2018 ലെ ഡിസി നോവൽ സഹിത്യ പുരസ്‌കാര ജേതാവ് . ചെറുകഥയ്ക് കാരൂർ നീലകണ്ഠപിള്ള സ്മാരക പുരസ്ക്കാരം, നന്മ സിവി ശ്രീരാമൻ പുരസ്കാരരം, ദുബായ് പാം പുസ്തകപ്പു ചെറുകഥാ പുരസ്കാരം, അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ അൽ അൻസാരി എക്സ്ചേഞ്ചിൽ ജോലിചെയ്യുന്നു. ചാലക്കുടി സ്വദേശി.

കരയുന്ന രൂപങ്ങള്‍

എം.മുകുന്ദനും ബന്യാമിനും അടക്കമുള്ളവരാണ് പുതിയ തലമുറയിലെ എഴുത്തുകാരിൽ നിന്നും അനില്‍ ദേവസ്സി യെ ഈ വർഷത്തെ ഡിസി നോവൽ സഹിത്യ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്.  അത് തന്നെയാണ് അനിലിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരവും. നിരവധി ചെറുകഥാ പുരസ്‌കാരങ്ങളും നേടിയിട്ടുള്ള അനിലിന്റെ കഥ കരയുന്ന രൂപങ്ങള്‍.

1

“ഇല്ല. ഞാനിതിപ്പോ തങ്കം പറയുമ്പോഴല്ലേ അറിയണത്. അല്ലേലും നിങ്ങളൊന്നും നമ്മളെ വിളിച്ച് കാര്യങ്ങള്‍ തെരക്കാനോ വിശേഷങ്ങള്‍ അറിയാനോ ശ്രമിക്കില്ലല്ലോ.

അതെയതെ, എല്ലാര്‍ക്കും തെരക്ക് തന്നെ. എന്നിട്ട് കുറ്റം മുഴുവന്‍ ഒടുക്കം എന്റെ തലേലും.

എന്റെ പൊന്ന് അവറാച്ചാ... ഇതിപ്പോ ഞാനായിട്ട് ഒന്നും വേണ്ടാന്നു വച്ച് പോന്നതാണോ. ഓരോരോ വേഷം കെട്ടലല്ലാര്‍ന്നോ ഇതു വരെ. നീയും ഞാനും ഈ ലോകത്തിലെ സകല മനുഷ്യരും അവര്‍ ജനിച്ച നാള്‍ തൊട്ട് തെരക്കിലാണ്. അല്ലാന്ന് പറയാന്‍ നിനക്ക് കഴിയൊ.

എന്നാലും നമ്മുടെ കുടുംബത്ത് ഇങ്ങനെ ഒരു സംഭവം നടന്നു, ഒന്നു വിളിച്ച് പറയാനോ ഒരു വാട്സപ്പ് മെസേജ് അയക്കാനോ നിനക്ക് തോന്നിയില്ലല്ലോ. ഇതിപ്പോ ഞാന്‍ വിളിച്ചത് കൊണ്ട്, അല്ലേല്‍ നീയൊക്കെ കൂടെ അതങ്ങു അടിച്ച്മാറ്റിയേനെ.”

“അടിച്ച് മാറ്റേ!. എന്നാ മറ്റേടത്തെ വര്‍ത്താനാ സിബി നീയ്യീ പറയണേ. അടിച്ച് മാറ്റേണ്ട ഒന്നായിട്ടാണോ നീയ്യിതിനെ കാണണെ.”

“അങ്ങനെയൊക്കെ ചോദിച്ചാല്‍ അതുമൊരു സാധ്യതയല്ലെ അവറാച്ചാ. അല്ലേല്‍ പിന്നെ നിനക്കെന്നോട് ഒരു വാക്ക് പറയാന്‍ മേലാര്‍ന്നോ. എവിടങ്ങാണ്ട് കെടക്കണ തങ്കമാണ് എനിക്ക് വാട്സപ്പില്‍ ആദ്യം ഫോട്ടോ ഷെയര്‍ ചെയ്യണത്. അവളു കാശ് ചോദിക്കാന്‍ ലോഹ്യം കൂടിയതാണെന്നോര്‍ത്ത് ഞാന്‍ ആദ്യം അത് റീഡ് ചെയ്യാനൊന്നും പോയില്ല.

പക്ഷെ സംഭവം കലങ്ങി മറിഞ്ഞ് ഞങ്ങളുടെ യൂണിറ്റിലും വാട്സപ്പ് ഗ്രൂപ്പുകളിലും എത്തി. എന്നാ ഒരു റീച്ചാണെടാ അതിനിവിടെ. മേരിമാതാ മാപ്ലശ്ശേരി എന്ന പേരില്‍ ഒരു പ്രാര്‍ഥനാ ഗ്രൂപ്പുണ്ട് വാട്സപ്പില്‍, അതിലൂടെയാണ് സത്യം പറഞ്ഞാല്‍ ഞാനിത് ആദ്യം കാണുന്നത്. ഗ്രൂപ്പിന്റെ അഡ്മിന്‍ പോളേട്ടന്റെ മോളെ നമ്മുടെ മാപ്ലശ്ശേരിയിലോട്ടാ കെട്ടിച്ചേക്കണത്. അവിടെ ഏതോ ഒരു റെസ്റ്റോറന്റ് നടത്തണ ഒരു ഫാമിലിയിലോട്ട്. നെല്ലപ്പളളി എന്നോ മറ്റാണവരുടെ കുടുംബപ്പേര്. വന്ന് കേറിയ ടീംസ് ആകാനെ വഴിയൊളളൂ. പോളേട്ടന്റെ മോള് അങ്ങേര്‍ക്കയച്ച് കൊടുത്തത് അങ്ങേരു നേരെ പ്രാര്‍ഥനാഗ്രൂപ്പിലോട്ട് തട്ടി. എന്നിട്ട് ഞാന്‍ നമ്മുടെ വീടിന്റെ മുന്നില്‍ കൈലിയൊക്കെയുടുത്ത് നിക്കണ ഒരു ഫോട്ടോയും അതിന്റെ പുറകെ വിട്ടു. പിന്നെ തുരു തുരാ മെസ്സേജസ്സ് പറക്കാന്‍ തുടങ്ങി. ആര്‍ക്കും പെട്ടന്നങ്ങോട്ട് സംഭവം കലങ്ങിയില്ലാന്നു പറഞ്ഞാ മതീല്ലോ. ഒടുക്കം വിശദീകരണമായിട്ട് പോളേട്ടന്‍ തന്നെ വരേണ്ടി വന്നു. സത്യത്തില്‍ സംഭവം എന്താന്ന് എനിക്കും കത്തിയില്ലാര്‍ന്നു. പണ്ടൊപ്പിച്ച്‌വച്ച ഏതോ കുരുത്തക്കേട് അയാള് കേറി കുഴിതോണ്ടി പുറത്തെടുത്ത് നാറ്റിക്കാനുളള പരിപാടിയാണെന്നാണ് ഞാന്‍ പേടിച്ചത്. 

ബ്രിനീറ്റ അത് ചോദിക്കേം ചെയ്തു -  "എന്നതാ മനുഷ്യാ പണ്ടത്തെ ഏതാണ്ട് ഫോട്ടൊയൊക്കെ പ്രാര്‍ഥനാ ഗ്രൂപ്പില്‍ പോളേട്ടന്‍ ഷെയര്‍ ചെയ്തിട്ടുണ്ടല്ലോ, എന്നതാ ഏര്‍പ്പാട്."

ആ ആര്‍ക്കറിയാം എന്ന് പറഞ്ഞ് തടിയൂരി. പിന്നെ അങ്ങേരെ വിളിച്ച് തെരക്ക്യപ്പഴല്ലെ സംഭവങ്ങളുടെ ചുരുളഴിയുന്നത്.

എന്നാലും അങ്ങനെയൊക്കെ അങ്ങ് സംഭവിക്ക്വോ? നീ കണ്ടതാണോടാ അവറാച്ചാ. എന്നതാ ഇതിന്റെയൊരു പൊരുള്‍. അമ്മച്ചിയെ വിളിച്ച് ചോദിക്കാന്‍ മേലാഞ്ഞിട്ടാണ്. അതു പറഞ്ഞാല്‍ പത്തുപന്ത്രണ്ട് വര്‍ഷത്തെ പഴമ്പുരാണം പറയേണ്ടി വരും. അല്ല നിനക്ക് അറിയാത്തത് ഒന്നുമല്ലല്ലോ. ഞാന്‍ കെട്ട്യോള്‍ടെ വാലേല്‍തൂങ്ങി നടക്കാന്നും പറഞ്ഞേച്ചല്ലെ എന്നെ തറവാട്ടീനു ചവിട്ടി പുറത്താക്കീത്. എന്നിട്ടിപ്പൊ എന്തായി, ഏതേലും ഒരുത്തന്‍ തിരിഞ്ഞ് നോക്കാനുണ്ടോ. ആ തറവാടും പറമ്പും മാപ്ലശ്ശേരിലെ കൊറെ മനുഷ്യരും, അത്രല്ലേയൊളളൂ പറയാന്‍. അതിലൊതിങ്ങീലെ അമ്മച്ചീടെ ലോകം. ഞാനെത്ര തവണ അമ്മച്ചിയെ ആസ്ട്രേലിയായിലോട്ട് പോരാന്‍ വിളിച്ച് നാണം കെട്ടെന്ന് നിനക്ക് അറിയ്യൊ. ബ്രിനീറ്റയുടെ മമ്മീം പപ്പേം കഴിഞ്ഞ ആഴ്ച്ചകൂടി വന്നിട്ട് പോയതെയുളളൂ. ഒന്നിലേല്ലും ലോകം കണ്ടൂടെ. എവിടെ, ആരോട് പറയാന്നാനെ ഇതൊക്കെ. പറഞ്ഞാല്‍ ഞാന്‍ കൊഴപ്പക്കാരനാകും. അതൊക്കെ വിട്, പറഞ്ഞ് പഴകിയ കാര്യങ്ങളാണ് അതൊക്കെ. അവറാച്ചാ ഞാന്‍ നാട്ടിലേക്ക് വരാന്‍ ഒരു പ്ലാനുണ്ട്, നീ അമ്മച്ചിയോട് പറയാനൊന്നും നിക്കണ്ട. പറഞ്ഞാപ്പിന്നെ ചെലപ്പോ വരവും പോക്കും തല്ലില്ലും ബഹളത്തിലുമൊക്കെ അങ്ങു മുങ്ങിപ്പോകും. പ്രായമാകുന്തോറും അമ്മച്ചിക്ക് ചിന്നന്റെ അസുഖം കൂടി വരാന്നാണ് ബ്രിനീറ്റ പറയണെ. അവളും അമ്മേം ചേരില്ല. ചേരുംപടിച്ചേര്‍ക്കാന്‍ ശ്രമിച്ച് ഞാന്‍ കളത്തീന്ന് പുറത്താകണ അവസ്ഥേലെത്തി കാര്യങ്ങള്. എന്നാപിന്നെ അങ്ങനെയാകട്ടെ, വന്നിട്ട് കാണാം”

ഫോണ്‍ കട്ട് ചെയ്ത് മേരിമാതാ മാപ്ലശ്ശേരി എന്ന വാട്സപ്പ് ഗ്രൂപ്പില്‍ വന്ന ഫോട്ടോസ്സും വീഡിയോസ്സും ഒരാവര്‍ത്തികൂടി കണ്ടേക്കാം എന്ന തോന്നലുകൊണ്ട്  ഐ ഫോണിന്റെ സ്ക്രീനില്‍ ഒരു കുരിശ്ശ് വരച്ച് ലോക്ക് തുറന്നു.

“ എന്നാലും മാതാവിന്റെ രൂപൊക്കെ കരയൊ..... നോര്‍ത്ത് ഇന്‍ന്ത്യേലൊക്കെ പാലും പഴോം കഴിക്കണ ഹിന്ദുക്കളുടെ ദൈവങ്ങളെപറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോ നമ്മുടെ മാതാവല്ലെ കരയണത്. എന്നതാകും ഇതിന്റെയൊരു പൊരുള്‍.”

ഞാന്‍ ബ്രിനീറ്റയെ നോക്കി.

“ ആ എനിക്ക് എങ്ങനെ അറിയാനാന്നെ, നിങ്ങള് ഒളള നേരത്തേപോയി നാട്ടിലെ കാര്യം തെരക്ക്യേച്ചും വാ. ഞാന്‍ ട്രാവല്‍സ്സിലെ സണ്ണിച്ചേട്ടനെ വിളിച്ച് ടിക്കറ്റ് പറഞ്ഞിട്ടുണ്ട്. മുടിഞ്ഞ ടിക്കറ്റ് റേറ്റ് ആണ്.”

ഓരോരോ കാലക്കേടെന്ന് പ്രാകിക്കൊണ്ട് ബ്രിനീറ്റ ഡ്രെസ്സ് മാറി ഹോസ്പ്പിറ്റലിലോട്ട് തുളളിച്ചാടിയിറങ്ങി.

സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്ക് മൂന്നു ദിവസത്തെ എമര്‍ജന്‍സി ലീവും എഴുതികൊടുത്ത് ഞാനും നാട്ടിലേക്ക് വെച്ച് പി ടിപ്പിച്ചു.

എയര്‍പ്പോട്ടീന്ന് വീടുവരെ അവറാച്ചന്‍ ലിഫ്റ്റ് തന്നു. വേറെ ആരേം വിളിച്ച് പറയാനൊന്നും മെനക്കെട്ടില്ല. വീടിന്റെ പടിവരെയെ അവറാച്ചന്‍ വന്നുളളൂ, വീട്ടില്‍ കേറാന്‍ നിന്നില്ല.

“പിന്നെ കാണാം സിബീ... ഒരു പാര്‍ട്ടിയെ കാണാനുണ്ട്, ബിസ്സിനസ്സ്ഡീലാണ്.”- അവറാച്ചന്‍ കാറില്‍ നിന്നും തല പുറത്തേക്കിട്ട് ഞങ്ങളുടെ വീടിനു നേരെ തലകുമ്പിട്ട് വണങ്ങി, പിന്നെ എനിക്ക് നേരെ കൈവീശി കാര്‍ സ്റ്റാര്‍ട്ട്ചെയ്ത് സ്പീഡില്‍ പറന്നുപ്പോയി.

മാപ്ലശ്ശേരിയിലെ ഞങ്ങളുടെ അതിപുരാതനമായ തറവാട്ടുവീട്ടില്‍ നിറയെ ആള്‍ക്കാരിപ്പോഴും വന്നു പോകുന്നുണ്ട്. മുറ്റത്തൊരു ചെറിയ പന്തല്‍ കെട്ടിയിട്ടുണ്ട്. അമ്മച്ചിയെ പുറത്തെങ്ങും കണ്ടില്ല. എന്നാല്‍ എനിക്ക് അപരിചിതരായ കുറെയധികം ആള്‍ക്കാര്‍ വന്നുപോയിക്കൊണ്ടിരുന്നു. അവരാരും എന്നെ ശ്രദ്ധിച്ചതേയില്ല. കാര്യങ്ങള്‍ ഞാന്‍ ഭയന്നതുപ്പോലെ തന്നെ. കരയുന്ന മാതാവിന്റെ രൂപം കാണാന്‍ ആള്‍ക്കാര്‍ എവിടെനിന്നൊക്കയൊ ദിനം പ്രതി ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിക്ഷോഭത്തില്‍ വീടും പുരയിടവും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവനു ചൂണ്ടിക്കാണിക്കാന്‍ ഒരിടമില്ലാതാകുന്നതുപോലെ ആള്‍ക്കാര്‍ തളളിക്കേറി ഞങ്ങളുടെ വീടും പറമ്പും ഒരു പൊതുമുതലായ് പരിണമിക്കാനുളള സാധ്യതയുടെ കൊടുങ്കാറ്റ് എന്റെ ഹൃദയത്തിലേക്ക് ആഞ്ഞു വീശി.

ഞാന്‍ നേരെ അകത്തേക്ക് കേറി ചെന്നു. അമ്മച്ചിയപ്പോള്‍ അടുക്കളയിലായിരുന്നു. മുറ്റത്ത് തിങ്ങിനിറഞ്ഞ ആളുകളുടെ ഒച്ചയും ബഹളങ്ങളും ഉളളത്കൊണ്ടാണോ എന്തോ, ഞാന്‍ കേറിച്ചെന്നതൊന്നും അമ്മച്ചി അറിഞ്ഞതേയില്ല.

2

പഴയ അമ്മച്ചിയില്‍ നിന്നും എന്റെ മുന്നിലിപ്പോള്‍ ചടഞ്ഞ്കൂടിയിരിക്കുന്ന അമ്മച്ചിയില്‍ പ്രായത്തിന്റേതായ മാറ്റങ്ങള്‍ പ്രകടമായ് തുടങ്ങിയിരുന്നു. ഓര്‍മ്മയ്ക്ക് കാര്യമായെന്തോ തകരാറുളളപൊലെ ഇടയ്ക്കിടെ ചോദിച്ചത് തന്നെ ചോദിച്ചുകൊണ്ടേയിരുന്നു. ചെറുമക്കളെക്കുറിച്ച് പലയാവര്‍ത്തി ചോദിച്ചും പറഞ്ഞും കഴിഞ്ഞതാണ്. എന്നാലും പിന്നേം ചോദിക്കും “നിന്റെ രണ്ടാമത്തേത് പെണ്ണല്ല്യോടാ.... അവള്‍ക്ക്ടെ പേര് എന്നതാന്നാ നീ പറഞ്ഞേ...”

“ഞാന്‍ പറഞ്ഞല്ലോ അമ്മച്ചീ സിന്ദ്രിയാന്നാ അവള്‍ക്ക്ടെ പേര്.”

“അതെന്നാ പേരാടാ....... ചെറുക്കന്റെ പേരെന്നതാ, ഞാനങ്ങ് മറന്നു.” – അമ്മച്ചി സാന്റെസ്സിന്റെ പേരോര്‍ത്തെടുക്കാന്‍ ഓര്‍മ്മകളെ വട്ടം ചുഴറ്റി പുറകിലേക്ക് എറിഞ്ഞു നോക്കി. 

സാന്റെസ്സെന്നാ അവന്റെ പേര് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്തോ ഓര്‍ത്തിട്ടും ഓര്‍ത്തിട്ടും പിടിതരാത്ത വസ്തുവിനെപ്പോലെ സാന്റെസ്സലെ.. സാന്റെസ്സ്... എന്ന് പിറുപ്പിറുത്തുക്കോണ്ടേയിരുന്നു. 

അമ്മച്ചിക്ക് കാര്യമായ ഓര്‍മ്മതകരാറ് ബാധിച്ചിട്ടുണ്ടെന്ന് അപ്പോഴെനിക്ക് ബോധ്യപ്പെട്ടു.

“എന്നതാ അമ്മച്ചി ഇവിടെ നടക്കണത്.” ഞാന്‍ മറ്റു വിശേഷങ്ങളൊന്നും ചോദിക്കേം പറയേം ചെയ്യാതെ നേരെ കാര്യത്തിലേക്ക് എടുത്ത് ചാടി.

അമ്മച്ചി എന്നേം കൂട്ടി നേരെ മാതാവിന്റെ രൂപമിരിക്കുന്ന ചായ്പ്പിലേക്ക് നടന്നു. ഇരുണ്ടു കിടന്നിരുന്ന ചായ്പ്പിലിപ്പോള്‍ അദൃശ്യമായ ഏതോ ഒരു ദിവ്യപ്രകാശം നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നുണ്ടായിരുന്നു. കുന്തിരിക്കത്തിന്റെ പരിമളം മുറിയിലാകെ പരന്നൊഴുകി നാട്ട്കാര്‍ക്ക് വേണ്ടി തുറന്നിട്ട ചെറിയ ജനാലയിലൂടെ പുറത്തേക്ക് അനുഗ്രഹങ്ങളുടെ പുകച്ചുരുളുകളായ് പറന്നു നടന്നു. കത്തി തീര്‍ന്ന മെഴുകുതിരികള്‍ മേശയിലെ പരുപരുത്ത പ്രതലങ്ങളില്‍ മനുഷ്യരുടെ ശരീരങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട പിശാചിന്റെ അവ്യക്തരൂപങ്ങളെ പോലെ അനങ്ങാനാകാതെ മാതാവിന്റെ കാല്‍ച്ചുവട്ടില്‍ തന്നെ ഉറച്ച്കിടന്നിരുന്നു. ഒരു കെടാവിളക്ക് കാറ്റിലാടിയുലഞ്ഞ് ചാഞ്ചാടിക്കളിച്ച് ഏറെ അദ്ഭുതപ്പെടുത്തി ഒരിക്കലും അണയില്ലെന്ന വാശിയില്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.

അമ്മച്ചി മാതാവിലേക്ക് കൈച്ചൂണ്ടി.

വളരെ പഴക്കം ചെന്നൊരു മാതാവിന്റെ രൂപമായിരുന്നു അത്. എന്റെ ഓര്‍മ്മയിലെങ്ങും അങ്ങനെയൊരു മാതാവിന്റെ രൂപം ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നതായ് ഓര്‍ത്തെടുക്കാന്‍ എനിക്ക് ആയില്ല. നിറം മങ്ങി തുടങ്ങിയ എന്നാല്‍ ഒരിക്കലും നഷ്ടപ്പെടാത്ത ചൈതന്യമുളള മാതാവിന്റെ രൂപത്തിലേക്ക് ഞാന്‍ സൂക്ഷിച്ച് നോക്കി. സംഭവം സത്യമാണ്. മാതാവ് കരയുന്നുണ്ട്. മാതാവിന്റെ കണ്ണില്‍ നിന്നും നനവ് പടര്‍ന്ന് കവിളിലൂടെയൊഴുകി മേശയില്‍ വിരിച്ച വെളുത്ത വിരിയിലേക്ക് പടരുന്നുണ്ട്. 

തുറന്നിട്ട ജനാലയ്ക്ക് അഭിമുഖമായ് നില്‍ക്കുന്ന മാതാവിനെ കാണാന്‍ പല സ്ഥലങ്ങളില്‍ നിന്നും വിശ്വാസ സമൂഹം കൂട്ടമായും ഒറ്റയ്ക്കും ഞങ്ങളുടെ വീടിന്റെ മുറ്റത്ത് വന്ന് തമ്പടിക്കാന്‍ തുടങ്ങിയിരുന്നു. അവര്‍ക്ക് വേണ്ടി മലര്‍ക്കേ തുറന്നിട്ട ജനാലകളിലൂടെ അവര്‍ മാതാവിനെ കുമ്പിട്ട് വണങ്ങി. സങ്കടങ്ങള്‍ പറഞ്ഞു. കരഞ്ഞു. ആരാധിച്ചു. ചുരുക്കം ചിലര്‍ അവിശ്വസനീയമായ കണ്ണുകളോടെ നോക്കി. ചിലര്‍ മാതാവിനെ തൊട്ട് നോക്കാന്‍ ആഗ്രഹിച്ചു. മാതാവിന്റെ കണ്ണുനീര്‍ കുപ്പികളിലാക്കി സ്വന്തം വീടുകളിലേക്ക് കൊണ്ട്പോ‍കാന്‍ കുപ്പികളുമായ് വന്നവര്‍പ്പോലുമുണ്ടായിരുന്നു മുറ്റത്ത് തടിച്ചു കൂടിയ വിശ്വാസികള്‍ക്കിടയില്‍.

വിശ്വസിക്കണോ വേണ്ടയോ എന്ന വാദപ്രതിവാദത്തിനൊടുവില്‍ വിശ്വസിക്കാതെ തരമില്ലെന്നു എന്റെ മനസ്സിനെ ബോധ്യപ്പെടുത്തിക്കൊണ്ട് മൊബൈലില്‍ മാതാവിന്റെ ഒരു ഫോട്ടോ പകര്‍ത്തി അപ്പോള്‍ തന്നെ ബ്രിനീറ്റായ്ക്ക് വാട്സപ്പില്‍ സെന്‍ഡു ചെയ്തു കൊടുത്തു.

ആസ്ട്രെലിയയിലെ ക്രിസ്ത്യാനികളുടെ പ്രാര്‍ഥനകളും കുര്‍ബ്ബാനയും നടക്കുന്ന സാന്‍ജോസ്സ് ഹാളില്‍ ഞങ്ങള്‍ക്കുമുണ്ട് ഒരു മാതാവ്.

ഇറ്റലിയില്‍ നിന്നും ഇറക്കുമതിചെയ്ത, പള പളാന്ന് തിളങ്ങണ കുപ്പായമിട്ട മാതാവ്. സ്വര്‍ണ്ണക്കിരീടവും കൊന്തയുമുളള മാതാവ്. എന്നതേലുമൊരു സങ്കടം വന്നാല്‍, ബിസ്സിനസ്സൊന്നു താഴെപ്പോയാല്‍, ഡോളറിന്റെ മൂല്ല്യമിടിഞ്ഞാല്‍ 

ഞങ്ങളാ മാതാവിന്റെ രൂപത്തിന്നു മുന്നില്‍ ഒരു തിരി കത്തിച്ച് ഒറ്റനില്‍പ്പാണ്. ആ മാതാവെന്താ കരയാത്തത് എന്നൊരു സംശയം എന്റെയുളളില്‍ നിന്നും സന്മാര്‍ഗ്ഗോപദേശ ക്ലാസ്സുകളിലെ കുട്ടിയിലേതുപോലെ പതഞ്ഞുപൊന്തി പുറത്തേക്ക് ചാടി.

 എന്നതാ അമ്മച്ചീ ഇതിന്റെ പൊരുള്‍.”

അമ്മച്ചിയെന്നെ പുഞ്ചിരിയോടെ ഒന്നു നോക്കി. എന്നിട്ട് കൈയ്യില്‍ മുറുകെപ്പിടിച്ചിരുന്ന കൊന്തയിലെ മണികളെ വിരലുകള്‍ക്കൊണ്ട് ഉന്തിയുരുട്ടി ഒന്നില്‍ നിന്നും അടുത്ത മണികളിലേക്ക് പ്രാര്‍ഥനാപൂര്‍വ്വം സഞ്ചരിച്ചുകൊണ്ട് എന്റെ ചോദ്യത്തിനു മറുപടിയെന്നോണം ജനാലയ്ക്ക് പുറത്ത് തടിച്ച് കൂടിയ ജനങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടി. ഒരു പരിചയവുമില്ലാത്ത കുറെ മനുഷ്യരിലേക്ക് നോട്ടത്തിന്റെ പുരകക്കൊടികളുയര്‍ത്തി.

വിശ്വാസം!

3

അപ്പന്റെ കല്ലറയില്‍ ഒരു മെഴുകുതിരി കത്തിച്ച് വച്ച് ഒരു നിമിഷം നിശ്ശബ്ദമായ് നിന്നതിന്നപ്പുറം എനിക്ക് അപ്പനോട് എന്തെങ്കിലും പറയാനുണ്ടെന്നോ, അപ്പന് എന്നോട് എന്തെങ്കിലും പറയാന്നുണ്ടെന്നോ എനിക്ക് തോന്നിയില്ല. അമ്മച്ചിക്ക് അങ്ങനെയല്ല്ല. അമ്മച്ചിക്ക് അപ്പനോട് പലതും പറയാനുണ്ടാകും. അപ്പനും കാണും അങ്ങനെ ചെല വര്‍ത്തമാനങ്ങള്‍. അപ്പന്റെ കല്ലറയുടെ മുകളില്‍ ഏറെ നേരം നിശ്ശബ്ദമായിരുന്ന അമ്മച്ചിയുടെ വികാരവിചാരങ്ങള്‍ ഇപ്പോള്‍ എത്ര ദൂരം സഞ്ചരിച്ചു കാണുമെന്ന തിട്ടമുളളതുകൊണ്ട് എന്നേയും കൂട്ടി പളളി വികാരി കക്കാട്ട്തറയിലച്ചന്‍ പളളിപ്പറമ്പിലൂടെ നടന്നു.

“സിബിയിപ്പോ പത്തുപന്ത്രണ്ടു കൊല്ലായ് കാണും ല്ലേ.. ആസ്ട്രേലിയായിലോട്ട് പോയിട്ട്. കെട്ട്യോളും മക്കളൊക്കെ എന്ത് പറയണൂ, സുഖല്ലെ അവര്‍ക്കൊക്കെ. പിളേളരു രണ്ടെണ്ണല്ലെ.”

അതെയെന്നു ഞാന്‍ തലകുലുക്കി കൊടുത്തു.

 അമ്മച്ചിക്ക് പഴേ പതിവുകളൊക്കെ തന്നെയാണ്. എത്ര വയ്യായ്കയുണ്ടേലും കാലത്തെ കുര്‍ബ്ബാനയ്ക്ക് തന്നെ വരും. കുര്‍ബ്ബാന കഴിഞ്ഞ് അപ്പന്റെ കല്ലറയില്‍ തിരിയൊക്കെ വച്ച് പ്രാര്‍ഥിച്ച് ഒന്നും രണ്ടും പറഞ്ഞ് അപ്പന്റെ കൂടെയങ്ങു കൂടും. ചെലപ്പോ കരയണ കാണാം. ചെലപ്പോ ചിരിക്കും. അമ്മച്ചിക്ക് ഇപ്പോ അപ്പനലെ ഉളളൂ എന്തേലും മിണ്ടാനും പറയാനും.

തങ്കം ഇടയ്ക്ക് വല്ലപ്പോഴും വന്നാലായി.”

“ഉം......” ഞാന്‍ ഇടയ്ക്കിടയ്ക്ക് സ്തുതിപറയുന്നപ്പോലെ മൂളിക്കൊണ്ടിരുന്നു.

കക്കാട്ട്തറയിലച്ചന്‍ കുര്‍ബ്ബാനയ്ക്കിടയിലുളള പ്രസംഗം‌പോലെ പറഞ്ഞു തുടങ്ങി.

“ഗോപാലന്‍ നായരുടെ മൂത്തമോള് ബിന്ദുനെ സിബിക്കറിയൊ?, ഇല്ല സിബിക്ക് അറിയാന്‍ ചാന്‍സില്ല. അവരിവിടെ വന്നിട്ട് നാലഞ്ച്കൊല്ലമ്മേ ആയിട്ടുളളൂ. ആ പെങ്കൊച്ചാണ് നമ്മുടെ പരിശുദ്ധ മാതാവിന്റെ രൂപം കരയണത് ആദ്യം കാണുന്നത്. ചായ്പ്പില്‍ ചാരിവെച്ചിരുന്ന കോണിയെടുക്കാന്‍ വന്ന ബിന്ദുവാണ് മാതാവിന്റെ കരച്ചില്‍ കണ്ട് അമ്പരന്ന് അന്നച്ചേടത്തിയെ വിളിച്ച് പറയണത്. ചേടത്തി ആദ്യമൊന്നും അതത്ര കാര്യമായെടുത്തില്ല. ഒടുവില്‍ കണ്ണീരു നിക്കാണ്ടായപ്പഴാണ് എന്നോട് വന്ന് കാര്യം പറയണത്. മാഹാ അദ്ഭുതമാണ് ഞാനവിടെ കണ്ടത്. മെത്രാനച്ചനോടും മറ്റ് അച്ചന്മാരോടും ഞാനാ കാര്യങ്ങള്‍ പറഞ്ഞത്. പിന്നാലെ അധികം വൈകാതെ മീഡിയക്കാരും വന്നു. ഇപ്പോ നാട്ട്ക്കാര്‍ക്കൊക്കെ മാപ്ലശ്ശേരിലെ മാതാവാണ് ഒരത്താണി. ഞാന്‍ പറഞ്ഞ് വരണത് എന്താന്ന് വച്ചാല്‍, നമ്മുടെ ഇടവകയെ ഒരു തീര്‍ഥാടനകേന്ദ്രമാക്കാനുളള ചാന്‍സ്സുണ്ടെന്നാണ്. ഇടവക ഒന്നുകൂടി വലുതാക്കണം. പളളി പുതുക്കി പണിയണം. മാതാവിന്റെ ഇരിപ്പിടത്തൊരു കപ്പേള ഉയരണം. അവിടെയെന്നും ആരാധനയും നൊവേനയും നടത്തണം. മാതാവിനുവേണ്ടി അത്രയ്ക്കൊക്കെ ചെയ്യാന്‍ നമ്മള്‍ ക്രിസ്താനികള് ബാധ്യസ്ഥരാണ് സിബീ.”

ഞങ്ങള്‍ നടന്ന് അച്ചന്റെ മേട വരെയെത്തി.

“സിമിത്തേരീന്ന് നമ്മളിപ്പോ നടന്നു കേറിയ ഇത്രയ്ക്ക് സ്ഥലമൊക്കയേ പളളിക്കിപ്പോള്‍ സ്വന്തമായിട്ടുളൂ. സിബീം തങ്കോം കൂടി ആലോചിച്ച് ഒരു തീരുമാനം എടുക്കണം. വെറുതെ വേണ്ട. നാട്ട്നടപ്പനുസരിച്ച് എന്ത് വെലയുണ്ടോ അത് തന്നേക്കാം. ഇടവകയ്ക്ക് വേണ്ടിയല്ലേ, മാതാവിന്റെ അനുഗ്രഹമെപ്പോഴും മെപ്പോഴും ഉണ്ടാകും.”

അമ്മച്ചി പതിയെ പതിയെ നടന്ന് ഞങ്ങള്‍ക്കൊപ്പമെത്തി.

“അന്നച്ചേടത്തി പറഞ്ഞതൊക്കെ ഞാന്‍ സിബിയെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്, അവന്‍ വേണ്ടത് ചെയ്യും.”

ഞാന്‍ അച്ചനെയും അമ്മച്ചിയെയും മാറി മാറി നോക്കി. ഞാന്‍ വന്നതിനു പുറകെ അവര്‍ക്കിടയില്‍ എന്തൊക്കയോ കുമ്പസാര രഹസ്യങ്ങള്‍ ഒളിച്ച്കളി നടത്തണപോലെ എനിക്ക് തോന്നി.

അമ്മച്ചി കക്കാട്ട്തറയിലച്ചന്ന് സ്തുതികൊടുത്ത് എനിക്കൊപ്പം വീട്ടിലേക്ക് നടന്നു.

ഇടവകയുടെ വളര്‍ച്ചയിലും അന്തസ്സിലും അതിലൂടെ സഭാനേതൃത്തങ്ങള്‍ക്ക് മുന്നില്‍ തനിക്കുണ്ടാകാന്‍ പോകുന്ന ഗമയുടെ ദിവാസ്വപ്നവും കണ്ട് സാത്താന്റെ പ്രലോഭനങ്ങള്‍ക്ക് അടിമയായിപ്പോയ കാക്കാട്ട്തറയിലച്ചന്‍ അന്നച്ചേടത്തി സിബിയോട് പറയാന്‍ ഏല്‍പ്പിച്ചതൊക്കെ അപ്പാടെ മറന്ന്പോയിരുന്നു.

സിബി വന്ന ദിവസം സന്ധ്യയ്ക്ക് കുമ്പസാരക്കൂടിനടുത്ത് വച്ച് ഏറെ ആശയോടും ആഗ്രഹത്തോടും അച്ചനോട് പറഞ്ഞേല്‍പ്പിച്ച കാര്യങ്ങള്‍ തന്നെയാണ് അച്ചന്‍ സിബിയോട് പറഞ്ഞതെന്ന സന്തോഷത്തില്‍  അന്നച്ചേടത്തി മാതാവിനു ആയിരം സ്തുതികളര്‍പ്പിച്ച് വീട്ടിലേക്ക് വേച്ച് വേച്ച് നടന്നു.

 4 

സിബിയുടെ വരവോടെ അന്നച്ചേടത്തിക്ക് ഒരു ഉന്മേഷവും ഉണര്‍വ്വും ഒക്കെയുണ്ടായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്കത്തിന് സ്വൈര്യം കൊടുക്കാതെ നിരന്തരം വിളിച്ച് ശല്ല്യപ്പെടുത്തി എടുപ്പിച്ച് വച്ച പാസ്പ്പോര്‍ട്ട് പൊടി തട്ടിയെടുത്ത് അന്നച്ചേടത്തി മകന്റെയൊപ്പം ആസ്ട്രേലിയയിലോട്ട് പോകാന്‍ ഒരു പെട്ടിയൊരുക്കാന്‍ തുടങ്ങി. 

ബുദ്ധിമതിയായ കാക്കയെപ്പോലെ കൈയ്യില്‍ കിട്ടിയ ചുരുങ്ങിയ സമയംകൊണ്ട് ഓര്‍ത്തെടുക്കാനായ സകല സാധനങ്ങളും കൊത്തികൊണ്ട് വന്ന് ഒരു പെട്ടിയില്‍ നിറച്ച് വച്ചു. ചട്ടയും മുണ്ടും, പോകുമ്പോള്‍ ഉടുക്കാനുളള സാരി, ചെറുമക്കള്‍ക്ക് വെഞ്ചിരിച്ച കൊന്തകള്‍, വെന്തിങ്ങ, കാശ്‌രൂപങ്ങള്‍, ബ്രിനീറ്റായ്ക്ക് ഒരു ജോഡി സ്വര്‍ണ്ണക്കമ്മല്‍, അച്ചപ്പം, കൊഴലപ്പം, കദളിപ്പഴം, പാനി എന്നു വേണ്ട ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് എന്തൊക്കെയൊരുക്കാമോ അതൊക്കെയൊരുക്കി കാത്തിരുന്നു അന്നച്ചേടത്തി. സിബി വന്ന ദിവസം രാത്രി ജപമാലകഴിഞ്ഞ് കക്കാട്ട്തറയിലച്ചനേം കണ്ട് സിബി വന്ന സന്തോഷോം പ്രകടിപ്പിച്ച് സംഭവിച്ച തെറ്റുകളെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിച്ച് നീണ്ട നേരം കുമ്പാസരകൂടിന് അരികില്‍ നിന്ന് അന്നച്ചേടത്തി കരഞ്ഞു. തെറ്റുകള്‍ക്ക് പുറകില്‍ പ്രായമോ കാലമോ ആകാം എന്ന തിരിച്ചറിവിപ്പോള്‍ അന്നച്ചേടത്തിക്കുണ്ട്. മകന്റെ കൂടെ അവന്റെ കുടുംബത്തോടൊപ്പം ജീവിക്കണമെന്ന അതിയായ ആഗ്രഹമിപ്പോള്‍ അന്നച്ചേടത്തിക്കുണ്ട്.

കക്കാട്ട്തറയിലച്ചനോട് അതിനെപറ്റിയൊക്കെ ദീര്‍ഘനേരം സംസാരിച്ചിട്ടാണ് അന്നച്ചേടത്തി വീട്ടിലേക്ക് മടങ്ങിയത്. അച്ചനത് ഏല്‍ക്കേം ചെയ്തു. ചേടത്തി ധൈര്യായ്ട്ട് പൊയ്‌ക്കോ. സിബിയെ ഞാന്‍ നാളെ കാണുന്നുണ്ട്, എല്ലാം ഞാന്‍ ശര്യാക്കിക്കോളാന്നൊരുറപ്പും അച്ചന്‍ വാഗ്ദാനം ചെയ്തു. എവിടെ, പളളിപ്പറമ്പ് വലിച്ച്നീട്ടാനുളള മോഹത്തില്‍ അച്ചന്‍ അന്നച്ചേടത്തിയെന്ന പാവത്തിനെ മറന്നുപോയിരുന്നു.

സിബി തങ്കത്തോട് ആലോചിച്ച് വീടും പറമ്പും പളളിക്ക് കൊടുത്താല്‍ കിട്ടുന്ന കാശിന്റെ വീതംവെപ്പും ചര്‍ച്ചചെയ്ത്, കക്കാട്ട്തറയിലച്ചനോട് ഡബിള്‍ ഓക്കെയും പറഞ്ഞ് കൈകൊടുത്ത് സ്വല്പം വീഞ്ഞും കുടിച്ച് ആസ്ട്രേലിയയിലെ ക്രിസ്താനികളുടെ ആത്മീയഭക്ഷണ കാര്യങ്ങളെപറ്റി വാചാലനായ് ദീര്‍ഘനേരം പ്രഭാഷണം നടത്തി അച്ചന്റെ മേടയിലെ തണുപ്പില്‍ അങ്ങനെയങ്ങിരുന്നു. കുറെ കഴിഞ്ഞ്, കച്ചോടത്തിന്റെ കാര്യങ്ങളൊക്കെ തങ്കത്തിനെ ഏല്‍പ്പിച്ചുട്ടുണ്ടെന്നും പറഞ്ഞ് സിബി കക്കാട്ട്തറയിലച്ചന് സ്തുതികൊടുത്ത് പളളിമേടയില്‍ നിന്നുമിറങ്ങി.

വീട്ടില്‍ വന്ന് മുണ്ടും ഷര്‍ട്ടും മാറ്റി, അമ്മച്ചിയോടും ഒരുങ്ങി റെഡിയാകാന്‍ പറഞ്ഞു.

ചട്ടയും മുണ്ടും ഉപേക്ഷിച്ച് സാരിവലിച്ച് ചുറ്റിയെത്തിയ അന്നച്ചേടത്തി മാതാവിന്റെ മുമ്പില്‍ തലക്കുമ്പിട്ട് വണങ്ങി പ്രാര്‍ഥിച്ചു. മാതാവിനൊപ്പം ഏറെ നേരം കരഞ്ഞു. മാതാവിനെയിനി മാപ്ലശ്ശേരിയിലെ ജനങ്ങള്‍ നോക്കിക്കോളുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഒരുക്കിവെച്ച പെട്ടിയുമെടുത്ത് പുറത്തേക്കിറങ്ങി. മകന്റെ ഒപ്പം അവന്റെ വീട്ടിലേക്ക് – അന്യരാജ്യത്തേക്ക് പോകാന്‍ പാസ്പോര്‍ട്ട് മാത്രം പോര വിസയും അതിനെചുറ്റിപറ്റി മറ്റനേകം കാര്യങ്ങള്‍ കൂടിവേണമെനൊന്നും ചിന്തിക്കാന്‍ മാത്രം അന്നച്ചേടത്തിയുടെ ലോകവിവരം വളര്‍ന്നിരുന്നില്ല. മാത്രമല്ല കക്കാട്ട് തറയിലച്ചന്‍ സിബിയോട് എല്ലാം പറഞ്ഞിട്ടുണ്ടാകുമെന്നു തന്നെ അന്നച്ചേടത്തി വിശ്വസ്സിച്ചിരുന്നു.

അമ്മച്ചിയുടെ സാരിവേഷം കണ്ട് സിബിക്ക് ചിരിവന്നു. “ തങ്കത്തിന്റെ വീടുവരെ പോകാന്‍ എന്തിനാ അമ്മച്ചീ സാരിയൊക്കെ വാരിച്ചുറ്റിയേന്ന് സിബി ചോദിച്ചതും അന്നച്ചേടത്തിയുടെ കൈയ്യിലിരുന്ന പെട്ടി താഴേക്ക് വീണു. “അമ്മച്ചിക്ക് സാരിയൊന്നും ചേരില്ലാന്നെ, വേഗം പോയി മാറ്റിയേച്ചും വാ, ഞാന്‍ അവറാച്ചനോട് വണ്ടീംകൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ട് അവനിപ്പൊ വരും.” – സിബി ഒരു സിഗററ്റിനു തീകൊളുത്തി പുകയെടുത്തു.

അന്നച്ചേടത്തി താഴെ വീണുകിടന്ന പെട്ടിയെടുക്കാതെ അകത്തെ ഇരുട്ടിലേക്ക് ഓടിയൊളിച്ചു. ഏറെ നേരം കാര്‍ ഹോണടിച്ചിട്ടും അമ്മച്ചീയെന്ന് നീട്ടിവിളിച്ചിട്ടും, അകത്തെ മുറിയിലെ കതകില്‍ തട്ടിവിളിച്ചിട്ടും ചേടത്തി പുറത്തേക്ക് ഇറങ്ങി ചെന്നില്ല. കാര്യം തിരക്കിയ അവറാച്ചനോട് അമ്മച്ചീന്റെ ഓരോരോ പിടിവാശീം വഴക്കിനെം പറ്റി വാചാലനായി സിബി.

അവറാച്ചാ നീ കാര്‍ തിരിച്ചിടെന്നും പറഞ്ഞ് സിബി ചായ്പ്പിലോട്ട്കേറി കരയുന്ന മാതാവിന്റെ രൂപം മേശയില്‍ നിന്നും പൊക്കിയെടുത്ത് കാറിനെ ലക്ഷ്യമാക്കി നടന്നു. സാന്‍‌ജോസ്സ് ഹാളിലിപ്പോഴുളള മാതാവിന്റെ രൂപം മാറ്റി തന്റെ കൈയ്യിലിരിക്കുന്ന മാതാവിനെ അവിടെ പ്രതിഷ്ഠിക്കാനുളള ഒരുക്കങ്ങള്‍ക്കുളള അറിയിപ്പ് അതിനകം തന്നെ പ്രാര്‍ഥനാ ടീമിന്റെ വാട്സപ്പ് ഗ്രൂപ്പിലേക്ക് സിബി അയച്ചിരുന്നു.

വീട്ട് മുറ്റത്ത് കൂടി നിന്ന വിശ്വാസികളത്രയും സംഭവിക്കുന്നതെന്തെന്ന് മനസ്സിലാവാതെ സിബിയ്ക്ക് പിന്നാലെ പ്രദക്ഷിണത്തിന് അണിച്ചേരുന്നപോലെ വരി വരിയായ് കാറു വരെ നടന്നു. ആരൊക്കയോ മാതാവിന്റെ പാട്ടുകള്‍ ഉറക്കെ കൈകൊട്ടിപ്പാടി. കൈതട്ടലിനപ്പോള്‍ ബാന്റ്മേളത്തിന്റെ താളമുണ്ടായിരുന്നു.

മാപ്ലശ്ശേരിയിലെ കരയുന്ന മാതാവിനൊപ്പം കാറിനകത്തിരുന്ന് ഒരു സെല്‍ഫിയെടുത്ത് ബ്രിനീറ്റായ്ക്ക് വാട്സപ്പ്ചെയ്തു സിബി. 

ആ ഫോട്ടോയില്‍, അത്രനാളും കരഞ്ഞുക്കൊണ്ടിരുന്ന മാതാവ് ചിരിക്കുകയായിരുന്നു.


Login | Register

To post comments for this article

ലേഖനം
നാടും നാട്യശാസ്ത്രവും
എന്തെഴുതാൻ
ആത്മാവ് ദൂരെയല്ല