ഷീബ. ഇ.കെ


ദല ടി വി കൊച്ചുബാവ അവാർഡ്, പത്മരാജൻ പുരസ്ക്കാരം, അങ്കണം ഇ.പി സുഷമ എൻഡോവ് മെൻറ്, ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്ക്കാരം, മലയാള മനോരമ കഥാ പുരസ്ക്കാരം, വനിത കഥാ അവാർഡ്, പൊൻകുന്നം വർക്കി അവാർഡ്, പായൽ ബുക്ക്സ് അവാർഡ്, പ്രവാസി ശബ്ദം അവാർഡ്, റിയാദ് ന്യൂ ഏജ് കമല സുരയ്യ പുരസ്ക്കാരം, പച്ചമഷി പുരസ്ക്കാരം, സാഹിത്യശ്രീ അവാർഡ്, സുവർണ്ണ രേഖ അവാർഡ്, അവനീബാല അവാർഡ് എന്നിവ ലഭിച്ചു. വൈ ടു കെ, നീലലോഹിതം, കനലെഴുത്ത് (കഥാ സമാഹാരങ്ങൾ ) ദുനിയ, മഞ്ഞ നദികളുടെ സൂര്യൻ (നോവൽ), അഴിച്ചു കളയാനാവാതെ ആ ചിലങ്കകൾ (കുറിപ്പുകൾ), എന്നീ കൃതികൾക്ക് പുറമെ പാക്കിസ്ഥാൻ എഴുത്തുകാരി ഖ്വൈസ്റ ഷഹറാസിന്റെ നോവൽ ടൈഫൂൺ, അഞ്ജലി ജോസഫിന്റെ നോവൽ സരസ്വതി പാർക്ക്, വിയറ്റ്നാം ബുദ്ധ സന്യാസി തിച് നാത് ഹാനിന്റെ നോവൽ ബ്രഹ്മചാരിണി, ഫാത്വിമ മർനീസിയുടെമുഖ പടത്തിനപ്പുറത്തെ നേരുകൾ (പഠനം) എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി.

മറൈന്‍ ഡ്രൈവില്‍ ഒരു ചുംബനസമരകാലത്ത്

കായലിന് ഇപ്പോള്‍ ഒരുതരം ചാരനിറമാണ്. ഒട്ടും ആള്‍ത്തിരക്കില്ലാത്ത വാക്ക് വേയിലൂടെ പതിയെ നടക്കുമ്പോള്‍ ജിജ്ഞാസ കൊണ്ടാവണം  വിയര്‍ത്തിരുന്നു വല്ലാതെ. കുറച്ചകലെ നങ്കൂരമിട്ട കപ്പലുകള്‍ കൂറ്റന്‍ പക്ഷികളെപ്പോലെ തലയുയര്‍ത്തി നില്കുന്നതു കാണാം. വെയില്‍ മങ്ങിത്തുടങ്ങിയതിനാല്‍ കാറ്റിന് തണുപ്പും ഈര്‍പ്പവും കൂടിവരുന്നു. സമയം അഞ്ചേകാലായി. അക്ഷമയോടെ വാച്ചിലേക്കു പിന്നേയും നോക്കി. ഉച്ചയാവും മുമ്പ് ഇവിടെ വന്നിരിക്കാന്‍ തുടങ്ങിയതാണ്. തട്ടുകടക്കാരന്‍ തയ്യാറാക്കിയ രണ്ടു മൂന്ന് ഇഡ്ഡ്ലിയും ഉള്ളിച്ചട്ട്നിയും പൊതിഞ്ഞ് കയ്യില്‍ പിടിക്കാന്‍ തോന്നിയത് ഭാഗ്യം. അല്ലെങ്കിലിപ്പോള്‍ വിശന്നു കണ്ണുകാണാതായേനെ. ബഹളം തുടങ്ങും മുമ്പ് അകത്തു കയറിയിരിക്കുക എന്നതായിരുന്നല്ലോ ലക്ഷ്യം. ഉച്ചഭക്ഷണം കഴിക്കാന്‍ നിന്നാല്‍ വൈകിപ്പോവും എന്നു പേടിച്ച് മകളുടെ ഫ്ളാറ്റില്‍ നിന്നും നേരത്തെയിറങ്ങി. ഉച്ചയാവുമ്പോഴേക്ക് നഗരത്തില്‍ ആകെ തിരക്കാവുമെന്നുറപ്പായിരുന്നു. ഇതുവരെ കേട്ടുകേഴ്വിയില്ലാത്ത സമരത്തിനല്ലേ കുട്ടികള്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കൊച്ചി നഗരം ആകെയൊന്ന് ഉഷാറായിരിക്കുന്നു. ചുംബന സമരത്തിനായി പല ഭാഗങ്ങളില്‍ നിന്നും വന്ന സ്ത്രീ പുരുഷന്‍മാര്‍. ചുംബിക്കുന്നതു തടയാനെത്തിയ മതസംഘടനകളും സദാചാരപ്പോലീസും. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്നു കരുതി ഞായറാഴ്ചയിലെ ഉച്ചയുറക്കം വേണ്ടെന്നു വച്ചിറങ്ങിയ പൊതു ജനങ്ങള്‍. എല്ലാം ആദ്യം മുതല്‍ ഒപ്പിയെടുക്കാനും ജനങ്ങളിലേക്ക് ബ്രേക്കിംഗ് ന്യൂസായി എത്തിക്കാനും തത്രപ്പെട്ടെത്തിയ മീഡിയക്കാര്‍. എല്ലാറ്റിനുമുപരി വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും ലഭിക്കാത്തതിനാല്‍ കൂട്ടംകൂടി നില്‍ക്കുന്ന പോലീസും. ഇന്നത്തെ നഗരക്കാഴ്ചകള്‍ ഈ വിധമായിരിക്കുമെന്നുറപ്പ്.

 ഇന്നേദിവസം തന്നെ ഇവിടെ വന്നുപെട്ടല്ലോ എന്ന് ഒട്ടു ഖേദത്തോടെ ഓര്‍ത്തു. പൊതുവെ ബഹളങ്ങളുള്ളിടത്ത് പോകുന്ന പതിവില്ല. ദേവിയ്കും അറിയാം അത്. എന്നിട്ടും എന്തു കാര്യത്തിനാണാവോ അവള്‍ ഈ ദിവസം തന്നെ വരാന്‍ പറഞ്ഞത്, അതും ഇവിടേക്ക്. അവളുടെ ഫോണ്‍ എടുക്കുന്നുമില്ല. സമരം പ്രഖ്യാപിച്ച ശേഷമാണ് അവള്‍ ഇങ്ങനെയൊരു കൂടിക്കാഴ്ചയുടെ കാര്യം പറഞ്ഞത്. അന്ന് മറൈന്‍ഡ്രൈവില്‍ വലിയ ബഹളമാവില്ലേ എന്നു ചോദിച്ചപ്പോള്‍ കുലുങ്ങിച്ചിരിക്കുകയാണ് ദേവി ചെയ്തത്. അല്ലെങ്കിലും പണ്ടത്തെ ദേവിയല്ല അവളിപ്പോള്‍. പലപ്പോഴും മനസ്സിലാക്കാനാവുന്നില്ല അവളുടെ പ്രകൃതം.

ڈഎന്താ, ഗോവിന്ദന്‍ കുട്ട്യേട്ടന് ഇപ്പോഴും പേടിയുണ്ടോ ? എന്നൊരു കുത്തുവാക്കും. എന്നിട്ട് ദേവി ഇതുവരെ എത്തിയില്ലല്ലോ. ദേവിയല്ല, ദേവകിയമ്മ.കുറ്റബോധത്തോടെ സ്വയം തിരുത്തി. കീഴില്ലത്ത് ഭാസ്കര മേനോന്‍റെ ഭാര്യ. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ദേവാനന്ദ് മോനോന്‍റെ അമ്മ. മൂന്നുവയസ്സുകാരന്‍ രോഹിത് മോനോന്‍റെ അമ്മൂമ്മ. വല്ലാത്തൊരു ഇച്ഛാഭംഗം തോന്നി. ഇതൊന്നുമാകുന്നതിനു മുമ്പ് അവള്‍ മംഗലത്തെ ദേവിയായിരുന്നല്ലോ. വൈകുന്നേരങ്ങളില്‍  അമ്പലപ്പടിക്കലെ മുളംകാട്ടിനരുകില്‍ തന്നെ മാത്രം കാത്തു നിന്നവള്‍. ആ നല്ല കാലം കടന്നുപോയിട്ട് ഇപ്പോള്‍ നാല്പതിനാല് കൊല്ലം കഴിഞ്ഞിരിക്കുന്നു.

മുള കട്ടയിട്ടു പോകുംപോലെ ആ പ്രണയം അങ്ങിനെ അണഞ്ഞുപോയി. നെഞ്ചിലെന്തോ കൊളുത്തി വലിച്ചു. ഇല്ല. അണഞ്ഞു പോയിട്ടില്ല. പ്രണയം അങ്ങിനെയാണ്. കെട്ടുപോയെന്നു കരുതും. മനസ്സിനെ പറഞ്ഞു പഠിപ്പിക്കും. പക്ഷേ കനലായി ചാരം മൂടി അതവിടെത്തന്നെ കിടക്കുന്നുണ്ടാവും. ആരുമറിയാതെ. അല്ലെങ്കില്‍ ഈ അറുപത്തിയഞ്ചാം വയസ്സിലും ഇവിടെ ഈ കായലോരത്ത് വന്ന് കാത്തു നില്‍ക്കില്ലായിരുന്നല്ലോ. കഴിഞ്ഞ തവണ ഇവിടെ താമസിച്ച ദിവസങ്ങളില്‍ മോഹന്‍ലാലിന്‍റെ പ്രണയം സിനിമ കാണാന്‍ പോയപ്പോളായിരുന്നു ആ കനല്‍ വീണ്ടും ഊതിക്കത്താന്‍ തുടങ്ങിയത്. 

'ഹും.. എനിക്കിഷ്ടായില്ല. എന്തൊരു സിനിമയാ.' പത്മിനിയുടെ മുഖത്ത് കുശുമ്പായിരുന്നു.

'പിന്നേ ഈ വയസ്സാം കാലത്തെ ഒരു പ്രേമോം മണ്ണാങ്കട്ടീം.' തിയറ്ററില്‍ നിന്നിറങ്ങി നീരുവന്ന കാലുകള്‍ നീട്ടിവെച്ച്  മക്കള്‍ക്കൊപ്പം പാര്‍ക്കിംഗ് ഏരിയയിലേക്കു നടക്കുമ്പോള്‍ അവള്‍ പ്രാകി.

'കൃഷ്ണാ.. കാലു രണ്ടും നീരുകെട്ടിയെന്നല്ലാതെ എന്തു സിനിമയാ.'

അനുപം ഖേറിന്‍റെ ഭാഗത്ത് തന്നേയും ജയപ്രദക്കു പകരം ദേവിയേയും സങ്കല്‍പ്പിച്ച് ഒരു സ്വപ്നാടനത്തിലൂടെ യാത്രചെയ്തുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍.     

കൊച്ചി - ധനുഷ്ക്കോടി. കടല്‍.. നുരയുന്ന പ്രണയം... ദേവി എവിടെയായിരിക്കുമിപ്പോള്‍. അവളും കണ്ടിരിക്കില്ലേ ഈ സിനിമ. ക്ലൈമാക്സിലെ ചുംബനമാണ് ഏറെ വിവശനാക്കിയത്. പഴയതെല്ലാം വീണ്ടും ഓര്‍മ്മിപ്പിച്ചു ആ സിനിമ.

മുളങ്കാടുകള്‍ പൂത്തുനിന്നൊരു വേനല്‍ക്കാലത്ത് ചുണ്ടുകള്‍ക്കിടയില്‍ നിന്നടര്‍ന്നുപോയ രണ്ടു റോസാദളങ്ങളെയോര്‍ത്ത് ഏറെ കാലത്തിനു ശേഷം വീണ്ടും പുകയാന്‍ തുടങ്ങി. അമ്പലത്തില്‍ ഉത്സവമായിരുന്നു. സന്ധ്യക്ക് എല്ലാവരും വീടു പൂട്ടിയിറങ്ങി. മുളങ്കാട്ടില്‍ വന്നു കാത്തുനില്‍ക്കുമെന്നും ആരും കാണാതെ വരണമെന്നും പറഞ്ഞിരുന്നുവെങ്കിലും വരുമെന്നു കരുതിയിരുന്നില്ല. പക്ഷേ, അവള്‍ വരികതന്നെ ചെയ്തു. പതിവില്ലാതെ ബ്ലൗസിനു മീതെ മുണ്ടും നേര്യേതുമുടുത്ത് പതിവിലധികം സുന്ദരിയായിട്ടാണു വന്നിരിക്കുന്നത്.

ഏറെക്കാലത്തെ ആഗ്രഹം സഫലീകരിക്കണമെന്നായിരിക്കും അപ്പോള്‍ അവളും മനസ്സിലാഗ്രഹിച്ചിരിക്കുക. ഉത്സവപ്പറമ്പില്‍ നിന്നും കതിനകള്‍ തുരുതുരെ പൊട്ടിത്തുടങ്ങി. അവളെ വലിച്ചു മാറോടടുപ്പിച്ച് ഭയംകൊണ്ടു കൂമ്പിയ കണ്ണുകളിലേക്കു നോക്കി. അവളുടെ കൈകളും ഉടലുമാകെ വിയര്‍ത്തു കുളിച്ചിരുന്നു. കാച്ചെണ്ണെയുടെയും വിയർപ്പില്‍ നനഞ്ഞ ചാന്തിന്‍റെയും സുഗന്ധം. മൂക്കിനു താഴെ മഞ്ഞില്‍ നനഞ്ഞ രണ്ടു റോസാദളങ്ങള്‍ വിവശമായി എന്തോ മന്ത്രിക്കുന്നു.

എന്നിട്ടും ആ  റോസാദളങ്ങളുടെ മൃദുലതയും മാധുര്യവുമനുഭവിക്കാനായില്ല. ഉത്സവപ്പറമ്പിലേക്കു പോകുന്ന നാട്ടുപ്രമാണിമാരുടെ ഒരു സംഘം ശബ്ദംകേട്ട് മുളംകാട്ടിലേക്കു കയറി. 

പിന്നെ നടന്നതൊന്നും ഓര്‍ക്കാതിരിക്കുന്നതാണു ഭേദം. വാര്‍ത്ത നാട്ടില്‍ പരക്കും മുമ്പേ ദേവിയെ ബോംബെക്കാരന്‍ വന്നു താലികെട്ടിക്കൊണ്ടുപോയി. 

വര്‍ഷങ്ങളോളം ഓരോ രാത്രികളിലും തുടുത്ത നനവാര്‍ന്ന റോസാദളങ്ങളേയും മധുനുകരാന്‍ വന്നിരിക്കുന്ന കരിവണ്ടിനേയും സ്വപ്നം കണ്ടു തളര്‍ന്നു.   

പിന്നെയെപ്പോഴോ പത്മിനി ജീവിതത്തില്‍ കൂട്ടിനായെത്തി. വലിയ ആകര്‍ഷകത്വമില്ലാത്തൊരു നാടന്‍ പെണ്ണ്. അവളുടെ അധരങ്ങള്‍ക്ക് ഒട്ടും തുടുപ്പില്ലായിരുന്നു. കുറ്റബോധത്തോടെ ഓര്‍ത്തു. പാവം. അങ്ങിനെയൊന്നും ചിന്തിക്കാന്‍ പാടില്ല. വിജിയുടെയും വിജിലയുടേയും അമ്മ. നാലു പേരക്കുട്ടികളുടെ അമ്മൂമ്മ. തങ്ങളുടെ കാര്യങ്ങള്‍ക്കൊന്നും അവളിതുവരെ ഒരു മുടക്കവും വരുത്തിയിട്ടില്ല. എന്നിട്ടും. 

ആകുലതയോടെ കായലിലേക്കു കണ്ണുപായിച്ചു. ലുലു മാളിന്‍റെ തിരക്കില്‍ പേരക്കുട്ടിയുടെ കയ്യുംപിടിച്ച് നടക്കുകയായിരുന്നു രണ്ടു മൂന്നു മാസം മുമ്പൊരു ദിവസം. ചുവരില്‍ സ്പൈഡര്‍മാനെപ്പോലെ കുട്ടികള്‍ വലിഞ്ഞു കയറുന്നിടത്ത് സാരംഗിനു നില്‍ക്കണം. അവനോടൊപ്പം അതും നോക്കി നില്‍ക്കുമ്പോളാണ് പുറകില്‍ നിന്നും ആരോ വിളിച്ചത്.

'ഗോവിന്ദന്‍ കുട്ട്യേട്ടനല്ലേ..'

നല്ല പരിചയമുള്ള ശബ്ദം. തിരിഞ്ഞു നോക്കിയപ്പോള്‍ പ്രൗഢയായൊരു സുന്ദരി ചിരിച്ചുകൊണ്ടു നില്‍ക്കുന്നു. ചുണ്ടിനു മീതെ തിളങ്ങുന്ന കാക്കാപ്പുള്ളി. തളര്‍ന്നു വീണേക്കുമോ എന്നു തോന്നി. ഈശ്വരാ... ഇത്ര കാലത്തിനു ശേഷവും അവള്‍ക്കെങ്ങിനെ തന്നെ മനസ്സിലാക്കാനായി..

'നമുക്ക് കുറച്ചുനേരം മുകളില്‍ റസ്റ്റോറന്‍റില്‍ പോയിരിക്കാം.'

ദേവി ചടുലതയോടെ എസ്കലേറ്റര്‍ കയറുന്നതും നോക്കി നിന്നു. ഇവളെത്ര മാറിപ്പോയി. മഞ്ഞപ്പുള്ളിപ്പാവാടയിട്ടു നടന്ന ആ നീളന്‍ മുടിക്കാരി. ഇവിടെയൊക്കെ അവള്‍ക്കു നല്ല പരിചയമാണല്ലോ. സാരംഗിന് ഓര്‍ഡര്‍ ചെയ്ത പിസ്ത ഐസ്ക്രീം വന്നതിനു ശേഷം  ഓരോ കപ്പു ചൂടുകോഫിക്കു മീതെ ഒരുപാടു സംസാരിച്ചു. ചെറുപ്പത്തില്‍ നേര്‍ക്കുനേര്‍ സംസാരിക്കാന്‍ നാണമായിരുന്നല്ലോ അവള്‍ക്ക്. മാതൃത്വവും വാര്‍ദ്ധക്യവുമൊക്കെ സ്ത്രീക്കു ആത്മവിശ്വാസം പകരുന്നത് ഇങ്ങിനെയാണോ. ബോംബെയില്‍ നിന്നും ഭര്‍ത്താവിനു സ്ഥലംമാറ്റം കിട്ടിയത് തിരുവനന്തപുരത്തേക്കായിരുന്നു. പിന്നെ എറണാകുളത്തേക്കും. അവിടെനിന്നും റിട്ടയര്‍ ചെയ്തു. സ്ഥിരതാമസവും അവിടെയാക്കി. മകനും കുടുംബവും കാക്കനാട് ഫ്ളാറ്റ് വാങ്ങിച്ചു. ഇടക്ക് അവിടെപ്പോയി നില്‍ക്കും. അല്ലാത്തപ്പോള്‍ കടവന്ത്രയിലെ വീട്ടിലും. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ തന്നെയാണ് വിജിയുടെ ഭര്‍ത്താവും ജോലി ചെയ്യുന്നത്. അവിടെ അവരുടെ ഫ്ളാറ്റില്‍ മാസത്തില്‍ ഒരിക്കലെങ്കിലും വന്ന് ഒരാഴ്ച താമസിക്കാറുണ്ട്. നാലഞ്ചു വര്‍ഷമായി അതെല്ലാം തുടര്‍ന്നു വരുന്നു. എന്നിട്ടിതുവരെ ദേവി ഇവിടെയുള്ള കാര്യമറിഞ്ഞില്ലല്ലോ. 

 എറണാകുളത്തു വരുമ്പോഴൊക്കെ അവരെ വിളിക്കാന്‍ തുടങ്ങി. വാര്‍ദ്ധക്യം ഒരനുഗ്രഹമാണ്. ആര്‍ക്കും പൊസസീവ്നെസ്സ് ഇല്ല. അസൂയയില്ല. ഭാര്യക്കുപോലും പരാതിയില്ല. പരസ്പരം ആവശ്യവുമില്ല. ഒരുമിച്ച് ജീവിക്കുന്നു. ചിലപ്പോള്‍ സംസാരിക്കുന്നു. മിക്കപ്പോഴും സ്വന്തം പതിവുകളില്‍, ശാരീരികാസ്വസ്ഥതകളില്‍, വിരസതകളില്‍ ആണ്ടുമുങ്ങിയങ്ങിനെ. 

ദേവി ചിലപ്പോള്‍ ഏറെ നേരം സംസാരിക്കും. പത്മിനി അടുത്തുകൂടി കടന്നുപോകുമ്പോള്‍ പരുങ്ങും. പക്ഷേ ഇതുവരെ അവള്‍ ചോദിച്ചിട്ടില്ല ആരാണു വിളിക്കുന്നതെന്ന്. അമ്പലത്തില്‍പ്പോക്കും, പേരക്കുട്ടികളുടെ കാര്യവുമായി പത്മിനി അങ്ങിനെ പോകും. ഒരു മാസത്തോളമായി നാട്ടിലെ വീട് അടച്ചിട്ടിരിക്കുകയാണ്. പത്മിനിക്ക് കാലില്‍ നീരിന്‍റെ പ്രശ്നം വന്നശേഷം കാക്കനാടു തന്നെയാണ്. മിനിഞ്ഞാന്ന് ദേവി വിളിച്ചപ്പോള്‍ ഒരു കാര്യം സംസാരിക്കണമെന്നു പറഞ്ഞപ്പോഴും ഇത്തരമൊരു  കൂടിക്കാഴ്ചയ്കാണെന്ന് അറിഞ്ഞതേയില്ല. 

അതല്ലെങ്കിലും ചുംബനസമരത്തെ വല്ലാത്തൊരു വെപ്രാളത്തോടെ, ആധിയോടെയായിരുന്നു ഇതുവരെ കണ്ടത്. എന്തുപറ്റി ഈ നാടിനും നാട്ടാര്‍ക്കും. കാലം പുരോഗമിക്കുമ്പോഴൊക്കെ ആണും പെണ്ണും സ്വന്തം ഇണകളെ തിരഞ്ഞെടുക്കമ്പോഴൊക്കെ ഇച്ഛാഭംഗത്തോടെ മുളംകാട്ടില്‍ നി്ന്നും പറന്നുപോയ റോസാദളങ്ങളെക്കുറിച്ചോര്‍ത്തുകൊണ്ടിരുന്നു. 

 കുട്ടികള്‍ എത്ര ഫ്രീയായിട്ടാണ് പരസ്പരം ഇടപഴകുന്നത് എന്നത്  ഒരേസമയം ആഹ്ലാദിപ്പിക്കുകയും അസൂയപ്പെടുത്തുകയും ചെയ്തു. അതിന്‍റെയൊക്കെ ഇടയിലാണ് സദാചാരപ്പോലീസിന്‍റെ ഇടപെടലും കയ്യേറ്റവും പ്രതിഷേധവും ചുംബനസമരവുമെല്ലാം നടക്കുന്നത്.

'അതേയ്, രണ്ടാം തിയ്യതി മറൈന്‍ ഡ്രൈവിലേക്കു വരാന്‍ ധൈര്യമുണ്ടോ?' ദേവി ഉറച്ച ശബ്ദത്തില്‍ ചോദിച്ചപ്പോള്‍ വല്ലാതെ നടുങ്ങിപ്പോയി. 

ഇവളിതെന്തിനുള്ള പുറപ്പാടാ. ഈ വയസ്സുകാലത്ത്. ആളുകള്‍ പുച്ഛിക്കില്ലേ.  അവളുടെ ശബ്ദം എന്തിനൊക്കെയോ പ്രോത്സാഹിപ്പിക്കുന്നതുപോലെ.

'ഞാനേതായാലും അന്ന് മറൈന്‍ ഡ്രൈവില്‍ വരുന്നുണ്ട്. എന്താ നടക്കുന്നതെന്ന് കാണാലോ.' 

അവള്‍ മറുപടി കാക്കാതെ ഫോണ്‍ കട്ടുചെയ്തു. അന്നു മുതല്‍ മനസ്സു വടംവലി തുടങ്ങി. ശരീരത്തിന്‍റെ തൃഷ്ണകളെല്ലാം ശമിച്ചിരുന്നു എന്ന് കരുതിയിരിക്കുകയായിരുന്നു. അതിനിടയിലാണ് പഴയ വീഞ്ഞിന്‍റെ ലഹരിയോടെ പ്രണയം ചുംബനക്കൊടുങ്കാറ്റായി ആഞ്ഞടിച്ചത്. മനസ്സിനെ ശാസിച്ച് അടക്കി നിര്‍ത്താന്‍ നോക്കി. ഒരുപക്ഷെ ആ ബഹളത്തില്‍ ആരും ശ്രദ്ധിക്കാതെയിരുന്ന് സംസാരിക്കാന്‍ വേണ്ടി വിളിച്ചതാവും അവള്‍. അല്ലാതെ പിന്നെ.

എന്തായാലും പോവാതിരിക്കാനാവില്ലെന്നറിയാമായിരുന്നു. ഉച്ചയോടെ നഗരം മുഴുവന്‍ ജനപ്രവാഹമാവുമെന്ന് ഭയന്ന് നേരത്തെ മറൈന്‍ ഡ്രൈവില്‍ കയറി ആരും കാണാത്തൊരിടത്ത് ഇരിപ്പുറപ്പിച്ചു. അഞ്ചരമണിയായിട്ടും ആരേയും കാണുന്നില്ല. ഇനി ചുംബന സമരം ഇല്ലേ ആവോ. ഒരു മഫ്ടി പോലീസുകാരന്‍ ദൂരെനിന്നു നടന്നു വരുന്നതു കണ്ടു. അയാള്‍ തന്നെ കണ്ടിരിക്കുന്നു. 

'കാര്‍ന്നോരേ എന്താ ഇവിടിരിക്കുന്നത്?. ഇവിടെയാകെ പ്രശ്നമാണെന്നറിയില്ലേ..'

'അയ്യോ സാര്‍, ഞാന്‍ മെഡിക്കല്‍ ട്രസ്റ്റില്‍ കിടക്കുന്ന ഒരു ബന്ധുവിന്‍റെ കൂടെ വന്നതാ. അങ്ങോട്ടുപോവും രാത്രി കിടക്കാന്‍ നേരത്ത്. മുറിയിലിരുന്നു മടുത്തപ്പോ കാറ്റു കൊള്ളാനിറങ്ങിയതാ.'

പെട്ടെന്ന് അങ്ങിനെ പറയാനാണ് തോന്നിയത്. 

'ഇനിയിപ്പം എങ്ങിനെ ഇറങ്ങാനാ ഇവിടുന്ന്. പുറത്ത് ബഹളം നടക്കുകയാ. കുറച്ചു കഴിഞ്ഞ് പോയേക്ക്.'

അയാള്‍ ധൃതിയില്‍ ചുറ്റും കണ്ണോടിച്ച് വാക്ക്‌ വേയിലൂടെ നടന്നു നീങ്ങി. അപ്പോള്‍ പുറത്ത് ചുബിക്കാനും ചുംബിക്കാതിരിക്കാനുമുള്ള പോരു നടക്കുകയാണ്.

ദേവി എവിടെയാണാവോ.

പോലീസുകാരന്‍ കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ എഴുന്നേറ്റ് വാക്ക് വേയിലൂടെ ഇടതു വശത്തേക്കു നടന്നു. കുറച്ചകലെയായി ജനക്കൂട്ടവും പോലീസും തമ്മില്‍ കയ്യാങ്കളി നടക്കുന്നതു കാണാനുണ്ട്. സന്ധ്യ ഇരുണ്ടു വരുന്നു. കായലില്‍ നിന്നും മത്സ്യഗന്ധമുള്ള തണുത്തകാറ്റ് വീശിക്കൊണ്ടിരിക്കുന്നു. 

'ഗോവിന്ദന്‍ കുട്ട്യേട്ടാ. ഞാനിവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരമെത്രയായെന്നറിയാമോ.' ഇരുണ്ട സന്ധ്യയില്‍ തുടുത്തൊരു മുഖം ചുമലിനു മീതെ ഉയര്‍ന്നുവന്നപ്പോള്‍ ഞെട്ടിപ്പോയി. ഇത്രനേരം രണ്ടു ഭാഗങ്ങളിലായി അവര്‍ പരസ്പരം കാത്തുനില്‍ക്കുകയായിരുന്നു! അവളുടെ നിശ്വാസം മുഖത്തടിക്കുന്നു. ഞാന്‍ കുറേ വിളിച്ചു കിട്ടിയില്ല. അവള്‍ പതിയെ പറഞ്ഞു.

'പുറത്തൊക്കെ ബഹളാ ദേവീ. നമുക്ക് വീട്ടിലെത്തേണ്ടേ. മക്കള്‍ പേടിച്ചിട്ടുണ്ടാവും.'  ആകുലതയോടെ അവളെ നോക്കി. പോലീസുകാരന്‍റെ വാക്കു കേട്ട് ശരിക്കും പരിഭ്രമം തോന്നി. പക്ഷേ ദേവിയുടെ മുഖത്ത് ഭയമോ വേവലാതിയോ അശേഷമില്ലായിരുന്നു. അവള്‍ ഒരു നിമിഷം മിണ്ടാതെ നിന്നു   

 'എനിക്കറിയാം ഗോവിന്ദന്‍ കുട്ട്യേട്ടന്‍റെ മുഖത്തെ നിരാശയെന്താണെന്ന്. അതു കാണുമ്പോഴൊക്കെ എന്‍റെ ചങ്കു തകര്‍ന്നു പോവ്വാ..'

'അന്ന് എത്ര തല്ലുകൊണ്ടു ഗോവിന്ദന്‍കുട്ട്യേട്ടന്‍. അച്ഛനും ഏട്ടന്‍മാരും എന്നെയും ഒരുപാടു തല്ലി. പെണ്ണുകാണാന്‍ ഭാസ്കരേട്ടന്‍ വന്നപ്പോള്‍ എന്‍റെ കവിളില്‍ നീരു വന്നതു കളയാന്‍ വൈദ്യര്‍ മരുന്നു പുരട്ടിയിരിക്കുകയായിരുന്നു.' 

ദേവി തിരിഞ്ഞ് അസ്തമിക്കുന്ന സൂര്യനെ നോക്കി. കായലിനു മുകളില്‍ സിന്ദൂരം വിതറിയപോലെ കടും ചുവപ്പ്. തിളങ്ങുന്ന വെള്ളത്തില്‍ കൂപ്പുകുത്താനിറങ്ങുന്ന സൂര്യന്‍. കപ്പലുകളുടെ ചതുരങ്ങളില്‍ നിന്ന് വിളക്കുകള്‍ പ്രകാശിച്ചു. പിന്നെ പതിയെ മുഖം തിരിച്ച് അവള്‍ കണ്ണിലേക്കുറ്റു നോക്കി. പെട്ടെന്ന്,മുളങ്കൂട്ടങ്ങള്‍ക്കരികിലെ നേര്‍ത്ത ഇരുട്ടില്‍ കാലങ്ങള്‍ക്കു മുമ്പേ അറിഞ്ഞൊരു സൗരഭ്യം അവിടെ  നിറയുന്നതുപോലെ തോന്നി.   

പതിയെ, ഒട്ടും ധൃതിയില്ലാതെ നനവും ഇളം ചൂടുള്ള രണ്ടു റോസു ദളങ്ങള്‍ തന്‍റെ വരണ്ട ചുണ്ടുകളിലമരുന്നത് വല്ലാത്തൊരു ഉള്‍ത്തരിപ്പോടെയറിഞ്ഞു. അതിന്‍റെ മാസ്മരികതയില്‍ നിന്ന് വിടുതല്‍ നേടാനാവാതെ,  ആ ദളങ്ങളിലെ നനവും ചൂടുമാസ്വദിച്ച് നിമിഷങ്ങളോളം സ്വയം മറന്നു നിന്നു. പോലീസിന്‍റെ വലയം ഭേദിച്ച് ജനക്കൂട്ടം അകത്തു കയറിയിരുന്നു അപ്പോഴേക്കും. ആദ്യമാദ്യം വന്ന യുവതീയുവാക്കള്‍ ആലിംഗനബദ്ധരാവുന്നതും ചുണ്ടുകള്‍ ചുണ്ടുകളിലുരസുന്നതും അവരറിഞ്ഞില്ല. മീഡിയക്കാരുടെ വെള്ളിവെളിച്ചത്തില്‍ അവര്‍ പഴയൊരു കണക്കു തീര്‍ക്കുകയായിരുന്നു.

'ഓ മൈ ഗോഡ്. ലിപ്ലോക്ക്..'

ചുംബനസമരക്കൂട്ടം ആ കാഴ്ചകണ്ട് ആര്‍ത്തു വിളിച്ചു.


sy

<

syamjith

പ്രണ്യ്യയത്തിന്‍റെ തീവ്രതയെ പുതു തലമുറ്യ്ക്കു കാട്ടികൊടുക്കുന്ന story.ആത്മഅര്‍തത ഇല്ലാതത പുതു തല മുറ , രണ്ടു വ്യത്യസ്ത കോണില്‍ തീവ്രമായി ചുംബനത്തെ അവ തരിപ്പിക്കുന്നu .very nice i am also a writer -syamjith-9947200928
Posted on : 10/15/17 02:16 am

Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല