ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊൾക (ആത്മകഥ )

ഓർമ്മകളെ വേദനിപ്പിക്കാതെ , രക്തം ചിന്താതെ എഴുതിയോ പറഞ്ഞോ പിടിപ്പിക്കുക എന്നത് ഒരു ഭാരിച്ച ജോലിയാണ് . പ്രത്യേകിച്ചും ആ ഓർമ്മകൾ പച്ചയായി പറയുക എന്ന ധർമ്മം കൂടി അനുവർത്തിക്കുകയാണെങ്കിൽ . അതിനാലാകണം പലരും ആത്മകഥ എഴുതാൻ മടിക്കുന്നതോ, അതല്ലെങ്കിൽ കളവുകളും പൊലിപ്പിച്ച വസ്തുതകളും കൊണ്ട് സർക്കസ് കാണിക്കലുകൾ നടത്തുകയോ ചെയ്യുന്നത്. ചിലപ്പോഴൊക്കെ ആത്മകഥകൾ സമൂഹത്തിൽ വലിയ ഒച്ചപ്പാടുകൾ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ചും അത് സ്ത്രീകൾ ആണ് എഴുതുന്നതെങ്കിൽ . തുറന്നെഴുത്തുകളുടെ കാലം ആണല്ലോ ഇത് . മാധവിക്കുട്ടി അതിനു ഒരു ഉദാഹരണം ആണ് . അതിനെ തുടർന്നുള്ള പല തുറന്നു പറച്ചിലുകളും ഒരോളം പോലെ ആധുനിക സാഹിത്യ വായനകളുടെ നിരയിൽ തങ്ങളുടെ ഇടം തേടി വരുകയും സോഷ്യൽ മീഡിയകൾ പോലുള്ള ഇടങ്ങളിൾ കൂടി അവയെ വൈറൽ എന്നൊരു ഓമനപ്പേരിൽ ആഘോഷിക്കുകയും ചെയ്യുന്നതാണ് ഇന്നിന്റെ ട്രെന്ഡ് എന്ന് കാണാം.

ഇത്തരം കാഴ്ചകൾക്കിടയിൽ ആണ് അടുത്തിടെ ഫേസ് ബുക്കിൽ പ്രശസ്തമായ ഒരു തുറന്നെഴുത്ത് കടന്നു വന്നതും വായനക്കാർ മൂക്കത്ത് വിരലു വച്ചും അനുഭാവം പ്രകടിപ്പിച്ചും പ്രതിഷേധം രേഖപ്പെടുത്തിയും അതിനെ ആഘോഷിച്ചതും. വിവാദങ്ങളെ തന്റേതാക്കി മാർക്ക്ററ്റ് ഉണ്ടാക്കുന്ന പ്രസാധകധർമ്മം ഇവിടെയും ഡി സി പ്രയോഗിച്ചു. പക്ഷെ ആ തീരുമാനം ശരിയായിരുന്നു എന്നാണു വായന തെളിയിക്കുന്നത് എന്നതാണ് ഈ പുസ്തകത്തിന്റെ വായനാനുഭവം പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത്.

മലയാള സാഹിത്യ ലോകത്ത് അറിയപ്പെടുന്ന ചിലരുടെ യഥാർത്ഥ മുഖം എന്തെന്ന് കാട്ടിത്തരുന്നുണ്ടു ഈ പുസ്തകം. കവികളായ അയ്യപ്പൻ , ഡി വിനയചന്ദ്രൻ , ബാലചന്ദ്രൻ ചുള്ളിക്കാട്, എഴുത്തുകാരി സാറ ജോസഫ് , തുടങ്ങി പലരെയും ഇതിൽ പ്രതീക്ഷിക്കാത്ത ഭാവങ്ങളിലും രൂപങ്ങളിലും കാണാൻ കഴിയുന്നുണ്ട്. അതുപോലെ കേരളത്തിലെ സാമൂഹ്യ,സാഹിത്യ, സാംസ്കാരിക നിലകളിൽ ഉള്ളവരും നിയമജ്ഞരെയും , നീതി ന്യായ വ്യവസ്ഥയെയും നല്ല രീതിയിൽ ഈ പുസ്തകത്തിൽ വിമർശ്ശനത്തിന്റെ കുന്തമുനയിൽ നിർത്തുന്നുണ്ട്. വിശദമായി ആ കാര്യങ്ങൾ പറയുക എന്നത് ഒരു പക്ഷേ പുസ്തകവായനയെ സാരമായി ബാധിക്കും എന്നതിനാൽ അതിലേക്കു കടക്കുന്നില്ല. എന്താണ് ഈ പുസ്തകം പറയുന്നത് എന്നത് അല്ലെങ്കിൽ എച്ച്മുക്കുട്ടി എന്താണ് പറയാന് ശ്രമിച്ചത് എന്നത് മാത്രം പറഞ്ഞു കൊണ്ട് ഇതാവസാനിപ്പിക്കാം എന്ന് കരുതുന്നു.

മിശ്ര വിവാഹിതരായ ദമ്പതികളുടെ മൂത്ത മകൾ പഠിക്കുന്ന കാലത്ത് തന്റെ അധ്യാപകന്റെ പ്രണയത്തിനു ഹംസമായി നില്ക്കുന്നു. കാലക്രമേണ അധ്യാപകന്റെ പ്രണയം ഹംസത്തിലെക്ക് വഴി മാറുകയും അത് വലിയ വലിയ ദുരന്തങ്ങളിലേക്ക് ആ പെൺകുട്ടിയെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. കടുത്ത കൃസ്ത്യൻ ഓർത്തഡോക്സ് ആയ ആ അദ്ധ്യാപകന് പുറം ലോകത്ത് വളരെ മാന്യനും ഉല്പതിഷ്ണുവും വിപ്ലവകാരിയും ഒക്കെയാണ്. പുരോഗമന ചിന്താഗതിക്കാരായ ഒരു കൂട്ടം ആൾക്കാരാൽ വളയപ്പെട്ട അറിയപ്പെടുന്ന ഒരു സാഹിത്യകാരൻ ആണയാൾ . പക്ഷെ വീടകത്തിൽ അയാൾ ഇതിനൊക്കെ ഘടകവിരുദ്ധമായ ഒരു സ്വഭാവം വച്ച് പുലർത്തുന്ന ആളാണ്. സ്ത്രീയെ മതത്തിന്റെ മൂശയിൽ പരുവപ്പെടുത്തി എടുത്തു അതിനെ മനോഹരമാക്കി പ്രദര്ശിപ്പിക്കുന്ന പുരുഷ ധർമ്മം ആണ് അയാള് വീട്ടില് കാണിച്ചിരുന്നത്. അതുകൊണ്ട് തന്നെ അന്യമതക്കാരിയെ സ്വന്തം മതത്തിലേക്ക് ചുറ്റുമുള്ള ആള്ക്കാരെ കൊണ്ട് ക്ഷണിപ്പിക്കുകയും മാനസികമായ പീഡനങ്ങൾ ഏറ്റുവാങ്ങിപ്പിക്കുകയും ചെയ്യുകയും പുരോഗമന ചിന്താഗതിക്കാരൻ എന്ന ലേബൽ നിലനിർത്താൻ അവളെ അവളുടെ മതത്തിൽ നിൽക്കാൻ തന്നെ നിർബന്ധിക്കുകയും ചെയ്യുന്ന അയാൾ ശാരീരികമായും ആ പെണ്കുട്ടിയെ കൊല്ലാക്കൊല ചെയ്യുന്നു. ഗർഭിണി ആകാതിരിക്കുവാൻ വേണ്ടി അവളോട് അയാൾ ഗുദഭോഗവും വദന രതിയും മാത്രമാണ് ചെയ്യുന്നത് . അവളുടെ ഇഷ്ടങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ അയാൾക്ക് വിഷയമാകുന്നില്ല. അടർന്നു പോയ ഗുദപേശികളും , പുണ്ണ് വന്ന വായയുമായി നരക ജീവിതം ജീവിക്കുന്ന അവള് ഒരുനാൾ ഒന്ന് കുതറിയപ്പോൾ അവൾക്കു ലഭിച്ചതോ പിന്നീടുള്ള ജീവിതം മുഴുവൻ മുൾമുനയിൽ നിർത്തുവാൻ പോരുന്ന ഒരു കുഞ്ഞായിരുന്നു.

കുഞ്ഞിന്റെ ജനനശേഷവും ജീവിതം ദുരിതപൂർണ്ണവും അരക്ഷിതവും ആയി തുടർന്നപ്പോൾ അവൾ , തന്നെ മനസ്സിലാക്കുന്ന ഒരു സ്നേഹിതന്റെ സഹായം സ്വീകരിച്ചു നാട് വിടാൻ പ്രേരിതയാകുന്നു. അന്യനാട്ടിൽ മാന്യനായ ആ ചെറുപ്പക്കാരനും സുഹൃത്തുക്കളും അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തീവ്രശ്രമം നടത്തുമ്പോൾ അയാൾ അവളെ തേടി അവിടെയും എത്തുന്നു . അവളിൽ നിന്നും ആ കുട്ടിയെ തട്ടിയെടുക്കുന്ന അയാൾക്ക്‌ നേരെ പിന്നെ അവളുടെ നിയമയുദ്ധം ആയിരുന്നു നടന്നത്. പക്ഷേ, നിരാലംബയായ ആ സ്ത്രീയുടെ പോരാട്ടത്തിൽ പരാജയങ്ങളും അപമാനങ്ങളും മാത്രം ബാക്കിയാകുന്നു. അതോടൊപ്പം നടുക്കുന്ന ഒരു അറിവായി തിരിച്ചറിവ് വരാത്ത മകളുടെ നേർക്കുള്ള പിതാവിന്റെ ലൈംഗിക അതിക്രമങ്ങൾ കൂടിയാകുമ്പോൾ അവൾ ജീവിതം വെറുത്തു പോകുകയാണ്. ഒടുവിൽ ദുരിതപ്പുഴ കടന്നു എല്ലാം ശരിയായി എന്ന് ആശ്വസിക്കുമ്പോഴും പിന്തുടർന്നു വന്ന തീപ്പാടം പൊള്ളിക്കുന്ന ഒരു സ്ത്രീ മനസ്സിന്റെ തുറന്നു പറച്ചിലുകൾ മനുഷ്യത്വമുള്ള ഏതൊരാളിന്റെയും മനസ്സിനെ നോവിക്കാതിരിക്കില്ല. ഒരു സീരിയൽ വിഷയം പോലെ കണ്ടു കണ്ണ് നിറച്ചു അനുഭാവം പ്രകടിപ്പിച്ചു പ്രതിഷേധം പറഞ്ഞു കടന്നു പോകുകയല്ല ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ഓരോരുത്തരും ചെയ്യേണ്ടത് എന്നോരോർമ്മപ്പെടുത്തൽ ആവശ്യമാണ്.

കാരണം ഇന്നത്തെ സമൂഹത്തിൽ , പൊളിച്ചെഴുതേണ്ടതായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. മതമായാലും സാഹിത്യമായാലും വ്യക്തി ആരാധനയായാലും നിയമം ആയാലും കുടുംബ കാഴ്ചപ്പാടുകള് ആയാലും ഒരു തിരുത്തൽ അത്യാവശ്യമാണ്. തീർച്ചയായും അതിനെക്കുറിച്ച് വേണം ആ ചർച്ചകൾ നടക്കേണ്ടത്. അഭിനവ സ്വതന്ത്ര ചിന്തകരും ഫെമിനിസക്കാരും സാംസ്കാരിക പ്രവർത്തകരും ഒക്കെ തങ്ങളുടെ മുഖം മൂടികൾ വലിച്ചു കീറി എറിയേണ്ടതുണ്ട് അല്ലെങ്കിൽ അതിനെ വലിച്ചു കീറാൻ സമൂഹം ഉണരേണ്ടതുണ്ട്. അതിനു വഴിമരുന്നിടാൻ ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്ന സാംസ്കാരികമായ ഒരു വലിയ ചർച്ച ആവശ്യമാണ് നമ്മുടെ സമൂഹത്തില്. നിരാലംബമായ ഒരുപാട് മനസ്സുകൾ വിളിച്ചു പറയാൻ പോലും കഴിവില്ലാതെ മരിച്ചു ജീവിക്കുകയോ മരിച്ചു പോവുകയോ ചെയ്തിട്ടുണ്ട്, ജീവിച്ചിരിക്കുന്നുമുണ്ട്. എഴുത്തുകാരിയെ വിചാരണ ചെയ്യുന്നതിന് പകരം അവര് മുന്നോട്ടു വച്ച വിഷയങ്ങളിൽ ശക്തമായ ചർച്ചകൾ നടക്കാൻ ഈ പുസ്തകം ഒരു കാരണം ആകട്ടെ എന്ന് പ്രത്യാശിക്കാം.

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.