നിളാനദിക്കരയിൽ മഞ്ഞുകാലം കാത്തിരിക്കുന്ന പാട്ടോളം

മലയാളത്തിനും മലയാളിക്കും എത്ര ആഴവും പരപ്പുമാണ് ജൈവീകമായ ആയുർഘടനയിലുള്ളത് അത്രതന്നെ പാട്ടാഴവും ഉണ്ട്. കാടും നാടും കാവും ക്ഷേത്രങ്ങളും എല്ലാം പാടാൻ മടിയേതുമില്ലാത്ത പാട്ടരങ്ങായി എന്നതാണ് മലയാളിത്തത്തിലെ പാട്ടനുഭവം. കൊട്ടും കുഴലും മീട്ടും പാട്ടുമായി ഈ കര നൂറിൽപ്പരം പാട്ടു ശാഖകൾ പടർത്തിയിട്ടു.

എന്നിട്ടും മലയാളി പ്രബുദ്ധരായതോടെ ഇവയെ എവിടേക്കോ ആട്ടിയകറ്റി. പുതിയ തൊഴിലിൻറെയോ സാമൂഹ്യ സാഹചര്യങ്ങളുടെയോ നിത്യജീവിതത്തിൻറെയോ ഭാഗമായി കേരളത്തിൽ പുതുതായി ഒരു പാട്ടു ശാഖപോലും ഉയിർകൊണ്ടതുമില്ല അഥവാ അതിനു പ്രചോദിപ്പിക്കുന്നൊരു ജീവിതം മലയാളിക്കുണ്ടായില്ല.

ഞെരളത്ത് കലാശ്രമം ശ്രമിച്ചത് കേരളസംഗീതമെന്ന ഒരു പാട്ടുകൂട്ടത്തെ നേരനുഭവിപ്പിക്കാനായിരുന്നു. ഞാറ്റുപാട്ടും കൊയ്ത്തുപാട്ടും പുള്ളുവന്‍പാട്ടും കോതാമൂരിപ്പാട്ടും തെയ്യം തോറ്റവും മൊഗ്രാൽപാട്ടും  ചാറ്റുപാട്ടും കരടികളിപ്പാട്ടും കണ്യാർകളിപ്പാട്ടും നായാടിപ്പാട്ടും ഖിസ്സപ്പാട്ടും കളമെഴുത്തു പാട്ടും വേലൻ നന്തുണിയും മുളം ചെണ്ടയും വില്ലിൻമേൽ തായംപകയും കൈകൊട്ടിക്കളിപ്പാട്ടും നാട്ടിപ്പാട്ടും ചിന്തുപാട്ടും യക്ഷഗാനവും വട്ടപ്പാട്ടും ബ്രാഹ്മണിപ്പാട്ടും  മാപ്പിളപ്പാട്ടും വഞ്ചിപ്പാട്ടും പടയണിപ്പാട്ടും ചീനിമുട്ടും പാനപ്പാട്ടും മാർഗംകളിപ്പാട്ടും കഥകളിപ്പാട്ടും പഞ്ചവാദ്യവും ഇടക്കത്തായംപകയും മരംകൊട്ടുപാട്ടും കാണിക്കാർപാട്ടും കുറവർപാട്ടും പൊറാട്ടുപാട്ടും... ഇങ്ങനെ പറഞ്ഞാൽ എണ്ണിത്തീർക്കാനാവാത്ത പാട്ടുകളെ ഏറെക്കുറെ പലയിടങ്ങളിലായി അക്ഷരരൂപത്തിൽ ശേഖരിക്കപ്പെട്ടു. എന്നാൽ അവയുടെ ഈണങ്ങൾ ശബ്ദരൂപത്തിലും അതോടൊപ്പമുള്ള ചലനങ്ങൾ ദൃശ്യരൂപത്തിലും ശേഖരിക്കപ്പെടാൻ എല്ലാ സാങ്കേതിക വിദ്യകളും നിലനിന്നിട്ടും അത് സാധിച്ചെടുക്കാൻ കേരളത്തിലെ ഒരു അക്കാദമികൾക്കും സാധിക്കാതെ പോയി എന്നത് നിസ്സാര വീഴ്ചയല്ല. ദൂരദർശൻറെ തപ്പും തുടിയും എന്ന പരിപാടിയിലൂടെ ഏറെക്കുറെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ സംവിധാനങ്ങളുടെ പരിമിതിമൂലം അവയൊന്നും പൊതു ജനത്തിനു പഠനാവശ്യങ്ങൾക്കോ ആസ്വാദനത്തിനോ ഉപയുക്തമാവും വിധം പ്രസിദ്ധീകരികരിക്കാനോ ലഭ്യമാക്കാനോ കഴിയാറില്ല.

കേരളീയ കലകളുടെ പ്രയോക്താക്കളെ പരസ്പരം ബന്ധപ്പെടുന്നതിന് വ്യക്തമായി പുതുക്കപ്പെട്ട  ഒരു ആർടിസ്റ്റ് കോൺടാക്റ്റ് ഡയറക്ടറി പോലും കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിലോ അവയുടെ വെബ്സൈറ്റുകളിലോ  ലഭ്യമല്ല. ഈ സാഹചര്യത്തിൽ മാത്രമാണ് മേൽപ്പറഞ്ഞ കൂട്ടത്തിൽ പെട്ട ഒരു ചെറു നാട്ടുപാട്ടു ശാഖ മാത്രമായ സോപാനസംഗീതം അഥവാ കൊട്ടിപ്പാടിസ്സേവ എന്ന കലാരൂപത്തെ കൊണ്ടുനടന്നിരുന്ന ഞെരളത്ത് രാമപ്പൊതുവാൾ എന്ന ഗായകൻറെ പേരിൽ ഒരു ഓർമപ്പുര എന്ന നിലക്ക് ഞെരളത്ത് കലാശ്രമം സ്ഥാപിതമായത്. പതിവുപോലെ പണം തടസ്സമായിക്കൊണ്ട് അതിൻറെ ഡോക്യുമെൻറേഷൻ പ്രവർത്തനങ്ങൾ മുടങ്ങിപ്പോയി.

എന്തുകൊണ്ടാണ് ഈ വക കലാരൂപങ്ങള്‍ കൊണ്ടുനടന്നിരുന്നവർ അവയെ ഉപേക്ഷിച്ചു മറ്റു ഉപജീവനമാർഗങ്ങൾ തേടിപ്പോവുന്നത് എന്ന ചോദ്യത്തിന്  ഉത്തരം ലളിതമാണ്. ഈ വക കലാരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടിരുന്ന സ്വാഭാവിക സന്ദർഭങ്ങളായ കൃഷി, ആചാരങ്ങൾ, അധ്വാനങ്ങൾ, നോവുകൾ അഥവാ സങ്കടങ്ങൾ എന്നിവ ഇല്ലാതായി. ഇവ ഒരു പുരാവസ്തുവെന്ന രൂപേണ കൊണ്ടുനടക്കാമെന്നുവെച്ചാൽ മുഴുവന്‍ സമയ കലാപ്രവർത്തകർക്ക് മറ്റു തൊഴിൽ മേഖലകളിലുള്ളവർക്കു നൽകുന്ന അംഗീകാരമോ നിലയോ വിലയോ പ്രതിഫലമോ നൽകാൻ തക്ക ബോധത്തിലേക്ക് സമൂഹത്തെ വളർത്താൻ നമ്മുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്കായിട്ടില്ല. മറ്റൊരു കാര്യം, ഇതു ജാതി മത ഘടനയുമായി  ബന്ധപ്പെട്ടു നിൽക്കുന്നവയാകയാലും തൊഴിൽ ബന്ധങ്ങളുടെ ഉപോൽപന്നങ്ങളാകയാലും അവക്കു വന്ന മാറ്റങ്ങളും ബാധിച്ചു.      

എഞ്ചിനീയർക്കും ഡോക്ടർക്കും വക്കീലിനും സർക്കാർ ഗുമസ്തനും സ്കൂള്‍ മാഷിനും കിട്ടുന്ന സ്വീകാര്യത മറ്റു മാസവരുമാനങ്ങളൊന്നുമില്ലാത്ത പുള്ളുവന്‍പാട്ടുകാരനോ ചെണ്ടക്കാരനോ കോൽക്കളിക്കാരനോ കിട്ടുന്നില്ല.

ഇതിന് പരിഹാരമായി കലകൾ പഠിപ്പിക്കുന്ന കുറെ ട്യൂഷൻ സെൻററുകൾ അല്ല വേണ്ടത്. കലാരൂപങ്ങളെയും കലാപ്രവർത്തകരേയും ഉൾക്കൊള്ളാൻ കഴിവുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനമാണ് അടിയന്തിരമായി  നടത്തേണ്ടത്.

ഈ തിരിച്ചറിവിൽ നിന്നാണ് ഞാൻ കലാപ്രവർത്തനം ആരംഭിച്ചത്.ആ പ്രവർത്തനം സാധ്യമാക്കാൻ പ്രധാനപ്പെട്ട രണ്ട് മാർഗങ്ങളാണുള്ളത്. ഒന്ന് സർക്കാർ പണം നൽകിക്കൊണ്ട് ഈ കലാരൂപങ്ങളുടെ ഫെസ്റ്റിവലുകൾ നിരന്തരം സംഘടിപ്പിക്കുക. അവ മനുഷ്യർ  കൂടുന്ന തെരുവ് ഉൾപ്പെടെ ഉള്ള  പൊതു ഇടങ്ങളിലാവാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെ അവയുടെ നേരനുഭവത്തിലൂടെ മനുഷ്യരെ കലയുമായി പരമാവധി അടുപ്പിക്കുക.

രണ്ടാമതായി ഓരോ കലാരൂപങ്ങളും എങ്ങനെ ആസ്വദിക്കണം എന്നു സ്കൂൾ തലം മുതൽ പരിചയപ്പെടുത്തുന്ന കലാപരിചയപരിപാടികൾ നാടാകെ സംഘടിപ്പിച്ചുകൊണ്ടേയിരിക്കുക.

ഈ പ്രവർത്തനങ്ങളിലൂടെ കലാപമുള്ള മനസുകളെയാകെ  കലയിലേക്ക് വഴിനടത്താൻ സാധിക്കും. മതാതീതമായ ഒരു ആത്മീയ പ്രവർത്തനം കൂടിയാണിത്. ഞെരളത്ത് കലാശ്രമം ഈ പാതയിൽ ഏറെ മുന്നോട്ടു പോയതിൻറെ ഒരു അടയാളമാണ്  കേരളസംഗീതോല്‍സവം.

ഞെരളത്ത് കലാശ്രമത്തിനകത്ത് 2009 മുതൽ 2013 വരെ സംഘടിപ്പിച്ച 50ൽപരം വിവിധ പരിപാടികൾക്കുപുറമേ ഷൊർണൂർ ഭാരതപ്പുഴത്തീരത്ത് 2014ൽ അഖിലകേരള സോപാനസംഗീതോല്‍സവം, 2015ൽ പെൺപാട്ട് എന്ന വനിതാ സംഗീതോല്‍സവം എന്നിവക്കു ശേഷമാണ് ഇതിലേക്ക് എത്തിയത്.

2016 ഡിസംബര്‍ 21 മുതൽ വരെ 10 സായാഹ്നങ്ങളിലായി കേരളത്തിന്‍റെ മധ്യഭാഗമായ ഷൊർണൂർ ഭാരതപ്പുഴയിലെ 'പുഴയരങ്ങ്' എന്നു പേരിട്ട വേദിയിൽ 'പാട്ടോളം' എന്നു പേരിട്ട് നടത്തിയ ഈ പാട്ടുൽസവം മലയാളപ്പാട്ടറിവാളരുടെ പ്രതീക്ഷയായി വളരുകയായിരുന്നു.

പോയ വർഷം അൻപതോളം വ്യത്യസ്ത വാദ്യഗീത അനുഭവങ്ങളാണ് ഞെരളത്ത് കലാശ്രമം നൽകിയത്. വിശാലമായ പുഴമണൽപ്പരപ്പിൽ കേരളസംഗീതത്തിനു കാതോർക്കാൻ വന്ന ആയിരങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ വീണ്ടും 2017ലെ പാട്ടോളം ഒരുങ്ങുകയാണ്. കേരളം മുഴുവന്‍ സംഗീതോല്‍സവം എന്നാൽ  കർണാടകസംഗീതത്തിൻറെ മാത്രം ഉൽസവമാണ് നടക്കുന്നത്. കേരളത്തിന്‍റെ പണം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പോലും കഥകളിപ്പദമോ സോപാന സംഗീതമോ പഞ്ചവാദ്യമോ മേളമോ പോലുള്ള ക്ഷേത്ര കലാ സംഗീതം ഒഴികെ മറ്റൊരു പാട്ടുരൂപങ്ങളും പഠിപ്പിക്കുകയോ പരിചയപ്പെടുത്തുകയോ പോലും ചെയ്യുന്നില്ല എന്ന വലിയ അവഗണനയും ദുരന്തവും നിസ്സാരമായി കാണരുത്.

കേരളത്തിൻറേത് എന്നു വിളിക്കാവുന്ന പാട്ടുരൂപങ്ങൾ മിക്കതും പാട്ടോ കൊട്ടോ മാത്രമായി നിലകൊള്ളുന്നവയല്ല. മറിച്ച് നൃത്തങ്ങളും ചുവടുകളുമൊക്കെ ഉൾച്ചേർന്നു കിടക്കുന്നവയാണ്. ആകയാൽ ഒരു പാട്ടുൽസവം നാമറിയാതെ കേരളത്തിൻറെ ആട്ട ഉൽസവം കൂടിയായി മാറ്റപ്പെടും. അത്തരം ദൃശ്യാനുഭവങ്ങൾ മികച്ചുനിന്നാൽ അതിൻറെ പാട്ടനുഭവം രണ്ടാം നിരയിലേക്കു മാറ്റപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ പല പാട്ടുകൾക്കും ജീവസ്സും ഓജസ്സും ഉണ്ടാവാൻ അവയോടൊപ്പമുള്ള ആട്ടങ്ങളെക്കൂടി ഉൾപ്പെടുത്തേണ്ടതുമുണ്ട്. അങ്ങനെ വലിയ അംഗസംഖ്യ ആവശ്യമുള്ള കലാരൂപങ്ങളുടെ സംഘാടനത്തിനു വിഘാതമായി നിൽക്കുന്നത് പണം തന്നെയാണ്. ഇതിനെ മറികടക്കാൻ സർക്കാർ സ്ഥിരമായതും പര്യാപ്തമായതുമായ ധനം സംഘാടർക്കു ലഭ്യമാക്കിയേ മതിയാവൂ.

പാട്ടോളം എന്ന സങ്കൽപം അവതരിപ്പിച്ചു നടപ്പിലാക്കുമ്പോൾ ലക്‌ഷ്യം വച്ചത് അവയുടെ ആസ്വാദന നേരത്തെങ്കിലും മനുഷ്യർ മൽസരങ്ങളും ശത്രുതയും സ്വാർഥ ലക്ഷ്യങ്ങളും മറന്ന് ഭാരതപ്പുഴ മണലിൽ ഒരുമിച്ചിരിക്കുമല്ലോ എന്നായിരുന്നു. ഞെരളത്ത് രാമപ്പൊതുവാള്‍ എന്ന അവധൂത ആചാര്യൻ കണ്ട സർവധർമസമഭാവനയെന്ന മഹാ മന്ത്രത്തിൻറെ കരുത്താണ് ഈ യത്നത്തെ നയിക്കുന്നത്. 

ഈ വർഷം ഷൊർണൂർ നിളാനദിയിലെ പുഴയരങ്ങിൽ നൂറു കണക്കിനു പാട്ടുകളുടെ സംഗീതോൽസവമാണ് അരങ്ങേറാൻ ഒരുങ്ങുന്നത്. 


Login | Register

To post comments for this article