വടകര ഓഞ്ചിയത്തെ മാടാക്കര സ്വദേശി. മണൽ, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാർ സ്‌കെച്ചുകൾ, കുറിയേടത്തു താത്രിയും കുറുകുന്ന അകത്തെഴുത്തും തുടങ്ങിയവയാണ് കൃതികൾ. കൈരളി കല, അറേബ്യാ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടി.

അല്ലാമാ ഇഖ്‌ബാൽ ദേശഭക്തി ഗാനങ്ങളുടെ കാവ്യപ്രപഞ്ചം
അല്ലാമാ ഇഖ്‌ബാൽ എന്ന മിസ്റ്റിക് തത്ത്വചിന്ത നിറഞ്ഞ കവിയെ വേണ്ടവിധത്തിൽ നമ്മൾക്കറിയാനായിട്ടില്ല. രാജ്യസ്നേഹത്തിൻറെയും മാനവികതയുടേയും വിശ്വമുഖം കവിതയിലാവാഹിച്ചു നൽകിയ കവിയാണ് ഇഖ്‌ബാൽ. സൂഫി ദർശനത്തിൻറെ തീവ്രതയാണ് അതിൻറെ അടിത്തറ. ആത്മീയതയ്‌ക്കൊപ്പം രാജ്യസ്നേഹവും കൊണ്ട് നടന്നതിനാലാണ്
'സാരേ ജഹാം സെ അച്ചാ
ഹിന്ദുസ്ഥാൻ ഹമാരാ
ഹം ബുൽ ബുലേഹ ഇസ്‌കി
യഹ് ഗുലിസ്ഥാൻ ഹമാരാ....'
എന്നുള്ള ദേശഭക്തി ഗാനം അദ്ദേഹത്തിന് രചിക്കാൻ കഴിഞ്ഞത്. 
1947 ആഗസ്ററ് പതിനഞ്ചിന് ഇന്ത്യ സ്വാതന്ത്ര്യത്തിൻറെ വിളിയുയർന്നത് ഈ ഗാനം ആലപിച്ചുകൊണ്ടായിരുന്നു.
വിശ്വേത്തര രാജ്യമാണ് നമ്മുടെ ഭാരതം. നാമെല്ലാം കോകിലങ്ങളും. അത് നമ്മുടെ പൂങ്കാവനവുമാണ്. ഒരു മതവും പരസ്പരം വിദ്വേഷം പഠിപ്പിക്കുന്നില്ല. ഭാരതം നമ്മുടെ മാതൃഭൂമി എന്നാണ് അദ്ദേഹം പാടിയത്.
ഉറുദു,പേർഷ്യൻ എന്നീ ഭാഷകളിലാണ് അദ്ദേഹത്തിൻറെ കവിതകൾ ഏറെയും.

‘ഭാരതവാസികളേ നമ്മൾ ശത്രുത്വം ഭാവിക്കുന്നതെന്തിന്? ധർമ്മം നമ്മെ അത്  പഠിപ്പിക്കുന്നതല്ല. നാം ഭാരതീയരും ഭാരതം നമ്മുടെ മാതൃഭൂമിയുമാണ്. യുനാനും മിസ്‌റും റൂമും ഭൂമുഖത്തുനിന്ന് എന്നേ മാഞ്ഞുപോയി. എന്നാൽ നമ്മുടെ നാമചിഹ്നങ്ങൾ സമുദ്രം ഇന്നും അവശേഷിപ്പിക്കുന്നുണ്ട്. എന്തൊരത്ഭുതമാണ്! കാലചക്രം നമുക്കെതിരായി എത്രയോ നൂറ്റാണ്ടുകൾ കറങ്ങി. എന്നിട്ടും എന്ത് കോട്ടം പറ്റി, നമ്മുടെ സംസ്കാരത്തിന്?’
(ഇഖ്‌ബാൽ:
 പരിഭാഷ: നവജീവൻ, വൈക്കം മുഹമ്മദ് ബഷീർ)
 
ഖുർആൻ പരിചയവും ഉറുദു-പാഴ്‌സി സ്വാധീനവും ഉള്ളവർക്കേ ദാർശനികനായ ഇഖ്‌ബാലിനെ ആഴത്തിലും ഉദ്ദേശിച്ച അർത്ഥത്തിലും വായിച്ചെടുക്കാനാവൂ.
 'ബാച്ചോൻ കീ ഖൗമി' എന്ന ഗീതത്തിൽ ഇഖ്‌ബാൽ ഇന്ത്യയുടെ സംസ്കാരത്തിൻറെ മഹിമ വർണ്ണിക്കുന്നതിങ്ങനെ.
 
'ഇതിലെ നിവാസികൾ മോശയെപ്പോലെ
ബുദ്ധിമാന്മാർ  
ഇതിലെ മലകൾ സിനായിയെപ്പോലെ
മഹത്തരം
ഇതിലെ സമുദ്രങ്ങൾ
നോഹ നങ്കൂരമിറക്കിയയിടം
ഇതിലെ ഭൂമി
ആകാശത്തിലേക്കുള്ള കോണി
ഇത് എന്റേതാണ്.
എൻറെ നാടാണ്.
റോമും ഗ്രീസും ഈജിപ്തും
മതസംകാരങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമായി.
ഇന്ത്യ മാത്രം ശിരസ്സുയർത്തി നിൽക്കുന്നു.
നൂറ്റാണ്ടുകളായി ലോകശക്തികളുടെ
ഭീഷണിയുണ്ടായിട്ടും
നമ്മുടെ നാഗരികത പരിലസിക്കുന്നു."
 
ഉപനിഷത്തുക്കളും, വേദങ്ങളും സൂഫി ദർശനങ്ങളും മാത്രമല്ല നീഷേ, മാർക്സ്, ഗ്രീക്ക്ചിന്തകർ എന്നിവരെയൊക്കെ പഠിച്ചുകൊണ്ട് ആണ് ഇഖ്‌ബാൽ 'പേർഷ്യയിലെ അത്യാത്മചിന്തയുടെ വളർച്ച' എന്ന പ്രബന്ധം തയ്യാറാക്കിയത്. ഗീത, ശ്രീരാമൻ എല്ലാം തന്നെ  ബഹുമാനിച്ചിരുന്നു കവി കൂടിയായിരുന്നു അദ്ദേഹം.
 
'വീരനാം ശൂരനാം രാമൻ
ധർമയുദ്ധത്തിൽ വിക്രമൻ
പരിശുദ്ധിയിൽ, പ്രേമത്തിൽ
അതുല്യൻ, അതി നിർമ്മലൻ'
എന്നാണ് ശ്രീരാമനെക്കുറിച്ചുള്ള കവിത. 
           
എന്നിട്ടും കവിയെന്ന നിലയിൽ പരിഗണിക്കാനോ 'വന്ദേമാതരം' കൊണ്ടാടുമ്പോൾ 'തരാനേ ഹിന്ദ്' എന്ന ദേശീയ ഗാനം പ്രാധാന്യത്തോടെ കാണാനോ നമുക്കായില്ല. പാശ്ചാത്യ കോളനി സംസ്കാരം കിഴക്കിനോട് നടത്തുന്ന ചൂഷണം അതിനിശിതമായി വിമർശിച്ച കവിയ്ക്കേ;
'സ്വാശ്രയത്തിലാണ് പ്രാചിയുടെ വിജയം കുടികൊള്ളുന്നത്’ എന്നെഴുതാനാകൂ.
 
അദ്ദേഹം തുടർന്ന് പറയുന്നു: 'സത്യത്തിലും നീതിയിലും അടിയുറച്ച കിഴക്കൻ രാഷ്ട്രങ്ങൾ യോജിച്ചണിനിരക്കണം. നമ്മുടെ മതവും സംസ്കാരവും ധാന്യവും മഹത്തരവുമാണ്. നമ്മുടെ പാരമ്പര്യത്തിൽ നാം അഭിമാനിക്കണം."
ഇഖ്‌ബാലിൻറെ കവിതകളിലെ സാംസ്കാരിക പ്രകാശത്തിൻറെ വിശുദ്ധി ദൈവസങ്കല്പത്തിൽ പ്രേമം കലർന്ന് നിൽക്കുന്ന ഉറുദുവിലൂടെ വായിച്ചെടുക്കുമ്പോൾ നമ്മൾ വല്ലാത്തൊരു സൗന്ദര്യാനുഭൂതിക്ക് വശംവദരാകുന്നു.  ഇഖ്‌ബാലിൻറെ ദേശസ്നേഹത്തിലൂന്നിയ കാവ്യങ്ങളും ദൈവികാടിത്തറയുള്ള തത്വചിന്താവലോകന പഠനങ്ങളും വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല.  മതനിരപേക്ഷത ആഗ്രഹിക്കുന്നവർക്ക് ഇഖ്‌ബാലിൽ നിന്ന് ഒട്ടനവധി കാര്യങ്ങൾ പഠിക്കാനുണ്ട്.
 
ഇഖ്‌ബാലിൻറെ 'സാഖിയോട്' എന്ന മലയാളം കവിതാസമാഹാരം ഇറങ്ങാൻ പോകുന്നു. അഹമ്മദ് മൂന്നാംകൈ കവിതകൾ പരിഭാഷപ്പെടുത്തിക്കഴിഞ്ഞു. ദാർശനികതയുടെ ഉന്നതി തിരിച്ചറിഞ്ഞുള്ള കവിതകളാണിതെന്ന് വായിച്ച് നോക്കുമ്പോൾ ബോധ്യപ്പെടും.
 
മനുഷ്യൻ അവനെത്രമാത്രം മഹത്വമുള്ളവനാണ്, അവനിലെ ദൈവികത എത്രമാത്രം വിശിഷ്ടമാണ് എന്ന അന്വേഷണം വളരെ പ്രധാനപ്പെട്ടതാണ്.
അത് വർണ്ണ-മത-ജാതി-വംശ വേലിക്കെട്ടുകൾക്കപ്പുറത്തേയ്ക്കുള്ള ആദ്ധ്യാത്മിക തത്വചിന്തയിലെ മനുഷ്യത്വം നിറഞ്ഞതാണെന്ന് ഇഖ്‌ബാൽ അറിയിക്കുന്നു. 
ചില കവിതകൾ എടുത്തെഴുതാം.
 
ദൈവവും മനുഷ്യനും

ദൈവം വിശ്വമൊന്നാകെ 
ഒരേ മണ്ണിൽ നിന്നും
നാം സൃഷ്ടിച്ചു.
നീ ഇറാനും താർത്താറും
എത്യോപ്യയും തീർത്തു.
ഭൂമിയിൽ നിന്നും ശുദ്ധമായ
ഇരുമ്പ് നാം തീർക്കുന്നു.
നീ സൃഷ്ടിക്കുന്നത്
വാളും അമ്പും തോക്കും.
വൃക്ഷത്തിനായി
നീ തീർക്കുന്നത് മഴു
ഞാൻ തീർക്കുന്നതോ
കിളിക്കൂട്.
 
മരുഭൂമിയിലെ പൂവരശ്

ഓ! മരുഭൂമിയിലെ പുഷ്പമേ
പർവ്വതവുമീ ശിലയും 
കുലീമിൽ നിന്ന് ശൂന്യം
നീ സീനായിലെ അഗ്നിജ്വാല, ഞാനും.
ശിഖരത്തിൽ വളരുന്നതെന്തേ നീ,
ഞാനെന്തിന് ചിതറണം ശാഖയിൽ നിന്ന്?
(കലീം: മൂസ പ്രവാചകൻ) 
 
സാഖിയോട്
 
എൻറെ അഭിലാഷങ്ങൾ, 
ആസക്തികൾ
എൻറെ പ്രതീക്ഷകൾ, 
നേട്ടങ്ങൾ
പ്രേമകവിതകളുടെ ഭാവനാ തീരം
എൻറെ നെഞ്ചം
ജീവിതത്തിൽ
പോർക്കളം
 
മരിച്ചവൻറെ ചോദ്യങ്ങൾ
 
അനുക്രമം ഭ്രമണം ചെയ്യുമീ 
താഴികക്കുടങ്ങൾക്ക്
കീഴെയെന്തുള്ളൂ രഹസ്യം?
മനുഷ്യ ഹൃദയത്തിലെ
നിരാർദ്രമായൊരു മുൾമുന
മൃത്യു
 
(കവിതകൾ പരിഭാഷ: അഹമ്മദ് മൂന്നാംകൈ)Login | Register

To post comments for this article