കണ്ണൂരിലെ തളിപ്പറമ്പിനടുത്ത് മുയ്യം സ്വദേശി. ജേണലിസത്തില്‍ ബിരുദം. നാഗ്പൂരിൽ കോൾ ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്നു. 1980 മുതൽ പ്രവാസ ജീവിതം. കഥയും , കവിതകളും , ലേഖനങ്ങളും എഴുതുന്നു . കഥയ്ക്ക് സമഷ്ടി, ഹസ്തക്ഷാര്‍ പുരസ്കാരം എന്നിവ ലഭിച്ചു. ഓൺലൈൻ രംഗത്തും സജ്ജീവം .

മരണത്തണുപ്പ്

മഹാമാരി ഒറ്റനാള്‍ കൊണ്ട് പ്രളയം സൃഷ്ടിച്ചു. ഇപ്പം എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും  ഉയർന്നു വരുന്ന ജലസ്രോതസ്സുകൾ മാത്രം. 

പാടത്തിനു നടുവിലെ പടര്‍ന്നു പന്തലിച്ച അരയാലിന് കീഴില്‍,  ഒറ്റപ്പെട്ട ഒരു തുരുത്തിൽ അയാൾ പേടിച്ചരണ്ടിരുന്നു. എത്രയോ മോഷണങ്ങള്‍ ഇതിനകം അനായാസം സാധിച്ചെടുത്തിട്ടുണ്ടെങ്കിലും  അന്നൊന്നും അനുഭവപ്പെടാത്ത ഒരുതരം അരക്ഷിതാവസ്ഥ  ഉള്‍ഭയമായി  മനസിനെ ആക്രമിച്ച് കീഴടക്കാൻ  തുടങ്ങി.

പകല്‍ പോലും ആരും കടന്നു വരാറില്ലാത്ത സ്വകാര്യമായ ഒരിടമാണിത്. നേരം ഇരുട്ടിയാല്‍ പാലത്തിനക്കരെ ബസ്സിറങ്ങി കുറച്ചു നേരം ഇരുളില്‍ മുഖമൊളിപ്പിച്ച് ഒരു നിൽപ്പുണ്ട്. പിന്നെ,  ആള്‍ക്കാരുടെ സഞ്ചാരം ലേശം അടങ്ങിയെന്നു തോന്നുമ്പോൾ  പാലം കടന്നാല്‍ ആദ്യം കാണുന്ന വലത്‌ തിരിവിലേക്ക്  ധൃതിയില്‍ ഒറ്റ ഓട്ടം വച്ചു കൊടുക്കും. ഇരുള്‍ മൂടിയ കനാലില്‍ കയറിയാല്‍ പിന്നാരുടെയും കണ്ണില്‍ പെടില്ല. നാട്ടിൽ കൃഷി മുടങ്ങിയതോടെ ഇപ്പോള്‍ ആ വഴിക്കുള്ള ആള്‍സഞ്ചാരം നന്നേ കുറവ്. ഇല്ലെന്ന് തന്നെ പറയാം. ഒരു ചെറിയ മഴ ചാറിയാല്‍ പോലും വെള്ളം കയറുമെന്ന ഭീഷണി നില നിൽക്കുന്നതിനാല്‍ പുഴക്കരയില്‍ താമസിച്ചവരെ പൂർണ്ണമായും മാറ്റി പാര്‍പ്പിച്ചു. താമസക്കാര്‍ ഉപേക്ഷിച്ചു പോയ പുഴക്കരയിലെ ഒറ്റപ്പെട്ട ചെറ്റക്കുടിലുകള്‍ ഇപ്പോള്‍ ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുന്നു. കാലാന്തരത്തില്‍ പുഴയെടുത്തേക്കാവുന്ന ആ ദുരന്ത തീരമിപ്പോള്‍ ചീട്ടുകളിക്കാരുടെയും ആഭാസന്മാരുടെയും ഇടനിലം. അവിടെ നിന്നും കഷ്ടിച്ച് അരക്കാതം കൂടി വേണം അരയാൽത്തറയിലേക്കെത്താൻ. ഏകദേശം മൂന്നു മൂന്നര സെന്റ്‌ സ്ഥലത്ത് പടര്‍ന്നു പന്തലിച്ചു കിടക്കുകയാണ് ആ പടുകൂറ്റന്‍ മരം, വയലേലകളുടെ ഒത്ത നടുവിലായി. 

നാട്ടില്‍ കൃഷിയിടങ്ങള്‍ മിക്കവാറും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്‌. തമിഴനും കര്‍ണാടകക്കാരനും ഉള്ളിടത്തോളം കാലം മലയാളിക്ക് യാതൊന്നിനും പഞ്ഞം വരില്ല. കുടുംബശ്രീ കൂട്ടായ്മയോടെ വീണ്ടും വിളവിറക്കാനും കനാല്‍ പുനരുദ്ധരിക്കാനും പദ്ധതികള്‍ പിന്നാലെ വരുന്നുണ്ട് പോലും. പണ്ടൊക്കെ നാട്ടി നട്ട് ബാക്കി വരുന്ന ഞാറുകള്‍ ഒതുക്കി വെയ്ക്കാന്‍ ഉപയോഗിച്ചിരുന്നു ഈ തറയും അതിന്റെ പരിസരങ്ങളും. ഇന്ന് ആൽത്തറ  ആരും ഉപയോഗിക്കാത്തതിനാല്‍ കാടും പടലും കയറി താറുമാറായി കിടക്കുന്നു. ആണ്ടിലൊരിയ്ക്കൽ  പ്രവാസത്ത് നിന്നുമെത്തുന്ന ചില   പക്ഷികളും വവ്വാലുകളും അവിടെ വരുമായിരുന്നു.  ഇന്നതൊന്നുമില്ല.

മനുഷ്യന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു നാഗം ആലിനോട് ചേര്‍ന്നു കിടപ്പുണ്ട്. അവിടം പാമ്പുകളുടെ വാസസ്ഥലം ആണെന്നാണ്  പൊതുവേയുള്ള ധാരണ. തൊടീലും  തീണ്ടലും നിലനിന്നിരുന്ന  കാലത്ത് അഛന്റെ കയ്യില്‍    തൂങ്ങി വളരെ പണ്ട്  ഇവിടെ വന്നിരുന്നു.  പെണ്ണുങ്ങള്‍ക്ക് അന്നും ഇവിടേക്ക് ഒട്ടും      പ്രവേശനമുണ്ടായിരുന്നില്ല.   ആണ്ടി ലൊരിക്കല്‍ കുറച്ചിടം ചെത്തിക്കോരി വൃത്തിയാക്കും.  അവിടെ  നാഗങ്ങള്‍ക്ക് പൂജ നല്‍കും. നൂറും പാലും മഞ്ഞളുമെല്ലാം നേദിക്കും. കുറച്ചു മാറി വരമ്പിനരികില്‍ ഒരു ഭണ്ഡാരം ഉണ്ടായിരുന്നു. ഏതോ കള്ളന്‍ അത് ഇളക്കി കൊണ്ടു പോയപ്പോള്‍ ജനങ്ങള്‍ക്കുള്ളിലെ വിശ്വാസം ക്രമേണ കുറഞ്ഞു വന്നു. ആ അരയാല്ത്തറയും പരിസരവും പരിപാലിച്ച തറവാട്ടുകാർ തന്നെ വേരറ്റുപോയി. അ വിടുത്തെ കാര്യസ്ഥന്‍ ആയിരുന്നു എന്‍റെ അച്ഛന്‍.  ശരീരമാസകലം ചെതുമ്പല്‍ മാതിരി വിട്ടു മറാത്ത ഒരുതരം ചൊറി വന്ന് നരകിച്ചാണ് ആ കാരണവര്‍ പിൽക്കാലത്ത് തീപ്പെട്ടത്.   നൂറും പാലും ലഭിക്കാതെ വഴിയേ സര്‍പ്പങ്ങളും കാടു കയറി പോയിക്കാണും.

കനാലിന്റെ ഇരുവശത്തും കമ്യൂണിസ്റ്റ് പച്ച കാവൽക്കാരെപ്പോലെ നിന്നു. കനാലിനപ്പുറത്ത് പുഴയോരത്ത്  വേ നല്‍ക്കാല കൃഷികള്‍ ചിലത് ഉണ്ടായിരുന്നു. പുഴ വരണ്ടതോടെ  ആ കലാപരിപാടികളും നിലച്ചു.  കൃഷി ഇപ്പോള്‍ മിക്കവാറും ഉപേക്ഷിച്ച മട്ടാണ്. മടിയന്മാരും സുഖിയന്മാരും ആണ് പൊതുവേ മലയാളികള്‍.

വെള്ളം കയറിക്കയറി വരികയാണ്. അരയാലിനെ വലയം ചെയ്ത് നില്‍ക്കുന്ന ഈ പാറപ്പുറം ഈയിടെയാണ് സ്വന്തം വാസസ്ഥലമായി കണ്ടെടുക്കുന്നത്. വേപ്പിലകള്‍ കൊണ്ട് ഒരു മെത്ത. പണിയൊന്നും കാര്യമായി ഇല്ലാത്ത ദിനങ്ങളില്‍ ഇവിടെ അങ്ങനെ ചടഞ്ഞു കൂടി കിടക്കും. അങ്ങ് ദൂരെ കിഴക്ക് ദിശയില്‍ കുന്നിന്‍ ചെരിവിലൂടെ അരിച്ചു നീങ്ങുന്ന വാഹന വ്യൂഹങ്ങള്‍ കണ്ണിൽ പെടും.  അത് ചോണനുറുമ്പുകളെ ഓര്‍മ്മിപ്പിക്കും.  പുതിയ എയര്‍പ്പോര്‍ട്ട് വരുന്നതിനാല്‍ നാലുവരിപ്പാത നാടിന്റെ  ഭാഗ്യമായി മാറുകയാണ്.   

ഇപ്പോള്‍ പാറക്കെട്ടില്‍ നിന്നും കാലുകള്‍ ആഞ്ഞൊന്നു നീട്ടിയാല്‍ വെള്ളം തൊടാമെന്നായിരിക്കുന്നു. അയാൾ അരയാലിന്റെ താഴ്ന്ന ചില്ലയിലേക്ക് മെല്ലെ അള്ളിപ്പിടിച്ചു കയറി. ചായയുടെ നിറമുള്ള വെള്ളത്തില്‍ ഇളം കാറ്റ് മുത്തമിടുന്ന കാഴ്ച അതിസുന്ദരം.

കാറ്റില്‍ അരയാലിലകളുടെ  മധുര ഭാഷണം കേട്ടു. വെറുതെയായിരിക്കില്ല ശ്രീകൃഷ്ണന്‍ആല്‍മരച്ചില്ലയിൽ  ഒളിച്ചിരുന്ന്  ഗോപസ്ത്രീകളുടെ ചേലകള്‍ മോഷ്ടിച്ചതും  മേനിയാസ്വദിച്ച് മതിമറന്നിരുന്നതും. 

തുള്ളിക്കൊരു  കുടം മാതിരിയാണ് മഴ പെയ്തലിയുന്നത്. ബീഡിയും തീപ്പെട്ടിയും തീര്‍ന്നു പോയിരിക്കുന്നു. പലപ്പോഴും വിശപ്പിനെ അകറ്റി നിര്‍ത്തുമ്പോൾ ആത്മാവിനെ ആശ്വസിപ്പിച്ച ഉപാധി. ഉറക്കം കിട്ടാതായപ്പോള്‍ പുകച്ച് തള്ളിയ ബീഡിക്കുറ്റികളും തീപ്പെട്ടിക്കമ്പുകളും വാഴപ്പിണ്ടികള്‍ കണക്കെ വെള്ളത്തില്‍ താളം തുള്ളി. അതിലൊന്നിലേക്ക് കയറിപ്പറ്റാന്‍ ഒരു ചെറു ഉറുമ്പ് വളരെ നേരമായി പരിശ്രമം തുടരുന്നു. കാറ്റില്‍ പറന്ന് താഴേക്ക് വീണതായിരിക്കണം. അഥവാ ആ  ചെറു കമ്പില്‍ കയറിപ്പറ്റിയാല്‍ തന്നെ ഇനി എത്ര നേരം അതിന് നീന്താൻ കഴിയും ?

ഭക്ഷണം കഴിച്ചിട്ടിപ്പം ദിവസം മൂന്നു കഴിഞ്ഞു. ആഹാര സാമഗ്രികളുമായി എങ്ങോട്ടോ  പറക്കുന്ന ഹെലികോപ്ടറുകളുടെ മുരള്‍ച്ച പകല്‍ ഒന്നോ രണ്ടോ തവണ എന്നും കേള്‍ക്കുന്നുണ്ട്. അലറി വിളിച്ചാല്‍ ഒരുവേള തന്നെയും അവര്‍ രക്ഷിച്ചെടുത്തേക്കും. ഭൂമി പൂര്‍ണ്ണമായും നശിച്ചിട്ടില്ലെന്നും ചില ജീവജാലങ്ങള്‍ എവിടെയെല്ലാമോ കുരുങ്ങിക്കിടപ്പുണ്ടെന്നും ഇത്തരം സാന്നിദ്ധ്യങ്ങള്‍ സൂചന തരുന്നു. 

വിശപ്പും ദാഹവും പൂർണ്ണമായും കെട്ടു പോയി.  വേറിട്ട ഒരുതരം ആര്‍ത്തിയും ജീവിതാസക്തിയും  മനസ്സിനെ മഥിച്ചു.  എങ്ങനെയെങ്കിലും ജീവിക്കണമെന്ന ആശ.  മറ്റൊരു നിവൃത്തിയുമില്ലാത്തതിനാല്‍ കൈകള്‍ ആകാശത്തേക്ക് വിടര്‍ത്തി ഒച്ചത്തില്‍ കൂവി. അത് കരച്ചിലിലേക്ക് മെല്ലെ വഴി മാറിയപ്പോൾ മരക്കൊമ്പുകളില്‍ തട്ടി ആ ഒച്ച കാതിൽ പതിച്ചു. അലറി വിളിച്ചാലും ഇനിയാരും   കേള്‍ക്കില്ല. 

നേരം ഇരുളുകയാണ്‌. സദാ അന്തരീക്ഷം ഇരുണ്ട് മൂടിക്കിടക്കുന്നതിനാല്‍ സമയം അറിയാനുള്ള നിവൃത്തിയുമില്ല. സൂര്യനെ കണ്ടിട്ട്  നാളുകളായി. ഒരു കള്ളനെ സംബന്ധിച്ച് പകല്‍ രാത്രിയും രാത്രി പകലുമാണ്. അരയാലിലളുടെ ഇളക്കം. ചീവിടുകളുടെ മുരൾച്ച. ഇവ രാത്രി കാലങ്ങളിൽ കാതുകളെ തുളച്ചു.  

രായ്ക്കുരാമാനം ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സപ്നേപി നിരീച്ചതല്ലല്ലോ.  ടൌണിലെ ഒരു കട കുത്തിപ്പൊളിക്കാന്‍ ചില പഴുതുകള്‍ കണ്ടു വച്ചതായിരുന്നു. എല്ലാം വെള്ളത്തിലായി. ടൌണില്‍ നിന്നും അവസാനത്തെ ബസ്സില്‍ പുറപ്പെട്ടു പോരാന്‍ മഴ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.  അത് ഇത്തരമൊരു മഹാപ്രളയത്തിലേക്ക് വഴി മാറുമെന്ന് അപ്പോൾ കരുതിയതുയുമില്ല.  

മംഗലാപുരത്തുകാരന്‍ ചെരുപ്പൂത്തി രാമണ്ണ കുറെ നിര്‍ബന്ധിച്ചതാണ് അന്ന് അവന്‍റെ കൂടെ അവിടെ  തങ്ങിക്കൊള്ളാന്‍. രാത്രി  സൊറ പറഞ്ഞ് നേരം വെളുപ്പിക്കാമായിരുന്നു. കേട്ടില്ല. രാമണ്ണയുടെ കൂടെയായാൽ വേറെയും ചില പ്രശ്നങ്ങൾ  ഉണ്ട്. റാക്ക് കുറച്ചധികം  ഉള്ളില്‍ ചെന്നാല്‍ ഉറക്കത്തില്‍ അവന്‍ സ്വന്തം ഭാര്യയോടെന്ന പോലെ പെരുമാറാന്‍ തുടങ്ങും. ഉറക്കപ്പിച്ചില്‍ പച്ചത്തെറി വിളിച്ചു പറയും. ചെലപ്പം പായയിൽ എഴുന്നേറ്റ് കുത്തിയിരുന്ന്  യാതൊരു ഉളുപ്പുമില്ലാതെ  മൂത്രമൊഴിച്ചു കളയും.    എന്തായാലും അവസാനം അവന് ദയ  തോന്നി.  ആരോ നന്നാക്കാന്‍ കൊടുത്ത ഒരു പഴയ കുട എടുത്ത് പോയ്ക്കൊള്ളാന്‍ അനുവാദം തന്നു, നാളെത്തന്നെ കുട തിരിച്ചേല്പിക്കണമെന്നും പറഞ്ഞു. 

നാട്ടിൽ ബസ്സിറങ്ങുമ്പോഴും മഴയക്ക് ഒട്ടും ശമനം വന്നിരുന്നില്ല. വരഡൂൽ പാലം കടന്ന് വഴുക്കുന്ന കനാലിലിറുമ്പിലൂടെ വല്ല വിധേനയുമാണ് ആല്‍ത്തറയിലെത്തിയത്. മഴക്കെടുതി മൂലം ഇടിഞ്ഞു പോയ പുരയുടെ ഏതെങ്കിലും ചേതിയില്‍ കുത്തിയിരുന്ന് നേരം വെളുപ്പിക്കാമെന്ന് കരുതിയതാണ്. പക്ഷെ പുഴ കരകവിയുന്നതെപ്പോഴാണെന്നറിയില്ല. മാത്രവുമല്ല മെഴുകുതിരിയുടെ വെട്ടത്തില്‍ കള്ളു കുടിയന്മാരുടെ ഒച്ചയും ബഹളവും അവിടെ നിന്നും ഉയർന്നു  കേട്ടു. കനാലിന്‍റെ ഓരത്ത് അസമയത്ത് നിര്‍ത്തിയിട്ട പാണ്ടി ലോറികൾ കണ്ടപ്പോള്‍ തന്നെ അനുമാനി ച്ചിരുന്നു  അവിടെ ഇരുളിൽ അരങ്ങേറുന്നത് മറ്റു പലതുമായിരിക്കുമെന്ന്. 

മഴ നീന്തി വല്ല വിധേനയും ആല്‍ത്തറ പിടിച്ചു. അപ്പോഴേക്കും മഴയുടെ ശക്തി പതിന്മടങ്ങായി. നിന്ന നിൽപ്പിൽ  ബീഡികള്‍ ഒന്നൊന്നായി പുകച്ച് തള്ളി. അതെത്ര നേരം തുടര്‍ന്നെന്ന് യാതൊരു തിട്ടവുമില്ല.  വെള്ളം കാല്ക്കീഴിലേക്ക് കേറിക്കേറി വരുമ്പോള്‍ എങ്ങനെ  സമാധാനി ക്കാനാണ്. തിരിച്ചു നീന്തി ടൗണിലേക്ക് തന്നെ പോയാൽ മതിയായിരുന്നു.  ഇപ്പം എല്ലാ സമാധാനവും കെട്ടു. സംഗതി ഇത്രയും  രൂക്ഷമായിത്തീരുമെന്ന് കരുതിയുമില്ല.  നിന്നു പെയ്യുകയാണ് തോര്‍ച്ചയില്ലാത്ത മഴ.

അങ്ങേക്കുന്നിന്റെ പള്ളയിലൂടെ പായുന്ന വാഹനങ്ങളുടെ നുറുങ്ങ് വെട്ടം മാത്രമാണ് ഇപ്പം ചെറിയ ആശ്വാസം.  ആ തരി വെളിച്ചം കൂടി കെട്ടു പോയാൽ പിന്നെ കൂരാക്കൂരിരുട്ട്. നാട്ടിലെങ്ങും വൈദ്യുതിയില്ല.      

ദാഹവും  വിശപ്പും അതികലശലായി. കുറഞ്ഞത് ഒരു മൈല്‍ നീന്തിയാലും ഇനി കര പിടിക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. തറവാട്ട് വളപ്പിലെ കുളത്തില്‍ വെള്ളം നിറയുമ്പോൾ കയ്യില്‍ കിടത്തിയാണ് കുഞ്ഞായിരുന്നപ്പോൾ അച്ഛൻ  നീന്തല്‍ പഠിപ്പിച്ചത്. 

നിങ്ങളോട് ഇനിയൊരു സ്വകാര്യം കൂടി പറയാം. അരയാല്‍ച്ചുവട്ടിലെ ഭണ്ഡാരം അടിച്ചു മാറ്റിയത് മറ്റാരുമല്ല, ഈ ഞാന്‍ തന്നെയാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ, സ്കൂളില്‍ നിന്നുള്ള ഒരു ഉല്ലാസയാത്രയില്‍ പങ്കുകൊള്ളാന്‍ ഇരുന്നൂറ് രൂപ അച്ഛനോട് പങ്ക് ചോദിച്ചത്  തരാത്തതിന്റെ വാശിയ്ക്ക്. അന്ധവിശ്വാസത്തെ അങ്ങനെ ആദ്യമായി കാറ്റില്‍പ്പറത്തി. പണ്ടും ഒന്നിനോടും ഒരു ഭയമില്ല. ഭണ്ഡാരം ഒരു ചാക്കിലാക്കി രായ്ക്കുരാമാനം നാടുവിടുകയായിരുന്നു, ടൌണില്‍ നിന്നുള്ള ലാസ്റ്റ് പാസ്റ്റ്പാസഞ്ചറില്‍ കുടകിലേക്ക്. ബസ് കൂലിയ്ക്കും  അച്ഛന്റെ പണം തന്നെ മോഷ്‌ടിച്ചു.   അമ്മ പണ്ടേ മരിച്ചിരുന്നു. അച്ഛൻ അടിച്ചു കൊന്നതാണെന്നും പരാതി കേൾക്കുന്നു. ഞാനും അച്ഛനും പിന്നെ ഒരു അടിച്ചുതളിക്കാരിയുമുണ്ടായിരുന്നു.അവര്‍ അമ്മയെപ്പോലെയാണ് തന്നോട് പെരുമാറിയത്. 

ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോൾ ഭണ്ഡാരം കുത്തിപ്പൊളിച്ചു. അതില്‍ നൂറ് രൂപ തികച്ചില്ലായിരുന്നു. സ്വതവേ ദരിദ്രരായ സാധു നാട്ടുകാർ നിക്ഷേപിച്ച കുറേ  നാണയത്തുട്ടുകള്‍. നാലണയും എണയും.  വല്ലാത്ത നിരാശ തോന്നി. ആ പണം തീര്‍ന്നപ്പോള്‍ ഒരു ഹോട്ടലില്‍ ജോലിക്ക് നിന്നു. കൂലിയൊന്നുമില്ല.  മൂക്ക് മുട്ടെ  തിന്നാൻ കിട്ടും. രാത്രി അവിടുത്തെ വരാന്തയിൽ കിടക്കും. ഒരു രാത്രി അവിടുത്തെ മേശവലിപ്പ് കുത്തിത്തുറന്ന കാശുമായി തിരുപ്പൂരിലേക്ക് വിട്ടു.  അവിടം മടുത്തപ്പോൾ കള്ളവണ്ടി    കയറി മംഗലാപുരത്തെത്തി. ആള്‍ക്കാരെ ബോധിപ്പിക്കാന്‍ പകല്‍ കൂലിപ്പണി ചെയ്തു. രാത്രികാലങ്ങളിൽ ചില്ലറ മോഷണങ്ങള്‍. കാലക്രമേണ ഒരു പെണ്ണ് കെട്ടി. കക്കാന്‍ പൂതിയുള്ള രാത്രികളില്‍ കമ്പനിയില്‍ ഓവര്‍ടൈം ആണന്നു ഭാര്യയോട് കള്ളം പറഞ്ഞു. അതിനിടയിൽ ഭാര്യ   ഇരട്ട പെറ്റു. രണ്ടു ആണ്‍പിള്ളേര്‍. ബാധ്യത ഏറിയപ്പോള്‍ അവിടെ നിന്നും മെല്ലെ മുങ്ങി. പിന്നീട് നാട്ടില്‍ കുറെ നാള്‍ ലോട്ടറി വില്‍പ്പനക്കാരനായി. മോഷണം അന്നേരവും  പൂർണ്ണമായും വിട്ടിരുന്നില്ല. തിരിച്ചു ചെന്ന് സത്യം ഭാര്യയോട് തുറന്നു പറയാൻ പലയാവർത്തി ചിന്തിച്ചു. മാനം അനുവദിച്ചില്ല. 

കുഞ്ഞുങ്ങള്‍ ഇപ്പം വലുതായിക്കാണും. അവരെ എന്നെങ്കിലും ഒരിയ്ക്കല്‍ പോയി കാണണം. അതിനിടയിലാണ് രാമണ്ണയുമായി ചങ്ങാത്തം കൂടുന്നത്. കള്ളുകുടിച്ച് പൂസായ ഒരു രാത്രി അവനോട് കാര്യങ്ങള്‍ വെട്ടിത്തുറന്ന്  പറഞ്ഞു. പകരം തിരിച്ചു പറയാന്‍ അവന് മറ്റൊരു കഥയുണ്ടായിരുന്നു. ഒരിയ്ക്കല്‍ അവനും തന്നെപ്പോലെ മാന്യനായ ഒരു കള്ളനായിരുന്നു ! തുല്യ ദു:ഖിതർ. കേട്ടു കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ അറിയാതെ കര കവിഞ്ഞു.  എല്ലാ മാസവും പഠിത്തത്തിനും മറ്റുമായി കള്ളപ്പേരില്‍ പണമയക്കക്കാന്‍ ഒരു ഇടനിലക്കാരന്‍ എന്ന നിലയിലാണ് താനുമായി രാമണ്ണ കൂടുതൽ അടുത്തത്. കുറെയേറെ കടം തന്ന് സഹായിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അവനാണ് തന്നെ മനുഷ്യനാക്കിയത്.    വളരെ നാളായി സ്വരുക്കൂട്ടിയ കുറച്ചു  തുക ഒരിയ്ക്കല്‍ രാമണ്ണയുടെ കൈവശം കൊടുത്തയച്ചു. തന്റെ കുട്ടികള്‍ നന്നായി പഠിക്കുമത്രെ. മനുഷ്യന്റെ ഏത് മുഖവുമായിട്ടാണ് അവരുടെ മുന്നില്‍ ഇനി ചെന്നു നില്‍ക്കുക?  മക്കളെയും ഭാര്യയേയും ഒന്നു കാണണമെന്ന പൂതി കലശലായി. താന്‍ ഒരു കള്ളനാണെന്ന് ഇതിനകം എങ്ങനെയെങ്കിലും ഭാര്യ മനസ്സിലാക്കിക്കാണുമോ? മക്കള്‍ ഇപ്പോള്‍ ഏതെല്ലാം ക്ലാസുകളിലാണെന്നു പോലുമറിയില്ല. 

വെള്ളം ഏറി വരികയാണ്.  രാത്രി മുഴുവന്‍ പെയ്തിട്ടും സകലതിനെയും മുക്കികൊല്ലുമെന്ന വാശിയുള്ളത് മാതിരിയാണ് ഇപ്പോഴത്തെ പെയ്ത്ത്. ഒരു പോള കണ്ണടച്ചിട്ട്‌ ദിവസം രണ്ടായി.  നേരം പുലരുയാണ്. കലക്ക വെള്ളം ചുറ്റിലും പ്രളയവാരിധി തീര്‍ക്കുകയാണ്.


 ( 2 )

 

ഇത് പ്രളയത്തിന്റെ നാലാം നാള്‍. ഇതു പോലൊരു മഴയും വെള്ളവും കണ്ടിട്ടില്ല.  ഇങ്ങനെ ഒരു പ്രാവശ്യം വെള്ളം കയറിയപ്പോള്‍ രാപ്പകല്‍ വീടിന്‍റെ അട്ടത്ത് കയറിക്കൂടിയതിന്റെ പഴയൊരു ഓര്‍മയുണ്ട്. അന്ന് കൂട്ടുകുടുംബം. അഭയാർത്ഥി ക്യാമ്പിലെന്നോണം കുഞ്ഞുകുട്ടികളടക്കം പതിനാറോളം പേരുണ്ടായിരുന്നു.  

സമുദ്രപ്പരപ്പ് പോലെ ഇപ്പോള്‍ മുന്നിൽ വെള്ളമല്ലാതെ മറ്റൊന്നുമില്ല. പോരാത്തതിന് ചുറ്റും കറുത്തിരുണ്ട മൂടാപ്പും. ലോകം പ്രളയത്തില്‍ മുങ്ങി മരിക്കാന്‍ തുനിഞ്ഞിറങ്ങിയതായി തോന്നി. എവിടെയൊക്കയോ  ഉരുള്‍പൊട്ടിയിരിക്കും. അതാണ്‌ മലവെള്ളം  ഒഴിയാത്തത്. നിന്ന നില്പിലുള്ള ഒരു മയക്കത്തില്‍ കുട കാറ്റ് തട്ടിക്കൊണ്ടു പോയി. തുഴ നഷ്ടപ്പെട്ട തോണിക്കാരനെപ്പോലെ നിരാശനായി അത് നോക്കി നിന്നു. കുട ദൂരെ ഇളം കാറ്റില്‍ മുങ്ങിയും പൊങ്ങിയും  നീങ്ങുന്ന കാഴ്ച.  അഥവാ ഇവിടെ നിന്നും രക്ഷപ്പെടുകയാണെങ്കില്‍ കുടയുടെ കാര്യം രാമണ്ണയോട് എന്താണ്  പറയുക. കള്ളന്‍ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കഷ്ടിച്ച് തലയെങ്കിലും നനയാതെ നാലഞ്ച് നാളുകള്‍ കൂടെ നിന്ന ഏക തുണയാണ്‌.  മറ്റൊരു പിടിവള്ളി . 

അരയാലിന്റെ മുക്കാല്‍ ഭാഗവും മുങ്ങിക്കഴിഞ്ഞിരിക്കുന്നു. വെള്ളം കയറുന്നതിനനുസരിച്ച് അള്ളിപ്പിടിച്ച് കയറാന്‍  ഇനി  വേറെ ചില്ലകളില്ല. മോഷണം തൊഴിലാക്കിയതിൽ  ഇപ്പോള്‍ ഒട്ടും മനസ്താപം തോന്നുന്നില്ല. നാടിനെ കട്ടു മുടിച്ച് അന്യദേശങ്ങളിലേക്ക് ചേക്കേറിയവര്‍ എത്രയെത്ര ? അവർ സസുഖം അവിടെ വാഴുന്നു. അവര്‍ക്കിടയില്‍ ഇത്തരം മോഷണങ്ങള്‍ തുലോം തുച്ഛം. എന്നാലും മോഷണം മോഷണം തന്നെയാണ്. പോലീസിന്‍റെ ഇടിയും തൊഴിയും ഇപ്പോള്‍ എത്ര കൊണ്ടാലും വേദന തോന്നാറില്ല. സമ്പാദിക്കാനല്ല മോഷ്ടിക്കുന്നത് എന്ന സത്യം മോഷണത്തെ എന്നും  ന്യായീകരിച്ചു നിർത്തി. അതൊരു കല മാതിരി ജീവിതത്തോട് വളരെ ഒട്ടിച്ചേര്‍ന്നു പോയി. വിശപ്പിന്റെ വിളി. നിലനിൽപ്പിന്റെ വഴി. അങ്ങനെയൊക്കെ ചിന്തിച്ചു കാലം പോക്കി. 

ദാഹവും വിശപ്പും മൂലം കരള്‍ വെന്തു. കുനിഞ്ഞിരുന്ന് കലക്കവെള്ളം  കുറേ കുടിച്ചു. വെള്ളത്തിനൊരു മുയിങ് മണം. സ്വന്തം മുഖം അപ്പോൾ അതില്‍ പ്രാകൃതമായി പ്രതിബിംബിച്ചു. വിശപ്പ് കുറേശ്ശെ  കെട്ടു. മല വെള്ളത്തില്‍ ദയയോടെ ഒഴുകി വന്ന ചില കായ്കനികള്‍ ഭക്ഷിക്കാൻ കിട്ടി.  ചക്കയും മാങ്ങയും മധുരനാരങ്ങയും കൈതച്ചക്കയും പേരക്കയും തേങ്ങയും അക്കൂട്ടത്തിലുണ്ടായിരുന്നു.  വെള്ളത്തില്‍ ചീര്‍ത്ത അവയ്‌ക്കെല്ലാറ്റിനും  ഒരേ രുചി. ഒരേ മണവും ഗുണവും. 

കലക്കവെള്ളത്തിലൂടെ ഒരു നീര്‍ക്കോലി പരക്കം പായുന്നു.   തൊട്ടു മുന്നില്‍ പേടിച്ചരണ്ട പ്രാണനുമായി തുള്ളിച്ചാടുന്ന ഒരു കൊച്ചു മാക്രി. അത് ഇടയ്ക്ക് മുങ്ങാകുഴിയിടുമ്പോള്‍ പാമ്പ്‌ പരവശതയോടെ ചുറ്റും പരതുന്നു. പാമ്പിനപ്പോള്‍ ലക്ഷ്യം തെറ്റുന്നു. മാക്രിയെ ഇപ്പോള്‍ കാണ്മാനില്ല. അതു ദിശ മാറി എങ്ങോട്ടോ മുങ്ങിയെന്നു തോന്നുന്നു. പാമ്പ് നീന്തിയ പാത പച്ചോല ഇളകുന്നത്  മാതിരി അടയാളപ്പെട്ടു. ഇളം കാറ്റതിനെ മന്ദം മായ്ക്കാൻ ശ്രമിക്കുന്നു.  പാമ്പിനിനി വിശപ്പ് മാറ്റാൻ പുതിയ ഇരയെ തേടണം.

എത്ര ദിസവം കടന്നു പോയെന്നറിയുന്നില്ല. രാപ്പകലുകളുടെ  നിറം കെട്ടു പോയിരുന്നു.  ഇരുളും പകലും ഏതെന്ന് തിരിച്ചറിഞ്ഞില്ല. ആകെയൊരു തരം മൂടാപ്പ്.  വെള്ളത്തില്‍ മുങ്ങിയ പഞ്ഞിക്കെട്ട്‌ പോലെ വികാരങ്ങൾ ചീര്‍ക്കുന്നു.   ശരീര സ്പര്‍ശം തീരെയില്ലാതായി. മണവും രുചിയും കെട്ടു. ക്രമേണ എല്ലാം നഷ്ടപ്പെടുകയാണ്. ചിലപ്പോൾ ശരീരമാസകലം ഒരുതരം വിറയല്‍ വരും. ഇനിയൊന്നിനും ശക്തിയില്ലെന്ന തോന്നൽ. എല്ലാമെല്ലാം നഷ്ടമാവുകയാണ്. രാമണ്ണയെ ഓര്‍ത്തു. നഷ്ടമായ കുടയെക്കുറിച്ച് അവന്‍ വല്ലാതെ വേവലാതിപ്പെടുന്നുണ്ടാവണം. എങ്ങനെയെങ്കിലും ഇവിടെ നിന്നും കരകയറുകയാണെങ്കില്‍ പകരമായി അവനൊരു പുതിയ കുട വാങ്ങിക്കൊടുക്കണം. നാടിന്റെ സ്ഥിതി ഇപ്പോൾ എന്താണെന്ന് യാതൊരു തിട്ടവുമില്ല. 

ആകാശത്തേക്ക് ആശങ്കയോടെ കൈകള്‍വീശി. ആർത്ത് നിലവിളിക്കാന്‍ നോക്കി. പക്ഷേ ഒച്ച ഉയരുന്നില്ല. അല്ലെങ്കില്‍ അതിനുള്ള ശേഷി നഷ്ടമായിരിക്കുന്നു. കഷ്ടിച്ച് അരയടി വെള്ളം കൂടി പൊങ്ങിയാല്‍ പിന്നെല്ലാം സമാപ്തം. ഒരു പൊങ്ങുതടി പോലെ മലവെള്ളത്തിലൂടെ വെറുതെയങ്ങനെ ഒഴുകി നടക്കാം. 

പരവശമായ ചില അവസാന നിമിഷങ്ങള്‍.  ഒരു തുള്ളി സൂര്യ വെളിച്ചം കാണാന്‍ കണ്ണുകള്‍ കൊതിച്ചു. നിത്യമായ ഇരുട്ടില്‍ നിന്നും എങ്ങനെയെങ്കിലും ഒരു മോചനം. വാനം എല്ലായ്പ്പോഴും മുഖം വീര്‍പ്പിച്ചിരുന്നു, കടുത്ത പകയോടെ, മഴക്കെടുതികളോടെ.

സകലതും ത്യജിച്ചു കഴിഞ്ഞു. എങ്കിലും ചിറകു വിടര്‍ത്തി ഒന്ന് പറക്കാന്‍ മോഹിച്ചു. ഭാര്യയെ ഓർത്തു. കുഞ്ഞുങ്ങളെ ഓർത്തു. അച്ഛനെയും അമ്മയേയും നിനച്ചു.   പിന്നെ,  ഐസ് പോലെ മരവിച്ച ജലരാശിയിലേക്ക് നിസ്സഹായനായി താഴ്ന്നമരുമ്പോള്‍ മരണത്തിന്റെ തണുപ്പിതാണെന്ന് ചേതന മെല്ലെ കാതില്‍  മന്ത്രിച്ചു.


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല