തിരുവനന്തപുരം സ്വദേശി. ഹയർ സെക്കണ്ടറി മലയാളം അദ്ധ്യാപകൻ. മൂന്ന് കഥാസമാഹാരങ്ങൾ പാറ്റേണ് ലോക്ക്, ഞാവൽ ത്വലാഖ്, ബർശല് ആനുകാലികങ്ങളിൽ എഴുതി വരുന്നു . ആർട്ട് ഗുരുവായൂർ, ശാന്താദേവി പുരസ്കാരം, പുന്നപ്ര ഫൈനാർട്‌സ് സൊസൈറ്റി പുരസ്‌ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്

"എ ഫോർ എലി, കെ ഫോർ കെണി"

പത്തൊൻപത് കൊല്ലത്തിന്  ശേഷം പത്തിൽ ഒപ്പം പഠിച്ചവരെ ചേർത്ത് ഒരു വാട്‌സ് ആപ്പ് കൂട്ടായ്മ തുടങ്ങി. എട്ടാം തരം മുതൽ  ആണും പെണ്ണും തമ്മിൽ ഒന്നിച്ചിരിക്കാൻ ക്രേവൻ സ്‌കൂളിലെ സംവിധാനം സമ്മതിച്ചിരുന്നില്ല. അങ്ങനെ ഞങ്ങളുടെ പത്ത് ബി ആൺ ഭൂമിയായി.. ഇരു നിലകെട്ടിടത്തിൽ താഴെ ഭൂമിയിലെ രാജാക്കന്മാരായി ഞങ്ങളും അങ്ങ് ശൂന്യാകാശത്ത് എന്തിനും കാഴ്‌ച്ചക്കാരായി അവരും..

അന്നൊക്കെ ഉയരത്തിൽ നിന്ന് ചിരിക്കുന്ന അവരെനോക്കി  അസൂയപ്പെട്ടിരുന്നെങ്കിലും അവർക്കും  മണ്ണിലിറങ്ങി നിൽക്കാനാണ് ആഗ്രഹമെന്ന് പിന്നീട് മനസിലാക്കി...

'പത്ത് ബി ക്രേവൺ 99'എന്ന് പേരിട്ട കൂട്ടായ്മയിൽ  ചാറപറ വന്ന് വീഴുന്ന സന്ദേശങ്ങൾ. തെറിയും കഥയും കവിതയും കുപ്പിയും സെൽഫിയും ..ഇടയ്ക്ക് അഡ്മിൻ പൃഥ്വിരാജ്  എല്ലാവരെയും ഓർമ്മിപ്പിച്ചു..

"ഇവിടം സ്വർഗ്ഗല്ലേ  അളിയന്മാരെ, നമ്മക്ക്  പൊളിക്കാം, ഒന്നിനും നിയമമോ നിയന്ത്രണോ ഇല്ല, ഒരുത്തികളും ഈ വഴി കയറി വരില്ല...."  പെണ്ണെന്ന് കേട്ടാൽ പണ്ടേ പൃഥ്വിരാജിന് ഹാലിളകും.ഇന്നും ആ ഓട്ടോക്കാരൻ പെണ്ണ് കെട്ടാൻ മടിച്ച്  നിൽക്കുന്നതിന്റെ രഹസ്യം ആർക്കും അറിയില്ല. അദ്ധ്യാപകരില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന  പത്ത്‌ ബിയിലെ പിരീഡ്‌പോലെ കൂട്ടായ്മയിലെത്തിയ  ശബ്ദസന്ദേശങ്ങൾ ഒരല്പം ഉച്ചത്തിൽ കേൾക്കുന്നതിനിടയിലാണ് അവൾ എന്റെ  മുറിയിൽ മുട്ടി വിളിച്ചത്.

"ഒന്നിങ്ങോട്ട് വരാമോ, ഒരു കുഞ്ഞ് ഏലി കൂടെ വീണിട്ടുണ്ട്, അതിന്റെ തന്ത രക്ഷപ്പെട്ടെന്നാണ് തോന്നണത്"

പ്രിയരേ,

ഇനി ഞാൻ അവതരിപ്പിക്കുന്ന ചരിത്ര സംഭവങ്ങൾ നടക്കുന്നത് ഈ എളിയവന്റെ വീട്ടിലാണ്. അമ്മ, അമ്മുമ്മ, ഭാര്യ,സഹോദരി, സഹോദരിപുത്രി, എന്റെ രണ്ട് മക്കൾ ഇവരാണ് ഈ  ചരിത്രത്തിൽ നിങ്ങൾ അടയാളപ്പെടുത്തേണ്ട  മനുഷ്യവംശം. ഇവരെ കൂടാത രണ്ട് മക്കൾ ഉൾപ്പെട്ട ഒരു എലി കുടുംബം കഴിഞ്ഞ ആറര മാസമായി ഈ വീട്ടിൽ കഴിയുന്നതായി എന്റെ അമ്മ  എന്നോട്  വെളിപ്പെടുത്തിയിട്ടുള്ളതാണ്. എലി കുടുംബ സങ്കല്പമെല്ലാം അമ്മയുടെ ഭാവനയെ വിശ്വാസമോ ആണ്. ഈ കുറിപ്പിൽ ഞാൻ അതിനെ ചോദ്യം ചെയ്യാൻ ഒരുക്കമല്ല. ഇവിടെ അവൾ, ഒരുത്തി, ഭാര്യ എന്നൊക്കെ  രേഖപ്പെടുത്തുന്നത് എന്റെ നല്ല പാതിയും,

മക്കൾ എന്നാൽ എന്റെ രണ്ട് ആൺ മക്കളുമാണ്.  ( തുടർന്നുള്ള ഭാഗങ്ങളിൽ ഒന്നാമൻ, രണ്ടാമൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു ) അമ്മ,അമ്മായി എന്ന് അഭിസംബോധന ചെയ്യപ്പെടുന്നത് എന്റെ അമ്മയും.

അമ്മുമ്മ എന്നാൽ വീട്ടിലെ തലമൂത്ത കാരണവത്തിയും ആകുന്നു. ഇടയ്‌ക്ക് കടന്നുവരുന്ന  സഹോദരി വളരെ മുൻപ് തന്നെ പടിയിറങ്ങിയ പാർവ്വതി ആയതിനാൽ ഈ ചരിത്രഭാഗത്ത്  തികച്ചും അപ്രധാനമായ രേഖപ്പെടുത്തൽ മാത്രമേ സഹോദരിയ്ക്കും സഹോദരിപുത്രിക്കും നല്കുന്നുള്ളൂ.. ഒന്നുകൂടെ പറയട്ടെ  ഈ ചരിത്ര സംഭവങ്ങൾക്ക് കേരളത്തിന്റെ സാംസ്കാരിക നവോത്ഥാന പശ്ചാത്തലവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ഇതിനാൽ ബോധിപ്പിച്ചുകൊള്ളുന്നു..

നാട്ടിലേക്ക് ജോലിയുടെ ഭാഗമായി കാത്തിരുന്ന സ്ഥലമ്മാറ്റം കിട്ടി മുതൽ അവളെ ഏറ്റവും അലോസരപ്പെടുത്തിയ വിഷയം മക്കൾക്കായി മേശയിൽ നിരത്തുന്ന  ഫലമൂലാദികളിൽ  രാത്രിയുടെ മറപറ്റി നിരന്തര ആക്രമണം നടത്തുന്ന എലിപ്പടയായിരുന്നു. പല തവണ ഒരു എലിക്കെണിക്കുറിച്ച് എന്നോട് സൂചിപ്പിച്ചിട്ടും ഞാനതിൽ തീരെ താല്പര്യം കാണിക്കാത്തതിനാൽ. അവളുടെ പിതാവ് (എന്റെ അമ്മായിയപ്പൻ ചരിത്രത്തിന് ഒരല്പം അകലെയാണദേഹത്തിന്റെ രാജ്യം) ഇരുമ്പിൽ തീർത്തതും പച്ച നിറമുള്ളതും ലക്ഷണമൊത്തതുമായ ഒരു  എലിക്കെണി എത്തിച്ചു. അതിന്റെ സൗകര്യം ആസ്വദിച്ച് നിന്ന എന്നെ ഭാര്യയും അമ്മയും കാര്യപ്രാപ്തിയില്ലാത്ത ഒരു ചക്രവർത്തിയെ  ചരിത്രാന്വേഷികളെപ്പോലെ നോക്കി.

എലിമൂത്രം സൃഷ്‌ടിക്കുന്ന ആശുദ്ധിയിൽ എലിപ്പനി,പ്ളേഗ് ഉൾപ്പെടെ മാരകമായ രോഗാദികളും, എലിവേട്ടയുടെ ലക്ഷ്യങ്ങളും അടുക്കളയുടെ നാലു കോണുകളിൽ ഇരുന്ന് ആ സംഘം ചർച്ച ചെയ്യുന്നതിനിടയിലാണ് എലിക്കെണിയിൽ കുഞ്ഞ് വിരലുകൾ ഓടിച്ചുകൊണ്ട് ഒന്നാമൻ തന്റെ ഭാഷാവിജ്ഞാനം വെളിപ്പെടുത്തും വിധം ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്. ആ മുതൽ അ: വരെയും എ തുടങ്ങി ഇരുപത്തിനാല് അക്ഷരങ്ങളും  പഠിച്ചതിന്റെ പ്രായോഗിക തലമെന്ന നിലയിൽ അവ രണ്ടും ചേർത്ത് "എ ഫോർ എലി, കെ ഫോർ കെണി" എന്ന ഒരു പൂർണവാക്യം തൊടുത്തു. ഇതിലെ 'എ'യും 'കെ'യും രണ്ട് ഭാഷകളിലെ അക്ഷര വർണമാലകൾ എങ്കിലും ആ വാക്യത്തിന്റെ ഇടയിൽ ആവർത്തിക്കുന്ന  'ഫോർ'  ടി ടി സിയും ആംഗലേയത്തിൽ ബിരുദവുമുള്ള ഒരുത്തിയുടെ നിരന്തര ബോധനശ്രമത്തിന്റെ ഫലമായിട്ടുണ്ടായതാണ്. എലിവേട്ടയുടെ ഗൗരവമായ ചർച്ചയ്ക്കിടയിൽ ആ  സംഘം ഒന്നാമന്റെ  പ്രസ്താവനയെ തീർത്തും അവഗണിക്കുക  ആയിരുന്നു എങ്കിലും മക്കളുടെ വിദ്യാഭ്യാസത്തിൽ അതിയായ താല്പര്യമുള്ള  ഞാൻ അതിന്റെ  യുക്തിയെക്കുറിച്ചും ഉല്പത്തിയെക്കുറിച്ചും ചിന്തിച്ച് കാടുകയറി തപസിരുന്നു.

ഒരു ചരിത്ര ദൗത്യമെന്നപോലെ എലിക്കെണിയെത്തിച്ച മരുമകളുടെ പുരോഗമന ചിന്താഗതിയെ അമ്മ വാനോളം പുകഴ്‌ത്തി. അതിനെ ഉറപ്പിക്കും വിധം  'അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടാറിയു' എന്ന ഉപമയും അമ്മാമ്മ പങ്കുവച്ചു. ഇതുകേട്ട് അവൾ ഒരേ സമയം മൂന്ന് എലിയെങ്കിലും വീഴാൻ വലിപ്പമുള്ള ആ കെണിയിലേക്ക് ആത്മസംതൃപ്തിയോടെ നോക്കി..

ഇതിനിടയിൽ പത്ത് ബിയിൽ എലിയെന്ന് ഇരട്ടപ്പെരുണ്ടായിരുന്ന സ്റ്റാൻലിയെ എനിക്ക് ഓർമ്മവരികയും. "അളിയന്മാരെ നമ്മുടെ എലി സ്റ്റാൻലി ഇപ്പൊ എവിടെയെന്ന്" തിരക്കികൊണ്ട് ഞാൻ ഒരു ശബ്ദ സന്ദേശം ഗ്രൂപ്പിലേക്ക് അയച്ചു.. മിനിറ്റുകൾക്കിടയിൽ  ഗ്രൂപ്പിൽ പതിങ്ങിയിരുന്ന സ്റ്റാൻലി എന്റെ ഓർമ്മശക്തിയെ വാനോളം പുകഴ്‌ത്തിക്കൊണ്ട് ഉയർന്നുവന്നു..

"അളിയാ സ്കെയിലേ ഞാനിപ്പോൾ പൊലീസിലാടാ.."  സ്റ്റാൻലിയും എന്റെ അപരനാമം   എല്ലാവരെയും ഓർമ്മിപ്പിച്ചു.

സ്‌കൂളിലെ കുട്ടികളുടെയും അദ്ധ്യാപികമാരുടെയും ശരീര-അടിവസ്ത്ര അളവുകൾ പ്രവചിക്കാനുള്ള എന്റെ അപാര കഴിവാണ് ഈ അപരനാമം ലഭിക്കാൻ ഇടയാക്കിയത്. അവന്റെ കുടുംബ ചിത്രങ്ങൾ ഇട്ടപ്പോൾ പോലീസ് യൂണിഫോമിൽ നിൽക്കുന്ന ഭാര്യയും ഭർത്താവും. 

വിവാഹത്തിന് മുൻപ് തീവ്രമായും, ആദ്യനാളുകളിൽ ശക്തമയും, പിന്നീട് വല്ലപ്പോഴും ഭാര്യ പങ്കുവച്ചിരുന്ന അവളുടെ തൊഴിൽ സ്വപ്നം ഞാൻ ഓർത്തു. "വനിതാ പൊലീസാകണം, ഓട്ടത്തിനും നീന്തലിനും സർട്ടിഫിക്കറ്റുണ്ട്,  അതുമല്ല പെണ്ണുങ്ങൾക്ക് ആ ഫീൽഡ് ജോലി കിട്ടാൻ എളുപ്പമല്ലേ, എനിക്ക് ഒരു എസ് ഐ ആകണം.." പി എസ് സിയ്ക്ക് അപേക്ഷകൾ അയച്ചതിന്റെ പേരിൽ ഒന്നുരണ്ട് തവണ പരീക്ഷസമയത്തെ  അറിയിച്ച് കത്തുകൾ വന്നു.. ആദ്യതവണ കത്ത് അറിയിച്ച തീയതിയിൽ അവൾ ഒന്നാമന്റെ പ്രസവാനന്തര ചികിത്സയിലും. അടുത്ത തവണ രണ്ടാമന്റെ  നൂലുകെട്ടും.  ഇപ്പോഴും തൊഴിൽ വാർത്തയും വീഥിയും നോക്കുന്നു എങ്കിലും പരീക്ഷസമയത്ത് ഏതെങ്കിലും അസൗകര്യങ്ങൾ വരുന്നതിനാൽ അടുപ്പിൽ തീ കത്തിക്കാൻ സൗകര്യത്തിന് ജോലിയറിപ്പ് വരുന്ന പേപ്പറുകൾ ചുരുട്ടി വച്ചിരിക്കുന്നത് കാണാം. എങ്കിലും ഇതിനോട് അനുബന്ധിച്ച് പൊതുവിജ്ഞാനം ശേഖരിക്കുന്ന അവളുടെ നോട്ട് പുസ്തകത്തിലെ കുറിപ്പിൽ ഒടുവിൽ മേരിക്കോമിനെയും, മിതാലി രാജിനെയും ചേർത്ത് ഉറക്കെ വായിച്ച് പഠിക്കുന്നതും കേട്ടിരുന്നു. കഴിഞ്ഞ മാസം കിടക്കയിൽ വച്ച് വീണ്ടും അവൾ പോലീസ് മോഹം പറഞ്ഞപ്പോൾ, രണ്ടാമത്തെ പ്രസവം കഴിഞ്ഞ് വല്ലാതെ വികസിച്ച അവളുടെ വയറ്റിൽ ഞാൻ വിരലോടിച്ചു. അവളാകട്ടെ മേരിക്കോം  മുപ്പത്തഞ്ച് വയസ്, മൂന്ന് മക്കൾ, രാജ്യത്തിന് കിട്ടിയ മെഡൽ എന്നൊക്കെ പിറുപിറുത്ത് കിടന്നുറങ്ങി.

 പിറ്റേദിവസം പ്രഭാത ഭക്ഷണത്തിനിടയിൽ മുന്നിലേക്ക് തുങ്ങി തുടങ്ങിയ അവളുടെ "വയറെവിടെ ?" എന്ന സംശയത്തിൽ ഞാൻ  കണ്ണുവികസിപ്പിച്ചപ്പോൾ. എന്റെ കസവ് കാരയുള്ള പഴയൊരു ഡബിൾ മുണ്ടിന്റെ സഹായതത്താൽ വയർ ഒതുക്കിയതിനെക്കുറിച്ച് അവൾ വെളിപ്പെടുത്തി.തന്റെ പോലീസ് ലക്ഷ്യം ആവർത്തിച്ചു. വയറ്റിൽ ചുറ്റിയ മുണ്ട് രത്യാദികൾക്ക് തടസ്സം നിൽക്കുന്നതിനാലും, വീട്ട് ജോലികളിൽ വല്ലാത്ത വീർപ്പ് മുട്ടൽ നേരിടുന്നതിനാലും, അമ്മയോടുള്ള വർത്തമാനം കുറഞ്ഞതിനാലും ഉൾവലിഞ്ഞ വയറും സഹായിയായി നിന്ന കസവ് കരയൻ മുണ്ടും നാലു ദിവസത്തിനുള്ളിൽ  പുറത്തുവന്നു. അലക്കി വെളുപ്പിച്ച ആ കസവ് കരയനുമുടത്ത് പാർടി മീറ്ററിംഗിന് ഞാൻ പോയപ്പോൾ, അമ്മയുടെ കാലച്ചുവട്ടിലിരുന്ന് അവൾ പേൻ കൊല്ലുകയായിരുന്നു. അന്ന് രാത്രി പുലിപ്പുറത്ത് പോലെ വരകളുള്ള ആ വയറ്റിൽ ചുംബിച്ച് സ്റ്റാൻലിയുടെ  പോലീസ് ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഒരല്പം ധാർമ്മികത കലർത്തി ഞാൻ അവൾക്ക്  പറഞ്ഞു കൊടുത്തു. അതിനൊപ്പം കൂട്ടായ്മയിൽ വന്ന സ്റ്റാൻലിയുടെ ശബ്ദ സന്ദേശം അവൾക്കായി കേൾപ്പിച്ചു കൊടുത്തു..

"പെണ്ണിന് പോലീസ് പണി പറ്റൂല അളിയാ. ആ കുടുംബം മൂഞ്ചിപ്പോകും. പെണ്ണാണ് വീടിന്റെ വിളക്ക്, അവളെ ഈ കാക്കിയിൽ കുടുക്കരുത്. ഞാൻ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയണതാ, ഞങ്ങൾക്ക് ഇതുവരെ ഒരു കൊച്ച് പോലും ആയിട്ടില്ല..." 

ഇത് കേട്ട് കുറ്റബോധത്താൽ അവളുടെ കണ്ണ് നിറഞ്ഞു. ഞങ്ങൾ മൂന്നാമത്തെ കുട്ടിക്കായി ഒരു ആത്മാർഥ ശ്രമം നടത്തി. അതിന്റെ തൃപ്തിയിൽ പിറ്റേന്ന് പത്തുമണി വരെ ഉറങ്ങി. വൈകിട്ട്  മക്കളെയും കൂട്ടി   അവൾക്കൊപ്പം മൃഗശാല കണ്ടു, മനസ് കുളിരുന്ന വിധം ഒരു ഐസ്‌ക്രീമും.

"അളിയാ ഭർത്താവായ ഞാൻ  ഒന്ന് തൊട്ടാൽ അവൾ കോപ്പിലെ നിയമോം വകുപ്പുകളും പറയും അവളും ഈ ഫീൾഡല്ലേ പേടിയാ മച്ചാ...."  എന്റെ ഭാര്യയ്ക്കും പോലീസ് സ്വപ്നം ഉണ്ടെന്ന്  പറഞ്ഞ എനിക്ക് മാത്രമായിരുന്നു സ്റ്റാൻലി സന്ദേശം അച്ചത്. കേട്ടമാത്രയിൽ തന്നെ ഞാനത് മായിച്ചുകളയുകയും ചെയ്തു.  എന്നിട്ടാണ് പിറ്റേന്നുള്ള യാത്ര പദ്ധതിയിട്ടത് പോകുന്നവഴി  നൂറ്റിനാല്പത് രൂപയ്ക്ക് മുല്ലപ്പുവ് വാങ്ങി തലയിൽ വച്ചുകൊടുത്തു. "ഇതിന് ഇന്ന് തന്നെ  പലിശ സഹിതം ഞാൻ വീട്ടുന്നുണ്ട് കേട്ടോ.." എന്റെ ചെവിയിൽ അവൾ ഒരു ചിരിയോടെ പറഞ്ഞ ഈ വാക്കുകളുടെ രഹസ്യം  വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല..

എലിക്കെണി എത്തിച്ച ദിവസം ആപ്പിൾ മനോഹരമായി മുറിച്ച് മക്കൾക്കും എനിക്കും തന്നതിന് ശേഷം രണ്ടാമൻ കടിച്ചെറിഞ്ഞ ഒരു കഷ്ണം അവളെടുത്ത് കെണിയിൽ കൊരുത്ത് വച്ചു. ഇതൊക്കെ സശ്രദ്ധം കാണുകയായിരുന്ന അമ്മാമ്മ..

"എടീ നിന്റെ മരുമോൾക്ക്   എലിക്കെണി വയ്ക്കാൻ അറിയാം കേട്ടാ, ഇങ്ങനാണ്  പെണ്ണ് നല്ല അന്തസുള്ള കുടുംബത്തിൽ പിറന്ന പെണ്ണ്..."  എന്റെ വംശവലിയിൽ ആർക്കും നല്കിയിട്ടില്ലാത്ത സർട്ടിഫിക്കറ്റിലെ വാചകങ്ങൾ കേട്ട് അവൾക്കും എനിക്കും അമ്മയ്ക്കും കുളിരുകോരി.

ഇരുട്ടിൽ ഭക്ഷണം തിരഞ്ഞ് വരുന്ന എലി കൊരുത്തുവച്ച ആപ്പിളിൽ  കടിക്കുന്നു. വാതിൽ അടയുന്നു. പ്രഭാതവും മരണവും കാത്ത്  കെണിക്കുള്ളിൽ ഓടുന്നു. എലിവേട്ടയുടെ എല്ലാ ആചാരമര്യാദകളും പാലിക്കുന്ന ക്രമീകരണം.

രാവിലെ തന്നെ എലി വീണതും, അവൾ അമ്മയുമായി ചേർന്ന് അതിനെ വധിച്ചതും, കുഴിച്ചിടാൻ എന്നെ ഏറെ കുലുക്കി വിളിച്ചിട്ടും ഉണരാത്തതും,  അവൾ പറമ്പിൽ ഇറങ്ങി അരയടി ആഴത്തിൽ കുഴിവെട്ടിയതും..

പാലുമായി വന്ന രഘുവരനോട് അമ്മ ആവേശത്തോടെ വിശദീകരിക്കുന്നുണ്ടായിരുന്നു.. അതിന്റെ പിന്നിൽ മറ്റു ചിലതുണ്ട്. രഘുവിന്റെ മരുമകൾ പശുവിന് പുല്ല് അരിയാൻ ആവശ്യപ്പെട്ട പട്ടാളക്കാരനായ ഭർത്താവിനെ ധിക്കരിച്ച് പി എസ് സി പരിശീലനത്തിന് പോയതും പോയതും, ബിവറേജസ് കടയിൽ ക്ലർക്ക് ആയി ജോലി കിട്ടിയതും,തർക്കങ്ങൾക്കും വഴക്കിനുമൊടുവിൽ വിവാഹമോചനം നേടിയതും ഓർത്തിട്ടാക്കണം ഒരു ദീർഘനിശ്വാസം മുറ്റത്ത് കുടഞ്ഞ് ഇട്ടിട്ടാണ് അയാൾ മടങ്ങിയത്.

അടുത്ത ദിവസം ചെറിയ എലി വീണു. ഭർത്താവിനെ കുലുക്കി വിളിക്കുക എന്ന ആചാരം ലംഘിക്കപ്പെട്ടു. അന്നുമുതൽ അരയടി കുഴി അവളുടെ മാത്രം ഉത്തരവാദിത്വം ആയി.. കുഴിച്ചിടാൻ എടുത്ത ആ കുഞ്ഞൻ എലിയുടെ മൃതശരീരം കണ്ട് ഒരല്പം അറിവ് തോന്നിയിട്ടാണ് അന്ന് രാത്രിയിൽ വീണ മറ്റൊരു എലിയെ ഞാൻ തുറന്ന് വിടാൻ ശ്രമിച്ചത്.. രക്ഷപ്പെടാനുള്ള സമയം ഞാൻ വാതിൽ തുറന്ന് വച്ചിട്ടും എലി പുറത്തേക്ക് ഇറങ്ങാൻ വിസമ്മതം പ്രകടിപ്പിച്ചു.. അതുമാത്രമല്ല  കഴിഞ്ഞ ഒരു നൂറ്റാണ്ടായി സംരക്ഷിക്കപ്പെടുന്ന എലിപ്പെട്ടിയിലെ  ആചാരമര്യാദകളെക്കുറിച്ചും, കെണിയുടെ പാരമ്പര്യ വിശ്വാസങ്ങളെക്കുറിച്ചും, ഭാര്യയുടെ  കർമ്മോത്സുകതയെക്കുറിച്ചും  എലി എന്നോട് വാതോരാതെ വാദിക്കാൻ  തുടങ്ങി.

അന്ന് എലിവധം മുതൽ സംസ്കാര ചടങ്ങുകൾ വരെ അവൾ ഒറ്റയ്ക്ക് ചെയ്തതിന്റെ സന്തോഷത്തിൽ  സിന്ദൂരം വീണ അവളുടെ  നെറ്റിയിൽ അമ്മ ചുംബിച്ചു. പാലുമായി വന്ന രഘുവരന്റെ ഭാര്യ അതുകണ്ട് പൊട്ടിക്കരഞ്ഞു പോയി. അമ്മ അവരെ ആശ്വാസിപ്പിച്ചു. അന്ന് വൈകിട്ട് ടെലിവിഷനിൽ പതിവ്രത എന്ന എഴുമുപ്പത്തിന്റെ പരമ്പര കാണുന്നതിനിടയിൽ ആവർത്തിച്ച് കാണിച്ച വിദ്യാബാലന്റെ പ്രസ്റ്റീജ് മിക്സിയുടെ പരസ്യം കണ്ട് അവളുടെ ഉള്ളിൽ അതിയായ ഒരാഗ്രഹം ഉദിച്ചു.അവൾ അമ്മയോട് പറഞ്ഞു. അമ്മയുടെ ഉള്ളിൽ വിദ്യാബാലന്റെ സുവിശേഷം മുഴങ്ങി.

 "കുടുംമ്പത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഒറ്റയ്ക്ക്  ചെയ്യേണ്ടിവരുമ്പോൾ അടുക്കളയിൽ എനിക്ക് ടെൻഷൻ ഒട്ടുമില്ല, കാരണം എന്റെ കൂട്ടിന്  പ്രസ്റ്റീജ് ഉണ്ടല്ലോ." വിദ്യാബാലന്റെ പ്രസ്റ്റീജ് പരസ്യം തുടർന്നുള്ള പരമ്പരകളായ പുത്രവധുവിലും,  കല്ലുപോലൊരു പെണ്ണിലും ഒന്ന് വീതം മൂന്ന് തവണ ആവർത്തിച്ചു. അടുത്ത ദിവസം വയലറ്റ് നിറമുള്ളതും അരയ്ക്കാനും, കുഴയ്ക്കാനും, അരിയാനും അടുക്കളയിൽ അവളുടെ സമ്മർദ്ദങ്ങൾ അകറ്റാനും കഴിവുള്ള മിക്സി അമ്മതന്നെ  സമ്മാനിച്ചു.സമ്മാനത്തിന്റെ സന്തോഷത്തിൽ അവൾ നിറഞ്ഞ കണ്ണോടെ അമ്മയെ ചുംബിച്ചു. ഇത്തവണ പാലുമായി വന്നത് രഘുവരന്റെ മകനായിരുന്നു. അയാൾ ഭാരത മാതാവിനെയും പാരമ്പര്യതത്തെയും സല്യൂട്ട് ചെയ്തു.

പത്ത് ബി ക്രേവൻ 99 കൂട്ടായ്മ വല്ലാതെ മാറിയിരിക്കുന്നു. ഞങ്ങൾ ഒരു കൂടിക്കാഴ്ച്ചയ്ക്ക് പദ്ധതിയിട്ടു. അതേ സ്‌കൂളിൽ അതേ ക്ലാസ് മുറിയിൽ, അതേ യൂണിഫോമിൽ ഒരു ദിവസം. വൈകിട്ട് അടുത്ത ഹോട്ടലിൽ പാർട്ടിയോടെ പിരിയുന്നു. സകുടുംബം എന്ന നിലപാടിനെ പൃഥ്വിരാജ് എതിർത്തു. എന്നിട്ടും സകുടുംബം എന്ന നിലപാട് വിജയിച്ചു.ഈ സന്തോഷം അവളോട് പറഞ്ഞിട്ടും മുഖത്ത് ഒരു സന്തോഷമില്ല.കഴിഞ്ഞ മൂന്ന് നാലുദിവസങ്ങളായി അവളുടെ മുഖത്ത് ഇതേ കരിനിഴൽ.

പ്രിയരേ,

അവൾ ചരിത്രപരമായ ഒരു പ്രതിസന്ധിയിലാണ്. എലിക്കെണിയിൽ കഴിഞ്ഞ ഒരു വാരമായി എലിയെത്തുന്നില്ല. എലിവേട്ട ഉൾപ്പെടെ പലതും ധർമ്മത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ആഴ്ച്ചവട്ടത്തിൽ അവസാന നാളിൽ സന്ദർശനം നടത്തിയ സഹോദരിയോടൊപ്പം മുറ്റത്ത് പുന്തോട്ടം ഒരുക്കി. മട്ടുപ്പാവിൽ ജൈവകൃഷി വിജയിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായി, ചെറിയ ചിട്ടികളിൽ ചേർന്നു. ഓണത്തിന് സംഘടിപ്പിച്ച മലയാളി മങ്കയിലും ചമ്മന്തി ഫെസ്റ്റിലും ഒന്നാമതായി. ഇതിലെല്ലാമുപരി രഘുവരന്റെ മകളെ വഴിയിൽ തടഞ്ഞ് ഉപദേശത്തിൽ തുടങ്ങി കൈയാങ്കളി വരെ ആയി. എന്നിട്ടും  അമ്മയോ അമ്മാമ്മയോ നാട്ടുകാരോ.

തന്നിലെ പെണ്ണിന് പുതിയ  വിശേഷണങ്ങൾ ഒന്നും നൽകുന്നില്ല. തന്റെ ധർമ്മചര്യകൾക്ക് കാര്യമായ ഇടിവ് വന്നോ എന്ന് അവൾ  സംശയിക്കുന്നു.. അങ്ങനെയാണ് ആ മഹത് ത്യാഗത്തിന്  അവൾ  തീരുമാനമെടുത്തത്.

ആ എലിക്കെണിയിലേക്ക് അവൾ സ്വയം പ്രവേശിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞ രഘുവരനും  കുടുംബവും തങ്ങളുടെ ഗോക്കളെ മുഴുവൻ ഞങ്ങൾക്ക് ദാനം ചെയ്ത് മറ്റാരും അറിയാതെ  പലായനം ചെയ്തു.

99വാട്‌സ് ആപ്പ്  കൂട്ടായ്മ ഭൂമിയിലെ രാജാക്കന്മാർ എന്ന് പേര് മാറ്റിയിരിക്കുന്നു. പൃഥ്വിരാജ് തന്നെ അഡ്മിൻ. അതിന്റെ ആദ്യ ഒത്തുചേരൽ ഇന്ന് പകൽ പത്ത് മണിയ്ക്ക് തീരുമാനിച്ചു. ഞാൻ വീട്ടിൽ നിന്ന് പുറത്തേക്ക്  ഇറങ്ങുമ്പോൾ അടുക്കളയുടെ ഒരു കോണിൽ അമ്മയും അമ്മാമ്മയും ഒന്നാമന്റെ നേതൃത്വത്തിൽ ഒരു യോഗം ചേരുകയാണ്. അതിനിടയിൽ രണ്ടാമൻ  അമ്മ, കൂട്  എന്ന വാക്കുകൾ ആദ്യമായി പറഞ്ഞത് ആ സംഘം ശ്രദ്ധിച്ചോ  എന്നറിയില്ല. അമ്മയും അമ്മാമ്മയും അവളുടെ ഈ  ത്യാഗത്തെക്കുറിച്ച്  രഘുവരനോട് പറയാൻ കാത്തിരിക്കുകയായിരുന്നു...!!


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല