ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.

കെണി

ബുച്ചിബൂബൂ   നോവൽ - അദ്ധ്യായം 6   

ഇത്രയും നീളമുള്ള ഒരു മാളം ബുച്ചി ഇത് വരെ ഉണ്ടാക്കിയിട്ടില്ല. അവന്‍ പുറത്തേക്ക് തലയിട്ടു. പല തരം മണങ്ങള്‍ കാറ്റിലൂടെ അവന്റെ മൂക്കിലേക്ക് അടിച്ചു കയറി. കുഴഞ്ഞു മറിഞ്ഞ മണങ്ങള്‍. ക്രൂരതയുടെ, സ്വാര്‍ഥതതയുടെ, സ്നേഹമില്ലായ്മയുടെ, ചതിയുടെ.... കെട്ടിയിട്ട മൃഗങ്ങളുടെ ഭയത്തിന്റെ, നിരാശയുടെ മണങ്ങള്‍. മൃതപ്രായരായവരോ ജീവന്‍ പോയവരോ ആയി കാട്ടില്‍ നിന്നും കൊണ്ട് വന്നവരുടെ ചാവുമണം. പച്ച മാംസം തീയില്‍ എരിയുന്ന മണം. പക്ഷെ അതിനിടയിലും തിരിച്ചറിയാനാവാത്ത നല്ല മണങ്ങള്‍  ഉണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ ഇപ്പോഴും മലിനമാവാത്ത മണം. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും  മണങ്ങള്‍. പ്രതീക്ഷയുടെ, സ്വാതന്ത്ര്യത്തിന്റെ, പുതു ജീവന്റെ മണങ്ങള്‍. മണങ്ങള്‍...മണങ്ങള്‍....മണങ്ങള്‍.

അവന്‍ പുറത്തിറങ്ങി അവിടെയെല്ലാം ചുറ്റി നടന്നു. ഓരോ താവളത്തിന് മുൻപിലും കൊല്ലപ്പെട്ട മൃഗങ്ങളുടെ തലയോട്ടികള്‍ തൂക്കിയിട്ടിരിക്കുന്നു. പുറത്തു തോലുകള്‍ ഉണക്കാനിട്ടിരിക്കുന്നു. ഓന്ത്, പാമ്പ്, മാന്‍, മുയല്‍, കടുവ.......അവനു ബൂബുവിനെ ഓർമ്മ വന്നു.

താന്‍ തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടും വെളിച്ചവും ഒരുപാട് തവണ മാറിയിട്ടുണ്ടാകും എന്ന് പറഞ്ഞിട്ടാണ് ബുച്ചി പുറപ്പെട്ടത്‌. ഒരു പക്ഷെ തിരിച്ചു വന്നേക്കില്ലെന്നു എല്ലാവർക്കും അറിയാമായിരുന്നെങ്കിലും ആരും അത് ഉറക്കെ പറഞ്ഞില്ല. കാട്ടിലെ  ചെറുമൃഗങ്ങള്‍ക്കെള്‍ക്കെല്ലാം മറക്കപ്പെട്ട പേച്ചയാം. വലിയവരില്‍ കടുവക്കുറുക്കന്‍ മാത്രമാണ് അത് പടിച്ചെടുത്തത്. പഴയത് ചികയുന്നത്, ചീഞ്ഞ മാംസത്തിനകത്ത് ജീവന് വേണ്ടി ചികയുന്നത് പോലെയുള്ള ഒരു മണ്ടത്തരമെന്നു കളിയാക്കി മറ്റുള്ളവര്‍. കുറെ  കഴിഞ്ഞിട്ടും കണ്ടില്ലെങ്കില്‍ കടുവ അന്വേഷിച്ചു വരും. വിവരങ്ങള്‍ അറിയിക്കാന്‍ ഇവിടുത്തെ മൃഗങ്ങളെ കൂട്ട് പിടിക്കേണ്ടി വരും.

ഇങ്ങോട്ട് യാത്ര തിരിച്ചെങ്കിലും ഇനിയെന്ത് എന്ന് ബുച്ചിക്കും അറിയില്ലായിരുന്നു. പക്ഷെ, മറ്റുള്ളവരുടെ പ്രതീക്ഷയും ഉത്സാഹവും കേടുത്തണ്ട എന്ന് കരുതി അവന്‍ ബൂബുവിനോട് പോലും ഒന്നും പറഞ്ഞില്ല. സികപ്പന്റെ കഥകള്‍ വിശ്വസിക്കുകയാണെങ്കില്‍ നിറം മാറുന്നവരുടെ ഇടയിലും കാടിനെ സഹിക്കുന്നവരുണ്ട്. അവന്‍ പറഞ്ഞ വഴി  ഓർമ്മിച്ചു ബുച്ചി നടന്നു. 

ഗ്രാമത്തിലെ നായ്ക്കള്‍ ഉറക്കെ ദയനീയമായി കരഞ്ഞു കൊണ്ടിരുന്നു. അവര്‍ കൂടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും അഴികളില്‍ മാന്തുകയും ചെയ്തുകൊണ്ടിരുന്നു. കാട്ടിലുള്ള മൃഗങ്ങളാണ് ഭാഗ്യവാന്മാരെന്നു ബുച്ചിക്ക് തോന്നി. ഭയത്തിലാണ് ജീവിതമാണെങ്കിലും സ്വാതന്ത്ര്യമുണ്ട്. ഇവര്‍ ജീവിക്കുകയാണോ?സ്വാഭിനാനമില്ല. സ്വാതന്ത്ര്യമില്ല. സന്തോഷമില്ല. നിറം മാറുന്നവര്‍ പറയുന്നതനുസരിച്ചാല്‍ തിന്നാന്‍ എന്തെങ്കിലും കിട്ടും. പറയുന്നത് അനുസരിക്കാത്തതിനു അവരെ കൊല്ലുന്നതാണ് ഇതിലും ഭേദമെന്ന് അവന് തോന്നി. ജീവിതം നരകമാകിയവരെ സേവിക്കുന്നതിലും ഭേദം അതാണ്‌.

ബുച്ചി ഒരു പുൽമേട്ടില്‍ എത്തിച്ചേർന്നു. അവിടെ കുറെ മൃഗങ്ങള്‍ നിൽക്കുന്നുണ്ട്. മാളത്തില്‍ നിന്നേറെ ദൂരെ എത്തിയിരിക്കുന്നു. ക്ഷീണം മൂലം ഒരു മരത്തിന്റെ വേരുകൾക്കിടയില്‍ അവന്‍ ചുരുണ്ടുകൂടി.

നാളെ മുതല്‍ ആ നിറം മാറുന്നവരെ കണ്ടെത്താനുള്ള ശ്രമമാണ്. അതെങ്ങനെയെന്നു അവനറിയില്ലായിരുന്നു. തെറ്റായ കൈകളില്‍ എത്തപ്പെടാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാവുന്ന അപകടത്തിലേക്കാണ് താന്‍ പ്രവേശിക്കു എന്ന് അവന് അറിയാമായിരുന്നു. മുന്നോട്ടു വച്ച കാല്‍ ഇനി തിരിച്ചെടുക്കാനാവില്ലെന്നും.

വെളിച്ചമാവുന്നതിന് മുൻപേ ബുച്ചി ഉണർന്നു. നിറം മാറുന്നവരുടെ കണ്ണില്‍ പെടാതെ ഒളിക്കണം. സികപ്പനെ രക്ഷിച്ചയാളുടെ താവളത്തിനടുത്തെങ്ങും വേട്ടയുടെയോ ഭയത്തിന്റെയോ മണങ്ങളില്ലെന്നാണ് സികപ്പന്‍ പറഞ്ഞിട്ടുള്ളത്. ഇത് വരെ കടന്നു വന്ന ഇടങ്ങളിലോന്നും അങ്ങിനെ ഒരു സ്ഥലം കണ്ടില്ല. അതിന് അർഥം  ഇനിയും നടക്കണമെന്നാണ്. അയാളെ കണ്ടെത്താന്‍ ഇനിയും എത്ര പകലുകള്‍ വേണ്ടി വരുമെന്നറിയില്ല. പക്ഷെ അന്വേഷിക്കാതെ വേറെ വഴിയുമില്ല. അതിനു മുൻപ് എന്തെങ്കിലും തീറ്റ കണ്ടെത്തണം. താനിരുന്ന മരത്തിനു കുറച്ച് അപ്പുറത്തു കിഴങ്ങ് ചെടികള്‍ വളരുന്നത്‌ അവന്‍ കണ്ടു. അത് കുറച്ചു മാന്തിയെടുത്ത് തിന്നാം.

വിശപ്പടക്കി വീണ്ടും അന്വേഷണം തുടങ്ങി. കുറെയന്വേഷിച്ചിട്ടും വേട്ടയുടെ അടയാളങ്ങളില്ലാത്ത വീടൊന്നും കണ്ടില്ല. ഇരുട്ട് വീഴാറായിരിക്കുന്നു. കഴിഞ്ഞ ദിവസം പോലെയല്ല, താനെത്തപ്പെട്ടിരിക്കുന്നത് ഒരു തുറസ്സായ സ്ഥലത്താണ്. രാത്രി കഴിച്ചു കൂട്ടാൻ ഒരു കുഞ്ഞു മാളം പോലും കണ്ടെത്താന്‍ കഴിയില്ല. ഏതെങ്കിലും താവളത്തിനകത്ത് കയറി ഒളിക്കുക തന്നെ. പക്ഷെ, കുറെ നടന്നതിനു ശേഷമാണ് അവനു ഒരു താവളമെങ്കിലും കാണാനായത്. അവിടെയും വേട്ടയുടെ അടയാളങ്ങളുണ്ട്. രണ്ടും കൽപ്പിച്ചു അവന്‍ ഇറച്ചി ഉണക്കാനിട്ടിരുന്ന ഒരു കൂട്ടില്‍ കയറിയിരുന്നു. അതിനുള്ളില്‍ നിറം മാറുന്നവരൊന്നും ഉണ്ടായിരുന്നില്ല. അവന് വിശക്കുന്നുണ്ടായിരുന്നു. പരിചയമുള്ള മണം! ബുച്ചി തിരഞ്ഞു തുടങ്ങി. കൂടിന്റെയറ്റത്ത് വേറൊരു ചെറിയ കൂട്ടില്‍ ഒരു മുഴുത്ത കിഴങ്ങിരുന്ന് അവനെ വിളിക്കുന്നത്‌ പോലെ തോന്നി. കൂട്ടില്‍ കയറി അതെടുത്തതും കെണിയുടെ വാതിലടഞ്ഞു.  (അടുത്ത വ്യാഴാഴ്ച അദ്ധ്യായം 7 : താമ തന്ന വെളിച്ചം )


Login | Register

To post comments for this article