പ്രമുഖ ട്രാൻസ്ജെൻഡർ കവി. അരളി പുരസ്‌കാരം, 2018ൽ കേരള സർവ്വകലശാലയുടെ ആദരവ്, കൊണ്ടോട്ടി യുവകലാസാഹിതിയുടെ സ്നേഹോപഹാരം, 2018ൽ കേരള പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലയുടെ ആദരവ് തുടങ്ങിയവ നേടി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും രണ്ടാം റാങ്കോടെ ബിഎ ഡബിൾ മെയിൻ. എംഎസ് ഡബ്ലിയു ബിരുദാനന്തര ബിരുദം. തൃശൂരിൽ പാരാലീഗൽ വോളന്റിയറായി പ്രവർത്തിക്കുന്നു.

അയൽക്കാരി

അകോമളമെനിക്കാ ഓർമ്മകളെങ്കിലും

അവാക്യമായിരുന്നാ നൊമ്പരങ്ങൾ

ആദ്യ പ്രണയം വിടരാതെ കൊഴിഞ്ഞ

അരക്ഷിതയായൊരാ കൗമാരം.

അനപദ്യമാമെന്റെ അനഘ സ്വപ്നങ്ങൾ

അതിഗൂഢ മൗനംതൂകി പക്ഷേ

അനുനാദം മുഴക്കി അഭിനിവേശങ്ങൾ

അന്തരാത്മാവുമായ് കലഹം പതിവായ്

അയൽനാട്ടിലായിരുന്നില്ലാ വിവാഹം

ആഘോഷങ്ങളെ അനുഗമിക്കാതെ

ആണാന്തരങ്ങളിൽ മൂക്കും മുടിയും മുലയുമില്ലാതെ

അയൽക്കാരിയായ് ഞാനൊരു കാഴ്ചക്കാരിയായ്

അന്നു കൊട്ടിയടച്ചതാണാ ജാലകപാളികൾ

ആത്മഗതത്തിന്റെ ആയിരമടരുകൾ

അയഥാർത്ഥമാമൊരു ഗോപ്യ മോഹത്തിന്റെ

അന്ത്യം കുറിച്ചൊരാ പാണ്ടിമേളം

ആഹ്ളാദത്തിന്റെ ആനന്ദമൂർച്ഛയിൽ

ആടിയുലഞ്ഞവർ മുഴുകീടവേ

ആശാഭംഗങ്ങളുടെ ആന്തോളനങ്ങളെ

ആശ്ലേഷിച്ചു ഞാനെന്നെയുറക്കി

ആർത്തവമില്ലാത്ത ഏകാന്ത രാവിൽ

ആടകളൊന്നൊന്നായ് വലിച്ചു കീറി

ആണാന്തരങ്ങളിൽ മൂക്കും മുടിയും മുലയുമില്ലാതെ

അയൽക്കാരിയായ് ഞാനൊരു കാഴ്ചക്കാരിയായ്

ആരോടും ആവലാതികളില്ലാതെ

ആകാശത്തേക്ക് പൂത്ത ചില്ലകളുയർത്തി

ആചന്ദ്രതാരം ഞാൻ കാത്തിരിക്കും

ആറ്റുവഞ്ചി പോലെയുലഞ്ഞാടുവാൻ 

നീലം മാങ്ങയല്ലല്ലോയെൻ ജീവിതം


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല