ഏണസ്റ്റ് ഹെമിങ്‌വേയുടെ ആയുധങ്ങൾക്കൊരു യാത്രാമൊഴി എന്ന കൃതി മലയാളത്തിലേക്ക് തർജമ ചെയ്തു പ്രസിദ്ധീകരിച്ചു. നെരൂദ, മോപ്പസാങ്, ലോർക്ക, റിൽക്കെ, കമലാദാസ് എന്നിവരുടെ സൃഷ്ടികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പാലക്കാട് സ്വദേശിനി.

നക്ഷത്രങ്ങളാൽ മുറിവേറ്റ രാത്രി

മലയാളിക്ക് പരിചിതമല്ലാത്ത മറ്റൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ച നെരൂദ, മോപ്പസാങ്, ലോർക്ക, റിൽക്കെ തുടങ്ങിയവരെ നമ്മൾ ചങ്ങമ്പുഴയെ പോലെയോ ഇടപ്പള്ളിയെ പോലെയോ ബഷീറിനെയോ എംടിയെ പോലെയോ വായിച്ചറിഞ്ഞത് തർജ്ജമകളിലൂടെയാണ്. ആ വിവർത്തനങ്ങളിൽ മുഖ്യ പങ്കുവഹിച്ച സാറ ദീപ ചെറിയാൻ എഴുതുന്ന കഥ: നക്ഷത്രങ്ങളാൽ മുറിവേറ്റ രാത്രി 

'ഒക്കെ തനിയെ വരുത്തി വെച്ചതല്ലേ അനുഭവിച്ചോ' എന്ന ഒരു മട്ടായിരുന്നു മകൾക്ക്.

"ഇങ്ങനെ എപ്പോഴും ഓടി വരാൻ എനിക്ക് പറ്റില്ല, ഓഫീസിൽ നൂറു കൂട്ടം തിരക്കാണ്, അജയൻ ഒഫീഷ്യൽ ടൂറിലും. ഉണ്ണിക്കിന്നു നേരിയ പനിക്കോളുണ്ടു അമ്മക്കിതുവല്ലതും അറിയണോ? മരുന്നും കഴിക്കില്ല ഭക്ഷണവും കഴിക്കില്ല അങ്ങോട്ടേക്ക് വിളിച്ചാൽ വരികയുമില്ല ഞാനെന്താണ് ചെയ്യുക?"

മുറിയിൽ ചുറ്റിനടന്നു മുഷിഞ്ഞ തുണികൾ പെറുക്കുകയാണ് അവൾ. "വെള്ളം വേണ്ടത്ര കുടിക്കാഞ്ഞിട്ടാ കാലിലെ ഈ നീര്, ഗുളികയും കഴിക്കുന്നില്ല, ആ മനുഷ്യൻ ഇനിയും തിരിച്ചു വരുമെന്ന് അമ്മ കരുതുന്നുണ്ടോ? വല്ല ആവശ്യവും ഉണ്ടായിരുന്നോ ഇതിന്റെ?  ഒരു ഊരു തെണ്ടി. എന്നെയോ അച്ഛനെയോ ഓർത്തില്ലല്ലോ അമ്മ ഒരു നിമിഷം പോലും." 

മുന്നിൽ വന്നു നിന്ന് കൈ രണ്ടും എളിയിൽ കുത്തിക്കൊണ്ട് അവൾ അല്പം ഒച്ചയുയർത്തി സംസാരിക്കുമ്പോൾ അവൾക്ക് അവളുടെ അച്ഛന്റെ ഛായ തന്നെ. ഇതു പോലെ തന്നെയായിരുന്നു അവളുടെ അച്ഛനും സംസാരിച്ചിരുന്നത്. പക്ഷെ ഒരിക്കലും ഒച്ച ഉയർത്തുമായിരുന്നില്ല.

"നീ ഈ ലോകത്തൊന്നുമല്ലേ" അരികിൽ വന്നു നേർത്ത ചിരിയോടെ അദ്ദേഹം ചോദിക്കുമായിരുന്നു.  "എന്താ എത്ര ആലോചന?"

ഇൻകം ടാക്സ് ഓഫീസിലെ ഗുമസ്തനായിരുന്നു അദ്ദേഹം. ജാടകളില്ലാത്ത ഒരു സാധാരണ മനുഷ്യൻ. 'എന്താ ഇപ്പൊ ഇത്ര ധൃതി പിടിക്കാൻ' എന്നൊരു മട്ടാണ് സദാ. നടപ്പും സംസാരവും ഭക്ഷണം കഴിക്കലും ഒക്കെ സാവകാശത്തിലാണ്. ദാമ്പത്യവും ഒരു അനുഷ്ഠാനം പോലെ ഭദ്രം. 'നിനച്ചിരിക്കാതെ അരികിൽ വന്ന്, ചേർത്ത് പിടിച്ച്, വന്യമായൊരു രതിയിലേക്ക് അദ്ദേഹം തന്നെ നയിച്ചിരിന്നുവെങ്കിൽ എന്ന് അപ്പോഴൊക്കെ അവൾ ആഗ്രഹിച്ചിരുന്നു.

മകൾക്ക് ആറു വയസ്സുള്ളപ്പോൾ വെറുമൊരു ജലദോഷപ്പനി വന്നു അദ്ദേഹം മരണപ്പെടുകയും ചെയ്തു. മരണക്കിടക്കയിലും അദ്ദേഹം ചോദിച്ചിരുന്നു, "താൻ എന്താ ആലോചിക്കണത്? എന്നെ ബോധിച്ചിട്ടില്ല അല്ലേ?"

രാത്രികളെപ്പറ്റിയായിരുന്നു താൻ അന്നൊക്കെ ആലോചിച്ചിരുന്നത്. അത് പറഞ്ഞാൽ അദ്ദേഹത്തിന് മനസ്സിലാകുമായിരുന്നില്ല. കൗശലക്കാരനായ ഒരു പക്ഷിവേട്ടക്കാരനെ പോലെയുള്ള രാത്രികൾ. ഗന്ധർവ സംഗീതം പോലെ പതയുന്ന രാത്രികൾ, ആസക്തിയുടെ നക്ഷത്രങ്ങൾ ഒന്നൊന്നായി കണ്മിഴിക്കുന്ന രാത്രികൾ. നിലാവും നക്ഷത്രങ്ങളും കയ്യൊഴിഞ്ഞ രാത്രികൾ.

"അമ്മയിനി ആരെ കാത്താണ് ഇരിക്കുന്നത്? അയാൾ തിരിച്ചുവരുമെന്ന് 'അമ്മ കരുതുന്നുണ്ടോ?" 

ചായയുമായി അരികിൽ വന്നുകൊണ്ടു മകൾ ചോദിച്ചു. ഒരു കാരണവത്തിയെപ്പോലെ സാരി എടുത്തുകുത്തി അവൾ മുന്നിൽ നിൽക്കുമ്പോൾ ചിരി വരുന്നു.

"അമ്മയെ വിട്ടു എവിടേക്കും പോകില്ലെന്ന്" ഒരിക്കൽ പറഞ്ഞിരുന്ന ആളാണിവൾ. അജയന്റെ ആലോചന വന്നപ്പോൾ പക്ഷെ  ഇവൾക്കായിരുന്നു ഏറെ  തിടുക്കം.

"നാലു കിലോമീറ്ററിന്റെ ദൂരമല്ലേയുള്ളു " അങ്ങനെയാണ് അന്നവൾ പറഞ്ഞത്.

"അയാളിനി വരില്ല അമ്മേ, ഊരുതെണ്ടി നടക്കുന്ന ഒരാൾ, അമ്മക്കിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? അജയന്റെ വീട്ടുകാർ ഓരോന്ന് പറയുമ്പോൾ തോല് പൊളിയുന്നു." 

'അമ്മ മകളുടെ മുഖത്ത് നോക്കി അലിവോടെ ചിരിച്ചു. എന്തറിയാം ഇവൾക്ക്. അവൻ വരും, വരാതെ എവിടെ പോകാൻ. വരാതിരിക്കാൻ അവനാവില്ല. അത് പറഞ്ഞാൽ ആർക്കാണ് മനസ്സിലാവുക?

"കഞ്ഞിയും മെഴുക്കുപുരട്ടിയും ഓട്സും ഒക്കെ എടുത്തു വെച്ചിട്ടുണ്ട് നേരത്തിനു എടുത്തു കഴിക്കണം. മരുന്നും കഴിക്കണം. ഉണ്ണിയുടെ പനിമാറിയാൽ ഞാൻ അവനെയും കൊണ്ട് വരാം."

നേരം സായാഹ്നമായിരുന്നു. ജനലഴികളിലൂടെ പരുങ്ങിയെത്തുന്ന വെയിലിനു ഇളംചൂടുണ്ട്. സുഖദമായ ഇളം ചൂട്. പവിഴമല്ലിയുടെ ഇലകളിൽ മറഞ്ഞിരുന്നു ഒരു പക്ഷി ചൂളം കുത്തുന്നു. നോക്കിനിൽക്കേ ഒരു മായാവിയെ പോലെ വർണരേണുക്കൾ വാരി വിതറിക്കൊണ്ടു സന്ധ്യ കടന്നുവന്നു. ഇനി ഇരുണ്ടു ചുവന്ന മൂവന്തിയെത്തും പുറകെ, ഒരു ജാരനെപ്പോലെ രാത്രിയും.

തീവ്രമധുരമായ ഒരോർമ്മ പോലെ സന്ധ്യയുടെ ആദ്യതാരകം തെളിഞ്ഞു. നിലാവില്ലാത്ത ഒരു കരിനീല രാത്രിയാണിതെന്നു അവളോർത്തു. നിഴലുകൾക്ക് ഈ രാവിലിന്ന് അഞ്ജനത്തിന്റെ കറുപ്പായിരിക്കും.

"വിളക്ക് വേണ്ട". 

നിശ്വാസത്തോടൊപ്പം ആ വാക്കുകളാണ് ആദ്യം കവിളിൽ തൊട്ടത്.

"വെളിച്ചവും ചൂടും ഉള്ളിൽ ഒളിപ്പിച്ച നീല രത്നമാണ് നീ. പകൽ മുഴുവൻ കാത്തുവെച്ച സുഗന്ധം മുഴുവൻ അസ്തമയത്തോടെ മാത്രം പുറത്തെടുക്കുന്ന ഒരു വനമുല്ലയാണ് നിന്റെ ഉടൽ. നക്ഷത്രത്തിളക്കം പ്രതിഫലിക്കുന്ന കാട്ടു പൂച്ചക്കണ്ണുകൾ പോലെ നിന്റെ കണ്ണുകൾ ജ്വലിക്കുന്നത് ഞാൻ കാണുന്നു. "

മകൾ ചാരിയിട്ടു പോയ ഗേറ്റ് തള്ളിത്തുറന്നു കാറ്റിന്റെ ഒരു ചീൾ ഇരുട്ടിലൂടെ ഊളിയിട്ടെത്തി. കസേരയിൽ നിന്നെഴുന്നേറ്റ് വാതിൽ തുറന്നു അവൾ പുറത്തിറങ്ങി.

രാത്രി അതിന്റെ ഇന്ദ്രജാലം തുടർന്നുകൊണ്ടേയിരുന്നു.


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല