പ്രയാണം, മൗനസ്‌ഫോടനങ്ങൾ (കവിതകൾ), സൗണ്ട്പ്രൂഫ് (കഥകൾ), മഴയോർമ്മകൾ (ഓർമ്മക്കുറിപ്പുകള്‍) എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. യുഎസ്സിൽ താമസം.

അടിയൊഴുക്കുകൾ

മുന്നിലിരിക്കുന്നത് ഒരു ഭൂതകാലമാണ്. പരിചയം പുതുക്കലിനും ചിരിക്കും അപ്പുറം ആശങ്കാജനകമായ നിമിഷങ്ങൾ കണ്ണുരുട്ടുന്നു. 

'പറയേണ്ട ആവശ്യമില്ലല്ലോ, ല്ലേ. നിങ്ങൾ ഒപ്പം പഠിച്ചതല്ലേ.' കയ്യിലിരുന്ന ബാഗ് താഴെ വെച്ച്, ഷൂസഴിക്കുന്നതിനിടയിൽ അജയൻ ഉമയെ നോക്കി.

ശ്രീകുമാറിനെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി വേഗം അടുക്കളയിലേയ്ക്ക് രക്ഷപ്പെട്ടു.

ഉച്ചഭക്ഷണത്തിനിടയിൽ അജയൻ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ശ്രീകുമാറിന്റെ ജോലിയുടെ ഭാഗമായുള്ള ഈ യാത്രയെക്കുറിച്ച് അജയൻ ചോദിച്ചുകൊണ്ടേയിരുന്നു. ഒരു ആതിഥേയയുടെ എല്ലാ മര്യാദകളോടും കൂടി ശ്രീകുമാറിനെ സന്തോഷിപ്പിക്കാൻ താനും പരമാവധി ശ്രമിക്കുന്നുണ്ട്. എന്നിട്ടും ഏച്ചുകെട്ടൽ പോലെ എവിടെയോ ഒരു പതറൽ. കൂട്ടുകാരന്റെ കുടുംബത്തിലെ അതിഥിയായി ശ്രീകുമാർ പരമാവധി വിനയാന്വിതനുമാണ്. 

'ഞാനിപ്പോ വരാം, ഒരു കാര്യം മറന്നു.' അജയൻ തിരക്കിട്ട് പുറത്തേയ്ക്കിറങ്ങി.

മൗനത്തിന്റെ കലപില ശബ്ദങ്ങൾ സ്വീകരണമുറിയുടെ ചുമരുകളിൽ ചെറുതായി പ്രതിധ്വനിക്കാൻ തുടങ്ങുന്നു. അപകടമാണത്. ശക്തമായൊരായുധം, ഒരു ചോദ്യമല്ലാതെ മറ്റൊന്നുമല്ല.

'ശ്രീ എത്ര ദിവസമാണിവിടെ?'

'ഒരാഴ്ച. കമ്പനി വക റൂമുണ്ട്. ഇവന്റെ നിർബന്ധപ്രകാരം ഇന്നിങ്ങോട്ട് വന്നതാണ്.' 

സന്തോഷം എന്ന ഭാവത്തിൽ ഒന്നു ചിരിച്ചു. ആകുലതകൾ അതിഥിയ്ക്ക് മുന്നിൽ പാടില്ലല്ലോ.

'സുഖം തന്നെയല്ലെ?'

'സുഖം.'  ആ മറുപടിയ്ക്ക് ശേഷം ഇരിപ്പുറച്ചില്ല.

ജനാലയ്ക്ക് പുറത്ത് വേനലിന്റെ അസഹനീയമായ ചൂടിൽ ഇലകൾ വരളുന്നു. കണ്ണിമകൾക്കും സൂചികൊണ്ടെന്നപോലെ കുത്തിക്കളിക്കുന്ന വെളിച്ചത്തിനും ഇടയിൽ ചില നിഴലനക്കങ്ങൾ. അവ ഋതുക്കളിലെ താ‍രസല്ലാപത്തിലൂടെ രണ്ട് ചിത്രശലഭങ്ങളാകുന്നു. വർണ്ണച്ചിറകുകൾ വിടർത്തി വസന്തത്തിലെ പൂക്കളിൽ മറ്റൊരു പ്രപഞ്ചം തീർത്ത് അരുവികളിൽ വർണ്ണമത്സ്യങ്ങളെ തേടിനടന്നു.

അജയൻ തിരികെ വന്നപ്പോഴാണ് ഒരു സമാധാനം ഉണ്ടായത്. ഒരു ദിവസം എന്നത് ചില മണിക്കൂറുകൾക്കപ്പുറത്ത് മറ്റെന്തൊക്കെയോ ആണെന്ന് തോന്നുന്നു. നിദ്ര രാവിനോടേറ്റുമുട്ടി തളർന്നുവീണ് എപ്പോഴോ മയങ്ങിപ്പോയ കണ്ണുകൾക്കു മുന്നിൽ ആ ശലഭങ്ങൾ ശക്തിയേറിയ ഒരു കാറ്റിനു മുന്നിൽ പതറി നിന്നു. കീറിത്തുടങ്ങിയ ചിറകുകളിലെ വർണ്ണങ്ങൾ അരുവിയിൽ മഴവില്ല് കലങ്ങിയതുപോലെ ചേർന്നലിഞ്ഞൊഴുകി. നിറമില്ലാത്ത ശുഷ്കിച്ച ചിറകുകളുമായി അവയെങ്ങോട്ടൊക്കെയോ മെല്ലെ പറന്നു. പിന്നെയെവിടെയോ വീണു. അടഞ്ഞുതുടങ്ങിയ കണ്ണുകൾക്ക് മുന്നിൽ ഒരു പുഴയുടെ അകലം അവയെ വീണ്ടും ബലഹീനരാക്കി.

അടുത്ത ദിവസം രാവിലെത്തന്നെ ശ്രീകുമാർ യാത്ര പറഞ്ഞിറങ്ങി. വലിയൊരു കൊടുങ്കാറ്റിൽ‌പ്പെട്ട് പരിക്കുകളില്ലാതെ രക്ഷപ്പെട്ട അദ്ഭുതജീവിയെപ്പോലെ ഉമ ഒരു നെടുവീർപ്പിട്ടു. എന്തൊരു ദിവസമായിരുന്നു അത്. പകലും രാത്രിയും ഒരുപോലെ ക്രൂരമായ ദിവസം. ആലോചനകളുടെ തിരകൾ ആർത്തിരമ്പി വരാനൊരുങ്ങുന്നതിന് മുമ്പേ ഉമ പണികളിലേയ്ക്ക് തിരിഞ്ഞു. അതൊരു രക്ഷപ്പെടൽ കൂടിയായിരുന്നു. മുറിയിലെ വസ്ത്രങ്ങൾ ഒതുക്കിവെയ്ക്കുന്നതിനിടയിൽ മറന്നു തുടങ്ങിയ ഒരു ഗന്ധം ശരീരത്തിൽ പടരുന്നതുപോലെ. ശ്രീകുമാർ ധരിച്ചിരുന്ന ഷർട്ടിൽ ഉമയുടെ കൈകളമർന്നു. സിഗരറ്റിന്റെ മണമുള്ള വിയർപ്പ്. അമർത്തിപ്പിടിച്ച കൈകൾക്കുള്ളിൽ, കള്ളം നടിച്ച മറവികൾ ഉയർത്തെഴുന്നേറ്റു. അതൊരു മഹാമാരിയുടെ കിതപ്പുകളായി പരിണമിക്കുന്നതിനു മുൻപേ അവളത് വലിച്ചെറിഞ്ഞു. ചുമരിൽ ചാരിനിന്ന് ഒരു ചെകുത്താനെ കണ്ട പോലെ ഭയം കൊണ്ടുറക്കെ കരഞ്ഞു. ആ കരച്ചിലടങ്ങിയപ്പോഴേയ്ക്കും വാതിലിൽ മുട്ട് കേട്ടു. വാതിൽ തുറന്ന് വീട്ടിലേയ്ക്ക് കയറിയ അജയനെ  മുറുകെ കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു. അതൊരു പ്രളയമായി, ഭൂതകാലത്തിന്റെ ഒരു ബീജം പോലും അവശേഷിപ്പിക്കാതെ ചുഴികളുള്ള കടലായി മാറി.  


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല