കണ്ണൂർ സ്വദേശി . ചെന്നൈയിൽ വിദ്യാർത്ഥി .

കയർ

ന്യൂ ബീച്ചിൻ്റെ  ഓരത്ത് കടൽകാക്കകൾ ഒന്നും പൂജ്യവുമായി വന്ന് പാറ്റേണുകൾ ഉണ്ടാക്കുന്നത് ടൈം ലാപ്സായി പകർത്തുന്നതിനിടെയാണ് ജമീല ആദ്യമായിട്ട് എന്നോടൊരു ചോദ്യം ചോദിക്കുന്നത്.

"എന്നു തൊട്ടാണ് പിറന്നാളുകളെ ഇഷ്ടപ്പെടാതിരുന്ന് തുടങ്ങിയത്?"

തിരയടുത്തേക്കെത്തുമ്പോൾ പറന്നു പൊങ്ങാൻ ശ്രമിച്ച് ഒരു കുഞ്ഞ് കടൽകാക്ക തിരയിൽ പെട്ട് മുങ്ങി പൊങ്ങിക്കൊണ്ടേയിരുന്നു. പിറന്നാളുകൾ ആഘോഷിച്ചിരുന്ന ഏതോ കാലത്തെപ്പറ്റി ജമീലക്ക് ഉറപ്പുണ്ട്. എട്ടാമത്തെ വയസ്സ്. ബലൂണുകളും വർണപ്പൊടികളും ശാരി സമ്മാനിച്ച ഗ്ലാസ് കൊണ്ടുള്ള താറാവ് ശില്പങ്ങളുമൊക്കെ ഓർമ്മയിലുണ്ട്. പിന്നെന്ന്തൊട്ടാണ് പിറന്നാളുകളെ പേടിച്ച് തുടങ്ങിയത്?

ഒടി വീഴാത്ത ഓറഞ്ച് കവറുകളിൽ, സിമ്മട്രിയോടുള്ള അടങ്ങാത്ത ഭ്രാന്തുകൊണ്ട് സമം തെറ്റാതെ നാലായി മടക്കിയ കടലാസുകളിൽ, ഇടത്തോട്ട് ചെരിച്ചുള്ള നീളൻ അക്ഷരങ്ങളിൽ കള്ളങ്ങൾ എഴുതി പിടിപ്പിച്ച് കിട്ടിതുടങ്ങിയ പത്താമത്തെ പിറന്നാൾ തൊട്ടാകാം. ആണ്.

"കഥയും കവിതേം എഴുതുമ്പോ മാത്രെങ്ങനാ എഴുത്ത് ഇടത്തോട്ട് നീളുന്നെ?"

കിടക്കയിൽ കൊഴിഞ്ഞു വീണ അവളുടെ നീളൻ മുടികൾ പെറുക്കിയെടുക്കുമ്പോ അമലയെന്നോട് ചോദിക്കും. ചിരിച്ച് കൊണ്ടവളെ വലിച്ചടുപ്പിക്കണം. ഒരുപാട് സ്നേഹം കാണിക്കുമ്പോ അവളെല്ലാം മറക്കും. പതിയെ ഞാനും.

മുടി പറ്റെ വെട്ടിയയൊരു നട്ടുച്ചയ്ക്ക്, വിരലുകൾ കൊണ്ട് തുരങ്കങ്ങൾ തീർത്ത് എൻ്റെ പിൻകഴുത്തിലെത്തിയപ്പോൾ ഒരു കുഞ്ഞ് മുറിവിലവൾ കിതച്ചു നിന്നു. 

ഒരു പതിറ്റാണ്ട് മുൻപുള്ള ഏതോ ഒരു ഞായറാഴ്ചയിലേക്കാണ് ഞാനുണർന്നത്. കട്ടിലിൽ കയറി നിന്നാൽ ഫാൻ തലയിൽ തട്ടുന്ന, വീടിൻ്റെ പുറത്തേക്കിറങ്ങാൻ പ്രത്യേക വാതിലുള്ള മുറിയാണ് ഒന്നാമത്തെ ഓർമ്മ. അവിടെ ചുമരിലേക്ക് തുരന്നുണ്ടാക്കിയ ഒരു ഷെൽഫുണ്ട്. പതിവു തെറ്റിച്ച് അന്നതിൻ്റെ കണ്ണിലൊരു കുഞ്ഞ് താക്കോൽ. ഞാനത് തുറക്കുന്നതാണ് രണ്ടാമത്തെ ഓർമ്മ. അതിൽ നിന്നുള്ള ഓൾഡ് സ്പൈസ് ലോഷൻ്റെ ഗന്ധം മുറിയാകെ പരന്നു. പിന്നെ എൻ്റെ കണ്ണെത്താ ദൂരത്തോളം അടുക്കി വച്ച ഓഡിയോ കാസെറ്റുകളും. അതിലൊരെണ്ണം ഞാനെടുത്ത് നോക്കിയോ? ഒരലർച്ച ഓർമ്മയുണ്ട്. അച്ഛനെന്ന് കേൾക്കുമ്പോഴുള്ള ഒന്നാമത്തെ ഓർമ്മ. ആ അലർച്ചയിൽ തെറിച്ച് വീഴുന്ന എന്നെ ഓർമ്മയുണ്ട്‌. തല കൊണ്ടത് മേശയുടെ അറ്റത്തോ കട്ടിലിൻ്റെ കാലിലോ? താഴെ വീണ ഓഡിയോ കാസറ്റ് എടുത്ത് ഷെൽഫിലേക്ക് അടുക്കി വച്ച് അത് താക്കോലിട്ട് പൂട്ടുന്ന ഒരു നിഴൽ. അച്ഛൻ.

അയാൾ വരുന്ന ദിവസങ്ങളിൽ ഞാൻ മാതയുടെ കട്ടിലിന് കീഴെ ഒളിക്കും. അവിടിരുന്ന് കേട്ടിട്ടുള്ള അയാളുടെ ആസിഡ് അറ്റാക്ക് ഭീഷണികളിൽ അമ്മ പേടിച്ചില്ലെങ്കിലും എൻ്റെ മനസ്സ് പൊള്ളിയിരുന്നു. ഏറെ കഴിഞ്ഞുള്ള കൗമാരത്തിൽ അവിടെയിരുന്നാണ് രാത്രിക്ക്രാത്രി ഞാനയാളുടെ കത്തുകളിലെ ഗന്ധം അറിഞ്ഞിരുന്നത്.

"എന്തിന്?"

കടലിലേക്കിറങ്ങാനെന്ന ഭാവത്തിലെണീറ്റ ജമീല ചോദിച്ചു. 

അവയിൽ ഉണങ്ങാതെ കിടക്കുന്ന സിനിമാകൊട്ടകളുടെ മണത്തിന് വേണ്ടിയാകും. തീയറ്ററുകളിലെ ഓപ്പറേറ്റർ റൂമുകളിൽ,  പച്ച മഞ്ഞയെ അരച്ചുകലക്കി കുടിച്ച പോലുള്ള രാത്രിയുടെ അരണ്ട വെളിച്ചത്തിൽ ഒരു കത്തെഴുത്ത് എനിക്ക് കാണാം. അവിടിവിടായി ചിതറിക്കിക്കുന്ന ഫിലിം ഡബ്ബകളും, ചൂടേറിക്കൊണ്ടിരിക്കുന്ന ഒരു പ്രൊജക്ടറും.

"പ്രൊജക്ടർ റൂമിൽ വെച്ച് ഇടക്കയാളെന്നോട് ഇത്തിരി സ്നേഹം കാണിച്ചിട്ടുണ്ട്" കശുവണ്ടി തോട്ടങ്ങളിലൂടെ നടന്ന് തീയേറ്റർ എത്തും വരെ അയാൾ വാതോരാതെ സിനിമയെപ്പറ്റി സംസാരിക്കുമായിരുന്നു. സിനിമ പാരഡൈസോ കണ്ട് പൊട്ടിക്കരഞ്ഞതിൻ്റെ ഉത്തരങ്ങൾ ഓരോന്നായി ഞാനവൾക്ക് മുന്നിൽ നിരത്തി.

കുഞ്ഞുകാക്കയൊഴികെ ബാക്കിയെല്ലാം തിരിച്ച് പറന്ന് പോകുന്നത് കണ്ടാണ് ഞങ്ങൾ എണീറ്റത്. ന്യൂ ബീച്ചിൽ നിന്ന് റോഡിലേക്കുള്ള നീണ്ട അവന്യു വിജനമായിരുന്നു. റോഡിനിരുപുറവും വരിയായി നിൽക്കുന്ന അക്കേഷ്യ മരങ്ങൾക്ക് പിന്നിലായി അവയുടെ എതിർവശത്തെ ലാമ്പ് പോസ്റ്റ് ഇരുട്ടിൻ്റെ ചെറിയ തടാകങ്ങൾ ഒന്നിടവിട്ട് കെട്ടി കൊണ്ടിരുന്നു. ആ ഇരുട്ടിലെന്നെ ആദ്യമായി ചുംബിക്കുമ്പോൾ ജമീലക്ക് തിരകളുടെ താളമായിരുന്നു. കുഞ്ഞ് കടൽകാക്കയെ പോലെ ഞാൻ തിരയിൽപെട്ട് ശ്വാസം മുട്ടിക്കൊണ്ടിരുന്നു.

"അച്ഛനെ ഇഷ്ടപ്പെട്ടിട്ടേ ഇല്ലേ?"

അമലയെപ്പോലെ അവളും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്നു. ഒരിക്കൽ, ഒരു വട്ടം മാത്രം. ഒരു പത്ത് സെക്കൻ്റ്  ഞാനയാളെ ഭ്രാന്തമായി സ്നേഹിച്ച് പോയിട്ടുണ്ട്. പതിനഞ്ചാമത്തെ പിറന്നാളിൻ്റെ അന്നാണ്. കത്തിൻ്റെയും, മടക്കാതെ വച്ച ആയിരത്തിൻ്റെ ഒരൊറ്റ നോട്ടിൻ്റെയും കൂടെ ഒരു കുഞ്ഞ് കഷ്ണം ഫിലിം വെച്ചിരുന്നു. ഒരു തുണ്ട് വെളിച്ചം. എന്തായിരുന്നു അതിൽ? ഓർക്കാൻ വയ്യ. ഓർക്കാൻ പാടില്ല. അയാളെ ഇഷ്ടപ്പെടരുത്. അന്ന് ഓടി തുടങ്ങിയതാണ് വീട്ടിൽ നിന്ന്. എത്ര കൊല്ലമായി? നാല്. അല്ല അഞ്ച്.

എന്തിനെയാണ് പേടി?. അയാൾക്ക് എന്നെക്കാൾ നന്നായി കള്ളങ്ങൾ എഴുതി ഫലിപ്പിക്കാൻ പറ്റുന്നതിനെ. അയാളെപ്പോലെ ഇടത്തേക്ക് ചെരിച്ച് നീളൻ അക്ഷരങ്ങളിൽ എഴുതുന്നതിനെ. താടിയിൽ പരിചിതമായ മരുഭൂവുകൾ ഉണ്ടാക്കുന്നതിനെ. ശബ്ദമുയരുമ്പോൾ വേദനിക്കുന്ന പിൻകഴുത്തിലെ മുറിവിനെ, നുകരാത്ത ലഹരിയെ, വരാന്തകളിലൂടെ എത്ര ദൂരം ഓടിയാലും മൂത്രപ്പുര എത്താത്ത ചില രാത്രികളെ, പ്രതിബിംബങ്ങളെ, പിറന്നാളുകളെ. എന്തിനെയാണ് പേടിയില്ലാത്തത്?.Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല