ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകള്‍, ലേഖനാം, സിനിമ നിരൂപണം എന്നിവ എഴുതുന്നു. ആയുര്‍വേദ വകുപ്പിൽ ജോലി. അമച്വര്‍ ഫോട്ടോഗ്രാഫറുമാണ്. ആലപ്പുഴ ആര്യാട്സ്വദേശി.

ഒരു സിനിമാറ്റിക് പ്രണയകഥ

അത് നെയ്പ്പായസം പോലെ മധുരമുള്ളൊരു ദിവസമായിരുന്നു. 

ഞങ്ങൾ തമ്മിലാദ്യം കാണുന്നത് അന്നാണ്. ഗേറ്റ് കടന്നവൾ വരുമ്പോൾ  ഞാൻ മാധവിക്കുട്ടിയെ വായിക്കുകയായിരുന്നു. അന്ന് വിരിഞ്ഞൊരു റോസാപ്പൂവിലൊന്ന് തൊട്ട് , ചാഞ്ഞു കിടക്കുന്ന മുല്ലവള്ളിയെ തലോടി അവൾ നടന്നു വരുന്നതുകണ്ട്  എന്നിൽ അനുരാഗം മൊട്ടിട്ടു. പ്രഥമദർശനത്തിൽ തന്നെ അനുരാഗമുണർത്തിയവൾ പുതിയ പോസ്റ്റ് വുമണാണ്. എഴുത്ത് കൈമാറുന്നേരം ചിരിച്ച് കൊണ്ടവൾ പറഞ്ഞു,

 "പ്രണയലേഖനമാണെന്ന് തോന്നുന്നു... "

"അതെങ്ങനെയറിയാം?! "  ഞാൻ അത്ഭുതം മറച്ച് വെച്ചില്ല.

"അഡ്രസ്സിൽ അക്ഷരങ്ങൾ പൂത്തുനിൽക്കുന്നു."

ശരിയാണ്, ചിത്രമെഴുത്ത് പോലെ ചന്തമേറിയ കൈപ്പട.

ഷോക്കടിച്ചത് പോലെയായി. ഇത് അവളുടെ കത്താണ്, പക്ഷേ, എങ്ങനെ !

എന്നെന്നും വെറുപ്പോടെ മുഖം തിരിച്ച് നടന്നു പോയവൾ. ഇനിയൊരിക്കലും കാണരുതെന്ന താക്കീതോടെ പിരിഞ്ഞ് പോയവൾ. വർഷങ്ങൾക്ക് ശേഷം എന്തിന് ?!  

"എനിക്ക് ആദ്യമായി പ്രേമലേഖനം തരുന്നത് ഭവതിയാണ്. ഭവതിയോടുള്ള കൃതജ്ഞതയാൽ എന്റെ മനസ്സ് തുടിക്കുന്നു..." ബഷീറിനെ മനസാ സ്മരിച്ച് ഞാൻ തട്ടിവിട്ടു. 


അവളുടെ കൺപീലികളൊന്ന് പിടച്ചോ!! 

വിയർപ്പ് പൊടിഞ്ഞ പൊടിമീശയിൽ നിശ്വാസത്തിന്റെ താളമൊന്ന് പിഴച്ചോ !! കണ്ണുയർത്താതെ അവൾ ചിരിച്ചു.

"അയ്യോ... അത് ഞാനെഴുതിയതല്ല" എന്ന പരിഭ്രമം.

"ഈ കത്ത് കാലം തെറ്റി വന്നതാണ്. എഴുതിയാൾക്കല്ല, തന്നയാൾക്കാണ് നന്ദിപറയേണ്ടത് "  

"അതെന്തുയുക്തി " എന്നുചോദിക്കുന്നേരം അവളിൽ സൗഹാർദ്ദം പ്രകടമായിരുന്നു. ഞാൻ ചിരിച്ചതേയുള്ളൂ. അവൾ എന്റെ പൂന്തോട്ടത്തിലേയ്ക്കും ഞാൻ അവളുടെ മുഖത്തേയ്ക്കും നോക്കിനിന്ന നിമിഷങ്ങളിൽ ആത്മാവിൽ മൗനം സംഗീതമായി പെയ്തിറങ്ങി. റോസാച്ചെടികൾക്കിടയിൽ വീശിയ കാറ്റിന് പനിനീരിന്റെ  സുഗന്ധം.

"നന്ദി മാത്രമെയുള്ളൂ ?!"  എന്നവളുടെ മൃദുമന്ത്രണം. 

ആൾ സഹൃദയയാണല്ലോ... 

"ഇരിക്കൂ..." എന്ന് ക്ഷണിച്ചിട്ട് ഞാനകത്തേയ്ക്ക് പോയി.

"അയ്യോ... ഞാൻ വെറുതെ..." എന്ന്  പിൻവിളി.

"കൈക്കൂലിയൊന്നുമല്ല മാഡം...എന്തെങ്കിലും കുടിക്കാനെടുക്കാന്ന് കരുതി "

"വേണ്ട..." 

"എഴുത്തുകൾ കൊടുത്ത് തീർക്കാനുണ്ടോ !! "

"ഇല്ല... കഴിഞ്ഞു. " അവൾ ചുമലിളക്കി.

"പിന്നെന്ത്...! ഞാൻ നന്നായി ചായയിടും. പേടിക്കാതെ കുടിക്കാം "

"ഉച്ച സമയത്തോ ചായ ? കത്ത് തന്നതിഷ്ടമായില്ലേ ? "

ഇവളാള് കൊള്ളാല്ലോ - " എങ്കിൽ തണുത്തത് എന്തേലുമാകാം. കോക്ക്, ലെമൺ, ഓർ... ജ്യൂസ്  "

"പഴച്ചാറ് ആകട്ടെ..." അവൾക്ക് സമ്മതം.

"എങ്കിൽ വരൂ... " ഞാൻ അകത്തേക്ക് ക്ഷണിച്ചു. 

ആ ക്ഷണം കൈയോടെ നിരസിക്കപ്പെട്ടു - "ഇവിടിരുന്നോളാം " അവൾ സിറ്റൗട്ടിലെ ചൂരൽക്കസേരമേൽ ഇരുന്നു. അകത്തേക്ക് നടക്കുമ്പോൾ പുറകിൽ അവളുടെ ശബ്ദം- " എനിക്കുള്ള ജ്യൂസ് ഉറക്കഗുളികയൊന്നും ചേർക്കാതെ മതി... "

ഞാൻ ചിരിച്ചു. ആ ചിരി ജ്യൂസിലൽപ്പം മധുരം കൂട്ടി.

ജൂസ് നുണഞ്ഞ്, പനിനീർപ്പൂമണമുള്ള കാറ്റുമേറ്റിരിക്കുമ്പോൾ അവൾ ചോദിച്ചു -  "അതാരുടെ കത്താണ് "

"പഴയൊരു സഹപാഠി... "

"കാമുകിയായിരുന്നോ? "

"അക്കാലത്ത് എനിക്കവളോട് കടുത്ത പ്രണയമായിരുന്നു "

"പിന്നെന്താ വായിച്ച് നോക്കാത്തത്..."

അറിയാതെ തന്നെ ഒരു നെടുവീർപ്പ് എന്നിൽ നിന്ന് പുറപ്പെട്ടു.

"ഞാൻ പറഞ്ഞല്ലോ അത് ഡേറ്റ് തെറ്റി വന്നതാണെന്ന്... എന്റെ മനസ്സിലിപ്പോൾ ആ പ്രണയമില്ല " 

അവൾ സാകൂതം എന്നെ നോക്കിയിരിക്കുന്നു. ഇത് തന്നെ തക്കം

"കത്ത് തന്നയാളോട് പ്രണയം തോന്നുന്നുമുണ്ട്... " 

അവൾ പൊട്ടിച്ചിരിച്ചു.ഞാൻ വിളറി.

"ചേട്ടൻ ഒരുപാടുസിനിമ കാണാറുണ്ടല്ലേ?"  ഉത്തരം പറയാൻ ഞാൻ സന്ദേഹിച്ചു. 

അവളിൽ ഉല്ലാസഭാവം  " ആദ്യ കാഴ്ചയിൽത്തന്നെ പ്രണയത്തിലാകുന്നതൊക്കെ പഴയ സിനിമകളിലല്ലേ ? "

"ആദ്യകാഴ്ചയിൽ പ്രണയം തോന്നുന്നതൊരു തെറ്റാണോ..." പിന്നെയും തോറ്റ് പോകുകയാണെന്നതിരിച്ചറിവോടെ പിറുപിറുത്ത് നിൽക്കുമ്പോൾ അവൾ പോകാനിറങ്ങി. 

എന്റെ കണ്ണിലേക്ക് നോക്കി യാത്രപറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങിയോ?  എന്തെങ്കിലുമൊന്ന് പറയാതിരിക്കുന്നതെങ്ങനെ  " കുടയുണ്ടോ ? നല്ല വെയില്..."

"ഇല്ല... വണ്ടിയിലല്ലേ ? "

"ഓ..." അവനാഴിയൊഴിഞ്ഞ് ഞാൻ വിടനൽകി. 

ക്രോട്ടൺ ചെടികൾ അതിരിട്ട, ചരൽ വിരിച്ച നടവഴിയിലേയ്ക്ക് അവൾ നടന്നു. എന്റെ പൂന്തോട്ടത്തിലെ പനിനീർപ്പൂക്കളെ ഏത് കലാകാരനാണ് അവളുടെ ചുരിദാറിലേയ്ക്ക് വരച്ചുചേർത്തത് - "നൈസ് " എന്റെ ആത്മഗതം അൽപ്പം ഉറക്കെയായിപ്പോയി.

"എന്തേ...? " അവൾ നടപ്പിന്റെ താളത്തിൽ തന്നെ തലവെട്ടിച്ച് ചോദിച്ചു. 

"ഒന്ന് നിൽക്കാൻ ഭാവമില്ല, ദുഷ്ട... " മനസിൽ പിറുപിറുത്ത്  പിന്നാലെ ചെന്നു. അവൾ ഗേറ്റ് കടക്കുന്നേരം പിന്നിലെത്തി, അപേക്ഷഭാവത്തിൽ ചോദിച്ചു: " ഒരു ഹെൽപ്പ് ചെയ്യുമോ ? " 

മറുപടിയെന്തെങ്കിലും പറയുന്നതിന് മുമ്പേ കാര്യവുമവതരിപ്പിച്ചു - " ഒരു കത്ത് പോസ്റ്റ് ചെയ്യണമായിരുന്നു "


"ഞങ്ങളുടെ ഡിപ്പാർട്ട്മെൻറ് ഡോർ കളക്ഷനൊന്നും തുടങ്ങിയിട്ടില്ല മാഷെ... " എന്ന തർക്കുത്തരം കിട്ടിയതോടെ എനിക്ക് തൃപ്തിയായി. ഒരു സോറി പറഞ്ഞ് പിൻവാങ്ങി.

"ഞാനൊരു തമാശ പറഞ്ഞതാ... ഇങ്ങ് തന്നേര് , ഇട്ടേയ്ക്കാം " 

"ഇപ്പോ വരാം.." വീടിനുള്ളിലേക്ക് കുതിക്കുന്നേരം ഒരായിരം റോസാപ്പൂ ക്കളുടെ സുഗന്ധവും പേറി ഒരുകാറ്റ് എന്റെ നേർക്ക് വീശിയടിക്കുന്നുണ്ടായിരുന്നു.

ആ കാറ്റിനോടൊപ്പം അവളുടെ സുന്ദരശബ്ദവും 

"പ്രേമലേഖനത്തിന്റെ മറുപടിയാണോ  മാഷെ ? "

എനിക്കും ഒട്ട് ഉന്മേഷമൊക്കെ തോന്നി

"ആണെങ്കിൽ..."

"സന്തോഷം" എനിക്ക് കേൾക്കാനാകണം അവൾ ശബ്ദമുയർത്തി. 

"മറുപടി കിട്ടാത്ത പ്രണയലേഖനങ്ങൾ വലിയ വേദനയാണ് "

അവളുടെ ശബ്ദത്തിൽ അല്പം വിഷാദം കലർന്നോ? എഴുതാൻ പേനയും പേപ്പറും കൈയ്യിലെടുക്കുമ്പോൾ, ജനാലയിലൂടെ നോക്കി. എനിക്ക് തെറ്റി - വിഷാദമല്ല, കൂടുതൽ ഉല്ലാസം. മൂളിപ്പാട്ട് പാടി, റോസപ്പൂക്കളെ താലോലിച്ച് നിൽക്കുന്നു.

പേപ്പറിൽ ഞാൻ ഒരു വാക്ക് മാത്രം എഴുതി 

"ഇഷ്ടമാണ് "

കത്ത് കയ്യിൽ വാങ്ങി അവൾ തിരിച്ചും മറിച്ചും നോക്കി. "ഇത് ഒട്ടിക്കുന്നില്ലേ?! "

"രഹസ്യമൊന്നുമല്ല " എന്ന് ഞാൻ. 

"ഇതെന്താ... അഡ്രസ്സുമില്ലേ ?! "

"എനിക്ക് വന്ന കത്തിലും ഫ്രം അഡ്രസുണ്ടായിരുന്നില്ല" 

ഞാനാ കത്ത് നീട്ടിക്കാണിച്ചു. അവളുടെ മുഖത്ത് പ്രകടമായ അനിഷ്ടം.


"ടു അഡ്രസുണ്ടായിരുന്നല്ലോ, അതല്ലേ കൃത്യമായികൊണ്ട് തന്നത് "?

"ടു അഡ്രസില്ലെങ്കിൽ എന്താ പ്രൊസീജിയർ?" പരമാവധി സംശയം മുഖത്ത് വരുത്തി ഞാൻ ചോദിച്ചു. 

"ഫ്രം അഡ്രസിലേയ്ക്ക് തിരിച്ച് അയയ്ക്കും "

"അത് മതി"  ധൃതിയോടെ ഉത്തരം നൽകി, കൈകൾ നടുവിലൂന്നി,എന്നെത്തന്നെ തറച്ച്നോക്കി കുറെനേരം നിന്നിട്ടവൾ ഗേറ്റ് കടന്ന് പോയി. 

"എന്ന് തിരിച്ചെത്തിക്കും " ഞാൻ വിളിച്ച് ചോദിച്ചു. അവൾ മിണ്ടിയില്ല.

"ഞാൻ മറുപടിക്കത്ത് പ്രതീക്ഷിക്കുന്നുണ്ട് "

"എഴുത്ത് പൊട്ടിച്ച്വായിക്കാതെ എഴുതിയ മറുപടിയല്ലേ? അതിനെന്ത് മറുപടി " അവൾ ചിറി കോട്ടി. അവൾ കൊണ്ടുവന്ന കത്ത് ഇനിയും പൊട്ടിക്കാതെ എന്റെ കയ്യിലിരിക്കുന്നു.

"ഞാനെഴുതിയ കത്തും പൊട്ടിച്ച് വായിക്കണമെന്നില്ല... അല്ലാതെ ഒരു മറുപടി തന്നാൽമതി" 

അവൾ ദുർമുഖത്തോടെ തന്നെ സ്ക്കൂട്ടർ സ്റ്റാർട്ട് ചെയ്തു. അല്പം മുന്നോട്ട് പോയി, വണ്ടി നിർത്തി തിരിഞ്ഞ് നോക്കി. 

"ചേട്ടൻ ആളൊരു സിനിമാറ്റിക് ആണല്ലോ?" ഞാനൊന്ന് ചിരിച്ചതായി വരുത്തി.

"ഇനിയൊരു കത്തുമായി വരുമ്പോൾ മറുപടി തരാം. അത് വരെ ക്ലൈമാക്സ് സസ്പെൻഡ്സ് ആയിട്ടിരിക്കട്ടെ..."

വശ്യമായി ചിരിച്ച് കൊണ്ട് അവൾ വണ്ടി മുന്നോട്ടെടുത്തു.

അന്നേരം അവളുടെ മുഖത്തും റോസാപ്പൂക്കൾ വിരിഞ്ഞു. 

അതിന്റെ പൂമണം എനിക്ക് ചുറ്റും പരന്നു.


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല