ആദ്യ നോവലായ കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം ഗലേറിയ ഗാലന്റ് സാഹിത്യ പുരസ്ക്കാരം നേടി. കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌ക്കാർ, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ അവാർഡ്, ഉറൂബ് അവാർഡ്, മാതൃഭൂമി കഥാപുരസ്ക്കാരം, ജനപ്രിയ ട്രസ്റ്റ് അവാർഡ്, അങ്കണം അവാർഡ്, ഇ.പി. സുഷമ എൻഡോവ്മെന്റ്, മലയാള ശബ്ദം അവാർഡ്, എസ്.ബി.ടി. ചെറുകഥാ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഇന്ത്യടുഡേ ഇന്ത്യയിലെ മൂന്ന് യുവ എഴുത്തുകാരെ തിരഞ്ഞെടുത്തതിൽ ഒരാളായി.
കഥാസമാഹാരങ്ങളായ ഒരു ലെസ്ബിയൻ പശു, സംഘ് പരിവാർ, ഹിന്ദു ഛായയുള്ള മുസ്‌ലിം പുരുഷൻ, ഇന്ദു മേനോന്റെ കഥകൾ, ചുംബനശബ്ദതാരാവലി, പ്രണയക്കുറിപ്പുകൾ, എന്റെ തേനേ എന്റെ ആനന്ദമേ, ഓർമ്മക്കുറിപ്പായ എന്നെ ചുംബിക്കാൻ പഠിപ്പിച്ച സ്ത്രീയേ എന്നിവയും പ്രസിദ്ധീകരിച്ചു.
മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം. സോഷ്യോളജിയിൽ മൂന്നാം റാങ്കോടെ ബിരുദാന്തര ബിരുദം. സംഗീതജ്ഞനായ ഉമയനലൂർ എസ്. വിക്രമൻനായരുടെയും വി. സത്യവതിയുടെയും മകൾ.

ശബ്‌ദങ്ങളിൽ പ്രേമമുറിവുകളുള്ള ആ പാട്ടുകൾ

പ്രേമപ്പാട്ടുകൾ എനിക്കെന്നും മനുഷ്യരാണു. സ്ത്രീകളായും പുരുഷന്മാരായും ഞാൻ എന്നിൽ അടയാളപ്പെടുത്തിയ ഒരു 3 മിനുട്ട് മനുഷ്യർ. ഒരു ഓർമ്മിപ്പിക്കൽ. ഒരു നിമിഷത്തെ, ഒരു കാലത്തെ, ഒരു സന്ദർഭത്തെ. ഒരുസ്പർശം. പൂവിനെ നിലാവിനെ നിറങ്ങളെ സ്വപ്നങ്ങളെ. ചില പാട്ട് കേൾക്കുമ്പോൾ നല്ല ആഹ്ളാദം തോന്നും ചിലപ്പോൾ ഭയങ്കര സങ്കടമായിരിക്കും… ചിലപ്പോൾ ചില പ്രത്യേക വ്യക്തികളെ..

ചുണ്ടിൽ ചോന്ന റോസാനിറമുള്ള ലിപ്സ്റ്റിക്ക്  തേയ്ക്കുമ്പോൾ പതിവായ് കൗമാരകാലത്ത് കേട്ട പാട്ടുകൾ മനസ്സിലങ്ങനെ ചോന്ന് വരും. അവന്റെ ഓറഞ്ച് ചുണ്ടൂകൾ സത്യമായിരുന്നെന്ന് ഓർമ്മിപ്പിക്കും.. മധ്യവയസ്സിലാകട്ടെ  അതേ ചുണ്ടുകൾ എത്രെ ചുംബനങ്ങൾ ഒളിച്ച് സൂക്ഷിച്ച വായുടെ സിബ്ബാണെന്ന് കൗതുകത്തോടെ ഓർമ്മിപ്പിക്കും.

ചില പാട്ടുകൾ സുഗന്ധദ്രവ്യക്കുപ്പികൾ പോലെയാണു. കേൾക്കുന്ന മാത്രയിൽ ഹൃദയത്തിന്റെ അത്തറുകുപ്പി പൊട്ടും. വാങ്ക് വിളിയ്ക്കൊപ്പം കാറ്റിൽ വസന്തം പുരണ്ടപോലെ ഊദിന്റെ മണം വരും. 

ചിലത് ഉടുപ്പിനുള്ളിൽ മഞ്ഞ് കട്ട വാരിയിട്ട പോലെയാണു നമ്മളെ തണുപ്പിക്കുക. നോത്രഡാമിലെ പള്ളിയുടെ ഉള്ളിലും വാൾനട്ടുകൾ നദിയിലേക്ക് തൊഴിയുന്ന വഴിയോരസന്ധ്യകളിലും പരസ്പരം ഉടലുരസി നടന്നതോർമ്മ വരും.. 

ചില പ്രേമഗാനങ്ങൾ മൈഗ്രേയിൻ ഉണ്ടാക്കും. അണലിക്കുട്ടിയെപ്പോലെ തലയ്ക്കകം കൊത്തിപ്പറയ്ക്കുന്ന ആ ഗാനത്തിൽ പ്രേമത്തിനു പകരം മാരകമായ നിരാസമുണ്ടായിരിക്കും. ഞാനതിനെ വിളിയ്ക്കും, തൂങ്ങിമരിച്ചവന്റെ പാട്ട്….. ഗെയിറ്റിൽ അവളെക്കാത്തു നിന്ന അനാഥമായ ഒറ്റക്കണ്ണ് എന്നെയും കരയിക്കും……

പ്രിയമാനസാ നീ വാവാ

പ്രിയമാനസാ നീ വാവാ

പ്രേമമോഹനാ ദേവാ

വാതിലും തുറന്നു നിൻ 

വരവും കാത്തിരിപ്പൂ ഞാൻ

അമ്മ സാധാരണയായ് പാട്ടുപാടാറില്ല. അറിയില്ല എന്നതാണു സത്യം. എന്നാലും ഇടയ്ക്കൊക്കെ അച്ഛൻ കേൾക്കാതെ മൂളും.. അച്ഛൻ കേട്ടാൽ ആ മാഹാസംഗീത്ജ്ഞാനത്തെപ്രതി അമ്മയെ കളിയാക്കും. എന്നാൽ അച്ഛനമ്മയെ കളിയാക്കാത്ത ഒരേ ഒരു പാട്ടാണിത്. ഇത് അച്ഛനെക്കളിയാക്കുന്ന പാട്ട് പോലെയാണു തോന്നുക. എന്റെ  കുട്ടിക്കാലത്ത്  വേനലവധിയ്ക്ക് സകുടുംബം ഞങ്ങൾ  കൊല്ലത്ത് ഉമയമല്ലൂരുള്ള അച്ഛൻ വീട്ടിൽ പൊകുമായിരുന്നു. അവിടെ എത്തിയാലെ  ഈ പാട്ട് അമ്മ  പാടാറു. കൊല്ലത്തെ ചാച്ചേപ്പയുടെ മങ്ങാട്ടഴികത്ത്  വീട്ടിൽ നിന്നാണു പാടുക.  അതും അച്ഛനെ മാത്രം കേൾപ്പിക്കാൻ വേണ്ടി പതുക്കെ കുസൃതിയോടേ. ഒട്ടും പ്രേമലോലുപയായല്ല. കളിയാക്കിക്കൊണ്ടാണു പാടുക. അച്ഛൻ മുഖം കറുപ്പിച്ചാലുടനെ എന്റെ തുടയിൽ പതുക്കെ തട്ടി എനിക്ക് വേണ്ടിയാണെന്ന ഭാവത്തോടെ പാട്ട് ഗതിയൊന്ന്ൻ മാറ്റിപിടിയ്ക്കും.


അച്ഛൻ പാടിയല്ലാതെ ഞാൻ കേട്ട ആദ്യത്തെ പാട്ടാണത് ഒരുപക്ഷെ അമ്മ പാടിക്കേട്ടവയിൽ ഓർമ്മയിലുള്ള ഒരേ ഒരെണ്ണം. ഈ പാട്ട് കേൾക്കും മുമ്പെ പാതിയുറക്കത്തിൽ ഞാനൊരു പാദസരക്കിലുക്കം കേട്ടിട്ടുണ്ട്. ഒരു സ്ത്രീ കടന്നുവന്നു, അവർ ചായഗ്ലാസുകൾ മേശയിൽ വെയ്ക്കുന്നതും നെറ്റിയിൽ മൃദുവായെന്നെ ചുംബിക്കുന്നതും അമ്മയോട് എപ്പം വന്നു എന്നു ചോദിച്ചതും ഞാൻ കേട്ടതാണു.

“രാവിലെ അഞ്ച് മണിയ്ക്ക് എത്തി.  ട്രെയിൻ  ലേറ്റായിരുന്നു. എന്തു പറയുന്നു തങ്കം? സുഖാണോ?”

“വ്വൊ സുഖം തന്നെ സത്യേയ്ച്ചീ. കൊച്ചുങ്ങളു ഒണരട്ട്. ഞാമ്പരാം”

അവർ പോയപ്പോൾ മുതൽ അമ്മ പാട്ട് തുടങ്ങി. അച്ഛൻ വരുന്ന ശബ്ദം. 

“ചായ കുടിച്ച് കളയാം. ചൂടൊണ്ടോ?”

“ഊഹ് നല്ലോണം” അച്ഛൻ ചായകുടിക്കുന്നു. ആഹ്ളാദത്തോടെ ചായയുടെ നാട്ടുരുചിയെപ്പറ്റി പറയുന്നു. കോഴിക്കോട്ടെ ചായ അച്ഛനത്ര പഥ്യം പോരാ. പ്രത്യേകിച്ച് അമ്മയുണ്ടാക്കുന്ന ചായ. ഒരു ഡവറ നിറയെ തരുന്ന ഒരുതരം ചായ. മോട്ടവെള്ളം എന്നാണു അച്ഛനതിനിട്ട പേർ… എന്നും ചായയുടെ പേരിൽ ഒരു വഴക്കുണ്ട്. എന്നാലന്ന് ചായ ഇറക്കിയപാട് അച്ചൻ പറഞ്ഞു.

“കൊള്ളം നല്ല ഉഗ്രനായിട്ടൊണ്ട്” 

“ആവും ആവും.. പ്രിയമാനസാ…”  അമ്മ കളിയാക്കി.


പോകപ്പോകെ മനസ്സിലായി അച്ഛന്റെ നഷ്ടപ്രണയകഥയാണു അമ്മ പാട്ടായി കുത്തിയിളക്കുന്നത്….. അച്ഛൻ  പ്രേമിച്ചിരുന്നുവെന്ന് അമ്മ. ഇല്ല ഔദ്യോഗികമായി കല്യാണം പറഞ്ഞുവെച്ചവൾ മാത്രമെന്ന് അച്ഛൻ. കല്യാണം തീരുമാനിച്ച മുറയിലുള്ള പെണ്ണിനോട് ഔദ്യോഗികമായ് പെരുമാറുന്നതൊക്കെ ഡെക്കെറേഷനല്ലെ എന്നു ചോദിക്കാനന്നു പ്രായമായിരുന്നില്ല  എനിക്ക്. എന്നാലും കസിൻ പറഞ്ഞുതന്ന കഥയിൽ കല്യാണത്തിയതി കുറിക്കുന്ന സമയമായപ്പോൾ പെണ്ണിനാണു മനമ്മാറ്റം. എനിക്കീ പറഞ്ഞുവെച്ചവനെ വേണ്ട എന്ന് അവർ ഒറ്റയ്ക്കും തെറ്റയ്ക്കും പറഞ്ഞു തുടങ്ങി. നാട്ടുകാരും വീട്ടുകാരും പെണ്ണിനുണ്ടായ പുതിയപ്രേമത്തെപ്പറ്റി രഹസ്യമായ് പറഞ്ഞു.... അച്ഛൻ അവരോട് തന്നെ നേരിട്ട് ചോദിച്ചു.

“അതെ ഞാൻ മറ്റൊരാളെ ഇപ്പോൾ സ്നേഹിക്കുന്നു” എന്നു തലകുനിച്ചൊരു  മറുപടികിട്ടി. 

തേച്ചില്ലേ പെണ്ണേ തേച്ചില്ലെ പെണ്ണെ എന്ന് ഇന്നായിരുന്നെങ്കിൽ പാടാമായിരുന്നു. അച്ഛൻ പതുക്കെ അവിടുന്നു സ്ഥലം കാലിയാക്കി. കോഴിക്കോട്ട് സ്കൂളിൽ വന്നു ചേർന്നു… ആദ്യത്തെ വിഷമമൊക്കെ പതുക്കെ തേഞ്ഞുമാഞ്ഞുകൊണ്ടിരുന്നു.


തേപ്പിന്റെ മറുകഥ രസകരമാണു. പറഞ്ഞുവെച്ച കല്യാണം വേണ്ടെന്നായപ്പോൾ അവരുടെ  കാമുകനും അമ്മയും അലോചനയുമായ് വന്നു. പുതുകാമുകന്റെ സ്ത്രീധനാ‍ാവശ്യം ഭയങ്കരമായിരുന്നു.. ഒരിക്കലും നടക്കുവാൻ സാധ്യമല്ലാത്ത ഒന്ന്. സ്ത്രീധനപ്രശ്നത്തിൽ ആ വിവാഹം മുടങ്ങി. വീട്ടുകാരിൽ ചിലരെങ്കിലും സല്ലാപത്തിലെ മനോജ് കെ ജയനെപ്പോലെ ത്യാഗിയായ ഒരു ചെറുപ്പക്കാരനെ പ്രതീക്ഷിച്ചു. എന്റെ അച്ഛൻ ആത്മാഭിമാനിയായിരുന്നു. അതിനൊന്നും എന്തായാലും  അച്ഛനെ കിട്ടിയില്ല. അച്ഛൻ അവരേക്കാളും തിളങ്ങുന്ന തൊലിയുള്ള. നല്ലഭംഗിയുള്ള, പല്ലുകൾക്കിറ്റയിലെ വിടവുകൂടി പുഞ്ചിരിക്കുന്ന കുറുമ്പുകൾ കണ്ണിലുള്ള എന്റെ അമ്മയെന്ന പാവം സ്ത്രീയെ കല്യാണം കഴിച്ചു. 


ഞങ്ങളുണ്ടായി ഏറെ കഴിഞ്ഞാണു അവർ വിവാഹം ചെയ്തത്. ഞങ്ങളെ വലിയ സ്നേഹമായിരുന്നു. എന്റെ കൈകളിൽ മൈലാഞ്ചിയരച്ച് ഇട്ട് തരുമായിരുന്നു. കുപ്പി വളകൾ വാങ്ങിത്തരുമായിരുന്നു. അവരുടെ കല്യാണത്തലേന്ന്, നാരങ്ങാവെളിച്ചമുള്ള  പെട്രോമാക്സിനു  ചുറ്റുമിരുന്നു പൊറോട്ടയും മുട്ടക്കറിയും കറുത്തഹലുവയും ചേർന്ന ഒരു കോമ്പിനേഷൻ  അകത്താക്കുമ്പോൾ “ആ പാട്ട് വെയ്ക്ക് വെയ്ക്ക് ” എന്നമ്മയുടെ കുസൃതിസ്വകാര്യം കേട്ടു. അമ്മ ആരെയോ കസിൻസ്സിനെ കൊണ്ട് പഴയ ആ പാട്ട് പ്രിയമാനസാ വാ വാ എന്ന് ഉറക്കെ വെപ്പിക്കാനുള്ള പരിപാടിയായിരുന്നു…പ്രിയമാനസാ പാട്ടുയർന്നു.തിരക്കിലും കല്യാണപ്പെണ്ണ് നിശബ്ദയാവുന്നത് കണ്ടു. അവൾ പന്തലിൽ ആരെയോ തിർഞ്ഞു. ദേവഗാന്ധാരിയുടെ മാസ്മരികമായ രാഗഭംഗിയിൽ അമ്മയുടെ കവിളിലെ അപൂർവ്വമായ് തെളിയുന്ന നുണക്കുഴി തെളിഞ്ഞു. 

ആ പ്രേമവുമായി ബന്ധപ്പെട്ട് പഴയ എന്തെങ്കിലും പാട്ടോർമ്മയാണോ കഥയാണോ പ്രിയമാനസാ വാ വാ നൽകുന്നത് എന്നമ്മ പറഞ്ഞില്ല. അച്ഛനും പറഞ്ഞില്ല. എങ്കിലും അമ്മപാടിക്കേട്ട ആ പ്രേമഗാനം എന്നും എനിക്ക് പ്രിയകരമായിത്തീർന്നു…

പിന്നെ എന്റെ വളർച്ചയിൽ, എന്റെ തൊടിയരികിലെ പൂത്തകശുമാവ് മരച്ചോട്ടിൽ മുടിയഴിച്ചിട്ട് , ഊഞ്ഞാലിൽ പതിയെ ചാഞ്ഞാടിക്കൊണ്ട് ഞാനാ പാട്ട് മുഴുവനായും പാടി.. നിലാവ് പതിയെ കുന്നിറങ്ങി വന്നു

 പല്ലവാധരങ്ങളിൽ 

പുല്ലാങ്കുഴലു ചേർത്ത്

സല്ലീലം അതിലൂടെ

പ്രേമസാമ്രാജ്യം തീർത്ത്

നായകാ നിന്നോടോത്ത്

നടനം തുടങ്ങീടുമ്പോൾ

ആത്മാവിൽ എനിക്കെന്തോരാനന്ദമാണു ദേവാ.. എനിക്കാ പാട്ട് പാടുമ്പോൾ വയസ്സ് 14. അന്നു രാത്രിയിൽ ഞാൻ ഉറക്കത്തിൽ തിരണ്ടു എന്നാണോർമ്മ… എന്റെ വീടിന്റെ മുന്വഴിയിലൂടേ ഒരു ചെറുപ്പക്കാരൻ ഓടിപ്പോകുന്നത് ഞാൻ കണ്ടു.. അവന്റെ കാലിലെ പച്ചഞരമ്പുകൾ വന്യമായി തുടിക്കുന്നത് ഞാൻ കണ്ടു….ആത്മാവിലെ ആനന്ദം എനിക്ക് അനുഭവപ്പെട്ടു.


ആത്മാവിലെ സൂര്യനും ഒരു മിൻസാരപ്പാർവ്വയിൻ വേഗവും

 ഓടിപ്പോയ ചെറുപ്പക്കാരൻ എന്നെ ഒരിക്കലും ശ്രദ്ധിച്ചതേയില്ല. അക്കാലമത്രയും ഞാനും അയാളെ ശ്രദ്ധിച്ചിരുന്നില്ല. പെൺചുവപ്പ് കുളിമുറിയിൽ ചുവന്ന പൂക്കൾ പൊടിഞ്ഞുയർന്നു. ഞാൻ പരിഭ്രമത്തോടേ കുറ്റിയിളക്കി. അയാൾ എന്റെ വേലിയരികിലെ മണ്ണ് റോഡിലൂടെ ഓടിപ്പോയി. ആദ്യമായ് ഒരു പുരുഷനെ കണ്ടവളെപ്പോലെ ഞാൻ ഭയന്നു.  ആ ചെറുപ്പക്കാരൻ എന്റെ വീടിനടുത്ത് അമ്മയുമൊത്ത് താമസിയ്ക്കുവാൻ വന്നതായിരുന്നു. ദൂരെ ഏതോ ഒരു നാട്ടിൽ നിന്നും. പേരറിയില്ല. നാടറിയില്ല. അയാളെക്കുറിച്ച് എനിക്ക്  ഒന്നുമറിയുമായിരുന്നില്ല. ഞാൻ സ്കൂളിൽ പോണ വഴിയിൽ എവിടെയൊ താമസിക്കുന്നു അത്രമാത്രം. ആ അമ്മയും മകനും പൂച്ചകളെപ്പോലെയാണെന്ന് ആരോ പറഞ്ഞ് പിന്നീട് ഞാൻ കേട്ടു. തള്ളപ്പൂച്ച അതിന്റെ കുഞ്ഞിനെ കടിച്ചെടുത്ത് വരുന്നത് പോലെ ആ മകൻ  ട്രാൻസ്ഫെറായി പോകുന്നിടത്തെല്ലാം അമ്മയെ കൊണ്ടുപോയി. അയാൾ ഒരു കോളേജ് അധ്യാപകനായിരുന്നു..

അക്കാലത്താണു മഴയെത്തും മുമ്പേ എന്ന സിനിമ വരുന്നത്. അതിമനോഹരമായി ശുദ്ധധന്യാസിയിലോ മറ്റോ ചെയ്തെടുത്ത എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ട്  വമ്പൻ ഹിറ്റായ കാലം. എന്റെ അച്ഛൻപറയും എവിടെയോ ഈ പാട്ട് മുന്നേ കേട്ടിട്ടുണ്ട്. പക്ഷെ ഓർമ്മയില്ല. ഒരിക്കൽ എന്റെ അച്ഛനൊപ്പം തിരുവനന്തപുരത്ത് മ്യൂസിക്ക് കോളേജിൽ ഗാനപ്രവീണിനു പഠിച്ച സുകു സാറിനെ കാണാനായി ഞങ്ങൾ തൃപ്പുണിത്തുറ സംഗീതകോളേജിലേക്ക് പോയി. അവിടെ പ്രിൻസിപ്പലാണു അദ്ദേഹം. അച്ഛനെക്കണ്ടതും അദ്ദേഹം വിഷമത്തോടേ ഒരു പാട്ട് പാടി… അതേ രാഗം.. അതേ താളം അതേ പോലെ ചെറിയ ചില വ്യത്യാസങ്ങൾ മാത്രം… 

“അതെ ഇതാപ്പാട്ടാണല്ലേ?”

“അതേ എന്റെ പാട്ട്. കുടികാര സഭയിൽ ഞാമ്പാടിയ പാട്ട്” സുകുസാറിന്റെ കണ്ണൂ നിറഞ്ഞു..

“അങ്ങനെതന്നെ വേണം സുകുസ്സാറെ. ആ ചതി കുടിക്കുന്നവർക്കുള്ളതാണു” 

മദ്യവിരോധിയായ അച്ഛൻ ആ മോഷണം മദ്യപിച്ചതിനുള്ള ശിക്ഷയെന്ന് വ്യാഖ്യാനിച്ചു… അന്ന് മുഴുവൻ അദ്ദേഹം ആ രണ്ട് പാട്ടുകളും മാറിമാറി പാടിക്കൊണ്ടിരുന്നു…മനോഹരമായ പാട്ടായിരുന്നു അത്.

 “എന്നാലും അവളെയോർത്ത് ഞാൻ ചിട്ടപ്പെടുത്തിയതായിരുന്നു” അങ്ങനെ അദ്ദേഹം പിറുപിറുത്തു. എന്തായാലും എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ട്, അന്ന് വൈകുന്നേരം തിരിച്ച് വരുമ്പോഴേയ്ക്കും ശ്രുതിചേർത്ത് പാടാൻ എനിക്ക് മനഃപ്പാഠമായി….അടുത്ത ദിവസങ്ങളിൽ എപ്പോഴോ ഞങ്ങളാ സിനിമകാണുകയും ചെയ്തു. 

ചെറുപ്പക്കാരനായ കോളേജ് അധ്യാപകന്റെ പുറകിൽ നടക്കുന്ന കുസൃതിക്കാരിയായ വിദ്യാർത്ഥിനി. ഗൗരവക്കാരനായ അധ്യാപകനോട് അവൾ കാണിക്കുന്ന അടുപ്പവും കുറുമ്പും. അയാളുടെ ദേഷ്യം. എന്തുകൊണ്ടോ പൊടുന്നനെ എനിക്കാ ചെറുപ്പക്കാരനായ അധ്യാപകനെ ഓർമ്മ വന്നു. കാരണം ഞാൻ അത് വരെ കണ്ട എല്ലാ കോളേജ് അധ്യാപകരും മധ്യവയസ്സന്മാരായിരുന്നു. അച്ഛന്റെ സുഹൃത്തുക്കളായിരുന്ന മിക്കവാറൂം എല്ലാ മാഷന്മാർക്കും അച്ഛനോളം  പ്രായവുമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി  ഹിന്ദി ഡിപ്പാർട്ട്മെന്റിലെ മാലതിട്ടീച്ചറുടെ ഗോപിമാമൻ, തൂത്തുവിന്റെയും സുരഭിചേച്ചിയുടെയും അച്ഛനായ മാത്ത്സിലെ കൃഷ്ണകുമാർ സാർ, ആർസുമാമൻ, സ്റ്റാറ്റിസ്റ്റിക്ക്സിലെ കുമാരങ്കുട്ടിമാമൻ.. അങ്ങനെ മധ്യവയസ്കരായ കുറേപ്പേർക്കിടയിലെ ഒരേ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ അയാളെപ്പ്റ്റി ഞാൻ ഓർത്തു…

പിറ്റേ ദിവസം പതിവനു വിപരീതമായ് ഞാൻ  അയാളെക്കണ്ട് പുഞ്ചിരിച്ചു. പിന്നെയതൊരു പതിവായ് സ്കൂളിൽ പോകുന്ന വഴിയിൽ കാണുമ്പോഴൊക്കെ ഞങ്ങൾ പരസ്പരം ചിരിച്ചു.  അയാൾ ചിരിക്കുന്നത് കാൺകെ ഞാൻ ആ പാട്ട് ഓർത്തു. കോളേജിൽ ഒരു വിദ്യാർത്ഥിനി അയാൾക്ക് കാമുകിയായ് ഉണ്ട് എന്ന് എനിക്ക് ഉറപ്പായിരുന്നു. അവളെ അയാൾ  ചീത്തപറയുന്നതും വഴക്കിടുന്നതുമൊക്കെ ഞാൻ സങ്കൽപ്പിച്ചു..അയാളിന്നവളുടെ മുഖത്തടിച്ച് കാണുമോ എന്നൊക്കെ എനിക്ക് ആധി പെരുത്തു.

ആയിടയ്ക്കോ മറ്റോ അയാളൊരു കല്യാണം കഴിക്കാൻ തീരുമാനിച്ചത് ഞാനറിഞ്ഞു. അതോ കഴിച്ചോ?  സിനിമയിലെ പോലെ കല്യാണം മുടങ്ങിയോ? ഉദ്വേഗഭരിതമായ കുടുംബവിശേഷങ്ങളോന്നും ചോദിക്കത്തക്ക പരിചയം ഞങ്ങളുടെ  ചിരിക്കിടയിൽ ഉണ്ടായിരുന്നില്ല. എനിക്ക് വിശേഷങ്ങൾ ഒന്നും അറിയാനും കഴിഞ്ഞില്ല.

സ്കൂളിലേക്ക് പോകുമ്പോൾ പച്ചപ്പാടത്ത് കാറ്റടിയ്ക്കുന്നതും  എന്റെ നീലപ്പാവാട ഒപ്പം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നതും, തുറാബ് തങ്ങളുടെ വീടിനു മുമ്പിലൂടെ അയാൾ ഓടിവരുന്നതും ഒക്കെ സ്വാഭാവികമായി. വൈകുന്നേരങ്ങളിൽ അയാൾ  യൂണിവേഴ്സിറ്റിയിലേക്കുള്ള  ബസ്സിലിരിക്കുന്നത് ഞാൻ ഇടയ്ക്കൊക്കെ കണ്ടു. എന്റെ അച്ഛൻ വാങ്ങിത്തന്ന എഗ്സ്പഫ്സ്സ് പൊതിയും പിടിച്ച് അയാളെ കാൺകെ സൂര്യോദയപ്പാട്ടുമ്പാടി ഞാൻ നടന്നു.

അടുത്തകൊല്ലമാണു ട്വിസ്റ്റ്. ഞാനയാളുടെ കോളേജിൽ ചേർന്നു. എന്റെ ഊഹം പോലെ ,കൗതുകം പോലെ അയാൾക്ക് ചുറ്റും ഭയങ്കരിയായ ഒരു സീനിയർ പെൺകുട്ടി കറങ്ങുന്നത് ഞാൻ കണ്ടു..  ബി സോൺ മത്സരങ്ങളിൽ വിജയീയായ ആ ചേച്ചിയുമായ് ഞാൻ സൗഹൃദത്തിലായിരുന്നു… ആ അധ്യാപകനോട് നിരന്തരം തല്ലുകൂടിയും അയാളെ ഉപദ്രവിച്ചും കാണുമ്പോൾ നിങ്ങളെ ഞാൻ പ്രേമിക്കാമെന്ന് തുറന്ന് പറഞ്ഞും ആ പെൺകുട്ടി അയാളെ ഉപദ്രവിച്ച് കൊണ്ടേയിരുന്നു. അവരെ കാണുമ്പോൾ എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ട് ഞാൻ പാടിക്കൊണ്ടേയിരുന്നു. അവർ തലയിളക്കി. ബൊംബെ സിനിമയിലെ കണ്ണാളനെ എന്ന പാട്ട് ഇടയ്ക്കൊക്കെ മാറ്റിമൂളി. എല്ലാം നന്ന് എന്ന മട്ടിൽ ഞാൻ തലയിളക്കി.


അടുത്തവർഷം ഞാനാപെൺകുട്ടിയെ കണ്ടതെയില്ല. ഇല്ല പിന്നീടൊരിക്കലും ഞാനാ പെൺകുട്ടിയെ കണ്ടതേയില്ല. ആ അധ്യാപകന്റെ പരാതിയിൽ അവളെ കോളേജ് മാറ്റിയെന്നു മാത്രം അറിയാൻ കഴിഞ്ഞു..  എങ്കിലും ആ അധ്യാപകനെ കാണുമ്പോൾ അവളെയും ആ പാട്ടിനേയും ഞാനോർത്തു.. എന്തോരു കാടൻ,  മിഴിപ്പൂക്കൾ ഈറനായ് നിന്ന പാവം ശ്യാംഗോപികയെ അയാൾ നാടുകടത്തിയല്ലോ എന്ന് ഞാൻ സങ്കടത്തോടെ ഓർത്തു…

വർഷങ്ങൾ കഴിഞ്ഞ് ഒരിക്കൽ കൂടി എനിക്കാ പെൺകുട്ടിയെ ഓർമ്മിക്കേണ്ടി വന്നു... എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ട് കേട്ടപ്പോഴല്ല. അത് പത്രത്തിൽ അവളുടെ കൊലപാതകവാർത്ത വായിച്ചപ്പോഴായിരുന്നു. ഗർഭിണിയായ അവളെ കൊന്ന് കക്കൂസ്സ് കുഴിക്കുള്ളിൽ മൂടിയവരുടെ ഫോട്ടോ നോക്കെ ആ പാട്ടിന്റെ വരികൾ എനിക്ക് ചങ്കിൽ കുരുങ്ങി… മുറിപ്പെടുത്തുന്ന വാർത്ത….

“ആഭരണങ്ങൾ ഊരിക്കൊടുത്തിരുന്നെങ്കിൽ അവളെ അവർ കൊല്ലുമായിരുന്നില്ല” എന്ന പോലീസ്സ് ഭാഷ്യം വായിച്ചപ്പോൾ മുതിർന്ന അധ്യാപകനെ പരസ്യമായ് പ്രേമിക്കാൻ അയാൾക്ക് ബിസ്ക്കറ്റുകളും ഷർട്ടുകളും വാങ്ങിവന്ന് നിരാശപ്പെടാൻ വേണ്ടിയുദിച്ച സൂര്യോദയത്തിന്റെ അപാരമായ ധൈര്യത്തെപ്പറ്റി ഞാനോർത്തു. ബി സോൺ മത്സരത്തിന്റെ പകൽ പ്രസംഗത്തിനു ഒന്നാം സമ്മാനം വാങ്ങിവന്ന്, എന്റെ കൈപിടിച്ച്   വട്ടം കറങ്ങി അവൾ പാടിയ തമിഴ്പ്പാട്ടിന്റെ വരികൾ ഓർമ്മവന്നു… 

ഒരു മിന്നലിൻ വേഗം ഞാൻ നിന്നിൽ കണ്ടു…

ഒരു പെണ്ണിനോട് തോന്നുന്ന വിലക്കപ്പെട്ട ഇഷ്ടം എന്നോട് നിന്നിൽ ഞാൻ കണ്ടു… 

ഞാൻ എന്നെത്തന്നെ മറന്നിരിക്കുന്നു.. ഈ പ്രപഞ്ചത്തിൽ ഞാനില്ലാത്തത് പോലെ… 

നിന്നെ എനിക്ക് നഷ്ടപ്പെട്ടാൽ ഒരു പൂവിലും ഇനിമേൽ തേനുണ്ടാകില്ല.

ഇത് സത്യമാണോ നുണയാണോ? ഞാൻ എന്നോട് തന്നെ ചോദിച്ചു… 

നിന്നെ കണ്ട് ഞാൻ എന്റെ തായ്മൊഴി മറന്നിരിക്കുന്നു…

“Yes I  can love you. Because you are handsome” അവളയാളുടെ ഡിപ്പാർട്ട്മെന്റിൽ നിന്നും ചവിട്ടിക്കുതിച്ച് പുറത്തിറങ്ങെ ധാർഷ്ട്യത്തോടെ ഉച്ചരിച്ച വാക്കുകളിൽ മുറിവുകൾ ഒളിച്ചിരിക്കുന്നതായ് എനിക്ക് തോന്നി…


ഹൃദയത്തിൻ മധുപാത്രം

ആ പാട്ട് കേൾക്കുമ്പോളൊക്കെ ഞാനെന്റെ ഗുരുവായൂരപ്പങ്കോളേജിലെ ഡിഗ്രിക്കാലം ആലോചിക്കും. പട്ടുപാവാടയും മുട്ടോളം ചുരുണ്ടമുടിയും വലിയ പാദസരവുമിട്ട് പുസ്തകങ്ങളിലെ  കവിത വായിച്ച് കണ്ണുകളിൽ പ്രേമമയക്കമുള്ള എഴുതുന്ന  എന്റെയൊരു കൗമാരക്കാലം ഓർമ്മവരും.. മൂന്ന് കാൽപ്പനിക മരണങ്ങളോർമ്മ വരും……

 ആദ്യത്തേത് ഒരാൺകുട്ടിയുടേതാണു.. എന്റെ ക്ലാസ്സിലെ ജനലിലൂടെ നോക്കുമ്പോൾ കാണുന്ന ഉണങ്ങിയ ഒറ്റക്കയ്യൻ മാവ്… ആ മാവ് ഉണങ്ങാൻ കാരണം അവനാണു… തൂങ്ങിമരിച്ച ആൺകുട്ടി.. 

ആ മാവങ്ങനെ പൂത്ത് ,കായ്ച്ച്, ചെനച്ച കാലത്തൊക്കെ അവളും അവനും ആരും കാണാതെ മൈതാനിക്ക് നടുവിലെ മാഞ്ചുവട്ടിൽ ഇരിക്കുമായിരുന്നുവെത്രെ… പച്ചമാങ്ങകൾ പൊട്ടിച്ച് അതിന്റെ ചുനമണം കാറ്റിൽ പറത്തി ഉപ്പുകൂട്ടിത്തിന്ന അവരുടെ വേനലുകൾ, അവർ ഒരുമിച്ച് കൊണ്ട ഈറൻ മഴ.. അവളുടെ വയലറ്റ് ചുണ്ടിന്റെ മാദകമായ മാങ്ങാമണം… ഒടുവിൽ അവർ വിവാഹം ചെയ്യുവാൻ തീരുമാനിച്ചു. കോളേജുമുഴുവൻ ഉത്സവമായി.. മൈതാനിയിലെ കുറ്റിപ്പുല്ലും മുള്ളുമ്പഴങ്ങളും പിങ്ക് പൂക്കളും വരെ അവരുടെ കല്യാണവിവരം അറിഞ്ഞു. രജിസ്റ്റ്രാഫീസ്സിൽ അവൻ കാത്തുനിന്നു… ഉച്ചയായ്, വൈകുന്നേരമായ്, രാത്രിയായ് അവൾ വന്നതേയില്ല. അവൾ വരില്ല എന്നറിയിച്ചും കൊണ്ട്  ഒരു കത്ത് അവനു കിട്ടും വരെ അവനാ അടച്ചിട്ട രജിസ്റ്റ്രോഫീസ്സിന്റെ വരാന്തയിൽ അവളെക്കാത്ത് നിന്നു.. പിന്നെയവൻ സാവകാശം കുന്നു കയറി. രാത്രിയിൽ ചാന്ദ്രവെളിച്ചം മങ്ങിയ നേരത്ത്, അതേ മരത്തിൽ… അവരുടെ പ്രേമത്തിനു തണൽ തന്ന അതേ മാവിന്റെ ഒറ്റക്കയ്യൻ കൊമ്പിൽ മഞ്ഞനിറമുള്ള പ്ലാസ്റ്റിക്ക് കയറു കുടുക്കിട്ട് അവൻ തൂങ്ങിനിന്നു… അവന്റെ കവിളുകളിൽ കണ്ണീരിന്റെ കറപുരണ്ടു….. ശേഷം ഉണ്ണിമാങ്ങകൾ കൊഴിഞ്ഞുപോയ്  മാവുണങ്ങി… ഇലകൊഴിഞ്ഞു..  ഒരിക്കലും ഇലതളിർക്കാത്തവിധം ഹൃദയത്തിന്റെ മധുപാത്രം പളുങ്കുചിതറിപ്പോയി….

രണ്ടാമത് കവിതയെഴുതുന്ന ഒരു പെൺകുട്ടി, അവളുടെ മുറിയിൽ പ്രേമത്തിനു വേണ്ടി ബലികൊണ്ട് തൂങ്ങി...

മൂന്നാമത് ഒരാൺകുട്ടി. ആറാം ഗെയിറ്റിൽ നിരാസത്തിന്റെ ഷാളുപുതച്ച് കിടന്നു… തീവണ്ടി ഒരു പ്രേമത്തിന്റെ മയിൽപ്പീലിക്കാലത്തെ ചുവപ്പിച്ചു….

ചിന്നഞ്ചിറുകിളിയേ…


നാലുവർഷങ്ങൾക്ക് മുമ്പ് ഇത് ഞാൻ എന്നെക്കുറിച്ച്, എന്റെ പുരുഷനെക്കുറിച്ച് ഞാനെഴുതി…..

“ലോകം എന്നെ കുട്ടിയായി കാണാൻ ആഗ്രഹിച്ച ഇടങ്ങളിൽ നീ എന്നെ സ്ത്രീയായി കണ്ടു. എന്റെ പെൺഗർവ്വിനെ അഹന്തയെ അതിന്റേതായ ഗൌരവത്തോടെ മാത്രം നീ സമീപിച്ചു. മറ്റുള്ളവർ അതെന്റെ കുട്ടിക്കളിയായും കുഞ്ഞ് വാശികളായും വ്യാഖ്യാനിച്ചു. നീ മാത്രം നീ മാത്രം എന്റെ അഭിമാനങ്ങളെ അഹങ്കാരങ്ങളെ സ്ത്രീക്ക് നൽകേണ്ട ബഹുമാനത്തോടെ ആസ്വദിച്ചു...

ചിലയിടങ്ങളിൽ ഈ ലോകം എന്നെ അകാരണമായി മുതിർന്ന സ്ത്രീയായി കരുതി പോന്നു. എന്നിലെ ചെറിയ പെൺകുട്ടി ഭയത്തോടെ കണ്ണു മിഴിച്ചപ്പോൾ ലോകം മുതിർന്നവളെപ്പോലെ നോക്കി. ഇരുട്ടിൽ പരിഭ്രാന്തമായി നിന്നപ്പോൾ പെൺമാംസതകളെ  സ്പർശിക്കുവാൻ ശ്രമിച്ചു. ആഴങ്ങളെല്ലാം സ്ത്രീയുടേതാണെന്നവർ ആക്രോശിച്ചു. കണ്ണുകളീലെ കടലാഴം, ചുണ്ടുകളിലെ നീരാഴം നെഞ്ചിലെ പ്രേമമുറിവിന്റെ ചോരയാഴം. പൊക്കിളിൽ വിടരുന്ന വെള്ളത്തമരയുടെ ഗൂഡയാഴം... ആഴങ്ങളിലവർക്ക് സ്ത്രീയെ മതിയാ‍യിരുന്നു. 

നീ മാത്രം എന്നെ ഒരു പെൺകിടാവായിക്കണ്ടു. പെറ്റിക്കോട്ടിൽ വിടരുന്ന ചിത്രശലഭമായും ഞൊറിയിട്ട അരപ്പാവാടകളിൽ ഞാനൊരു  കമിഴ്ത്തിയ കാട്ടുരോസായായും നീ കണ്ടു 

''എത്രമേൽ ചെറുതായ കുഞ്ഞിത്തത്തയേ കണ്ണമ്മാ കണ്ണമ്മാ എന്റെ  പൊന്നിധിയേ നീ എവിടേ''

നീ നിന്റെ മനോഹരമായ കൈവിരലുകൾ നീട്ടി...സംഗീതത്തിന്റെ വിഷാദ മുദ്രകൾ അടർന്നു, എന്റെ കണ്ണുകളെ സ്ഫടികചിഹനത്താൽ കണ്ണീർക്കലക്കമാക്കി. നീ എന്റെ നിറുകയിൽ തലോടുകയും മുടിയിഴകൾ ചെവിക്കിടയിൽ ഒതുക്കി വെക്കുകയും ചെയ്തു. 

 നിനക്കെന്നിലെ കുട്ടിയെ മതിയായിരുന്നു. എന്റെ കവിളുകളിൽ തുപ്പൽ കൂട്ടി മായിച്ച സ്കൂൾ റബ്ബർ മണം നീ കണ്ടെടുത്തു. ചുണ്ടിൻ മീതെ കാക്കാപ്പുള്ളിക്ക് മീതെ നിന്നും റീഗൽ തുള്ളി നീലത്തിന്റെ കറ നിന്റെ ചുണ്ടിൽ പരന്നു... ഞാൻ നിന്റെ കുഞ്ഞായിരുന്നു. എന്നെ തൊട്ടപ്പോഴെല്ലാം എന്നിലെ തൊട്ടാവാടി മുള്ളു കൊണ്ട് നീ തിണർക്കുന്നത് ഞാൻ കണ്ടു .കൈകളിൽ കോരിയെടുത്ത് കഴുത്തിൽ ചുംബിച്ചപ്പോൾ നിന്റെ ഹൃദയം ബിയറൂണ്ടപോലെ വിറകൊണ്ടു... നീ പറഞ്ഞൂ 

‘’ ഉന്നൈ തഴുവീടിലോ കണ്ണമ്മാ ഉന്മത്തമാകുതെടീ....” 

 ഞാൻ കരയുന്നത് നിനക്ക് സഹിക്കാനാകില്ലെന്ന് എനിക്കറിയാമായിരുന്നു..എങ്കിലും അപ്പോഴെല്ലാം നിന്റെ നെഞ്ചിൽ രക്തം ചുരന്നു പൊട്ടുന്നത് എന്റെ ഉടുപ്പുകളെ നനച്ചു..... എത്ര വളർന്നാലും ഞാനെന്നും നിനക്കുള്ളിലെ ഓമനപ്പെൺ ശിശുവെന്ന് ഞാൻ മനസ്സിലാക്കി..... 

ഞാനായിരിക്കട്ടെ മരണം വരെയും നിന്റെയോമനക്കണ്ണമ്മ....

നിന്റെ ചിന്നഞ്ചിറുക്കിളി .. 

നിന്റെ പിള്ളൈ കനിയമുദം....

നിന്റെ തേൻ..നിന്റെ ആനന്ദം

കനകമുന്തിരികൾ മണികൾ കോർക്കുമൊരു പുലരിയും, താമരനൂലിനാൽ  മെല്ലെയെൻ മേനിയെ തൊട്ടു വിളിച്ചതും, കളിമൺകുടിലിലിരുന്ന് പ്രേമകവിതകൾ പാടിയതും ഒരുപുഷ്പം മാത്രമായ് ഹൃദയത്തിൽ സൂക്ഷിച്ചതും പ്രാവുകൾ കുറുകിയതും മൂകവിഷാദത്തിന്റെ താഴ്വാരങ്ങളിൽ മുന്തിരി വള്ളികൾ പൂത്തതും  എല്ലാം എന്റെ പ്രേമത്തെ പ്രതിയായിരുന്നു.

അനന്തരം ഞാൻ മുറിവുകളുടെ പുസ്തകങ്ങൾ അടച്ചുവെച്ചു.

അത്മാവിൽ നിന്നും കിനിഞ്ഞ ചോരയെ വെള്ളത്തൂവാലകൊണ്ട് ഒപ്പി…

എന്നിട്ട് അയഞ്ഞ രാത്രിയുടുപ്പിന്റെ ആലസ്യത്തോടേ അടുക്കളയിലേക്ക് ചെന്നു. ഗ്യാസ് അടച്ചോ എന്നും പൈപ്പുകൾ പൂട്ടിയോ എന്നും ഉറപ്പ് വരുത്തി. കുഞ്ഞിനു സ്കൂളിലേക്ക് കൊണ്ടു പോകാനുള്ള അരിയെടുത്ത് കഴുകി,ഒന്ന് തിളപ്പിച്ച് തെർമ്മൽ കുക്കറിൽ ഇറക്കിവെച്ചു. കട്ടിലിൽ മൂത്രമൊഴിച്ച ഇളയകുഞ്ഞിനെ എടുത്ത് ഉടുപ്പുകൾ ഊരി പുതിയതിടുവിച്ചു. വിരിപ്പുകളും മറ്റും വാഷിങ്ങ് മെഷീനിലിടെ ഒരു നോക്ക് കണ്ടു. 3.08 മണി.. 6 മണിയ്ക്ക് എഴുന്നേൽക്കാനുള്ള വെപ്രാളത്തോടേ ഞാൻ കണ്ണുകൾ വലിച്ചടച്ചു….

ഉറക്കം എന്റെ നിലാവലിഞ്ഞ രാവിലേക്ക് താരം പോലെ വാൽക്കണ്ണാടി നോക്കി…

ഞാൻ ഉറങ്ങി….

എന്റെ പാട്ടുകളുടെ പെൺശബ്ദങ്ങളിൽ പ്രേമമുറിവുകൾ പഴുക്കുന്നതായും ചോരവാ‍രുന്നതായും ഞാൻ സ്വപ്നം കണ്ടു...Login | Register

To post comments for this article