ചാവക്കാട് സ്വദേശി . തെളിച്ചം മാഗസിന്റെ എഡിറ്റർ . ആനുകാലികങ്ങളിൽ എഴുതാറുണ്ട് .

പുകച്ചുരുള്‍

പ്രഭാതം പുലരുന്നതിന് മുമ്പേ ചൗധരി മരണപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന കരച്ചിലിനു ശേഷം ആത്മനിയന്ത്രണം വീണ്ടെടുത്ത അദ്ദേഹത്തിന്‍റെ ഭാര്യ ചൗധരിയാന്‍ പള്ളി മൊല്ല ഖൈറുദ്ദീനെ കൂട്ടിക്കൊണ്ടുവരാന്‍ വേലക്കാരനെ ചുമതലപ്പെടുത്തി. മൊല്ലയോട് മരണത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന നിര്‍ദേശവും കൊടുത്തു. വീട്ടു വളപ്പുവരെ വേലക്കാരന്‍ മൊല്ലക്ക് വഴികാട്ടി. ചൗധരിയാന്‍ മൊല്ലയെ മുകള്‍ തട്ടിലെ റൂമിലേക്ക് ആനയിച്ചു. അവിടെ ചൗധരിയുടെ ജഢം കട്ടിലില്‍ നിന്നും നിലത്തേക്ക് ഇറക്കി കിടത്തിയിരുന്നത് കാണാമായിരുന്നു. വെളുത്ത താടിയും പുരികവും നീണ്ടമുടിയുള്ള അയാളുടെ മുഖം മഞ്ഞചായം തേച്ചതുപോലെയുണ്ടായിരുന്നു. അയാളുടെ മുഖത്ത് ഏതോ അലൗകിക പ്രകാശം സ്ഫുരിച്ചു നിന്നിരുന്നു. 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍' മൊല്ല മന്ത്രിച്ചു. അദ്ദേള്‍ അവളെ കഴിവതും ആശ്വസിപ്പിച്ചു. അവള്‍ മേശയുടെ വലിപ്പ് തുറന്ന് ചൗധരിയുടെ അന്ത്യാഭിലാഷ കുറിപ്പെടുത്ത് മൊല്ലക്കു നേരെ നീട്ടി. കുറിപ്പ് വായിച്ച മൊല്ല സ്തബ്ധനായി നിന്നു. തന്‍റെ ശരീരം കുഴിച്ചുമൂടരുത്. കത്തിച്ച് ചാരമാക്കുക. ശേഷം നാടിനെ കുളിര്‍പ്പിക്കുന്ന നദിയില്‍ ഒഴുക്കണമെന്നായിരുന്നു അയാളുടെ കുറിപ്പ്. 

മതത്തിന് വേണ്ടി ചൗധരി നിരവധി സഹായസഹകരണങ്ങള്‍ ചെയ്തിട്ടുള്ളതാണ്. ആര്‍ക്കും അത് മറക്കാനാവില്ല. ഹിന്ദുവെന്നും മുസല്‍മാനെന്നും വ്യത്യാസമില്ലാതെ നല്‍കിയിരുന്ന ധര്‍മ്മത്തെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗ്രാമത്തിലെ വലിയ ജുമഅത്ത് പള്ളി പണികഴിപ്പിച്ചത് അദ്ദേഹമായിരുന്നു. ഹിന്ദു ശവദാഹ ഭൂമിയില്‍ പൊന്തിനില്‍ക്കുന്ന കെട്ടിടവും അദ്ദേഹം നിര്‍മ്മിച്ചതാണ്. വര്‍ഷങ്ങളോളം രോഗത്തിന് അടിമപ്പെട്ട് കിടപ്പായിരുന്നെങ്കിലും ഓരോ റമദാനിലും നിരാലംബര്‍ക്കായി നോമ്പുതുറ സംഘടിപ്പിക്കാന്‍ മറന്നിരുന്നില്ല. അത്കൊണ്ടുതന്നെ, മുസ്ലിംകള്‍ ചൗധരിയെ സ്നേഹിച്ചു. അതിയായി വിശ്വസിച്ചു. മുസ്ലിംകള്‍ മാത്രമല്ല. 

അയാളുടെ അവസാന ആഗ്രഹം വായിച്ചതോടെ മൊല്ലയില്‍ പേടി ഘനീഭവിച്ചു. പ്രശ്നം ഗുരുതരമാണ്. കാര്യങ്ങളുടെ കിടപ്പ് അതീവ മോശമാണ്. ഹിന്ദു തീവ്ര ഹിന്ദുവായിരിക്കുകയാണിപ്പോള്‍. മുസല്‍മാന്‍ തീവ്ര മുസല്‍മാനും. 

'ഇവിടെയൊരു മതാചാരവും നടത്തണ്ട. ശവദാഹത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്താല്‍ മതി. എനിക്ക് തന്ത്രി രാം ചന്ദറിനോട് വിഷയം പറയാമായിരുന്നു. ഞാനത് ചെയ്തില്ല. കാരണം, കാര്യങ്ങളെ വഷളാക്കാനൊന്നും എനിക്കാവില്ല.'

മൊല്ല ഖൈറുദ്ദീന്‍ തന്‍റെ സന്ദേശവുമായി മറ്റൊരു വ്യക്തിയെ രാം ചന്ദറിന്‍റെ അടുത്തേക്കയച്ചു. 'ശവപ്പറമ്പില്‍ ചൗധരിയെ സംസ്കരിക്കാന്‍ അനുവദിക്കരുത്. മുസ്ലിംകള്‍ പ്രശ്നമുണ്ടാക്കും. കാരണം, ചൗധരി ഒരു സാധാരണക്കാരനല്ല. പലരും അദ്ദേഹത്തെ ആശ്രയിക്കുന്നവരാണ്.'   തന്‍റെ പരിതിയില്‍ അത്തരം പൈശാചികതക്ക് അവസരം നല്‍കില്ലെന്ന് പണ്ഡിറ്റ് മറുപടി അയച്ചു. പ്രത്യേക സംഘത്തെ വിളിച്ചുകൂട്ടി പണ്ഡിറ്റ് വിഷയം ചര്‍ച്ചചെയ്തു. അതോടെ പ്രശ്നങ്ങളുടെ കനല്‍ എരിഞ്ഞുതുടങ്ങി. വാര്‍ത്ത ആളിക്കത്തിപ്പടര്‍ന്നു. 

'ഇത് ചൗധരിയുടെയോ ചൗധരിയാന്‍റെയോ കാര്യമല്ല. വിശ്വാസമാണ് വിഷയം. മതത്തിന്‍റെയും സമുദായത്തിന്‍റെയും വിഷയം. തന്‍റെ ഭര്‍ത്താവിന് ചിതയൊരുക്കാന്‍ അവള്‍ക്കെങ്ങനെ ധൈര്യം വന്നു. അവള്‍ക്ക് മതമറിയില്ലെ? വിശ്വാസമറിയില്ലെ.?

തന്നോട് ചര്‍ച്ചക്ക് വന്നവരോടെല്ലാം ചൗധരിയാന്‍ വളരെ സൗമ്യമായാണ് പെരുമാറിയത്. 'സഹോദരങ്ങളെ, അദ്ദേഹത്തിന്‍റെ ഒടുവിലത്തെ ആഗ്രഹമായിരുന്നു അത്. കത്തിത്തീരണമെന്നത്. നമ്മുടെ ശരീരം കേവലം മണ്ണ് മാത്രമാണ്. ഒടുവില്‍ കത്തിക്കപ്പെടുന്ന, അല്ലെങ്കില്‍, കുഴിച്ചുമൂടപ്പെടുന്ന ഒന്ന്. കത്തിക്കുന്നതിലൂടെയാണ് അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കുന്നതെങ്കില്‍ നാമെന്തിന് വിലങ്ങുനില്‍ക്കണം.' 

'അവനെ ദഹിപ്പിച്ചാല്‍ നിനക്ക് ആശ്വാസമാകുമോ?' ആക്രോശങ്ങള്‍ പലയിടത്തുനിന്നും ഉയര്‍ന്നു. 

ദിവസത്തോടൊപ്പം അവളുടെ ഉത്കണ്ഡയും വര്‍ധിച്ചു. അവളുടെ ഉത്തരവാദിത്വം നിര്‍വഹിക്കപ്പെട്ടില്ല. ചൗധരിയുടെ ആഗ്രഹത്തിനു പിന്നില്‍ സങ്കീര്‍ണ്ണമായതൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു മതവിചാരമോ വിശ്വാസമോ ഉണ്ടായിരുന്നില്ല. ഒരു മനുഷ്യന്‍റെ ചെറിയ ആഗ്രഹം മാത്രമായിരുന്നു അത്. 

'ഞാനെപ്പോഴും ഞാന്‍ തന്നെയാണ്. മറ്റൊന്നായി പരിവര്‍ത്തിക്കാനാവില്ല എനിക്ക്.' വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാള്‍ തന്‍റെ ഭാര്യയോട് പറഞ്ഞതിങ്ങനെയാണ്. പക്ഷേ, അതൊക്കെ ഓര്‍ത്തെടുക്കാന്‍ ആര്‍ക്കാണ് സമയമുള്ളത്. ചൗധരി തന്‍റെ ആഗ്രഹം അടയാളപ്പെടുത്തി. അത് പൂര്‍ത്തീകരിക്കല്‍ അവളുടെ പ്രണയത്തിന്‍റെ സാഫല്യമായിരിക്കുമെന്ന് അയാള്‍ നിനച്ചിരിക്കണം. ഒരാള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അയാളുടെ മരണത്തോടെ മറമാടാനാവില്ലല്ലോ. 

മേല്‍ശാന്തിയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പലവട്ടം വേലക്കാരനെ അയച്ചു. പക്ഷേ, അയാളെ എവിടെയും കണ്ടെത്താനായില്ല. 

കീഴ്ശാന്തിയെ സമീപിച്ചു. 'കുറിതൊട്ട് നാമം ജപിക്കാതെ അദ്ദേഹത്തെ ദഹിപ്പിക്കാനാവില്ല' കീഴ്ശാന്തി പറഞ്ഞു. 

'ഹേയ്... നിങ്ങള്‍ക്കെങ്ങനെ മരിച്ചവരുടെ മതം മാറ്റാനാകും.?' വേലക്കാരന്‍ അയാളോട് കോപിച്ചു.

'തര്‍ക്കിക്കാന്‍ ഞാനില്ല. നാമം ജപിക്കാതെ ദഹിപ്പിക്കാനാവില്ല. ശ്ലോകം ചൊല്ലാതിരുന്നാല്‍ ആത്മാവിന് ശാന്തി ലഭിക്കില്ല. ശാന്തി ലഭിക്കാത്ത ആത്മാക്കള്‍ ജനങ്ങളെ ഭയപ്പെടുത്തും. നിങ്ങളെയും ഞങ്ങളെയും അക്രമിക്കും. ചൗധരിയുടെ ആത്മാവിനോട് ഞങ്ങള്‍ക്ക് ഇങ്ങനെയൊന്നും ചെയ്യാനാവില്ല.' 

വേലക്കാരന്‍ അമ്പലത്തില്‍ നിന്നും തിരിച്ച് വരുന്നത് പന്നയുടെ കണ്ണില്‍പെട്ടിരുന്നു. അയാള്‍  ആ വാര്‍ത്ത പെട്ടെന്നു തന്നെ മുസ്ലിം പള്ളിയിലെത്തിച്ചു. 

കെട്ടടങ്ങാനിരുന്ന തീ വീണ്ടും ആളിപ്പടര്‍ന്നു. നാലഞ്ചു മുസ്ലിം യുവാക്കള്‍ ക്ഷുഭിതരായി നാട്ടില്‍ അലഞ്ഞുനടന്നു. അവരെല്ലാവരും ചൗധരിയുടെ വേണ്ടപ്പെട്ടവരായിരുന്നിരിക്കണം. ചൗധരിയുടെ ആത്മാവ് ശാന്തിലഭിക്കാതെ അലയുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമായില്ല. പള്ളിപ്പറമ്പില്‍ പുതിയൊരു ഖബര്‍ കുഴിക്കാനുള്ള ഏര്‍പ്പാടുചെയ്തു. 

സന്ധ്യാസമയത്ത് ചര്‍ച്ചക്കായി നാട്ടുകാരെല്ലാം ഒത്തുചേര്‍ന്നു. ചൗധരിയാന്‍റെ പക്കല്‍ നിന്നും കത്ത് പിടിച്ചുവാങ്ങി കത്തിച്ചുകളയണമെന്ന് തീരുമാനിച്ചു. അന്ത്യാഭിലാഷം എഴുതിവെച്ച ആ കത്തില്ലാതെ ഈ വൃദ്ധക്കെന്തു ചെയ്യാനാകും.? 

ചൗധരിയാന്‍ ഈ ഗൂഢാലോചന മണത്തറിഞ്ഞിരിക്കണം. എന്തുകൊണ്ടോ അവള്‍ കത്ത് ഒളിപ്പിച്ചുവെച്ചു. പുറത്തെടുത്തില്ല. ജനങ്ങള്‍ അവളോട് കത്തുകാണിക്കാന്‍ ആവശ്യപ്പെട്ടു. അവളത് പുറത്തെടുത്തില്ല. 'മൊല്ല ഖൈറുദ്ദീന്‍ കത്ത് വായിച്ചിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് അവരോട് ചോദിച്ച് നോക്കാം.' 

'അദ്ദേഹമത് നിരസിച്ചാലോ?'

'ഖുറാന്‍ തൊട്ട് നിഷേധിക്കട്ടെ അയാള്‍... അപ്പോള്‍ ഞാന്‍ കാണിച്ചു തരാം. അല്ലെങ്കില്‍...'

'അല്ലെങ്കില്‍..?'

'അല്ലെങ്കില്‍ കോടതിയില്‍ വെച്ച് കാണാം.' സംഭവം കോടതിയിലെത്തും എന്ന് ഉറപ്പായി. ടൗണില്‍ നിന്നും ചൗധരിയാന് വക്കീലിനെയും പോലീസിനെയും വിളിച്ചുവരുത്താമായിരുന്നു. പോലീസിനെ നേരത്തെ വിവരം അറിയിച്ചതാണ്. പക്ഷേ... ഇനിയും ഭര്‍ത്താവിന്‍റെ ശരീരം ഐസിലിട്ടുവെച്ച് ഇവരോട് സംസാരിക്കുകയാണോ വേണ്ടത്?. 

    

രാത്രിയില്‍ പല വാര്‍ത്തകളും ഫണംവിടര്‍ത്തി പുറത്തുവന്നു. ചിലര്‍ പറഞ്ഞു.. കുതിരപ്പുറത്ത് ഒരാള്‍ ടൗണിലേക്ക് പോുകന്നത് കണ്ടു. ചൗധരിയുടെ വീട്ടുവളപ്പില്‍ നിന്നാണയാള്‍ പോയത്. 

ചൗധരിയുടെ ആലയില്‍ നിന്നാണയാള്‍ വന്നതെന്ന് മറ്റു ചിലര്‍ ഉറപ്പിച്ചു പറഞ്ഞു. 

ഹവേലിയുടെ പിന്നാമ്പുറത്ത് മരം വെട്ടുന്നതിന്‍റെ ശബ്ദം കാട്ടു കേട്ടുവത്രെ. അതെ.. നിസ്സംശയം.. ചൗധരിയാന്‍ ഒരു ചിതയൊരുക്കാനുള്ള ഒരുക്കത്തിലായിരുന്നു. കല്ലുവിന്‍റെ ചോര തിളച്ചുമറിഞ്ഞു. 

'ഭീരുക്കളെ, ഇന്ന് രാത്രി ഒരു മുസ്ലിമിന് വേണ്ടിയാണ് ചിതയൊരുങ്ങുക. നാളങ്ങള്‍ കൊണ്ട് തീ വയറു നിറക്കുന്നതും നോക്കി നിങ്ങളെല്ലാവരും ഇവിടെ തന്നെ ഇരിന്നോ.' കല്ലു ആര്‍ത്തു വിളിച്ച് ജനങ്ങളെ പ്രകോപിപ്പിച്ചു. 

ഒരാള്‍ക്കും അമ്മപോലും തന്‍റെ വിശ്വാസത്തേക്കാള്‍ പ്രധാനമല്ല. കല്ലു നാലഞ്ചു സഖാക്കളെ കൂട്ടി കല്ലു ഹവേലിയുടെ മതില്‍ ചാടിക്കടന്നു. ഭര്‍ത്താവിന്‍റെ ജഢത്തിനരികെ ഏകയായി ഇരിക്കുകയായിരുന്നു അവള്‍. കല്ലുവിനെ കണ്ട മാത്രയില്‍ അതിശയിക്കാന്‍ പോലും അവസരം നല്‍കാതെ ഒരു മഴു അവളുടെ തലപിഴുതെടുത്തു. 

അവര്‍ ചൗധരിയുടെ ജഢം പൊക്കിയെടുത്ത് പള്ളിപ്പറമ്പിലേക്ക് നടന്നു. ഒരാള്‍ വലിപ്പമുള്ള കുഴി അവിടെ നേരത്തെ സജ്ജമായിരുന്നു. 

തിരികെ നടക്കുന്നതിനിടെ റംസ ചോദിച്ചു. 'രാവിലെ ചൗധരിയാന്‍റെ ജഢം കാണുമ്പോള്‍ എന്തെല്ലാം പുകിലാണ് സംഭവിക്കാനിരിക്കുന്നത്.' 

'അവള്‍ ചത്തുവോ..' കല്ലു ചോദിച്ചു.

'തല പൊളിഞ്ഞ് രക്തം വാര്‍ന്നുപോകുന്നുണ്ട്. രാവിലെ വരെ ആയുസ്സുണ്ടാവില്ല. കല്ലു നിന്നിടത്തു നിന്നും മാളികയിലെ ചൗധരിയാന്‍റെ കിടപ്പറയിലേക്ക് നോക്കി. പന്നക്ക് കല്ലുവിന്‍റെ ചിന്ത പെട്ടെന്നുതന്നെ മനസ്സിലായിരിക്കണം. 'നിങ്ങള്‍ നടന്നോളൂ.. എല്ലാം മനസ്സിലായി. വൃത്തിയായി ഞാന്‍ ചെയ്തോളാം. എല്ലാം ശരിയാക്കാം.' 

അന്നുരാത്രി, ചൗധരിയുടെ കിടപ്പറയില്‍ നിന്നും ആകാശം തൊടാനായി ഉയര്‍ന്ന തീനാളം ഖസബയിലെവിടെയും പുകച്ചുരുളുകള്‍ നിറച്ചു. 


ഗുല്‍സാര്‍ സമ്പൂരന്‍ സിംങ്  (ബുഖാര്‍ എന്ന കഥയുടെ വിവര്‍ത്തനം)


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല