മെഡിക്കൽ ഉപകരണങ്ങളുടെ ബിസിനസ് ചെയ്യുന്നു. ബി കോം ബിരുദം. ഫോർട്ടുകൊച്ചി സ്വദേശി.

പനയപ്പള്ളിയിലെ ഒരു ചെഗുവര കാലം

പണ്ട്...  എന്നുപറഞ്ഞാൽ 199-92 കാലഘട്ടം. 

പണ്ടൊക്കെ എല്ലാ യുവാക്കൾക്കും ഡിഗ്രി ഒക്കെ കഴിഞ്ഞ് തൊഴിൽ രഹിതനായി അലയുന്ന ഒരു കാലഘട്ടമുണ്ടാകും.ഏതാണ്ട് അതേ അവസ്ഥയിലുള്ള തീഷ്ണയൗവ്വന കാലഘട്ടത്തിലെ കഥയാണ് ഇത്.

അന്നൊക്കെ എൻറെ പ്രിയ സുഹൃത്ത് ഉണ്ണി വിജയനുമായി പനയപ്പള്ളി സ്കൂൾ പരിസരത്ത് ദിനേശ് ബീഡിയും വലിച്ച് വൈരുദ്ധ്യാത്മിക ഭൗതികവാദത്തെ കുറിച്ചും വിപ്ലവത്തെ കുറിച്ചും ഫ്രാൻസ് കാഫ്കയുടെ കൃതികളെ കുറിച്ചും അകിര കുറോസോവയുടെ സിനിമയെ കുറിച്ചും  ചർച്ച ചെയ്യും. ദിനേശ് ബീഡിയുടെ പാക്കറ്റ് കാലിയാകുമ്പോൾ ലാൽ സലാം പറഞ്ഞ് വീട്ടിൽ പോകുന്ന കാലം. 

അതിനിടെയാണ്  പനയപ്പള്ളിയിൽ ഒരു ഡിവൈഎഫ്ഐ യൂണിറ്റ് രൂപികരിക്കുന്നതിനെ കുറിച്ച് ഉണ്ണി സംസാരിക്കുന്നത്. ഉടനെ തന്നെ യൂണിറ്റ് രൂപികരിക്കപ്പെട്ടു. പനയപ്പള്ളി ജംഗ്ഷനിൽ ഒരു കൊടിമരം ഉയർന്നു. പനയപ്പള്ളി പാർട്ടി ഓഫീസിൽ നിന്ന് ഡേവിഡ് സഖാവ് വന്ന് ചെകിടടപ്പിക്കുന്ന ശബ്ദത്തിൽ ഇൻക്വിലാബ് വിളിച്ച് വെള്ളക്കൊടി വലിച്ചുയർത്തി. അങ്ങനെ ഉണ്ണി വിജയൻറെ വിപ്ലവസ്വപ്നങ്ങൾ പൂവണിഞ്ഞു.

അന്നാണ് ആദ്യമായി അനസിനെ പരിചയപ്പെടുന്നത്. കൊച്ചിൻ കോളേജ് വിദ്യാർത്ഥി എന്നതിലുപരി വിപ്ലവ വീര്യം സിരകളിൽ നുരയ്ക്കുന്ന ഒരു ഒന്നര സഖാവ്. പനയപ്പള്ളി പരിസരങ്ങളിൽ എനിക്കുള്ള വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് പാർട്ടിവിരുദ്ധ കുടുംബങ്ങളിൽ നിന്നും ചെറുപ്പക്കാരെ ചേർത്ത് യൂണിറ്റ് ശക്തമാക്കുകയും പനയപ്പള്ളി പാർട്ടി ഓഫീസിൽ കേന്ദ്രികരിച്ചു വൈരുദ്ധ്യാത്‌മക ഭൗതികവാദത്തെ കുറിച്ച് പാർട്ടി ക്‌ളാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു. ചായയും പരിപ്പുവടയും കഴിച്ച്‌ വരാൻ പോകുന്ന വിപ്ലവത്തെ സ്വപ്നം കണ്ട ഒരു കാലം. 

പഠനം കഴിഞ്ഞു ഉണ്ണി വിജയൻ ബോംബെയിലേക്ക് തിരിച്ചു പോകുകയും യൂണിറ്റ് സെക്രട്ടറി സ്ഥാനം എൻറെ തലയിൽ ആവുകയും ചെയ്തു. പക്ഷെ സജീവമായി സന്തത സഹചാരിയായി സഖാവ് അനസ് പ്രവർത്തിക്കുകയും പ്രഭാതഭേരി മുതൽ പന്തം കൊളുത്തി പ്രകടനം വരെ നയിച്ച് യൂണിറ്റിൽ വിപ്ലവത്തിന്റെ തിരി കെടാതെ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ കൊടിമരം സ്ഥിതിചെയ്തിരുന്ന കവലയിൽ തന്നെയായിരുന്നു അനസ് താമസിച്ചുരുന്നത്. ഒരു ഒറ്റ മുറി വീട്ടിൽ ഉമ്മയും കുഞ്ഞുപെങ്ങളും മാത്രം.

ഒരു ദിവസം അനസ് ഓടിക്കിതച്ചു വന്നു പറഞ്ഞു " സഖാവേ ഇന്ന് എസ് എഫ്ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിട്ടും പനയപ്പിള്ളി സ്കൂളും ചുള്ളിക്കൽ സ്കൂളും പ്രവർത്തിക്കുന്നുണ്ട്. പിന്തിരിപ്പന്മാരായ ചില അധ്യാപകരാണ് ഇതിനു പിന്നിൽ. നമുക്ക് സ്കൂളിൽ കയറി സമരം ഇറക്കിയേ തീരൂ. അങ്ങനെ ഞങ്ങൾ മുണ്ടു മടക്കിക്കുത്തി ദിനേശ്ബീഡി ആഞ്ഞുവലിച്ച് പനയപ്പിള്ളി സ്കൂളിൽ കയറി പ്യൂണിന്റെ കൈയ്യിൽ നിന്ന് ബലമായി ബെൽ അടിക്കുന്ന ഇരുമ്പുദണ്ഡ്‌ വാങ്ങി കൂട്ടമണി അടിച്ചു. അത് കേൾക്കണ്ട താമസം പിള്ളേര് മൊത്തം ബുക്കും ചോറു പാത്രവുമായി ഒരു കടന്നൽകൂടു ഇളകിവരുന്നത് പോലെ ക്ലാസിൽ നിന്ന് ഇറങ്ങി ഓടി. ഒരു സെക്കന്റിനുള്ളിൽ സ്കൂൾ കാലിയായി.

വർദ്ധിച്ച വീര്യത്തോടെ ഞങ്ങൾ ചുള്ളിക്കൽ സ്കൂളിലേക്ക് നടന്നു. തിരിഞ്ഞു നോക്കുമ്പോൾ വീട്ടിൽ പോകാതെ പനയപ്പള്ളി സ്കൂളിലെ അരട്രൗസർധാരികളായ കുറെ അണികൾ ഇൻക്വിലാബ് വിളികളുമായി ഞങ്ങൾക്കു പിന്നിൽ അണിനിരന്നു കഴിഞ്ഞിരുന്നു. ആ കൊച്ചു സംഘത്തെ നയിച്ച് ഞങ്ങൾ ചുള്ളിക്കൽ സ്കൂളിലും എല്ലാ വിപ്ലവപോരാളികളെയും പോലെ കൂട്ടമണി മുഴക്കി. പക്ഷെ ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ ഒരു കുട്ടിപോലും ക്‌ളാസിൽ നിന്നിറങ്ങിയില്ല. 

പെട്ടെന്ന് സ്റ്റാഫ് റൂമിൽ നിന്നും ഹെഡ്‌മിസ്ട്രസ് പുറത്തുചാടി.

"ഇവിടെ സമരമൊന്നും പറ്റില്ല. ദയവായി നിങ്ങൾ പുറത്തു പോകൂ." ആക്രോശിച്ച് കൊണ്ട് അവർ സ്റ്റാഫ് റൂമിലേക്ക് കയറിപ്പോയി.

വെടികൊണ്ട മാവോ സേതൂങ്ങിനെ പോലെ ഞാൻ അനസിനെ നോക്കി. അപ്പോൾ അനസിന്റെ തലയിൽ ഒരു ചുവന്ന നക്ഷത്രം തുന്നിയ തൊപ്പിയുണ്ടായിരുന്നു, ചുണ്ടിൽ കടിച്ചുപിടിച്ച പുകയുന്ന മോണ്ടെക്രിസ്റ്റോ ചുരുട്ടും. നരച്ച പച്ച യൂണിഫോമിൽ ബൂട്ട് നിലത്താഞ്ഞു ചവിട്ടി ഹെഡ് മിസ്ട്രെസ്സിന്റെ റൂമിലേക്ക് അനസ് പാഞ്ഞു ചെന്നു. ആകാംഷയോടെ ഞാനും എന്റെ പുറകെ അണികളായ പനയപ്പള്ളി സ്കൂളിലെ അര ട്രൗസർ ഇട്ട വിപ്ലവകാരികളും. 

അനസ് ഹെഡ്മിസ്ട്രെസ്സിന്റെ ഡെസ്കിൽ പിടിച്ചുകൊണ്ടു മുഴങ്ങുന്ന ശബ്ദത്തിൽ ആക്രോശിച്ചു. ഗയുഗാന്തരങ്ങളായി ചോരയും നീരും കൊടുത്ത് സംഘടിച്ച ശക്തിയെ നിങ്ങൾ ഉർക്കുമുഷ്ടി കൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കരുത്. ഇല്ല..ഇല്ല. .തോറ്റിട്ടില്ല.. തോറ്റ ചരിത്രം കേട്ടിട്ടില്ല. അനസിന്റെ മുദ്രാവാക്യത്തിൽ സ്റ്റാഫ് റൂം കുലുങ്ങി. കൂടെ എന്റെ കൂടെ യുള്ള അരട്രൗസർ വിപ്ലവകാരികളും അതേറ്റു ചൊല്ലി. എന്നിട്ടും ഹെഡ്മിസ്ട്രസ് കുലുങ്ങുന്ന മട്ടില്ല.

അവസാനം അനസ് വളരെ മൃദുവായി അവരോടു ചോദിച്ചു " ടീച്ചറിന് കാസർഗോഡാണോ പാറശാലയാണോ ഇഷ്ട്ടം ?"

താൻ എന്നെ എങ്ങോട്ടുവേണമെങ്കിലും സ്ഥലം മാറ്റിക്കോ. എന്ത് വന്നാലും സമരം ഇവിടെ നടക്കില്ല. ഹെഡ്മിസ്ട്രസ്സ് നയം വ്യക്തമാക്കി.

ഒളിപ്പോരിൽ തോറ്റ വിപ്ലവകാരിയെപ്പോലെ സ്റ്റാഫ് റൂമിൽ നിന്നിറങ്ങി അനസ് പറഞ്ഞു " സഖാവെ വെറുതെയല്ല മാവോ സേതൂങ് പറഞ്ഞത് വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന്. .അവർ പാർട്ടി വിരുദ്ധയാണ്."


കാലങ്ങൾ കുറെ മാറി മറിഞ്ഞു. പശ്ചിമ കൊച്ചിയിൽ നിന്ന് പറിച്ചുനടപ്പെടുകയും പിന്നെ തിരക്കുകൾക്കിടയിൽ ഇല്ലാതാവുകയും ചെയ്ത കാലഘട്ടങ്ങളിൽ പിന്നെ അനസിനെ കാണുകയുണ്ടായില്ല:ഒരിക്കലൊഴിച്ച്. അന്ന് ജീവിതത്തിന്റെ ഭാരം താങ്ങി അനസ് തളർന്നപോലെ തോന്നി. പിന്നീട് വർഷങ്ങൾക്ക് ശേഷം അനസ് തോപ്പുംപടി ബിഒടി  പാലത്തിലെ ടോൾ  ബൂത്തിൽ ജോലിക്ക് കയറി എന്നറിഞ്ഞിരുന്നു. ഇടയ്ക്ക് ആ വഴി പോകുമ്പോൾ അന്വേഷിക്കുമ്പോൾ കിട്ടുന്ന ഉത്തരം ഊണുകഴിക്കാൻ പോയി അല്ലെങ്കിൽ മോർണിംഗ് ഷിഫ്റ്റ് ആയിരുന്നു എന്നൊക്കെയായിരുന്നു. എന്തായാലും കാണാൻ കഴിഞ്ഞില്ല. ഒരിക്കൽ ഒരു വൈകുന്നേരം കുടുംബവുമായി ഫോർട്ട്കൊച്ചിയിൽ പോകുന്നവഴി വെറുതെ ടോൾ ബൂത്തിൽ അന്വേഷിച്ചപ്പോഴാണ് ആ ഉത്തരം കിട്ടിയത്. അനസ് കഴഞ്ഞയാഴ്ച മരിച്ചു പോയി.


ഇന്നലെ രാത്രി എപ്പഴോ അനസ് വന്നിരുന്നു. ചുണ്ടുകളിൽ കടിച്ച് പിടിച്ച മോൺഡേക്രിസ്റ്റോ എരിയുന്നുണ്ടായിരുന്നു. കറുത്ത ചെരിഞ്ഞ തൊപ്പിയുടെ നടുക്ക് ചുവന്ന നക്ഷത്രം പ്രകാശിക്കുന്നുണ്ടായിരുന്നു. നരച്ച പച്ച നിറമുള്ള പരുക്കൻ വസ്ത്രത്തിലെ തോൾ ഫ്ലാപ്പിലും ഒരു നക്ഷത്ര ചിഹ്നം തിളങ്ങി. എന്നെ നോക്കി മന്ദഹസിച്ചു കൊണ്ട് ചെവിയിൽ പറഞ്ഞു "സഖാവെ.. ചുള്ളിക്കൽ സ്കൂളിൽ സമരം ഇറക്കണ്ടേ?"

ഇരുളിൽ സിഗാറിന്റെ വെളിച്ചം അകന്നകന്ന് പോകുന്നത് ഞാൻ കണ്ടതാണ്.


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല