ലിറ്റററി എഡിറ്റർ. കേരളത്തിലും ദുബായിലും മാധ്യമ പ്രവർത്തകനായിരുന്നു. കൊല്ലം സ്വദേശി.

പേറ്റുസുഖം

ഗൾഫീന്ന് കൊണ്ടുവന്ന ഒരു യാഡിലി പൗഡറും  ടൈഗർബാമും കോടാലിതൈലവും കൊച്ചൊരു കവറിലിട്ട് ഞാനിറങ്ങി. വീടുകഴിഞ്ഞ് മൂന്നാമത്തെ വളവിൽ ഇടത്തോട്ട് ഒരിറക്കമാ. അത് ചെന്ന് നിക്കുന്നത് തോട്ടത്തീന്നുള്ള മണ്ണിട്ട വഴിയിലും. പള്ളീലോട്ട് പോകാനുള്ള ഏറ്റവും എളുപ്പവഴിയാണത്. ആ മൂലയ്ക്ക് ചരിവുള്ള പറമ്പിലാണ് ലില്ലിക്കുട്ടീടെ വീട്. 


പണ്ട് കൊച്ചുന്നാളിൽ സൺഡേ സ്കൂൾ കഴിഞ്ഞ് ലില്ലിക്കുട്ടീടെ കൂടെ അവളുടെ വീട്ടിക്കേറും. ചാമ്പക്കേം തിന്ന് വെള്ളോം കുടിച്ചിട്ട് വീടിന്റെ പിന്നീക്കൂടെ തോട്ടംവഴി കുറുക്കിന് നടന്നാ തരിശു കിടക്കുന്ന ചരിവ് ചുറ്റി എന്റെ വീടായി. എത്ര കാലം നടന്ന വഴികളാ. പിന്നെ ഐറ്റിഐ പഠിക്കാൻ മൂവാറ്റുപുഴ. അതുകഴിഞ്ഞ് ബോംബെ വഴി മസ്ക്കറ്റ്. ഇക്കാലത്തിനിടയ്ക്ക് താണ്ടിയ വഴികളൊന്ന് ഓർത്തെടുത്തപ്പോഴേക്കും ലില്ലിക്കുട്ടീടെ വീടെത്തി. മാരുതിക്കാറായേന്റെ ഗുണമാ ഇത്തിരിയിടയുണ്ടേ എവിടെയും ഒതുക്കി നിർത്തേം ചെയ്യാം.   


സ്കൂളിൽ ചെന്നുകേറിയ ആദ്യ ദിവസം മുതൽ

ഒൻപത് വരെ ഒരേ ക്ലാസിലായിരുന്നു ലില്ലിക്കുട്ടിയും ഞാനും. സ്കൂള് തുറന്നിട്ടുള്ള ആദ്യ ഞാറാഴ്ച്ച സൺഡേ സ്ക്കൂളിൽ വച്ച് കണ്ടപ്പോ തമ്മിൽ ചിരിച്ചു. പതിയെ പതിയെ കൂട്ടായി. അന്ന് ഒരു ഇളംനീല നിറമുള്ള ഫ്രോക്കായിരുന്നു അവളുടെ വേഷം. 


കാലങ്ങൾക്ക് ശേഷം ഗൾഫില് വച്ച് യാഡിലി പൗഡർ ടിന്നിൽ ലാവണ്ടർ പൂവിന്റെ പടം കണ്ടപ്പഴോൾ ഓർത്തു ഇതേ നിറമായിരുന്നല്ലോ അന്നവളുടെ ഉടുപ്പിനെന്ന്. പിന്നങ്ങോട്ട് ലില്ലിക്കുട്ടീന്ന് ആലോചിക്കുമ്പോ ലാവണ്ടർ പൂവിന്റെ മണമാ. സത്യം പറഞ്ഞാ എന്നും പൗഡറിടുമ്പോ അവളെയോർക്കും. അവളുടെ അമ്മച്ചിയേയും. ആച്ചിയമ്മ എന്നാ അവരുടെ പേര്. പേരിന്ററ്റത്ത് അമ്മയെന്നുള്ളത് കൊണ്ട് കൊച്ചുകുട്ടികൾ വരെ ആച്ചിയമ്മേന്നാ അവരെ വിളിച്ചിരുന്നത്.


സാധാരണ ഉച്ചകഴിഞ്ഞാ സണ്‍ഡേ സ്കൂള്‍. അതുകഴിഞ്ഞ് ലില്ലിക്കുട്ടീടെ വീട്ടിലെത്തുമ്പോ ആച്ചിയമ്മ ഉച്ചമയക്കത്തിലാണേ ഞങ്ങള് ആരും കാണാതെ സപ്പോർട്ട് കായ പിച്ചും. പച്ചയ്ക്ക് അത് കടിച്ചാ പല്ലിന്റടിയിൽ അപ്പടി കറയാകും. രുചിയുമില്ല. എന്നാലും ആരും കാണാതെ ചില കായക്കൊ പറിക്കുന്ന രസത്തിന് ലില്ലിക്കുട്ടി എത്ര വിലക്കിയാലും ചിലതൊക്കെ ചെയ്യും. 


നെല്ലിക്ക തിന്നിട്ട് കിണറ്റ് തൊട്ടീന്ന് കൈക്കുമ്പിളിലേക്ക് ലില്ലിക്കുട്ടി ഒഴിച്ചുതരുന്ന വെള്ളം കുടിക്കും. കണ്ണുയർത്തി നോക്കിയപ്പോൾ കുനിഞ്ഞ് നിന്ന് വെള്ളമൊഴിക്കുന്ന അവളുടെ നെഞ്ച് കണ്ടു. അയഞ്ഞ ഒരു ഷർട്ടാണിട്ടിരുന്നത്. എന്റെ  നോട്ടംകൊണ്ട് നൊന്തതുപോലെ വെള്ളമൊഴിപ്പ് നിർത്തീട്ട് അവള് നേരെ നിവർന്ന് ഉടുപ്പിന്റെ കഴുത്ത് പിടിച്ച് പൊക്കികൊണ്ട് വീട്ടിലേക്ക് കയറിപ്പോയി.


അവരുടെ പറമ്പിലാകെ പലതരം മരങ്ങളാ. നല്ല കനികൾ പലതും കണ്ട് കൊതിച്ചാലും ചോദിക്കാനോ പറിക്കാനോ ഉള്ള മടി കൊണ്ട് കഴിക്കാതെ പോയതാണ് അധികവും. 


ഒരേ ക്ലാസിൽ പഠിച്ചുവളർന്നതാണെങ്കിലും അവൾ ശരീരംകൊണ്ട് എന്നെക്കാൾ മുഴുത്ത ഒരു കുട്ടിയായി മാറിക്കൊണ്ടിരുന്നു. പഠിത്തസമയം കഴിഞ്ഞാൽ വീട്ടിൽ പിടിപ്പത് പണിയുണ്ട് പാവത്തിന്. പാട്ടത്തിനെടുത്തതും സ്വന്തമായുള്ളതും എല്ലാം കൂടി കുറേ പറമ്പിൽ കൃഷിയുണ്ട് അവളുടെ അപ്പന്. എപ്പോ നോക്കിയാലും വിയർത്തൊലിച്ച് എന്തെങ്കിലും ചെയ്യുന്നത് കാണാം. ലില്ലിക്കുട്ടിക്ക് ഇളേതായിട്ട് ഏഴോ എട്ടോ പിള്ളേരുമുണ്ട്. അവളുടെ അമ്മച്ചി ആച്ചിയമ്മയും എപ്പഴും പണിയിലായിരിക്കും. 


അവളുടെ തൊട്ട് ഇളേത് മാത്തുക്കുട്ടി, എന്റെ അനിയൻ ജോണിയുമായി വല്യ കമ്പനിയാ. രണ്ടും പഠിക്കാൻ മണ്ടൻമാരാ. പിന്നൊരു മോളിക്കുട്ടി. അതിന് താഴോട്ടൊക്കെ ചെറുതുങ്ങളാ. ഞങ്ങടെ തരക്കാരല്ലാത്തോണ്ട് ഞാൻ അതുങ്ങളുമായിട്ട് ഒരു കൂട്ടുമില്ല. പള്ളീൽ പോകുമ്പോ ആച്ചിയമ്മ ഇതിനെയെല്ലാം ആട്ടിനെ തെളിച്ചോണ്ടെന്ന പോലെ കൊണ്ടുവരും.


അക്കാലത്തൊക്കെ എനിക്ക് ലില്ലിക്കുട്ടിയെ കാണുമ്പോ ഉള്ളിലൊരാന്തലാ. രാത്രി വീട്ടിലിരുന്ന് പഠിക്കുമ്പോഴൊക്കെ ഒന്ന് കാണണമെന്ന് തോന്നും. കാര്യം പറയുമ്പോ കണ്ണുചരിച്ചുള്ള അവളുടെ നോട്ടമാ രസം. ചിലപ്പോഴൊക്കെ അന്ന് കണ്ട അവളുടെ നെഞ്ചും മനസ്സിൽ വരും. പഴുത്താൽ അകത്തു ചുവപ്പുള്ള പേരക്ക പോലെ.


അങ്ങനെയിരിക്കേ ഒരു ദിവസം തരിശുകിടന്ന കുന്നിൽ ചരിവിൽ മുഴുവൻ നീലപ്പൂക്കൾ വിരിഞ്ഞു. നാലു ദിവസം കൊണ്ട് മണ്ണിന്റെ വിടവിൽ നിന്ന് ഒലിച്ചിറങ്ങിയതുപോലെ നാലുപാടും പൂക്കൾ. ലില്ലിക്കുട്ടി എന്ടോടൊപ്പം വന്ന് ആ കാഴ്ച കണ്ടു. ഒന്നും പറഞ്ഞില്ലെങ്കിലും പതിവുപോലെ കണ്ണ് ചരിച്ചൊരു നോട്ടം നോക്കികൊണ്ട് അവൾ എന്റെ കൈയിൽ പതിയെ പിടിച്ചുകൊണ്ട് നിന്നു. പിറ്റേന്ന്‌  അവൾക്ക് സ്കൂളിൽ വച്ചൊരു വയറ്റുവേദന വന്നു. ടീച്ചർ എന്നേം കൂട്ടി വീട്ടിലേക്ക് പറഞ്ഞുവിട്ടു. വഴിയിൽ  ആരുമില്ലാത്തൊരിടത്ത് വന്നപ്പോ ലില്ലിക്കുട്ടി പതിയെ നിന്നു. അടിവയറ്റിലോട്ട് കൈ ചേർത്ത് വച്ചിട്ട് കടക്കണ്ണുകൊണ്ട് എന്നെയൊന്നു നോക്കി. പെട്ടെന്ന് എങ്ങനാ എന്താന്നൊന്നുമറിയില്ല എങ്കിലും അപ്പംതോന്നിയത് വച്ച് ഞാനവളെ പൂണ്ടടക്കം പിടിച്ച് മുഖത്ത് എവിടങ്ങാണ്ടൊരു ഉമ്മ കൊടുത്തു. 


അടിവയറ്റിൽ അമർത്തിപിടിച്ച കൈ മുന്നോട്ട് ആഞ്ഞ് എനിക്കിട്ടൊരു തള്ളും തന്നിട്ട് അവൾ ഓടിപ്പോയി. ഉമ്മവച്ച നാണം കൊണ്ട് അന്നു തൊട്ട് ഞങ്ങൾ കാമുകി കാമുകൻമാരായി തീരുമെന്നാ ഞാൻ കരുതിയത്. അവൾ തള്ളിയ തള്ള് എനിക്ക് നന്നായി വേദനിച്ചു. ആകെ ചമ്മിയ ഞാൻ ചുറ്റിത്തിരിഞ്ഞ് ചെന്നപ്പോ അവളെ അവിടെങ്ങും കണ്ടില്ല. 


പിറ്റേന്ന് സ്കൂളിലും കണ്ടില്ല. ചെയ്തത് തെറ്റാന്ന് തോന്നി എനിക്ക്. അടുത്ത ദിവസവും കാണാഞ്ഞപ്പോ ഒരു ആധികേറി തുടങ്ങി. 


എന്തും വരട്ടെ എന്ന് കരുതി സ്കൂളുവിട്ട് വരുന്ന വഴി അവളുടെ വീട്ടുപുരയിടത്തിലേക്ക് കയറി. പിന്നാമ്പുറത്ത് ചെന്ന ഞാൻ ഒരു നിമിഷം തരിച്ച് നിന്നു പോയി. ലില്ലികുട്ടിയുടെ അമ്മ ആച്ചിയമ്മ മുണ്ട് മുകളിലേക്ക് തെറുത്ത് കുത്തി നിൽക്കുന്നു. മറ്റെല്ലാ കാഴ്ച്ചയും മറച്ചുകൊണ്ട് അവരുടെ കൊഴുത്തുരുണ്ട തുട കാണാം. നീല ഞരമ്പിന്റെ ഒരു വരയുള്ള വെളുത്ത് ഉറച്ച തുട. മുണ്ട് മടക്കി ഉടുത്താലുള്ളതിലും പൊക്കി കുത്തിയത് ചിലപ്പോ അബദ്ധത്തിലായിരിക്കും. ആദ്യമായാണെങ്കിലും അത്രയ്ക്ക് വ്യക്തമായി അങ്ങനെയൊരു കാഴ്ച്ച കണ്ട ഞാൻ ഒരല്പ നേരം കണ്ണെടുക്കാതെ നിന്നുപോയി. 


അരകല്ലിൽ അശോകപ്പൂവ് അരച്ചുകൊണ്ടിരുന്ന ആച്ചിയമ്മ അടുത്തിരുന്ന പാത്രത്തിലെ വെള്ളത്തിൽ കൈ അലമ്പി കഴുകികൊണ്ട് മുണ്ടിന്റെ തല അഴിച്ച് താഴ്ത്തിയിട്ടു. എന്റെ കണ്ണിലേക്ക് നോക്കി അനങ്ങാതെ നിന്ന അവരുടെ കൈമാത്രമാണ് ചലിച്ചത്. അവർ എന്റെ അടിവയറ്റിൽ പിടിച്ച് തള്ളിയപോലൊരു തോന്നലിൽ ഞാൻ തലകുനിച്ച് വീട്ടിലേക്ക് പോയി. 

പിന്നാവഴിക്ക് പോയിട്ടില്ല. 


ലില്ലികുട്ടിയുടെ മുഖത്ത് നോക്കാനുള്ള മടികൊണ്ട് പള്ളീപോക്കുപോലും വേണ്ടന്നുവച്ചു. സ്കൂളിലും ഒഴിഞ്ഞും മാറിയും നടന്നു. ആച്ചിയമ്മയുടെ തുട മനസീന്ന് ഒട്ട് മായുന്നുമില്ല. അതുവരെയുള്ള പതിവെല്ലാം തെറ്റി. പഠിക്കാനുള്ള സ്വസ്ഥത പോയപോലെ. സ്വകാര്യഇടങ്ങളിലേക്ക് ആ കൊഴുത്ത തുടയെ ഓർത്തോർത്തെടുത്ത് ആസ്വദിച്ച് കാലം കഴിച്ചു. പത്തിൽതോറ്റു. പിന്നെ എഴുതിയെടുത്ത് ഐറ്റിഐക്ക് പോയും നാടുവിട്ടും ഇവിടെ വരെയെത്തി.


ഒതുക്കി നിർത്തിയ കാറിൽ നിന്നിറങ്ങി ഡോറ് പൂട്ടി ഞാൻ ലില്ലിക്കുട്ടീടെ വീട്ടിലേക്ക് നടന്നു കയറി. 


നാൽപ്പത്തിരണ്ടുകാരനായ അയാളുടെ ഒന്നാം ക്ലാസ് മുതൽ പത്തിൽ തോറ്റത് വരെയുള്ള കാലത്തെ കാര്യങ്ങളാണ് ഇതെല്ലാം.

മസ്ക്കറ്റിൽ ഓട്ടോമൊബൈൽ സർവീസ് സെൻററിൽ സൂപ്പർവൈസറാണ് ഇപ്പോൾ. വായനയോ പതിവായി സിനിമ കാണലോ ഒന്നും ഇല്ല. എന്തിന് പത്രം പോലും ഒന്ന് മറിച്ച് നോക്കിയാലായി. അതുകൊണ്ട് തന്നെ പല നല്ല അനുഭവങ്ങളും കഥയ്ക്ക് പൊലിപ്പ് കൂട്ടുന്ന തരത്തിൽ ഓർത്തെടുക്കാൻ ഇവിടെ അയാൾക്ക് ആയിട്ടില്ല. കഥയിലെ ഇനിയുള്ള ഭാഗം വളരെ പ്രധാനപ്പെട്ടത് ആയതിനാൽ അത് ആച്ചിയമ്മയിലൂടെ അവതരിപ്പിക്കുന്നതാകും നല്ലത്. അവരാണെങ്കിൽ പണ്ടുമുതലേ മംഗളവും മനോരമയും മുടങ്ങാതെ വായിക്കുന്നവരാണ്. വീക്കിലി വാങ്ങിക്കുന്നത് വെറുതേ പൈസ കളയലാണെന്ന് ഭർത്താവ് പറയുമ്പോൾ വീക്കിലിയിലെ പരസ്യം കണ്ടാ ലില്ലിക്കുട്ടിയെ കോട്ടയത്ത് നേഴ്സിങ്ങിന് വിട്ടത്. അതു മറക്കണ്ട മനുഷ്യാ എന്ന് തിരിച്ച് പറഞ്ഞ് ആച്ചിയമ്മ ഭർത്താവിൻറെ വായടയ്ക്കും.


പനമ്പായിൽ ഉണാക്കാൻ ഇട്ടിരിക്കുന്ന പിണറമ്പുളി കാലുകൊണ്ട് തിരിച്ചും മറിച്ചുമിടുകയായിരുന്നു ആച്ചിയമ്മ. മുണ്ടിന്റെ തല താഴ്ത്തിട്ടുകൊണ്ട് അവർ മുറ്റത്തേക്ക് കയറി വന്ന ആളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.


ഒരു നിമിഷം അയാളൊന്ന് അറച്ചുപോയി. ഇരുപത്തിയെട്ട് വർഷം മുൻപ് കണ്ടതും പിന്നീട് ഒരുപാട് നാൾ കണ്ണിൽ നിന്ന് മായാതെ നിന്നതുമായ ആ കാഴ്ച്ച ഒന്നുകൂടി കണ്ടതുപോലെയങ്ങ് തോന്നിപ്പോയി. നീല ഞരമ്പിന്റെ അടയാളമുള്ള വെളുവെളത്ത ആച്ചിയമ്മയുടെ തുട. 


പകച്ചുപകച്ച് നിന്ന് അയാൾ ആച്ചിയമ്മയോട് വിശേഷങ്ങൾ ചോദിച്ചു. ആച്ചിയമ്മയ്ക്ക് ആളിനെ മനസിലായപ്പോൾ അവർ ഇവരും വീടിന്റെ പൂമുഖത്തേക്ക് കയറിയിരുന്നു. 


“ഫാനിടാൻ കറൻറില്ല. മലയോരമാന്ന് പറഞ്ഞിട്ടെന്നാ. പഴേതു പോലൊന്നുമല്ല. ഭയങ്കര ചൂടാ. ഗൾഫിലെ പോലാ ഇവിടുത്തേം ചൂടെന്നാ സാംകുട്ടി പറയുന്നേ.”  


ആച്ചിയമ്മ കൈയ്യിൽ കിട്ടിയ മനോരമയെടുത്ത് നെഞ്ചാകെ കാറ്റുകിട്ടാൻ പാകത്തിന് വീശിക്കൊണ്ടിരുന്നു. 


“ഇത് ലില്ലിക്കുട്ടിക്ക്..” എന്ന് പറഞ്ഞ് കൈയ്യിലിരുന്ന കവർ അയാൾ മേശപ്പുറത്ത് വച്ചു. 


“അവള് ജർമ്മനീലാ. അറിയത്തില്ലായോ” എന്ന് പറഞ്ഞ് ആച്ചിയമ്മ അതെടുത്ത് നോക്കികൊണ്ട്  “ഇരുപത് വർഷമായി അവിടാ” എന്ന് അഭിമാനത്തിന്റെ സ്വരത്തിൽ പറഞ്ഞു.


“അറിയാം. ഫേയ്സ്ബുക്കി പടമൊക്കെ കാണുമായിരുന്നു. ചാറ്റൊന്നും ചെയ്തിട്ടില്ല.” അയാൾ പതിയെ പറഞ്ഞു.


യാഡിലി പൗഡർ എടുത്ത് മണപ്പിച്ചുകൊണ്ട്, “അവളതിനൊന്നും നേരം കളയത്തില്ല. സമയത്തിന്റെ വില അറിയാവുന്ന പെണ്ണാ” , ആച്ചിയമ്മ പറഞ്ഞു.


നഴ്സിങ്ങ് കഴിഞ്ഞ് ഒറ്റയ്ക്കാ ഡൽഹീ പോയത്. രണ്ടു വർഷം തികച്ചുംമച്ച് അവള് ജർമ്മനീ പറ്റി. അവള് ഏറ്റവും മൂത്തതും ലിസിമോള് ഏറ്റവും ഇളയതും. ഇതിനിടയ്ക്ക് വേറെ പത്തെണ്ണം കൂടി. ആച്ചിയമ്മ ഓർത്തെടുത്തു.


“നോക്കടാ എന്നെ കണ്ടാ തോന്നുമോ പന്ത്രണ്ട് പെറ്റവളാന്ന്. ആച്ചിയമ്മ ഒന്ന് ഇളകിയിരുന്നു. സോഫയിൽ ഇരുന്ന് ഇറുകിയ മുണ്ടിലൂടെ അവരുടെ തുടകൾ കടഞ്ഞെടുത്തപോലെ കാണപ്പെട്ടു.


നീയെന്താ ഇങ്ങനെ പകച്ച് നോക്കുന്നത് എന്ന് ചോദിച്ചു കൊണ്ട് ആച്ചിയമ്മ അയാളെ മേലാകെയൊന്ന് ഒന്ന് നോക്കി. 


“ടാ എനിക്ക് ഒന്നൂടെ ഗർഭ്ഭിണിയാകണം.”

അയാളടെ ചെവിപ്പുറ്റിലൊരു മിന്നൽവെട്ടി. 

കൈയ്യുകൾക്കൊന്നും ഒരു ഭാരമില്ലാത്തപോലെ തോന്നി.


“ന്താ പറ്റൂല്ലേ. അമ്പത്തെട്ടേ ആയിട്ടുള്ളൂ എനിക്ക്.”


പുറത്തൊക്കെ അറുപത്തഞ്ചിലൊക്കെ പെറ്റൂന്ന വാർത്തകള് വായിച്ചിട്ടില്ലേ. ഇവിടേം കാണും. പേപ്പറിലൊന്നും വരാത്തതാവും. ഞാൻ കാര്യായിട്ടാ പറഞ്ഞത്. എന്ന് അവർ പറയുമ്പോ ഗൾഫിലെ അതേ ചൂടാണ് ഇവിടെയും എന്ന് തോന്നി അയാൾക്കപ്പോൾ.


“ടാ സത്യം പറ. സ്കൂളിൽ പഠിക്കുമ്പോ നിനക്ക് ലില്ലിക്കുട്ടിയോട് സ്നേഹമല്ലാരുന്നോ.

അവൾക്കും ഇഷ്ടമാരുന്നു. 

നിനക്കറിയാവോ അവള് പ്രായമായപ്പോ എനിക്ക് വെറും മുപ്പത് വയസേയുള്ളൂ.” ആച്ചിയമ്മയുടെ മുഖത്തിൻറെ ചരിവുകളിൽ നീലപ്പൂക്കൾ വിരിയുന്നതു പോലെ തോന്നി. 

അവള് ജർമ്മനീലെത്തി രണ്ടാം മാസമാ അവളുടെ അപ്പൻ മരിക്കുന്നത്. അവൾക്ക് വരാനൊത്തില്ല. പിന്നവള് ഒറ്റൊരുത്തിയാ താഴെയുള്ള പതിനൊന്നെണ്ണത്തിനെ ഓരോ കരപറ്റിച്ചത്. ഒറ്റൊരണം ഈ നാട്ടിലില്ല. എല്ലാം അമേരിക്കേലും കാനഡേലും ദുബായിലും പോയി രക്ഷപെട്ടു. കൊച്ചീലും കോട്ടയത്തുമൊക്കെ ഫ്ലാറ്റൊക്കെ മേടിച്ചിട്ടുണ്ട് എല്ലാരും. ഈ കാട്ടുമൂല ആർക്കും വേണ്ട. ആരാലും ഉപേക്ഷിക്കപ്പെട്ട ഒരു സംഗീത ഉപകരണം തനിയേ ശബ്ദം പുറപ്പെടുവിപ്പിക്കുന്നത് പോലെ അവർ പറഞ്ഞു.


“എനിക്ക് ഇവിടം വിട്ട് എങ്ങും പോവേയും വേണ്ട. ഓരോ പിടി മണ്ണിലും അങ്ങേരട വിയർപ്പുണ്ട്. നിനക്കറിയാമോ പതിനാലാമത്തെ വയസിലാ എന്നെ കെട്ടികൊണ്ട് വന്നത്. മിണ്ടാനോ പറയാനോ തരക്കാരാരുമില്ല. അടുത്തെന്നും നമ്മടാൾക്കാരുടെ  വീടുകളുമില്ല.”


കോഴിയും താറാവും പന്നിയും പശുവുമൊക്കെയായി അങ്ങ് കൂട്ടായി ആച്ചിയമ്മ പിന്നെ. കെട്ടിയവനാണെങ്കിലോ മണ്ണീന്ന് പിഴുതുവച്ച കാപ്പിച്ചെടി പോലെ ഏതുനേരവും മുട്ടറ്റം മണ്ണുംചേറുമായാണ് കേറിവരുന്നത്.


“പാതിരായ്ക്ക് പോയി വാഴ വയ്ക്കാൻ പറ്റിയാ അതാരുന്നു അതിയാന്റെ വല്യ സന്തോഷം.”


ലില്ലിക്കുട്ടിയെ വയറ്റിലായപ്പോ എനിക്കാകെ ശർദ്ദീം പ്രശ്നവുമായി. അങ്ങേര് അടുത്തൂന്ന് മാറാതിരുന്ന് എന്നെ നോക്കി. ഇലിമ്പിപ്പുളി വേണമെന്ന് പറഞ്ഞപ്പം വണ്ടമ്മേട്ടിപോയി വാങ്ങിക്കൊണ്ടു വന്നു. എൻറമ്മച്ചിപോലും എന്നെ അങ്ങനെ നോക്കീല്ല. ആച്ചിയമ്മ ആ കാലം ഓർത്തിരുന്നു.


രണ്ടാമത്തെ മാത്തുക്കൂട്ടീടെ കാലത്തും അങ്ങനായിരുന്നു. കാപ്പി കാച്ചിതന്നും കൂടിരുന്ന് കാലുതടവിയും അങ്ങേരെന്നെ സ്നേഹിച്ചു. കുഴപ്പമൊന്നുമില്ലെന്ന് കണ്ടാ പൊയ്ക്കളയും. മൂന്നാമത്തേതിനെ വയറ്റിലായതോടെ ഞാൻ സൂത്രപണി തുടങ്ങി. വെറുതേ വയ്യായ്ക കാണിച്ച് അങ്ങേരെ കൂടിരുത്തും. എന്നാ സ്നേഹമാണന്നോ. എന്നേക്കാൾ പതിനെട്ട് വയസ് മൂപ്പുണ്ടായിരുന്നു അങ്ങേർക്ക്.  ചിലപ്പം തോന്നും മോളെപ്പോലാ എന്നെ നോക്കുന്നതെന്ന്. അങ്ങനാ ഞാൻ പന്ത്രണ്ട്  പെറ്റത്. 


“നിനക്കറിയാവോ നാലാമത്തെ മിനിമോള് തൊട്ട് ഒന്നും അങ്ങേരുടെ പിള്ളാരല്ല.”


അയാൾ ആകെ നിലതെറ്റിയ മട്ടിലിരുന്നാണ് ആച്ചിയമ്മ പറയുന്നത് കേട്ടത്.


“ടാ വേറൊന്നും അല്ല. അങ്ങേരെ പിടിച്ചുകിടത്തി ഞാനാ അതുങ്ങളെയെല്ലാം ഉണ്ടാക്കിയത്.”


അച്ചിയമ്മ ഇരുന്ന ഇരുപ്പിൽ സോഫയിലോട്ട് ചാരികൊണ്ട് രണ്ടുവട്ടം മൂന്നോട്ടൊന്ന് ആഞ്ഞിരുന്നു. 


ഇപ്പം ഏതാണ്ട് പത്ത് പതിനഞ്ച് കൊല്ലമായി ഇവിടിങ്ങനെ ഒറ്റയ്ക്ക്. എല്ലാരും അവരവരുടെ പാട്ടിന് പോയി. എത്രകാലമാ ഒറ്റയ്ക്കിങ്ങനെ. നല്ലകാലത്ത് മേലനങ്ങി പണിചെയ്‌തോണ്ട് ഇപ്പോ ഒരസുഖവുമില്ല. പറഞ്ഞുവച്ചിരിക്കുന്ന ദിവസം മുറതെറ്റാതെ എല്ലാരും വിളിക്കും. കാശിനും മുടക്കമില്ല. 


ആച്ചിയമ്മ കുറേ നേരം മിണ്ടാതിരുന്നു. അതുവരെയുള്ള കഥകളൊക്കെ വെറുതേ കേട്ടിരുന്ന അയാൾക്ക് ആച്ചിയമ്മയുടെ ആ നിശബ്ദത വല്ലാതെ മുഴങ്ങുന്നതായി തോന്നി. 


അയാളുടെ കണ്ണിലേക്ക് നോക്കികൊണ്ട്‌ അതിനേക്കാൾ മുഴക്കത്തോടെ അവർ പറഞ്ഞു, “ഒന്ന് ശർദ്ദിച്ചിട്ട് മുതുക് തടവിക്കാനും ഇത്തിരി ഇലിമ്പിപ്പുളി വേണമെന്ന് പറഞ്ഞാൽ കൊണ്ടുതരാനും ഒരാളെ കിട്ടീരുന്നേൽ...


“ടാ, എന്നതാടാ ഇങ്ങനെ തരിച്ച്

നോക്കി ഇരിക്കുന്നേ. എനിക്കിത്തിരി സ്നേഹം കിട്ടിക്കോട്ടടാ. ”


കട്ടിൽ പണിഞ്ഞ തടികൊണ്ടാണ് തന്റെ ഭാര്യയേയും സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന എവിടെയോ കേട്ട് പഠിച്ചുവച്ചിരിക്കുന്ന തമാശ മനസ്സിൽ ഓർത്ത്‌ അയാൾ പതിയെ എഴുനേറ്റു. എത്രയോ കാലമായി മനസ്സിൽ പിടഞ്ഞു കിടന്ന നീല ഞരമ്പിലേക്ക് രക്തം ഇരച്ചു കയറി.  വെളുത്ത് തടിച്ച ആച്ചിയമ്മയുടെ തുടയ്ക്കിടയിലൂടെ അയാൾ തല കുനിക്കാതെ  കടന്നുപോയി. 


sy

<

syamjith

sir ,intellectual writing, 1.ആച്ചിയമ്മ കുറേ നേരം മിണ്ടാതിരുന്നു. അതുവരെയുള്ള കഥകളൊക്കെ വെറുതേ കേട്ടിരുന്ന അയാൾക്ക് ആച്ചിയമ്മയുടെ ആ നിശബ്ദത വല്ലാതെ മുഴങ്ങുന്നതായി തോന്നി. 2.തടിച്ച ആച്ചിയമ്മയുടെ തുടയ്ക്കിടയിലൂടെ അയാൾ തല കുനിക്കാതെ കടന്നുപോയി. The last line is very nice-i am also writer in this magazine -9947200928,kollam
Posted on : 09/09/17 05:00 pm

Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല