നൊമ്പരങ്ങൾ, ഗന്ധർവ്വൻപാട്ടു, ഏഴാംഭാവം എന്നിവയാണ് പ്രസിദ്ധീകരിച്ച നോവലുകൾ. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. നിരവധി ടെലിവിഷൻ സീരിയലുകളും സിനിമകളും ഡോകുമെന്ററികളും തിരക്കഥ എഴുതുകയും സംവിധാനം നിർവഹിക്കുകയും ചെയ്തു.

തമ്പുരാൻ കയം

ഭും!

അന്തരീക്ഷത്തെ   പിടിച്ചുകുലുക്കി ,  പ്രകമ്പനം  കൊള്ളിച്ച് ,  ഒരു   പ്രചണ്ഡമായ സ്ഫോടനശബ്ദം!

പൊന്നന്‍  ഞെട്ടിയുണര്‍ന്നു.

കരിങ്കല്‍ക്വാറിയിൽ  വീണ്ടും  അപകടമോ?

അതിന് അവിടെ സമരമല്ലേ?

ചാരിയിരുന്ന ചെറ്റവാതിൽ തുറന്ന്  പൊന്നൻ പുറത്തിറങ്ങി. വെയിൽ സ്വർണനിറം വെടിഞ്ഞ്  ജ്വലിക്കാൻ തുടങ്ങിയിരിക്കുന്നു.  പത്തുമണി കഴിഞ്ഞിട്ടുണ്ടാവണം.  മുറ്റത്തെ കൊന്നത്തെങ്ങിൻറെ  നിഴൽ  വെട്ടുവഴിയി-ലെത്തിയിരിക്കുന്നു.

ഇവളെവിടെപ്പോയിചന്തയിലായിരിക്കുമോ?

വരാന്തയുടെ മൂലക്കഴുക്കോലിൽ കെട്ടിത്തൂക്കിയിട്ടുള്ള പാളത്തൊട്ടിയിൽ നിന്നും  ഒരുനുള്ള് ഉമിക്കരിയുമെടുത്തുകൊണ്ട്  പൊന്നൻ  പുഴയിലേയ്ക്ക് നടന്നു.

അന്തരീക്ഷത്തിൽ  എന്തെങ്കിലും മുഴക്കമുണ്ടോ?

ഇല്ല.

 

പുഴക്കരയിൽ ചീട്ടുകളിക്കുന്നവരുടെ മുഖങ്ങളിലും ഭാവവ്യത്യാസങ്ങളില്ല. കരിങ്കൽ ക്വാറിയുടെ  ദിക്കിൽ  ബഹളങ്ങളൊന്നും  കേൾക്കാനുമില്ല.

അപ്പോൾ  ഉറക്കത്തിൽ  കേട്ട    ശബ്ദം !?

തലച്ചോറിൻറെ ഇടനാഴിയിലെങ്ങോ  മാഞ്ഞുപോകാതെപതിഞ്ഞുകിടപ്പുള്ള,    പഴയ  ശബ്ദം  തന്നെയായിരിക്കണം!.

ഭും!

 

വഴിവക്കില്‍  ചായ്ഞ്ഞുകിടന്ന  തെങ്ങോലയില്‍നിന്നും ഒരു ഈര്‍ക്കില്‍ കീറിയെടുത്ത്  കാതിനിടയില്‍ തിരുകി,  അയാള്‍ പുഴയിലേയ്ക്ക് നടന്നു.  ഞാവല്‍മരങ്ങൾ  തണല്‍  വിരിച്ചിട്ടുള്ള  പുഴയുടെ  ഒരിരുണ്ട  കരയിലേ – യ്ക്കാണ്  പൊന്നൻ  നടന്നത്.

  ഭാഗത്ത്‌  പാമ്പുകൾ   ഇണചേരാൻ വരാറുണ്ടെന്നാണ് പൊതുവിലുള്ള വിശ്വാസം. അതിനാല്‍ ഒരുമതിരിപ്പെട്ടവരൊന്നും ആ  പ്രദേശത്ത്  പോകാറില്ല. പക്ഷെ,  പൊന്നൻറെ  പ്രഭാതകൃത്യങ്ങളൊക്കെ അവിടെയാണ്പൊന്നന് സർപ്പങ്ങളെ ഭയമില്ല. അതുമാത്രമല്ല,  പൊന്നന്‍ അവിടെത്തന്നെ പോകാനുള്ള കാരണം. സര്‍പ്പങ്ങളിണചേരുന്നത് കണ്ടുനിന്നാൽ  ലൈംഗിക ശക്തി  കിട്ടുമെന്ന് മരിച്ചുപോയ മായന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടും  കൂടിയാണ്.

 

മായന്‍  പാമ്പു്കടിയേററാണ് മരിച്ചത്!  ആ പറഞ്ഞതില്‍ വാസ്തവമുണ്ടോ എന്ന്  പൊന്നനറിയില്ല.  അഥവാ അങ്ങനെയുണ്ടെങ്കില്‍ പൊന്നന് ഏറ്റവും അത്യാവശ്യമുള്ള ഒരു കാര്യവും അതാണ്.

പക്ഷെ,  നാളിതുവരെ  ആ ഭാഗത്ത്‌  പാമ്പുകൾ ഇണചേരുന്നത്  പോയിട്ട്,  ഇഴഞ്ഞു പോകുന്നതു പോലും പൊന്നന്‍ കണ്ടിട്ടില്ല.

 

പൊന്നൻ  പുഴയിലിറങ്ങി.    പുഴയുടെ  പേര്  'ആയിരവല്ലിപ്പുഴ'  എന്നാണ്. ആ  പുഴയ്ക്ക് വേറെ  ഏതെങ്കിലും  ഭാഗത്ത്‌ വേറെ  എന്തെങ്കിലും  പേരുണ്ടോ എന്ന്  പൊന്നനറിയില്ല. അന്നാട്ടുകാർക്ക് അത് ആയിരവല്ലിപ്പുഴയാണ്.

പുഴവെള്ളത്തിൽ തൻറെ  നിഴൽ  കണ്ട്  പൊന്നൻ   നെടുവീർപ്പിട്ടു.

 

പത്തു വർഷങ്ങൾക്കുമുൻപ് ഇതായിരുന്നില്ല,  പൊന്നൻ. 

അന്നവന് ഇരുപത്തിയഞ്ച് വയസ്സായിരുന്നു. മൂന്നാറ്റുമുക്കിലെ  ഏറ്റവും  കരുത്തനായ യുവാവും  പൊന്നനായിരുന്നു.

കടഞ്ഞെടുത്ത കരിവീട്ടിക്കാതൽ പോലെയായിരുന്നു,  പൊന്നൻറെ ശരീരം.

ഏറ്റവും  വലിയ  ഇരുമ്പ്കൂടം  കൊണ്ട്  പൊന്നൻ  കരിങ്കല്ലുകൾ  തകർക്കുന്ന കാഴ്ച  കണ്ണെടുക്കാതെ  നോക്കിനില്ക്കാറുണ്ട്ചല്ലിയടിക്കുന്ന  പെണ്ണുങ്ങൾ. പക്ഷെഅവനോടു  കിന്നാരം  പറയാനോ , ശൃംഗരിക്കാനോ ആരും ധൈര്യപ്പെടാറില്ല. കാരണംപെണ്ണുങ്ങൾക്കെല്ലാം അറിയാം, 'പൊന്നന്  ഒരവകാശിയുണ്ട്‌'.

കടത്തുകാരൻ നാരായണൻറെ മകൾ ലീല !!

പതിനേഴ്‌  കഴിഞ്ഞ  ലീലയാണ്  മൂന്നാറ്റുമുക്കിലെ അംഗീകരിക്കപ്പെട്ട  സുന്ദരി.   പൊന്നനും  ലീലയുമായി  ലോഹ്യത്തിലാണെന്ന് അന്നാട്ടുകാർക്കൊക്കെ  അറിയാം. പൊന്നനൊത്ത  പെണ്ണുതന്നെയായിരുന്നുലീല.

 

മൂന്നാറ്റുമുക്ക്

അതായിരുന്നു,    ഗ്രാമത്തിൻറെ  പേര്.  സഹ്യപർവ്വതത്തിൻറെ  പല  ഭാഗത്ത്‌ നിന്നായി എടുത്ത് ചാടിഒളിച്ചോടിഒടുവിൽ മൂന്ന് കൈവഴികളായി ഒഴുകിയെത്തി,  ആയിരവല്ലിക്കാവിൻറെ  നടയിലെ  കൂറ്റൻ കയത്തിൽ വന്ന് ഒത്തുചേർന്ന്,  മരണച്ചുഴിയായി പ്രദക്ഷിണം  വച്ച്,  ഭീകരരൂപം  പൂണ്ട്  അലറിവിളിച്ച്,  വാപിളർന്ന്,  പടിഞ്ഞാറോട്ട് പായുന്ന ആയിരവല്ലിപ്പുഴയുടെ പ്രധാന കരഭാഗമാണ്  മൂന്നാറ്റുമുക്ക്.

 

കരിങ്കൽ ക്വാറിയിൽ  പണിയെടുക്കുന്നവരും  ചല്ലിയടിക്കുന്ന   പെണ്ണുങ്ങളും മണലൂറ്റുന്ന  തൊഴിലാളികളും  ലോറിക്കാരും  പുഴയിൽ  പടക്കമെറിഞ്ഞു മീൻപിടിക്കുന്നവർക്കും  പുറമേ,  കുറച്ചുപേർ  കല്ലരിക്കുന്ന  ജോലിയിലും എർപ്പെട്ടിട്ടുണ്ട്ആ ഭാഗത്ത്‌.  സഹ്യൻറെ മടക്കുകളിലെവിടെയോ  വൈഡൂര്യശേഖരമുണ്ട്. അതിൻറെ  പൊട്ടും  പൊടിയും  കഷണങ്ങളുമെല്ലാം കുത്തിയൊലിച്ചു വരുന്ന പുഴയുടെ മണലൊഴുക്കിൽ കാണും.

അത്  ഒരു വെറുംവിശ്വാസം  അല്ല. പലർക്കും  കിട്ടിയിട്ടുണ്ട്. രാവ് പുലർന്നപ്പോൾ ലക്ഷപ്രഭുക്കളായിട്ടുണ്ട്പലരും.  പക്ഷെ കഴിഞ്ഞ കുറെ  കാലങ്ങളായി ആർക്കും  വൈഡൂര്യം കിട്ടിയിട്ടില്ല. പ്രതീക്ഷ നഷ്ടപ്പെട്ടിട്ടാവണം പലരും  കല്ലരിക്കുന്ന  എർപ്പാട്  തന്നെ  നിർത്തിക്കഴിഞ്ഞു.

പുഴയിൽ  ഏതാണ്ട്  നടുക്കായിട്ട്  ഒരു  ഭാഗത്ത്‌,   കറുത്ത  ഉരുളൻ പാറകൾ-ക്കിടയിൽ,  അവതരിച്ചതുപോലെ നില്ക്കുന്ന കൂറ്റൻ ആൽമരത്തിൻറെ ചോട്ടിലാണ്  ആയിരവല്ലിക്കാവ്. ആൽമരത്തിന്റെ കിഴക്കുഭാഗത്ത്‌ എട്ടടിപ്പൊക്കത്തിൽ ഒരു കൽവിളക്ക്‌ നാട്ടിയിട്ടുണ്ട്‌. കല്ലരിച്ച്  വൈഡൂര്യം കിട്ടിയ ഒരു രാഘവനാണ്  വർഷങ്ങൾക്കുമുൻപ് ആ വിളക്ക്  നേർച്ചയായി നൽകിയത്. ആയിരവല്ലിക്കാവ് എന്ന്  പേരല്ലാതെ മറ്റൊന്നുംതന്നെ അവിടെയില്ല.  

ആൽമരത്തിൻറെ അരയിൽ  പണ്ട്, ആരോ  ഒരു  ചുവന്ന പട്ടു  ചുറ്റിക്കൊടുത്തു. ഇന്നും ആളുകൾ നേർച്ചപോലെ ആൽമരത്തെ പട്ടുടുപ്പിക്കുന്നു. ആൽമരത്തിനുള്ളിലാണ്  തമ്പുരാൻ ! അതാണ് വിശ്വാസം.

മലകലക്കി , ഊരുകുലുക്കി  വരുന്ന  ഉരുള് വെള്ളത്തെ  അടങ്ങാൻ  കല്പ്പിക്കുന്ന- ത് ആൽമരത്തിനുള്ളിലിരിക്കുന്ന തമ്പുരാനാണ്.

മൂന്നു ദിക്കുകളിൽനിന്നുമായി മുക്രയിട്ടുവരുന്ന ആറുകൾ തമ്പുരാൻറെ മുൻപിൽ വന്നു തമ്മിലിടിച്ചു വട്ടംചുറ്റിചുഴിയായിനിലയില്ലാത്ത ഒരു മഹാകയം തീർത്തിരിക്കുന്നു! ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട പലരും തമ്പുരാൻറെ കയത്തിൽ അഭയം  പ്രാപിച്ചിട്ടുണ്ട്. ഭീകരമായ ചുഴിയിൽപ്പെട്ട്  അസ്ഥികൂടങ്ങൾ  പോലും  അറുപത്തിനാല് കഷണങ്ങളാകുമെന്നാണ്  പഴമക്കാർ പറഞ്ഞിട്ടുള്ളത്.

മൂന്നാറ്റുമുക്കിലെ പാവപ്പെട്ടവർക്ക് വേദനകൾ പറയാൻ ഒരു ദേവതയുണ്ട്ആയിരവല്ലി  തമ്പുരാൻ! അഭയം  തേടാൻ,  എന്നെന്നേയ്ക്കുമായി,  ഒരിടവുമുണ്ട്തമ്പുരാൻകയം!

മൂന്നാറ്റുമുക്കിലെ സുന്ദരിയായിരുന്നു ലീല, വാറ്റുചാരായത്തിൻറെ ഭ്രാന്തിൽ  സ്വന്തം  ഭാര്യയെ  ആയിരവല്ലിപ്പുഴയിൽ  തോണിമറിച്ച് മുക്കിക്കൊന്ന കടത്തുകാരൻ  നാരായണൻറെ  മകൾ, കാരിരുമ്പിൽ  കടഞ്ഞെടുത്ത  സർപ്പസുന്ദരി.

അവളുടെ  അനിഷേധ്യനായ  കാമുകനായിരുന്നു  പൊന്നൻ.  കൂറ്റൻ  ഇരുമ്പുകൂടം കൊണ്ട്  കരിങ്കല്ലിൻറെ  മാറുപിളർക്കുന്ന  കരിവീട്ടിക്കാതൽ  പോലുള്ള  യുവാവ്‌.

കരിങ്കൽക്വാറിയിൽ  പാറവെടി  വയ്ക്കുന്നത് വെട്ടിക്കുഴിയിൽ  നിന്നും  വരുന്ന ഒരു  ചെല്ലയ്യൻ  നാടാരാണ്.  പത്തുവർഷം മുൻപുള്ള  ഒരു  വ്യാഴാഴ്ചനടാർ  വന്നു,  ചാക്ക്  നിറയെ  വെടിമരുന്നും  കോപ്പുകളുമായി. ക്വാറിയുടെ  പല ഭാഗങ്ങളിലായി  അഞ്ചിടത്ത്   മരുന്ന്  നിറയ്ക്കാനുള്ള മാളങ്ങൾ ആഴത്തിൽ തുരന്നിട്ടുണ്ടായിരുന്നു.  

ചെല്ലയ്യാൻനാടാർ  തിരിയിട്ട്  മരുന്ന്  നിറച്ചു.  തീ  കൊടുത്തതിൽ  നാലെണ്ണം പൊട്ടി.  ഒരെണ്ണം  പൊട്ടിയില്ല.  അവർ  കുറേനേരം  കാത്തു. 

തിരി എവിടെയോ മുറിഞ്ഞിട്ടുണ്ട്‌”.

നാടാർ ആരോടെന്നില്ലാതെ പറഞ്ഞു.

ഉച്ചയ്ക്ക്ശേഷം  അഞ്ചു  ലോഡ് കരിങ്കല്ല്  അത്യാവശ്യമായി  അയക്കണം. പിറ്റേന്ന് രാവിലെ  മുക്കാലിഞ്ച് ചല്ലി  ആറു  ലോഡ്  വേണം.  പണിക്കാർ  എത്തി. വലിയ പാറകളെ  ചെറുതാക്കി  പൊട്ടിച്ചിട്ടാൽ  പൊന്നൻറെ പണി കഴിയും. പൊന്നനെടുക്കുന്ന ഇരുമ്പുകൂടം അവിടെ വേറെയാർക്കും ഉയർത്താനാവില്ല.

 

ഊണ് കഴിഞ്ഞുവന്ന പൊന്നൻ ക്വാറിയിലേയ്ക്ക് നടന്നു. വേഗം  പണി തീർക്കണം. വൈകുന്നേരം  ലീല  കടവത്ത് കാത്തുനിൽക്കും.  അവളെ തോണിയിലിരുത്തിപുഴയുടെ മാറിൽ ചായ്ഞ്ഞു കിടക്കുന്ന ആറ്റുവഞ്ഞികൾക്കിടയിലൂടെ തുഴഞ്ഞ്,  കൈതക്കാടുകൾ മറപിടിക്കുന്ന സ്വകാര്യലോകത്ത് കൊണ്ടുപോയാൽ ബ്ലൗസിൻറെ കുടുക്കുകൾ വിടുവിക്കാൻ അവൾ സമ്മതിക്കും. കൈവിരലുകൾക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം  തരും. ചുണ്ടിലും ഉമ്മ  വയ്ക്കാം.

പണി  എത്രയും വേഗം തീർക്കണം.

ഇരുമ്പുകൂടം ഉയർത്തി രണ്ടു കൈകളിലായ്  ഉറപ്പിച്ച് രണ്ട്‌  കണ്ണുകളും  പൂട്ടി നിന്നാൽ  ലീലയെ  കാണാം.

അവളുടെ ഇളംചുവപ്പ്  ചുണ്ടുകൾ. വെളുത്ത  പല്ലുകൾ. താഴംപൂവിൻറെ  മണമുള്ള പനങ്കുല മുടി. കക്ഷത്ത്‌നിന്നുമുതിരുന്ന വിയർപ്പിൻറെ ഹരം പിടിപ്പിക്കുന്ന  ഗന്ധം. തുടകൾക്കിടയിലെ ഇളംചൂട്.


ഒരു കുന്ന്  പാറ  തവിടുപൊടി!

 

ഭും!!

ഭൂലോകം തലകുത്തനെ മറിഞ്ഞു.

"പൊന്നാഅങ്ങോട്ട്‌  പോകല്ലേ"  എന്ന്  വിളിച്ചു പറഞ്ഞതാരാണ്?

"പൊന്നാ..."

ആരുടെ നിലവിളി?  ഒരു തമിഴൻറെ ശബ്ദമല്ലേ?

പ്രപഞ്ചം ഇടിഞ്ഞുപൊളിഞ്ഞു എവിടെയോ പതിച്ചു. ആ കൂട്ടത്തിൽ ഒരു കരിങ്കൽചീള് പോലെ പൊന്നനും ഉണ്ടായിരുന്നു.

ഏതാണ്ട് ഒന്നരവർഷക്കാലം റോബിൻസൻ വൈദ്യൻറെ ഓലമാടത്തിൽ തിരിയാനോ  അനങ്ങാനോ  വയ്യാതെ  പൊന്നൻ  കിടന്നു. ഇതിനിടയിൽ  എന്നോ ഒരു  ദിവസം പൊന്നൻറെ  അമ്മ അവനോടു പറഞ്ഞു.

"മോനെ,  ഇന്നലെ നിൻറെ ലീലയുടെ കല്യാണമായിരുന്നു. ഒരു തമിഴൻ ലോറിക്കാരൻ."

തളർന്നില്ല.തളരാനുള്ള ശക്തിപോലും പൊന്നൻറെ ശരീരത്തിനുണ്ടായിരുന്നില്ല.

ലീലയ്ക്ക്‌ നന്മകൾ!

ചികിത്സ കഴിഞ്ഞു മടങ്ങിവന്നത് പൊന്നനായിരുന്നില്ല.ഒരസ്ഥികൂടം! മനുഷ്യചർമ്മത്തിൽ പൊതിഞ്ഞ ജീവനുള്ള ഒരസ്ഥികൂടം.കൂടം  പോയിട്ട്,  ഒരുകുടം  വെള്ളം  പോലും എടുത്തു പൊക്കാനാകാത്തവിധം തളർന്നുപോയിരുന്നുപൊന്നൻ.

 

വല്ലവിധവും എണീററ്നടക്കാൻ പാകത്തിലുള്ള ഒരു മനുഷ്യക്കോലമാകാൻ പിന്നെയും കാലങ്ങളെടുത്തു.  പുഴയിൽനിന്നും ഊറ്റുന്ന മണൽ കുട്ടയിൽ ചുമന്ന് ലോറിയിൽ കൊണ്ടിടാൻ ഇപ്പോൾ അവനാകും. പാറക്കഷ്ണങ്ങളെ ചുറ്റികകൊണ്ടടിച്ച് അരയിഞ്ചും മുക്കാലിഞ്ചും ചല്ലികളാക്കിമാറ്റാനും അവന് കഴിയും. ആയിരവല്ലിത്തമ്പുരാൻറെ ആൽമരച്ചോട്ടിൽ എന്നും സന്ധ്യയ്ക്ക് പൊന്നൻ ഹാജരാകും. നഷ്ടപ്പെട്ടതൊക്കെ മടക്കിത്തരണമെന്ന് കരഞ്ഞുപറയുംകിട്ടില്ലാന്നറിയാമെങ്കിലും.

 

ഒരു  കുംഭമാസം.

ആയിരവല്ലിക്കാവിൽ  ഉത്സവം.

തമിഴ്‌നാട്ടിൽ  നിന്നും വന്ന ഒരു ലോറിയിൽ ലീല വന്നിറങ്ങി. അവളുടെ കൈയിൽ എന്തോ കുത്തിനിറച്ച ഒരു കായസഞ്ചി മാത്രമുണ്ടായിരുന്നു. ഉത്സവത്തിന്‌  വന്നതാവും  എന്നാണ് എല്ലാരും കരുതിയത്‌. സത്യം അതായിരുന്നില്ല.


ലീലയെ അവളുടെ തമിഴൻ ഭർത്താവ്  ഉപേക്ഷിച്ചിരിക്കുന്നു!.

 

കടത്തുകാരൻ നാരായണൻറെ  വീട്ടിൽനിന്നും  തമ്പുരാൻകയത്തിലേയ്ക്കുള്ള വഴിയിൽ പൊന്നൻ കാവലിരുന്നു.  മൂന്നാറ്റുമുക്കിലെ പ്രജകൾ എല്ലാം നഷ്ടപ്പെട്ടാൽ അഭയം തേടുന്നത് തമ്പുരാൻകയത്തിലാണ്. ലീലയ്ക്ക്‌ പലതും നഷ്ടപ്പെട്ടിരിക്കുന്നു. വല്ല അബദ്ധവും തോന്നിയാലോപൊന്നൻറെ ആശങ്ക ആസ്ഥാനത്തായില്ല.പക്ഷെകയത്തിൽ ചാടിയത്‌ ലീലയായിരുന്നില്ല. നാരായണൻ.

കടത്തുകാരൻ നാരായണൻ!

നാരായണൻ ഭ്രാന്തമായ വേഗത്തിൽ തൻറെ വള്ളവും തുഴഞ്ഞ്  തമ്പുരാൻകയത്തിലേയ്ക്കിറങ്ങി.  വള്ളത്തിൻറെ അറുപത്തിനാല് കഷ്ണങ്ങൾ പുഴയിലൊഴുകിനടന്നത്‌ പലരും കണ്ടു. കടത്തുകാരൻ നാരായണൻറെ വരയൻ കയലിയും.

 

എപ്പോഴും കൈത പൂത്തുനിൽക്കാറുള്ള കടവ്.

കാറ്റടിക്കുമ്പോൾ ഇലഞ്ഞിപ്പൂക്കൾ പൊഴിഞ്ഞു വീഴാറുള്ള പറമ്പ്. ചാപ്പാണൻതെങ്ങും ഗൗരീഗാത്രവും കുലച്ചുനില്ക്കുന്ന മുറ്റം. പലയിനം  ചെമ്പരത്തികൾ കാടുപോലെ വളർന്നു  പടർന്ന്പൂത്തു ചൊരിഞ്ഞു നില്ക്കുന്ന കിണറ്റിങ്കര.

ചെറുതെങ്കിലും ഭംഗിയുള്ള ഓലപ്പുര.

 

പണ്ട് അന്തിക്കള്ളും കുടിച്ച്,  ചാർമിനാർ സിഗരെറ്റും പുകച്ച്പുഴയോരത്തുകൂടി ഒരു കള്ളനെപ്പോലെ പതുങ്ങിപ്പതുങ്ങിപ്പോയിരുന്ന എത്രയോ രാത്രികൾ! ഓലകെട്ടിമറച്ച കുളിപ്പുരയ്ക്കുള്ളിൽ പൊന്നൻ ലീലയെ നഗ്നയാക്കി നിർത്തും. നിലാവിൽ അവൾ അടിമുടി ത്രസിക്കും. മർമ്മചികിൽസ ചെയ്യുന്ന ഗൌരവത്തോടെ പൊന്നൻ ലീലയെ കുഴമ്പ് തേയ്ച്ചുപിടിപ്പിക്കും. ഇരുമ്പുകൂടം പിടിക്കുന്ന കൈപ്പത്തിയിലെ തഴമ്പുകൾ അവളെ ജ്രംഭിപ്പിക്കും.

 കുളിപ്പിച്ചെടുത്ത്മെടഞ്ഞ് ഉണക്കാനിട്ടിരിക്കുന്ന പച്ചയോലയിൽ.

(പച്ചയോല തന്നെ വേണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു.)

അന്നേരം കിഴക്കേവരാന്തയിലെ ചാക്കുകട്ടിലിൽ കിടന്ന്,  വാറ്റ്ചാരായത്തിൻറെ മയക്കത്തിൽ,  കടത്തുകാരൻ നാരായണൻ പ്രകൃതിയെ തെറി വിളിക്കുന്നുണ്ടാകും. നല്ല കൂറ്റൻ തെറികൾ! അത് കേൾക്കുമ്പോൾ ലീലയ്ക്ക് ചിരിപൊട്ടും.

ശബ്ദം  പുറത്തുവാരതിരിക്കാൻ പൊന്നൻ അവളുടെ ചുണ്ടുകളെ കടിച്ചു പിടിക്കും. അന്തിക്കള്ളിൻറെയും ചാർമിനാറിൻറെയും ഗന്ധം അവളെ ഭ്രാന്തിയാക്കും, ആ മണം അവൾക്കിഷ്ടമാണത്രേ!

 

എന്തൊരു ഭ്രാന്തായിരുന്നു പെണ്ണിന്?

പിറ്റേന്ന്  പുഴയിൽ മുങ്ങുമ്പോൾ ശരീരത്തിൽ പലയിടത്തും പല്ലും നഖവും കൊണ്ടുണ്ടായ പോറലുകളിൽ സുഖകരമായ ഒരെരിവുണ്ടയിരിക്കും.

 

ആ ലീലയാണ്  കിഴക്കുനിന്നും  വന്ന ഒരു  പാണ്ടിലോറിയുടെ  ഡ്രൈവർകാളിമുത്തു  എന്ന  തമിഴനെ  വിവാഹം  കഴിച്ചു  പോയത്.

ഇന്നവൾ  തിരികെ  വന്നിരിക്കുന്നു! ലീല മച്ചിയാണത്രേ!

അവൾക്കു കുട്ടികളുണ്ടാവില്ലെന്ന് കണ്ടുപിടിച്ചിരിക്കുന്നുകാളിമുത്തു. പൊന്നൻ അന്നുമുഴുവൻ ആരും കാണാതെ ചിരിച്ചു. രണ്ടുപ്രാവശ്യം ഗർഭമലസിപ്പിക്കാനുള്ള മരുന്ന് കൊടുത്തിട്ടുണ്ട്‌പൊന്നൻ.

ഇനി സ്വമാനസ്സലെയവില്ലേ ലീല കാളിമുത്തുവിനൊപ്പം പോയത്പൊന്നന് സംശയമായി. പണ്ടൊരു രാത്രി അവൾ പറഞ്ഞത്  പൊന്നനോർത്തു.


"നമുക്ക് കെട്ടണ്ട."

"കെട്ടാതെ?"

"എന്നും  ഇങ്ങനെ  ഒളിച്ചുവന്നാൽ മതി. അതാണ്  സുഖം."


കാളിമുത്തു നേരായ മാർഗത്തിൽ പോയതാവുമോ അവർക്കിടയിലെ പ്രശ്നം?

അറിയില്ല.

ഒന്നുമാത്രമറിയാം.  ലീല തമിഴൻറെ കൂടെയുള്ള പൊറുതി മതിയാക്കി പോന്നിരിക്കുന്നു.ആ ഇടവത്തിലാണ് കടത്തുകാരൻ നാരായണൻ കയത്തിൽ  ചാടിയത്‌. ആ ഇടവത്തിൽ തന്നെയാണ് പൊന്നൻറെ അമ്മ യശോദ മരിച്ചതും.തുണി അലക്കിക്കൊണ്ട് നിന്ന യശോധയെ പുഴയെടുത്തുകൊണ്ടുപോയി. എട്ടുനാഴിക പടിഞ്ഞാറുള്ള പുല്ലാനിപ്പടർപ്പിൽ ശവം കുടുങ്ങിക്കിടക്കുന്നത്  കണ്ടത്പിറ്റേന്നാണ്.


പഴമക്കാർ  അന്നും  പറഞ്ഞു-

 

മൂന്നാറ്റുമുക്കിലെ  പാവങ്ങളുടെ വിധി നിർണയിക്കുന്നത് ആയിരവല്ലിപ്പുഴയാണ്. വേദനകൾ  കേൾക്കാൻ തമ്പുരാനും  അഭയം  തേടാൻ കയവും അവർക്കുണ്ട്.

 

പൊന്നനിപ്പോൾ മുപ്പത്തിയഞ്ച് വയസ്സുണ്ട്. ലീലയ്ക്ക് ഇരുപത്തിയേഴും.

പൊന്നനും ലീലയും അനാഥരായിരിക്കുന്നു.

 

ഒരു  പ്രഭാതത്തിൽ  പൊന്നൻ  പുഴക്കര  മണൽ  ചുമക്കുകയായിരുന്നു. കുട്ടയിൽ മണൽ വെട്ടിക്കോരിപ്പിടിച്ചുകൊടുത്ത സ്ത്രീയുടെ മുഖമല്ല പച്ച ബ്ലൗസിൽ പൊതിഞ്ഞ മുലകളാണ് ആദ്യം കണ്ണിൽപെട്ടത്‌.  പാണ്ടിക്കരിപ്പട്ടിയുടെ വലിപ്പത്തിൽ എഴുന്നുനില്ക്കുന്ന ആ   മുലകൾ മാത്രമല്ല വിയർപ്പിൻറെ  ഗന്ധവും പൊന്നനറിയാം.

പൊന്നൻ ആ മുഖത്തേയ്ക്കു നോക്കി.

അതെ! ലീല.

പത്ത് സംവൽസരങ്ങൾക്ക് അവളെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ആകെയുള്ള മാറ്റംമിഴികളിൽ ആ പഴയ കൗമാരകൗതൂഹലങ്ങളില്ല. പകരം ഒരു കാന്തികപ്രഭാവം.  അവളിലെ സ്ത്രീ കുറേക്കൂടി ഗംഭീരമായിരിക്കുന്നു.

അവർ കുറേനേരം കണ്ണോട്കണ്ണ് നോക്കിനിന്നു. ആദ്യം കരഞ്ഞത്  ലീലയാണ്. പൊന്നൻറെ വിതുമ്പൽ അവൾക്കും ഹൃദയഭേദകമായിരുന്നു.

 

തമ്പുരാൻ കയത്തിൽ ആത്മാഹുതി ചെയ്ത നാരായണനും ഒരു സഹകരണ ബാങ്കും തമ്മിലുണ്ടായിരുന്ന  ചില  സാമ്പത്തിക  ഏർപ്പടുകളെ  തുടർന്ന്  ലീല താമസിച്ചിരുന്ന വീട് ജപ്തിചെയ്യപ്പെട്ടു. പുഴയോരത്തുള്ള തൻറെ ഓലപ്പുരയിലേയ്ക്ക് പൊന്നൻ ലീലയെ ക്ഷണിച്ചു. ആയിരവല്ലിതമ്പുരാൻറെ നടയിൽവച്ച് പൊന്നൻ ലീലയുടെ കഴുത്തിൽ മാലയിട്ടു.

എത്രയോ കള്ളരാത്രികൾക്ക് ശേഷം തമ്പുരാൻറെ അനുമതിയോടെയുള്ള ആദ്യരാത്രി! വർഷങ്ങൾക്കുശേഷം പൊന്നൻ ലീലയ്ക്കു വേണ്ടി അന്തിക്കള്ള് കുടിച്ചു. മൂന്നാറ്റുമുക്കിലെ മുറുക്കാൻകടകളിലൊന്നും ചാർമിനാർ സിഗരെററില്ലായിരുന്നു. പൊന്നൻ  രണ്ടു  പനാമ  വാങ്ങി അതിലൊരെണ്ണം  കത്തിച്ചു  വലിച്ചു.

 

ലീല കുളിച്ചൊരുങ്ങി ഒരു പുതിയ കയലിയും ഷർട്ടും ധരിച്ചിരിക്കുന്നു. അങ്ങിങ്ങ് ബട്ടണുകളില്ലാത്ത ഷർട്ടിനുള്ളിൽ ബ്രൈസിയർ ഇല്ല. പൊന്നനെ അമ്പരപ്പിച്ചുകൊണ്ട്‌ ഒരിരുമ്പു പെട്ടിയുടെ ഉള്ളിൽ നിന്നും അവൾ കണ്ണീരുതോല്ക്കുന്ന ഒരുകുപ്പി വാറ്റ്ചാരായം എടുത്തുകൊണ്ടു വന്ന്രണ്ട്  ഗ്ലാസ്സുകളിലായി പകർന്നു. ആദ്യരാത്രി; പശുവിൻപാലിനുപകരം  പാണ്ടിലോറിക്കാരൻ കാളിമുത്തു   പഠിപ്പിച്ചത് ഇങ്ങനാവുമോ?

പൊന്നൻ വാറ്റ്ചാരായം കുടിച്ചിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു! ക്വാറിയിലെ  അപകടത്തിൻറെ തലേന്ന് കുടിച്ചതാണ്.

 

ലീലയുടെ  ചുണ്ടുകളിൽ മദജലത്തിൻറെ  തിളക്കം....

കണ്ണുകളിൽ മധുചന്ദ്രികയുടെ നീലിമ....

 

അവൾ ഒറ്റവലിയ്ക്ക്‌ ഗ്ലാസ്‌ കാലിയാക്കി .

"എനിക്കിതു  വേണ്ട" പൊന്നൻ പറഞ്ഞു.

ലീല  അതും  കുടിച്ചു.

 

ചാണകം മെഴുകിയ നിലത്ത് ഒരു പുല്പ്പായ നിവർത്തിയിട്ട് ലീല , മലർന്ന് കിടന്നു. പൊന്നൻ അവളെ നോക്കി കുടിനീരിറക്കി.  അവൾ കാലുകളിളക്കിയ-പ്പോൾ ഇലഞ്ഞിപ്പൂവിൻറെ ഗന്ധമിളകി. മുടിയിഴകളിൽ നിന്നും സ്വർണനിറ-മുള്ള ഒരു താഴംപൂവിതൾ എത്തിനോക്കി. നാടൻപാട്ടുകൾ വശമുള്ള ഒരു യുവാവാണ് പുതിയ കടത്തുകാരൻവാസു.

പുറത്ത്,  പുഴയിൽ നിലാവത്ത്, അവൻ പാടുന്നത് കേൾക്കാം.

ലീല വാറ്റ്ചാരായത്തിൻറെ  ലഹരിയിലാണ്.  പൊന്നൻ അവളുടെ അടുത്തേ-യ്ക്ക് നീങ്ങിയിരുന്ന്ഷർട്ടിൻറെ  ബട്ടണുകൾ  വിടുവിച്ചു. തമ്പുരാൻകയത്തിനു ചുറ്റുമുള്ള നീരൊഴുക്ക്‌ നിലച്ച പ്രദേശങ്ങളിലെ മിനുസമുള്ള ഉരുളൻ പാറകൾ പോലെലീലയുടെ ഉറച്ച മാറിടം ഒരു വെല്ലുവിളിയുമായി നില്ക്കുന്നു.

 

കാളിമുത്തുവിൻറെ വളയംപിടിക്കുന്ന പരുപരുത്ത കൈത്തലം ഇവിടെ പരാജയപ്പെട്ടിരിക്കുന്നു.

പൊന്നൻ  അവളുടെ  പൂക്കളും  പുള്ളികളുമുള്ള കയലി അഴിച്ചെടുത്തപ്പോൾ ലീല കമിഴ്ന്നുകിടന്നു.

ഒരിക്കലും അത് നാണം കൊണ്ടാവില്ല. ഭ്രമിപ്പിക്കാനവണം. അരയ്ക്കുതാഴെ  അവൾ  നഗ്നയാണ്‌. അടുപ്പിച്ച്‌ കമിഴ്ത്തിവച്ചിട്ടുള്ള  രണ്ട്  കൂറ്റൻ  പൊങ്കാലക്കലം പോലെ അവളുടെ ഉറച്ച  നിതംബങ്ങൾ നിരാലംബ-രായി അമ്പരന്നുനിന്നു.

 പൊന്നൻ പതിയെ തലോടി.തമ്പുരാൻ കയത്തിനു ചുറ്റുമുള്ള മിനുങ്ങുന്ന പാറകളുടെ അതേ മാർദ്ദവം.

വയ്യ.ഒന്നിനും  വയ്യ.

പത്തുവർഷം  മുൻപുള്ള  കായികശേഷി ഒരുരാത്രി  മടക്കിക്കിട്ടിയിരുന്നെങ്കിൽ!  ഇന്ന് ഒരേയൊരു രാത്രിയെങ്കിലും.പൊന്നൻ മോഹിച്ചുപോയി.

അന്ന്...

ക്വാറിയിലെ ആണുങ്ങളെല്ലാം ചേർന്ന്കൂ ടുതലും തമിഴന്മാർ ഒരു പന്തയം ഒരുക്കിയിരുന്നു,  അന്ന്-പത്തുവർഷങ്ങൾക്ക് മുൻപ്

തമ്പുരാൻകയത്തിൽ ചാടി ജീവനോടെ മടങ്ങി വരണം!

അയ്യായിരത്തിഒന്ന് രൂപ സമ്മാനവും ഒരുകുപ്പി വിദേശ മദ്യവും. മൂന്നാറ്റുമുക്കിലെ ഒരു പുരുഷനും തയ്യാറായില്ല. ഒടുവിൽ പൊന്നൻ ആ വെല്ലുവിളി ഏറ്റെടുത്തു.

പൊന്നൻറെ അമ്മ യശോദ മാറത്തടിച്ചു വിലപിച്ചു..

"പൊന്നുമോനേ പോകല്ലേ"

കടത്തുകാരൻ നാരായണനും അലറി.

"വേണ്ടടാ"

ലീല കാലുപിടിച്ചു കരഞ്ഞു.

"അരുത്"

മൂന്നാറ്റുമുക്കിലെ നല്ലവരൊക്കെ പറഞ്ഞു

"വേണ്ട പൊന്നാ" "വേണ്ട മക്കളേ"

 

'തമ്പുരാൻകയം'  സംഹാരമൂർത്തിയുടെ കടിപ്രദേശമാണ്. അവിടെ  ചാടരുത്. അത് സൃഷ്ടിയിലേയ്ക്കുള്ള മടങ്ങിപ്പോക്കാണ്.  ജനിച്ചുപോയ  ഒരാളിന്അതിൻറെ പേര്മരണമെന്നാണ്. 

തമിഴന്മാർ  വിളിച്ചു  പറഞ്ഞു.

"വീരം ഇരുന്താൽ സെയ്യ്"

"കാട്ട് ഒൻ ധൈര്യത്തെ"

പൊന്നൻ ചത്താൽ  ലീലയെ  വലയിലക്കാമെന്ന ഒരു നിഗൂഡ മോഹവും ആ അയ്യായിരത്തിഒന്ന് രൂപ പന്തയത്തിൽ ഉണ്ടായിരുന്നിരിക്കണം.

 

പൊന്നൻ ചാടി.  തമ്പുരാൻകയം പൊന്നനെ വിഴുങ്ങി.  ചുഴിയിലകപ്പെട്ട പൊന്നൻ  പമ്പരം  പോലെ  കറങ്ങി. പാറകളിലിടിക്കാതെപൊന്നൻറെ  കരുത്തുറ്റ കൈകാലുകൾ  പൊരുതി.  ഒഴുക്കിനെതിരെ നീന്തി... നിലവെള്ളം  ചവിട്ടി…

പുരുഷനും പ്രകൃതിയുമായി നാഴികകൾ നീണ്ട യുദ്ധം! കാഴ്ചക്കാർ മൂന്നാറ്റുമുക്കിലെ ആബാലവൃദ്ധം ജനങ്ങളുംതമിഴന്മാരും. ഒടുവിൽ പുഴ തളർന്നു.  ചുഴി നമിച്ചു. പ്രകൃതി ആ കരുത്തനായ യുവാവിനെ  വണങ്ങി. അയ്യായിരത്തിഒന്ന് രൂപയും വിദേശ മദ്യവുമായി നിന്ന പൊന്നനെ ആയിരം പേർ  കാണ്‍കെ  ലീല കെട്ടിപ്പിടിച്ച് ഉമ്മവച്ചു.

അത്മാഹത്യാശ്രമത്തിൻറെ പേരിൽ പോലീസ് പൊന്നനെതിരെ  ഒരു കേസെടുത്തെങ്കിലും  പിന്നീട് വെറുതെ വിട്ടു.

 

നാൽപ്പത്തിയൊന്ന്  തികയുന്നതിനുള്ളിൽ ക്വാറിയിലെ അപകടത്തിൽ പൊന്നൻ വീണു.

പഴമക്കാർ പറഞ്ഞു,

'തമ്പുരാൻറെ കോപം'

'കയത്തിൽചാടി തമ്പുരാനെ തോൽപ്പിച്ചാൽ തമ്പുരാൻ വെറുതെ വിടുമോ?'-അത്  വർഷങ്ങൾക്ക്മുൻപ്.

ഇന്ന്ഇതാ മുൻപിൽ കിടക്കുന്നു,  മറ്റൊരു തമ്പുരാൻ കയം! ലീല.

 

ഇതിൽ ചാടി വിജയിച്ചുവരണമെങ്കിലും ആ പഴയ കരുത്തനായ പൊന്നനു മാത്രമേ കഴിയൂ.

കൂറ്റൻ ഇരുമ്പുകൂടം കൊണ്ട് കരിമ്പാറകളുടെ മാറ് പിളർന്നിരുന്നബലിഷ്ഠകായനായ പൊന്നൻ ഒരു നഷ്ടസ്വപ്നത്തിലെ നായകനാണ്.

 ഇന്ന്',

നിലാവെളിച്ചത്തിൽ പോലും വിറകൊള്ളുന്ന ഒരു നിഴൽ മാത്രമാണവൻ. ഒരു വിജ്രംഭനത്തിനായി പൊന്നൻ സർവ്വ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.

ഇല്ല.

 

മനസ്സിൽ വികാരത്തിൻറെ ഗ്രീഷ്മജ്വാലകളെരിയുന്നുണ്ടെങ്കിലും ശരീരത്തിൽ ധനുമാസമാണ്. ഒരുതരം മയങ്ങുന്ന കുളിര്.....

 

 

കാലങ്ങൾ മൂന്നു ഭാഗത്തുകൂടിയും ഒഴുകിയെത്തിതമ്പുരാൻകയത്തിൽ വന്നു തലകുത്തി മറിഞ്ഞു.

ലീലയെപ്പറ്റി  നാട്ടിൽ  പരന്നിട്ടുള്ള  അപവാദകഥകളൊന്നും  പൊന്നൻവിശ്വസി-ച്ചില്ല. മണല്കോണ്‍ട്രാക്ടർ ജോസഫ്‌,  കടത്തുകാരൻ,  നാടൻപാട്ട് വാസുഒഴിപ്പുകാരൻ  ഗോപി,  കറവക്കാരൻ നീലാണ്ടൻ,  വിദ്യാധരൻ വാധ്യാര്........ അങ്ങനെ നീളുന്നു പട്ടിക.

ഇവരൊക്കെ ലീലയുടെ രഹസ്യക്കാരാണ് പോലും.....!

പൊന്നൻ ഒന്നും വിശ്വസിച്ചില്ല.

ലീല പൊന്നനെ സ്നേഹിക്കുന്നുണ്ട്. ലോകത്ത് ഒരു പെണ്ണും ഒരാണിനെയും  സ്നേഹിക്കത്തയത്ര ആഴത്തിൽ. തിരിച്ചുമുണ്ട് അതിൻറെ ആയിരമിരട്ടി. നാട്ടുകാർ  എന്തുവേണോ പറഞ്ഞോട്ടെ,

തെണ്ടികൾ!

 

ആയിരവല്ലിപ്പുഴയുടെ കിഴക്കൻമലകളിൽ ആദിവാസികളുടെ ഒരു ഗോത്രമുണ്ട്. മലങ്കാണികളാണ്. അവരുടെ മൂപ്പൻറെ കൈയിൽ കായികശക്തി വീണ്ടെടുക്കാനുള്ള ഒരൌഷധമുണ്ട്. ഒരാഴ്ചത്തെ  ചികിത്സ!

മൂവായിരം രൂപ കൊടുക്കണം. ആദ്യം  രൂപയുണ്ടാക്കണം. വീണ്ടും പഴയ പൊന്നനാകണം. ലീലയിൽ മാത്രമല്ലതമ്പുരാൻ കയത്തിലും പഴയതുപോലെ ഒന്നുകൂടി ചാടിനിവരണം. ജയിച്ചു കയറണം.

ലക്ഷത്തിഒന്ന് രൂപ പന്തയം!

പാണ്ടിപ്പട തയ്യാറുണ്ടെങ്കിൽ വരട്ടെ.

 

 

പൊന്നൻ പ്രഭാതകർമ്മങ്ങൾ കഴിച്ച്  പുഴയിൽ  നിന്നും കരയ്ക്ക്‌ കയറി.

ലീല എവിടെ പോയതായിരിക്കും?

ചന്തയിലാവും.  പക്ഷെ,  അവളുടെ കൈയിൽ എവിടുന്നാണ് കാശ് ?

പൊന്നൻ നടന്നു.

മുളങ്കാടുകൾക്കപ്പുറത്ത് നീലാണ്ടൻറെ ശബ്ദം. കൂടെ കടത്തുകാരൻ വാസുവും കള്ളവാറ്റുകാരൻ ഗോപിയുമുണ്ട് അവർ കല്ലരിക്കുകയാണ്.  പൊന്നൻ കുറച്ചുനേരം അതും നോക്കി അവിടെ നിന്നു.

"വല്ലോം  നടക്ക്വോ വാസൂ?" പൊന്നൻ ചോദിച്ചു.

"വൈഡൂര്യം പോയിട്ട്,  ഒരു  നാമുണ്ടം പോലും  എൻറെ  അരിപ്പിൽ  കേറീല്ല പൊന്നാ" വാസുവിൻറെ മുഖത്ത്  നിരാശയുണ്ട്.

"ആയിരംവട്ടം അരിക്കുമ്പോൾ ഒരെണ്ണം കിട്ടിയാലായി. അല്ലാതെ അരിപ്പും കൊണ്ടിറങ്ങിയലുടൻ വൈഡൂര്യക്കല്ല് കിട്ടാൻ ഇതെന്താ പൊഴമീനാലക്ഷങ്ങളാണ് വില." നീലകണ്ഠൻ ഒരു തത്വം പറഞ്ഞു.

"ഞാനിന്നലെ ഒരു കിനാവ് കണ്ടു." കള്ളവാറ്റുകാരൻ ഗോപിയാണ്. "നമുക്കൊരു വലിയ വൈഡൂര്യക്കല്ല് കിട്ടിയെന്ന്. മെഴുക്കൻ."

 

അക്കരെ കടവത്തുനിന്നും കൂക്കുവിളി കേട്ടു .

"കടവത്താരോ വന്നു. ഞാൻ പോണു കൂട്ടരേ" വാസു അരിപ്പ കരയിലിട്ടിട്ട്  ചാടി വള്ളത്തിൽ കയറി. വാസുവും വള്ളവും പാട്ടും അകന്നുപോയി.

"പൊന്നൻ കൂടുന്നോ?" നീലകണ്ഠൻ ചോദിച്ചു. "മൂന്നുപേരുണ്ടെങ്കിലേ പണി നേരാംവണ്ണം നടക്കുള്ളൂ. കിട്ടിയാൽ മൂന്നിലൊന്ന്."  പൊന്നൻറെ വന്യസ്വപ്നങ്ങളിൽ ഒരു വൈഡൂര്യം മിന്നി.

അവൻ വാസു ഇട്ടിട്ടുപോയ അരിപ്പയെടുത്തു പിടിച്ച് തയ്യാറായി നിന്നു.

നീലകണ്ഠൻ പുഴയിൽ നിന്നും കോരുന്ന മണൽ തൻറെ അരിപ്പയിൽ ഒരുവട്ടം അരിച്ച്  ഗോപിയുടെ അരിപ്പയിൽ ഇട്ടുകൊടുക്കും. ഗോപി ഒരുവട്ടം അരിച്ച്  ഒരുമാതിരി  മണ്ണും  ചെളിയും  കളഞ്ഞ്, പൊന്നൻറെ  അരിപ്പിലിടും.  മൂന്നാംഘട്ടം പൊന്നനാണ്.

പെട്ടെന്നാണ് ആറ്റിനക്കരെ ഒരു ചെക്കൻ ഓടിവന്നത്.

"കോവിയണ്ണാ,   കവലേല് എക്സേസുകാരുടെ വണ്ടി വന്നു." ചെക്കൻ വിളിച്ചു പറഞ്ഞു.

ഗോപി പുഴയിലെടുത്തു  ചാടി , പടിഞ്ഞാറോട്ട്  നീന്തിമരണവേഗതയിൽ.

ഗോപിയുടെ കന്നാസുകൾ എവിടെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

 

"കടം കിട്ടാത്ത ഏതോ പട്ടികൾ പാവത്തിനെ ഒറ്റിയതാണ്." നീലകണ്ഠൻ പറഞ്ഞു. "ഇന്നിനി വേണ്ട. അഴുക്ക  ശകുനങ്ങള് ." നീലകണ്ഠൻ മൂന്ന്  അരിപ്പകളും കഴുകിയെടുത്ത് മുളങ്കാട്‌  കയറി  നടന്നു മറഞ്ഞു. പൊന്നൻറെ കൈയിലും കാലിലും ചെളിയയത് മിച്ചം. അവൻ പുഴയിലേയ്ക്കിറങ്ങി. കരയോടു ചേർന്നുള്ള വെള്ളം കലങ്ങിക്കിട-ക്കുകയാണ്. രണ്ടു പാറകൾക്കപ്പുറത്ത് തെളിനീരുണ്ട്. പൊന്നൻ അങ്ങോട്ട്‌ നടന്നു. ഇരുകൈകളും ചേർത്ത് കുമ്പിളാക്കി അവൻ വെള്ളം കോരി മുഖം കഴുകി.

ഇടയ്ക്ക് കണ്ണിൽ ഒരു കുഞ്ഞു മിന്നായം കയറിയത് എവിടുന്നാണ്?

പൊന്നൻ സൂക്ഷിച്ചു നോക്കി.

സ്ഫടിക ശുദ്ധമായ തെളിനീരിൽ, മണൽമെത്തയിൽ കിടന്നു തിളങ്ങുന്നു,  ഒരു കല്ല്‌,  വൈഡൂര്യം!

അതെ-

സാമാന്യം വലിപ്പമുള്ള ഒരു മെഴുക്കൻ!

തമ്പുരാനേ.. ആയിരവല്ലിത്തമ്പുരാനേ...

പൊന്നൻറെ ശരീരത്തിൽ ഒരു വിദ്യുത്പ്രവാഹമുണ്ടായി.

വിറയ്ക്കുന്ന കൈകൾകൊണ്ട്  അവനത് കുനിഞ്ഞെടുത്തു. സൂര്യരശ്മികൾ തട്ടിയപ്പോൾ അത് കൂടുതൽ പ്രകാശപൂരിതമായി.

കേട്ടറിവുകൾ ശരിയാണെങ്കിൽ.......!!

പൊന്നൻ ഓടി.

അയിരവല്ലി തമ്പുരാൻറെ നടവരേയും ഓടി.

കൈവെള്ളയ്ക്കുള്ളിൽ മുറുകെപ്പിടിച്ചിട്ടുള്ളത്  ലക്ഷങ്ങളെയാണ്.

ആൽമരത്തിൻറെ ചോട്ടിൽ പൊന്നൻ കമിഴ്ന്നു വീണു,  പൊട്ടിപ്പൊട്ടിക്കരഞ്ഞു.

"നന്ദി,  പൊന്നുതമ്പുരാനേനന്ദി."

മലങ്കാണി മൂപ്പൻറെ കുടിയിൽ ഒരാഴ്ച ചികിത്സ. പഴയ കരുത്തനായ പൊന്നൻ. ഒരു നല്ല വീട്. ലീലയ്ക്കു കുറേ  ആഭരണങ്ങളും ഇഷ്ടംപോലെ തുണികളും...

ഒരു ലോറിയും വാങ്ങണം.

പണ്ട് രണ്ടുപ്രാവശ്യം അലസിപ്പിച്ചപ്പോൾ പിണങ്ങിപ്പോയ ഗർഭത്തേയും മടക്കിക്കൊണ്ടുവരണം..  തമ്പുരാനേ....

പൊന്നൻ വീട്ടിലെത്തി.

ലീല ഇതുവരെയും തിരിച്ചെത്തിയിട്ടില്ല.

ഇവളെവിടെയാണ് പറയാതെ   പോയത്?   മണലൂറ്റലാണെങ്കിൽ സർക്കാർ നിരോധിച്ചിരിക്കയാണ്.

പൊന്നൻ കരിങ്കൽക്വാറിയിലേയ്ക്ക്  നടന്നു. തൊഴിലാളികൾ സമരം തുടങ്ങിയിട്ട് ആഴ്ച മൂന്നായി. അവിടെങ്ങും മനുഷ്യരാരും തന്നെയുണ്ടായിരുന്നില്ല. ദൂരെ മരങ്ങൾക്കിടയിൽ കിടക്കുന്ന ലോറി , ജോസഫ്‌ മുതലാളിയുടേതല്ലേ?  ആണ്. പൊന്നന് ഒരു  പുതിയ ബുദ്ധി തോന്നി.

 

വൈഡൂര്യം   മുതലാളിയെ  കാണിക്കാം.  സർക്കാർ അറിയാതെ വിൽക്കണമെങ്കിൽ ഇതുപോലെ ആരുടെയെങ്കിലും  സഹായം  വേണം.ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലവുമാണ്. ലോറിയുടെ സമീപത്തെങ്ങും ആരുമില്ല. ദൂരെ ആസ്ബസ്ടോസ് പാകിയ ഷെഡിനുവെളിയിൽ ക്വാറികോണ്‍ട്രാക്ടർ ലാസർ മുതലാളിയുടെ ബുള്ളറ്റ്നില്പ്പുണ്ട്. ജോസഫ്‌ മുതലാളിയും അവടെ കാണും. കൂടെക്കൂടെ രണ്ടു മുതലാളിമാരും മുന്തിയ തരം വാറ്റുമായി ആ ഷെഡിൽ ഒത്തുകൂടാറുണ്ട്. പൊന്നൻ അവിടെയെത്തി. ഷെഡിൻറെ വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടിരിക്കുന്നു. അകത്ത് അടക്കം പറച്ചിലും ചിരിയും കേൾക്കാം .

  ചിരി ?

അതുതന്നെയല്ലേ ?

 

പൊന്നൻ ഷെഡിൻറെ പിന്നിലേയ്ക്ക് ചെന്നു. ചുമരിൽ ഒരു സിമന്റ് ജാളിയുണ്ട്. ഹോളോബ്രിക്സുകൾ അടുക്കിവച്ച് അതിൽ  കയറി  പൊന്നൻ ജാളിയിലൂടെ ഉള്ളിലേയ്ക്ക്  നോക്കി. മദ്യം നിറച്ച ഗ്ലാസ്സുകളും  പിടിച്ച്,  ലാസറും ജോസെഫും  രണ്ട്  കസേരകളിലായി ഇരിപ്പുണ്ട്. അവർക്ക് നടുവിൽ  പൂർണനഗ്നയായി നിന്ന് ചിരിച്ചുകുഴയുന്നു,  ഒരു രൂപം,  തമ്പുരാൻ കയത്തിന് സമീപമുള്ള ഉരുളൻ പാറകളിൽ നിന്നും കൊത്തിയെടുത്തതുപോലെ ഒരു കരിങ്കാളിവിഗ്രഹം....!


ലീല.

ഭും!

ഇക്കുറി സ്ഫോടനം നടന്നത് കരിങ്കൽ ക്വാറിയിലല്ല, തലച്ചോറിനുള്ളിലാണ് .

പൊന്നൻ ഓടി.

ആയിരവല്ലിക്കാവിലെ ആൽമരച്ചോട്ടിലെത്തി നിന്ന് പൊന്നൻ കിതച്ചു.

തമ്പുരാനേ... എൻറെ  തമ്പുരാനേ....

ഇങ്ങനെയോ നിൻറെ തീരുമാനം?

നിൻറെ തട്ടകത്തിൽ നീയറിയാതെ  ഒന്നും  നടക്കില്ലെന്ന്  എന്നെ  പറഞ്ഞു പഠിപ്പിച്ചത്,  എൻറെ  അമ്മയടക്കം നിന്നെ വിശ്വസിച്ചിരുന്ന ആയിരം പേരാണ്.

ഇതൊക്കെ നീ അറിഞ്ഞുകൊണ്ടാണല്ലേമതി!

നിൻറെ തട്ടകത്തിൽ നീ തനിച്ച് കളിച്ചോളൂ.  പൊന്നൻ  കളി  നിർത്തുന്നു.

പൊന്നൻ അവിടുന്ന്  വീണ്ടുമോടി...കയത്തിലേയ്ക്ക്.....

കാലങ്ങളായി , അനവരതം  ഒഴുകുന്ന  പുഴയുടെ കരവിരുതിൽ മിനുസമേറിയ പാറകൾ...തമ്പുരാൻ കയം  ഒരു  ഗർഭപാത്രം  പോലെ  കിടക്കുന്നു. ഇക്കുറി ആരവങ്ങളില്ല...അയ്യായിരത്തിഒന്ന് രൂപയില്ല... വിദേശ മദ്യമില്ല, തമിഴന്മാരുമില്ല .

ആകെയുള്ളത് ഊർജ്ജം നഷ്ട്ടപ്പെട്ട ഒരായുസ്സിൻറെ വിടപറയൽ ചടങ്ങ്  മാത്രം ...


പൊന്നനെ വരവേൽക്കനെന്നോണം മൂന്നു പുഴകളിലൂടെയും കൂറ്റൻ പ്രവാഹങ്ങളെത്തി. മടിയിൽ സൂക്ഷിച്ചിരുന്ന വൈഡൂര്യക്കല്ലെടുത്ത്പൊന്നൻ വിഴുങ്ങി.

"അമ്മേ.... തമ്പുരാനേ.." പൊന്നൻ കയത്തിലേയ്ക്ക് ചാടി.

കയം ഒരു തൊട്ടിലായി. പൊന്നൻ ഒരു അരശിൻപൂ പോലെ  തൊട്ടിലിൽ കിടന്നാടി.  പമ്പരം പോലെ കറങ്ങി.

'ഠപ്  ശബ്ദം  ഏതാണ് ?

കരിങ്കൽ ക്വാറിയിൽ നിന്നല്ല. തലയോട് ഏതോ പാറയിലിടിച്ചപ്പോൾ ഉണ്ടായതാണ്.

കയത്തിൻറെ ആഴങ്ങളിൽ കരിങ്കറുപ്പ് നിറമുള്ള ഒരു നഗ്നസുന്ദരി പൊന്നനേയും കാത്ത് നിൽപ്പുണ്ടായിരുന്നു .

അവൾ  പൊന്നനെ  വാരിപ്പുണർന്നു. 

ദിവ്യമായ ഒരു രതിമൂർച്ഛയിൽ അലിയുംമുൻപ് പൊന്നനിലെ പുരുഷൻ ഉണർന്നു .

-തമ്പുരാനേ.


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല