച്ചി സകല ശക്തിയുമെടുത്ത് മാളത്തിനു നേരെ ഒഴുകി.

എലിയുടെ അനക്കം നിന്നിരുന്നു. ഇനി വെള്ളത്തിനടിയില്‍ പിടിച്ചാല്‍ അത് ചത്തു പോകും. താമ പതുക്കെ കൂട് പുറത്തേക്കെടുത്തു. മുത്തശ്ശിയെ കാണിച്ചു. 'അതിനെ കൊണ്ട് വെളിയില്‍ കളയ്. വല്ല പരുന്തും തിന്നോളും.'

അനുസരണയോടെ അവള്‍ അതിനെ പുറത്തെടുത്തു ഒരു കീറത്തുണിയില്‍ പൊതിഞ്ഞു ഉമ്മറത്ത് വച്ചു. 'ഇനി ഞാന്‍ കളിക്കാന്‍ പൊയ്ക്കോട്ടേ? പോവുന്ന വഴിയില്‍ ഇതിനെ കളയാം.'

മുത്തശ്ശി തലയാട്ടി. താമ തുണിപ്പൊതിയും നെഞ്ചോടു ചേർത്തു   പെരിയോറുടെ അടുത്തേക്ക്‌ ഓടി. 

ബുച്ചി ഒഴുകിക്കൊണ്ടിരുന്നു. ഒരിക്കലും അവസാനമില്ലാതതുപോലെ നീണ്ടു കിടന്നു ആ മാളം. മുന്നോട്ടു പോയാല്‍ ഒരു പക്ഷെ കാട്ടിലെത്താം. പക്ഷെ ബൂബൂ, സികപ്പന്‍, കാട്ടിലെ തന്റെ മറ്റ് കൂട്ടുകാര്‍.... താന്‍ ഒരു മാർഗ്ഗമുണ്ടാക്കും എന്ന് വിശ്വസിച്ചിരിക്കയാണ് എല്ലാവരും. അവന്‍ വന്ന വഴി തിരിഞ്ഞു നോക്കി ദൂരെ ഒരു വെളിച്ചത്തിന്റെ പൊട്ട്. അവന്‍ തിരിച്ചു നീന്തി. വെളിച്ചം കൂടി വന്നു.

'പെരിയോരെ അവന്‍ കണ്ണ് തുറന്നു' താമക്ക് സമാധാനമായി

'ആ വെള്ളത്തില്‍ കുറച്ചു കൂടി മുങ്ങി കിടക്കുകയായിരുന്നെങ്കില്‍.' അവള്‍ക്കത് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല.

'നിനക്കിപ്പോഴും അവരുടെ സ്വഭാവങ്ങള്‍ മാറിയിട്ടില്ല. ഒരു പാവം ജീവിയെ പാതിജീവനാവുന്ന വരെ മുക്കി പിടിച്ചല്ലോ.' കതിര് കുറ്റപ്പെടുത്തി.

'ഈ കാട്ടെലിയെങ്ങിനെ ഇവിടെയെത്തി?' വഴക്കിന്റെ തുടക്കം കണ്ടു വൈത്തിയര്‍ വിഷയം മാറ്റി.' വഴിതെറ്റി വന്നതാവാന്‍ വഴിയില്ല. അത് ഒരു കാരണമുണ്ടായിട്ടു തന്നെ കാട് വിട്ടു വന്നതാണ്.'

രാത്രി പെരിയോര്‍ അവനു കാവലിരുന്നു. അവനെ പതുക്കെ കൈയ്യിലെടുത്ത് തടവി ചൂട് പിടിപ്പിക്കുന്നതിനിടയില്‍ പതുക്കെ ഏതോ ഒരു ഭാഷയില്‍ പിറുപിറുത്തു. 'നീയെന്തിനാണ്‌ ഇവിടെ വന്നത്?'

മറന്ന പേച്ചില്‍ ആരോ തന്നോട് മിണ്ടുന്നു. ബുച്ചി പ്രയാസപ്പെട്ടു കണ്ണ് തുറന്നു. താന്‍ വെള്ളത്തിലല്ല. മുഖത്തു രോമമുള്ള നിറം  മാറുന്നയാളാണ് മറക്കപ്പെട്ട പേച്ചില്‍ മിണ്ടുന്നത്.

ബുച്ചി തളർന്ന ശബ്ദത്തില്‍ ആ കാടിന്റെയും തന്റെ കൂട്ടുകാരുടെയും കഥ പറഞ്ഞു തുടങ്ങി.(അടുത്ത വ്യാഴാഴ്ച അദ്ധ്യായം 8 : ബുച്ചി പറഞ്ഞ കഥ)


Login | Register

To post comments for this article