ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന ശാസ്ത്രജ്ഞ. എ ലാമെന്റ് എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചു. ചെറുകഥകളും ഇംഗ്ലീഷിൽ ശാസ്ത്ര ലേഖനങ്ങളും എഴുതുന്നു. ഫോട്ടോഗ്രാഫിയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ചിക്കാഗോയിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു.

ക്രോമിയം

"കാലിഫോർണിയയിലെ ഹിങ്കളി എന്ന പ്രദേശത്ത് കാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഹിങ്കളിയുടെ പരിസരത്തുള്ള വെള്ളം പരിശോധിച്ചപ്പോൾ അതിൽ കണ്ടുപിടിക്കപ്പെട്ട ഹെക്സവാലെന്റ ക്രോമിയം എന്ന രാസവസ്തുവാണ് ഇതിന്റെ കാരണം എന്ന് സാമൂഹ്യപ്രവർത്തക ഏറൻ ബ്രോകവിച്ച് വെളിപ്പെടുത്തി. ഹിങ്കളിയിൽ നിന്നും രണ്ടു മൈൽ ദൂരമുള്ള പസിഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിസിറ്റി (പിജി ആന്റ് ഇ )കോർപ്പറേഷനിൽ നിന്നും പുറത്തു വിടുന്ന ഈ രാസവസ്തു, സമീപമുള്ള പുഴകളിലും തടാകങ്ങളിലും പിന്നീടത് ഹിങ്കളി താമസക്കാരുടെ കുടിവെള്ളത്തിലും എത്തിച്ചേരുന്നു എന്നും പഠനം തെളിയിച്ചു. ഇതിനോടനുബന്ധിച്ച് മിസ് ബ്രോകവിച്ച് (പിജി ആന്റ് ഇ)ക്കെതിരെ മുന്നൂറു മില്യൻ ഡോളറിന്റെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.” ഹിങ്കളി, കാലിഫോർണിയയിലെ ഹിങ്കളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് കാരൻ മില്ലർ, എൻ പി ആർ ന്യൂസ്.

ചോളവയലുകൾക്കിടയിലൂടെ ഇഴഞ്ഞുപോകുന്ന റൂട്ട് സിക്‌സ്റ്റി പതിവുപോലെ മയക്കത്തിലായിരുന്നു. പ്രഭാത സൂര്യൻ വാതിൽപ്പിറകെ നിന്ന് എത്തിനോക്കുന്നതേയുള്ളു. റേഡിയോയിൽ ചാനലുകൾ മാറ്റി അനായാസേന ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അമിയ ആ വാർത്ത കേട്ടത്. അധികം തിരക്കൊന്നുമില്ലാത്ത വിശാലമായ റോഡിലൂടെ ഇഷ്ടമുള്ള പാട്ടുകൾ കേട്ട് ഋതുക്കൾക്കൊപ്പം കുടമാറ്റം പോലെ മാറുന്ന പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്ര അമിയക്കു ഹൃദ്യമായ ഒരു ദിനചര്യയാണ്.

കമ്പനിയുടെ പാർക്കിങ്ങ്  ലോട്ടിൽ കാറുകൾ നിറഞ്ഞിരിക്കുന്നു. കോംപൗണ്ടിന്റെ ചുറ്റുമുള്ള മരങ്ങളിൽ ചുവപ്പും മഞ്ഞയും കലർന്ന ഇലകൾ കാവടിയാട്ടത്തിനൊരുങ്ങി നിൽക്കും പോലെ. അടുത്ത് തന്നെ ഈ മരങ്ങളിൽ ഒറ്റയില പോലും ബാക്കിയുണ്ടാവില്ലല്ലോ എന്നോർത്തപ്പോൾ ചെറിയൊരു വിഷമം തോന്നാതിരുന്നില്ല. ഒരു ഭ്രാന്തിയെപ്പോലെ വന്ന കാറ്റ് തണുപ്പിന്റെ പൊതിക്കെട്ടഴിച്ച് വിതറിയിട്ടോടിപ്പോയി. ചാറ്റൽ മഴയും കൂട്ടിനുണ്ട്. ഇതെല്ലാം വരാനിരിക്കുന്ന ശൈത്യകാലത്തിന്റെ മുന്നോടികളാണല്ലോ. ഇക്കൊല്ലം മഞ്ഞുവീഴ്ച മുൻ കൊല്ലങ്ങളെ അപേക്ഷിച്ചു കൂടുതലാകാനാണ് സാധ്യത എന്ന് കാലാവസ്ഥ പ്രവാചകർ പറയുന്നുണ്ട്.

ഓഫീസിലെത്തിയപ്പോൾ കൃത്യം എട്ടര. നേരിട്ടു മീറ്റിങ് റൂമിലേക്കാണ് പോയത്. വരുന്ന കൊല്ലത്തെ ബഡ്ജറ്റിനെക്കുറിച്ചുള്ള വിരസമായ ചർച്ച നീണ്ടുപോകുന്നു. അമിയയുടെ മനസ്സിൽ അപ്പോഴും ഹിങ്കളി എന്ന സ്ഥലത്തെ കാൻസർ രോഗികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഏറന്റെ ധൈര്യം അപാരം തന്നെ. ഇത്രയും വലിയ ഒരു കോർപ്പറേഷനെതിരെ കേസ് കൊടുത്ത്  സത്യം പുറത്തു കൊണ്ടുവരാൻ വെറും ഒരു സാധാരണക്കാരിയായ അവൾ അനുഭവിക്കുന്ന ത്യാഗങ്ങൾക്ക് കണക്കില്ല.

ഈ കാര്യത്തിൽ അമിയക്കും കമ്പനിക്കും എന്ത് ചെയ്യാൻ സാധിക്കും?

"അമിയ, ദിവാസ്വപ്നം കാണുകയാണോ?" ക്രിസിന്റെ ചോദ്യം കേട്ട് ജാള്യതയോടെ അവൾ പ്രസന്റേഷൻ ബോർഡിലേക്ക് മുഖം തിരിച്ചു. ബോർഡിൽ ചലിക്കുന്ന ചാർട്ടുകൾ മില്യന്റെയും ബില്യന്റെയും കണക്ക് പറഞ്ഞു. അമിയക്ക് എന്തുകൊണ്ടോ ഒന്നിലും ശ്രദ്ധയിരുത്താൻ കഴിഞ്ഞില്ല. 

എല്ലാ തിരക്കും ഒഴിഞ്ഞപ്പോൾ ഏകദേശം വൈകുന്നേരമായി. ക്രിസിന്റെ ഓഫീസിൽ വെളിച്ചമുണ്ട്. വാതിലിൽ മെല്ലെ മുട്ടി, അമിയ പുറത്തു നിന്നു.

"കമോണിൻ." ക്രിസ് അവളെ ക്ഷണിച്ചു.

വിശാലമായ മുറിയിൽ അവാർഡുകൾ, ഭാര്യയുടെയും കുട്ടികളുടെയും ചിത്രങ്ങൾ, കൂടാതെ ഒരുപാട് ബേസ്ബാൾ സ്മാരകങ്ങൾ. ബേബ് റൂത് ഒപ്പിട്ട ഒരു ബേസ്ബാൾ ചില്ലിട്ട അലമാരയിൽ പൂട്ടിവെച്ചിരിക്കുന്നു. ജനലിനു പുറത്ത് വിടപറയാൻ വെമ്പിനിൽക്കുന്ന പകലിന്റെ തുടുത്ത മുഖം മേപ്പിൾ മരങ്ങളുടെ വർണ്ണശോഭയിൽ കൂടുതൽ ചുവന്നിരുന്നു.

"ഹാവ് എ സീറ്റ് അമിയാ" കസേര ചൂണ്ടിക്കൊണ്ട് ക്രിസ് പറഞ്ഞു.

മുൻകൂട്ടി നിശ്ചയിക്കാത്ത ഈ കൂടിക്കാഴ്ച എന്തുകൊണ്ടായിരിക്കാം എന്നൊരു ആശങ്ക ക്രിസിന്റെ മനസ്സിൽക്കൂടി കടന്നുപോകാതിരുന്നില്ല. അമിയ ബുദ്ധിമതിയെന്നു മാത്രമല്ല എല്ലാവർക്കും വളരെ പ്രിയപ്പെട്ടവളും കൂടിയാണ്. റിസർച് ആൻഡ് ഡെവലപ്മെന്റ് ടീമിനെ നയിക്കാനുള്ള കഴിവും ശാസ്ത്രീയ നിപുണതയും. എല്ലാംകൊണ്ടും അമിയ ദിമിത്രി കോർപറേഷന്റെ അഭിമാനമാണ്.

അധികം വൈകാതെ തന്നെ അവൾ വന്ന വിഷയത്തിലേക്ക് കടന്നു. ദിമിത്രി കോർപറേഷന്റെ മൊത്തം വരുമാനം പതിനഞ്ചു ബില്യൻ. എന്നാൽ ദിമിത്രിയുടെ എതിരാളിയായ ആക്സോ കോർപ്പറേഷന്റെ വരുമാനം ഏകദേശം നാൽപ്പതു ബില്യനാണ്. മറ്റു പലരും രംഗത്ത് വന്നിട്ടുണ്ടെങ്കിലും ആക്സോവിനെ വെട്ടിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. അമിയയുടെ ആശയം കേട്ടപ്പോൾ ഉള്ളിൽ ചിരി വന്നുവെങ്കിലും കസേരയിൽ നിന്ന് എഴുന്നേറ്റുകൊണ്ടു ക്രിസ് പറഞ്ഞു, “അമിയ, നിന്റെ ഐഡിയ നല്ലതു തന്നെ. പക്ഷെ ഈ കൊല്ലത്തെയും അടുത്ത കൊല്ലത്തെയും പ്രോജക്ടും ബഡ്ജറ്റും നമ്മൾ തീരുമാനിച്ചു കഴിഞ്ഞില്ലേ? ഇനി അതിനു മാറ്റം വരുത്തുക എന്ന് പറഞ്ഞാൽ?”

ജനാലക്കപ്പുറം ഒരു കൊച്ചു പക്ഷി വന്നിരുന്ന് അവരെയൊന്നു നോക്കി പറന്നു പോയി. പുറത്തു കാറ്റിന് ശക്തി കൂടി വരുന്നു. തണുപ്പിൽ നിന്നും രക്ഷപ്പെടാൻ തെക്കൻ പ്രദേശങ്ങളിലേക്ക് ചേക്കേറുന്ന പക്ഷികൾ കൂട്ടംകൂട്ടമായി പറന്നകലുന്നു. പകലിന്റെ ചിതയിൽ ആളിക്കത്തുന്ന അസ്തമയം.

റിച്ചാർഡിനെ ബോധ്യപ്പെടുത്താൻ ഇനി നല്ല ബുദ്ധിമുട്ടാകും. നമുക്ക് ശ്രമിച്ചു നോക്കാം എന്ന് മാത്രമേ എനിക്ക് പറയാനാവൂ. യാതൊരു ഉറപ്പുമില്ല. റിച്ചാർഡ് ഇപ്പോൾ ഇവിടെയുണ്ട്. നാളെ ഞാൻ റിച്ചാർഡിന്റെ സെക്രട്ടറിയെ വിളിച്ച് ഒരു മീറ്റിംഗ് തരമാക്കാം. അദ്ദേഹത്തിനെ ബോദ്ധ്യപ്പെടുത്തുന്ന കാര്യം അമിയയുടെ കഴിവ് പോലെയിരിക്കും.

ക്രിസിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമിയയുടെ മനസ്സിൽ സന്തോഷവും ഒപ്പം ആവേശവും തിരതല്ലി. എന്തായാലും അദ്ദേഹം അവളുടെ ആശയം തീരെ തള്ളിക്കളഞ്ഞില്ലല്ലോ.

പിറ്റേ ദിവസം ശനിയാഴ്ചയായിരുന്നു. ആപ്പിൾ പറിക്കാൻ വിസ്കോൺസിനിനിലെ ഗ്രെഗ്‌സ് ഓർച്ചാർഡിൽ പോകാൻ നേരത്തെ പ്ലാൻ ചെയ്തിരുന്ന കാര്യം കുട്ടികൾ ഓടിവന്ന് പറഞ്ഞപ്പോഴാണ് അവൾ ഓർത്തത്. മോഹനെയും കുട്ടികളെയും നിരാശപ്പെടുത്തേണ്ടെന്ന് കരുതി വരാൻ പോകുന്ന മീറ്റിംഗിനെക്കുറിച്ചോ തയാറാക്കേണ്ട പ്രസന്റേഷനെക്കുറിച്ചോ ഒന്നും പറയാതെ അവൾ യാത്രയായി.

ഓർച്ചാർഡിൽ കുട്ടികൾ ഓടിക്കളിച്ച് ആപ്പിൾ പറിക്കുന്നു. കാറ്റിന് പഴുത്ത ആപ്പിളിന്റെ സുഗന്ധം. തടിച്ച അണ്ണാറക്കണ്ണന്മാർ ഇടയ്ക്ക് ആപ്പിൾ കടിച്ചുകൊണ്ട് മരങ്ങളായ മരങ്ങളിലെല്ലാം തത്തിക്കളിക്കുന്നുണ്ട്. കുട്ടികൾക്ക് രണ്ടുപേർക്കും ഓരോ സഞ്ചി കൊടുത്തുകൊണ്ട് ഓർച്ചാർഡിന്റെ ഉടമസ്ഥ പറഞ്ഞു, "എത്ര വേണമെങ്കിലും തിന്നാം, വീട്ടിൽ കൊണ്ട് പോകുന്നതിനു മാത്രം പണം തന്നാൽ മതി."

കാറിൽ നിന്നും ഒരു പിക്‌നിക്‌ ബാസ്‌ക്കറ്റ് എടുത്തുകൊണ്ട് മോഹൻ അവരെ  മാടി വിളിച്ചു. ഠാഫി ആപ്പിളും, പച്ച ആപ്പിളും എല്ലാം കഴിച്ച് ആർക്കും വിശപ്പുണ്ടായിരുന്നില്ല. എങ്കിലും പകുതി മുറിച്ച സാൻഡ്‌വിച്ചും ചിപ്‌സും കുക്കിയുമെല്ലാമെടുത്ത് മോഹൻ ഒരു ഷീറ്റിൽ നിരത്തി. കുട്ടികൾ ബഹളം വെച്ചുകൊണ്ട് ഓടിവന്നു.

“അമ്മാ, ലുക്ക്.. എന്റെ ബാഗിലല്ലേ കൂടുതല്”

 “അല്ലാ അല്ല.. എന്റെ ബാഗ് നോക്കൂ”

“വഴക്ക് കൂടിയാൽ രണ്ടാൾക്കും ഇനി വിഡിയോ ഗെയിം തിരില്ല്യാട്ടോ…” മോഹൻ പറഞ്ഞു.

കുടിക്കാൻ ആപ്പിൾ സൈഡറും, വേണ്ടവർക്ക് ഗ്രേപ്പ് ജ്യൂസും കൊടുത്തുകൊണ്ട് അമിയ പറഞ്ഞു,“ഒരുപാട് ആപ്പിൾ പറിച്ചില്ലേ? ഇനി വീട്ടിൽ പോകാം, എന്താ?” ഓർച്ചാർഡിൽ നിർത്താതെ ഓടിക്കളിച്ചതുകൊണ്ടു കുട്ടികൾ നല്ല പോലെ ക്ഷീണിച്ചിരുന്നു.

പിറ്റേ ദിവസം വീട്ടുപണിയെല്ലാം കഴിഞ്ഞപ്പോൾ ലാപ്‌ടോപുമായി അമിയ ഇരുന്നു. അവളുടെ ആശയം എങ്ങനെ ദിമിത്രി കോർപ്പറേഷന് ഉപകാരപ്രദമാകും? ഹെക്സവാലെന്റ ക്രോമിയം അളക്കാൻ നല്ല ടെസ്റ്റുകളൊന്നും നിലവിലില്ല എന്നാണ് ഗൂഗിളിൽ അന്വേഷിച്ചപ്പോൾ മനസ്സിലാക്കിയത്. കുടിക്കുന്ന വെള്ളത്തിലും മണ്ണിലും ക്രോമിയത്തിന്റെ ലെവൽ അളക്കാൻ പുതിയ ഉപകരണങ്ങൾ എത്രയും വേഗം കണ്ടുപിടിക്കണം. ദിമിത്രി കോർപ്പറേഷന് ഇതിൽ നല്ലൊരു പങ്കു വഹിക്കാൻ കഴിയണം.

അയൺ ക്രോമറ്റാഗ്രഫി എന്ന മെഷീൻ ദിമിത്രി കോർപ്പറേഷന്റെ അമൂല്യ സമ്പത്താണ്. അത് ഉപയോഗിച്ച് വെള്ളത്തിലെന്നല്ല എല്ലാത്തിലും മാരകമായ ക്രോമിയം എങ്ങനെ അളക്കാൻ സാധിക്കുമെന്നും അങ്ങനെ ദിമിത്രിയുടെ ഉപകരണങ്ങൾ പിജി ആന്റ് ഇ ക്ക് മാത്രമല്ല ലോകത്തെൻപാടുമുള്ള ഒരുപാട് കമ്പനികൾക്കും ഉപയോഗപ്രദമാക്കാൻ കഴിയുമെന്നും അവൾക്ക് സമർത്ഥിക്കാൻ കഴിയണം. മനസ്സിന്റെ ക്യാൻവാസിൽ നിറക്കൂട്ടുള്ള ചിന്തകൾ ഒലിച്ചിറങ്ങി.

റിച്ചാർഡുമായുള്ള മീറ്റിങ്ങിന് വെറും അഞ്ചു ദിവസത്തിന്റെ ദൈർഘ്യമേയുള്ളൂവെങ്കിലും ഓരോ ദിവസവും ഒരു യുഗം പോലെ അവൾക്കു തോന്നി. എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം? ഈ അവസരം എങ്ങനെ പ്രസക്തമാക്കണം? ആരുടെയെല്ലാം പിന്തുണ ഈ കാര്യത്തിൽ ലഭിക്കും?.

വെള്ളിയാഴ്ച രാവിലെ പത്തു മണിക്കായിരുന്നു മീറ്റിങ്. ബ്ലാക്ക് സ്യൂട്ട്, നീല ബ്ലൗസ്, ഹൈഹീൽ ഷൂ, കറുത്ത മൈക്കൽകോർ ഹാൻഡ് ബാഗ്, മുഖത്ത്  നേരിയ മേക്കപ്. ഒരുക്കമെല്ലാം കഴിഞ്ഞപ്പോൾ, നെറ്റിയിൽ പതിയെ ചുംബിച്ചുകൊണ്ട് മോഹൻ അവൾക്ക് നന്മ നേർന്നു.

ദിമിത്രി കോർപറേഷന്റെ സി.ഇ.ഓ റിച്ചാഡ് ഹെർസ്റ്റിനെ ആദ്യമായി കാണുകയാണ്. ഏകദേശം ആറടി നാലിഞ്ച് ഉയരം, ദൃഢമായ ഹാൻഡ് ഷേക്ക്, എല്ലാത്തിനുപരി ആരെയും വശീകരിക്കുന്ന പുഞ്ചിരി.

"ഇത് അമിയ മേനോൻ, ആർ ആൻഡ് ഡി യുടെ ചീഫ് സയന്റിസ്റ്റ്. ടാർഗറ്റഡ് തെറാപ്പിയിൽ ഒരുപാട് ഗവേഷണം ചെയ്തിട്ടുണ്ട്" അമിയയെ പരിചയപ്പെടുത്തിക്കൊണ്ടു ക്രിസ് പറഞ്ഞു.  

ബ്രോകവിച്ച് പ്രോജക്ടിന്റെ ആസൂത്രണങ്ങൾ അവൾ പവർപോയിന്റിൽ വിശദീകരിച്ചു. ഇടക്കെല്ലാം റിച്ചാർഡിന്റെ കൗതുകം കൂറുന്ന കണ്ണുകളെ അവൾ കാണാതിരുന്നില്ല.

“അമിയ, ദിസ് ഈസ് എ ഗ്രേറ്റ് ഐഡിയ. എന്നാൽ ഒരു പ്രശ്നമുണ്ട്. ഇപ്പോൾ അംഗീകരിച്ച എല്ലാ പ്രോജക്ടുകളും ദിമിത്രിക്ക് അത്യാവശ്യമാണ്. എന്നുമാത്രമല്ല, ഇപ്പോൾ പുതിയ ശാസ്ത്രജ്ഞരെ ഈ പ്രോജക്ടിലേക്കു നിയമിക്കാനും സാധ്യമല്ല. ഇത് അടുത്ത കൊല്ലത്തേക്ക് മാറ്റിവെച്ചാലോ?"

“റിച്ചാർഡ്,  ഈ പ്രോജക്റ്റ് നമ്മൾ എത്രയും വേഗം തുടങ്ങണം. നമ്മൾ വൈകിയാൽ ആക്സോയും മറ്റു പലരും എടുത്തു ചാടും. തൽക്കാലം ഞാൻ തന്നെ ലാബിൽ പോകാം."

ആർ ആൻഡ് ഡിയുടെ മാനേജർ ആയതിനു ശേഷം അവൾ ലാബിൽ പോകാറേയില്ല. വലിയ ഒരു ടീം ശാസ്ത്രജ്ഞർ അമിയയുടെ കീഴിൽ ഉള്ളതുകൊണ്ട് ലാബിലെ ജോലികളെല്ലാം അവരുടെ ചുമതലയാണ്. അമിയ ലാബിൽ പോകുന്ന കാര്യം ക്രിസിനു തീരെ പിടിച്ചില്ലെങ്കിലും അവളുടെ ജാഗ്രത അയാളെ സന്തുഷ്ടനാക്കി. പ്രോജക്റ്റ് തുടങ്ങാനുള്ള അനുവാദം കിട്ടിയതും രാപ്പകൽ ഭേദമില്ലാതെ അമിയ ഗവേഷണത്തിൽ മുഴുകി. ക്രോമിയം വേർതിരിച്ചിടുക്കുവാനുള്ള രാസമിശ്രിതം കണ്ടുപിടിക്കണം. അതാണ് ഈ ഗവേഷണത്തിന്റെ പ്രധാന കാര്യം. ബാക്കിയെല്ലാം താരതമ്യേന എളുപ്പമാണ്.

ഒക്ടോബർ മാസം അവസാനിക്കാറായി. അമേരിക്കയിൽ വന്ന കാലത്ത് ശരത്ക്കാലം അമിയയുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത പകർന്നിരുന്നു. പക്ഷികളെപ്പോലും കാണാൻ കഴിയാതെ ശൈത്യകാലം ഏകാന്തതയുടെ പര്യായമായി മാറുമ്പോൾ ഗൃഹാതുരതയിൽ അവളുടെ മനം നീറാറുണ്ടായിരുന്നു. എന്നാൽ പതുക്കെ പതുക്കെ ആ ദുഃഖം അലിഞ്ഞില്ലാതായി എന്ന് മാത്രമല്ല, ഇപ്പോൾ ശരത്ക്കാലം അവളുടെ ഏറ്റവും പ്രിയമുള്ള ഋതുവായി മാറിയിരിക്കുന്നു. എവിടെ നോക്കിയാലും നിറങ്ങളുടെ ചായക്കൂട്ടുകൾ. ശരത്ക്കാലം രണ്ടാമത്തെ വസന്തമാണെന്നും ഓരോ ഇലകളും ഓരോ പൂവായി മാറുന്നുവെന്നും കവി പറഞ്ഞത് എത്ര സത്യം..

ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂർ പോരാ എന്ന് തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴാണ് പുതിയ പ്രോജക്ടിലേക്ക് ഒരാളെ നിയമിക്കാനുള്ള അനുവാദം കിട്ടിയത്. എന്തൊരാശ്വാസം. പതിവുപോലെ മീറ്റിങ്ങുകൾക്കിടയിൽ മെസ്സേജുകൾ നോക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.

"അമിയ, ഓർമ്മയുണ്ടോ. ഞാൻ റാം കുൽക്കർണി. സുഖം തന്നെയോ?"

റാം കുൽക്കർണി. എവിടെയാണ് കണ്ടത്? അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ സമ്മേളനത്തിൽ പ്രസന്റെഷൻ കഴിഞ്ഞ് പോഡിയത്തിൽ നിന്നും ഇറങ്ങുമ്പോൾ നീട്ടിയ കൈയുമായി നിന്നിരുന്ന ചെറുപ്പക്കാരൻ. കട്ടി കണ്ണടയും കനത്ത ഇന്ത്യൻ ഇംഗ്ലീഷിന്റെ ഉച്ചാരണവുമുള്ള റാം കുൽക്കർണി.

"അമിയ, നിങ്ങളുടെ കമ്പനിയിൽ ഒരു സയന്റിസ്റ്റിനെ ആവശ്യമുള്ള പരസ്യം കണ്ടു. പി.എച്ച്.ഡി കഴിഞ്ഞതിനു ശേഷം ജോലിയൊന്നുമായിട്ടില്ല. ഭാര്യക്കും ജോലിയൊന്നുമില്ല. രണ്ടു കുട്ടികളുമുണ്ട്. സഹായിക്കണം." ഫോണിന്റെ അപ്പുറത്തു നിന്നുമുള്ള വാക്കുകളിൽ യാചന തളംകെട്ടി നിന്നിരുന്നു.

പലരുടെയും കൂട്ടത്തിൽ റാമിനെയും ഇന്റർവ്യൂ ചെയ്യാൻ അമിയ തീരുമാനിച്ചു. എട്ടു പേരുള്ള ഇന്റർവ്യൂ പാനലാണ് റാമിനെ ചോദ്യം ചെയ്തത്. എക്സ്പീരിയൻസ് കുറവാണ്, എങ്കിലും അമിയയുടെ പരിചയക്കാരനാണല്ലോ? ഒപ്പിക്കാം.

ഏകദേശം രണ്ട് ആഴ്ച്ചകൾക്ക് ശേഷം റാമിനെ, ദിമിത്രി കോർപറേഷനിലേക്കു സ്വാഗതം ചെയ്തുകൊണ്ട് അമിയ പറഞ്ഞു, “ഡോക്ടർ റാം കുൽക്കർണി, വെൽക്കം ടു ദിമിത്രി കോർപ്പറേഷൻ.” റാമിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുമ്പോൾ ഒരു കുടുംബത്തെ രക്ഷിക്കാൻ കഴിഞ്ഞതിൽ അവൾ ഉള്ളിന്റെ ഉള്ളിൽ സന്തോഷിച്ചു.

"അമിയ, ബി കെയർഫുൾ. റോഡിൽ നിറയെ മഞ്ഞു വീണിട്ടുണ്ട്. എവിടെയെങ്കിലും കാറ് സ്കിഡ് ചെയ്‌താൽ നീ ഒറ്റയ്ക്ക് എന്ത് ചെയ്യും?” ഡിസംബറിലെ തണുപ്പിൽ എല്ലു പൊടിഞ്ഞാലും കുട്ടികളെ ഉറക്കിക്കിടത്തികൊണ്ടു വീണ്ടും ലാബിൽ പോകാൻ ഒരുങ്ങുമ്പോൾ മോഹൻ പറയും. ഒന്നും പറയാതെ നേർത്ത ആലിംഗത്തിന് ശേഷം അവൾ പുറത്തിറങ്ങും.

ലാബിലെ പരീക്ഷണങ്ങൾ പലതും പരാജയമായിരുന്നു. ദിവസങ്ങൾ മാസങ്ങളായി മാറാൻ തുടങ്ങിയപ്പോൾ ക്രിസ് ആകുലനായി.

"ആർ യു റെഡി ടു ത്രൊ ദി ടവൽ?"

“നോ, നോട്ട് യെറ്റ്” അവൾ പറഞ്ഞു.

“ഓകെ. ഒരു മാസം കൂടി തരാം. റാമിന്റെ ട്രെയിനിങ് കഴിഞ്ഞാൽ അയാളും ഈ പ്രോജെക്ടിൽ ചേരുമല്ലോ.”

ലാബിലെ മെഷീനുകൾക്ക് വിശ്രമമില്ലാത്ത അദ്ധ്വാനം. കംപ്യുട്ടറിന്റെ സ്‌ക്രീനിൽ കണ്ണുംനട്ട് രാത്രികൾ പകലാക്കി അമിയ ജോലി തുടർന്നു.

ഒരു രാത്രി അത് സംഭവിച്ചു. അവൾക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. ഹിങ്കളിയിലെ വെള്ളത്തിന്റെ ഒരു സാംപിളിന്റെ ഗ്രാഫിൽ.

റാം അവളുടെ സന്തോഷത്തിൽ പങ്കു ചേർന്നു.

ദിമിത്രിയുടെ ഉപകരണങ്ങളും അമിയയുടെ രാസവസ്തുവിന്റെ കണ്ടുപിടിത്തവും ചേർന്നപ്പോൾ ഹിങ്കളിയിലെ മനുഷ്യർക്കല്ല ലോകത്തിലെ എല്ലാ ജനങ്ങൾക്കും ഇനി ശുദ്ധജലം ലഭിക്കും.

അന്ന് രാത്രി തളർന്ന ശരീരം മോഹന്റെ മടിയിൽവെച്ചുകൊണ്ട് അവൾ പറഞ്ഞു. “എറിൻ ബ്രോകവിച്ചുമായി ഞാൻ സംസാരിക്കുന്പോൾ അവൾ എന്താണാവോ പറയുക?"

“വെള്ളം ശുദ്ധമാക്കിയ മിസ്സിസ് ജീസസ്. അല്ലാതെ എന്ത് പറയാൻ?”

കവിളിൽ ഉമ്മ വെച്ചുകൊണ്ട് മോഹൻ അവളെ കളിയാക്കി  "ഓ.. എന്റെ ശാസ്ത്രഞ്ഞേ, എനിക്ക് നിന്നെ തിരിയെ കിട്ടി. ഇനി സമാധാനത്തോടെ ഒന്ന് കെട്ടിപ്പിടിച്ചുറങ്ങാലോ...”

ലാബിലെ കാര്യങ്ങൾ റാമിനെ ഏല്പിച്ച് അമിയ, ബ്രോകവിച് റിപ്പോർട്ട് തയാറാക്കാൻ ഇരുന്നു. ബോറബോറയിൽ ഒഴിവുകാലത്തിന് പോയിരിക്കുകയായിരുന്ന ക്രിസിനെ ഈ സന്തോഷവാർത്ത അറിയിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ അവൾക്ക് വല്ലാത്ത നിരാശ തോന്നി. സങ്കടത്തെക്കാൾ സന്തോഷത്തിൽ പങ്ക് ചേരാനാണ് കൂടെ ആരെങ്കിലുമൊക്കെ വേണ്ടതെന്ന് തോന്നിയ പല നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.   

പതിവില്ലാതെ മോഹൻ ഫോണിൽ വിളിച്ചപ്പോൾ കുട്ടികൾക്കാർക്കെങ്കിലും പനിയാകും ഇപ്പോൾ സ്കൂളിൽ പോയി അവരെ കൂട്ടിക്കൊണ്ടു പോകേണ്ടി വരുമെന്നാണ് ഓർത്തത്.

പക്ഷെ, 

“നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. അമിയ ഉടനെ പൊയ്ക്കൊള്ളൂ. അമ്മയല്ലേ… “

രണ്ടാഴ്ചയ്ക്കുള്ള ലീവ് രണ്ടു മാസത്തേക്ക് നീട്ടേണ്ടി വന്നു. അമ്മയുടെ ചിതക്കരികിൽ നിന്ന് വിതുമ്പുപോൾ ഒരു നനുത്ത കാറ്റ് വന്നു തലോടി.

“ഇനി നീ വൈകാതെ തിരിച്ചു പോകൂ. അവിടെ മോഹനും കുട്ടികളും തനിച്ചല്ലേ” അതെ... അമ്മ എപ്പോഴും പ്രായോഗികമായേ ചിന്തിക്കൂ.

തെങ്ങുകൾക്ക മീതെ പറന്നുയരുമ്പോൾ അമ്മയുടെ വാക്കുകൾ പിന്തുടർന്നു.

എങ്കിലും ഞാൻ തിരിച്ചു വരും. അതെ വീണ്ടും…

ആർബറിൽ തിരിച്ചെത്തിയതിന്റെ പിറ്റേ ദിവസം തന്നെ അവൾ ജോലിയിൽ പ്രവേശിച്ചു. ക്രിസ് പുതിയ ജോലിയുമായി കമ്പനി വിട്ടിരുന്നു. കമ്പനിയിൽ പല മാറ്റങ്ങളും വന്നിട്ടുള്ളത് അവൾ ശ്രദ്ധിച്ചു. കുറച്ചെല്ലാം കാര്യങ്ങൾ നാട്ടിലായിരിക്കുബോ തന്നെ അറിഞ്ഞിരുന്നു എങ്കിലും, ഇത്രക്ക് മാറ്റം?

റാം കുൽക്കർണി പുതിയ ഒരു ഓഫീസിൽ ഇരിക്കുന്നു. അമിയയെ കണ്ടപ്പോൾ, സന്തോഷത്തോടെ അയാൾ ഓടി വന്നു.

"സ്വാഗതം അമിയ. ഞാൻ ഷാരനോട് അമിയയുമായി ഒരു മീറ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ വിവരങ്ങൾ പറയാം."

റാം വല്ലാത്ത തിരക്കിലാണ്. എന്തോ ഒരു പന്തികേട്. വൈകുന്നേരം ഓഡിറ്റോറിയത്തിൽ ബ്രോകവിച്ച് പ്രോജക്ടിന്റെ സത്‍കാരം!

റാം കുൽക്കർണിയെ പരിചയപ്പെടുത്തിക്കൊണ്ട് സി.ഇ.ഓ റിച്ചാർഡ് തുടർന്നു.

"റാമിന്റെ കണ്ടുപിടുത്തം ദിമിത്രി കോർപറേഷന്റെ ഉയർച്ചയിലേക്കുള്ള ഒരു കുതിച്ചുചാട്ടമാണ്. പേറ്റന്റിന് അപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ആക്സോ കോർപ്പറേഷൻ ഇനി ദിമിത്രിക്കു പുറകിൽ. ബോർഡ് ഓഫ് ഡിറക്ടേഴ്‌സിന്റെ മീറ്റിംഗിൽ ദിമിത്രിയുടെ സ്റ്റോക്ക് വില 200 ഡോളറിനധികമാകുമെന്ന വാഗ്ദാനം. ഡോ. റാം കുൽക്കർണി ദിമിത്രിയുടെ ഭാവിയാണ്. ലെറ്റ് അസ് ഗിവ് ഹിം എ ബിഗ് റൌണ്ട് ഓഫ് അപ്പ്ലോസ്…”

പോഡിയത്തിലേക്ക് ഓടിക്കയറുന്ന റാമിനെ കണ്ടില്ലെന്ന് നടിച്ച് അവൾ മഞ്ഞിലേക്ക്‌ ഇറങ്ങി നടന്നു. ഡിസംബറിലെ കാറ്റിന്റെ കാഠിന്യം തണുത്ത സിരകളിൽ ഉറഞ്ഞു കൂടി. ബൂട്സിനടിയിൽ പൊടിയുന്ന മഞ്ഞിന്റെ ശബ്ദം അവളെ പിന്തുടർന്നിരുന്നു.

കാറിനെ പൊതിഞ്ഞിരിക്കുന്ന മഞ്ഞു ചുരണ്ടിക്കൊണ്ട് അവൾ പോക്കറ്റിൽനിന്നും സെൽ ഫോണെടുത്തു മോഹനെ വിളിച്ചു .

"ലഞ്ചിന്‌ ഞാൻ വീട്ടിലെത്തും. ഇനി എന്നും…”Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല