കോഴിക്കോട് ഫറൂഖ് സോപാനം ആയുർവേദ ഫൗണ്ടേഷനിൽ മെഡിക്കൽ ഓഫീസർ. ആനുകാലികങ്ങളിൽ എഴുത്തുന്നു. സാമൂഹിക മാധ്യമത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഫ്രൈഡേ സീരീസിന്റെ രചയിതാവ്.

ബിഹാഗ്

സിന്ദൂരം മായ്ഞ്ഞു ചൂടടങ്ങിയ വാനം. വെള്ളയണിഞ്ഞ് ഒരു മരവിപ്പോടെ ഉറങ്ങാൻ ഒരുങ്ങുന്നതിനു മുൻപ്  പരന്നുതുടങ്ങുന്ന ഇരുട്ട്. അങ്ങിങ്ങായി തെളിഞ്ഞു തുടങ്ങുന്ന വിളക്കുകൾ. അന്തരീക്ഷത്തിലെ തണുപ്പിൽ ലയിച്ചു കിടക്കുന്ന രാത്രിയുടെ മണത്തിൽ സാമ്രാണിയുടെയും കർപ്പൂരത്തിന്റെയും സുഗന്ധം. അടുത്തെവിടെനിന്നോ കാറ്റിലൊഴുകിയെത്തുന്ന ബിഹാഗ് രാഗം. വിവാഹസന്ധ്യകളെ അലങ്കരിക്കാൻ തിട്ടപ്പെടുത്തിയ ആ രാഗം പുതുജീവിതത്തിന്റ ഋതുഭേദം വിളിച്ചോതുന്നു. ഒരുക്കങ്ങൾക്ക് സമയമായി. മുൻപെപ്പൊഴോ ആ രാഗം കേട്ടത്തിന്റെ അവ്യക്തമായ ഒരു രസം മനസ്സിലേക്ക് തികട്ടിവന്നെങ്കിലും മിത്രയ്ക്ക് അതെന്താണെന്ന് അറിയാൻ കഴിഞ്ഞില്ല. മിത്ര ലഹരിയുള്ള വർത്തമാനകാലത്തിന്റെ അടിമയായി മാറിക്കഴിഞ്ഞിരിക്കുന്നു. മംഗല്യംമുഹൂർത്തം അടുത്ത ഒരു വധുവിന്റെ നെഞ്ചിടിപ്പോടെ അവൾ കാതോർത്തു.

 'ലട്ട് ഉല്ജി സുല്ജാ ജാ ബാലമ്...

 ലട്ട് ഉല്ജി സുല്ജാ ജാ ബാലമ്...'

മിത്ര ശ്വാസം ഉള്ളിലേക്ക് നീട്ടി വലിച്ചു, കാറ്റിലലയടിച്ചു വരുന്ന രാഗം സിരകളിൽ അലിഞ്ഞു ചേർന്നു ലഹരി പകരും വരെ. ആ വരികൾ തന്നോട് എന്തൊക്കെയോ ആജ്ഞാപിക്കുന്നു. അനുസരിക്കാതെ വയ്യ. കല്പനകൾ അനുസരിച്ച് മാത്രം ശീലിച്ച മനസ്സിന് തീരുമാനങ്ങളോ മറുചോദ്യങ്ങളോ ഇല്ല. അനുസരിക്കുക, അത് മാത്രമാണ് ജീവിതലക്ഷ്യം. അത് നിറവേറ്റാൻ പരാജയപ്പെട്ടാലുള്ള കടുത്ത ശിക്ഷകൾ മിത്രയുടെ ഉപബോധമനസ്സിലെവിടെയോ ഉണങ്ങിയാലും വികൃതമായ മുറിപ്പാടുകളായി അവശേഷിക്കുന്നുണ്ടാവും. അതുകൊണ്ട് തന്നെ ഒരു കല്പനകളും അനുസരിക്കാതിരിക്കാൻ മിത്രയ്ക്ക് ആവില്ല. മിത്ര അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ തന്റെ മുടിയിഴകളിലൂടെ വിരലുകളോടിച്ചു. 

'ലട്ട് ഉല്ജി സുല്ജാ ജാ ബാലമ്...'

'ലട്ട് ഉല്ജി സുല്ജാ ജാ ബാലമ്...'

പ്രിയമുള്ളവളേ.... നിന്റെ കുടുങ്ങിക്കിടക്കുന്ന  മുടിയിഴകളെ അഴിച്ചു സ്വാതന്ത്രരാക്കൂ..... 

'ലട്ട് ഉല്ജി.....'

കുടുക്ക് വീണിരിക്കുന്നു. അഴിക്കാൻ പറ്റാത്ത കുടുക്കുകൾ. അഴിച്ചേ പറ്റൂ. സ്വാതന്ത്ര്യം മുടിയിഴകൾക്കും ആനന്ദം തന്നെയാവും. 

താനിരിക്കുന്ന തറയ്ക്ക് സാധാരണത്തിലും തണുപ്പ് അനുഭവപ്പെടുന്നു. കുളിര് അന്തരീക്ഷത്തിനാണോ മനസിനാണോ കൂടിയതെന്ന് മിത്ര അറിയുന്നില്ല.

മുടികളുടെ കുടുക്ക് തീർക്കുന്നതിനിടയിൽ ജനാലയിലൂടെ അകത്തേക്ക് വീഴുന്ന നിലാവിലേക്ക് നീട്ടിവെച്ച തന്റെ കാലുകളിൽ പതിഞ്ഞ നോട്ടം, നെഞ്ചിലെവിടെയോ ഒരു കൊള്ളിയാൻ പാഞ്ഞത് പോലെ രോമാഞ്ചമുണ്ടാക്കി. അവൾ ഇടത്തെ കൈകൊണ്ട് തന്റെ കാലിൽ കിടക്കുന്ന കാരിരുമ്പിന്റെ സൗന്ദര്യത്തെ തലോടി. തന്റെ കാലുകളിൽ ഭാരം കൂടുന്നതായി അവൾക്ക് തോന്നി. മിത്ര തന്റെ പ്രണയം മുഴുവൻ തന്നെ പുണർന്നുറങ്ങുന്ന ആ ഒറ്റ ബിന്ദുവിലേക്ക് കേന്ദ്രീകരിച്ചു കഴിഞ്ഞിരുന്നു. മുറിയിൽ വീണ നിലാവിൽ അയാളുടെ വട്ടമുഖം തിളങ്ങി. അയാൾ മിത്രയുടെ നോട്ടം തന്നെ സ്പർശിച്ചതറിഞ്ഞു നോക്കിയത് പോലെ കണ്ണു തുറന്ന് മിത്രയെ നോക്കി. മിത്രയുടെ മനോവ്യാപാരങ്ങൾ അറിയുന്ന അയാൾ നിലത്ത് മലർന്നു കിടന്ന് കുലുങ്ങി ചിരിച്ചു. ചങ്ങലക്കണ്ണികൾ തമ്മിൽ പുണരുന്ന ശബ്ദത്തിൽ. അയാൾ എഴുന്നേറ്റ് മിത്രയുടെ സമീപം ചുമരിൽ ചാരിയിരുന്നു. മിത്ര അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകൾക്ക് രാത്രിയുടെ നിറവും ആഴവും ഉണ്ട്. നോക്കിയിരിക്കുമ്പോൾ താനാ ആഴങ്ങളിൽ മുങ്ങി ഏതോ അഗാധതയിൽ തിരിച്ചു വരാൻ വഴിയറിയാതെ അലഞ്ഞുതിരിയുന്നതായി മിത്രയ്ക്ക് തോന്നാറുണ്ട്.  

അയാളുടെ കൈവിരലുകൾ മിത്രയുടെ മുടിയിഴകളെ തഴുകി. മിത്ര കണ്ണുകളടച്ച് ചുമരിലേക്ക് തല ചായ്ച്ചു. അടുത്ത് വരുന്ന അയാളുടെ നിശ്വാസത്തിന്റെ ചൂടിൽ മിത്രയുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. തന്റെ നെറ്റിയിലേക്ക് പടർന്ന അയാളുടെ കൈവിരലുകളിലെ കാന്തികപ്രവാഹം അവളെ കോരിത്തരിപ്പിച്ചെങ്കിലും മിത്ര കണ്ണുതുറക്കാതെ അയാളുടെ സാമീപ്യത്തിന്റെ ആനന്ദത്തെ മുഴുവനായി തന്നിലേക്കാവാഹിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒരു നേർവരയിൽ തന്റെ മൂക്കിലൂടെ ഊർന്നിറങ്ങി ചുണ്ടുകളിൽ ആ ഊർജം തട്ടി നിന്നപ്പോൾ, അനുഭവിച്ചു മാത്രമറിയാൻ സാധിക്കുന്ന പ്രണയോന്മാദത്തിന്റെ തീവ്രതയിൽ മിത്രയുടെ ശരീരം ജ്വലിക്കാൻ തുടങ്ങി. മിത്ര തന്നെ അയാൾക്ക്‌ സമർപ്പിച്ച് ആ അലൗകിക നിമിഷങ്ങളുടെ നിർവൃതിയിലലിഞ്ഞു ചേർന്നു. 

ചീവീടുകളുടെ ചിലപ്പുയർന്ന രാത്രിയുടെ ഏതോ  യാമത്തിൽ മിത്ര കണ്ണുതുറന്നു. 

'മിത്രാ.... ഉറക്കം വരുന്നുണ്ടോ?'

'ഇല്ല.' മിത്ര ഒരാലസ്യത്തോടെ മറുപടി പറഞ്ഞു 

'മിത്രാ...കേൾക്കുന്നില്ലേ ഒഴുകി വരുന്ന ബിഹാഗ് രാഗം?'

'ഉം. ' 

'ഒരു ചടങ്ങായി മാത്രം ബാക്കി നിൽക്കുന്ന നമ്മുടെ വിവാഹത്തിന്റെ മുഹൂർത്തം അടുത്ത് വരുന്നു.'

'ഉം.' മിത്ര തെളിഞ്ഞു വരുന്ന നാണത്തിന്റെ ചുവപ്പ് മായ്ക്കാൻ കവിൾ അമർത്തി തുടച്ചു.

എന്തൊക്കെയോ ഉറപ്പിക്കാനായി എന്ന പോലെ അയാളിൽ നിന്നും വീണ്ടും ചോദ്യം ഉയർന്നു.  'മിത്രാ.... നീയെന്നെ എന്നും ഇതുപോലെ പ്രണിയിക്കുമോ? '

'ഉം.' തന്റെ ആത്‌മാവിനെ സ്വാതന്ത്രമാക്കിയ ആ പ്രണയത്തെക്കുറിച്ച് വിശദീകരിക്കാൻ അവൾക്ക് വാക്കുകൾ ഇല്ലായിരുന്നു. 

അവൾ മറ്റൊരു ലോകത്തായിരുന്നു. പ്രണയാതുരമായ തന്റെ ഭ്രാന്തമായ മനസ്സിന്റെ സഞ്ചാരദിശകളൊന്നും തന്നെ മിത്രയ്ക്ക് മനസ്സിലാക്കാനാകുമായിരുന്നില്ല. മിത്ര ഒരു ഒഴുക്കിൽ പെട്ടപോലെ അങ്ങനെ ഒഴുകുകയായിരുന്നു. ദൈവികമായ ഒരു പ്രണയത്തിന്റെ നിലനിൽപ്പ് എന്നാണ് അവൾ അറിഞ്ഞു തുടങ്ങിയത്? സംഗീതത്തിൽ മനസ്സ് അലിഞ്ഞു ചേർന്നപ്പോഴോ? വിവാഹം കഴിഞ്ഞു ശരീരം മറ്റൊരാളുടേതായി തീർന്നപ്പോഴോ? അല്ല. അപ്പോഴൊന്നും ആയിരുന്നില്ല. അയാൾ... അവളുടെ ന്യൂനതകളെയെല്ലാം അംഗീകരിച്ച്, അവളുടെ സംഗീതത്തെ സ്നേഹിച്ച്, അവളുടെ മനസ്സിന്റെയും ശരീരത്തിന്റെയും ശൂന്യതകളിൽ പ്രണയത്തിന്റെ ഊർജം നിറച്ച അയാളുടെ കടന്നു വരവാണ് മിത്രയെ ഒരു ഉണങ്ങിയ പുൽക്കൊടിയിൽ നിന്ന് പുഷ്പ്പിച്ചു നിൽക്കുന്ന മനസ്സ് കൊണ്ടു ചിരിക്കുന്ന പൂമരമാക്കി മാറ്റിയത്. അവളാ പ്രണയ മരീചികയിൽ വേർതിരിക്കാനാവാത്ത വിധം ലയിച്ചു കഴിഞ്ഞിരുന്നു. 

'മിത്രാ....' അയാളുടെ വിളി മിത്രയെ സ്വപ്നാടങ്ങളിൽ നിന്നും പിടിച്ചു നിർത്തി. 

അയാൾ പുഞ്ചിരി വിടർന്ന മുഖത്തോടെ മിത്രയെ നോക്കി പറഞ്ഞു. 'ഒരുങ്ങൂ....'

സംഗീതം തളം കെട്ടിനിൽക്കുന്ന ചുമരുകൾക്കുള്ളിൽ വളർന്ന മിത്രയുടെ പ്രാണവായുവും അതു തന്നെയായിരുന്നു. രാഗങ്ങളിൽ മുഴുകി ജീവിച്ച മിത്രയുടെ വിവാഹം അതുമായി ഒരു ബന്ധവുമില്ലാത്ത ഒരാളോടാണ് നടന്നത്. ഒരു ബന്ധുവിന്റെ വിവാഹവേളയിൽ മിത്രയെ കണ്ടിഷ്ടപ്പെട്ട ഒരു മേലുദ്യോഗസ്ഥന്, തന്റെ ഭാവി ഭദ്രമാക്കാൻ കൂടി വേണ്ടിയാണ്, കുടുംബപാരമ്പര്യം അറിഞ്ഞിട്ടും അയാൾ മിത്രയെ വിവാഹം കഴിക്കാൻ തയ്യാറായെന്നു വാദിച്ച്, മിത്രയുടെ സഹോദരൻ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചത്. ആ വിവാഹം സംഗീതത്തിന് കല്പിച്ചത് മിത്രയുടെ ചിന്തകൾക്കതീതമായ അതിരുകളായിരുന്നു. ഒരന്യപുരുഷൻ മിത്രയുടെ ആലാപനം കേൾക്കാൻ പാടില്ലെന്ന ഭർത്താവിന്റെ സ്വാർത്ഥമായ കല്പന മിത്രയുടെ ആത്മാവിനുമേൽ പതിച്ച സ്വാതന്ത്ര്യത്തിന്റെ വിലക്കായിരുന്നു. ഒരേ വസ്തുതയുടെ കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരം കോർത്തിണക്കി അണിയാൻ മിത്രയ്ക്ക് സാധിച്ചില്ല. 

നിയന്ത്രണങ്ങൾ പാലിക്കാൻ മിത്രയുടെ മനസ്സ് പാടുപെട്ടു. അത് നിരന്തരമായി തന്നെ ബന്ധച്ചിരുന്ന ചങ്ങലയുടെ ഓരോ കണ്ണികളെയായി പൊട്ടിച്ചെറിയാൻ മിത്രയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. രഹസ്യമായി അവൾ സംഗീതം അഭ്യസിച്ചു തുടങ്ങി. മിത്രയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് ഒരു ദിവസം തന്റെ സുഹൃത്തിനോടൊപ്പം അവളുടെ ഭർത്താവ് ആ സംഗീത സദസ്സിലേക്ക് കടന്നു വന്നത്. കോപാക്രാന്തനായ അയാൾ മിത്രയയ്ക്ക് വിധിച്ചത് ആ ജന്മത്തിലെ ഏറ്റവും വലിയ ശിക്ഷ. ഓർമ്മ വെച്ചനാൾ മുതൽ ശ്രുതിമീട്ടിയ തംബുരുവിന്റെ തന്ത്രികൾ പൊട്ടിച്ചെറിഞ്ഞതിൽ തീർന്നില്ല, ഒറ്റച്ചവിട്ടിന് നടുവൊടിഞ്ഞ തന്റെ ആത്മാവ് കത്തിയെരിഞ്ഞു ചാരമാവുന്നത് വരെ നോക്കിനിന്ന മിത്ര കുഴഞ്ഞു വീണു. ബോധം വീണ്ടുകിട്ടിയ മിത്ര സംസാരിച്ചില്ല. 

ആളുകൾ പറയുന്നത് മിത്രയ്‌ക്ക് കേൾക്കാതായി, മിത്ര കേൾക്കുന്ന രാഗങ്ങൾ മറ്റുള്ളവരും. മിത്രയുടെ ഉന്മാദം വൈദ്യലോകം സ്ഥിതീകരിച്ചതോടെ വിവാഹം തീർത്ത ബന്ധനങ്ങൾ മിത്രയിൽ നിന്നും അഴിഞ്ഞു വീണു. വീട്ടിൽ തിരിച്ചെത്തിയ മിത്രയെ അവിടത്തെ സംഗീതം മൂളുന്ന ചുവരുകൾ മുഴുഭ്രാന്തിയാക്കി മാറ്റി. അതോടെ മൂന്നു ദശാബ്ദം ഒഴിഞ്ഞു കിടന്ന ആ വീട്ടിലെ, ഉന്മാദികൾക്കായി മാത്രം മാറ്റിവെയ്ക്കപ്പെട്ട മുറി അവളുടേതായി. 

സമ്പന്നമായ ഒരു ഗതകാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന വിശാലമായ വീടിന്റെ  പടിഞ്ഞാറേകോണിൽ തേക്കാത്ത ചുമരുള്ള മുറിയിലെ  തുരുമ്പ് പിടിച്ച ജനൽകമ്പികളിൽ കൊരുത്തിട്ട ചങ്ങലയിൽ എത്തിച്ചേരുന്ന  കണ്ണികളിലേക്ക്‌ മിത്രയുടെ  പേരു കൂടെ വിളക്കിച്ചേർത്തപ്പോൾ, തങ്ങളുടെ വരും തലമുറകളുടെമേൽ മനോവിഭ്രമത്തിന്റെ നിഴൽ  പതിക്കാതിരിക്കാൻ സഹോദരങ്ങളൊക്കെ കടൽ കടന്നു. വീട്ടിൽ മിത്രയും അമ്മയും അമ്മയുടെ ഇളയസഹോദരനും കാര്യസ്ഥനും  രണ്ടു സഹായികളും ബാക്കിയായി. 

ഭ്രാന്തുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം ഒരു വിഭാഗത്തിന് തങ്ങൾ നിലനിൽക്കുന്നു എന്നു വിശ്വസിക്കുന്ന ആശയങ്ങളെ സ്ഥൂലരൂപത്തിൽ മറ്റുള്ളവർക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കാൻ  കഴിയുന്നു അല്ലെങ്കിൽ പ്രായോഗികമായി വിവരിക്കാൻ കഴിയുന്നു. മറുവിഭാഗം അതിൽ പരാജയപ്പെടുന്നു. പക്ഷേ മറ്റുള്ളവർ കാണാത്ത ആ ലോകമാണ് അവരുടെ യാഥാർഥ്യം. 

ചങ്ങല കാലിൽ വീണതിന് ശേഷം നാലുനാൾ മിത്ര ഒന്നും സംസാരിച്ചില്ല... അഞ്ചാം നാൾ ചങ്ങലയാണ് സംസാരിച്ചു തുടങ്ങിയത്. 

'മിത്രാ... എന്താണ് പാടാത്തത്? ' അടുത്ത് ഒരു സാമീപ്യം അറിഞ്ഞ മിത്ര കണ്ടത് തന്റെ കാലിലെ ചങ്ങല കൊളുത്തിയ വലിയ വട്ടക്കണ്ണിയിൽ തെളിഞ്ഞ ഒരു മുഖമായിരുന്നു. അത്ഭുതവും ഭയവും ഒന്നിച്ച് മിത്രയെ പിടികൂടിയെങ്കിലും അയാളുടെ പ്രസന്നവും സ്നേഹാർദ്രവുമായ മുഖം അവളുടെ ഭീതികളകറ്റി. 

'എനിക്ക് ഭ്രാന്താണെന്ന് പറയുന്നു.' മിത്ര തറയിൽ കണ്ണുകളുറപ്പിച്ചുകൊണ്ട് പറഞ്ഞു. 

ചങ്ങല കുലുങ്ങിചിരിച്ചു. 'നിനക്കല്ല.... ഭ്രാന്ത് എനിക്കാണ്. അതുകൊണ്ടല്ലേ എന്നെ കാലങ്ങളായി ഇവിടെ തളച്ചിട്ടിരിക്കുന്നത്.  കൂട്ടിനു പലരും മാറി മാറി വന്നു. മിത്രയുടെ മുതുമുത്തശ്ശൻ, മുത്തശ്ശൻ, അമ്മാവൻ...

ഇപ്പൊ മിത്ര. മറ്റെല്ലാവരും എന്നിൽ നിന്ന് അകന്ന് നിൽക്കുകയാണ് ചെയ്തത്. അവർക്കൊക്കെ ഞാൻ ശത്രുവായി. 

'മിത്രാ, പറയൂ. നിനക്ക് പേടിയുണ്ടോ എന്നെ?'

മിത്ര ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി. 

'മിത്രാ, നീ അതീവ സുന്ദരിയാണ്. 

പണ്ട്, വീടിന്റെ മറ്റേതോ കോണിൽ നിന്ന് എന്നിലേക്കൊഴുകിയെത്തിയിരുന്ന നിന്റെ ശ്രുതിമധുരമായ നിന്റെ മൂളലുകൾ പോലും എന്നെ അത്യധികം ആനന്ദിപ്പിച്ചിരുന്നു. നിന്റെ സാമീപ്യം എനിക്ക് ഒരുപാട് ആശ്വാസം തരുന്നു. 

എന്റെ ഭ്രാന്തിനുള്ള ചികിത്സയാണ് മിത്രാ നീ  ആലപിച്ചിരുന്ന രാഗങ്ങൾ. നീ വീണ്ടും പാടില്ലേ എനിക്ക് വേണ്ടി? '

വിവാഹത്തിന് ശേഷം മിത്ര ആദ്യമായി മനസ്സ് തുറന്നു പുഞ്ചിരിച്ചു. നാളുകൾക്കു ശേഷം അവൾ ഒരു രാഗം മൂളി. നാൾചെല്ലുന്തോറും മിത്രയുടെ ചിരിയുടെയും സംസാരത്തിന്റെയും ശബ്ദമുയർന്നു വന്നു. ആ നാവിൽ നിന്നുതിരുന്ന  രാഗങ്ങൾക്ക് ഒരു അലൗകിക സൗന്ദര്യം വന്നുചേർന്നു. ഒരു പ്രണയിനിയുടെ ആവേശം മിത്രയിലേക്ക് വന്നുചേർന്നു.

മാസങ്ങൾ കടന്നുപോയി. അവൾ അയാളുടെ കാമുകിയായി മാറി. 

ഒരു ദിവസം അയാൾ മിത്രയോട് ചോദിച്ചു. 'മിത്രയ്ക്ക് ഈ സ്വാതന്ത്ര്യമില്ലാത്ത ജീവിതത്തിൽ നിന്നൊരു മോചനം വേണ്ടേ.?'

മിത്ര ഭാവഭേദമില്ലാതെ ആ വട്ടമുഖത്തേക്ക്  നോക്കി. ' ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ നിങ്ങളെ ഉപേക്ഷിച്ച് ഞാൻ പോകില്ല.'

ചങ്ങലപൊട്ടിച്ചിരിച്ചു. 'ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആരു പറഞ്ഞു മിത്രാ? എന്നോടൊത്തൊരു സ്വതന്ത്രമായ, നമ്മുടേത് മാത്രമായ ഒരു ലോകത്തേക്ക് മിത്രയെ ഞാൻ കൂട്ടിക്കൊണ്ടു പോകട്ടെ?  മിത്രയെ ഞാൻ വിവാഹം കഴിക്കട്ടെ.?'

ആ ചോദ്യം മിത്രയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറച്ചു. തന്റെ പ്രാണവായു തന്നെയായി മാറിയ അയാളെ മിത്ര അത്രയധികം സ്നേഹിച്ചിരുന്നു. അയാളുടെ ഏതു തീരുമാനങ്ങളും അവൾക്ക് സമ്മതമായിരുന്നു. 

'ഉം. എനിക്ക് സമ്മതമാണ്.' ഒരു നിമിഷം കണ്ണടച്ച് തുറന്നശേഷം മിത്ര തുടർന്നു. 'എന്നിൽ സ്വയം മറക്കാതെ, എന്നെ സ്വയം മറക്കാൻ പ്രേരിപ്പിക്കാതെ, എന്നിൽ ലയിക്കാൻ കഴിയുന്ന  ഒരു മറുപാതിയാകാൻ കഴിയുമോ? '

ചങ്ങല ചിരിച്ചില്ല. 'എനിക്കു മാത്രമേ കഴിയൂ മിത്രാ.'

 'ഉം...' മിത്ര മൂളി.' എല്ലാവരും ഉറങ്ങട്ടെ. എനിക്ക് ഇനി കാത്തിരിക്കാൻ വയ്യ.നമുക്ക് പോകാം.'

'രാത്രിയാവട്ടെ മിത്രാ. അതുവരെ. അതുവരെ മാത്രം മതി ഇനി കാത്തിരിപ്പ്.'

തന്നെ ചുറ്റിപ്പുണർന്നു കിടക്കുന്ന ലോഹത്തിന്റെ തണുത്ത സ്പർശം മിത്രയെ മനസ്സിലെ സ്വാതന്ത്ര്യസ്വപ്നങ്ങളെ പിടിച്ചുലച്ചു. തന്റെ ലോകത്തെ സ്വന്തമാക്കി അടുത്ത് കിടക്കുന്നയാളുടെ വാക്കുകൾ മിത്രക്ക് മറ്റെന്തിലും വിശ്വാസമായിരുന്നു.  

മിത്ര ഒരുങ്ങാനായി എഴുന്നേറ്റു. ബിഹാഗ് രാഗം ഒഴുകിക്കൊണ്ടിരുന്നു.

'മാത്തെ കി ബിന്ദിയാ ബിഖർ ഗയി ഹേ,  

അപ്നേ ഹാഥ് സജാ ജാ ബാലമ്...'

നെറ്റിയിലെ പൊട്ട് പരന്നിരിക്കുന്നു. പ്രിയമുള്ളവളേ നിന്റെ കൈ കൊണ്ട് അതിനെ  ഭംഗിയാക്കൂ.'

മിത്ര വലത്തേ കയ്യിലെ നടുവിരൽ കൊണ്ട് നെറ്റിയിൽ തൊടാത്ത പൊട്ടിനെ നീളത്തിലും കുറുകെയും അമർത്തിത്തുടച്ചു. 

നിലാവ് മിത്രയെ അലങ്കരിച്ചു. അവളുടെ ഇരുണ്ട നിറം ആ രാത്രിയിൽ ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചം തട്ടി മേഘങ്ങളില്ലാത്ത ആകാശം പോലെ തെളിഞ്ഞു. എല്ലാവരും  ഉറങ്ങിക്കഴിഞ്ഞു. ബിഹാഗ് രാഗം അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി അവിടെ നിറഞ്ഞു നിന്നു. 

'മന് മോഹിനി... മോരെ മന് ഭാവെ...'

മനോഹാരിയായവളെ. നീയെന്നെ മോഹിപ്പിക്കുന്നു. '

മിത്ര എഴുന്നേറ്റു ജനാലയ്ക്കരികിൽ അവളുടെ കാമുകന്റെ അടുത്ത് ചെന്നുനിന്നു. തീവ്രമായ പ്രണയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. അയാൾ അവളെ ബന്ധിച്ചിരുന്ന ചങ്ങലയുടെ താഴേക്കു  നീണ്ടു കിടന്ന ഭാഗം ജനലിന്റെ അഴികളിൽ കോർത്ത് അകത്തേക്കിട്ടു. വട്ടമുഖം അതിനുള്ളിലൂടെ എടുത്ത്  കൈവിരലുകൾ കൊണ്ട്, അഴിയ്ക്കാൻ ശ്രമിക്കുന്തോറും മുറുകുന്ന കുരുക്കുണ്ടാക്കി... ഒരിക്കലും വേർപെടുത്താനാവാത്ത ബന്ധനം. നിലാവിൽ വട്ടമുഖം മന്ദഹസിച്ചു.

'മന് മോഹിനി മോരെ മന് ഭാവെ...'

'മിത്രാ... ഇനി നീ എന്റേത് മാത്രം '

മിത്ര ആനന്ദാശ്രുക്കളോടെ സ്വയം അയാൾക്ക്‌  സമർപ്പിച്ചുകൊണ്ട് കണ്ണടച്ച് തലകുനിച്ചു വരണമാല്യം സ്വീകരിച്ചു. ആത്മനിർവൃതിയുടെ ഒരു തുള്ളി കണ്ണുനീർ മിത്രയുടെ കണ്ണിൽ നിന്നും അടർന്നു വീണു. ഒരിക്കലും വേർപെടുത്താനാവാത്ത തരത്തിൽ മുറുകെ ബന്ധിക്കപ്പെടാനുള്ള മോഹം അവളുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞ് ആ രാഗത്തിലലിഞ്ഞു.  

'മന് മോഹിനി.....മന് മോഹിനി.....'

പെട്ടന്ന്, വീണ്ടും ഒരു വിവാഹബന്ധത്തിന്റെ അതിതീവ്രമായ ശ്വാസംമുട്ടൽ. പക്ഷെ, മിത്ര രക്ഷപ്പെടാൻ ശ്രമിച്ചില്ല. ഇത് താൻ സ്വയം തിരഞ്ഞെടുത്ത മംഗല്യമാണ്.  തന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള പാത. ബിഹാഗ് രാഗത്തിന്റെ അന്ത്യത്തിൽ മുറുകിയ താളത്തിനൊത്ത്  വേഗം കൂടിയ ചങ്ങലകിലുക്കങ്ങൾ ആ മുറിയിലുയർന്നു. അധികം നേരം നീണ്ടു നിന്നില്ല. മിത്ര ആ സംഗീതത്തോടൊപ്പം അയാളിൽ അലിഞ്ഞില്ലാതെയായി. 

'മന് മോഹിനി..............'

പടിഞ്ഞാറേമുറിയിൽ നിശബ്ദത പരന്നു. ഒരു രാഗം തീർന്നതിന്റെ ശാന്തി.


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല