മഹാഭാരതം, കഥാ സാഗരം, ചിലപ്പതികാരം എന്നിവയുടെ പുനരാഖ്യാനം, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം അടക്കം അഞ്ച് ചരിത ഗ്രന്ഥങ്ങൾ, മൂന്നു നോവലുകൾ, കാലാതിവർത്തികൾ: പ്രാചീന ആധുനിക കവിത്രയങ്ങൾ മുതലായ സാഹിത്യപഠനങ്ങൾ അടക്കം നാൽപ്പത്തിയഞ്ചു പുസ്തകങ്ങളുടെ രചയിതാവ്. എറണാകുളം, കളമ്പൂർ സ്വദേശി.

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -5 : തീയിൽ നടക്കുന്നവർ.

നഗരങ്ങളെല്ലാം പ്രഭാതങ്ങളിൽ ഗ്രാമങ്ങളാണ്. ആളനക്കങ്ങളും യന്ത്രമുരൾച്ചകളുമില്ലാതെ ശാന്തമായങ്ങനെ കിടക്കും. മാനസാന്തരപ്പെട്ട ദുഷ്ടനെപ്പോലെ തളർന്ന്. എട്ടു മണിയാകുമ്പോഴേയ്ക്കും കഥ മാറും.പിന്നെ നഗരം ഒരു യുദ്ധക്കളം പോലെയാണ്. ജീവിതമെന്ന മഹായുദ്ധം ജയിക്കാൻ പോരാടുന്നവരുടെ ആരവങ്ങളും ആക്രോശങ്ങളുമുയരുന്ന പടനിലം. ആരും ആരേയും ശ്രദ്ധിക്കാത്ത രണഭൂമി. 

വേദനകളും വേവലാതികളുമായി പാഞ്ഞു നടന്ന, മദിരാശിയിലെ നഗരജീവിതത്തിനിടയിൽ വ്യത്യസ്തരായ എത്രയെത്ര മനുഷ്യരെക്കണ്ടു ! .ദു:ഖങ്ങളുടെ പഞ്ചാഗ്നിമദ്ധ്യത്തിൽ തളർന്നുവീണ അവരുടെ ആർത്തനാദങ്ങൾ കേട്ടു. പക്ഷെ.. നിലനില്പിനു വേണ്ടിയുള്ള ഓട്ടത്തിനിടെ ആർക്കു വേണ്ടിയും കാത്തു നില്ക്കാനോ.. ആരെയും ഓർത്തു വയ്ക്കാനോ സാധിക്കുമായിരുന്നില്ല. എങ്കിലും .. ചില മുഖങ്ങൾ മനസ്സിൽ പച്ചകുത്തിയതുപോലെ മായാതെ നില്ക്കുന്നു. വർഷങ്ങൾ ഏറെക്കഴിഞ്ഞിട്ടും അവർ ഇടയ്ക്കിടെ ഓർമ്മകളുടെ മുളമറകൾ തള്ളിത്തുറന്ന് മനസ്സിൽ തൊട്ടു വിളിക്കുന്നു.

ഇരുപത്തിനാലു വർഷങ്ങൾക്കു മുമ്പാണ് ഞാൻ മുരുകനെ കണ്ടുമുട്ടുന്നത്.തലയിൽ,  വാളൻ പുളി നിറച്ച ഒരു മുളങ്കൂടയുമേന്തി, പുളിയമ്മാ... പുളീ ...... എന്നു വിളിച്ചു പറഞ്ഞു കൊണ്ട് മദ്രാസ് നഗരത്തിലെ റോയപ്പേട്ട, ഐസ് ഹൗസ് ഭാഗങ്ങളിലെ തെരുവുകൾ തോറും നടന്നു നീങ്ങുന്ന കറുത്തു മെലിഞ്ഞ ഒരു നാല്പതുകാരൻ. തീമഴ പെയ്യുന്ന നഗരവീഥികളിലൂടെ ചെരുപ്പിടാതെ നടന്നു നടന്നു തേഞ്ഞു തീർന്ന ജീവിതം.

വിപണി വിലയിൽ 20% കുറവാണ് മുരുകന്റെ പുളിവില. മാന്യമായ പെരുമാറ്റം. സദാ പുഞ്ചിരിക്കുന്ന മുഖം. പക്ഷെ, ആ കുഴിഞ്ഞ കണ്ണുകളിൽ കാലം വിതച്ച കദനങ്ങൾ വിളവെടുക്കാറായി നില്ക്കുന്നുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..

വി.എം സ്ട്രീറ്റിലെ തയ്യൽക്കാരൻ മോഹനനാണ് മുരുകന്റെ കൂടുതൽ വിവരങ്ങൾ തന്നത്.

കാഞ്ചീപുരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് പുളിയും വാങ്ങി, നാലു മണിക്കൂർ യാത്ര ചെയ്ത് നഗരത്തിലെത്തിയാണ് അയാൾ കച്ചവടം ചെയ്യുന്നത്.

'ദിവസം പത്തുനൂറു രൂപ അവന് ലാഭം കിട്ടുന്നതാ.. പക്ഷെ വീട്ടു ചെലവിനുപോലും കഷ്ടിയാ...' മോഹനൻ പറഞ്ഞു.

'അതെന്താ... വെള്ളമടിയുണ്ടോ..?' ഞാൻ ചോദിച്ചു.

'ഹേയ്.. അനാവശ്യ ചെലവൊന്നുമില്ല. രാവിലെ ഒരു ചായ.. ഉച്ചക്ക് ,റായപ്പേട്ടയിലെ ആന്ധ്രാ മെസ്സീന്ന് മൂന്നര രൂപേടെ ഊണ് ... പിന്നെ വീട്ടിച്ചെന്നേ വല്ലതും കഴിക്കൂ... '

പിന്നെങ്ങനെ!

എനിക്കു കാര്യം മനസ്സിലായില്ല.

'പോകുന്ന വഴിയിൽ വിശക്കുന്ന ആരെക്കണ്ടാലും മുരുകൻ ഭക്ഷണം വാങ്ങിക്കൊടുക്കും. അതും വയർ നിറച്ച് .. അവരുടെ ഒരു ഏമ്പക്കമാണ് മുരുകന്റെ സന്തോഷം. 'മോഹനൻ തുടർന്നു.

'പട്ടിണി കെടന്നാണ് അവന്റെ അമ്മയും അച്ഛനും മരിച്ചത്. വിശപ്പിന്റെ വില അവനു നന്നായിട്ടറിയാം.'

പിന്നീട് ഞാൻ മുരുകനെ ശ്രദ്ധിക്കാൻ തുടങ്ങി.

പലയിടത്തും ഞാനയാളെ കണ്ടു. കൂടുതലും ചായക്കടകളിലും ഹോട്ടലുകളിലുമായിരുന്നു. 

താൻ വാങ്ങിക്കൊടുത്ത ഭക്ഷണം ആർത്തിയോടെ വാരിത്തിന്നുന്നവരെ നോക്കി, ചാരിതാർത്ഥ്യത്തോടെ,  കാത്തിരിക്കുന്ന മുരുകൻ. അപ്പോൾ  അയാളുടെ കുഴിഞ്ഞ കണ്ണുകളിൽ, കൊയ്യാറായ കദനക്കതിരുകളല്ല.. വിരിഞ്ഞു നില്ക്കുന്ന സംതൃപ്തിയുടെ നക്ഷത്രത്തിളക്കങ്ങളാണു ഞാൻ കണ്ടത്.

പിന്നീടൊരിക്കൽ, ഞാൻ മുരുകനെ പരിചയപ്പെട്ടു. കാലിയായ മുളങ്കൂടയിൽ പച്ചക്കറികൾ വാങ്ങി അയാൾ വീട്ടിലേക്കു മടങ്ങുന്ന ഒരു സന്ധ്യയിൽ. കയ്യിലുള്ള ഒരേയൊരു നൂറു രൂപാ നോട്ടിന് ചില്ലറ തേടി നടക്കുന്ന എനിക്ക് അയാൾ എണ്ണിപ്പെറുക്കി ചില്ലറ തന്നു. മുറിയിലെത്തിയപ്പോൾ 5 രൂപ കൂടുതലുണ്ടായിരുന്നു. 

അയാൾക്ക് ഒരു ദിവസത്തെ ഭക്ഷണച്ചിലവിനുള്ള തുക . ഇതു നേടാൻ, ആ മെലിഞ്ഞ കാലുകൾ എത്ര വീടുകൾ കയറിയിറങ്ങിയിട്ടുണ്ടാവും. ഞാൻ ആ പച്ചനോട്ട് മാറ്റിവച്ചു.

പിറ്റേന്നു സന്ധ്യയ്ക്ക് ഞാനയാളെ  കണ്ടെത്തി അഞ്ചു രൂപ തിരികെക്കൊടുത്തു.

'ഇന്തക്കാലത്തിലേ.. ഇപ്പടിപ്പട്ട ആളുങ്ക ഇരുക്കാ...?' തികഞ്ഞ അവിശ്വസനീയതയോടെ മുരുകൻ ചോദിച്ചു.

'നീങ്ക.. കേരളാവാ ...?' എന്റെ നെറ്റിയിലെ ,പാതിയടർന്ന ചന്ദനക്കുറിയിലേക്ക് അയാൾ ഉറ്റുനോക്കി.

ഞാൻ തലയാട്ടി.

'ഉങ്ക മോകൻലാലെ എനക്കു രൊമ്പ പുടിക്കും.. എന്നാ നടിപ്പ് ..!' അയാൾ ആവേശത്തോടെ പറഞ്ഞു.

മുരുകന് തമിഴ് മാത്രമേ അറിയൂ.. തമിഴ് സിനിമ മാത്രമേ കാണാറുള്ളു. ഒരിക്കൽ അബദ്ധത്തിൽ ഒരു മലയാള സിനിമ കണ്ടത്രെ. പാലക്കാട്ടു പോയപ്പോൾ .

'തേവാസ്രം..അരുമയാന പടം..'

ദേവാസുരവും മംഗലശേരി നീലകണ്ഠനും മുരുകന്റെ നെഞ്ചിൽ നിറഞ്ഞു നിന്നിരുന്നു.

'മോകൻലാലോട നല്ല പടം വന്താ ശൊല്ലുങ്ക...' മടങ്ങുമ്പോൾ മുരുകൻ പറഞ്ഞു.

പതുക്കെപ്പതുക്കെ,മുരുകൻ എന്റെ പരിചയക്കാരനായി.വെയിലുരുകി വീഴുന്ന മദിരാശിയിലെ തെരുവുകളിൽ, വഴിയോരക്കടകളിലെ ടേപ്പ് റെക്കോർഡറുകളും വിവിധ ഭാരതിയും  ഇളയരാജയുടെ ഗാനങ്ങൾ ചൊരിയുന്ന പകലുകളിൽ പലവുരു ഞങ്ങൾ കണ്ടുമുട്ടി. മോഹൻലാലിന്റെ സിനിമകളെപ്പറ്റി മാത്രം സംസാരിച്ചു.

സ്ഫടികം റിലീസ് ചെയ്ത കാലം.

'ഒരു നല്ല പടം വന്തിരുക്ക്.നമുക്ക് ഒരുമിച്ചു പോകാം. 'ഞാൻ മുരുകനോടു പറഞ്ഞു.

'ശനിക്കിഴമെ മദ്ധ്യാഹ്നം..' മുരുകൻ തീയതിയും സമയവും ഉറപ്പിച്ചു.

ശനിയാഴ്ച ടിക്കറ്റുമെടുത്ത് ,ഞാൻ മൗണ്ട് റോഡിലെ സഫയർ തീയറ്ററിനു മുന്നിൽ കാത്തു നിന്നു. പക്ഷെ.. മുരുകൻ വന്നില്ല. പിന്നെ ഒരു മാസക്കാലം ഞാനയാളെ തേടി നടന്നു, കണ്ടില്ല.  എന്റെ ദൈനംദിന ദുരിതങ്ങൾ മുരുകന്റെ ഓർമ്മകൾക്കുമേൽ വീണു നിറഞ്ഞപ്പോൾ ഞാനയാളെ മറന്നു.

ഒരു ദിവസം വീണ്ടും മുരുകനെ കണ്ടു.!, തലയിൽ മുളങ്കൂടയില്ലാതെ.!!

കുഴിഞ്ഞ കണ്ണുകൾ, കദനം കൊയ്തു കറ്റ കൂട്ടിയ കളങ്ങൾ പോലെ..!!!

പാർത്ഥസാരഥി ക്ഷേത്രത്തിലെ, വെള്ളംവറ്റിവരണ്ട കുളത്തിന്റെ കരയിൽ അയാൾ നിന്നു.

'എൻ മേലെ കോപം ഇല്ലിയേ സാർ..? അന്നേക്ക് പടത്തക്കു വരമുടിയല...' ക്ഷമാപണം പോലെ മുരുകൻ പറഞ്ഞു. "എൻ പുള്ള...ഒരേ ഒരു പയ്യൻ.. അവനുക്ക്... ! ' മുരുകന്റെ കണ്ണിൽ നിന്നടർന്നുവീണ നീർത്തുള്ളികൾ, ദാഹിച്ചു കിടന്ന കരിങ്കൽപ്പടവുകൾ ആർത്തിയോടെ നക്കിക്കുടിച്ചു.

മുരുകന്റെ മകന് എന്തോ മാരക രോഗമാണ്. ചികിത്സക്ക് വലിയ തുക വേണം. പലരോടും ചോദിച്ചു. ഒന്നും ബാക്കി വയ്ക്കാതെ, കിട്ടിയതൊക്കെ പലരുടെയും വിശന്നവയറുകളിൽ നിക്ഷേപിച്ച മുരുകന് ബാങ്കും നിക്ഷേപവും ഇല്ല. ആരും സഹായിച്ചുമില്ല. ഒടുവിൽ പാർത്ഥസാരഥിയായ കൃഷ്ണഭഗവാന്റെ സന്നിധിയിൽ അപേക്ഷയുമായി വന്നതാണയാൾ.

ഞാൻ ,കീശയിൽ തപ്പി. ഉഡുപ്പി ഹോട്ടലിൽ, രാത്രിയിലെ അളവു ശാപ്പാടിനായി ബാക്കി വച്ചിരുന്ന അഞ്ചു രൂപയുടെ മുഷിഞ്ഞ നോട്ട്, നിർബന്ധിച്ച് കൈയിലേല്പിച്ച്, ഞാൻ തോളിൽ തട്ടി.

'ശരിയാവും ..എല്ലാം ശരിയാവും. ഉങ്ക പയ്യനുക്ക് ഒന്നുമാവാത്.. കവലപ്പടാമ പോയിട്ടുവാങ്കോ .. എല്ലാം ശരിയാന പിറക് .. നമ്മ മോഹൻലാലോട പുതിയ പടം പാക്കലാം.'

എന്റെ വാക്കുകൾ നൽകിയ പ്രതീക്ഷയുടെ ഊർജ്ജത്താൽ നടന്നു നീങ്ങിയ മുരുകൻ,  തെരുവിലെ രഥോത്സവത്തിരക്കിൽ മറയുന്നതുവരെ ഞാൻ നോക്കി നിന്നു.

പിന്നെ... ഇന്നോളം ഞാനയാളെ കണ്ടിട്ടില്ല.

മോഹൻലാലിന്റെ പടങ്ങൾ ഓരോന്നും വരുമ്പോൾ ഞാൻ പുളിമുരുകനെ ഓർക്കും.

അയാളുടെ മകനെയും .ആ കുട്ടി രക്ഷപെട്ടിട്ടുണ്ടാവുമോ ..? അറിയില്ല.

മറ്റുള്ളവർക്കു വേണ്ടി ജീവിച്ച പുളി മുരുകൻ.

പുലിമുരുകന്റെയും ലൂസിഫറിന്റെയും കോടികളെക്കാൾ വിലയുള്ള മനുഷ്യ ജീവിതം.


Login | Register

To post comments for this article