ബാലസാഹിത്യത്തിനു പുറമെ നിരവധി നോവലുകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് ബുക്ക് അവാർഡ് അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള ഡാൽ 1948 ഇൽ എഴുതിയ മാന് ഫ്രെയിം ദി സൗത്ത് എന്ന പ്രശസ്ത കഥ അജിത്‌ നീലാഞ്ജനം പരിഭാഷപ്പെടുത്തിയതാണ് തെക്ക് നിന്നും വന്ന ഒരാൾ.

തെക്ക് നിന്നും വന്ന ഒരാൾ

ഇരുപതാം നൂറ്റാണ്ടിൽ കുട്ടികൾക്ക് വേണ്ടി എഴുതിയ ഏറ്റവും മികച്ച എഴുത്തുകാരൻ എന്നു കരുതപ്പെടുന്നയാളാണ് ബ്രിട്ടീഷ് സാഹിത്യകാരനായ റോഡ് ഡാൽ. ബാലസാഹിത്യത്തിനു പുറമെ നിരവധി നോവലുകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് ബുക്ക് അവാർഡ് അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള ഡാൽ 1948 ഇൽ  എഴുതിയ മാന് ഫ്രെയിം ദി സൗത്ത് എന്ന പ്രശസ്ത കഥ അജിത്‌ നീലാഞ്ജനം പരിഭാഷപ്പെടുത്തിയതാണ് തെക്ക് നിന്നും വന്ന ഒരാൾ.  

വൈകിട്ട് ആറ് മണിയോടെ പകലുറക്കം കഴിഞ്ഞു ഉണർന്നപ്പോൾ ഒരു ഒരു കുപ്പി  ബീറുമായി നീന്തൽക്കുളത്തിന്റെ കരയിലെ തട്ട് കസേരകളിലൊന്നിൽ പോയിരുന്നു സായാഹ്ന സൂര്യനുമായി സല്ലപിക്കാൻ ഞാൻ തീരുമാനിച്ചു.


ബീറുമായി ബാറിനു പുറത്ത് പൂളിലേക്ക് നയിക്കുന്ന ഉദ്യാനത്തിലൂടെ ഞാൻ നടന്നു.  മനോഹരമായ പുൽപ്പരപ്പുകളും  ഉദ്യാന പുഷ്പങ്ങളും ഉയരം കൂടിയ പന മരങ്ങളും ഉദ്യാനത്തെ അണിയിച്ച് ഒരുക്കിയിരുന്നു. പനമരങ്ങളിൽ വീശിയ ശക്തമായ കാറ്റ് ഇലകളുടെ ശീല്ക്കാരത്തിനും തീക്കാറ്റിലെന്ന പോലെ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിനും കാരണമായി. ഇലകൾക്ക് താഴെ തവിട്ടു നിറമുള്ള വലിയ പനങ്കുലകൾ കാണാമായിരുന്നു 


പൂളിന് ചുറ്റും ധാരാളം തട്ട് കസേരകളും വെളുത്ത നിറമുള്ള മേശകളും വർണ്ണ വൈവിധ്യമുള്ള   കുടകളും സ്ഥാപിച്ചിരുന്നു. സ്ത്രീ പുരുഷ ഭേദമന്യേ ധാരാളം ആളുകൾ നീന്തൽ വേഷത്തിൽ അവിടവിടായി സ്ഥാനം പിടിച്ചിരുന്നു. പൂളിൽ മൂന്ന് നാല് പെണ്‍കുട്ടികളും ഒരു ഡസൻ ആണ്‍കുട്ടികളും വലിയ ഒരു പന്തുമായി ജലക്രീടകളിൽ ഏർപ്പെട്ടിരുന്നത് പരിസരത്തെ ശബ്ദ മുഖരിതമാക്കി.


ഞാൻ കുറച്ചു നേരം അവരെ ശ്രദ്ധിച്ചു. ഇംഗ്ലീഷ് കാരായ പെണ്‍കുട്ടികൾ ആ ഹോട്ടലിലെ തന്നെ താമസക്കാരായിരുന്നു. ആണ്‍കുട്ടികളുടെ സംസാരരീതിയിൽ നിന്നും അവർ  അന്ന് രാവിലെ തുറമുഖത്ത്  എത്തിയ  യു എസ് നേവൽ  പരിശീലന കപ്പലിൽ നിന്നിറങ്ങിയ അമേരിക്കക്കാരായ നേവൽ വിദ്യാർഥികൾ  ആയിരിക്കുമെന്ന് തോന്നി.


ഞാൻ മഞ്ഞക്കുടയാൽ അലംകൃതമായ നാല് ഒഴിഞ്ഞ ഇരിപ്പിടങ്ങളിൽ ഒന്നിൽ ബിയറും സിഗററ്റും ആയി ചാഞ്ഞിരുന്നു. സാന്ധ്യ വെയിലേറ്റു ചാഞ്ഞിരുന്നു ബിയറും സിഗററ്റും രുചിക്കുന്നതോടൊപ്പം ജലക്രീഡകൾ  നോക്കിയിരിക്കുന്നത് ഹൃദ്യമായി അനുഭവപ്പെട്ടു.


 


അമേരിക്കൻ  യുവാക്കൾ ഇംഗ്ലീഷ് പെണ്‍കുട്ടികളുമായി നല്ല അടുപ്പം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. മുങ്ങാം കുഴിയിട്ട് പെണ്‍കുട്ടികളുടെ കാലിൽ പിടിച്ചു അവരെ ഉയർത്താൻ തക്ക രീതിയിൽ ആ ബന്ധം ഇപ്പോൾ വളർന്നിരിക്കുന്നു.


പൂളിനരികിലൂടെ ചടുലമായി നീങ്ങിയിരുന്ന ഉയരം കുറഞ്ഞ ഒരു വൃദ്ധൻ എന്റെ ശ്രദ്ധ ക്ഷണിച്ചു. തികച്ചും കുറ്റമറ്റ ഒരു വെളുത്ത സ്യൂട്ട് ധാരിയായ  അദ്ദേഹം വളരെ ഉന്മേഷത്തോടെ കാൽ വളരെ ഉയർത്തിയും വേഗത്തിൽ നീട്ടി വെച്ചുമാണ്  നടന്നിരുന്നത്. ഒരു വലിയ ക്രീം നിറത്തിലുള്ള പനാമ തൊപ്പി ധരിച്ചിരുന്ന അദ്ദേഹം പൂളിന്  അരികിലെത്തി അവിടെ നിരന്നിരുന്ന സന്ദർശകരെ നിരീക്ഷിച്ചു. 


അദ്ദേഹം ഞാൻ ഇരുന്നിരുന്നിടത്തേയ്ക്ക്  വന്നു. തന്റെ  ചെറിയ അല്പം കറ  ബാധിച്ച നിരപ്പല്ലാത്ത പല്ലുകൾ പ്രദർശിപ്പിച്ചു കൊണ്ട്  എന്നെ നോക്കി മന്ദഹസിച്ചു. ഞാൻ തിരിച്ചും.


" ക്ഷമിക്കണം ..ഞാൻ ഇവിടെ ഇരുന്നോട്ടെ ? " 


"തീർച്ചയായും "  ഞാൻ പ്രതിവചിച്ചു.


കസേര പിന്നിലേക്ക്‌ ചായ്ച്ചു അതിന്റെ ബലം പരീക്ഷിച്ച ശേഷം അദ്ദേഹം കാലുകൾ കോർത്ത്‌ വെച്ച് അതിൽ ചാരിയിരുന്നു. അദ്ദേഹം അണിഞ്ഞിരുന്ന വില കൂടിയ ഷൂവിൽ കാറ്റ് കടക്കുന്നതിനുള്ള സൂക്ഷ്മ ദ്വാരങ്ങൾ ദൃശ്യമായിരുന്നു .


" ഒരു നല്ല സായാഹ്നം " അദ്ദേഹം പറഞ്ഞു " ഈ  ജമൈക്കയിലെ എല്ലാ സായാഹ്നങ്ങളും ഇത് പോലെ മനോഹരങ്ങൾ ആണ് "


അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തിൽ  ഇറ്റാലിയൻ ,സ്പാനിഷ്‌  ഇവയിലേതാണ് കലര്ന്നിരുന്നതെന്ന് തിരിച്ചറിയാൻ  ആയില്ലെങ്കിലും അദേഹം തെക്കേ  അമേരിക്കയിൽ നിന്നാണെന്നു  ഞാൻ ഉറപ്പിച്ചു . കൂടുതൽ സൂക്ഷ്മായി നോക്കിയപ്പോൾ അദ്ദേഹത്തിനു ഏതാണ്ട് അറുപത്തിയെട്ടു എഴുപതു വയസ്സ് പ്രായം തോന്നി .


"അതെ . ഇവിടം മനോഹരമാണ്   " ഞാൻ പറഞ്ഞു 


"ഇതൊക്കെ ആരോട്  ചോദിക്കാൻ ...ഇവർ ഹോട്ടലിൽ താമസിക്കുന്നവർ തന്നെയാണോ " അസ്വാരസ്യത്തോടെ നീന്തൽക്കുളത്തിലേക്ക് ചൂണ്ടി   അദ്ദേഹം ചോദിച്ചു .


" അവർ അമേരിക്കൻ നാവികരാണെന്ന് തോന്നുന്നു. " ഞാൻ തിരുത്തി. " അമേരിക്കയിൽ നിന്നുള്ള നാവിക വിദ്യാർഥികൾ " 


" അതെ ..അവർ അമേരിക്കക്കാർ തന്നെ . അവരല്ലാതെ ഈ ലോകത്ത് മറ്റാർക്കാണ്  ഇത്രയും ബഹളം ഉണ്ടാക്കാൻ കഴിയുക.! താങ്കൾ അമേരിക്കൻ അല്ലല്ലോ , അല്ലെ ? "


"അല്ല " ഞാൻ ഒരി ചിരിയിടെ അത് സമ്മതിച്ചു .


പൂളിൽ നിന്നും മടങ്ങിയ അമേരിക്കൻ  നാവിക വിദ്യാർത്ഥികളിൽ ഒരാൾ  ഞങ്ങൾ  ഇരിക്കുന്നിടത്ത് വന്നു നിന്നു..  ശരീരത്തിൽ നിന്നും വെള്ളം ഉതിരുന്ന വിധത്തിൽ ആകെ നനഞ്ഞിരുന്ന   അയാളോടൊപ്പം ഒരു ഇംഗ്ലീഷ് പെണ്‍കുട്ടിയും ഉണ്ടായിരുന്നു .


" ഈ കസേരകൾ നിങ്ങളുടെതാണോ " 


ഒഴിഞ്ഞ രണ്ടു കസേരകൾ ചൂണ്ടി അയാള് ചോദിച്ചു 


" അല്ല " 


" ഇവിടെ ഞങ്ങൾ ഇരുന്നോട്ടെ "


"അതിനെന്താ " ഞാൻ സമ്മതം മൂളി 


" നന്ദി "അയാൾ  കസേരയിൽ ഇരുന്നു കൊണ്ട് തന്റെ കയ്യിലുണ്ടായിരുന്ന ടവൽ ചുരുൾ നിവര്ത്തി ഒരു പാക്കറ്റ് സിഗററ്റും ലൈറ്ററും കയ്യിലെടുത്തു . അയാൾ നീട്ടിയ സിഗററ്റ്‌  കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി നിഷേധിച്ചു. തുടർന്ന് അയാൾ അതെനിക്ക് നേരെ നീട്ടി. അതിലൊന്ന് ഞാൻ സ്വീകരിച്ചു. കുറിയ മനുഷ്യൻ പറഞ്ഞു. " നന്ദി. എന്റെ കൈവശം ഒന്നുണ്ട് "


അദ്ദേഹം സിഗരറ്റ് കൂടിൽ നിന്നും ഒന്നെടുത്ത് അതിന്റെ അടിഭാഗം തന്റെ കയ്യിലുണ്ടായുന്ന കത്തിയോടു ചേര്ന്ന ചെറിയ കത്രിക കൊണ്ട് ശ്രദ്ധയോടെ  മുറിച്ചു . 


"ഞാൻ കത്തിച്ചു തരാം " ആ യുവാവ് ലൈറെർ നീട്ടി .


" ഈ കാറ്റിൽ അത് കത്തില്ല " വൃദ്ധൻ പറഞ്ഞു 


" ഇല്ല . ഇതിനാ കുഴപ്പമില്ല .എപ്പോഴും പ്രവർത്തിക്കും ." 


വൃദ്ധൻ കത്തിക്കാത്ത സിഗരറ്റ് ചുണ്ടിൽ  നിന്നും മാറ്റി തല തിരിച്ചു യുവാവിനെ തെല്ലു കുസൃതിയോടെ ഉറ്റു നോക്കി. 


"എപ്പോഴും ? " അയാള് വളരെ  പതുക്കെ അതാവർത്തിച്ചു.


" അതെ. ഇതൊരിക്കലും കത്താതിരുന്നിട്ടില്ല."


ആ മനുഷ്യൻ ഇപ്പോഴും യുവാവിനെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു .


" കൊള്ളാം..കൊള്ളാം ..ഈ സിഗറിറ്റ് ലൈറ്റർ ഒരിക്കലും കത്താതിരിക്കില്ല എന്നല്ലേ നിങ്ങൾ  പറഞ്ഞത് ? "


"അതെ. അത് തന്നെ.." ആ യുവാവ് പറഞ്ഞു. ഒരിരുപത് വയസ്സ് തോന്നിക്കുന്ന അവന്റെ മുഖം പുള്ളിക്കുത്തുകളുള്ളതും മൂക്ക് പക്ഷിയുടെത് പോലെ വളഞ്ഞതും ആയിരുന്നു . അധികം വെയില് തട്ടി നിറം മാറാത്ത അവന്റെ മാറിൽ വിളറിയ ചുവന്ന രോമങ്ങൾ കാണപ്പെട്ടു. വലതുകയ്യിലെ ലൈറ്റിന്റെ ചക്രത്തിൽ അവൻ അപ്പോഴും അവന്റെ പെരു വിരൽ സ്ഥാപിച്ചിരുന്നു . 


"ഇതൊരിക്കലും തോല്ക്കില്ല " അവനിപ്പോൾ ഒരു ചിരിയോടെ അതിന്റെ പ്രവർത്തന ക്ഷമത പെരുപ്പിച്ചു കാട്ടുകയായിരുന്നു .


" ഞാൻ ഉറപ്പു പറയുന്നു , ഇതൊരിക്കലും കത്താതിരിക്കില്ല "


"ദയവായി ഒരു മിനിറ്റ് .." സിഗററ്റ് കൈവിടാതെ തന്നെ കയ്യുയർത്തി  കൈപ്പടം നിവർത്തി  ട്രാഫിക് തടയാനുള്ള  സൂചന നല്കുന്ന  പോലെ   അദ്ദേഹം പറഞ്ഞു " ഒരു നിമിഷം" അത്ഭുതകരമാം വിധം  മൃദുവായ ശബ്ദത്തിൽ അത് പറയുമ്പോഴും അയാളുടെ നോട്ടം ആ യുവാവിൽ കുരുങ്ങിക്കിടന്നു .


"നമുക്കൊരു   വാത് വെയ്പ് ആയാലോ ?" അയാള് യുവാവിനെ നോക്കി  ചിരിച്ചു . 


“നിങ്ങളുടെ ലൈറ്റർ കത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ ? "


"തീർച്ചയായും . ഞാൻ ബെറ്റിനുണ്ട് " യുവാവ് പറഞ്ഞു  


"നിങ്ങൾ തയ്യാറാണോ " വൃദ്ധൻ ഉറപ്പിക്കാൻ വേണ്ടിയെന്നവണ്ണം ചോദിച്ചു 


" ഞാൻ എപ്പോഴേ തയ്യാർ " യുവാവ് ഏതോ തമാശ ചെയ്യാൻ തരം  കിട്ടിയ പോലെ പറഞ്ഞു .


വൃദ്ധൻ കുറച്ചു നേരം തന്റെ വിരലുകൾക്കിടയിലെ സിഗററ്റ്  പരിശോധിക്കുന്ന ഭാവത്തിൽ മൗനം പാലിച്ചു . എനിക്കെന്തോ മൊത്തത്തിലുള്ള അയാളുടെ  പെരുമാറ്റം ഇഷ്ടമായില്ല. അയാൾ തന്റേതു മാത്രമായ  നിഗൂഡമായ എന്തോ ഒന്ന് മറച്ചു പിടിക്കുന്നുണ്ടെന്നും  ആ യുവാവിനെ കളിയാക്കുവാൻ ശ്രമിക്കുകയാണെന്നും. കൂടാതെ  മറ്റെന്തോ നേടാനുള്ള ശ്രമം ഈ ബെറ്റിനു  പിന്നിൽ ഉള്ളതായും  എനിക്ക് തോന്നി.


കിഴവൻ വീണ്ടും ആ യുവാവിനെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു .


" ഞാനും ബെറ്റിനു തയ്യാറാണ് . നമുക്കീ കാര്യത്തിൽ ഒരു വില പിടിച്ച  വാതു വെയ്പ്പ് തന്നെ ആയാലോ  ? "


"അത്രയ്ക്കൊന്നും വേണ്ട.. കൂടി വന്നാൽ  ഒരു ഡോളർ  അതുമല്ലെങ്കിൽ കുറച്ചു ഷില്ലിംഗ്സ് "


കുറിയ മനുഷ്യൻ വീണ്ടും അത് സാധ്യമല്ല  എന്ന മട്ടിൽ  തന്റെ കൈ വീശിക്കാട്ടി .


" ഞാൻ പറയുന്നത് കേള്ക്കൂ. ഇതൊരു തമാശയാണ് . നമുക്ക് വാതു വെയ്ക്കാം. എന്നിട്ട് ഞാൻ താമസിക്കുന്ന മുറിയിൽ  പോയി താങ്കളുടെ ലൈറ്റർ കത്തിച്ചു നോക്കാം. അവിടെ കാറ്റിന്റെ ശല്യമില്ല . തുടർച്ചയായി  പത്തു പ്രാവശ്യം ഒരെണ്ണം പോലും നഷ്ടമാകാതെ  നിങ്ങൾക്കത് തെളിക്കാൻ ആകില്ല എന്നെനിക്കുറപ്പുണ്ട് "


"എനിക്ക് കഴിയുമെന്നു ഞാൻ ബെറ്റ് വെയ്ക്കുന്നു " യുവാവ് പറഞ്ഞു 


"എന്നാൽ ശരി. നമുക്ക് ബെറ്റ് തീരുമാനിക്കാം. അല്ലെ "


"ശരി . ഞാൻ  ഒരു ഡോളർ ബെറ്റ് വെയ്ക്കുന്നു "


" അത് പറ്റില്ല. ഞാൻ നല്ല ഒരു ബെറ്റ് വെയ്കുന്നു . ഞാൻ ഒരു ധനവാനും സാഹസികത ഇഷ്ടപ്പെടുന്ന ആളുമാണ് . ഇത് കേൾക്കൂ. ഹോട്ടലിനു  പുറത്ത് എന്റെ കാർ കിടപ്പുണ്ട് . അത് വില പിടിച്ച ഒന്നാണ് . നിങ്ങളുടെ നാട്ടിൽ നിന്നുള്ള ഒന്ന് . കാഡില്ലാക് . ഒരു അമേരിക്കൻ കാർ."


" ഹേ....ഒരു നിമിഷം " തന്റെ കസേരയിൽ മലർന്നിരുന്നു  കൊണ്ട് ആ യുവാവ് ചിരിക്കാൻ തുടങ്ങി.


"എനിക്ക് അത്തരത്തിലുള്ള ഒന്നും ബെറ്റിനു തരാനായി കഴിയില്ല. നിങ്ങള്ക്ക് ഭ്രാന്താണ്. "


"അങ്ങനെ ഭ്രാന്തൊന്നും അല്ല .  നിങ്ങൾ തുർച്ചയായ പത്തു പ്രാവശ്യം ലൈറ്റർ തെളിയിച്ചാൽ എന്റെ കാഡില്ലാക് നിങ്ങളുടെതാകും .നിങ്ങൾക്ക് കാഡില്ലാക് ആവശ്യമാണോ അല്ലയോ എന്ന് തീരുമാനിക്കാം ? "


"തീർച്ചയായും . എനിക്ക്  വേണം അത് " യുവാവ് വിലക്ഷണമായി ചിരിച്ചു .


"അപ്പോൾ നമ്മൾ ഇതുറപ്പിക്കുന്നു "


"പകരം ഞാൻ എന്ത് വാഗ്ദാനം ചെയ്യും? " 


കിഴവൻ തന്റെ ഇനിയും തീ പടരാത്ത  സിഗരറ്റ് ഇൽ നിന്നും ശ്രദ്ധയോടെ അതിന്റെ ചുവന്ന ബാൻഡ് അഴിച്ചു നീക്കി  


" ഞാൻ നിങ്ങളോട് താങ്ങാൻ ആകാത്ത ഒന്നും ആവശ്യപ്പെടുന്നില്ല . മനസ്സിലായോ ?"


" പിന്നെ ഞാൻ എന്ത് ബെറ്റ് വെയ്ക്കും " യുവാവ് കുഴഞ്ഞു .


"ഞാൻ  ഇത് വളരെ നിസ്സരമായി പരിഹരിക്കാം , പറയട്ടെ ? "


"പറയൂ..കേൾക്കട്ടെ. "


" നിങ്ങൾക്ക്  സഹിക്കാൻ  ആകുന്ന ഒരു ഒഴിവാക്കൽ , അതായത് വിട്ടുപോയാലും നഷ്ടമാണെന്ന് തോന്നാത്ത ഒന്ന് വേണ്ടെന്നു വെയ്ക്കണം . തയ്യാറാണോ ?"


" എന്താണ് അത്  ....?"


" അത് ..ഒരു പക്ഷെ ..നിങ്ങളുടെ ഇടതു കയ്യിലെ ചെറുവിരൽ.... "


"എന്റെ..എന്ത് ?" യുവാവിന്റെ വിഡ്ഢിച്ചിരി അണഞ്ഞു 


" അതെ. എന്ത് കൊണ്ട് സാധിക്കില്ല . നിങ്ങൾ ജയിക്കുന്നു. കാർ സ്വന്തമാക്കുന്നു . നഷ്ടപ്പെടുന്നത് ഒരു ചെറുവിരൽ .."


" എനിക്ക് മനസ്സിലാകുന്നില്ല . എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത് ? എന്റെ വിരൽ താങ്കൾ എങ്ങനെ  സ്വന്തമാക്കും ? "


 " ഞാൻ അത് വെട്ടിയെടുക്കും "


" വേണ്ട. ഈ ഭ്രാന്തിനു ഞാൻ  ഇല്ല . വേണമെങ്കിൽ  ഡോളറിനോ മറ്റോ  ആകാം "


വൃദ്ധൻ  കസേരയിൽ കുനിഞ്ഞിരുന്നു തന്റെ കൈപ്പടങ്ങൾ ഉയർത്തി  അലക്ഷ്യമായി തോൾ വെട്ടിച്ചു .


" കൊള്ളാം...നല്ലത് .." അയാൾ തുടർന്ന് " എനിക്ക് മനസ്സിലാകുന്നില്ല . താങ്കൾ പറയുന്നു അത്  ഉറപ്പായും കത്തുമെന്ന് , പക്ഷെ ബെറ്റിനു തയ്യാറല്ലെന്നും . എന്നാൽ നമുക്കിത് മറന്നു കളയാം , ല്ലേ ?"


യുവാവ്  പൂളിൽ തിമിർത്തു കുളിക്കുന്നവരെ നോക്കി നിശബ്ദനായി നിന്നു. പെട്ടെന്ന് തന്റെ സിഗററ്റ്‌ ഇനിയും കത്തിച്ചിട്ടില്ല എന്നോർക്കുകയും അതെടുത്ത്  ചുണ്ടത്തു വെച്ച് മുഖത്തേയ്ക്ക് ലൈറ്റർ അടുപ്പിച്ച് അതിന്റെ ചക്രത്തിൽ വിരൽ തുമ്പ് ഉരസ . വേഗത്തിൽ രൂപമെടുത്ത ഒരു ചെറിയ ഇളകാത്ത മഞ്ഞ നിറത്തിലുള്ള നാളത്തിന് കാറ്റ് പിടിക്കാതിരിക്കാൻ  അയാൾ കൈ കൊണ്ട് ഒരു മറ തീർത്തു.


"ഈ സിഗരറ്റ് ഒന്ന് തീ പിടിപ്പിക്കാമോ ?" ഞാൻ യുവാവിനോട് ചോദിച്ചു  .


" ക്ഷമിക്കണേ ..ഞാൻ അത് മറന്നു." ഞാൻ ലൈട്ടെറിനു വേണ്ടി   കൈ നീട്ടിയെങ്കിലും അയാൾ എഴുന്നേറ്റു വന്നു സിഗററ്റ് കത്തിച്ചു തന്നു .


"നന്ദി " അയാള് ഞാൻ പറഞ്ഞത്  കേൾക്കാത്ത ഭാവത്തിൽ തന്റെ ഇരിപ്പിടത്തിലേക്ക്  മടങ്ങി 


ഞങ്ങൾക്കിടയിൽ ഉറഞ്ഞു കൂടിയ നിശബ്ദതയിൽ  നിന്നും ആ യുവാവിനെ തന്റെ അസംബന്ധ പ്രസ്താവന വഴി അസ്വസ്ഥൻ ആക്കുന്നതിൽ ആ വൃദ്ധൻ വിജയം വരിച്ചുവെന്നു എനിക്ക് തോന്നി. യുവാവ്‌ തന്റെ സുഹൃത്തായ പെണ്‍കുട്ടിയോട് പോലും ഒന്നും ഉരിയാടാതെ നിശ്ചലനായി ഇരിക്കുന്നതിൽ നിന്നും അവന്റെ ഉള്ളിലെ പിരിമുറുക്കം വ്യക്തമായിരുന്നു. അവൻ ഇരിപ്പിടത്തിൽ തിരിയുകയും മറിയുകയും തന്റെ നെഞ്ചും കഴുത്തിനു പിന്ഭാഗവും അമർത്തി തിരുമ്മുകയും രണ്ടു കൈകളും കാൽമുട്ടിൽ അമർത്തി വിരൽ  കൊണ്ട് താളം പിടിക്കുകയും  ചെയ്തു കൊണ്ടിരുന്നു . 


"താങ്കളുടെ ബെറ്റ് എനിക്ക് ഒന്ന് കൂടി പരിശോധിക്കേണ്ടതായുണ്ട് ." ഒടുവിൽ  അവൻ സംസാരിക്കാൻ തുടങ്ങി 


" താങ്കൾ പറഞ്ഞത് വെച്ച് ഞാൻ  താങ്കളുടെ മുറിക്കുള്ളിൽ  എന്റെ ലൈറ്റർ പത്തു പ്രാവശ്യം  ഒന്ന് പോലും പാഴാകാതെ ജ്വലിപ്പിക്കുകയാണെങ്കിൽ താങ്കളുടെ കാഡില്ലാക് എന്റെ സ്വന്തമാകും . പത്തിലൊന്ന്  പിഴച്ചാൽ എന്റെ ഇടതുകയ്യിലെ ചെറുവിരൽ ഞാൻ പകരം തരണം എന്നല്ലേ ?


" അതെ..അത് തന്നെ.. പക്ഷെ നിനക്ക് പേടിയുണ്ട് "


" ഞാൻ പരാജയപ്പെട്ടാൽ താങ്കള് അത് മുറിച്ചെടുക്കും, അല്ലെ ?" 


" അങ്ങനെയല്ല. അത് ശരിയാകില്ല. അങ്ങനെ ഒരവസരത്തിൽ  നീയതു തരാതിരിക്കാൻ  ശ്രമിക്കും. അത് കൊണ്ട്  ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് , മത്സരം തുടങ്ങും മുൻപേ നിന്റെ ഇടതു കൈ മേശമേൽ കെട്ടിയുറപ്പിച്ചു, നീ പരാജയപ്പെടുന്ന മാത്രയിൽ നിന്റെ ചെറുവിരൽ വെട്ടിയെടുക്കാൻ പാകത്തിന് കത്തി ഓങ്ങി  തയാറായി നില്ക്കണം എന്നാണ്"


"കാഡില്ലാക് ഏത് വർഷത്തെയാണ് ?" മറ്റെന്തോ ഓർത്തു കൊണ്ട് യുവാവ് ചോദിച്ചു.


" മനസ്സിലായില്ല "


" എത്ര വർഷം പഴക്കമുണ്ട് താങ്കളുടെ  വാഹനത്തിന് ?"


" ഓ. അത് കഴിഞ്ഞ വർഷം വാങ്ങിയതാണ്. പുതിയത് തന്നെ . എന്ത് ചെയ്യാം. നിങ്ങൾ ബെറ്റിനു തയ്യാർ അല്ലല്ലോ   . "


അൽപനേരം മൗനമായി നിന്ന യുവാവ് അവന്റെ സുഹൃത്തായ പെണ്‍കുട്ടിയെയും എന്നെയും ഒന്ന് പാളി നോക്കി  .


"അതെ "  ഉറപ്പോടെ അവൻ പറഞ്ഞു " ഞാൻ ബെറ്റിനു തയ്യാറാണ് "


പെണ്‍കുട്ടി അമ്പരപ്പോടെ അവന്റെ തോളിൽ കയ്യമർത്തിയത് അവൻ ഒരു തോൾ വെട്ടിക്കലിലൂടെ വിടുവിച്ചു .


"നല്ലത് " വൃദ്ധൻ ശബ്ദമില്ലാതെ കൈ രണ്ടും കൂട്ടിയടിച്ചു തന്റെ സന്തോഷം പ്രകടമാക്കി .


" നമുക്കതിപ്പോൾ തന്നെയാകാം . പിന്നെ സാർ .." അയാൾ എനിക്ക് നേരെ തിരിഞ്ഞു ." താങ്കൾ ഇതിനു മധ്യസ്ഥത വഹിക്കണം "


വിളറിയ , നിറമില്ലാത്ത അയാളുടെ കണ്ണുകളിലെ ചെറിയ ഇരുണ്ട കൃഷ്ണമണികൾ തിളങ്ങുന്നുണ്ടായിരുന്നു .


" കൊള്ളാം " ഞാൻ ഒഴിഞ്ഞു മാറി  " ഇതൊരു ഭ്രാന്തൻ ബെറ്റ് ആണ് . എനിക്കിതിൽ  താല്പര്യമില്ല " 


"എനിക്കും " ആ പെണ്‍കുട്ടി ആദ്യമായാണ്‌ സംസാരിച്ചത് ."ഇത് ബുദ്ധിശൂന്യവും വിഡ്ഢിത്തം നിറഞ്ഞതുമായ ഒരു ബെറ്റാണ്"


"ഈ യുവാവ് പരാജയപ്പെട്ടാൽ അയാളുടെ ചെറു വിരൽ മുറിച്ചെടുക്കും എന്നത്  ഉറപ്പാണോ ?" ഞാൻ അയാള് പറഞ്ഞതിലെ  ഗൗരവത്തെക്കുറിച്ച് സന്ദേഹിച്ചു .


" സന്ദേഹം വേണ്ട. അവൻ ജയിച്ചാൽ കാഡില്ലാക് സമ്മാനിക്കുമെന്നതും  ഉറപ്പു  തന്നെ. വരൂ നമുക്ക് മുറിയിലേക്ക് പോകാം ":


വൃദ്ധൻ എഴുന്നേറ്റു " നിങ്ങൾ വസ്ത്രം ധരിക്കുന്നില്ലേ " അയാൾ  യുവാവിനോട് ചോദിച്ചു 


"ഇല്ല . ഞാൻ ഈ വേഷത്തിൽ തന്നെയാണ് വരുന്നത് " യുവാവ് എന്റെ നേരെ തിരിഞ്ഞു 


"താങ്കള് മധ്യസ്ഥത വഹിക്കണമെന്ന് ഞാനും ആഗ്രഹിക്കുന്നു "


എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല 


" ശരി. പക്ഷെ നിങ്ങളുടെ ഈ ബെറ്റ് എനിക്ക് രസിക്കുന്നില്ല "


" നീയും വരൂ..." യുവാവ് ആ പെണ്‍കുട്ടിയോട് പറഞ്ഞു .


ആ കുറിയ വൃദ്ധൻ ഞങ്ങളെ തോട്ടത്തിലൂടെ ഹോട്ടലിലേക്ക് നയിച്ചു. അയ്യാൾ മുൻപത്തേക്കാൾ ഊർജ്ജസ്വലതയോടെ കാലുകൾ ഉയർത്തിവെച്ചാണ് നടന്നിരുന്നത് .


" എന്റെ കാർ കാണണ്ടേ..ഇവിടെയുണ്ട് "


ഹോട്ടലിന്റെ  മുന്നിലുള്ള പാർക്കിഗ് സ്ഥലത്ത്  കിടന്നിരുന്ന തിളങ്ങുന്ന ഇളം പച്ചനിറത്തിലുള്ള കാഡില്ലാക് അദ്ദേഹം ചൂണ്ടിക്കാട്ടി .


"ദാ ആ പച്ച നിറത്തിലുള്ളത്. ഇഷ്ടമായോ ?"


"കൊള്ളാം. നല്ലത് തന്നെ" യുവാവ് പറഞ്ഞു.


ഹോട്ടലിന്റെ അനുബന്ധ കെട്ടിടത്തിന്റെ മുകൾ  നിലയിലെ മുറിയിലേക്ക് ഞങ്ങൾ അയാളെ അനുഗമിച്ചു . വിശാലമായ ഒരു ഡബിൾ റൂം ആയിരുന്നു അയാൾ എടുത്തിരുന്നത്  . ഒരു സ്ത്രീയുടെ നിശാ വസ്ത്രം കട്ടിലുകളിൽ ഒന്നിൽ കിടന്നിരുന്നു .


"ഇരിക്കൂ. നമുക്കാദ്യം ഓരോ മാർട്ടിനി ആകാം അല്ലെ " അദ്ദേഹം ഒരു നല്ല ആതിഥേയന്റെ  ഭാവത്തിലേക്ക് കടന്നു .


മുറിയുടെ ഒരു  മൂലയിൽ ഇട്ടിരുന്ന  മേശമേൽ മദ്യവും ഗ്ലാസ്സുകളും നിരന്നിരുന്നു. അയാൾ  മാർട്ടിനി തയ്യാറാ ക്കുന്നതിനിടയിൽ കാള്ളിംഗ് ബെൽ അമർത്തുകയും അൽപ സമയത്തിനുള്ളിൽ ഒരു ഹൌസ് കീപിംഗ് ജോലിക്കാരി കടന്നു വരുകയും ചെയ്തു.


ജിൻ ബോട്ടിൽ താഴെ വെച്ച് , അവരെ സ്വാഗതം ചെയ്തു കൊണ്ട് അയാൾ തന്റെ  വാല്ലെറ്റ് തുറന്നു ഒരു പൗണ്ട് നോട്ട് വലിച്ചെടുത്തു . "എനിക്കൊരു ഉപകാരം ചെയ്യണം" ആ പൗണ്ട് ജോലിക്കാരിക്ക് നല്കിക്കൊണ്ട് അയാൾ പറഞ്ഞു .


"അത് കയ്യിൽ  വെച്ചോളൂ ...ഞങ്ങൾ ഇവിടെ ഒരു ചെറിയ കളി കളിക്കാൻ പോകുകയാണ്. അതിനായി മൂന്നു സാധനങ്ങൾ  അത്യാവശ്യമാണ്. കുറച്ചു ആണികൾ . ഒരു ചുറ്റിക ...പിന്നെ മാംസം മുറിക്കാൻ ഉപയോഗിക്കുന്ന ഒരു കത്തിയും..അത് പറ്റുമെങ്കിൽ നിങ്ങളുടെ ഹോട്ടൽ കിച്ചെനിൽ നിന്നായാലും മതി. പറ്റില്ലേ?"


"മാംസം മുറിക്കുന്ന കത്തിയോ ? "  അവരുടെ കണ്ണുകൾ  വിടർന്നു" നിങ്ങൾ അർത്ഥമാക്കുന്നത് ശരിക്കും അത് തന്നെയാണോ? "


"അതെ. അത് തന്നെ. ഉടൻ  വേണം. ദയവായി നിങ്ങൾ എനിക്ക് വേണ്ടി അവ കണ്ടെത്തും, അല്ലെ ?"


" ശരി . ഞാൻ ശ്രമിക്കാം . തീർച്ചയായും ഞാൻ  കൊണ്ട് വരാം  " എന്ന് പറഞ്ഞു ആ സ്ത്രീ കടന്നു പോയി .


വൃദ്ധൻ എല്ലാവര്ക്കും കുടിക്കാനുള്ളത്  പകർന്നു. ഞങ്ങൾ മദ്യം പതുക്കെ നുകർന്നുകൊണ്ടിരുന്നു. ആ യുവാവു തവിട്ടു നിറത്തിലുള്ള നീന്തൽ ഷോർട്ട് സ് മാത്രമാണ് ധരിച്ചിരുന്നത്. ഭംഗിയുള്ള മുടിയോടു കൂടിയ ആ പെണ്‍കുട്ടി തന്റെ കണ്ണടയ്ക്കുള്ളിലൂടെ ആ യുവാവിനെ സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു . എന്തിനാണ് ഇതൊക്കെ എന്ന് ഞാൻ ചിന്തിച്ചു. ആ വൃദ്ധന്റെ തീരുമാനം ഉറച്ചതാണെന്ന്  സ്പഷ്ടം . പക്ഷെ ആ യുവാവ് തോറ്റാൽ എന്തായിരിക്കും സംഭവിക്കുക ! അതേ  കാഡില്ലാക്കിൽ അയാളെയും കൊണ്ട് അടുത്തുള്ള ആശുപത്രിയിലേക്ക് പായേണ്ടി വരും . ഒരിക്കലും അതൊരു നല്ല കാര്യമാകില്ല . പക്ഷെ അപ്പോൾ ചെയ്യാവുന്ന ശരി അത് മാത്രമേ ഉള്ളൂ. ഞാൻ ഇതുവരെ അനുഭവിക്കാത്ത ഏറ്റവും  അനർത്ഥമായ  ഒരു വിഡ്ഢിത്തത്തിനു സാക്ഷിയാകാൻ പോകുന്നു .


"ഇതൊരു അസാമാന്യ വിഡ്ഢിത്തം ആണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ ? "   എല്ലാവരോടുമായി ഞാൻ ചോദിച്ചു .


"ഇതൊരു നല്ല ബെറ്റ് തന്നെയാണ് " യുവാവ് പറഞ്ഞു . ഒരു റൌണ്ട് മാർട്ടിനി അയാൾ അകത്താക്കിയിരുന്നു .


" എനിക്ക് തോന്നുന്നത് ഇതൊരു അനാവശ്യ ബെറ്റ് ആണെന്നാണ്‌ " ചകിത ഭാവത്തോടെ പെൺകുട്ടി  പറഞ്ഞു " തോറ്റാൽ എന്താണ് നഷ്ടമാകുന്നത് എന്ന് നീ മനസ്സിലാക്കുന്നുണ്ടോ "


" അത് സാരമില്ല . ഒന്നാലോചിച്ചാൽ . എന്റെ ഇടതു വിരലിലെ ഈ ചെറുവിരൽ എനിക്ക് പ്രയോജനം ഇല്ലാത്തതാണ് . " യുവാവ് ആ വിരൽ ഉയർത്തിക്കാട്ടി.


"എന്റെ ജീവിതത്തിൽ ഇന്ന് വരെ എനിക്കുവേണ്ടി ഇവൻ ഒന്നും ചെയ്തിട്ടില്ല. പിന്നെ ഇവനെ ബെറ്റ് നു ഉപയോഗിക്കുന്നതിൽ തെറ്റെന്താണ് ?എന്നെ സംബന്ധിച്ച്  ഇതൊരു നഷ്ടമില്ലാത്ത ബെറ്റ് ആണ്  " 


വൃദ്ധൻ ഒരു മന്ദഹാസ്ത്തോടെ ഗ്ലാസ്സുകൾ വീണ്ടും നിറയ്ക്കാൻ തുടങ്ങി.


" ബെറ്റ് ആരംഭിക്കുന്നതിനും മുൻപ് ഞാൻ എന്റെ കാറിന്റെ താക്കോൽ മധ്യസ്ഥനെ എൽപ്പിക്കുന്നു " അയാൾ കാറിന്റെ ചാവി പോക്കെറ്റിൽ നിന്നെടുത്തു എനിക്ക് തന്നു.  "അതിന്റെ ബുക്കും ഇൻഷുറൻസ് സംബന്ധമായ കടലാസ്സുകളും വണ്ടിയിൽ തന്നെ ഉണ്ട് ."


ഹോട്ടൽ ജോലിക്കാരി  ഇറച്ചി വെട്ടുകാർ ഉപയോഗിക്കുന്ന എല്ലുകൾ കൂടി മുറിക്കാൻ പര്യാപ്തമായ തരത്തിലുള്ള കത്തിയും ചുറ്റികയും  ആണികളും കയ്യിലേന്തി ഒരിക്കൽ കൂടി വന്നു .


"നന്നായി. എല്ലാം കിട്ടിയല്ലേ ? നന്ദി. ഇപ്പോൾ പൊയ്ക്കോള്ളൂ " അവർ മുറിക്കു പുറത്തിറങ്ങി  വാതിൽ ചാരിയ ശേഷം ആ സാധനങ്ങൾ  വൃദ്ധൻ മെത്തയിൽ നിരത്തി. 


"നമുക്ക് തയ്യാറെടുക്കാം , അല്ലെ " അയ്യാൾ യുവാവിനോടായി പറഞ്ഞു " എന്നെ ഒന്ന് സഹായിക്കൂ. ഈ മേശ ഒരൽപ്പം നീക്കാൻ. "


സാധാരണ ഹോട്ടൽ മുറികളിൽ  കാണപ്പെടുന്ന ഒരെഴുത്ത് മേശയായിരുന്നു അത് . ദീർഘ ചതുരാകൃതിയിൽ നാലടി നീളവും മൂന്നടി വീതിയുമുള്ള എഴുത്തുപകരണങ്ങളോട്  കൂടിയ ഒന്ന്. ചുവരിന്നരുകിൽ നിന്നും കുറച്ചു കൂടി സൗകര്യ പ്രദമായ ഒരിടത്തിലേക്ക് അവർ ഒരുമിച്ചു അത് നീക്കി  സ്ഥാപിച്ചു . തുടർന്ന് വൃദ്ധൻ ഒരു കസേരയെടുത്ത്‌ മേശയുടെ വശത്തായി നീക്കിയിട്ടു.


കുട്ടികളുടെ പാർട്ടിക്ക് അരങ്ങൊരുക്കുന്നതു പോലുള്ള  ഊർജ്ജസ്വലതയും ചുണയും അയാളിൽ ഇപ്പോൾ കാണപ്പെട്ടു . ആണികൾ ഓരോന്നായി അയാൾ മേശയിൽ  ചുറ്റിക ഉപയോഗിച്ച് അടിച്ചു ഉറപ്പിക്കാൻ തുടങ്ങി. 


അയാളുടെ ഒരുക്കലുകൾ നോക്കികൊണ്ട്‌ കയ്യിൽ മാർറ്റിനി നിറഞ്ഞ ഗ്ലാസുമായി ഞങ്ങൾ ഇരുന്നു . ഏതാണ്ട് ആറിഞ്ചു ഇടവിട്ട്‌ രണ്ടു ആണികൾ അയാൾ മേശമേൽ പതുക്കെ ഉറപ്പിച്ചു. ഇരുപ്പിടത്തിൽ നിന്നും എഴുന്നേറ്റു  അതിന്റെ ഉറപ്പു വിരലുകൾ കൊണ്ട് പരിശോധിച്ചു


ഈ ചെകുത്താന്റെ മകന് ഇത് നിത്യ പരിചിതമാണല്ലോ എന്ന്  ഞാൻ മനസ്സിൽ പറഞ്ഞു. അയാൾക്ക് അല്പം പോലും ശങ്ക ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ലെന്ന് തീർച്ച. മേശ, ആണികൾ, ചുറ്റിക, വെട്ടു കത്തി അങ്ങനെ ഇതിനു വേണ്ടുന്നതെല്ലാം തന്നെ അയാൾക്ക്‌ കൃത്യമായി ബോധ്യം ഉണ്ടായിരുന്നു.


"ഇനി കുറച്ചു ചരട് കൂടി വേണം " അയാൾ പിറുപിറുത്ത് കൊണ്ട്  എവിടെയൊക്കെയോ തപ്പി അതും സമ്പാദിച്ചു. "എല്ലാം ശരിയായി. ഇവിടെയ്ക്ക് ഇരിക്കൂ." അയാൾ യുവാവിനെ മേശയ്ക്ക് അരികിലെ കസേരയിലേക്ക് ആനയിച്ചു .


ഗ്ലാസ് താഴെ വെച്ച് യുവാവ് കസേരയിൽ ഇരുന്നു .


" ഇനി ഈ ആണികൾക്കിടയിൽ നിങ്ങളുടെ ഇടതു കൈ വെയ്ക്കൂ. കൃത്യമായി വെയ്ക്കൂ.. എന്നാൽ മാത്രമേ  എനിക്ക് നിങ്ങളുടെ കൈ നല്ല രീതിയിൽ ബന്ധിക്കാനാകൂ "


അയാൾ ചരട് യുവാവിന്റെ കൈത്തണ്ടയിൽ ചുറ്റാൻ   തുടങ്ങി. എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും രണ്ട ആണികളിലൂടെയും  ചരട് പായിച്ചു ആ കൈപ്പത്തി ബന്ധനസ്തമാക്കി . വളരെ കൃത്യമായ രീതിയിൽ യുവാവിനു വിരലുകൾ അനക്കാൻ പാകത്തിനാണ് അയാൾ  അത് ചെയ്തത് . പക്ഷെ കൈ അണുവിട നീക്കാനും ആകില്ല .


" ഇനി നിങ്ങൾ ആ ചെറു വിരൽ ഒഴിവാക്കി മുഷ്ടി ചുരുട്ടി പിടിക്കൂ. ചെറുവിരൽ  മേശമേൽ നിവർന്നു നിൽക്കട്ടെ. അങ്ങനെ തന്നെ .."


അയാൾ യുവാവിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു .


" ഇപ്പോൾ എല്ലാം തയ്യാർ. വലത്തെ കൈ കൊണ്ട് നിങ്ങൾക്ക് ലൈറ്റർ പ്രവര്ത്തിപ്പിക്കാം . പക്ഷെ ഒരു മിനിറ്റ് .."


അയാൾ മെത്തയിൽ വെച്ചിരുന്ന കത്തി കയ്യിലെടുത്തു മേശക്കരികിൽ തിരിച്ചെത്തി .


" എല്ലാവരും റെഡി അല്ലെ ? അയാൾ എന്നോടായി പറഞ്ഞു " നിങ്ങൾക്ക് തുടക്കം പറയാം "


ഇംഗ്ലീഷ് പെണ്‍കുട്ടി ഭയന്ന് വിറച്ച മട്ടിൽ ഒന്നും മിണ്ടാതെ എന്റെ പിന്നിൽ നിന്നിരുന്നു . 


കയ്യിൽ ലൈറ്ററും ആയി ആ യുവാവ് വെട്ടുകത്തിയിലേക്ക് തന്നെ നോക്കിയാണ് ഇരുന്നത് . വൃദ്ധൻ എന്നെ നോക്കി .


" തുടങ്ങാം അല്ലെ ? " ഞാൻ യുവാവിനോട് ചോദിച്ചു.


"ഞാൻ തയ്യാർ "


"നിങ്ങളോ ? " വൃദ്ധനോടായി ഞാൻ .


" നിശ്ചയമായും " അത് പറഞ്ഞു കൊണ്ട് അയാൾ ആ വെട്ടു കത്തി യുവാവിന്റെ വിരലുകൾക്ക്  മുകളിലായി രണ്ടടി പൊക്കത്തിൽ ഉയർത്തി വേഗത്തിൽ വെട്ടാൻ ആഞ്ഞു പിടിച്ചു കൊണ്ട് നിന്നു. അല്പം പോലും ചൂളാതെ  ഒരു നിസ്സംഗ ഭാവത്തിൽ ഇരുന്നു  യുവാവ് അത് ശ്രദ്ധിച്ചു .


അവൻ നെറ്റി ചുളിച്ച്  എന്നെ നോക്കി. 


" ശരി . തുടങ്ങാം " ഞാൻ പറഞ്ഞു .


"ദയവായി ഞാൻ ലൈറ്റർ  കത്തിക്കുമ്പോൾ നിങ്ങൾ എണ്ണം പറയണം " യുവാവ് ആവശ്യപ്പെട്ടു .


" ശരി.ചെയ്യാം." ഞാൻ സമ്മതിച്ചു 


യുവാവ് തന്റെ വലതുകയ്യിലെ  പെരുവിരൽ  കൊണ്ട് ലൈട്ടെറിന്റെ മുകൾ ഭാഗം ഉയര്ത്തിയശേഷം   അതിന്റെ ചക്രം ശക്തിയായി തട്ടി ഉരസ്സി. അതിന്റെ തീക്കല്ലിൽ  നിന്നും അഗ്നി സ്ഫുല്ലിങ്കങ്ങൾ  ചിതറുകയും അത് നേർത്ത വിളക്ക്  തിരിയിൽ പടര്ന്നു മഞ്ഞ നിറത്തിലുള്ള ഒരു ചെറുനാളം ഉയരുകയും ചെയ്തു .


" ഒന്ന് " ഞാൻ ശബ്ദം ഉയർത്തി  എണ്ണാൻ തുടങ്ങി.


യുവാവ് ലൈട്ടെറിന്റെ അടപ്പ് മൂടി അഞ്ചു നിമിഷം കാത്ത ശേഷം അല്പം പോലും സംഭ്രമം ഭാവിക്കാതെ അത് തുറന്നു  ഒരിക്കൽ കൂടി ശക്തമായി ചക്രം തിരിച്ചു തീപ്പെരിയെ ദീപനാളമാക്കി.


" രണ്ട് " 


മറ്റെല്ലാവരും നിശബ്ദരായിരുന്നു . യുവാവ് അടക്കം എല്ലാരുടെയും ശ്രദ്ധ ആ ലൈറ്റർൽ ആയിരുന്നു. കയ്യിൽ  വെട്ടു കത്തി ഉയർത്തിപ്പിടിച്ചു നിന്നിരുന്ന  വൃദ്ധനും അതിലേക്കു തന്നെയാണ്  ശ്രദ്ധിച്ചിരുന്നത് .


"മൂന്നു! .."


"നാല്! "


"അഞ്ച് !"


"ആറ് !"


"ഏഴ് !" കൃത്യമായി അത്രയും  നേരം  ആ ലൈറ്റർ പ്രവര്ത്തിച്ചു  


തീക്കലിന്റെ ചിതറൽ  ഓരോ പ്രാവശ്യവും  കൃത്യമായി തിരിയ്ക്കു പിടിച്ചെടുക്കാനായി . പെരു  വിരൽ കൊണ്ടുള്ള അയാളുടെ കൃത്യമായ താളത്തിലുള്ള വിരൽ ഞൊടിക്കൽ  ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു . ഒരല്പം ഇടവേള. വീണ്ടും വിരൽ ചലിക്കുന്നു . പെരു വിരലനക്കത്ത്തിന്റെ കൃത്യതയിൽ എല്ലാം അത് വരെ ഭംഗിയായി നടന്നു . ഞാൻ ഒരു ദീർഘ നിശ്വാസത്തോടെ എണ്ണുവാൻ തയ്യാറെടുത്തു . പെരുവിരൽ ചക്രത്തെ കറക്കി . തീക്കല്ല് ചിതറി. ചെറിയ നാളം വീണ്ടും  പ്രത്യക്ഷമായി .


"എട്ട് !"


ഞാൻ പറഞ്ഞു കഴിഞ്ഞതും  മുറിയുടെ വാതിൽ തുറക്കപ്പെട്ടു. എല്ലാവരും ഒരുമിച്ചു തിരിഞ്ഞു നോക്കി.   ഉയരം കുറഞ്ഞു  കറുത്ത മുടിയോടു കൂടി  അല്പം പ്രായം ചെന്ന ഒരു വൃദ്ധ പ്രത്യക്ഷയായി. ഒരു രണ്ടു സെക്കന്റ്‌ നിശ്ചെഷ്ടയായി നിന്ന ശേഷം  അലറി വിളിച്ചു കൊണ്ട് അവർ വൃദ്ധന്റെ   നേരെ പാഞ്ഞടുത്തു .


" കാർലോസ്‌ ...കാർലോസ്‌ .." എന്നലറിക്കൊണ്ട് അവർ വൃദ്ധന്റെ കൈത്തണ്ടയിൽ ബലത്തിൽ പിടിച്ചു ആ വെട്ടുകത്തി വാങ്ങി മെത്തയിലേക്ക് വലിച്ചെറിഞ്ഞു . തുടർന്ന് ഉറക്കെ നിർത്താതെ സ്പാനിഷ്‌ ഭാഷയിൽ ശകാരം  ഉതിർത്തുകൊണ്ട്  അയാളുടെ കോട്ടിന്റെ  കോളറുകൾ ഇരു കൈകൊണ്ടും  കൂട്ടി പ്പിടിച്ചു   അയാളെ ശക്തമായി കുലുക്കി .അവിശ്വസനീയമായ  വേഗത്തിലും ശക്തിയിലുമാണ്  അവർ അയാളെ പിടിച്ചു കുലുക്കിയിരുന്നത് .അതിന്റെ ശക്തിയിൽ ഒരുളുന്ന ഒരു ചക്രം നിലയ്ക്കുന്നതു പോലെ അയാൾ ക്ഷീണിതനും അവശനും   ആകാൻ തുടങ്ങി . തുടർന്ന് ആ സ്ത്രീ തന്റെ ചലനങ്ങളുടെ വേഗത കുറയ്ക്കുകയും  അയാൾ ഞങ്ങളുടെ കാഴ്ചയ്ക്ക് ഗോചരമാകുകയും  ചെയ്തു . അയാളെ താങ്ങി വലിച്ചു കൊണ്ട് അവർ അയാളുമായി മുറിക്കു കുറുകെ കടന്നു അയാളെ  കട്ടിലിൽ കിടത്തി . അയാൾ മേത്തയുടെ ഒരരുകിൽ കിടന്നു തന്റെ കണ്ണുകൾ അടച്ചു തുറന്നു കൊണ്ട് പതുക്കെ തല തിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു 


" എനിക്കബദ്ധം  പറ്റി ." അവർ പറഞ്ഞു " വീണ്ടും ഇങ്ങനെയൊക്കെ ഉണ്ടായതിൽ ഞാൻ ദുഖിക്കുന്നു " അവർ നല്ല ഇംഗ്ലീഷ് ഇൽ  തന്നെയാണ് ഇപ്പോൾ സംസാരിച്ചത് 


" വളരെ മോശമായിപ്പോയി " അവർ കിതപ്പോടെ തുടർന്നു . " ഇതെന്റെ  മാത്രം തെറ്റാണ് . പത്തു മിനിറ്റ് അദ്ദേഹത്തെ തനിച്ചാക്കി ഞാൻ എന്റെ മുടി കഴുകാൻ പാർലറിൽ പോയ തക്കത്തിനു അത് വീണ്ടും സംഭവിച്ചു ." അവർ വളരെ ദുഖിതയും  വ്യാകുലയായും    കാണപ്പെട്ടു .


 യുവാവ് തന്റെ കൈ അഴിക്കുന്ന തിരക്കിലായിരുന്നു . പെണ്‍കുട്ടിയും ഞാനും ഇനിയും സ്തബ്ധത വിട്ടു മാറാതെ മിണ്ടാതെ നിന്നു .


"അയാൾ ഒരു അപകടകാരിയാണ് " അവർ തുടർന്നു " ഞങ്ങൾ താമസിച്ചിരുന്ന ഇടത്ത് എല്ലാം കൂടി വിവിധ ആളുകളിൽ നിന്നുമായി നാല്പത്തി ഏഴു വിരലുകൾ ഇയാൾ ഇതുവരെ   സമ്പാദിച്ചിട്ടുണ്ട് . പതിമൂന്നു കാറുകൾ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. ഒടുവിൽ ഇയാളുടെ ശല്യം മൂലം ആളുകളുടെ ഭീഷണി മുറുകിയപ്പോൾ ഞാൻ ഇയാളെയും കൊണ്ട് നാട് വിട്ടു ഇവിടെ എത്തിയതാണ് "


"ഞങ്ങൾ ഒരു ചെറിയ ബെറ്റ് നടത്തുകയായിരുന്നു " വൃദ്ധൻ കട്ടിലിൽ കിടന്നു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു .


" അയാൾ ഒരു കാർ ആയിരിക്കുമല്ലേ ബെറ്റ് വെച്ചത് ? " സ്ത്രീ ചോദിച്ചു .


"അതെ " യുവാവ്‌ പറഞ്ഞു " ഒരു കാഡില്ലാക് "


" ഇയാള്ക്കു സ്വന്തമായി കാറൊന്നും ഇല്ല . അതെന്റെ കാർ ആണ് .അതാണ്‌ ദുരിതം . ബെറ്റ് വെയ്ക്കാൻ സ്വന്തമായി ഒന്നും ഇല്ലാത്തപ്പോഴാണ് അദ്ദേഹം നിങ്ങളുമായി ബെറ്റ് വെയ്ക്കുന്നത് . എനിക്ക് നാണക്കേടും ഖേദവുമുണ്ട്  അത് വെളിപ്പെടുത്തുന്നതിൽ   " 


അവർ അങ്ങേയറ്റം ഒരു നല്ല സ്ത്രീയായി കാണപ്പെട്ടു .


"നന്നായി " ഞാൻ പറഞ്ഞു " ഇതാ നിങ്ങളുടെ കാറിന്റെ ചാവി " ഞാൻ അത് മേശപ്പുറത്ത് വെച്ചു.


"ഞങ്ങൾ ഒരു ചെറിയ ബെറ്റ് നടത്തുകയായിരുന്നു " വൃദ്ധൻ വീണ്ടും അസ്പഷ്ടമായി പറഞ്ഞു . 


"ബെറ്റ് വെച്ച് ഇനി നഷ്ടമാക്കാൻ ഒന്നും അയാളുടെ കയ്യിലില്ല . " ആ സ്ത്രീ കരച്ചിലിന്റെ വക്കത്തെത്തി തുടർന്നു ." അയാൾക്ക്‌ ഈ ലോകത്ത് സ്വന്തമായി  ഇനി ഒന്നും തന്നെ ശേഷിക്കുന്നില്ല  ..ഒന്നും തന്നെ .. പലതും ഞാൻ ഇയാളിൽ നിന്നു  തന്നെ പലപ്പോഴായി തിരിച്ചു നേടി . കാലങ്ങൾ  കൊണ്ട് , ധാരാളം സമയം  എടുത്ത് .. പക്ഷെ അതത്ര എളുപ്പം ആയിരുന്നില്ല . പക്ഷെ ഒടുവിൽ ഏതാണ്ട് എല്ലാം തന്നെ  ഞാൻ നേടിയെടുത്തു." 


ശോകം കലർന്ന മന്ദഹാസത്തോടെ   ആ യുവാവിനെ നോക്കിക്കൊണ്ട്  അവർ മേശപ്പുറത്ത്  കിടന്ന കാറിന്റെ ചാവി ചാവി എടുക്കാൻ തുനിഞ്ഞു .


അപ്പോഴാണ്‌ ഞാൻ അത് ശ്രദ്ധിച്ചത് ...


അവരുടെ വലതു കൈപ്പത്തിയിൽ പെരുവിരൽ മാത്രമാണ് ശേഷിച്ചിരുന്നത് .!


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല